Monthly Archives: March 2024

രാജസ്ഥാൻ യാത്ര – ബാലൻസ് ഷീറ്റ്


12

* യാത്ര 50 ദിവസം നീണ്ടു. 43 ദിവസത്തെ, എൻ്റെ ഗോവൻ യാത്രയുടെ റെക്കോർഡ് ഭേദിച്ചിരിക്കുന്നു.

* 10956 കിലോമീറ്റർ സ്വയം ഡ്രൈവ് ചെയ്തു. ഒരു കിലോമീറ്റർ പോലും ഭാഗിയുടെ വളയം ആരും പിടിച്ചിട്ടില്ല. അതും റെക്കോർഡ് ആണ്.

* കേരളം, തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിങ്ങനെ 6 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. അത്തരമൊരു ഡ്രൈവിങ്ങ് എനിക്കാദ്യം.

* യാത്ര ഒറ്റയ്ക്കായിരുന്നെങ്കിലും അതാത് സ്ഥലത്തുനിന്ന് ഗൈഡ് അടക്കം പലരും അൽപ്പം മണിക്കൂറുകൾ ഒപ്പം സഞ്ചരിച്ചിട്ടുണ്ട്.

* ഉദയ്പൂർ, സജ്ജൻഗഡ്, കുംഭൽഗഡ്, ദേസുരി, ഖണേറാവു, സർദാർഗഡ്, ദിയോഗഡ്, ഗോഗുണ്ട, ചിറ്റോർഗഡ്, ബസ്സി, അചൽഗഡ്, മേഹ്റങ്കഡ്, മൻഡോർ, കോർണ, സിവന, ഭദ്രാജുൻ, ജാലോർ, ബാഡ്മർ, ഖാബ, പൊക്രാൻ, ജയ്സാല്മേഡ്….. എന്നിങ്ങനെ ചെറുതും വലുതുമായ 21 കോട്ടകൾ സന്ദർശിച്ചു.

* 5000ൽപ്പരം ജനങ്ങൾ താമസിക്കുന്ന ചിറ്റോർഗഡ് കോട്ടയിൽ അവർക്കൊപ്പം 2 ദിവസം താമസിച്ചു.

* ഭദ്രാജൻ കൊട്ടാര-കോട്ടയിൽ രാജാവിൻ്റെ അതിഥിയായി 3 ദിവസം താമസിച്ചു. നമ്മുടെ ജയിൽ ഐ.ജി.യായി വിരമിച്ച ശ്രീ. ഋഷിരാജ് സിങ്ങിൻ്റെ സഹോദരിയാണ് അവിടത്തെ രാജ്ഞിയെന്ന് ആശ്ചര്യത്തോടെ മനസ്സിലാക്കി. അവരെ കണ്ട് സംസാരിച്ചു, രാജകീയമായ ആതിഥേയത്വം അനുഭവിച്ചു.

* 5 രാജസ്ഥാൻ വിവാഹങ്ങളിൽ രാജസ്ഥാനികളെപ്പോലെ, ഭദ്രാജുൻ രാജ്ഞി തന്ന തലപ്പാവ് കെട്ടി പങ്കുകൊണ്ടു.

* വിവാഹ സൽക്കാരത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന അടുക്കളയിൽ പാചകക്കാർക്കൊപ്പം ധാരാളം സമയം ചിലവഴിച്ചു.

* രുഡാലികളെ കണ്ടു, അവരുടെ യാന്ത്രികമായ കരച്ചിൽ കേട്ടു.

* ജൗഹർ നടന്നിട്ടുള്ള 4 കോട്ടകൾ സന്ദർശിച്ചു.

* ഓഷോ അനുയായികളുടെ സമ്മേളനത്തിൽ പങ്കെടുത്തു.

* കോട്ടകൾക്ക് പുറമേ ധാരാളം കൊട്ടാരങ്ങളും ഹവേലികളും മ്യൂസിയങ്ങളും സ്മൃതിമണ്ഡപങ്ങളും തടാകങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു.

