സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്. വെറുതെ ‘പിയാസ്സാ‘ എന്ന് പറഞ്ഞാലും സെന്റ് മാർക്ക്സ് സ്ക്വയർ തന്നെ.
സെന്റ് മാർക്ക്സ് മണിമേട അടക്കമുള്ള ഒരു വെനീസ് ദൃശ്യം. |
യൂറോപ്പിന്റെ ഡ്രോയിങ്ങ് റൂം എന്ന് നെപ്പോളിയൻ വിശേഷിപ്പിച്ച ഈ അങ്കണത്തിൽ എപ്പോഴും സന്ദർശകരുടെ തിരക്കാണ്. സെന്റ് മാർക്ക്സ് ബസിലിക്ക, (Basilica San Marco), ഡൌജിന്റെ (Doge’s Palace – Palazzo Ducale), ബസിലിക്കയുടെ മണിമേട (Bell tower അഥവാ Campanile), എന്നിവയാണ് പിയാസ്സയിലെ പ്രധാന ആകർഷണങ്ങൾ. ഇതിനൊക്കെ പുറമെ വെനീസിലെ പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങളും ഓഫീസുകളുമൊക്കെ പിയാസ്സയിലാണുള്ളത്.
സെന്റ് മാർക്ക്സ് സ്ക്വയറിലെ മണിമേടയും കൊട്ടാരവും. (Picture Courtesy – Great buildings.com) |
ഞങ്ങൾ രാവിലെ തന്നെ ക്യാമറയും യാത്രാരേഖകളുമടക്കം അത്യാവശ്യം സാധനങ്ങൾ മാത്രം ബാഗിലാക്കി ലിഡോ ദ്വീപിലെ ബോട്ട് ജെട്ടിയിലേക്ക് നടന്നു. ആദ്യം കിട്ടിയ ബോട്ടിൽക്കയറി പിയാസ്സയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ‘ഡ്രോയിങ്ങ് റൂമിൽ’ ഒരിക്കലും തിരക്കൊഴിയാൻ പാടില്ലെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളതുപോലെ, പിയാസ്സാ സ്ക്വയറിൽ രാവിലെ തന്നെ മോശമല്ലാത്ത ജനക്കൂട്ടമുണ്ട്. അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നത് രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള രണ്ട് സ്തംഭങ്ങളാണ്. പടിഞ്ഞാറ് ഭാഗത്തുള്ള സ്തംഭത്തിൽ വിശുദ്ധ തിയോഡോറും കിഴക്കുഭാഗത്തെ സ്തംഭത്തിൽ സെന്റ് മാർക്കിന്റെ സിംഹവും നിലയുറപ്പിച്ചിരിക്കുന്നു.
സെന്റ് മാർക്ക്സ് സ്ക്വയറിൽ നിന്ന് കനാലിലേക്കുള്ള ദൃശ്യം. |
വെനീസിന്റെ ന്യായാധിപനായും നേതാവായും ഭരണാധികാരിയുമൊക്കെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെയാണ് ഡൌജ് (Doge) എന്ന് പറയുന്നത്. മരണം വരെ അധികാരത്തിൽ തുടരാനുള്ള അവകാശം ഡൌജിന് ഉണ്ടെന്നിരുന്നാലും ചിലർ മരിക്കുന്നതിന് മുന്നേതന്നെ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇടത്ത് വശത്ത് ബസിലിക്ക, വലത്തുവശത്ത് കൊട്ടാരം. |
സെന്റ് മാർക്ക്സ് ബസിലിക്കയുടെ തൊട്ടുതന്നെയുള്ളതും വെനീഷ്യൻ ഗോത്തിൿ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതുമായ ഡൌജിന്റെ കൊട്ടാരം 1923 മുതൽ ഒരു മ്യൂസിയമാണ്. 700 കൊല്ലത്തോളം ഈ കെട്ടിട സമുച്ചയം വെനീഷ്യൻ റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രമായി വർത്തിച്ചുപോന്നു. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കെട്ടിടം ഇതുതന്നെയാണ്. 13 യൂറോ കൊടുത്താൽ കൊട്ടാരമടക്കം പിയാസ്സായിലെ എല്ലാ മ്യൂസിയങ്ങളും കയറിക്കാണാം. അതേ സമയം ബസിലിക്കയിലേക്ക് കയറാൻ ടിക്കറ്റിന്റെ ആവശ്യമില്ല. ഞങ്ങൾ ടിക്കറ്റെടുത്ത് പാലസിലേക്ക് കടന്നു. ടിക്കറ്റിനൊപ്പം ഓഡിയോ ടൂർ ഗൈഡുള്ളത് ഒരുപാട് ഗുണം ചെയ്തെങ്കിലും, നാളിതുവരെ അറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ഗ്രഹിച്ചെടുക്കാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടി.
