world-war-2

തീരാ വേദനയായി ആൻ ഫ്രാങ്ക് എന്ന പെൺകുട്ടി.


—————————————————

യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ, എന്നിങ്ങനെ കുറച്ച് പേരുടെ മാത്രം തീരുമാനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നത് ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളാണ്. അതിലേറെയും തിരിച്ചറിവില്ലാത്ത കൊച്ചുകുഞ്ഞുങ്ങളാകുമ്പോൾ, യുദ്ധങ്ങൾ മാപ്പർഹിക്കാത്ത നടപടികളായിത്തന്നെ മാറുന്നു.

ഒരു രണ്ടാം ലോക മഹായുദ്ധ ചിത്രം.*

യുദ്ധത്തിന്റെ ഭീകരതകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളവരുടെ ലേഖനങ്ങളും കത്തുകളുമൊക്കെ വായിച്ചറിയാൻ ഒരുപാട് അവസരങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. പക്ഷെ, യുദ്ധക്കെടുതികൾക്കും ക്രൂരതകൾക്കും പാത്രമാകേണ്ടിവന്ന കുട്ടികളുടെ മാനസ്സികാവസ്ഥ മനസ്സിലാക്കാൻ, അവരുടെ വിഷമങ്ങളും വ്യഥകളും നൊമ്പരങ്ങളും അക്ഷരങ്ങളിലൂടെയെങ്കിലും അടുത്തറിയാൻ വളരെക്കുറച്ച് അവസരങ്ങളേ ഉണ്ടായിട്ടുള്ളൂ. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം ആൻ ഫ്രാങ്ക് എന്ന കൌമാരിക്കാരിയുടെ ഡയറിക്കുറിപ്പുകൾക്ക് തന്നെയാകണം. ‘ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ ഒട്ടനവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. യുദ്ധവെറിയന്മാർ എത്ര പേർ അത് വായിച്ചിട്ടുണ്ടോ ആവോ ? കുട്ടികളെ സ്നേഹിക്കുന്ന യുദ്ധത്തെ വെറുക്കുന്ന എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ഡയറിക്കുറിപ്പുകളാണത്.

ആൻ ഫ്രാങ്കും സ്വന്തം കൈപ്പടയും. *

രണ്ടാം ലോക മഹായുദ്ധകാലത്തെ സംഭവമാണ്. അക്കാലത്ത് ഡച്ച് പ്രവാസി ഗവൺ‌മെന്റിലെ ഒരംഗമായ ഗെറിറ്റ് ബോൾക്കെസ്റ്റീൻ ലണ്ടനിൽ നിന്ന് ആഹ്വാനം ചെയ്ത ഒരു റേഡിയോ പ്രക്ഷേപണത്തിൽ, യുദ്ധകാലത്ത് ജർമ്മൻ അധീനതയിൽ തന്റെ നാട്ടുകാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും യാതനകളും കുറിച്ചുവെക്കാൻ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ആൻ ഫ്രാങ്ക് എന്ന 13 വയസ്സുള്ള യഹൂദപ്പെൺകുട്ടി, ‘കിറ്റി‘ എന്ന ഓമനപ്പേരിട്ട് സ്വന്തം സുഹൃത്തിനെപ്പോലെ കരുതിയിരുന്ന തന്റെ ഡയറിയിൽ കുറിച്ചിട്ട അനുഭവങ്ങളാണ് ലോകമനസ്സാക്ഷിയെത്തന്നെ പിടിച്ചുലച്ച ‘The Diary Of a Young Girl’. അത് പക്ഷെ ആൻ ഫ്രാങ്ക് എന്ന കൌമാരക്കാരിയുടെ യാതനക്കുറിപ്പുകൾ മാത്രമാണോ ? തീർച്ചയായും അല്ല. ലോകമെമ്പാടും യുദ്ധക്കെടുതികൾ അനുഭവിക്കുകയും, പക്ഷെ ഒരിടത്തും അതൊന്നും പ്രകടിപ്പിക്കാൻ പോലും പറ്റാതെ പോയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൂട്ടായ രോദനമാണത്.

