Monthly Archives: February 2025

ദമൻ ദ്വീപും മോത്തി കോട്ടയും (കോട്ട # 159) (ദിവസം # 152 – രാത്രി 10:34)


2
രാവിലെ കുളിയും തേവാരവും എല്ലാം കഴിഞ്ഞ് കഷ്ടി ഒരു കിലോമീറ്റർ അപ്പുറത്തുള്ള ജാംപോർ ബീച്ചിലെത്തി. നാട്ടുകാർ ബീച്ചിൽ ഓടാനും നടക്കാനും ഒക്കെ വരുന്ന സമയമാണ്. കിലോമീറ്റർ ഓളം ദൂരത്തിൽ മോഡി പിടിപ്പിച്ചിട്ടുണ്ട് ബീച്ച് റോഡിനെ. ഒരു ചെറിയ പെട്ടിക്കടക്കാരൻ ബീച്ചിൽ എത്തിയിട്ടുണ്ട്. അവിടന്ന് നൂഡിൽസും ഒരു കരിക്കും കഴിച്ചപ്പോൾ പ്രാതൽ കഴിഞ്ഞു. ഇളം തണുപ്പേറ്റ് അവരുടെ കസേരയിലിരുന്ന് കഴിച്ച ആ പ്രഭാത ഭക്ഷണം പോലെ ഒന്ന് ഈയടുത്തെങ്ങും വേറെ കഴിച്ചിട്ടില്ല.

9 മണിയോടെ കോട്ടയിലേക്ക് പ്രവേശിച്ചു. വൈകിട്ട് 6 മണിവരെ കോട്ടയ്ക്കുള്ളിലും പരിസരത്തും തന്നെ. ഡമൻ എന്ന് പറഞ്ഞാൽ ഈ കോട്ട തന്നെയാണ്. കോട്ട എന്നാൽ ഡമൻ തന്നെ. അതെന്താണെന്ന് വിശദമാക്കാം.

* 80,000 ചതുരശ്ര മീറ്ററിൽ ആണ് ഈ കോട്ട പരന്ന് കിടക്കുന്നത്.

* നിലവിൽ പ്രധാനമായും രണ്ട് കവാടങ്ങൾ കോട്ടയ്ക്കുണ്ട്. പണ്ട് ഉണ്ടായിരുന്ന മറ്റ് ചില കവാടങ്ങൾ അടച്ച് കളഞ്ഞിരിക്കുന്നു.

* കോട്ടയ്ക്ക് ഉള്ളിലാണ് മുൻസിപ്പൽ ഓഫീസ്, അഗ്രികൾച്ചർ ഓഫീസ്, കോടതി സമുച്ചയം, ജയിൽ സൂപ്രണ്ടിന്റെ ഓഫീസ്, സർക്കാർ ഗസ്റ്റ് ഹൗസ്, ആശുപത്രി, ബോം ജീസസ് പള്ളി, ലേഡി ഓഫ് റൊസാരിയോ ചാപ്പൽ, യുദ്ധ സ്മാരകം, സ്ക്കൂൾ, റസ്റ്റോറന്റുകൾ, എന്നിങ്ങനെ ഒരുപാട് സ്ഥാപനങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയുടെ കവാടങ്ങൾ അടച്ചിടുന്നില്ല.

* മുൻവശത്തെ കവാടത്തിലൂടെ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. മറുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹോൺ അടിച്ച് വരുന്നതുകൊണ്ട് കാര്യമായ ഗതാഗത തടസ്സം ഇല്ലാതെ പോകുന്നു.

* പിൻവശത്തേക്ക് അവാടത്തിന് കൂടുതൽ വീതിയുണ്ട് അത് കടന്ന് ചെല്ലുന്നത് തുറമുഖത്തിന്റെ ഭാഗത്തേക്കാണ്. ധാരാളം ബോട്ടുകൾ അവിടെ കാണാം.

