IMG_0214

‘ഓറോവില്ല’യിലേക്ക്


പോണ്ടിച്ചേരി യാത്രയുടെ ആദ്യഭാഗങ്ങൾ

1. പോണ്ടിച്ചേരിയിലേക്ക്.
2. ഓറോബിന്ദോയും മദറും ആശ്രമവും.

ച്ചഭക്ഷണത്തിന് ശേഷം ഓറോവില്ലയിൽ ചെന്ന് മാതൃമന്ദിർ അടക്കമുള്ള ഇടങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഓറോവില്ലയിൽ പോകാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. പക്ഷേ മാതൃമന്ദിറിൽ കയറുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓറോവില്ല ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയല്ല കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഒരു പ്രചരണമോ കച്ചവട മുതലെടുപ്പോ അവിടെ നടക്കുന്നില്ല. അതുകൊണ്ട് തന്നെ നേരിട്ട് കേറിച്ചെന്ന് മാതൃമന്ദിർ കാണാനാവില്ലെന്ന് ഞങ്ങൾക്ക് മുൻ‌ധാരണയുണ്ടായിരുന്നു.

ഓറോവില്ല, മാതൃമന്ദിർ എന്നതിനെയൊക്കെപ്പറ്റി വിശദമായി പറയണമെങ്കിൽ ഒരുപാട് വരികൾ നിരത്തേണ്ടിവരും. വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മനസ്സിലാക്കാനായ വിവരങ്ങൾ ചിലത് പങ്കുവെക്കുന്നു.

മദർ എന്നറിയപ്പെടുന്ന മിറ അൽഫസ്സയുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള ഒരു പദ്ധതിയാണ് ഓറോവില്ല. അതിപ്രകാരമാണ്….

 ” There should be somewhere on earth a place which no nation could claim as its own, where all human beings of good will who have a sincere aspiration, could live freely as citizens of the world and obey one single authority, that of the supreme truth; a place of peace, concord and harmony.

ഒരു സ്വപ്നം.

പോണ്ടിച്ചേരി നഗരത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം വിട്ടുമാറി വില്ലുപുരം ജില്ലയിലാണ് ഓറോവില്ല. നേവിഗേറ്റർ ഉള്ളതുകൊണ്ട് വഴി കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായതേയില്ല. നേവിഗേറ്റർ ഒന്നും ഇല്ലെങ്കിലും പോണ്ടിച്ചേരിൽ ആരോട് ചോദിച്ചാലും ഓറോവില്ലയിലേക്കുള്ള വഴി കൃത്യമായിട്ട് പറഞ്ഞുതരും. ഓറോബിന്ദോയും ഓറോവില്ലയുമൊക്കെ പോണ്ടിച്ചേരിക്കാരുടെ നിത്യജീവിതത്തെ വളരെയേറെ സ്വാധിക്കുകയോ അല്ലെങ്കിൽ ദിവസത്തിൽ ഒരിക്കലെങ്കിലും ഒരു പരാമർശമായെങ്കിലും കടന്നുവരികയോ ചെയ്യുന്ന കാര്യങ്ങളാണെന്ന് വേണം മനസ്സിലാക്കാൻ.

ഇപ്പോഴും പൂർത്തീകരണത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് ഓറോവില്ല. ഞങ്ങൾ, ഉച്ചഭക്ഷണം കഴിച്ച് ഓറോവില്ലയിൽ എത്തിയപ്പോൾ വിചാരിച്ചതിലും വൈകി. പ്രധാന പാതയിൽ നിന്ന് ഓറോവില്ലയിലേക്ക് കടക്കുന്നതോടെ ഭൂപ്രകൃതിക്ക് തന്നെ മാറ്റം വന്നതായി കാണാം. നിറയെ മരങ്ങളും പച്ചപ്പുമുള്ള പാതയിലൂടെയാണ് പോകുമ്പോൾ വാഹനം പാർക്ക് ചെയ്യാനുള്ള ഇടം ശ്രദ്ധിക്കാതെ പോകില്ല. അവിടന്നങ്ങോട്ട് പ്രകൃതിയെ തൊട്ടറിഞ്ഞ്, മരങ്ങൾ വിരിച്ച തണലിലൂടെ അകത്തേക്ക്, നടന്നുതന്നെ വേണം പോകാൻ.

പാർക്കിങ്ങ് ഇടം.

ഈ കാർ പാർക്കിൽ, അറിഞ്ഞുകൊണ്ടുതന്നെ ഒരുപാട് സുഖസൌകര്യങ്ങൾക്ക് നാം അവധി നൽകുകയാണ്. പ്രകൃതിയോട് കൂടുതൽ അടുക്കുകയും, ആത്മീയതയുടേയും ആഗോള മാനുഷികതയുടേയും മറ്റൊരു ലോകത്തേക്ക് കാലെടുത്ത് കുത്തുകയുമാണിവിടെ.

മരങ്ങൾക്കിടയിലൂടെ അകത്തേക്കുള്ള കാട്ടുവഴി.

റിസപ്ഷനിൽ ചെല്ലുന്ന സന്ദർശകരെല്ലാം ചെറിയൊരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. എന്താണ് ഓറോവില്ല, എന്തിനുവേണ്ടിയാണ് ഓറോവില്ല എന്നൊക്കെ മനസ്സിലാക്കി അതിൽ അൽ‌പ്പമെങ്കിലും താൽ‌പ്പര്യമുള്ളവർ മാത്രമേ തുടർന്ന് ഓറോവില്ലയ്ക്കുള്ളിലേക്ക് കടന്ന് കൂടുതൽ കാഴ്ച്ചകൾ കാണേണ്ടതുള്ളൂ. ആദ്യമേ സൂചിപ്പിച്ചല്ലോ, ഓറോവില്ല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. അതുകൊണ്ടുതന്നെ താൽ‌പ്പര്യമില്ലാത്തവരെ പൂർണ്ണമായും മാറ്റി നിർത്താനായി അവർ കൈക്കൊണ്ടിർക്കുന്നത് ലളിതമായ ഒരു മാർഗ്ഗമാണത്.

പ്രവേശന കവാടം. വതുവശത്ത് റിസപ്ഷൻ.

