Monthly Archives: May 2024

ശസ്ത്രക്രിയാ സംശയങ്ങൾ?!


22
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ 4 വയസ്സുകാരിക്ക് കൈയിൽ ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത, ആരോഗ്യ രംഗത്തെ ഗുരുതരമായ വീഴ്ച്ചയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ.
ആരോഗ്യസംബന്ധമായ കാര്യങ്ങൾക്കായി ഇതുവരെ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയോ ആശുപത്രിയിൽ കിടക്കുകയോ പോലും ചെയ്യാത്ത ഒരുവൻ്റെ സംശയങ്ങളും ആധികളും കൂടെയാണിത്.

1. മരപ്പണിക്കാരൻ അയാളുടെ ഉരുപ്പിടിയിൽ ഏത് ഭാഗത്ത് എത്ര നീളത്തിലും വീതിയിലും മുറിക്കണമെന്ന് അളവ് രേഖപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. ആശുപത്രികളിൽ എങ്ങനെയാണ് കാര്യക്രമങ്ങൾ? ഓപ്പറേഷൻ തീയറ്ററിലേക്ക് വരുന്ന ആദ്യത്തെ രോഗിയുടെ നാക്കിൽ ശസ്ത്രക്രിയ ചെയ്തേക്കാം. അടുത്ത രോഗിക്ക് കിഡ്നി മാറ്റി വെച്ചേക്കാം. അതിനടുത്ത രോഗിക്ക് രണ്ട് സ്റ്റെൻ്റ് ഇട്ടേക്കാം. അങ്ങനെയോ മറ്റോ ആണോ? ഇന്ന രോഗിക്ക് ഇന്ന അസുഖം, ഇന്ന ശസ്ത്രക്രിയ എന്ന് ഏതെങ്കിലും ഒരു കടലാസിൽ എഴുതി വെക്കില്ലേ? രോഗിയെ മയക്കി കിടത്തുന്നതിനോ കീറി മുറിക്കുന്നതിനോ മുൻപ് അത് ഡോക്ടർ നോക്കില്ലേ, വായിക്കില്ലേ?

2. ശസ്ത്രക്രിയയ്ക്ക് മുൻപ് രോഗിയുടെ അടുത്ത ബന്ധുക്കൾ സമ്മതപത്രം എഴുതിക്കൊടുക്കുന്നതായി സിനിമകളിൽ കണ്ടിട്ടുണ്ട്. അത് ഉള്ളതാണോ ? ആണെങ്കിൽ ആ സമ്മതപത്രത്തിൽ, രോഗിയുടെ ശരീരത്തിന്റെ ഏത് ഭാഗത്താണ് ശസ്ത്രക്രിയ, എന്ന് രേഖപ്പെടുത്തിക്കാണില്ലേ ?

3. ഡോക്ടർ എന്ന കക്ഷി ഒറ്റയ്ക്കാണോ ഒരു ശസ്ത്രക്രിയ ചെയ്യുന്നത്? കത്രികയും കത്തിയും മറ്റ് ഉപകരണങ്ങളും എടുത്ത് കൊടുക്കാനായി നഴ്സുമാരും മറ്റ് സഹായികളുമൊക്കെ കാണാറുണ്ടല്ലോ സിനിമകളിൽ? അങ്ങനെ ആരും യഥാർത്ഥ ശസ്ത്രക്രിയ സമയത്ത് ഡോക്ടറുടെ കൂടെ ഉണ്ടാകാറില്ലേ? ഉണ്ടെങ്കിൽ….. ആദ്യത്തെ ചോദ്യത്തിൽ പറയുന്ന തരത്തിൽ എന്തെങ്കിലും ശസ്ത്രക്രിയാ സംബന്ധമായത് എഴുതി വെച്ചിട്ടുണ്ടെങ്കിൽ, അത് ഇവരാരും വായിച്ച് നോക്കില്ലേ? ഡോക്ടർ എന്നൊരാൾ അത് വായിച്ച് നോക്കിയില്ലെങ്കിലും രോഗിക്ക് രക്ഷപ്പെടാൻ മേൽപ്പടി ആൾക്കാരുടെ എഴുത്തും വായനയും ഉത്തരവാദിത്തവും കാര്യക്ഷമതയും പ്രയോജനപ്പെടില്ല എന്നാണോ ?