കൊട്ടാരത്തിന്റെ അങ്കണത്തിൽ ഓഡിയോ ഗൈഡിൽ ചെവിയോർത്ത് |
കിഴക്കും പടിഞ്ഞാറുമായി രണ്ട് വിഭാഗമായിട്ടാണ് കൊട്ടാരം നിലകൊള്ളുന്നത്. 1500 ന് ശേഷം കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിൽ തീപിടുത്തം ഉണ്ടാവുകയും പിന്നീടത് പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. സഞ്ചാരികൾ കടന്നു ചെല്ലുന്നത് പാലസിന്റെ വിശാലമായ അങ്കണത്തിലേക്കാണ്. ക്യാമറക്കണ്ണുകൾ എത്ര പ്രാവശ്യം അടച്ചുതുറന്നാലും തീരാത്ത അത്രയും ശിൽപ്പങ്ങളുടേയും കലാസൃഷ്ടികളുടേയും കാഴ്ച്ചകളാണവിടെ. വെണ്ണക്കല്ലിൽ കൊത്തിയ പ്രതിമകൾക്ക് യാതൊരു ദൌർലഭ്യവും ഇവിടെയില്ല. കൊട്ടാരത്തിന്റെ മച്ചിലും ചുമരുകളിലുമെല്ലാം സ്വർണ്ണവർണ്ണത്തിൽ അലങ്കാരപ്പണികൾ, ചുമരുകളിൽ ചരിത്രസാക്ഷ്യങ്ങളായി നെടുനീളൻ എണ്ണഛായച്ചിത്രങ്ങൾ. സോളമന്റെ കൽപ്പനകളും ശിൽപ്പത്തിന്റെ രൂപത്തിൽ കൊട്ടാരത്തെ അലങ്കരിക്കുന്നു. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ശിൽപ്പം റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ടെട്രാർൿസ് (Tetrarchs) എന്ന നാലംഗ ഭരണാധികാരികളുടെ, തവിട്ട് നിറത്തിലുള്ള കല്ലിൽ കൊത്തിയ പ്രതിമകളാണ്.
ടെട്രാർൿസ് പ്രതിമകൾ |
കൊട്ടാരച്ചുമരുകളും തൂണുകളും പ്രതിമകളും |
ഒരുകാലത്ത് യൂറോപ്പിനും കിഴക്കൻ രാജ്യങ്ങൾക്കുമിടയിലുള്ള മിക്കവാറും എല്ലാ വ്യാപാരങ്ങളുടേയും നേതൃത്വം വെനീസിനായിരുന്നു. ചരക്കുകപ്പൽ ഉടമകളെപ്പോലുള്ളവരും പ്രഭുക്കന്മാരുമൊക്കെ വ്യാപാരങ്ങളിലൂടെ അളവറ്റ സ്വത്തുക്കൾ സമ്പാദിച്ചുകൂട്ടി. അങ്ങനെയുണ്ടായ സമ്പത്തുപയോഗിച്ച് അവർ ആഢംബരം മുറ്റുന്ന പള്ളികളും കൊട്ടാരങ്ങളും കെട്ടിപ്പൊക്കി. അതിനായുള്ള സാധനസാമഗ്രികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വെനീസിലേക്കെത്തി. പേർഷ്യയിൽ നിന്നുള്ള പരവതാനികളും ലബനിൽ നിന്നുള്ള മരവും എത്തിയപ്പോൾ സുഗന്ധദ്രവ്യങ്ങളും പട്ടും രത്നങ്ങളുമൊക്കെ എത്തിയത് സ്പൈസ് റൂട്ട് വഴി ഇന്ത്യയിൽ നിന്നുതന്നെ.