വീഡിയോ കണ്ടതിനുശേഷം വീണ്ടും തൽ‌പ്പരരാണെങ്കിൽ മാത്രം ഓറോവില്ലയുടെ കേന്ദ്രബിന്ദുവായ മാതൃമന്ദിർ കാണാനായി നടക്കാം. മരങ്ങൾക്കിടയിലൂടുള്ള വഴിയിലൂടെ അവിടെച്ചെന്നാലും മാതൃമന്ദിൽ എന്ന വിസ്മയം നിശ്ചിതമായ ഒരു ദൂരത്തിൽ നിന്ന് കാണാനും ചിത്രങ്ങളെടുക്കാനും മാത്രമേ സാധിക്കൂ. ഇത്തരം ഇടങ്ങളുടെ ശാന്തമായ അന്തരീക്ഷം നിലനിർത്താൻ ആഗ്രഹമില്ലാത്ത മറ്റ് സന്ദർശകർ ഒപ്പമില്ലാത്ത സമയത്താണെങ്കിൽ ധ്യാനത്തിലെന്ന പോലെ അൽ‌പ്പനേരം ആ പ്രകൃതിയിൽ ലയിച്ചിരിക്കാം. കാറ്റിന്റെ ഓരോ മൂളലിനും, ഓരോ ഇലയനക്കത്തിനും ഇതുവരെയുണ്ടാകാത്ത താൽ‌പ്പര്യത്തോടെ ചെവിയോർത്തിരിക്കാം. അതിനുശേഷവും ഒരാ‍ൾക്ക് മാതൃമന്ദിരത്തിനകത്ത് കടക്കണമെന്ന് അതീ‍വ ആഗ്രഹമുണ്ടെങ്കിൽ റിസപ്ഷനിൽ തിരിച്ചെത്തുമ്പോൾ അടുത്ത ദിവസം മാതൃമന്ദിറിൽ കയറാനുള്ള പാസ്സ് എടുക്കാം. ഒരു ദിവസം കൂടെ വരേണ്ടി വരുമെന്ന് ചുരുക്കം. ഒരു സാധാരണ സന്ദർശകനെ അല്ലെങ്കിൽ ആത്മീയതയുടെ വിലയറിയാത്ത ഒരു ടൂറിസ്റ്റിനെ അകറ്റി നിർത്താൻ ഇതിൽ‌പ്പരം വലിയ ഒരു സംവിധാനം ഇല്ലെന്ന് തന്നെ വേണം മനസ്സിലാക്കാൻ.

വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും ഇന്ത്യയിൽ, തമിഴ്‌നാട് എന്ന ഒരു സംസ്ഥാനത്തിൽ, പഴയൊരു ഫ്രഞ്ച് കോളനിയുടെ പരിസരത്തുള്ള ഒരു ഭൂപ്രദേശത്തെവിടെയോ ആണെന്നുള്ള കാര്യം മനസ്സിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത് പോലെ. ഒരുതരം സ്ഥലജല വിഭ്രാന്തി തന്നെ. ഞങ്ങൾ മാതൃമന്ദിറിലേക്ക് നടന്നു.

ബഹളക്കാരായ സ്ക്കൂൾ കോളേജ് കുട്ടികളുടെ വലിയൊരു സംഘത്തിനൊപ്പമാണ് നടക്കുന്നതെന്നുള്ളത് വല്ലാത്ത അലോസരമായി. അവരെ വല്ലവിധേനയും ഒഴിവാക്കി നടത്തം തുടർന്നു. അവധി ദിവസങ്ങളിൽ വരാനേ പാടില്ല ഇത്തരം സ്ഥലങ്ങളിലേക്ക്.

ഒരു കിലോമീറ്റർ ദൂരമുണ്ട് മാതൃമന്ദിറിലേക്ക്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ് നടത്തം. ചിലയിടത്ത് ടാറിട്ടതും കാര്യമായ വാഹനസഞ്ചാരമില്ലാത്തതുമായ റോഡ് മുറിച്ചുകടക്കേണ്ടിയും വന്നു.

കാടിന്റെ വന്യമായ ഒരു സ്വാഭാവികതയിലേക്ക് എത്തിച്ചേർന്നിട്ടില്ലെങ്കിലും അധികം താമസിയാതെ നല്ലൊരു വനമായി മാറാൻ സാദ്ധ്യതയുള്ള ഈ പ്രദേശം കുറേ നാളുകൾക്ക് മുൻപ് വരെ, അതായത് ഓറോവില്ല പദ്ധതി ആരംഭിക്കുന്നതിന് മുൻപ് വരെ വെറും തരിശ് നിലമായിരുന്നു. ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ഇന്ന് കാണുന്ന ഈ പച്ചപ്പ് അവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഒരിക്കലും വളരാത്ത കോൺക്രീറ്റ് കാടുകൾ മാത്രം നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ സൌകര്യപൂർവ്വം വിസ്മരിക്കുന്നത്, വളർന്ന് പന്തലിക്കുകയും ജീവനെ നിലനിർത്തുകയും ചെയ്യുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ്.

യാത്രാമദ്ധ്യേ കാണുന്ന പേരാൽ തന്റെ പ്രായം കാണിക്കുന്നത് പലയിടങ്ങളിലായി താഴേക്കിറക്കി ഊന്നുവടി പോലെ കുത്തിപ്പിടിച്ച് നിൽക്കുന്ന വള്ളികൾ പ്രദർശിപ്പിച്ചാണ്. അതിന്റെ കീഴെ അൽ‌പ്പനേരം വിശ്രമിക്കണമെന്നുള്ളവർക്കായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.

മാർഗ്ഗമദ്ധ്യേയുള്ള കൂറ്റൻ പേരാൽ.

