ഒരു മനുഷ്യൻ ഓരോ വർഷവും ചെയ്ത് തീർക്കേണ്ട കാര്യങ്ങൾക്ക് ഒരു കണക്കുണ്ട്. മണ്ടത്തരങ്ങൾക്കുമുണ്ട് ഈ കണക്ക്. 2024ലെ എന്റെ മണ്ടത്തരങ്ങൾ മുഴുവൻ ചെയ്ത് തീർക്കാൻ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് ഇന്ന് വലിയൊരു മണ്ടത്തരം ഞാൻ ചെയ്തു.
രാവിലെ തന്നെ, ബറോഡയിൽ നിന്ന് 100 കിലോമീറ്റർ മാറിയുള്ള ഏകതാ നഗറിലെ, സർദാർ വല്ലഭായ് പട്ടേലിന്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാൻ ഇറങ്ങിത്തിരിച്ചു. 2 മണിക്കൂർ ഭാഗിയേയും തെളിച്ച് ഏകതാ നഗറിൽ എത്തിയപ്പോഴാണ് അമളി പിണഞ്ഞത് മനസ്സിലാക്കിയത്.
മ്യൂസിയങ്ങളും മൃഗശാലകളും ഇതുപോലെ സർക്കാർ അധീനതയിലുള്ള കേന്ദ്രങ്ങളും, തിങ്കളാഴ്ച്ച ദിവസം തുറക്കില്ല. അതെനിക്ക് അറിയാത്ത സംഗതിയല്ല. പക്ഷേ, പറ്റിപ്പോയി. 2 മണിക്കൂർ സഞ്ചരിച്ച് ചെന്ന കാര്യം നടന്നില്ല. മറ്റ് ചിലത് സംഭവിക്കുകയും ചെയ്തു.
ഏകതാ നഗറിൽ നിന്ന് 20 കിലോമീറ്റർ മാറി രാജ്പിപ്ളയിൽ ഒരു കൊട്ടാരമുണ്ട്. നേരെ അങ്ങോട്ട് വിട്ടു. കൊട്ടാരത്തിന്റെ മതിൽക്കെട്ടിനകത്ത് ആളനക്കമുണ്ട്, നായ്ക്കളുമുണ്ട്. ധൈര്യം സംഭരിച്ച് അകത്ത് കടന്ന് ആദ്യം കണ്ട സ്ത്രീയോട് കൊട്ടാരം കാണണമെന്നും പടങ്ങൾ എടുക്കണമെന്നും പറഞ്ഞു. അവർ അനുമതി തന്നു. ഭാഗ്യത്തിന്, ചോദിച്ചത് ചോദിക്കേണ്ട വ്യക്തിയോട് തന്നെ ആയിരുന്നു.
നിലവിലെ രാജ്ഞി കൈലാഷ് കുമാരി ആയിരുന്നു അത്. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർ രണ്ട് മാസം മുൻപ് കൊച്ചിയിൽ വന്നിരുന്ന കാര്യം അനുസ്മരിച്ചു. സംസാരം നീണ്ടു പോയി. അകത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് അവരെന്നെ കൊട്ടാരത്തിനകത്ത് വിളിച്ചിരുത്തി. പരിചാരകനോട് നാരങ്ങാ വെള്ളം കൊണ്ടുവരാൻ പറഞ്ഞു. അപ്പോഴേക്കും രാജാവ് എത്തി.
അദ്ദേഹം സ്വന്തം പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. സത്യത്തിൽ അങ്ങേരുടെ കൊട്ടാരത്തിൽ അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല. അതിൽ നിന്ന് എനിക്ക് അദ്ദേഹത്തിൻ്റെ ലാളിത്യം ബോദ്ധ്യമായി. തുടർന്നങ്ങോട്ട് കൊട്ടാരത്തിനകത്തും പൂന്തോട്ടത്തിലും മറ്റുമായി അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. കൊട്ടാരത്തിന്റേയും തലമുറകളുടേയും കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു.