കൊട്ടാരത്തിന്റെ അങ്കണം മറ്റൊരു ദൃശ്യം. |
ധനികർക്ക് മാത്രം പ്രവേശനമുള്ള സെനറ്റ് റൂം, ന്യായാധിപന്മാർക്ക് വേണ്ടിയുള്ള ‘റൂം ഓഫ് കൌൻസിൽ ഓഫ് 10‘, പിന്നിൽ ഒരു രഹസ്യമുറിയോടുകൂടെ കോമ്പസ് മുറി, ആയുധമുറി, തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിച്ചിരുന്ന ബാലറ്റ് മുറി, എന്നിങ്ങനെ കൊട്ടാരത്തിനകത്തെ എല്ലാ മുറികളും പൌരാണികതയുടേയും ആഢംബരത്തിന്റേയും പ്രതീകങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട മുറി എന്ന് പറയാവുന്നത് ‘ഗ്രേറ്റ് കൌൺസിൽ റൂം‘ ആണ്. 53 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള ഈ മുറി ഒരുകാലത്ത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മുറിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. കൊട്ടാരത്തിനകത്തെ ഈ മുറികളിലൊന്നും ഫോട്ടോഗ്രഫി അനുവദിക്കുന്നതേയില്ല.
കൊട്ടാരത്തിന്റെ മറ്റൊരു ദൃശ്യം. |
പതിനഞ്ചാം നൂറ്റാണ്ടിലാണ് കൊട്ടാരം ഉണ്ടാക്കപ്പെട്ടതെങ്കിലും 1574ന് ശേഷം ചില ഭാഗങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട്. 1797 ൽ ഫ്രഞ്ചുകാർ വെനീസ് കീഴടക്കിയതുകൊണ്ട്, കൊട്ടാരത്തിന്റെ ചരിത്രത്താളുകളിൽ നെപ്പോളിയനും ഒരു പ്രധാന കഥാപാത്രമായി കടന്നുവരുന്നുണ്ട്. അലക്സാണ്ട്രിയയിൽ നിന്നും ഈജിപ്റ്റിൽ നിന്നുമൊക്കെ കൊണ്ടുവന്ന മാർബിളിൽ കൊത്തിയ മനോഹരമായ ശിൽപ്പങ്ങൾക്കൊപ്പം, നെപ്പോളിയന്റെ പ്രതിമയും കൊട്ടാരത്തിനകത്ത് സ്ഥാപിക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും 1814 നെപ്പോളിയന്റെ വെനീസ് ഭരണം അവസാനിച്ചതോടെ ആ ശ്രമം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്.
കൊട്ടാരത്തിനകത്തേക്കുള്ള പടികൾ |
കൊട്ടാരത്തിന്റെ മേൽക്കൂരയിലെ അലങ്കാരപ്പണികൾ. |
കൊട്ടാരത്തിന്റെ കീഴ്വശത്ത് നല്ലൊരു ഭാഗം ജയിലറകളാണ്. ചക്രവർത്തിമാരും രാജാക്കന്മാരും സുഖലോലുപരായി കഴിയുന്ന കൊട്ടാരങ്ങളുടെ കീഴറകളിലോ ഒരു വിളിപ്പാട് അപ്പുറത്തോ തടവറകൾ വേണമെന്നത് ചരിത്രത്തിന്റെ ഒരു നിബന്ധനയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അധികാരം കൈയ്യാളുന്നവന്റെ തൊട്ടടുത്ത് തന്നെ, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരവസ്ഥയും കാത്തിരിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് അത്. രാജാക്കന്മാരുടെ കാലത്തായാലും മന്ത്രിമാരുടെ കാലത്തായാലും അതുതന്നെയല്ലേ സത്യം ? അധികാരം കൈവശമുള്ളപ്പോളും അത് ദുർവ്വിനിയോഗം ചെയ്യുമ്പോളുമൊക്കെ അവരാരെങ്കിലും കയ്പ്പുനീർ നിറഞ്ഞ മറുവശത്തെപ്പറ്റി ചിന്തിക്കാറുണ്ടോ ആവോ?
കൊട്ടാരത്തിന്റെ കീഴ്‌ഭാഗത്തെ ജയിലറകൾ. |
ജയിലിൽ പടങ്ങൾ എടുക്കരുതെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും ആ നിയമം കൂട്ടത്തോടെ ലംഘിക്കപ്പെടുന്നുണ്ടായിരുന്നു. ഞങ്ങൾ മാത്രമായി ആ നിയമലംഘനത്തിൽ നിന്ന് മാറിനിന്നില്ല. കൊട്ടാരത്തിന് വെളിയിൽ കടന്ന് തൊട്ടടുത്ത് തന്നെയുള്ള ബസിലിക്കയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ കൈയ്യിലുള്ള ബാഗുകൾ കൌണ്ടറിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശം കിട്ടി.