1250 ഏക്കറോളം ഭൂമിയിലായി 15 ലക്ഷത്തിലധികം മരങ്ങളാണ് ഇക്കാലയളവിൽ ഓറോവില്ലയിൽ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. 20 ചതുരശ്ര കിലോമീറ്ററോളം പച്ചപ്പുള്ള ഭൂമിയാണ്, 1968 ൽ ആരംഭിച്ച ഓറോവില്ല എന്ന പദ്ധതി പൂർണ്ണമാകുമ്പോൾ ലക്ഷ്യമിടുന്നത്. രോജർ ആഞ്ചർ എന്ന ഫ്രഞ്ച് ആർക്കിടെൿറ്റ് ആണ് ഓറോവില്ല രൂപ കൽ‌പ്പന ചെയ്തിരിക്കുന്നത്. കേന്ദ്രബിന്ദുവായ മാതൃമന്ദിറിനോട് ചേർന്നുള്ള നിർമ്മിതികളെല്ലാം പൂർത്തിയാകു‌മ്പോൾ, ഒരു ഗാലക്സിയുടെ രൂപമാണ് മാതൃമന്ദിറിനെ കേന്ദ്രമാക്കിയുള്ള ഓറോവില്ലയ്ക്ക് ഉണ്ടാകുക. ഇനിയും ഒരുപാട് വർഷങ്ങൾ എടുക്കും ലക്ഷ്യത്തിലെത്താനെങ്കിലും അത് സാദ്ധ്യമാകും എന്ന് തന്നെയാണ് 1968 മുതൽ ഇങ്ങോട്ടുള്ള പുരോഗതി വിലയിരുത്തിയാൽ മനസ്സിലാക്കാനാവുക.

ഗാലക്സി ടൌൺഷിപ്പിന്റെ മാതൃക.

നിലവിൽ 43 രാജ്യങ്ങളിൽ നിന്നായി 2100ൽ അധികം പേർ ഓറോവില്ലയിൽ അങ്ങിങ്ങായി ജീവിച്ചുപോരുന്നു. അതിൽ ഇന്ത്യക്കാർ 911 പേർ മാത്രം. 18 വയസ്സിൽ മേലെ പ്രായമുള്ളവർ 1680 പേർ. 7 ഓറോവില്ല സ്കൂളുകളിലായി 400ൽ‌പ്പരം വിദ്യാർത്ഥികൾ പഠിക്കുന്നു. 2 ആശുപത്രികൾ, 2 ദന്താശുപത്രികൾ എന്നിങ്ങനെ പോകുന്നു ഓറോവില്ലയിലെ സ്ഥിതി വിവരക്കണക്കുകൾ. ഓറോവില്ലയിലേക്കുള്ള മാർഗ്ഗമദ്ധ്യേ വിവിധ രാജ്യക്കാരായ ജനങ്ങളേയും അവർക്ക് വേണ്ടിയുള്ള ഭോജനശാലകളും ബേക്കറിയുമൊക്കെ കാണാൻ സാധിക്കുന്നത് ഈ ആഗോള സംഗമം കൊണ്ടുതന്നെ.

അത്രയുമധികം വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ളവർ ആത്മീയതയിൽ ഊന്നിയ വ്യത്യസ്തമായ ഒരു ജീവിതം നയിക്കുന്ന പ്രദേശത്ത് ഞാനിതിനുമുൻപ് അറിഞ്ഞുകൊണ്ട് പോയിട്ടില്ല. മരങ്ങൾക്കിടയിലൂടെയുള്ള ടാറിട്ട റോഡുകളിലൂടെ ഇരുചക്രവാഹനങ്ങളിൽ കടന്നുപോകുന്ന വിവിധ രാജ്യക്കാരായ ഓറോവില്ല നിവാസികളെ, ഇടയ്ക്കിടയ്ക്ക് നമുക്ക് കാണാനാകും. എല്ലാവരും ലളിത ജീവിതം നയിക്കുന്നവരാണെന്ന് വ്യക്തമാണ്. ഇത്രയും ദൂരം കാട്ടിലേക്ക് കടക്കാനും പുറം ലോകവുമായി ബന്ധം പുലർത്താനുമായി അവരാകെ ഉപയോഗിക്കുന്നത് ഒരു ഇരുചക്രവാഹനം മാത്രം. പലരും ചെറിയ ചെറിയ നിർമ്മാണപ്രവർത്തനങ്ങളും കൃഷിപ്പണികളുമൊക്കെ നടത്തി ജീവിച്ചുപോരുന്നു. നൂറുകണക്കിന് ആൾക്കാർ ഓറോവില്ലയിലെ ജീവനക്കാരായി ജീവിതം നയിക്കുന്നു. ഭോജനശാലകളിൽ ചിലത് നടത്തുന്നത് വിദേശികളാണ്.

ഓറോവില്ലയെക്കുറിച്ച് മദറിന്റെ കാഴ്ച്ചപ്പാടുകൾ ഒരുപാടുണ്ട്. അവരത് തന്റേതായ വരികളിലൂടെ പറഞ്ഞിരിക്കുന്നതിന് അതേ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്.

1. ഓറോവില്ല പ്രത്യേകിച്ച് ആരുടേതുമല്ല; മൊത്തത്തിൽ മനുഷ്യത്വത്തിന്റേതാണ്. പക്ഷെ, ഓറോവില്ലയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഒരാൾ ദൈവീകമായ സ്വബോധത്തിന്റെ സേവകൻ ആയിരിക്കണം.

2. നിലയ്ക്കാത്ത വിദ്യാഭ്യാസത്തിന്റേയും നിരന്തരമായ പുരോഗതിയുടേയും ഒരിക്കലും പ്രായമാകാത്ത യുവത്വത്തിന്റേയും ഇടമായിരിക്കും ഓറോവില്ല.

3. പുരാതനവും ആധുനികവും ഭാവിയിൽ വരാൻ പോകുന്നതുമായ എല്ലാ മതങ്ങളേയും നിരാകരിക്കുകയും എന്നാൽ അതോടൊപ്പം തന്നെ അടിസ്ഥാനപരമായ ദൈവീകതയോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് ഓറോവില്ല.

4. വിഭജിക്കപ്പെട്ടു എന്നതാണ് മതങ്ങളുടെ പരാജയത്തിന്റെ കാരണം. വിശ്വാസികൾ മറ്റ് മതങ്ങളെ ബഹിഷ്ക്കരിച്ചുകൊണ്ട് മതവിശ്വാസം പുലർത്താൻ നിലവിലുള്ള മതങ്ങൾ ആഗ്രഹിക്കുന്നു. വിജ്ഞാനത്തിന്റെ ഓരോ ശാഖകൾ വരെ ഇതുകാരണം പരാജയപ്പെടുന്നു. പുതിയ ദൈവീക സ്വബോധം ആഗ്രഹിക്കുന്നത്, ഇനിയൊരു വിഭജനം ഉണ്ടാകാൻ പാടില്ലെന്നും, പരമമായ ആത്മീയതയും വസ്തുപരമായ പാര‌മ്യതയും സമ്മേളിക്കുന്ന ബിന്ദു കണ്ടെത്തി അത് ഒരു വലിയ ശക്തിയാകുന്നത് മനസ്സിലാക്കണമെന്നുമാണ്.

5. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരും സമാധാനത്തോടും സന്തോഷത്തോടും പുരോഗമിക്കുന്ന ഐക്യത്തോടും കൂടെ ജീവിക്കുന്ന ഒരു ആഗോള നഗരമായിരിക്കണം ഓറോവില്ല. സമാനാധം മാനുഷിക ഐക്യത്തിലൂടെയാണ് കൈവരേണ്ടത്. ഐക്യം ഐക്യരൂപത്തിലൂടെ വരണമെന്ന് പറയുന്നത് പരിഹാസ്യമാണ്. ഐക്യം ഒട്ടനവധി പേരുടെ സംഗമത്തിലൂടെയാണ് സഫലീകരിക്കപ്പെടേണ്ടത്. ഓരോരുത്തരും ഐക്യത്തിന്റെ ഭാഗമാണ്. ഓരോരുത്തരും അഖണ്ഡതയിൽ അനുപേക്ഷണീയരാണ്.

അങ്ങനെയങ്ങനെ ഒരുപാടുണ്ട് മദറിന്റെ പ്രബോധനങ്ങളും ഓറോവില്ലയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളുമൊക്കെ.

മരങ്ങൾക്കിടയിലൂടെ ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്നതുകൊണ്ട് ഒരു കിലോമീറ്റർ പെട്ടെന്ന് തന്നെ കടന്നുപോയി. ഭൂമി പിളർന്ന് വന്ന സുവർണ്ണ കുംഭം പോലെ നിൽക്കുന്ന മാതൃമന്ദിറിന്റെ മുന്നിലാണ് നടത്തം അവസാനിച്ചത്.

മാതൃമന്ദിർ
മാതൃമന്ദിറിന് മുൻപിൽ സകുടുംബം.(ടമർ ഫട്ടോ)

മാതൃമന്ദിൽ വെളിയിൽ നിന്നുതന്നെ ഒരു അത്ഭുത കാഴ്ച്ചയാണ്. 21 ഫെബ്രുവരി 1971ലാണ് അതിന്റെ ശിലാസ്ഥാപനം നടന്നത്. 1973 ആയപ്പോഴേക്കും പ്രധാനപ്പെട്ട 4 പില്ലറുകളുടെ പണി മാത്രമാണ് തീർക്കാനായത്. കൃത്യമായി പറഞ്ഞാൽ 1973 നവംബർ 17 എന്ന ആ ദിവസം വൈകീട്ട് 07:25 ഇതിന്റെയെല്ലാം പിന്നിൽ തെടുംതൂണായി നിന്നിരുന്ന മദർ ഇഹലോകവാസം വെടിയുകയും ചെയ്തു. 2003ൽ, 37 വർഷമെടുത്താണ് മാതൃമന്ദിറിന്റെ പണികൾ പൂർത്തിയാക്കിയത്.

മാതൃമന്ദിർ – നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ.

ഫാബ്രിക്കേറ്റ് ചെയ്തെടുത്ത 1400 സുവർണ്ണ വൃത്തങ്ങൾ കൊണ്ടാണ് പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. സൌത്ത്(മഹേശ്വരി), നോർത്ത്(മഹാകാളി), ഈസ്റ്റ്(മഹാലക്ഷ്മി), വെസ്റ്റ്(മഹാസരസ്വതി) എന്നിങ്ങനെ നാല് പ്രവേശന കവാടമുള്ള മാതൃമന്ദിറിനുള്ളിൽ Sincerity, Humanity, Gratitude, Perseverance, Aspiration, Receptivity, Progress, Courage, Goodness, Generosity, Equality, Peace എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള 12 തരം ധ്യാനമുറികളാണുള്ളത്.

ധ്യാനമുറികൾ

ഇതിനൊക്കെ നടുക്കുള്ള ധവള നിറത്തിലുള്ള ‘ഇന്നർ ചേമ്പർ’ എന്നറിയപ്പെടുന്ന മുറിയിലെ, 70 സെന്റീമീറ്റർ വ്യാസമുള്ള ക്രിസ്റ്റൽ ഗ്ലോബ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്റ്റൽ ഗ്ലോബാണെന്നാണ് കരുതപ്പെടുന്നത്. മുകളിൽ നിന്ന് സൂര്യപ്രകാശം വീണ് ചിതറി ശോഭയുടെ വലയങ്ങൾ തീർക്കുന്ന ആ ക്രിസ്റ്റലിൽ, ഓറോബിന്ദോ പോണ്ടിച്ചേരിയിലെത്തിയ ഏപ്രിൽ 4ന്, കിഴക്കുഭാഗത്തു നിന്നാണ് പ്രകാശം പതിക്കുന്നത്.

ഇന്നർ ചേമ്പറിലെ ക്രിസ്റ്റൽ.
മെഡിറ്റേഷൻ റൂമുകളുടെ ക്രമീകരണം.

വലിയൊരു പേരാൽ മരവും നല്ലൊരു ആംഫി തീയറ്ററുമാണ് മന്ദിറിനടുത്തുള്ള മറ്റ് പ്രധാന കാഴ്ച്ചകൾ. 100 വർഷത്തിലേറെ പ്രായമുള്ള ഒരു പേരാലാണ് അത്.

മാതൃമന്ദിറിനടുത്തുള്ള 100 വയസ്സായ പേരാൽ

ആംഫി തീയറ്ററിന്റെ ഒത്ത നടുക്കുള്ള എന്ന ചെറിയ സ്തൂപത്തിൽ (Urn) 124 രാജ്യങ്ങളിൽ നിന്നും 23 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ പിടി മണ്ണ് നിറച്ചിരിക്കുന്നു. അത്രയും ദേശക്കാർ ഓറോവില്ലയുടെ ഉത്ഘാടന ദിവസത്തെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവിധ ദേശങ്ങളിലെ മണ്ണുകൾക്കൊപ്പം, ഫ്രഞ്ച് ഭാഷയിൽ മദർ എഴുതിയ ഓറോവില്ലയുടെ പ്രമാണവും തുരുമ്പിക്കാത്ത പാത്രത്തിലാക്കി സ്തൂപത്തിൽ അടക്കം ചെയ്തിട്ടുണ്ട്.