* ഹോട്ടലുകളായി പരിവർത്തനം ചെയ്തിരിക്കുന്ന ചില കോട്ടകളിൽ കയറാനായില്ല. ചിലതിൽ കയറാൻ പറ്റുകയും ചെയ്തു.

* സന്ദർശിച്ച ദേവാലയങ്ങളിൽ കൂടുതലും ജൈനക്ഷേത്രങ്ങളായിരുന്നു.

* നിരവധി രാജസ്ഥാൻ നൃത്ത സംഗീത പരിപാടികൾ കണ്ടു.

* ഇമാമുദ്ദീനെപ്പോലുള്ള Imamddin Folkmusician Rajasthan വ്യത്യസ്തരായ സംഗീതജ്ഞരുമായി ചങ്ങാത്തമുണ്ടാക്കി.

* ജോഥ്പൂരിൽ വെച്ച്, ദേശീയ നാടകോത്സവത്തിലെ 5 ൽ 4 നാടകങ്ങൾ കണ്ടു.

* 4 ദിവസം നീളുന്ന മരുമഹോത്സവത്തിൽ പൊക്രാൻ മുതൽ ആദ്യാവസാനം പങ്കാളിയായി.

* ഒട്ടകത്തിൻ്റെ പുറത്തിരുന്നുള്ള പോളോ മത്സരം കണ്ടു. BSF ൻ്റെ ഒട്ടക ബാൻഡ് കണ്ടു. BSF ഒട്ടക ട്രൂപ്പിന്റെ അഭ്യാസ പ്രകടനങ്ങൾ കണ്ടു.

* മീശമത്സരം കണ്ടു. മീറ്റർ കണക്കിന് നീളമുള്ള മീശക്കാരെ കണ്ടു.

* വിദേശികളുടേയും സ്വദേശികളുടേയും തലപ്പാവ് കെട്ട് മത്സരം കണ്ടു. അവരുടെ വടംവലി മത്സരം കണ്ടു.

* നാടൻ കുതിരയോട്ട മത്സരം കണ്ടു, കുതിരക്കച്ചവടം കണ്ടു.

* നെയ്ത്തുകാരെ കണ്ടു. രാജസ്ഥാനി ചെരുപ്പുണ്ടാക്കുന്നവരെ കണ്ടു. വഴിയോര കച്ചവടക്കാരുമായി ചങ്ങാത്തമുണ്ടാക്കി. അതിലൊരാൾ എനിക്ക് ലഡ്ഡു വാങ്ങിത്തന്ന് യാത്രയാക്കുന്ന അവസ്ഥ വരെ ഉണ്ടായി.

* സിയാലോ ബസ്തി എന്ന ജയ്സല്മേഡ് മരുഭൂമിയിലെ, റോഡ് പോലും ഇല്ലാത്ത ഗ്രാമത്തിൽ ചെന്ന് മരുമഹോത്സവ് സംഘാടകർ സൗകര്യപ്പെടുത്തിത്തന്ന നാടൻ വിഭവങ്ങളോട് കൂടിയ ഉച്ചഭക്ഷണം കഴിച്ചു. ഗ്രാമവാസികളുമായി ഇടപഴകി. അവരുടെ ജീവിതം എത്ര അസൗകര്യങ്ങൾ നിറഞ്ഞതാണെന്ന് കണ്ടറിഞ്ഞു.

* ഗ്രാമങ്ങളിൽ, ഗോതമ്പും ജീരകവും കടുകും വിളയുന്ന പാടങ്ങളിലൂടെ സഞ്ചരിച്ചു.

* പലയിടങ്ങളിലും ഗ്രാമവാസികൾക്കും ചെറിയ റസ്റ്റോറൻ്റുകാർക്കും ഒപ്പം തീ കാഞ്ഞ് തണുപ്പാസ്വദിച്ച് രാത്രികൾ ആസ്വദിച്ചു.