ജയിലറയ്ക്കും ഒരു അങ്കണം. |
829 മുതൽ 836 വരെയുള്ള കാലഘട്ടത്തിൽ മരത്തിൽ ഉറപ്പിച്ചനിലയിലാണ് സെന്റ് മാർക്ക്സ് ദേവാലയം നിർമ്മിക്കപ്പെട്ടതെങ്കിലും, ഇപ്പോൾ കാണുന്ന വിധത്തിലാകാൻ പിന്നേയും വർഷങ്ങളെടുത്തിട്ടുണ്ട്. 976 ൽ ഒരു പ്രാവശ്യം ബസിലിക്ക അഗ്നിക്കിരയാകുകയും ചെയ്തു. കൊച്ചുകൊച്ച് ടൈലുകൾ ഒട്ടിച്ചുചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കലാമൂല്യമുള്ള അലങ്കാരപ്പണികളും പെയിന്റിങ്ങുകളും ചുമരിലും മേൽക്കൂരയിലുമൊക്കെ നിറഞ്ഞു നിൽക്കുന്നു. സത്യത്തിൽ ആ ബസിലിക്കയുടെ അകത്തെ ചുമർക്കാഴ്ച്ചകളെപ്പറ്റിയും അലങ്കാരപ്പണികളെപ്പറ്റിയും അൾത്താരയെപ്പറ്റിയും വിശദീകരിക്കാനോ വർണ്ണിക്കാനോ പോന്ന വാക്കുകൾ എന്റെ പക്കലില്ല. തികച്ചും അവർണ്ണനീയമായ ഒരു സൃഷ്ടിയാണത്.
സെന്റ് മാർക്ക്സ് ബസിലിക്ക – മുൻവശം. |
സെന്റ് മാർക്ക് ദേവാലയത്തിന്റെ ഉൾഭാഗം. (Picture Courtesy: sights-and-culture.com) |
നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ചെയ്തിരിക്കുന്ന അത്തരം കലാസൃഷ്ടികൾ സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ എത്തിനിൽക്കുന്ന ഇക്കാലത്ത് ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. ബസിലിക്കയ്ക്ക് വെളിയിൽ വന്നതിനുശേഷം അതിന്റെ മുകളിലുള്ള ബാൽക്കണിയിലേക്ക് കയറാനുള്ള നീണ്ടനിരയിൽ ഞങ്ങളും കാത്തുനിന്നു. ബാൽക്കണിയിൽ കയറി നിന്ന് ഫോട്ടോ എടുക്കാൻ അനുവാദമുണ്ട്. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ ഞങ്ങളുടെ ക്യാമറകൾ കൌണ്ടറിൽ നിക്ഷേപിച്ചിരിക്കുന്ന ബാഗിനകത്തായിപ്പോയി.
ദേവാലയത്തിന്റെ ബാൽക്കണിയും ഗ്രീക്ക് കുതിരകളും. |
ഞങ്ങൾ ബാൽക്കണിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് പള്ളിമണി മുഴങ്ങി, സംഗീതം ഉയർന്ന് കേൾക്കുകയായി. ഗാനങ്ങൾ ആലപിച്ചുകൊണ്ട് കറുത്ത മേൽവസ്ത്രം ധരിച്ച മുപ്പതോളം വരുന്ന ഗായകസംഘം അൾത്താരയ്ക്ക് സമീപം നിരന്നുകഴിഞ്ഞിരിക്കുന്നു. ദേവാലയം നിറഞ്ഞുനിന്ന ആ പ്രാർത്ഥനയിൽ നിശബ്ദം പങ്കുചേരാനായത് ഒരു അസുലഭ അവസരമായി മാറി. ഞങ്ങളപ്പോഴാണ് സമയത്തെപ്പറ്റി ചിന്തിച്ചത്. 12 മണിയുടെ ക്വയർ ആയിരുന്നു അത്. ഡൌജിന്റെ കൊട്ടാരവും സെന്റ് മാർക്ക്സ് ബസിലിക്കയും കാണാൻ തന്നെ അര ദിവസമെടുത്തിരിക്കുന്നു!