URN

മാതൃമന്ദിറും പേരാലും ആംഫി തീയറും ഒക്കെ അടങ്ങിയ ഓവൽ ആകൃതിയിലുള്ള പ്രദേശം ‘പാർക്ക് ഓഫ് യൂണിറ്റി‘ എന്നറിയപ്പെടുന്നു. 12 തരത്തിലുള്ള കൊച്ചുകൊണ്ട് ആരാമങ്ങൾ അതിനുള്ളിൽ പണിതീർന്നുകൊണ്ടിരിക്കുന്നു. ‘പാർക്ക് ഓഫ് യൂണിറ്റി‘ ജലത്താൽ ചുറ്റപ്പെട്ടതാകണം എന്ന മദറിന്റെ കാഴ്ച്ചപ്പാട് നടപ്പിലാക്കുന്നത് ജലത്തിന്റെ ലഭ്യതയ്ക്കനുസരിച്ചാണ്. ഒരു ലേയ്ക്ക് തന്നെ പണി തീർക്കാനാണ് ഭാവി പരിപാടികൾ.

പാർക്ക് ഓഫ് യൂണിറ്റി – രേഖാചിത്രം

ഞങ്ങൾ കുറച്ചധികം നേരം മാതൃമന്ദിറിന്റെ പരിസരത്ത് ചിലവഴിച്ചു. നിയമപ്രകാരം, മാതൃമന്ദിറിന്റെ അകത്തെ കാഴ്ച്ചകൾക്കായി ഇനിയൊരു ദിവസം കൂടെ വരണം. തൊട്ടടുത്ത ദിവസം തന്നെ അതിനുള്ള പാസ്സ് എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി ഒരു ദിവസം കൂടെ പോണ്ടിച്ചേരിയിൽ തങ്ങേണ്ടി വന്നാലും ഒരു നഷ്ടവുമില്ല. പക്ഷേ ഞങ്ങൾക്കതിനുള്ള സമയമായിട്ടില്ലെന്ന് റിസപ്ഷനിൽ ചെന്നപ്പോൾ തെളിഞ്ഞു. സാധാരണ ഞായറാഴ്ച്ച ദിവസങ്ങളിൽ മാത്രമാണ് മാതൃമന്ദിറിനകത്തേക്ക് സന്ദർശകരെ അനുവദിക്കാത്തത്. പക്ഷെ അന്നൊരു ചൊവ്വാഴ്ച്ച ആയിരുന്നിട്ട് പോലും പ്രത്യേകമായ ചില കാരണങ്ങളാൽ അടുത്ത ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നിരാശയുടെ നെല്ലിപ്പടി കണ്ടതുപോലായി. എന്നിരുന്നാലും ഒരു കാര്യം ഉറപ്പായിരുന്നു. മാതൃമന്ദിറിലേക്ക് കയറാനായാലും അല്ലെങ്കിലും ഓറോവില്ലയിൽ ഇനിയും പലവട്ടം വരേണ്ടതുണ്ട്. ഒരു സന്ദർശനം കൊണ്ട് ഒന്നുമാകുന്നില്ല.

ഓറോവില്ലയിലെ അടുക്കളകളിൽ സൌരോർജ്ജം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മാലിന്യസംസ്ക്കരണത്തിലും വനവൽക്കരണത്തിന്റെ കാര്യത്തിലുമൊക്കെ എന്തൊക്കെ ചെയ്യണമെന്ന് വലിയ ബോർഡുകളിൽ ഇംഗ്ലീഷിലും തമിഴിലുമായി എഴുതി ഫോട്ടോകൾ സഹിതം പ്രദർശിപ്പിച്ചിട്ടുണ്ട്, അതൊക്കെ നടപ്പാക്കുന്നുമുണ്ട്. കുടിവെള്ളം എന്ന അമൂല്യവസ്തുവിനെ എങ്ങനെ സംഭരിക്കാമെന്നും ഉപയോഗപ്പെടുത്താമെന്നുമൊക്കെ മനസ്സിലാക്കാൻ ഓറോവില്ലയിൽ പോയാൽ മതി.  കുളങ്ങൾ ഉണ്ടാക്കി മഴവെള്ളം സംഭരിക്കുന്ന ഓറോവില്ലയിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് Dynamised Water എന്ന പേരിൽ ഉണ്ടാക്കുന്ന ശുദ്ധജലം മറുനാടുകളിലേക്ക് കയറ്റി അയക്കുന്നു പോലുമുണ്ട് !!
 

സൌരോർജ്ജ അടുപ്പിന്റമാതൃക.


എല്ലാത്തിനോടും വിരക്തി തോന്നുന്ന ഒരു നേരത്തോ, എല്ലാവരാലും നിഷ്ക്കാഷിതനാവുന്ന ഒരു സമയത്തോ, ഇപ്പോളുള്ളതിനേക്കാൾ ശാന്തവും ഏകാന്തവും ഏകാഗ്രതയുമൊക്കെയുള്ള ഒരു ജീവിതം വേണമെന്ന് തോന്നുന്ന ഒരു ഘട്ടത്തിലോ, ചെന്ന് ചേക്കേറേൻ പറ്റിയ ഒരു സ്ഥലമായിട്ടാണ് ഓറോവില്ല എനിക്കനുഭവപ്പെട്ടത്. ജീവിതത്തിന്റെ അവസാനകാലം എന്നുപറയാവുന്ന സമയത്ത്, ഇതുപോലൊരിടത്ത് പ്രകൃതിയിൽ അലിഞ്ഞ് വേണം ജീവിക്കാനും ഇല്ലാതാകാനും.  

