കണ്ണൂര് പഠിക്കുമ്പോൾ തുടങ്ങിയതാണ് വയനാടിനോടുള്ള ഇഷ്ടം. കാലാവസ്ഥ, ഭൂപ്രകൃതി, മനുഷ്യർ, അടുത്ത സംസ്ഥാനത്തിലുള്ള ബാംഗ്ലൂർ മൈസൂർ എന്നീ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പം, അങ്ങനെ പല പല കാരണങ്ങൾ ഉണ്ടായിരുന്നു ആ ഇഷ്ടത്തിന് പിന്നിൽ.
വിവാഹശേഷം മുഴങ്ങോടിക്കാരിയുമായി ആദ്യയാത്ര പോയതും മറ്റൊരിടത്തേക്കല്ല.
എവിടെയൊക്കെ പോയാലും, ജീവിത സായാഹ്നത്തിൽ കറങ്ങിത്തിരിഞ്ഞ് വയനാട്ടിൽ ചെന്ന് അൽപസ്വൽപ്പം കൃഷിയൊക്കെ ചെയ്ത് സ്ഥിര താമസമാക്കണമെന്ന ആഗ്രഹത്തോടെ വർഷങ്ങൾക്ക് മുന്നേ ആ മനോഹര ഭൂവിൽ കുറച്ച് സ്ഥലം വാങ്ങിയിട്ടിരുന്നു. ഒരു കാര്യമില്ലെങ്കിലും രണ്ട് മാസത്തിലൊരിക്കൽ വയനാട്ടിൽ പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ജീവിതത്തിൽ.
പക്ഷേ, പിന്നീട് കാലാവസ്ഥ മാറി, ഭൂപ്രകൃതി മാറി, വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങി. വാങ്ങിയ സ്ഥലത്ത് കപ്പയോ വാഴയോ പോലും നടാൻ പറ്റാത്ത അവസ്ഥ. എന്ത് നട്ടാലും വിളവാകുമ്പോൾ കുരങ്ങന്മാർ പറിച്ച് തോളത്തെടുത്ത് വെച്ചുകൊണ്ട് പോകും. അതിരിൽ നട്ട കുറേ മരങ്ങൾ മാത്രം വളർന്ന് വലുതായി.
പുലിയിറങ്ങി പതുങ്ങിയിരിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് അടിക്കാടുകൾ എപ്പോഴും വെട്ടി നിർത്തണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തും. വരവൊന്നും ഇല്ലെങ്കിലും ചിലവഴിക്കേണ്ട അവസ്ഥ.
ബാംഗ്ലൂരിൽ ജീവിതം തുടങ്ങിയപ്പോൾ കരുതി, വാരാന്ത്യങ്ങളിൽ മൈസൂർ വഴി വയനാട്ടിലെത്തി രണ്ട് ദിവസമെങ്കിലും കൃഷി ചെയ്ത് മടങ്ങി പോകാമെന്ന്. അതെല്ലാം ആഗ്രഹങ്ങൾ മാത്രമായി അവശേഷിച്ചു. ഒന്നും നടന്നില്ല.
മെല്ലെ മെല്ലെ വയനാടിനോട് അകന്നു. സായാഹ്ന ജീവിതം കരുപ്പിടിപ്പിക്കാൻ സംസ്ഥാനത്തിന് പുറത്ത് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വന്നു.
കുഞ്ഞഹമ്മദിക്ക, ചിന്നമ്മ ടീച്ചർ, ഹരി, ഷാജി, അമ്പിളി, സൊണാലി റോയ് ചൗധരി, എന്നിങ്ങനെ ചുരുക്കം ചില സുഹൃത്തുക്കൾ മാത്രമാണ് വയനാടുമായി ഇപ്പോൾ ബന്ധിപ്പിച്ച് നിർത്തുന്നത്.
മൂന്ന് ദിവസം മുൻപ് ഉരുൾപൊട്ടി ഇല്ലാതായിപ്പോയ പ്രദേശങ്ങളടക്കം വയനാട്ടിൽ ഞാൻ പോകാത്ത ഇടങ്ങളില്ല. മൊത്തത്തിൽ ഒരു നൊമ്പരമാണിപ്പോൾ. ഒന്നും മിണ്ടാൻ പറ്റാതെ തരിച്ചിരിപ്പായിരുന്നു. ഇരുപതുകളിൽ എന്നെ മോഹിപ്പിച്ച വയനാട് ഇനിയുണ്ടോ എന്ന് സംശയമാണ്. വല്ലാത്ത സങ്കടമുണ്ട്.
നിന്ന നിൽപ്പിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ! രക്ഷാപ്രവർത്തനം നടത്തുന്ന സകല മനുഷ്യർക്കും സംവിധാനങ്ങൾക്കും അഭിവാദ്യങ്ങൾ. എല്ലാം നഷ്ടപ്പെട്ടവർക്ക് പിടിച്ചു കയറാനുള്ള കരുത്ത് ഉണ്ടാകുമാറാകട്ടെ.
വാൽക്കഷണം:- രണ്ട് ദിവസമായി കാണാനില്ലല്ലോ എന്ന് പലരും ചോദിച്ചതു കൊണ്ടാണ് മുകളിലെ വരികൾ. സ്വന്തം വീട്ടിൽ ഒരു ദുരന്തം ഉണ്ടായാലും, അധികം വൈകാതെ തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് ‘Show must go on’ എന്ന ചൊല്ല് നടപ്പിലാക്കണമല്ലോ.