മഹാരാജ നട്വർ സിംഗ് ജി ആണ് അദ്ദേഹത്തിൻ്റെ അപ്പൂപ്പൻ. അദ്ദേഹത്തിൻ്റെ ഒരേയൊരു മകൾ ഹേമലതാ ദേവിയുടെ ഒരേയൊരു മകനാണ് എൻ്റെ മുന്നിൽ ഇരിക്കുന്ന ഹരേന്ദ്രപാൽ സിംഗ് എന്ന നിലവിലെ രാജാവ്. അദ്ദേഹത്തിൻ്റെ മകൻ, (യുവരാജാവ്) മൃഗേന്ദ്ര സിംഗ്; മരുമകൾ ഉർവ്വശി കുമാരി. മകൾ ജാഗൃതി കുമാരി; മരുമകൻ വിക്രാന്ത്. മകൻ്റെ മകൻ ആനന്ദ് ജയ് 8 വയസ്സ്.
ഭാഗിയെ കാണണമെന്നായി അദ്ദേഹത്തിന്. ഞങ്ങൾ റോഡിലേക്ക് ഇറങ്ങി, ഭാഗിയെ കണ്ട് അവിടെ നിന്ന് വീണ്ടും അരമണിക്കൂർ സംസാരിച്ചു. ഭാഗിയെ കൈമാറ്റം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടിരിക്കുന്ന രാജസ്ഥാനിലെ ഡുണ്ട്ലോഡ് കൊട്ടാരത്തിലെ രാജാവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്.
അമ്മ മഹാറാണി വഴി അദ്ദേഹത്തിന് കൈവന്ന കൊട്ടാരമാണ് ഇത്. അച്ഛൻ വഴി കിട്ടിയ കൊട്ടാരം, ബറോഡയിൽ നിന്ന് 150 കിലോമീറ്റർ അപ്പുറത്ത് പോഷിന എന്ന സ്ഥലത്ത് ഉണ്ട്. അദ്ദേഹം എന്നെ അങ്ങോട്ടും ക്ഷണിച്ചു. നിലവിൽ ഇവിടെ അദ്ദേഹം വന്നിരിക്കുന്നത്, ഈ കൊട്ടാരത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്തി ഇതൊരു ഹെറിറ്റേജ് ഹോട്ടൽ ആക്കി മാറ്റാനാണ്. അതിനുവേണ്ട നിർദേശങ്ങൾ എന്തെങ്കിലുമുണ്ടോ എന്നദ്ദേഹം ചോദിച്ചു.
1. ഗുജറാത്തിയിൽ മാത്രമല്ല ഇംഗ്ലീഷിലും ബോർഡ് വെക്കണം.
2. ചെറിയ ടിക്കറ്റ് നിരക്കിൽ സന്ദർശകർക്ക് കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ എങ്കിലും കാണാനുള്ള അവസരം കൊടുക്കണം.
3. ഇൻ്റർനെറ്റിൽ കൃത്യമായ സൈറ്റ് വേണം.
4. രാജ്പിപ്ലയിലും പരിസരത്തും കാണാനുള്ള സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത്, താമസക്കാർക്ക് താല്പര്യമുണ്ടെങ്കിൽ, അങ്ങോട്ടെല്ലാം കൊണ്ടുപോയി കാണിക്കണം.
5. തൊട്ടടുത്തുള്ള ഏതെങ്കിലും ഒരു ഗ്രാമവും അവിടത്തെ കൃഷിയിടങ്ങളും പരിചയപ്പെടുത്തണം.
6. ഡുണ്ട്ലോഡ് കോട്ടയിലേത് പോലെ കുതിര സവാരിക്കുള്ള സൗകര്യങ്ങൾ ചെയ്യണം.
എന്നിങ്ങനെ ചില നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ടുവെച്ചു. ഇപ്രാവശ്യം ഈ വർഷത്തെ മണ്ടത്തരങ്ങളുടെ കണക്ക് എന്നതുപോലെ, ബുദ്ധിപരമായ ചില കാര്യങ്ങളും ഞാൻ പറഞ്ഞതായി അദ്ദേഹത്തിൻ്റെ മുഖഭാവം വെളിപ്പെടുത്തി.