ഓറോവില്ലയെപ്പറ്റി കൂടുതലറിയാൻ, റിസപ്ഷൻ കെട്ടിടത്തിലുള്ള പുസ്തകശാലയിൽ നിന്ന് ചില പുസ്തകങ്ങൾ വാങ്ങി. ചെറുപ്പക്കാരിയായ റിസപ്ഷനിസ്റ്റ് കാനഡക്കാരിയാണ്. അവരുടെ ഭർത്താവ് കുറേയധികം നാൾ ഓറോവില്ലയിൽ ഉണ്ടായിരുന്നു. പക്ഷെ തമ്മിൽ പരിചയപ്പെടുമ്പോളോ വിവാഹം ചെയ്യുമ്പോളോ ഈ സ്ത്രീയ്ക്ക് ഓറോവില്ലയെപ്പറ്റി കൂടുതലൊന്നും അറിയില്ലായിരുന്നു. പിന്നീട് വിശദമായി ഒക്കെയും മനസ്സിലാക്കിയപ്പോൾ ഓറോവില്ലയിൽത്തന്നെ ജീവിക്കാമെന്ന് അവർ താൽ‌പ്പര്യം പ്രകടിപ്പിച്ചു. ഇന്നവർക്ക് 2 വയസ്സുള്ള ഒരു കുട്ടിക്കും ഭർത്താവിനുമൊപ്പമാണ് അവിടെ കഴിയുന്നത്. രണ്ട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ കുട്ടി ചെറുപ്പത്തിലേ മരിച്ചുപോയി.

“എങ്ങനെയുണ്ട് ഓറോവില്ലയിലെ ജീവിതം“ എന്ന എന്റെ ചോദ്യത്തിന് അവരുടെ മറുപടിക്കായി കാത്തുനിൽക്കേണ്ടി വന്നില്ല. തുടുത്ത് വിടർന്ന മുഖവും കണ്ണുകളും മൊഴികളേക്കാൾ വേഗത്തിൽ എനിക്കുത്തരം തന്നുകഴിഞ്ഞിരുന്നു. വർഷത്തിൽ ഒരിക്കൽ അവർ സ്വന്തം നാട്ടിലേക്ക് പോകാറുണ്ട്. പക്ഷെ, എത്രയും പെട്ടെന്ന് തന്നെ ആ നാഗരികതയിൽ നിന്ന് ഓറോവില്ലയിലേക്ക് തിരിച്ചോടിപ്പോരുകയാണ് പതിവത്രേ ! ഓറോവില്ലയിൽ താമസിക്കുന്ന വിദേശികൾക്കായി പ്രത്യേക വിസാ നടപടിക്രമങ്ങളും ഉണ്ടത്രേ! 

പ്രത്യേകിച്ച് ആരുടേയുമല്ലാത്ത ഒരു ലോകമാണ് മദർ വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ഒരു രാജ്യത്തിന്റെ നടപടിക്രമങ്ങൾ പലതും അതിന് ഒരു പരിധിവരെയെങ്കിലും വിലങ്ങുതടിയാവുന്നു. വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത പക്ഷികളെപ്പോലെ, വിസയും പാസ്സ്പ്പോർട്ടുമൊന്നും ഇല്ലാതെ ദേശാടനം നടത്താനും വേണം ഒരു ഭാഗ്യം.

ഓറോവില്ല ബേക്കറി.



ഓറോവില്ല ബേക്കറി സന്ദർശിക്കാതെ ഓറോവില്ലയിൽ നിന്ന് മടങ്ങരുതെന്ന് ആരോ ഓർമ്മിപ്പിച്ചത് അനുസരിച്ച് മടക്ക വഴിയിലുള്ള ഓറോ-ബേക്കറിയിലേക്ക് കയറി. വിദേശികൾ ഒരുപാടുള്ളതുകൊണ്ടാകാം നാളിതുവരെ ഇന്ത്യയിലൊന്നും കാണാത്ത തരത്തിലുള്ള വിവിധതരം ബ്രെഡുകൾ അവിടെ കാണാനായത്. കസ്റ്റമേർസ് കൂടുതലും വിദേശികൾ തന്നെയാണ്. അതുകൊണ്ടുതന്നെ, ജോലിക്കാരായ തമിഴർ എല്ലാവരും വിശേദഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. മടക്ക യാത്രയിൽ കാറിലിരുന്ന് കഴിക്കാൻ, ചില വ്യത്യസ്തമായ ബ്രഡ്ഡുകൾ ഞങ്ങളും വാങ്ങി.


രാത്രി ഭക്ഷണം കഴിക്കാൻ നോട്ടമിട്ട് വെച്ചിരുന്നത് കാസിനോ ഗ്രൂപ്പിന്റെ പോണ്ടിച്ചേരിയിലെ ഹോട്ടലായ മെയ്സൺ പെരുമാൾ ആയിരുന്നു. മാനേജർ ദിനു രാമകൃഷ്ണൻ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. കേരളീയ ശൈലിയിൽ മുണ്ടും ഷർട്ടുമാണ് മെയ്സൺ പെരുമാളിലെ ജീവനക്കാരുടെ വേഷം. കാസിനോ ഗ്രൂപ്പിന്റെ ഒരു പാർട്ടനർ ഭക്ഷണം കഴിക്കാൻ അന്നവിടെ കുടുംബത്തോടൊപ്പം ഉണ്ട്. എന്നിരുന്നാലും അവർ തങ്ങുന്നത് മെയ്സൺ പെരുമാളിന് പകരം, ഓറോവില്ലയ്ക്കടുത്ത് മരങ്ങൾ തിങ്ങിനിറഞ്ഞ മറ്റേതോ ഹോട്ടലിലാണ്. സ്വന്തമായി സ്ഥാപനമുണ്ടായിട്ടും, ഓറോവില്ലയുടെ മുഴുവൻ ഊർജ്ജവും അനുഭവിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഉറപ്പ്.

മെയ്സൺ പെരുമാൾ – പോണ്ടിച്ചേരി.