മുഴങ്ങോടിക്കാരി പാലസ്സിന് മുന്നിൽ. |
സെന്റ് മാർക്ക്സ് സ്ക്വയറിലെ പ്രാവുകളെപ്പറ്റി എടുത്തുപറയേണ്ടിയിരിക്കുന്നു. മറ്റ് പല അങ്കണങ്ങളിലും ഇതുപോലെയുള്ള പ്രാവിൻ കൂട്ടങ്ങളെ കണ്ടിട്ടുണ്ടെങ്കിലും നമ്മൾ അടുത്തേക്ക് ചെല്ലുന്നതോടെ അതെല്ലാം പറന്നകലുകയാണ് പതിവ്. ഇവിടെ, യാതൊരു ഭയവുമില്ലാതെ അവറ്റകൾ മനുഷ്യരുമായി ഇടപഴകുന്നു. സന്ദർശകരുടെ കൈയ്യിലും തോളിലുമൊക്കെ കയറിയിരുന്ന് പ്രാവുകൾ ധാന്യങ്ങൾ കൊത്തിത്തിന്നുന്നത് ഒരു സാധാരണ കാഴ്ച്ചയാണിവിടെ, ഞങ്ങൾക്കത് ഒരു അസാധാരണ കാഴ്ച്ചയും.
സന്ദർശകരെ ഭയമില്ലാത്ത പ്രാവുകൾ. |
വെനീസുമായി ആലപ്പുഴയെ താരതമ്യം ചെയ്തവർ ആരായിരുന്നാലും പ്രധാനമായും കനാലുകളേയും തോടുകളുടേയും സാമ്യം മാത്രമേ പരിഗണിച്ചിരിക്കാൻ സാദ്ധ്യതയുള്ളൂ. ആലപ്പുഴയ്ക്ക് ഇപ്പോഴും ഗ്രാമീണത നല്ലൊരു തോതിൽ ബാക്കിയുണ്ടെങ്കിലും വെനീസ് ഒന്നാന്തരം ഒരു നഗരം തന്നെയാണ്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പകരം തോടുകളിലൂടെ ഓളങ്ങളുണ്ടാക്കി കടന്നുപോകുന്ന ജലനൌകകളുടെ ബാഹുല്യമാണ് വെനീസിൽ.
നൂറിലധികം ചെറുദ്വീപുകൾ കൂടിച്ചേർന്നാണ് വെനീസാകുന്നത്. ചെറുതും വലുതുമായ നാനൂറിലധികം പാലങ്ങൾ ഈ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. നൂറ്റി അൻപതിൽപ്പരം തോടുകൾ ഈ കരകൾക്കിടയിലൂടെ തോണികളേയും പേറി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു. കെട്ടിടങ്ങൾ പലതും കെട്ടി ഉയർത്തിയിരിക്കുന്നത് വെള്ളത്തിൽ നിന്നുതന്നെയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ചതുപ്പ് നിലത്ത് മരക്കുറ്റികൾ കുത്തിത്താഴ്‌ത്തി അതിൽ മരംകൊണ്ടുതന്നെ വീടുണ്ടാക്കി കഴിഞ്ഞിരുന്ന ‘എനെറ്റി‘ വർഗ്ഗക്കാരുടെ സമ്പ്രദായം പിന്നീടങ്ങോട്ട് പതിനഞ്ചാം നൂറ്റാണ്ടുവരെ പിന്തുടർന്നു പോന്നതായി ചരിത്രം പറയുന്നു. ഞങ്ങൾ അൽപ്പം മുൻപ് കയറിയിറങ്ങിയ ഡൌജിന്റെ കൊട്ടാരമടക്കം പല കൂട്ടൻ കെട്ടിടങ്ങളും എഴുന്നുനിൽക്കുന്നത് ഇത്തരം മരക്കുറ്റികളിലും മരത്തറകളിലുമൊക്കെയാണ്.
മണിമേട – അൽപ്പം ദൂരെ നിന്നൊരു വീക്ഷണം. |
ബസിലിക്കയുടെ മണിമേടയാണ് പിയാസ്സായിലെ മറ്റൊരു പ്രധാന കാഴ്ച്ച. ഇഷ്ടിക കൊണ്ട് പണിത് ചുമർ തേക്കാതെ നിർത്തിയിരിക്കുന്ന ഭാഗത്തിന് മുകളിലായി താരതമ്യേന തുറസ്സായ തൂണുകൾ നിറഞ്ഞ ഇടമാണ്. അഞ്ച് മണികളുള്ള മേടയുടെ ഏറ്റവും ഉയരമുള്ള ഭാഗം പിരമിഡിന്റെ ആകൃതിയിലാണ്. അതിനും മുകളിൽ കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്ന സ്വർണ്ണനിറം പൂശിയ ഉപകരണം (weatherwane) ഘടിപ്പിച്ചിരിക്കുന്നു. 1514ൽ ആണ് ഇപ്പോൾ കാണുന്ന രൂപത്തിൽ ഈ മണിമേടയുടെ നിർമ്മാണം പൂർത്തിയായത്. 1902ൽ ഇത് നിലംപതിക്കുകയും പിന്നീട് 1912ൽ പുനർനിർമ്മിക്കുകയുമാണുണ്ടായത്.