1928ൽ നിർമ്മിച്ച ഈ കൊട്ടാരത്തിന്റെ മുകളിലെ നില മുഴുവനായും ഒരു സ്കൂളിന് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു കുറെയധികം കാലം. എന്നുവച്ചാൽ ഏതാണ്ട് 32 വർഷത്തിലധികം. ഇത്രയും കാലത്തിനിടയ്ക്ക് ആകെ എഴുതിയിരുന്നത് 11 മാസത്തെ ഒരു കരാർ മാത്രം. സ്ക്കൂളുകാർ പിന്നീട് ഒരിക്കലും കരാർ പുതുക്കാൻ തയ്യാറായില്ല. വാടക കൂട്ടി കൊടുത്തതും ഇല്ല. അത് പിന്നെ വഴക്കായി, വക്കാണമായി, കേസായി. കീഴ് കോടതിയിൽ നിന്ന് കൊട്ടാരത്തിന് അനുകൂലമായി വിധി വന്നു. കേസ് ഹൈക്കോടതിയിൽ എത്തി. അവിടേയും രാജാവ് തന്നെ ജയിച്ചു. പിന്നെ ചില മന്ത്രിമാർ ഇടപെട്ട് സ്കൂൾ തുടർന്ന് നടത്താനുള്ള ശ്രമങ്ങൾ ഉണ്ടായി. കരാർ പുതുക്കാം എന്നായി സ്ക്കൂളുകാർ. പക്ഷേ കേസിൽ തോറ്റ ശേഷം കരാർ പുതുക്കുന്നതിൽ കാര്യമില്ലല്ലോ. കോടതി വിധി പ്രകാരം സ്ക്കൂളുകാർ പുറത്ത് പോയാൽ മതി എന്നായി രാജാവ്. അവർ അങ്ങനെ പുറത്തായി.
വാടകയ്ക്ക് പുറമേ കൊട്ടാരത്തിന്റെ പൂന്തോട്ടം പരിപാലിക്കണം എന്നും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും ഒരു നിബന്ധന ഉണ്ടായിരുന്നു ഹേമലതാദേവി രാജ്ഞിയും സ്ക്കൂളുകാരും തമ്മിൽ. അവർ പക്ഷേ ഒരു മരം പോലും നട്ടില്ല എന്നും കൊട്ടാരത്തിന് പരാതിയുണ്ട്. രജിസ്റ്റർ ചെയ്യാത്തതും ലൈസൻസ് ഇല്ലാത്തതുമായ സ്ക്കൂൾ ആയതുകൊണ്ടാണ് കേസ് അവർ തോറ്റത്.
ഞങ്ങൾ ഈ കഥകളൊക്കെ പറഞ്ഞ് നിൽക്കുന്നതിനിടയ്ക്ക് ഒരു വെളുത്ത ടൊയോട്ട സ്റ്റേഷൻ വാഗൺ കാർ കൊട്ടാരത്തിന് മുൻപിൽ വന്ന് പരുങ്ങി നിന്നശേഷം തിരിച്ചു പോയി. “അവർ കൊട്ടാരം കാണാൻ വന്നതാകാം” എന്ന് നരേന്ദ്രപാൽ സിംഗ് ജി അഭിപ്രായപ്പെടുകയും ചെയ്തു.
തൊട്ടടുത്ത് കാണാൻ പറ്റിയ ചില കൊട്ടാരങ്ങൾ അദ്ദേഹം എനിക്ക് പറഞ്ഞ് തന്നശേഷം, പരസ്പരം ഫോൺ നമ്പറുകൾ കൈമാറി ഞങ്ങൾ പിരിഞ്ഞു.
ആ പരിസരത്തുള്ള ഒന്ന് രണ്ട് കൊട്ടാരങ്ങൾ സർക്കാർ പണ്ടേ വിലക്കെടുത്ത് കഴിഞ്ഞു. അതിലൊന്നിലാണ് ഫയർഫോഴ്സിന്റെ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ചുറ്റുപാടുള്ള ചില പാഴ്സി ധനാഢ്യന്മാരുടെ പഴയ ഹവേലികളിൽ ചിലത് വില്പനയ്ക്ക് ഉണ്ട്. കൊട്ടാരത്തിന്റെ നേരെ എതിർവശത്തുള്ള ഒരു പാഴ്സി വീടും ഒരേക്കർ സ്ഥലവും 23 കോടി രൂപയ്ക്കാണ് വിൽക്കാൻ വെച്ചിരിക്കുന്നത്.
