Monthly Archives: February 2024

മരുമഹോത്സവ് കലാശക്കൊട്ട്


രാവിലെ ജയ്സൽമേഡിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തുള്ള ബഡാ ബാഗിലേക്ക് തിരിച്ചു. പക്ഷേ വഴി തെറ്റി ചെന്ന് കയറിയത് ജയ്സൽമേഡിൻ്റെ മാലിന്യം കൂട്ടിയിടുന്ന സ്ഥലത്തേക്കാണ്. ഏത് നഗരത്തിൽ ചെന്നാലും അവിടത്തെ ‘ബ്രഹ്മപുരം’ കൂടി കണ്ടില്ലെങ്കിൽ എനിക്കൊരു സമാധാനവുമില്ല.

ജയ്സൽമേഡ് രാജാക്കന്മാരുടെ അന്ത്യക്രിയകൾ നടത്തിപ്പോരുന്നത് ബഡാ ബാഗിലാണ്. 18, 19, 20 നൂറ്റാണ്ടുകളിൽ ആ രാജാക്കന്മാർക്കായി നിർമ്മിച്ച സ്മൃതി മണ്ഡപങ്ങൾ കൊണ്ട് സമ്പന്നമാണ് ബഡാ ബാഗ്.

12

2001 ലെ ഭൂകമ്പത്തിൽ അതിൽ 5 എണ്ണം ഇടിഞ്ഞ് വീണു. രാജകുടുംബം അത് പുതുക്കി പണിത് തുടങ്ങിയിട്ടുണ്ട്.

അപൂർണ്ണമായി കാണുന്ന സ്മൃതി മണ്ഡപം നിലവിലെ രാജാവിന്റെ പിതാവിന്റേതാണ്. അത് അപുർണ്ണമായി നിലനിന്നെന്നും വരാം. കൊച്ചുമക്കളാണ് അപ്പൂപ്പന്റെ സ്മൃതി മണ്ഡപം ഉണ്ടാക്കുക. നിലവിലെ രാജാവ് അവിവാഹിതനാണ്.

16

ഒരുപാട് റാണിമാർ സതി അനുഷ്ഠിച്ച സ്ഥലം കൂടെയാണ് ബഡാ ബാഗ്. മണ്ഡപങ്ങളിൽ രാജാവിന്റെ പ്രതീകമായി ഒരു പുരുഷന്റെ കൊത്തുപണിയുണ്ട്. റാണിമാരുടെ എണ്ണം അതിനൊപ്പമുള്ള സ്ത്രീരൂപങ്ങളിൽ നിന്ന് മനസ്സിലാക്കാം.

13

ജയ്ത് സിങ്ങ് രണ്ടാമൻ ഇവിടെ ഒരു ജലസംഭരണി ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി ഒരു ഡാം നിർമ്മിച്ചത് വഴി ഈ ഭാഗത്ത് മരുഭൂമിയിൽ പച്ചപ്പ് വന്നു. അങ്ങനെയാണ് ഇതൊരു ഉദ്യാനമായി(ബാഗ്) മാറിയത്.

18

ഉച്ചയ്ക്ക് 1 മണിയോടെ, മരുമഹോത്സവത്തിൻ്റെ ഭാഗമായി ലണേല ഗ്രാമത്തിലെ അംബേദ്കർ മൈതാനത്ത് കുതിരയോട്ടം ഉണ്ട്. കൂട്ടത്തിൽ കുതിരക്കച്ചവടവും കുതിരച്ചമയ വിൽപ്പനയും നടക്കുന്നുണ്ട് അവിടെ. 3 കിലോമീറ്റർ ദൂരെയാണ് സ്റ്റാർട്ടിങ്ങ് പോയന്റ്. കുതിരകൾക്കൊപ്പം ജീപ്പിൽ ഒരു കൂട്ടം ആളുകൾ പൊടി പറത്തി ഓടിച്ച് വരുന്നു.

17

ഒരൊറ്റ റൗണ്ട് മത്സരം മാത്രമേ കണ്ട് നിന്നുള്ളൂ. കടിഞ്ഞാൺ വലിച്ച് മുറുക്കിയത് കൊണ്ടാവാം, ജയിച്ച് വന്ന കുതിരയുടെ വായിൽ നിന്ന് ചോരയിറ്റുന്നു. പെട്ടെന്ന് അവിടം വിട്ടു.

15

വൈകിട്ട് ആറിന് ശേഷം 50 കിലോമീറ്റർ അപ്പുറത്ത് മരുഭൂമിയിൽ കലാശക്കൊട്ടാണ്. രാജസ്ഥാൻ പാട്ട് നൃത്ത പരിപാടികൾക്ക് പുറമേ ഹർഷ്ദീപ് കൗറിന്റെ സംഗീത വിരുന്ന്.

പട്ടണത്തിൽ നിന്ന് സഞ്ജയ് ജയ്സാൽമീറും എനിക്കൊപ്പം കൂടി. ഇന്ന് രാവിലേയും ഉച്ചയ്ക്കും സഞ്ജയിൻ്റെ വീട്ടിലായിരുന്നു എനിക്ക് ഭക്ഷണം. ഗാന്ധി ചൗക്കിലുള്ളവർ എന്നെ സ്നേഹിച്ച് വഷളാക്കാൻ തുടങ്ങിയിരിക്കുന്നു.

സംഗീത വിരുന്നിന് വന്നവർ, മണലാരണ്യത്തിൽ ഒട്ടകപ്പുറത്തും 4×4 ജീപ്പുകളിലും ആഘോഷിക്കുന്നുണ്ട്. പരിപാടി 10 മണി വരെ നീണ്ടു.

രാത്രി ഭാഗിയെ ഓടാൻ വിടില്ല എന്ന നിർബന്ധം ഇന്നൊരു ദിവസം പൊളിഞ്ഞു. അതല്ലെങ്കിൽ മരുഭൂമിയിൽ പോകാൻ പറ്റില്ല. പക്ഷേ നാട്ടുകാരനായ സഞ്ജയ് കൂടെയുള്ളത് കൊണ്ടും വഴി ഇതിനകം പരിചിതമായത് കൊണ്ടും രാത്രി സവാരിയിൽ തെറ്റില്ല എന്ന് തോന്നി.

മരുഭൂമിയിലേക്ക് പോകുന്ന വഴിക്ക് താക്കറാമിൻ്റെ കുടിലിൽ നിന്ന് കർത്തൽ സംഗീതജ്ഞനായ ഇമാമുദ്ദീൻ ഞങ്ങൾക്കൊപ്പം കൂടി. അദ്ദേഹത്തിന് അവിടെ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കാനുണ്ട്. ഭാഗിയ്ക്ക് ഉള്ളിൽ നിന്ന് തന്നെ ഞങ്ങൾ ആ പരിപാടി ആരംഭിച്ചു. അതൊരു രസികൻ അനുഭവമായി മാറി. കർത്തൽ എങ്ങനെ പഠിക്കണമെന്ന് ഇമാമുദ്ദീൻ എന്നെ പഠിപ്പിച്ചു. നാളെ ഒരു കർത്തൽ തരാമെന്നും പറഞ്ഞിട്ടുണ്ട്.

മരുമഹോത്സവ് തീർന്നു. ജയ്സൽമേഡിൽ ടൂറിസ്റ്റ് സീസണും ഇതോടെ തീരുകയാണ്. നാളെ ഭാഗിക്കും എനിക്കും നിർണ്ണായക ദിവസമാണ്.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#DesertFestival2024
#motorhomelife
#boleroxlmotorhome