* ഭദ്രാജുൻ രാജ്ഞി തന്ന തലപ്പാവ് അടക്കം ഒട്ടനവധി സൊവനീറുകളുമായാണ് മടങ്ങിയത്. കർത്തൽ എന്ന സംഗീതോപകരണമാണ് അതിൽ പ്രധാനം.

* പലതരം രാജസ്ഥാനി തലക്കെട്ടുകളിൽ ചിലതെങ്കിലും മനസ്സിലാക്കി. തലക്കെട്ടുകൾ വെച്ച് ജാതി മനസ്സിലാക്കും എന്ന വേദനിപ്പിക്കുന്ന സത്യവും മനസ്സിലാക്കി.

* സേലത്ത് നിന്ന് ചെന്ന് ഉയദ്പൂരിലെ ജീരകത്തോട്ടത്തിൽ വർഷങ്ങളായി പണിയെടുക്കുന്ന തമിഴ് കുടുംബത്തേയും തേനിയിൽ നിന്ന് ചെന്ന് ജയ്സല്മേഡിൽ തട്ട് ദോശയുണ്ടാക്കി 40 വർഷമായി ജീവിക്കുന്ന തമിഴ് കുടുംബത്തേയും പരിചയപ്പെട്ടു.

* ഒരിടത്തും മോശം അനുഭവം ഉണ്ടായില്ല. പൊലീസുകാരുമായി ഇടപെട്ടപ്പോളെല്ലാം മാന്യമായ അനുഭവമാണ് ഉണ്ടായത്. ഒരു നോ പാർക്കിങ്ങിൽ പെനാൽറ്റി അടക്കേണ്ടി വന്നത് എൻ്റെ പിഴവ് കാരണമായിരുന്നെങ്കിലും, കേരളത്തിൽ നിന്ന് വാഹനത്തിൽ സഞ്ചരിച്ച്, വാഹനത്തിൽ അന്തിയുറങ്ങി വരുന്ന ഒരാളാണെന്ന് പറഞ്ഞാൽ പെനാൽറ്റി ഒഴിവാക്കി തരുമായിരുന്നല്ലോ എന്നാണ് പൊലീസ് പറഞ്ഞത്.

* കേരളത്തിൽ നിന്നെത്തിയ, എന്നെ മുന്നേ അറിയുന്നതും അറിയാത്തതുമായ ധാരാളം സഞ്ചാരികളെ പരിചയപ്പെട്ടു.

* ജയ്സല്മേഡിൽ സൗജന്യ ഗൈഡായി സേവനം ചെയ്യുന്ന സഞ്ജയ് ജയ്സാല്മീറിൻ്റെ Sanjay Jaisalmer ആതിഥ്യവും സഹായങ്ങളും എടുത്ത് പറയാതെ വയ്യ. അയാൾ ഇല്ലായിരുന്നെങ്കിൽ പല കാഴ്ച്ചകളും വ്യക്തികളും എനിക്ക് അന്യമായിപ്പോകുമായിരുന്നു.

* RTDC ജനറൽ മാനേജർ സുനിൽ മാഥുർ, ഉദയ്പൂർ, ചിറ്റോർഗഡ്, മൗണ്ട് അബു, ജോഥ്പൂർ, ജയ്സല്മേഡ് എന്നിവിടങ്ങളിലെ RTDC ഹോട്ടലുകളിൽ ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യം ചെയ്ത് തന്നു. അദ്ദേഹമടക്കം ഈ യാത്രയിൽ സഹായങ്ങളുമായി വന്ന അരുൺ സ്വാമി, പ്രസാദ് ചാക്കോ, സത്താറ എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാളും സഹപ്രവർത്തരും എന്നിവരെയൊക്കെ പരിചയപ്പെടുത്തിയ മൈസൂർ റാണിക്കും Rani B Menon മേൽപ്പറഞ്ഞ എല്ലാവർക്കും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി. സുഹൃത്തുക്കളായ ആഷ രേവമ്മയും Asha Revamma രാകേഷും മധുവും Madhu Sivaraman കുടുംബവുമൊക്കെ ആതിഥേയരായവരുടെ കൂട്ടത്തിലുണ്ട്. അവർക്കും അകമഴിഞ്ഞ നന്ദി.