1942 ജൂൺ 12 മുതൽ 1944 ആഗസ്റ്റ് 1 വരെയുള്ള ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആംസ്റ്റർഡാമിലെ ഒരു കെട്ടിടത്തിന്റെ മുകൾഭാഗത്തെ നിലകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇക്കാലയളവിൽ ആൻ ഫ്രാങ്കും കുടുംബവും കുടുംബസുഹൃത്തുക്കളും.

ആൻ ഫ്രാങ്ക് ഭവനം. *

കനാൽ ബസ്സിൽ രാവിലെ മുതലുള്ള ഞങ്ങളുടെ സവാരിയിൽ ഒരു കാര്യം ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ആൻ ഫ്രാങ്ക് ഒളിവിൽ കഴിഞ്ഞിരുന്നു ആ ഭവനത്തിലേക്ക്, ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് 3 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. ഹോളണ്ടിലേക്കുള്ള യാത്രയിൽ മറ്റൊരിടവും സന്ദർശിച്ചില്ലെങ്കിലും പോകണമെന്ന് ഞങ്ങൾ കരുതിയിരിക്കുന്നത് ഒരു മ്യൂസിയമായി മാറ്റിയിരിക്കുന്ന ഈ വീടാണ്. അവിടെ കൂടുതൽ സമയം ചിലവഴിക്കണമെന്നും തീരുമാനിച്ചിട്ടുള്ളതാണ്. വൈകുന്നേരം സമയം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം രാവിലെ എന്നതാണ് പദ്ധതി. വാൻ ഗോഗ് മ്യൂസിയത്തിൽ നിന്നിറങ്ങിയപ്പോൾ ആൻ ഫ്രാങ്ക് ഭവനം കൂടെ സന്ദർശിക്കാനുള്ള സമയം ബാക്കിയുണ്ടെന്ന് തോന്നിയതുകൊണ്ട് ഞങ്ങൾ നേരെ ഹോട്ടലിലേക്ക് മടങ്ങി. മുറിയിൽക്കയറി ഒന്ന് ഫ്രെഷ് ആയി. വീണ്ടും തെരുവിലിറങ്ങി കനാൽ മുറിച്ചുകടന്ന് ക്ഷണനേരം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി.

ആൻ ഫ്രാങ്ക് ഭവനം – കനാനിൽ നിന്ന് ഒരു ദൃശ്യം.

രണ്ടാൾക്ക് 17 യൂറോ പ്രവേശനഫീസ് കൊടുത്ത് ഞങ്ങൾ കെട്ടിടത്തിനകത്തേക്ക് കടന്നു. ഈ മ്യൂസിയം ഡച്ച് സർക്കാരിന്റെ കീഴിലുള്ളതല്ല. ആൻ ഫ്രാങ്ക് സൊസൈറ്റിയുടെ വ്യക്തിഗത ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണിത് നടന്നുപോകുന്നത്. മ്യൂസിയത്തിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല എന്നത് നിരാശാജനകമാണ്.

ഒളിവിൽക്കഴിഞ്ഞിരുന്ന കാലത്ത് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആൻ ഫ്രാങ്കിന്റെ പിതാവായ ഓട്ടോ ഫ്രാങ്കിന്റെ ഓഫീസും വെയർ ഹൌസുമൊക്കെ ആയിരുന്നു. Miep Gies എന്ന സ്ത്രീയുടെ സഹായത്തോടെ കെട്ടിടത്തിന്റെ മുകൾ നിലകളിൽ 8 പേർ (1. Otto Frank, 2. Edith Frank, 3. Margot Frank, 4. Anne Frank, 5. Hermann Vanpels, 6. Fritz Pfeffer, 7. Auguste Van Pels, 8. Peter Van Pels.) ഒളിവിൽ കഴിഞ്ഞുകൂടി.