323 അടി ഉയരമുള്ള ആ മണിമേടയുടെ മുകളിൽ കയറിനോക്കിയാൽ വെനീസിന്റെ നല്ലൊരു ആകാശക്കാഴ്ച്ച തരമാകും. പക്ഷെ മണിക്കൂറുകൾ ക്യൂ നിന്നാലും അതിനകത്തേക്ക് കടക്കാൻ പറ്റില്ലെന്ന് തോന്നിപ്പിക്കുന്ന വിധം വലിയൊരു ജനക്കൂട്ടമായിരുന്നു അവിടെ. കുറച്ചുനേരം, മണിമേടയുടെ മേലേക്ക് കഴുത്തൊടിയുന്ന വിധം മലർന്ന് നോക്കിനിന്ന ശേഷം ഞങ്ങൾ സെന്റ് മാർക്ക്സ് സ്ക്വയറിനോട് വിട പറഞ്ഞ് കെട്ടിടങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങി.
മണിമേടയ്ക്ക് മുകളിൽ കയറാനുള്ള തിരക്ക്. |
സഞ്ചാരികൾ തിങ്ങിനിറഞ്ഞ് നടക്കുന്ന പാതകൾക്കിരുവശവും ചില്ലുകൊണ്ടുണ്ടാക്കിയ കരകൌശല വസ്തുക്കളും ആഭരണങ്ങളും വർണ്ണാഭമായ പൊയ്‌മുഖങ്ങളുമൊക്കെ വിൽക്കുന്ന കടകളുടെ ബാഹുല്യമാണ്. സ്ഫടികത്തിൽ തീർത്ത കൊള്ളാവുന്ന എന്തെങ്കിലുമൊരു കരകൌശല വസ്തു സോവനീറായി വാങ്ങാൻ വേണ്ടി കടകളൊന്നിൽ കയറിയ എനിക്കൊരു അക്കിടി പറ്റി. ബഹുവർണ്ണത്തിലുള്ള നല്ലൊരു ഉരുപ്പടിയെടുത്ത് പരിശോധിക്കുന്നതിനിടയിൽ, ചില്ലിൽ തീർത്ത ഒരു തടിയൻ മോതിരം കൈതട്ടി നിലത്ത് വീണ് ചിന്നിച്ചിതറി. പൊട്ടിത്തകർന്ന ചില്ലു കഷണങ്ങൾക്കിടയിൽ നിന്ന് മോതിരത്തിന്റെ വിലയെഴുതിയ കടലാസ് എന്നെ നോക്കി പല്ലിളിച്ചു. കുപ്പിച്ചില്ലെല്ലാം വാരി പൊതിഞ്ഞ് കെട്ടിത്തന്നു കടയുടമസ്ഥ. അറിയാതെ പൊട്ടിപ്പോയതല്ലേ എന്ന് പരിഗണിച്ച് വിലയിൽ ഒരു യൂറോ പോലും കുറച്ച് തന്നതുമില്ല. 15 യൂറൊ ഒരു കാര്യവുമില്ലാതെ പോയിക്കിട്ടി. മറ്റ് പല യൂറോപ്യൻ നഗരങ്ങളിലേയും പോലെ, വെനീസിലും വിലപേശൽ പോലുള്ള കാര്യങ്ങൾ അസാദ്ധ്യമാണ്. എല്ലാ സാധനങ്ങൾക്കും വില എഴുതി പ്രദർശിപ്പിച്ചിട്ടുണ്ടാകും. വേണമെങ്കിൽ വാങ്ങാം. ആരും നിർബന്ധിക്കുന്നില്ല, മാർക്കറ്റിങ്ങ് നടത്തുന്നുമില്ല.