4. ശസ്ത്രക്രിയയ്ക്ക് വരുന്ന ഡോക്ടർ മയക്ക് മരുന്നോ മദ്യമോ കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ എന്തെങ്കിലും ടെസ്റ്റുകൾ ഉണ്ടോ? അങ്ങനെയുള്ള ടെസ്റ്റുകൾക്ക് ശേഷം മാത്രമേ ജോലിയിലേക്ക് കടക്കാൻ പാടുള്ളൂ എന്ന് എന്തെങ്കിലും നിബന്ധനകൾ നമ്മുടെ ആരോഗ്യപരിരക്ഷാ ചട്ടങ്ങളിൽ ഉണ്ടോ? ഇല്ലെങ്കിൽ എഴുതിച്ചേർക്കാൻ വല്ല വകുപ്പും ഉണ്ടോ? ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിക്കുന്നതാണ്.

5. രോഗി ഒരു ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷൻ തീയറ്ററിൽ കയറി, അനസ്ത്യേഷ്യ തുടങ്ങുന്നതിന് മുൻപ്, ആ കലാപരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ ആരോഗ്യവിദഗ്ദ്ധന്മാരേയും വിളിച്ച് നിർത്തി… “ഡോക്ടർമാരേ, നഴ്സുമാരേ, സാറന്മാരേ…. എൻ്റെ നാക്കിനല്ല കൈയ്ക്കാണ് ശസ്ത്രക്രിയ ചെയ്യാനുള്ളത് “…. എന്ന് പറയാനുള്ള എന്തെങ്കിലും സാവകാശം കിട്ടുമോ? അങ്ങനെ പറയുന്നതിൽ തെറ്റെന്തെങ്കിലും ഉണ്ടോ? അങ്ങനെയൊരു ചടങ്ങ് കൂടെ ഉൾപ്പെടുത്താൻ ജനാധിപത്യ സംവിധാനത്തിൽ എന്താണ് ചെയ്യേണ്ടത്? സംസാരിക്കാൻ സാധിക്കാത്ത രോഗികളുടെ ബന്ധുക്കൾക്ക് ഈ അവസരം കൊടുക്കാൻ കനിവുണ്ടാകണം. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവന് പോലും അവസാന ആഗ്രഹം സാധിച്ച് കൊടുക്കുന്ന രാജ്യത്ത്, മേൽപ്പടി കാര്യം ഒരു അവസാന ആഗ്രഹമായെങ്കിലും സാധിച്ച് കൊടുക്കാൻ ആവില്ലേ? അതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കാൻ ആവില്ലേ?

6. കൈയിൽ ശസ്ത്രക്രിയയ്ക്ക് വന്ന കുട്ടിയുടെ വായ തുറന്ന് നോക്കി, കൈയിലേതിനേക്കാൾ അടിയന്തിരമായി ആവശ്യമുള്ളത് നാക്കിനടിയിലെ ശസ്ത്രക്രിയ ആണെന്ന് കണ്ട്, അത് നടത്തിയ ശേഷം കുട്ടിയെ പുറത്ത് കൊണ്ടുവരുമ്പോൾ വായിൽ നിന്ന് രക്തം വരുന്നത് കണ്ടാണ് ബന്ധുക്കൾ ശസ്ത്രക്രിയ മാറിപ്പോയെന്ന് മനസ്സിലാക്കുന്നത്. (ഡോക്ടർമാരുടെ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് ഇപ്രകാരമാണ്.) ഉടനെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോയി കയ്യിന്റെ ശസ്ത്രക്രിയയും ചെയ്യുന്നു. ആശുപത്രികളിൽ ഇങ്ങനെയാണോ പതിവ്? രോഗിയെ ശസ്ത്രക്രിയാ മേശപ്പുറത്ത് കിടത്തി, പെട്ടെന്നൊരു പരിശോധന നടത്തി ആവശ്യമുള്ള ശസ്ത്രക്രിയകൾ മുൻഗണന അടിസ്ഥാനത്തിൽ ഒന്നൊന്നായി ചെയ്യുന്നതാണോ കേരള ആരോഗ്യരംഗത്തെ നടപ്പ് രീതി? വർക്ക് ഷോപ്പിൽ പഞ്ചറൊട്ടിക്കാൻ ചെന്ന വാഹനത്തിൻ്റെ എഞ്ചിൻ അഴിച്ച് പണിഞ്ഞ കഥയുണ്ട് സിനിമയിൽ. (സിനിമയ്ക്ക് അപ്പുറം ഒന്നും അറിയാത്തത് കൊണ്ടാണ്. തെറ്റിദ്ധരിക്കരുത്.) അതുപോലെ തന്നെയാണോ ആശുപത്രികളിലും?