പിന്നീട് എല്ലാവരും പിടികൂടപ്പെട്ടപ്പോൾ ആൻ ഫ്രാങ്കിന്റെ ഡയറി സുരക്ഷിതമായി സൂക്ഷിച്ചതും Miep Gies തന്നെയാണ്. അവരുടെ ടൈപ്പ് റൈറ്റർ അടക്കമുള്ള വസ്തുക്കൾ ഇന്ന് മ്യൂസിയത്തിന്റെ ഭാഗമാണ്. ഇപ്പോൾ ഈ കെട്ടിടത്തിന് ഒരുപാട് നവീകരണമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരുന്ന മുറികളും മറ്റും പഴയ പടിതന്നെ സംരക്ഷിച്ചിട്ടുണ്ട്. കുത്തനെയുള്ള മരപ്പടികളിലൂടെയാണ് മൂന്നാം നിലയിലേക്ക് പ്രവേശിക്കേണ്ടത്. ഫയലുകളും പുസ്തകങ്ങളും വെച്ചിരിക്കുന്ന ഒരാൾപ്പൊക്കത്തിലുള്ള ഒരു അലമാരയ്ക്ക് പിന്നിലൂടെയാണ് ഒളിസങ്കേതത്തിലേക്കുള്ള വഴി. ഒറ്റയടിക്ക് നോക്കിയാലോ, കുറച്ചധികം ശ്രദ്ധിച്ച് നോക്കിയാൽത്തന്നെയോ ആ അലമാരയ്ക്ക് പിന്നിൽ ഒരു രഹസ്യകവാടമാണെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. (ഈ വീഡിയോ കാണുക.)

അലമാരയ്ക്ക് പിന്നിലൂടെ രഹസ്യ വഴി. *

അലമാരിക്ക് പിന്നിലേക്ക് കടന്നാൽ 8 പേർ ഒരുപാട് കാലം ഒച്ചയും അനക്കവും ഇല്ലാതെ കഴിഞ്ഞുകൂടിയിരുന്ന മുറികൾ, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെ എല്ലാ സജ്ജീകരങ്ങളും കാണാം. കാൽ‌പ്പെരുമാറ്റം പോലും കേൾപ്പിക്കാതെ അതിനകത്ത് കഴിഞ്ഞുകൂടിയിരുന്ന ആ ദിവസങ്ങളെപ്പറ്റി വിശദമായിത്തന്നെ ആൻ ഫ്രാങ്ക് തന്റെ ഡയറിയിൽ പറയുന്നുണ്ട്. സൈക്കിൾ ചവിട്ടി നടക്കാനും കൂട്ടുകാർക്കൊപ്പം പാർക്കിൽ പോകാനുമൊക്കെ ആഗ്രഹിക്കുന്ന ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക്, എത്ര വിരസമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശുദ്ധവായും ശ്വസിക്കാനും വൃക്ഷത്തലപ്പുകൾ കാണാനും മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളെ കാണാനുമൊക്കെ പാത്തും പതുങ്ങിയും കെട്ടിടത്തിന്റെ മച്ചിനെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനിടയ്ക്ക് തെരുവിൽ രണ്ട് ജ്യൂതന്മാരെ പട്ടാളക്കാർ ഭേദ്യം ചെയ്യുന്നത് ജനാലയിലൂടെ അവൾ കാണുന്നുണ്ട്. ആ ജനാലകളൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

ഒരുപാട് സ്വപ്നങ്ങളാണ് അവളെ മുന്നോട്ട് നയിക്കുന്നത്. 1943 ഡിസംബർ 24ന്റെ ഡയറിത്താളിൽ ആൻ ഫ്രാങ്ക് ഇങ്ങനെ എഴുതിയിരിക്കുന്നു.

“എനിക്ക് സൈക്കിൾ ചവിട്ടണം, നൃത്തം ചെയ്യണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്ര്യവും അനുഭവിക്കണം”

1944 ഏപ്രിൽ 5 ന്റെ പേജിലെ വരികൾ ഇങ്ങനെ……

“എഴുതാൻ സാധിച്ചാൽ എനിക്ക് മറ്റെല്ലാം മറക്കാനാവുന്നു. എന്റെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുന്നു, ധൈര്യം പുനഃർജനിക്കുന്നു. “