* നാച്ച്ന ഹവേലി എന്ന നക്ഷത്ര ഹോട്ടലിൽ ശുചിമുറി സൗകര്യങ്ങൾ ഒരുക്കിത്തന്നതിനും മറ്റൊരു രാജകുടുംബാംഗമായ വിക്രം സിങ്ങിനെ പരിചയപ്പെടാൻ അവസരമുണ്ടാക്കി തന്നതിന് സുഹൃത്ത് ഡേവിഡ് രാജുവിന് David Raju നന്ദി.

* ഇന്ത്യയിൽ 6 പ്രാവശ്യവും കേരളത്തിൽ 2 പ്രാവശ്യവും വന്നിട്ടും ഇതുവരെ ഇംഗ്ലണ്ട് കാണാത്ത, മഗളി – പീറി ഫ്രഞ്ച് ദമ്പതിമാരെ പരിചയപ്പെട്ടു. ഫ്രാൻസിൽ ഇനി ചെല്ലുന്ന സമയത്ത് അവരുടെ ഗ്രാമത്തിലുള്ള വീട്ടിൽ എനിക്ക് താമസസൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.

* ആരോഗ്യപരമായ ഒരു പ്രശ്നം പോലും ഇല്ലാതെ തിരികെയെത്തി. 50 ദിവസത്തെ യാത്ര കഴിഞ്ഞ് തൃക്കാക്കര ഫ്ലാറ്റിൽ വന്ന് കയറി ഒരു കുളി കഴിഞ്ഞപ്പോൾ, അടുത്ത ദീർഘയാത്രയ്ക്ക് പുറപ്പെടാൻ ഞാൻ തയ്യാറായിരുന്നു.

* ഭാഗി എന്ന എൻ്റെ ഭാഗീരഥിയുടെ കാര്യത്തിലും അപകടങ്ങളോ ഒരു പഞ്ചർ പോലുമോ ഉണ്ടായില്ല. ഒരു Near miss പോലും ഉണ്ടായില്ല.

13

ഇപ്പറഞ്ഞത് അത്രയും ഓർമ്മയിൽ നിന്ന് പകർത്തിയതാണ്. ചിലത് വിട്ടുപോയിട്ടുണ്ടാകാം. ഇതിനേക്കാൾ വിശദമായി അന്നന്ന് പാതിരാത്രിക്ക് മുൻപും വൈകിപ്പോയാൽ നേരം വെളുക്കുന്നതിന് മുൻപും ഫേസ്ബുക്കിൽ അക്ഷരങ്ങളായും വീഡിയോകളായും വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അതിനേക്കാൾ വിശദമായി എൻ്റെ ഡയറിയിൽ ഈ യാത്രയുടെ വിവരങ്ങൾ ഉണ്ട്.

ഇത് പുസ്തകമാക്കണമെന്ന് ചിലരെങ്കിലും ആവശ്യപ്പെട്ടിരുന്നു. പുസ്തകം എന്നെങ്കിലും ആക്കിയേക്കാം. പക്ഷേ രാജസ്ഥാൻ മുഴുവനായി കണ്ട് തീർക്കാതെ അങ്ങനൊന്ന് ഉണ്ടാകില്ല. നിലവിൽ ഉദയ്പൂർ, ചിറ്റോർഗഡ്, കുംഭൽഗഡ്, മൗണ്ട് അബു, ജോഥ്പൂർ, ജാലോർ, ജയ്സല്മേഡ്, പൊക്രാൻ, ബാഡ്മർ, റണക്പൂർ, എന്നിങ്ങനെ ചുരുക്കം സ്ഥലങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. 133 കോട്ടകളിൽ 21 കോട്ടകളേ കണ്ടിട്ടുള്ളൂ. ബാക്കിയുള്ള സ്ഥലങ്ങളും കോട്ടകളും കണ്ട് തീർത്ത ശേഷം ഒരു പുസ്തകം തയ്യാറാക്കുന്ന സമയത്ത്, ഈ കുറിപ്പുകൾ എൻ്റെ ജോലി എളുപ്പമാക്കും എന്നതുകൊണ്ട് കൂടെയാണ് നിത്യേന മുടക്കമില്ലാതെ എഴുതിയിടാൻ തുനിഞ്ഞത്.

