മേഖാലയയിലെ ഈസ്റ്റ് ഖാസി കുന്നുകളിലാണ് ചിറാപ്പുഞ്ചി. ഇന്ന് രാവിലെ സൊഹ്റയിൽ (ചിറാപ്പുഞ്ചി തന്നെ) നിന്ന് ബംഗ്ലാദേശ് അതിർത്തി പ്രദേശമായ ദൗക്കിയിലേക്കുള്ള യാത്രയ്ക്കിടയിൽ, ടൂർ കമ്പനിയുടെ യാത്രാ പദ്ധതിയിൽ ഇല്ലാതിരുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു കെട്ടിടം സന്ദർശിക്കാനുള്ള അവസരം അപ്രതീക്ഷിതമായി ഒത്തുവന്നു. ആ കെട്ടിടമാണ് സൊഹ്റ പൊലീസ് സ്റ്റേഷൻ. ആ കഥ ഇങ്ങനെയാണ്…..
സൊഹ്റയിൽ നിന്ന് 2 കിലോമീറ്റർ കഴിഞ്ഞുള്ള വളവിൽ വെച്ച് ഞങ്ങൾക്കൊരു അപകടമുണ്ടായി.
അലക്ഷ്യമായി ഞങ്ങളെ ഓവർടേക്ക് ചെയ്ത് വന്ന്, തൊട്ടുടനെ ബ്രേക്കിട്ട ഒരു മാരുതി കാറിന്റെ മൂട്ടിൽ ട്രാവലർ ഇടിച്ചു. രണ്ട് വണ്ടികളും ചളുങ്ങി. തെറ്റ് പൂർണ്ണമായും മാരുതിക്കാരൻ്റേത്. പക്ഷേ ട്രാവലർ ആസ്സാം രജിസ്ട്രേഷനാണ്. സഞ്ചാരം മേഘാലയയിലും.
ഒച്ചപ്പാടായി, ബഹളമായി, നാട്ടുകാർ കൂടി. ഒത്തു തീർപ്പ് ശ്രമങ്ങൾ ഫലിച്ചില്ല. പൊലീസിനെ വിളിച്ചു. അവര് വന്നു, രണ്ട് വണ്ടിയും സ്റ്റേഷനിലേക്ക് എടുക്കാൻ പറഞ്ഞു.
സ്റ്റേഷന് അകത്ത് ഡ്രൈവർമാരെ ചോദ്യം ചെയ്യലും ഒത്തുതീർപ്പ് ശ്രമവും നടക്കുമ്പോളാണ് തൊട്ടടുത്തുള്ള സ്റ്റേഷൻ കെട്ടിടം ഞങ്ങൾ ശ്രദ്ധിച്ചത്.
1885ൽ, അതായത് സായിപ്പിന്റെ കാലത്ത് ഉണ്ടാക്കിയ കെട്ടിടമാണത്. 138 വർഷം പഴക്കം. ലോക്കപ്പ് മുറികളും പൊലീസിന് ഉറങ്ങാനുള്ള സൗകര്യവുമൊക്കെ അതിനകത്താണ്.
അപ്പോഴേക്കും കേസ് ഒത്തുതീർപ്പായി. പുറത്തേക്ക് വന്ന പൊലീസുകാരിൽ ഒരാൾ കൗതുകകരമായ ഒരു വിവരം പങ്കുവെച്ചു.
നോർത്ത് ഈസ്റ്റിലെ തന്നെ ആദ്യത്തെ പൊലീസ് സ്റ്റേഷൻ ആണ് ഞങ്ങൾ നിൽക്കുന്ന സൊഹ്റ സ്റ്റേഷൻ !!!
ആഹഹ…. ഒരു ആക്സിഡന്റ് കാരണം സാദ്ധ്യമായ പുരാതന നിർമ്മിതി സന്ദർശനം. സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടി തന്നെ.
കേസ് ഒത്ത് തീർപ്പായി. ഒത്ത് തീർപ്പ് രേഖ എഴുതിത്തയ്യാറാക്കാൻ അവസരം കിട്ടിയത് അക്ഷരാഭ്യാസം ഇല്ലാത്തവന്. അതും ഇംഗ്ലീഷിൽ. ഇരിക്കട്ടെ നോർത്ത് ഈസ്റ്റിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനിൽ നിരക്ഷരൻ്റെ വക ഒരു പേജ് അംഗ്രേസി.