Monthly Archives: August 2024

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുമോ ?!


11
*മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കപ്പെടണമെന്ന് ഹൈക്കോടതി.

* സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി.

* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പൊതുചര്‍ച്ച അനിവാര്യം.

* പൊതു ചര്‍ച്ച നടത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഹൈക്കോടതി.

* റിപ്പോര്‍ട്ട് ഉപയോഗിച്ച് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച നടത്തുമെന്ന ഹർജിക്കാരൻ്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഹര്‍ജിക്കാരന് തെറ്റിദ്ധാരണയെന്ന് ഹൈക്കോടതി.

* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുതാല്‍പര്യമുള്ളതെന്ന് ജസ്റ്റിസ് വി ജി അരുണ്‍.

* അധികാര നടപടികളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതാണ് വിവരാവകാശ നിയമം.

* സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നതിന് കമ്മിഷന്റെ വിലക്കുണ്ടെന്ന് ഹർജിക്കാരൻ. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹര്‍ജിക്കാരനെ ബാധിക്കില്ലെന്ന് ഹൈക്കോടതി.

* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും വിധിയില്‍.

* ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിന് ഹൈക്കോടതിയുടെ വിമര്‍ശനം.

* സിനിമ മേഖലയിലെ അനാരോഗ്യ പ്രവണതകളെ മറയ്ക്കാനാണ് ഹര്‍ജിക്കാരൻ്റെ ശ്രമം.

* മൗലികാവകാശം ലംഘിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്താന്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു.

* ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിൻ്റെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി.
——————————————-
ഹേമ കമ്മീഷനെപ്പറ്റി ഏറ്റവും അവസാനം വന്ന, മേൽപ്പറഞ്ഞ അത്രയും വാർത്തകൾ കാണുമ്പോൾ നമ്മൾ കരുതും ഹേമ കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന്. പക്ഷേ, അങ്ങനെയൊന്നും സംഭവിക്കില്ല.

ആരെങ്കിലും സ്റ്റേ കൊടുത്ത് ഹേമ കമ്മീഷൻ റിപ്പോർട്ട് വീണ്ടും ഇരുട്ടത്താക്കും. അത് അങ്ങനെയേ വരൂ. റിപ്പോർട്ടിനകത്ത് ഉള്ളത് അത്രയ്ക്കും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആണെന്നത് തന്നെയാണ് കാരണം.

ഏറ്റവും അവസാനം സ്റ്റേ വാങ്ങിയ നിർമ്മാതാവ് പറഞ്ഞത് ‘ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ അറിയാൻ പൊതുജനത്തിന് താല്പര്യമില്ല, അതുകൊണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടേണ്ട‘ എന്നാണ്.

പൊതുജനത്തിന് താല്പര്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഏതെങ്കിലുമൊരു നിർമ്മാതാവ് അല്ല. പൊതുജനത്തിൻ്റെ ഭാഗമായ എനിക്ക് ഈ റിപ്പോർട്ടിൽ ഉള്ളത് അറിയാൻ താല്പര്യമുണ്ട്. അതിന് കാരണം, ഒരു സിനിമാ ആസ്വാദകൻ എന്നതിനുപരി, ഞാൻ നൽകുന്ന നികുതിപ്പണത്തിൻ്റെ ഒരു പങ്ക് എടുത്താണ് ഈ കമ്മീഷനെ നിയമിച്ചതും അത് പ്രവർത്തിച്ചതും എന്നതാണ്.

സർക്കാർ അത്തരത്തിൽ ഒരു കാര്യം ചെയ്തതിനുശേഷം അതിന് ആൾക്കാർക്ക് താല്പര്യം ഉണ്ടോ ഇല്ലയോ എന്ന് തർക്കിക്കുന്നത് പോലും ശുദ്ധ ഭോഷ്ക്കാണ്. അല്ലെങ്കിൽപ്പിന്നെ ഇതിലൊക്കെ പൊതുജനത്തിന് എന്ത് കാര്യം എന്ന് ആദ്യമേ തീരുമാനിച്ച് അവരുടെ നികുതിപ്പണം പാഴാക്കാതെ നോക്കണമായിരുന്നു.

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും അവർ നേരിടുന്ന ദുരിതങ്ങളും പഠിച്ച് ഉണ്ടാക്കിയ റിപ്പോർട്ടാണ് ഇത്. ഏറ്റവും കുറഞ്ഞത് സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെങ്കിലും അക്കാര്യങ്ങൾ അറിയാൻ വിട്ടുകൊടുക്കണ്ടേ?

ഇത്രയും പണം ചിലവാക്കി ഒരു റിപ്പോർട്ട് ഉണ്ടാക്കിയിട്ട് അത് പുറത്ത് വിടരുതെന്ന് പറയുന്നവർ എന്തോ ഒന്നിനെ പേടിക്കുന്നില്ലേ? ആ പേടി തന്നെയാണ് ഈ റിപ്പോർട്ടിൻ്റെ മൂല്യം.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരണം. അതിലെ കണ്ടെത്തലുകൾ ജനങ്ങൾ അറിയണം. അതിനനുസൃതമായ മാറ്റങ്ങൾ സിനിമാ വ്യവസായത്തിൽ ഉണ്ടാകണം. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ത് വില കൊടുത്തും എത്രയും പെട്ടെന്ന് പൂർണ്ണരൂപത്തിൽ പുറത്ത് വിടുക.

വാൽക്കഷണം:- എന്നെക്കേക്കുമായി ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വെക്കാനാണ് സർക്കാരിൻ്റേയും കോടതിയുടേയും തീരുമാനമെങ്കിൽ, ആ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറയുന്നവരുടെ കൈയിൽ നിന്നും ഹേമ കമ്മീഷൻ്റെ ചിലവ് മുഴുവൻ ഈടാക്കുക. ഞങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ദുർവ്യയം ചെയ്യാനുള്ളതല്ല. റിപ്പോർട്ടിനെ എതിർക്കുന്നവർ അതിൻ്റെ ചിലവ് സസന്തോഷം വഹിച്ചോളും. അവരുടെ മുഖം മൂടികൾ അഴിഞ്ഞ് വീഴാതിരിക്കാൻ എത്ര വലിയ തുകയും അവർ വീശി എറിയുക തന്നെ ചെയ്യും.

- നിരക്ഷരൻ
(അന്നും എന്നും എപ്പോഴും)