14

പുസ്തകം ആർക്ക് വേണം, പ്രത്യേകിച്ച് ചരിത്രം കൂടുതൽ സംസാരിക്കുന്ന പുസ്തകങ്ങൾ. എന്നിരുന്നാലും ഞാൻ പോയ സ്ഥലങ്ങളും കണ്ട കോട്ടകളും മനുഷ്യരുമൊക്കെ കൃത്യമായി അടയാളപ്പെടുത്തി പുസ്തകമാക്കിയാൽ, എനിക്ക് തന്നെ പിന്നീട് വായിച്ച് ആസ്വദിക്കാൻ സഹായകമാകുമെന്ന് കരുതുന്നു. അക്കൂട്ടത്തിൽ നൂറോ നൂറ്റൻപതോ കോപ്പികൾ, താൽപ്പര്യമുള്ളവരുടെ കണക്കെടുത്ത് അവർക്ക് മാത്രമായി തയ്യാറാക്കുന്നതാണ്.

എന്നാണിതൊക്കെ സംഭവിക്കുന്നതെന്ന് പറയാനാവില്ല. അതിനിടയ്ക്ക് എത്രയോ യാത്രകൾ ഇതുപോലെ വന്നും പോയും ചെയ്താലാണ് 800 കോട്ടകൾ കണ്ട് തീർക്കുക?! സെപ്റ്റംബറിൽ, അല്ലെങ്കിൽ രാജസ്ഥാനിൽ ചൂട് കുറയുന്ന അന്ന് മുതൽക്ക് ഈ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കും. അഞ്ച് മാസം കിട്ടിയാൽ ഇതിൽക്കൂടുതൽ സ്ഥലങ്ങളും കോട്ടകളും തീർക്കാൻ പറ്റുമെന്നാണ് വിശ്വാസം.

15

അതിനിടയ്ക്ക് നാഗാലാൻ്റ്, കർണ്ണാടക, ആന്ധ്ര, ആൻഡമാൻ എന്നീ യാത്രകൾ പദ്ധതിയിലുണ്ട്. ചിലതിൽ ഭാഗിയെ കൂട്ടിയും വേറെ ചിലതിൽ സുഹൃത്തുക്കൾക്കൊപ്പവും.

16

വാൽക്കഷണം:- മടങ്ങി തൃക്കാക്കര ഫ്ലാറ്റിൽ വന്നപ്പോൾ, അടുക്കളയിലെ വാട്ടർ ഫിൽട്ടർ ജലസമ്മർദ്ദം കാരണം പൊട്ടി, വീട് മുഴുവൻ വെള്ളം പൊങ്ങി, തറയിലെ വുഡൻ ടൈലുകൾ നാശമായി നിൽക്കുന്നു. ചുമരുകൾ ഈർപ്പം വലിച്ച് വൃത്തികേടായി. 2018ലെ വെള്ളപ്പൊക്കത്തിന് പിടികൊടുക്കാത്ത ഒരുവന് ബാംഗ്ലൂരിലെ ഒരു ചിന്ന വെള്ളപ്പൊക്കത്തിൽ കാർ പൂർണ്ണമായും മുങ്ങി നഷ്ടപ്പെടുന്നത് കണ്ട് നിൽക്കേണ്ടി വന്നു. ഇപ്പോൾ ദാ ഫ്ലാറ്റ് ഇങ്ങനേയും. ഇതെല്ലാം യാത്രയുടെ ഭാഗമാണ്; ജീവിതമെന്ന യാത്രയുടെ വൈവിദ്ധ്യം നിറഞ്ഞ രംഗങ്ങളാണ്.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)