വൈവിദ്ധ്യമാർന്ന പൊയ്‌മുഖങ്ങൾ. |
ചില്ലുകൊണ്ടുള്ള കരകൌശല വസ്തുക്കൾ. |
കെട്ടിടങ്ങൾക്കിടയിലൂടെയുള്ള പാതയും കടകളും. |
കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ഞങ്ങളുടെ നടത്തം പുരോഗമിച്ചുകൊണ്ടിരുന്നു. പാതകൾ ഇടയ്ക്കിടയ്ക്ക് ചെറിയ ചില സ്ക്വയറുകളിൽ കൊണ്ടെത്തിക്കും, മറ്റ് ചിലപ്പോൾ ചെറുതും വലുതുമായ പാലങ്ങളിലും. താരതമ്യേന നല്ല വീതിയുള്ള കനാലായ ഗ്രാൻഡ് കനാലിലൂടെ മാത്രമാണ് വലിയ ബോട്ടുകളും വാപ്പൊറെറ്റോകളും ഒഴുകി നീങ്ങുന്നത്.
വെനീസിലെ ഒരു കനാൽ ദൃശ്യം. |
ഗ്രാൻഡ് കനാലിൽ എന്നപോലെ തന്നെ, കെട്ടിടങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ഓരോ ചെറിയ തോടുകളിലൂടെയും ഉയരം കുറഞ്ഞ പാലങ്ങൾക്കടിയിലൂടെയും ഗോണ്ടോളാ എന്ന പേരിൽ അറിയപ്പെടുന്ന മനോഹരമായി അലങ്കരിച്ച കൊച്ചു വള്ളങ്ങൾ ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്നു. തുഴക്കാരൻ എഴുന്നേറ്റ് നിന്നാണ് ഗോണ്ടോളയുടെ തുഴയെറിയുന്നത്.
കെട്ടിടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഗോണ്ടോളകൾ. |
ഒരു ഗോണ്ടോളാ സവാരിക്ക് തയ്യാറെടുത്ത്… |
വെനീസ് യാത്രയിൽ എന്തുവിലകൊടുത്തും ചെയ്തിരിക്കണമെന്ന് കരുതിയിരുന്നത് ഒരു ഗോണ്ടോളാ സവാരിയാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. പക്ഷെ വിചാരിച്ചിരുന്നതുപോലെ, എന്തുവിലയും കൊടുക്കാൻ ആവില്ലെന്ന് വൈകിയാണ് ഞങ്ങൾ മനസ്സിലാക്കിയത്.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വെനിസ് കണ്ടു ,കൊട്ടാരവും ദേവാലയവും കണ്ടു ..സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരത്തില്‍ നേരിട്ട് കാണാവുന്നത് ഹൃദ്യമായ വിവരണത്തിലൂടെ ഇവിടെ കണ്ടു …….
മനോജ്, അതി മനോഹരമായ വിവരണം..ഇതിൽ എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത് ചിത്രങ്ങളാണ്..എല്ലാം അതി മനോഹരമാണ്…..പ്രത്യേകിച്ച് സെന്റ്.മാർക്ക് ബസിലിക്കയുടെ മുൻ വശത്തിന്റെ ചിത്രം…. അതു പോലെ മണിമേട..കൊതിപ്പിയ്ക്കുന്ന ചിത്രങ്ങൾ തന്നെ
പ്രാവുകളുടെ ചിത്രങ്ങൾ തന്നെയാണോ, പടം പിടിച്ചപ്പോൾ ഉദ്ദേശീച്ചത് ;))
വെനീസിന്റെ മനോഹരമായ ബാക്കി വിവരണങ്ങൾക്കായി കാത്തിരിയ്ക്കുന്നു…സ്നേഹപൂർവ്വം ഷിബു തോവാള.
ഉദ്ദേശിച്ചത് പ്രാവുകളുടെ ചിത്രം തന്നെ യൂറോപ്പിലൊക്കെ ചെന്ന് പ്രാപ്പിടയന്മാരുടെ ചിത്രം പിടിക്കാനിരുന്നാൽ ഒരു ഹാർഡ് ഡിസ്ക്കും ഒരു ക്യാമറയും മതിയാകില്ല.
ആസ്വദിച്ചു..
മനോജേട്ടാ മനോഹരമായ ചിത്രങ്ങള്., എഴുത്തും. ആ മണിമേട എങ്ങനെ പിടിച്ചെടുത്തു ??
