Monthly Archives: June 2023

റിച്ചാടോ മസാല


44
നിച്ചുവളർന്ന സ്ഥലത്തിൻ്റെ പ്രത്യേകതകൊണ്ട് കൂടെയാകാം, ഇറച്ചിയേക്കാൾ കൂടൂതലായി കടൽ വിഭവങ്ങൾ ആസ്വദിക്കുന്നവനാണ് ഞാൻ.

ഗോവയിൽ അരഡസണിലധികം തവണ വന്നിട്ടുണ്ട്, വിശദമായിത്തന്നെ ചുറ്റിയടിച്ചിട്ടുണ്ട്, മത്സ്യവിഭവങ്ങൾ കഴിച്ചിട്ടുണ്ട്. ബീച്ച് ഷാക്കുകളിൽ ഇരുന്നുള്ള ഭോജനമാണ് കൂടുതൽ ആസ്വദിച്ചിട്ടുള്ളത്. പക്ഷേ, അന്നൊന്നും തിന്നാതെ വിട്ടുപോയ ഒന്നാണ് ഞണ്ട്.

ഞണ്ട് തിന്നുന്നത് ഒരു കല തന്നെയാണ്. തോടുകൾക്കുള്ളിൽ നിന്ന് ഇറച്ചി പുറത്തെടുത്ത് കഴിക്കാൻ നല്ല ക്ഷമ വേണം. ആ കല സാങ്കേതികമായി ഒരു ഉപകരണം ഉപയോഗിച്ച് ചെയ്തു ഇന്ന്. വിശദമാക്കാം.

ഓൺലൈൻ സുഹൃത്ത് അശ്വതിയാണ് Aswathi G Krishnan ഞണ്ട് വിഭവങ്ങൾ കഴിക്കാതെ ഗോവയിൽ നിന്ന് മടങ്ങരുതെന്ന് നിർദ്ദേശിച്ചത്. ഞണ്ട് ഞാൻ കഴിക്കാത്ത ഭക്ഷണമൊന്നും അല്ലല്ലോ ? പിന്നെന്ത് ഇത്ര പ്രത്യേകിച്ച് പറയാൻ എന്നാണ് ആദ്യം തോന്നിയതെങ്കിലും അശ്വതി ചില ചിത്രങ്ങൾ അയച്ച് തന്നതോടെ എൻ്റെ നിയന്ത്രണം നഷ്ടമായി. അന്നുച്ചയ്ക്ക് തന്നെ ഞണ്ട് ഓർഡർ ചെയ്തു.

അശ്വതിക്ക് തെറ്റിയിട്ടില്ല എന്നെനിക്ക് ബോദ്ധ്യമായി. ഇത്രനാൾ കഴിച്ചത് പോലല്ല, ഗോവൻ ഞണ്ട് വിഭവങ്ങൾ. അവരുടെ മസാലയാണ് അത് കൂടുതൽ രുചികരമാക്കുന്നതെന്ന് സ്പഷ്ടം. ആ സംഭവം കഴിഞ്ഞിട്ട് ഒരാഴ്ച്ചയായി. ഇന്ന് മറ്റൊരു റസ്റ്റോറന്റിൽ വീണ്ടും ഞണ്ട് ഓർഡർ ചെയ്തു. രുചിക്ക് മാറ്റമൊന്നുമില്ലെന്ന് മാത്രമല്ല, അൽപ്പം കൂടെ കൂടിയിട്ടുമുണ്ട്.

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ? എന്താണീ രുചിക്കൂട്ടെന്ന് മനസ്സിലാക്കണമല്ലോ? ഞാൻ ഷെഫിനെ കണ്ടു കാര്യങ്ങൾ തിരക്കി. അവരുപയോഗിക്കുന്നത് റെച്ചാടോ (Rechado) എന്ന മസാലയാണ്. സ്റ്റോറുകളിൽ വാങ്ങാൻ കിട്ടും. ഗോവൻ മത്സ്യവിഭവങ്ങളുടെ രുചിരഹസ്യം റെച്ചാടോ ആണ്. വാങ്ങാൻ കിട്ടുമെന്നത് പോലെ തന്നെ വീടുകളിൽ ഈ കറിക്കൂട്ട് ഉണ്ടാക്കാറുമുണ്ട്. അങ്ങനെ എവിടന്നെങ്കിലും വാങ്ങാൻ പറ്റുമെങ്കിൽ അതാകും കൂടുതൽ രുചി നൽകുക എന്ന് ഷെഫ് സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന് Maria’s Place എന്ന അവരുടെ റെസ്റ്റോറൻ്റിൽ അവർ സ്വയം ഈ മസാലക്കൂട്ട് ഉണ്ടാക്കുകയാണ് പതിവ്.

ഞണ്ടിൽ മാത്രമല്ല, മത്തി/ചാള വറുക്കുമ്പോൾ അതിൽ ഈ മസാല തേച്ച് വറുത്താൽ വേറേ ലെവൽ ആയിരിക്കുമെന്നാണ് ഷെഫ് പറയുന്നത്.

എന്തായാലും ഗോവ വിടുന്നതിന് മുൻപ് റെച്ചാടോ മസാലപ്പൊടി വാങ്ങിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്ത് ഞാൻ പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് വന്ന് കൈപ്പറ്റാമെങ്കിൽ എത്ര പേർക്കുള്ള മസാലയും വാങ്ങിക്കൊണ്ട് വരാം. (പലപ്പോഴായി പലരെ കാണാൻ ഒത്തെന്ന് വരില്ല.) ഒരു ‘മസാല പേ ചർച്ച‘ എന്തുകൊണ്ടായിക്കൂട?

അവസാനമായി ഞണ്ട് തീറ്റയുടെ കൂടുതൽ സാങ്കേതിക വശം ഇന്ന് പഠിച്ചത് കൂടെ വിശദമാക്കാം.

ഞണ്ട് റോസ്റ്റ് കൊണ്ടുവന്നതിനൊപ്പം നല്ലൊരു ചവണയും മേശപ്പുറത്ത് എത്തി. ഞാൻ വെയ്റ്ററെ പുരികം വളച്ച് ഒന്ന് നോക്കി. “ക്രാബ് ബ്രേക്കർ സർ“ എന്ന് മറുപടി കിട്ടി.

വീട്ടിൽ ഞണ്ട് പാചകം ചെയ്യുമ്പോൾ ഞണ്ടിൻ്റെ തോടിന് കട്ടിയുള്ള ഭാഗങ്ങൾ പ്രത്യേകിച്ച് കാല്, സ്വൽപ്പം പൊട്ടിക്കുക പതിവാണ്. മസാല മാംസത്തിൽ പിടിക്കാനും കഴിക്കുന്ന സമയത്ത് ക്രാബ് ബ്രേക്കർ ഉപയോഗം ഒഴിവാക്കാനും അത് സഹായിക്കും. പറഞ്ഞുവന്നത് ഇത്രേയുള്ളൂ. സ്പൂണും ഫോർക്കും നൈഫുമൊക്കെ ഉപയോഗിക്കുന്നത് പോലെ തീൻമേശയിൽ ഇന്നാദ്യമായി ചവണയും ഉപയോഗിച്ചു.

വാൽക്കഷണം:- “സാറ് വെടിപ്പായിട്ട് ഞണ്ട് കഴിച്ചു” എന്ന് വെയ്റ്ററുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. സംശയമുള്ളവർ എപ്പോഴെങ്കിലും ഒരു ഞണ്ട് കറി/റോസ്റ്റ് വിളമ്പിത്തന്ന് നോക്കൂ.