ഉള്ളിലടക്കിപ്പിടിച്ച നീറ്റലാണ് വരികളായി പുറത്ത് വരുന്നതെന്ന് മനസ്സിലാക്കുമ്പോൾ ഏതൊരു വായനക്കാരന്റേയും സന്ദർശകന്റേയും ഹൃദയം ആർദ്രമാകുന്നു. കിടപ്പുമുറിയുടെ ചുമരുകളിൽ പുസ്തകങ്ങളിൽ നിന്നും മറ്റും വെട്ടിയെടുത്ത് ആൻ ഫ്രാങ്കും സഹോദരി മാർഗോട്ട് ഫ്രാങ്കും ഒട്ടിച്ച ചിത്രങ്ങൾ ചിലതുണ്ട്. അതിലൂടെ വിരലോടിച്ചുകൊണ്ട് ചെവിയോർത്താൽ ആ കുഞ്ഞുമനസ്സുകളുടെ തേങ്ങൽ കേട്ടെന്ന് വരാം.

കിടക്കമുറിയും ചുമരിൽ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങളും. *

“ ഇങ്ങനെയൊക്കെ ആണെങ്കിലും ജനങ്ങൾ ശരിക്കും മനസ്സിൽ നന്മയുള്ളവരാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. എനിക്കെന്റെ പ്രതീക്ഷകൾ ചിന്താക്കുഴപ്പത്തിന്റേയും അസന്തുഷ്ടിയുടേയും മരണത്തിന്റേയും തറക്കല്ലിൽ നിന്ന് കെട്ടിപ്പൊക്കാനാവില്ല. “ അവളുടെ പ്രതീക്ഷകൾ അങ്ങനെയങ്ങനെ നീണ്ടുപോകുകയും ആ കൊച്ചു ഡയറിയിൽ മാത്രമായി ഒതുങ്ങപ്പെടുകയും ചെയ്തു. കാലം പിന്നീട് ആ വരികളൊക്കെയും ഏറ്റെടുക്കും എന്നവൾ മനസ്സിലാക്കിയിട്ടുണ്ടാകുമോ ആവോ ?

കിറ്റി എന്ന ഡയറി. *

ചതുര ഡിസൈനിൽ പിങ്ക് നിറത്തിലുള്ള കിറ്റി എന്ന ഡയറി തന്നെയാണ് മ്യൂസിയത്തിനകത്തെ പ്രധാന ആകർഷണം. പിടിക്കപ്പെട്ട് ജർമ്മനിയിലെ ബെർജൻ ബെൽ‌സൺ കോൺസൻ‌ട്രേഷൻ ക്യാമ്പിൽ എത്തപ്പെട്ട ആൻ ഫ്രാങ്ക് 1945 മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ടൈഫസ് രോഗം വന്ന് മരണമടഞ്ഞു.

ആനിന്റേയും മാർഗോട്ടിന്റേയും അന്ത്യവിശ്രമസ്ഥലം. *

പിതാവായ ഓട്ടോ ഫാങ്ക് രക്ഷപ്പെട്ടു. പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് അദ്ദേഹം മകളുടെ ഡയറി വായിക്കാൻ ഇടയാകുന്നത്. അദ്ദേഹത്തിന്റെ കിടയ്ക്കയ്ക്ക് അരുകിലുള്ള ഒരു പെട്ടിയിലാണ് ആൻ ഫ്രാങ്ക് ഡയറി സൂക്ഷിച്ചിരുന്നത്. അതൊരിക്കലും എടുക്കരുതെന്നും വായിക്കരുതെന്നും അവൾ പിതാവിനോട് ആവശ്യപ്പെടുകയും അദ്ദേഹമത് അതേപടി അനുസരിക്കുകയും ചെയ്തുപോന്നു. മകളുടെ മരണശേഷം ആ ഡയറി വായിക്കാൻ ഇടയായ മനുഷ്യന്റെ അപ്പോളത്തെ മനസ്സികാവസ്ഥ സങ്കൽ‌പ്പിക്കാൻ പോലും ആർക്കുമാകില്ല.

“ മാതാപിതാക്കൾ ആരും സ്വന്തം കുട്ടികളെ ശരിക്കും മനസ്സിലാക്കുന്നില്ല “ ഓട്ടോ ഫ്രാങ്ക് പറയുന്നു.

ശരിയാണോ? ….. ശരിയല്ലേ ? …….