വിവരണവും ചിത്രങ്ങളൂം ഗംഭീരം. ചിലവില്ലതെ വെനിസ് ഒന്നു കറങ്ങിവന്നപോലെ.
വെനീസ് യാത്രയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഒറ്റയടിക്ക് വായിച്ചു തീർത്തു. ഇനി ഗോണ്ടോളാ(കർത്താവേ, അങ്ങനെതന്നെയല്ലേ? :)) സവാരി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു….
ഇനി ഗോണ്ടോളാ വിശേഷങ്ങൾക്കായി ….
ഒറ്റയടിക്ക് രണ്ട് ഭാഗങ്ങളും ഫിനിഷ്ഡ്..അടുത്തത് പോരട്ടെ..!
– ഉടനെ തന്നെ ഒരു വെനീസ് യാത്രയ്ക്ക് കോപ്പുകൂട്ടുന്ന ഒരുവൻ..!!
വെനീസിലെ മരകുറ്റികളിലുയർന്ന കെട്ടിട ചരിത്രം ഇപ്പോഴാണറിയുന്നത് കേട്ടൊ ഭായ്..
എന്നത്തേയും പോലെ മനോജേട്ടന്‍ നന്നായി പറഞ്ഞിരിക്കുന്നു – ഒരു സംശയം..മാഷ് നമ്മുടെ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ ഫോളോ ചെയ്ത് പോയതാണോ? (പുള്ളി കുറെ മുന്പു ആ വഴി പോയിരുന്നു) എന്തായാലും സന്ചാരത്തിന്റെ എപ്പിസോഡുകള്‍ അവസാനിച്ചപ്പോള്‍ ആകെ നിരാശരായിരുന്ന ഞങ്ങള്‍ക്ക് വീണ്ടും ഒരു വെനീസ് അനുഭവം സമ്മാനിച്ചു മാഷിന്റെ പോസ്റ്റ്.
യുറോപ് എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു… വിവരണവും ഫോട്ടോസും വളരെ നന്നായി….
വിലപേശല്‍നെ കുറിച്ച് പറഞ്ഞത് സത്യമാണ്… ഞാനും കണ്ടിട്ടില്ല ഇവിടെ ഒന്നും ആളുകള്‍ വിലപേശുന്നതു… ആരും നിര്‍ബന്ധിക്കുന്നുമില്ലലോ വാങ്ങാന്‍….,…
@ മഞ്ജു – യൂറോപ്പ് മുഴുവൻ വിലപേശൽ ഇല്ല എന്ന് പറയാനാവില്ല. പാരീസിൽ ഈഫൽ ടവറിന് കീഴെ സോവനീർ സാധനങ്ങൾ വിൽക്കാൻ വരുന്നവരോട് വിലപേശൽ നടത്താം; അത് വിജയിക്കുകയും ചെയ്യും. ആ കച്ചവടക്കാർ മിക്കവാറും എല്ലാവരും ഏഷ്യൻ വംശജർ ആണെന്നുള്ളത് ശ്രദ്ധേയമാണ്.
മനോജേട്ടാ എന്നത്തേയും പോലെ ഒട്ടും മുഴിച്ചിലില്ലാതെ വായിച്ചു. മനോഹരമായ ചിത്രങ്ങൾ. സാങ്കേതീകവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ നിർമ്മിച്ച ഈ കെട്ടിടങ്ങൾ കാണുമ്പോൾ (ഇവിടെ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും) അത്ഭുതം തോന്നാറുണ്ട്. യാത്രയുടെ തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. (ഇത്തവണ “സ്ഫടികം” മാത്രം)
നന്ദി മണീ. സ്പടികം സ്ഫടികമാക്കിയിട്ടുണ്ട്
Manojetta,
Anything know about Gundumalai – Valaparai trail through Eravikulam National Park.
I wish to travel in my next vacation.
എൻ.എ. നസീറിനെപ്പോലുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേർസിന്റെ കുറിപ്പുകളിൽ ഈ റൂട്ടിനെപ്പറ്റി ചില പരാമർശങ്ങൾ കണ്ടിട്ടുണ്ടെന്നല്ലാതെ ആ വഴി പോയിട്ടില്ല, കൂടുതലൊന്നും അറിയുകയും ഇല്ല.
ഇതിപ്പോള്‍ വായിച്ചതുകൊണ്ട് ഗോണ്ടോള സവാരിക്കായ് അധികം കാത്തിരിക്കേണ്ടി വരില്ലല്ലോ.