Monthly Archives: June 2024

സിനിമാ തീയറ്ററിലെ മൊബൈലുകൾ


33

വിജയ് സേതുപതി നടിച്ച ‘മഹാരാജ’ എന്ന തമിഴ് സിനിമ കണ്ടു. ഗംഭീര സിനിമ. സിനിമയിൽ ഒരു കുപ്പത്തൊട്ടി പ്രധാന വേഷം ചെയ്യുന്നതുകൊണ്ട്, ‘കുപ്പത്തൊട്ടി’ എന്ന പേരും ഈ സിനിമയ്ക്ക് നന്നായി ചേരും. എല്ലാവരും പോയി കാണൂ. ഇഷ്ടപ്പെടാതിരിക്കില്ല. ഈ ചിത്രം നിർദ്ദേശിച്ചതിന് ആര്യന് Aaryan Ramani Girijavallabhan നന്ദി.

സിനിമയെക്കുറിച്ച് അത്രയേ പറയുന്നുള്ളൂ. അതിനേക്കാൾ ഉപരി പറയാനുള്ളത്, എന്നും ഞാൻ പരാതി പറയാറുള്ള സിനിമാ തീയറ്റർ അനുഭവങ്ങളാണ്.

എന്റെ വലതുവശത്ത് വന്നിരുന്ന 40 വയസ്സോളം പ്രായമുള്ള ഒരാൾ, സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ ഉപയോഗം നിർത്തുന്നില്ല. ഫോൺ ചെയ്യുന്നു, നിരന്തരമായി ചാറ്റ് ചെയ്യുന്നു,… അങ്ങനെയങ്ങനെ. ആ മൊബൈൽ ഫോണിൻ്റെ പ്രകാശം, എന്നത്തേയും പോലെ എൻ്റെ കണ്ണുകൾക്ക് വലിയ ബുദ്ധിമുട്ടാകുന്നു.

അവസാനം ഞാൻ അയാളോട് പറഞ്ഞു. “വിരോധം ഇല്ലെങ്കിൽ സിനിമ കഴിയുന്നതുവരെ മൊബൈൽ ഫോൺ ഉപയോഗം നിർത്തിവെക്കണം പ്ലീസ്.”

വളരെ ആലോചിച്ച് ഉറച്ച് കൃത്യമായി ഈ വാചകമാണ് ഞാൻ പറഞ്ഞത്. നമ്മൾ സംസാരിക്കുന്നത് എത്തരക്കാരോട് ആണെന്ന് അറിയില്ലല്ലോ. മാന്യനാകാം, ഗുണ്ടാ സംഘാംഗമാകാം, മരുന്നടിക്കുന്നവർ ആകാം, എല്ലാത്തരം തെമ്മാടിത്തരങ്ങളും തികഞ്ഞ ഒരാൾ ആകാം, പരമശുദ്ധനും ആകാം.

എൻ്റെ അഭ്യർത്ഥന കേട്ടതും തലകുലുക്കി അയാൾ അത് സമ്മതിച്ചു, ഫോൺ പോക്കറ്റിൽ വെച്ചു. പക്ഷേ അയാളുടെ ഫോണിൽ തുടരെ തുടരെ മെസ്സേജുകൾ വരുന്നതിൻ്റെ ശബ്ദം കേൾക്കാമായിരുന്നു. അയാളാകട്ടെ അത് എടുക്കാൻ പറ്റാത്തതിൻ്റെ ബുദ്ധിമുട്ടിൽ ഞെരിപിരി കൊള്ളുന്നു.

ഇടവേള ആയതും അയാൾ ധൃതിയിൽ ഫോൺ നോക്കി ധാരാളം മിസ്സ്ഡ് കോളുകൾ ഉണ്ടെന്ന് അടുത്ത സീറ്റിൽ ഇരിക്കുന്ന സുഹൃത്തിനോട് പറയുന്നത് കേട്ടു. സ്വകാര്യമായി ഫോൺ ചെയ്യാനാവും, അയാൾ പുറത്തേക്ക് ഇറങ്ങിപ്പോയി. ഇടവേള കഴിഞ്ഞ് ഇരുട്ട് വീണതും കയറി വന്ന്, വീണ്ടും അല്പനേരം ഫോൺ നോക്കി. പക്ഷേ, അധികം വൈകാതെ ഫോൺ പോക്കറ്റിൽ വെച്ചു.