* 1567ൽ നിർമ്മിച്ചതും നിലവിൽ മേൽക്കൂര ഇല്ലാതെ തകർന്ന് നിൽക്കുന്നതുമായ ‘ഡൊമിനിക്കൻ കോൺവെന്റ് ‘ ആണ് കോട്ടയിലെ ഒരു പ്രധാന ആകർഷണം. പ്രാർത്ഥനാ മുറിയും അൾത്താരയും ഒക്കെ അതിന് ഉണ്ടായിരുന്നു. വിവാഹത്തിന് മുൻപും പിൻപും ഉള്ള ഷൂട്ടിങ്ങുകാരുടെ തിരക്കാണ് അതിനുള്ളിൽ.

* മോത്തി കോട്ട എന്നാണ് ദമൻ കോട്ടയുടെ പേര്.

* കോട്ടയ്ക്ക് ചുറ്റിനും 40 അടിയെങ്കിലും വീതിയുള്ള വലിയ കിടന്നു ഉണ്ട്. ഇതിലേക്ക് കടൽ ജലവും നദീജലവും (ദമൻ ഗംഗ) കടത്തിവിടാൻ പറ്റും.

* മൂന്നടിയിൽ കുറയാത്ത വീതി കോട്ട മതിലിനും ഉണ്ട്.

* 10 കൊത്തളങ്ങളാണ് കോട്ടയ്ക്കുള്ളത്.

* കോട്ടയുടെ ചുറ്റിനും റോഡ് ഉണ്ട്. നഗരത്തിന്റെ നാഡീവ്യൂഹമാണ് ഈ റോഡുകൾ.

* ദമൻ ഗംഗ നദിയുടെ തെക്കേ കരയിലാണ് കോട്ട നിലകൊള്ളുന്നത്.

* കോട്ട വരുന്നതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നത് അബിസിനിയൻ രാജാവ് നിർമ്മിച്ച മുസ്ലീം സിറ്റാഡൽ ആയിരുന്നു.

* 1559ൽ ആരംഭിച്ച കോട്ടയുടെ നിർമ്മാണം അവസാനിച്ചത് അതേ നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്.
* പോർച്ചുഗീസുകാരുടെ ഒരു ശക്തി കേന്ദ്രമായിരുന്നു ദമനും ദമൻ കോട്ടയും.

* 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1961ൽ മാത്രമാണ് പോർച്ചുഗീസുകാരിൽ നിന്നും കോട്ട ഇന്ത്യ പിടിച്ചടക്കിയത്. ആ യുദ്ധത്തിന്റെ സ്മാരകം കോട്ടയ്ക്കകത്തുണ്ട്.

* മുഗൾ കാലഘട്ടത്ത് കോട്ടയുടേതായ ചെറിയ ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാണുന്ന തരത്തിലുള്ള കോട്ടയുടെ നിർമ്മാണം നടത്തിയത് പോർച്ചുഗീസുകാരാണ്.

* കോട്ട വിശദമായി കണ്ട് നടക്കണം എന്നുള്ളവർക്ക് രണ്ട് തരത്തിൽ സമീപിക്കാം.

1. കോട്ടയ്ക്കുള്ളിലൂടെ വാഹനമോടിച്ച് എല്ലാ വഴികളിലൂടെയും കടന്നുചെന്ന് കോട്ട കാണാം.

2. രണ്ടാമത്തെ ഗേറ്റ് മുതൽ കോട്ടയുടെ മതിലിൻ്റെ മുകൾ ഭാഗത്തേക്ക് കയറി കോട്ടമതിലിലൂടെ എല്ലാ ഭാഗങ്ങളിലേക്കും നടന്ന് ചെന്ന് കോട്ട കാണാം. ഒരു മണിക്കൂറിലധികം സമയം അതിന് എടുത്തതെന്ന് വരും.