അപ്പറഞ്ഞത് എന്റെ കാര്യത്തിൽ, ഒരു മകനെന്നെ നിലയ്ക്കല്ലെങ്കിലും, പിതാവെന്ന അർത്ഥത്തിൽ ശരിയാകാനേ തരമുള്ളൂ. നേഹ കൂടെയില്ല; അവളിപ്പോൾ എന്തുചെയ്യുകയാവും ? മനസ്സ് പെട്ടെന്ന് ടിക്കറ്റും പാർപ്പോർട്ടും എമിഗ്രേഷൻ കടമ്പകളൊന്നും ഇല്ലാതെ പിടിവിട്ട് അവൾക്കടുത്തേക്ക് പാഞ്ഞു. കെട്ടിടത്തിനകത്തെ കാഴ്ച്ചകൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും ശോകമൂകരായിരുന്നു. ആകെയൊരു മ്ലാനത. നെഞ്ചിൽ കനത്തത് എന്തോ ഒന്ന് കയറ്റി വെച്ചതുപോലെ.

മെമ്മോറിയൽ പുസ്തകത്തിൽ, ഹോളണ്ടിൽ നിന്ന് നാടുകടത്തപ്പെട്ട് നാസി കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലും മറ്റ് പീഢന കേന്ദ്രങ്ങളിലും വെച്ച് കൊല്ലപ്പെട്ട 103000 ൽ‌പ്പരം ജ്യൂതന്മാരുടെ പേരുകളുണ്ട്. ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയവർ കുട്ടികളെപ്പോലും ബാക്കി വെച്ചില്ല. യുദ്ധം, യുദ്ധമൊന്ന് മാത്രമാണ് ഒക്കെയും വരുത്തിവെച്ചത്. കഠിനഹൃദയനായ ഏതൊരു യുദ്ധക്കൊതിയൻ പോലും യുദ്ധത്തെ വെറുത്തുകൊണ്ടായിരിക്കും ആ കെട്ടിടത്തിൽ നിന്ന് വെളിയിൽ വരുക എന്നാണെനിക്ക് തോന്നിയത്. കൊല്ലാകൊല്ലം പതിനായിരക്കണക്കിന് ജനങ്ങളാണ് ആൻ ഫ്രാങ്കിന്റെ ഭവനത്തിലേക്ക് ചെന്നെത്തുന്നത്. 1960 മുതൽക്ക് ഇന്നുവരെ, 15 ലക്ഷത്തിലധികം പേർ സന്ദർശിച്ചെന്നാണ് കണക്കുകൾ. അതിൽ 90 % ജനങ്ങളും വിദേശികൾ തന്നെ. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകമെമ്പാടും വായിക്കപ്പെടുകയും സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാകുന്നതുമൊക്കെയാണ് അവളുടെ വീട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഓരോ കൊല്ലവും കൂടിക്കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങൾ.

സോവനീറായി എന്തെങ്കിലുമൊന്ന് വാങ്ങാതെ അവിടന്ന് മടങ്ങാനാവില്ലെന്ന് ഉറപ്പായിരുന്നു. 10 യൂറോ കൊടുത്ത് ആൻ ഫ്രാങ്കിന്റെ പുസ്തകം തന്നെ വാങ്ങി. അവളുടെ വീട്ടിൽ നിന്ന് വാങ്ങാനാവുന്ന ഏറ്റവും വലിയ ഓർമ്മവസ്തു അതുതന്നെയാണ്. കൂടെ സൌജന്യമായി കിട്ടിയ ബുക്ക് മാർക്കിൽ ‘കിറ്റി’യുടെ പടവും വീടിന്റെ പടവുമുണ്ട്. ഗസ്റ്റ് ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തി ഞങ്ങൾ ഒളിത്താവളത്തിന് വെളിയിൽ കടന്നു.

സോവനീർ പുസ്തകവും സൌജന്യ ബുക്ക് മാർക്കും.