ദിനുവിനോട് സംസാരിച്ചിരുന്നപ്പോൾ അറിയാൻ കഴിഞ്ഞ പോണ്ടിച്ചേരിയുടെ ചില സ്കൂൾ വിശേഷങ്ങൾ പുതുമയുള്ളതായിരുന്നു. ഹൈസ്ക്കൂളിൽ പഠിക്കുന്ന ഒരു മകളുണ്ട് അദ്ദേഹത്തിന്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ നീണ്ടുപോകുന്നു ആ സ്ക്കൂളിലെ പഠന സമയം. കുട്ടി വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങിയിരിക്കും! മറ്റ് പല സ്കൂളുകളിലും ഇതുപോലൊക്കെത്തന്നെ. ചിലയിടങ്ങളിൽ 7 മുതൽ 5 വരെയാണെന്ന് മാത്രം. കാര്യമായി വിദ്യാഭ്യാസമൊന്നും സമ്പാദിക്കാനാകാതെ പോയ രക്ഷകർത്താക്കളുടെ മനോവികാരമാകാം ഇത്തരത്തിൽ ഒരു പഠനസമയം സ്കൂളുകളിൽ ചിട്ടപ്പെടുത്താൻ കാരണമെന്നാണ് ദിനുവിന്റെ പക്ഷം. എനിക്കാ കുട്ടികളുടെ കാര്യത്തിൽ വല്ലാത്ത വിഷമം തോന്നി. തുമ്പികളെക്കൊണ്ട് എന്തിനാണിങ്ങനെ കല്ലെടുപ്പിച്ചുകൊണ്ടിരിക്കുന്നത് ?

രാത്രിയ്ക്ക് തീരെ ദൈർഘ്യമില്ലായിരുന്നു. നേരം പുലർന്നാൽ മഹാബലിപുരം വഴി മദ്രാസിലേക്കാണ് യാത്ര. ഈസ്റ്റ് കോസ്റ്റ് റോഡ് വഴിയുള്ള പോക്കിൽ വീണ്ടും ഓറോവില്ലയിൽ കയറേണ്ടതുണ്ട്. മെയ്സൺ പെരുമാളിൽ കാണാനായ പ്രത്യേക തരം ചെടിച്ചട്ടികളാണ് അതിന് കാരണം. അതുണ്ടാക്കുന്നത് ഓറോവില്ലയിലാണ്. ദിനു അവിടേയ്ക്കുള്ള വഴി പറഞ്ഞു തന്നു; ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോൺ നമ്പറും തന്നു.

ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോൺക്രീറ്റുകൊണ്ട് ഉണ്ടാക്കുന്ന ആ ചട്ടികൾ തീരെ നേർത്തതാണ് എന്നൊരു പ്രത്യേകതയുണ്ട്. ഓറഞ്ച് നിറം പൂശി വെച്ചാൽ വലിയ കളിമൺ ചട്ടിയാണെന്ന് തെറ്റിദ്ധരിക്കും. ചട്ടി വാങ്ങാൻ പോയ കൂട്ടത്തിൽ ഓറോവില്ലയിലെ കാടുകളുടെ മറ്റൊരു ഭാഗം കൂടെ ഞങ്ങൾക്ക് കാണാനായി. കണ്ടതിനേക്കാൾ അധികമാണ് ഓറോവില്ലയിൽ കാണാൻ ബാക്കി കിടക്കുന്നതെന്നതിൽ ഒരു സംശയവുമില്ല.

വ്യത്യസ്മായ കോൺക്രീറ്റ് ചട്ടികൾ.

വിവിധ തരം ചട്ടികൾ ഉണ്ടാക്കുന്ന സ്ഥാപനം നടത്തുന്നത് ഒരു തമിഴനാണ്. ഓറോവില്ലയിലെ അന്തേവാസി ആയതുകൊണ്ടാകണം പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഒരു അന്താരാഷ്ട്ര സമീപനമാണ് അയാളിലും സഹപ്രവർത്തകരിലുമുള്ളത്. ടെറസ്സിൽ കൃഷി ചെയ്യാനും വലിയ ചെടികളോ മരങ്ങളോ വളർത്താനുമൊക്കെ ഇത്തരം വലിയ ചട്ടികൾ പ്രയോജനപ്പെടുമെങ്കിലും കേരളത്തിൽ ഇതുപോലുള്ള ചട്ടികൾ ഞാനിതുവരെ കണ്ടിട്ടില്ല. കേരളത്തിലേക്ക് കയറ്റി അയച്ചാൽ, ചെക്ക് പോസ്റ്റിലുള്ള തലവേദനകൾ കാരണം കേരളത്തിൽ നിന്നുള്ള ഓർഡറുകൾ ഇവർ എടുക്കുന്നില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ടുപോകാമെങ്കിൽ എത്രവേണമെങ്കിലും ഉണ്ടാക്കിത്തരാം എന്നതാണ് നിലപാട്. ഇടത്തരം ചട്ടി ഒരെണ്ണം പൊക്കി കാറിന്റെ പിന്നിലിട്ടു. പോണ്ടിച്ചേരിയുടേയും ഓറോവില്ലയുടേയും ഓർമ്മയ്ക്കായി അതിലും നല്ലൊരു സോവനീർ കണ്ടുപിടിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.

സോവനീർ ചട്ടി.

പോണ്ടിച്ചേരിയും ഓറോവില്ലയുമൊക്കെ, എഴുതിപ്പിടിപ്പിക്കാൻ പറ്റുന്നതിനേക്കാളും വലിയ അനുഭവങ്ങൾ തന്നെയാണ് എനിക്കുതന്നത്. കാണാനും അറിയാനും ഇനിയും ഒരുപാട് സംഭവങ്ങൾ ബാക്കിയുണ്ടെന്നതും സത്യമാണ്. റിസപ്ഷനിൽ നിന്ന് വാങ്ങിയ പുസ്തകങ്ങൾ കുറേയധികം വിവരങ്ങൾ പകർന്നുതരുന്നുണ്ടെങ്കിലും ഒക്കെയും നേരിൽ‌പ്പോയി കണ്ടറിഞ്ഞ് അനുഭവിക്കേണ്ടതുണ്ട്. അങ്ങനെ പലപല കാരണങ്ങളാൽ ഓറോവില്ലയിലേക്കുള്ള ഈ യാത്ര അപൂർണ്ണമായി നിൽക്കുകയാണ്. അടുത്ത പോണ്ടിച്ചേരി യാത്രയിൽ മാതൃമന്ദിറിന്റെ ഉള്ളിൽ കയറുകയെന്നതും ധ്യാനത്തിൽ ഇരിക്കുക എന്നതുമൊക്കെ അടക്കം ഒട്ടനവധി ലക്ഷ്യങ്ങളുണ്ട്.

പിന്നെ അവസാനകാലത്തെ കാര്യം. അത് ‘പ്രപ്പോസ്‘ ചെയ്ത് നോക്കാനല്ലേ പറ്റൂ.