അയാൾ തുടർന്നും ഫോൺ ഉപയോഗിച്ചിരുന്നെങ്കിൽ, “എൻ്റെ ടിക്കറ്റിൻ്റെ പണം തന്ന് എന്നെ പറഞ്ഞുവിടണം, അല്ലെങ്കിൽ താങ്കൾ ഫോൺ അൽപ്പനേരത്തേക്ക് കൂടെ മാറ്റി വെക്കണം“ എന്ന് പറയാൻ തുനിയുകയായിരുന്നു ഞാൻ.

മറ്റൊന്നുള്ളത് അയാൾക്ക് തമിഴ് തീരെ വശമില്ല. വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു കഥയാണ്. സങ്കീർണമായ തമിഴ് സംഭാഷണങ്ങൾ ഇല്ല. എന്നിട്ടും ഇയാൾ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനോട് ചോദിച്ചാണ് കഥ മനസ്സിലാക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, എൻ്റെ വലത് വശത്തെ പിറുപിറുക്കലുകൾ ശല്ല്യമായി തുടർന്നു. “കഥയൊക്കെ വീട്ടിൽ ചെന്നിട്ട് പറഞ്ഞ് കൊട്. തൽക്കാലം ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരുന്ന് കാണ് ” എന്ന് പിന്നിലെ സീറ്റിൽ നിന്ന് ഒരാൾ ഇടപെട്ടപ്പോളാണ് മൊത്തത്തിൽ ശാന്തത ഉണ്ടായത്. എനിക്ക് മാത്രമല്ല അയാൾ ശല്യമായതെന്ന് സാരം.

എനിക്ക് മനസ്സിലാകാത്തത്,…. പ്രധാനമന്ത്രിയെക്കാൾ തിരക്കുള്ളവരും ടെലിഫോൺ ഓപ്പറേറ്ററെക്കാൾ തിരക്കുള്ളവരും ഒരു സെക്കൻഡ് പോലും മൊബൈൽ ഫോണിന്റെ ചതുരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റാത്തവരും എന്തിനാണ് രണ്ടര മണിക്കൂർ തീയറ്ററിൽ വന്ന് മറ്റുള്ളവരെ കൂടെ ബുദ്ധിമുട്ടിക്കുന്നത്?.

സമ്പൂർണ്ണ സാക്ഷരനായ മലയാളി പൊതുവിടങ്ങളിലെ മര്യാദകൾ എന്നാണിനി പഠിക്കുക?!

ഫാൻസിൻ്റെ ഒച്ചപ്പാടും ബഹളവും കാരണം സൂപ്പർതാരങ്ങളുടെ സിനിമ കാണാൻ അഥവാ പോയാലും ആദ്യത്തെ ഒരാഴ്ച്ച പോകാറേയില്ല. പക്ഷേ ഇത്തരം മൊബൈൽ ഫോൺ ശല്യങ്ങൾ എല്ലാ സിനിമയ്ക്കും പതിവാണ്. 150 ഉം 250 രൂപയുടെ ടിക്കറ്റെടുത്ത് തീയറ്ററിൽ പോയാൽ ഇതാണ് സ്ഥിരം അനുഭവമെങ്കിൽ തീയറ്ററുകളോട് എന്നെന്നേക്കുമായി വിടപറയേണ്ടി വരും. ആ കാശിന് ലോകത്തുള്ള OTT കൾ ഓരോന്നോരോന്നായി ബുക്ക് ചെയ്യാൻ പറ്റും. വയസ്സ് കാലത്ത് അത്രയൊക്കെ മതി സിനിമ കാണൽ എന്ന് തീരുമാനിച്ചെന്നും വരും. ആൾക്കാരോട് തല്ലുപിടിക്കാനോ അവരെ ബോധവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ല എന്നത് മറ്റൊരു കാരണം.