ഞാൻ മേൽപ്പറഞ്ഞ രണ്ട് മാർഗ്ഗങ്ങളും സ്വീകരിച്ചു. അതുകൊണ്ടുതന്നെ രാവിലെ 9 മണിക്ക് തുടങ്ങിയ കോട്ട കാണൽ വൈകിട്ട് മൂന്നു മണിവരെ നീണ്ടു. ഇതിനിടയ്ക്ക് ഉച്ചഭക്ഷണം മുൻസിപ്പൽ ഓഫീസിന്റെ സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് കഴിച്ചു.

ദമനിൽ പ്രധാനമായും രണ്ട് ബീച്ചുകൾ ആണ് ഉള്ളത്.

1. ജാംപോർ ബീച്ച്.
2. അഞ്ച് കിലോമീറ്റർ മാറിയുള്ള ദേവ്ക ബീച്ച്.

സാമാന്യം നല്ല കറുത്ത മണ്ണാണ് രണ്ട് ബീച്ചിലും.
കടലോരം ഉള്ള പ്രദേശമല്ല മത്സ്യവിഭവങ്ങൾ കിട്ടുമല്ലോ എന്ന് കരുതിയെങ്കിലും ഇന്നലെ രാത്രി എനിക്ക് സസ്യാഹാരം കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു. ദേവ്ക ബീച്ചിലേക്ക് പോകണമെങ്കിൽ പാലം കടന്ന് 5 കിലോമീറ്റർ സഞ്ചരിക്കണം. അവിടെയാണ് വലിയ വലിയ ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ഉള്ളത്. മദ്യവർജനം ഉള്ള ഗുജറാത്തിൽ നിന്ന് മദ്യപാനികൾ അസുരതീർത്ഥം സേവിക്കാൻ വേണ്ടിവരുന്ന ഒരു ദ്വീപ് ദമനും മറ്റൊരു ദ്വീപ് ദിയുവും ആണ്.

അതുകൊണ്ടുതന്നെ ധാരാളം മദ്യശാലകൾ എല്ലാ വഴികളിലും കാണാം. കേന്ദ്രഭരണ പ്രദേശമായതുകൊണ്ട് ഇന്ധനത്തിന് വിലക്കുറവും ഉണ്ട്.

വൈകുന്നത് വരെ എത്രനേരം ദ്വീപിലും കോട്ടയിലും കറങ്ങി നടന്നിട്ടും എനിക്ക് മതി വന്നില്ല. വൈകീട്ട് കുറച്ചുനേരം ജാംപോർ ബീച്ചിലെ ജലസാഹസിക വിനോദങ്ങൾ നോക്കിനിന്ന ശേഷം, ദേവ്ക ബീച്ചിലേക്ക് പോയി, അവിടത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് മത്സ്യാഹാരം കഴിച്ചു. ഇനിയങ്ങോട്ട് മടക്ക യാത്രയിൽ ഗോവയിൽ നിന്നും സൂറത്ത്ക്കലിൽ നിന്നും ഒക്കെ മത്സ്യം കഴിക്കാനുള്ളതാണ്. അതിന്റെ ഒരു റിഹേഴ്സൽ വേണമല്ലോ.

ദ്വീപിലോ കോട്ടയിലോ എവിടെ വേണമെങ്കിലും ഭാഗിയെ ഒതുക്കി കിടന്നുറങ്ങാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്.

പറ്റുന്നത്ര സമയം ജാംപോർ ബീച്ചിൽ തന്നെ ഇരിക്കണം. ബീച്ചിൽ ഭാഗിക്ക് വിശ്രമിക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടെന്ന് തോന്നിയാൽ, ഇന്നലെ വിശ്രമിച്ച ഗ്യാസ് സ്റ്റേഷനിലേക്ക് പോകും. അതാണ് പദ്ധതി.

നാളെ മടക്കയാത്ര ആരംഭിക്കാം എന്നാണ് കരുതിയിരുന്നത്. പക്ഷേ, അത് നടക്കില്ല. ദമനിൽ ജെറോം എന്ന പേരിൽ രണ്ടാമതൊരു കോട്ട കൂടെയുണ്ട്.

ശുഭരാത്രി.