————————————————
ചിത്രങ്ങളിൽ പലതിനും കടപ്പാട്:- ഓറോവില്ലയിലെ ‘മാതൃമന്ദിർ‘ ലീഫ് ലെറ്റിനോട്

Comments

comments

16 thoughts on “ ‘ഓറോവില്ല’യിലേക്ക്

  1. എല്ലാത്തിനോടും വിരക്തി തോന്നുന്ന ഒരു നേരത്തോ, എല്ലാവരാലും നിഷ്ക്കാഷിതനാവുന്ന ഒരു സമയത്തോ, ഇപ്പോളുള്ളതിനേക്കാൾ ശാന്തവും ഏകാന്തവും ഏകാഗ്രതയുമൊക്കെയുള്ള ഒരു ജീവിതം വേണമെന്ന് തോന്നുന്ന ഒരു ഘട്ടത്തിലോ, ചെന്ന് ചേക്കേറേൻ പറ്റിയ ഒരു സ്ഥലമായിട്ടാണ് ഓറോവില്ല എനിക്കനുഭവപ്പെട്ടത്. ജീവിതത്തിന്റെ അവസാനകാലം എന്നുപറയാവുന്ന സമയത്ത്, ഇതുപോലൊരിടത്ത് പ്രകൃതിയിൽ അലിഞ്ഞ് വേണം ജീവിക്കാനും ഇല്ലാതാകാനും.

  2. Excellent! ഞാനും ചിലപ്പോളൊക്കെ ഇതുപോലെയുള്ള സ്ഥലങ്ങളെ മനസ്സ് കൊണ്ട് ഒന്ന് സ്കെച്ച് ചെയ്യാറുണ്ട്. താങ്കള്‍ ഇപ്പോള്‍ അത് അക്ഷരങ്ങള്‍ കൊണ്ട് വരച്ചു കാണിച്ചു.

  3. വായിച്ചറിയുന്നതിനേക്കാൾ ഏതൊരു സംഗതിക്കും
    കണ്ടറിയുമ്പോൾ ഉണ്ടാകമെന്നത് വാസ്തവം തന്നെ..
    പക്ഷേ ഭായിയെ പോലെ ഭാഗ്യം എല്ലാവർക്കും കിട്ടണ്ടേ

  4. മനോജ്… എല്ലാത്തിനോടും വിരക്തി തോന്നുന്ന സമയത്താണോ നാം ഇങ്ങനെയുള്ള സ്ഥലങ്ങളിലേയ്ക്ക് ചേക്കേറേണ്ടത്…???
    എനിയ്ക്കുതോന്നുന്നത് എന്തെങ്കിലും ചെയ്യാൻ സാധിയ്ക്കുന്ന കാലത്ത്, ജീവിതാനുഭവങ്ങളെ അനുഭവിച്ചറിയുവാൻ സാധിയ്ക്കുന്ന കാലത്തുതന്നെ നാം ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എത്തിച്ചേരണമെന്നാണ്… എങ്കിൽ മാത്രമല്ലേ ആ സമാധാനവും, ശാന്തിയും, പ്രകൃതിയുടെ സൗന്ദര്യവും പൂർണ്ണമായ തോതിൽ നമുക്ക് അനുഭവിയ്ക്കുവാൻ സാധിയ്ക്കൂ… ( എന്റെ ആഗ്രഹമാണ് കേട്ടോ… :)

    ഓറോവില്ലയേക്കുറിച്ച് മുൻപുതന്നെ കേട്ടറിഞ്ഞിട്ടുണ്ട്… പക്ഷേ ഇതു പോലൊരു യാത്ര… അതൊരു സ്വപ്നം തന്നെയായി മാറുന്നു.. എങ്കിലും ഇതുപോലെ വിശദമായ ഒരു വിവരണത്തിലൂടെ മനസ്സുകൊണ്ടെങ്കിലും ആ സ്ഥലങ്ങൾ സന്ദർശിയ്ക്കുവാൻ സാധിയ്ക്കുന്നവല്ലോ…. അത് ഭാഗ്യം…..
    തുടരട്ടെ യാത്രകൾ…. ആശംസകൾ,,,

    1. @ Shibu Thovala – ശരിയാണ് ഷിബൂ, എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കാലത്ത് തന്നെയാണ് ഇതുപോലുള്ള ഇടങ്ങളിലേക്ക് ചേക്കേറേണ്ടത്. പക്ഷേ പലപ്പോഴും അതിനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. ഒന്നുകിൽ എല്ലാവരാലും തിരസ്ക്കരിക്കപ്പെടണം, അല്ലെങ്കിൽ എല്ലാത്തിനോടും വിരക്തി തോന്നണം. എന്നാലേ ഈ ആഗ്രഹം നടക്കൂ എന്നതാണ് അവസ്ഥ :( അതുവരെ ഇപ്പോളുള്ള മായികലോകത്തിന്റെ കെട്ടുകാഴ്ച്ചകളിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്നു എന്നതിൽ ദുഃഖമുണ്ട്.

  5. നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിനായി പോണ്ടിച്ചേരിയിൽ പോയ സമയത്ത് ഓറോവില്ല സന്ദർശിച്ചു.മാതൃമന്ദിർ ദൂരെ നിന്ന് ആ സകുടുംബഫോട്ടോ എടുത്ത സ്ഥലത്ത് നിന്ന് കാണാനേ സാധിച്ചുള്ളൂ.

  6. ഞാനീ അടുത്ത കാലത്ത് പോണ്ടിയില്‍ പോയിരുന്നു. എന്റെ യാത്രക്ക് താങ്കളുടെ ഈ പോസ്റ്റ്‌ കുറച്ചൊക്കെ ഉപകാരപ്രദമായി.

    എനിക്കും ഒരു ബ്ലോഗൊക്കെ ഉണ്ട്, സമയം കിട്ടുമ്പോള്‍ അതിലെയൊക്കെ വരൂ, പുതിയതും പഴയതുമായ പല സ്ഥലങ്ങലെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഉണ്ടവിടെ :)

  7. ഓറോവില്ലയേക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്.എന്തായാലും പുതിയ ഒരു സ്ഥലം കൂടി പരിചയപ്പെട്ടു

Leave a Reply to ബിലാത്തിപട്ടണം Muralee Mukundan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>