7. അബദ്ധം പറ്റി എന്ന് ഡോക്ടർ സ്വയം സമ്മതിക്കുകയും രോഗിയുടെ ബന്ധുക്കളോട് ക്ഷമ ചോദിക്കുകയും ചെയ്ത ശേഷം സസ്പെൻഷനും വാങ്ങി വീട്ടിലേക്ക് പോയ ഡോക്ടറെ രക്ഷപ്പെടുത്താനായി, മേൽപ്പറഞ്ഞ തരത്തിൽ കള്ളത്തരങ്ങൾ എഴുതിപ്പിടിപ്പിച്ച പത്രപ്രസ്താവന ഇറക്കുന്ന സംഘടനാ ഭാരവാഹികളുടെ വീട്ടിൽ ആർക്കെങ്കിലും ഇതേ അവസ്ഥ ഉണ്ടായാലും അവർ ഇത്തരത്തിലുള്ള ഊള പത്രപ്രസ്താവനകൾ ഇറക്കുമോ? ഗുരുതരമായ വീഴ്ച്ച വരുത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ലേ സംഘടനകൾ മുന്നിട്ട് നിൽക്കേണ്ടത്. ഇത്തരം സംഘടനകൾ ഉള്ള ഒന്നാം നമ്പർ കേരളത്തിൽ മനുഷ്യന്മാർ വിശ്വസിച്ച് എങ്ങനെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകും?

8. അന്വേഷണത്തിൻ്റെ ഭാഗമായി ഡോക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണ പ്രകാരം ഡോക്ടർക്ക് തെറ്റ് പറ്റി എന്നുറപ്പായാൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുമോ? അതോ അടുത്ത നിഷ്ക്രിയത്വത്തിൻ്റെ വാർത്ത വന്ന് മാദ്ധ്യമങ്ങളുടേയും ജനങ്ങളുടേയും ശ്രദ്ധ അങ്ങോട്ട് തിരിയുമ്പോൾ, അല്ലെങ്കിൽ ഈ ബഹളമെല്ലാം ഒന്ന് കെട്ടടങ്ങുമ്പോൾ, പഴയ ശമ്പളവും ഉദ്യോഗക്കയറ്റവും അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകി ഈ ഡോക്ടർമാരെ തിരികെ എടുക്കുമോ?

9. മേൽപ്പറഞ്ഞ ചോദ്യത്തിന് ഉത്തരം ‘തിരികെ എടുക്കും‘ എന്നാണെങ്കിൽ, ഇത്തരം ഡോക്ടർമാരുടെ ഏപ്രണിൽ, അവർ ഇതുവരെ വരുത്തിയിട്ടുള്ള അത്തരം വീഴ്ച്ചകൾ വിളിച്ചറിയിക്കുന്ന എന്തെങ്കിലും അടയാളങ്ങൾ പതിപ്പിക്കാൻ വകുപ്പുണ്ടോ? പട്ടാളത്തിലും മറ്റും നെഞ്ചത്ത് മെഡൽ കുത്തിക്കൊടുക്കുന്നത് പോലെ ഒന്ന് മതി. അത് കണ്ടിട്ട് ഈ ഡോക്ടറെക്കൊണ്ട് ചികിത്സിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും രോഗിക്ക് നൽകാൻ കൃപയുണ്ടാകുമോ?

വാൽക്കഷണം:- ഇടത്തെ കാലിൽ ചെയ്യേണ്ട ശസ്ത്രക്രിയ വലത്തെ കാലിൽ ചെയ്തു എന്ന നിലയ്ക്കുള്ള വീഴ്ചകൾ കേട്ടിട്ടുണ്ട്. അണ്ണാക്കിൽ കയറി ശസ്ത്രക്രിയ നടത്തിയവനെ ന്യായീകരിക്കാൻ ആരൊക്കെ എത്ര തലകുത്തി മറിഞ്ഞിട്ടും ഒരു കാര്യവുമില്ല.