ഹരേന്ദ്രപാൽ സിംഗ് ജി, പറഞ്ഞുതന്നത് പ്രകാരം ഒരു കിലോമീറ്റർ മാറിയുള്ള വിജയ് കൊട്ടാരത്തിൽ ഞാൻ എത്തി. അതൊരു മ്യൂസിയം കൂടെ ആണ്. പക്ഷേ തിങ്കളാഴ്ച ആയതുകൊണ്ട് അതും തുറന്നിട്ടില്ല.
രാജ്പിപ്ള കോട്ടയുടെ മുന്നിൽ രാജാവുമായി ഞാൻ സംസാരിച്ച് നിൽക്കുമ്പോൾ അതുവഴി വന്ന് സ്റ്റേഷൻ വാഗൺ കാറും അതിലെ സഞ്ചാരികളും വിജയ് മ്യൂസിയത്തിന് മുന്നിൽ ഉണ്ട്. ഒറ്റനോട്ടത്തിൽ അവരെ ഞാൻ തിരിച്ചറിഞ്ഞു. മലയാളികൾ!
അക്കൂട്ടത്തിൽ മുണ്ടുടുത്ത് നിന്നിരുന്ന മാത്യു മാണി ചേട്ടനാണ് തിരിച്ചറിയൽ എളുപ്പമാക്കിയത്. നാട്ടിൽ കട്ടപ്പനയിലാണ് അവരുടെ വീട്. ആ കുടുംബത്തിൽ നിന്ന് ബറോഡയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള ബന്ധുവീട്ടിലെ വിവാഹത്തിന് വന്നതാണ് അവർ. പ്രിയ, ജിജു, മേരിക്കുട്ടി, എൽസി, മജീഷ് എന്നിങ്ങനെ എല്ലാവരുമായി കുറച്ചുനേരം ഞാൻ ലോഹ്യം പറഞ്ഞ് നിന്നു. അവർ ഭാഗിയുടെ ഉൾവശം ഒക്കെ കണ്ടു. ഭാഗിയെ എനിക്ക് കിട്ടിയത് അവരുടെ നാടായ കട്ടപ്പനയിൽ നിന്നാണല്ലോ?! എന്തായാലും, എന്റെ തെണ്ടി ജീവിതം അവർക്ക് നന്നായി രസിച്ചെന്ന് തോന്നുന്നു.
പ്രിയ ബറോഡയിലാണ് സ്ഥിരതാമസം. എപ്പോഴെങ്കിലും വീണ്ടും കാണാമെന്ന് പറഞ്ഞ് ഫോൺ നമ്പറുകൾ കൈമാറി ഞങ്ങൾ പിരിഞ്ഞു. എത്ര ചെറിയ ലോകം! മനുഷ്യർ തമ്മിൽ എത്ര ചെറിയ ദൂരം!
രാജ്പിപ്ളയിൽ നിന്ന് ഏകതാ നഗറിലേക്ക് പോയി നാളെ (31 ഡിസംബർ) സർദാറിന്റെ പ്രതിമ കണ്ട ശേഷം ബറോഡയിലേക്ക് മടങ്ങാം എന്നായിരുന്നു, ആദ്യത്തെ പദ്ധതി. വാരണാസിയിൽ ഉള്ളതുപോലെ നർമ്മദാ നദിയുടെ ഇരുവശങ്ങളിലും സന്ധ്യാ സമയത്ത് ‘ആരതി’ ഉണ്ടത്രേ! അത് കാണണമെങ്കിൽ രാത്രി ഏകതാ നഗറിൽ തങ്ങണം.
പക്ഷേ, ഭാഗിയുടെ കീഴിൽ നിന്ന് അസ്വാഭാവികമായ ഒരു ശബ്ദം കേൾക്കുന്നു. അത് പെട്ടെന്ന് ചികിത്സിച്ച് പരിഹരിക്കാൻ ബറോഡ തന്നെയാണ് നല്ലത്. അതിനാൽ ഭാഗിയെ മെല്ലെ ചലിപ്പിച്ച് ബറോഡയിൽ എത്തിച്ചു.
വർഷാവസാനം പ്രമാണിച്ച് നാളെ ഭാഗിയുമായി വർക്ക് ഷോപ്പിൽ കിടക്കാനാണ് നിയോഗം.
ശുഭരാത്രി.