കഴിഞ്ഞ മൂന്ന് രാത്രികളിൽ (8-11 വരെ) ഞാൻ, വരുൺ രമേഷിൻ്റെ നിർമ്മിത ബുദ്ധി (AI) ഓൺലൈൻ ക്ലാസ്സുകളിലായിരുന്നു.
വാക്കുകളിൽ നിന്ന് ചിത്രങ്ങളും ചലിക്കുന്ന ചിത്രങ്ങളും സംഗീതവുമൊക്കെ സൃഷ്ടിക്കാൻ പോന്ന നിർമ്മിത ബുദ്ധിയുടെ അപാര സാദ്ധ്യതകളിൽ ചിലതെങ്കിലും സ്വായത്തമാക്കാതെ നിരക്ഷരനായി തുടരുന്നത് ബുദ്ധിമോശമാണെന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല.
ആ ക്ലാസ്സുകളിൽ നിന്ന് പഠിച്ചെടുത്ത കാര്യങ്ങൾ വെച്ച് AI ഉപയോഗിച്ച് ഞാനുണ്ടാക്കിയ ഒരു ഗാനമാണ് ഇതിനൊപ്പമുള്ളത്. വരികൾ കൊടുത്താൽ സംഗീതവും ട്യൂണും ശബ്ദവുമെല്ലാം നിർമ്മിച്ച് തരുന്ന നിർമ്മിത ബുദ്ധിയുടെ മാന്ത്രികലോകത്തിൻ്റെ ആവശ്യത്തിലേക്കായി ഇന്നലെ രാത്രി കുത്തിയിരുന്ന് ഞാൻ തന്നെ വരികൾ എഴുതി. എന്തൊരു അക്രമമാണ് ഈ മനുഷ്യൻ ചെയ്തിരിക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഞാനും നിങ്ങൾക്കൊപ്പം തന്നെ. ഇക്കാര്യത്തിൽ ഒരു എതിർപക്ഷമില്ല.
AI ക്ലാസ്സുകളിൽ ഉടനീളം കോട്ടകളുമായി ബന്ധപ്പെടുത്തിയാണ് വരുൺ എന്നെ പരാമർശിച്ചിരുന്നത്. കോട്ടകളെ മാത്രമല്ല, അതുപോലെ തന്നെ എനിക്ക് പ്രിയപ്പെട്ട ചക്കകളേയും പാട്ടിൻ്റെ വരികളിൽ ചേർക്കണമെന്ന് ഞാനുറച്ചു.
പക്ഷേ, നിർമ്മിത ബുദ്ധി അതിനേയും കടത്തിവെട്ടി. എൻ്റെ വരികൾ പാട്ടാക്കി തന്നപ്പോൾ, വരികൾക്കിടയിൽ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി നിർമ്മിതബുദ്ധി ശരിക്കും അമ്പരപ്പിച്ചു. അതെന്താണെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക്, ഞാനെഴുതിയ വരികളുമായി ഈ പാട്ടിൽ വന്നിരിക്കുന്ന വരികളെ താരതമ്യം ചെയ്ത് നോക്കാം.
ഉദാ:- ജ്യൂസ് എന്ന വാക്കിന് ശേഷം‘ചിൽ‘ എന്ന് തിരുകിക്കയറ്റിയത് AI ആണ്. ചരണത്തിൽ ‘വലിയ പഴം‘ എന്ന് ഞാൻ എഴുതിയിട്ടില്ല. അതും AI യുടെ മികവാണ്. ചരണം മൊത്തത്തിൽ നിർമ്മിത ബുദ്ധിയുടെ സൃഷ്ടി ആണെന്നും പറയാം.
ഞാൻ Prompt ചെയ്ത പാട്ടിൻ്റെ വരികൾ താഴെ ചേർക്കുന്നു. പാട്ട് സമർപ്പിക്കുന്നത് AI ഗുരു വരുണിന് തന്നെ. ഒരു നിരക്ഷരൻ ആണെന്നുള്ള ആനുകൂല്യം തന്ന് തെറ്റുകുറ്റങ്ങൾ പൊറുത്ത്, എല്ലാവരും പൊങ്കാലയുടെ ആക്കം കുറച്ചുതരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
വാൽക്കഷണം:- നിങ്ങൾ ഏത് മേഖലയിൽ ജോലി ചെയ്യുന്ന ആളുമാകട്ടെ. നാളെ നിർമ്മിത ബുദ്ധിയെ മാറ്റിനിർത്തി മുന്നോട്ട് പോയാൽ നിങ്ങൾ പുറകോട്ട് അടിക്കപ്പെടും. നിങ്ങളുടെ അത്രയും കഴിവ് പോലും ഇല്ലാത്തെ ഒരാൾ AI യുടെ സഹായത്തോടെ നിങ്ങളേക്കാൾ കേമനായി നിങ്ങളുടെ ഇരിപ്പിടം സ്വന്തമാക്കും. അതുണ്ടാകാതിരിക്കണമെങ്കിൽ നിങ്ങൾക്കും നിർമ്മിത ബുദ്ധിയുടെ സഹായം ഉണ്ടായേ പറ്റൂ.
ചക്കക്കോട്ടപ്പാട്ട് (Lyrics)
————————————–
ഏറ്റവും വലിയ കോട്ട മനക്കോട്ട
ഏറ്റവും വലിയ പഴം ചക്കപ്പഴം
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ
പോരുന്നോ പ്രിയ കൂട്ടുകാരേ
പോരുന്നോ പ്രിയ കൂട്ടുകാരേ
തേനൂറും വരിക്കയുണ്ട്
ചുവ ചുവന്ന സിന്ദൂര വരിക്കയുണ്ട്
താമര വരിക്കയുണ്ട്
തേങ്ങാ വരിക്കയുണ്ട്
ഇലയട വെക്കാൻ പാകത്തിൽ
കൂഴച്ചക്കയുമുണ്ട്
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ
പോരുന്നോ പ്രിയ കൂട്ടുകാരേ
പോരുന്നോ പ്രിയ കൂട്ടുകാരേ
അടയുണ്ടാക്കിത്തിന്നാം
പായസം വെച്ച് കഴിക്കാം
ഹലുവ വരട്ടിയെടുക്കാം
ജ്യൂസ് അടിച്ച് കുടിക്കാം
ചക്കപ്പഴം തിന്നാൻ
പോരുന്നോ പ്രിയ കൂട്ടുകാരേ
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ
പോരുന്നോ പ്രിയ കൂട്ടുകാരേ
ഏറ്റവും വലിയ കോട്ട മനക്കോട്ട
ഏറ്റവും വലിയ പഴം ചക്കപ്പഴം
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ
പോരുന്നോ പ്രിയ കൂട്ടുകാരേ
പോരുന്നോ പ്രിയ കൂട്ടുകാരേ.
—————————–
ഈ ഗാനം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
#ai
#aisong
#artificialintelligence