ശരിക്കും ഇരുട്ട് പരന്നിരിക്കുന്നു. അത്രയ്ക്കൊന്നും പരിചയമില്ലാത്ത വഴികളിലൂടെ അത്താഴം കഴിക്കാൻ ഭോജനശാലകളിൽ ഒന്നിലേക്ക് നടക്കുമ്പോൾ കഴിഞ്ഞ ദിവസത്തേതുപോലെ പരിഭ്രമമൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഒരേ സമയം രണ്ട് വേദനകൾ ഉണ്ടെങ്കിൽ അതിലെ ഏറ്റവും വലിയ വേദന മാത്രമേ അനുഭവപ്പെടൂ എന്ന് കേട്ടിരിക്കുന്നത് എത്ര ശരിയാണ്. ആൻ ഫ്രാങ്കിനെപ്പറ്റിയുള്ള വേദന മറ്റെല്ലാം മറക്കാൻ പോന്ന വേദന തന്നെ. തലേന്ന് അത്താഴം കഴിച്ച തെരുവിൽ നിന്നുതന്നെ ഭക്ഷണം കഴിച്ചെന്ന് വരുത്തി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. കലങ്ങിയ മനസ്സുമായാണ് ആ രാത്രി കടന്നുപോയത്.

2009 ജൂലായ് 11. ഇന്ന് നെതർലാൻ‌ഡ്‌സിലെ അവസാന ദിവസമാണ്. കാഴ്ച്ചകൾ ഒരുപാട് ബാക്കിയിട്ടുകൊണ്ടുള്ള മടക്കയാത്രയാണ്. എന്നാലും ഹോളണ്ടിൽ വന്നതിന്റെ പ്രധാന ഉദ്ദേശമായ ആൻ ഫ്രാങ്ക് ഭവനം കണ്ടിരിക്കുന്നു. തൽക്കാലം അതൊന്ന് മാത്രമായാലും യാത്രാലക്ഷ്യം സഫലമായിരിക്കുന്നു.

ഉച്ചവരെ സമയം ബാക്കിയുണ്ട്. തൊട്ടടുത്ത് തന്നെയാണ് ഡാം സ്ക്വയർ. കുറച്ച് തുറസ്സായ ഒരിടം, ചുറ്റും പ്രൌഢഗംഭീരമായ കെട്ടിടങ്ങൾ. ആംസ്റ്റർഡാം റോയൽ പാലസ്, കെമ്പൻസ്‌കി ഹോട്ടൽ, ഗോത്തിൿ ചർച്ച്,  മാഡം ടുസോട്ട് മ്യൂസിയം എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു ഡാം സ്ക്വയർ. ഇത്തരം സ്ഥലങ്ങളിൽ എവിടെയും കാണുന്നത് പോലെ നിറയെ പ്രാവുകൾ പറന്നു നടക്കുന്നു. പക്ഷികൾക്ക് തീറ്റകൊടുത്തും അല്ലാതെയുമൊക്കെയായി സഞ്ചാരികളും പൊതുജനങ്ങളുമൊക്കെ തടിച്ച് കൂടുന്ന ഒരിടമാണ് ഡാം സ്ക്വയർ. ഇക്കാരണങ്ങൾ ഒക്കെക്കൊണ്ടുതന്നെ പല പൊതുപരിപാടികളും ഇവിടെ വെച്ച് നടത്തപ്പെടുന്നു.

ഒബാമയാണ് മെഴുക് പ്രതിമകൾക്ക് പേരുകേട്ട ടുസോട്ട് മ്യൂസിയത്തിലെ പുതിയ ആകർഷണം. ലണ്ടനിലെ മാഡം ടുസോട്ട് മ്യൂസിയത്തിൽ കയറി സകലമാന ലോകനേതാക്കളേയും സെലിബ്രിറ്റികളേയും കണ്ടിട്ടുള്ളതുകൊണ്ട് ഇതിനകത്ത് കയറാൻ മിനക്കെട്ടില്ല, മാത്രമല്ല മ്യൂസിയം തുറന്നിട്ടുമില്ല. ചില്ലുകളിലൂടെ ഒബാമയേയും എബ്രഹാം ലിങ്കനേയും ജനിഫർ ലോപ്പസിനേയുമൊക്കെ നോക്കിക്കണ്ടു.

മാഡം ടുസോട്ട് മ്യൂസിയം – ഒരു കണ്ണാടിക്കാഴ്ച്ച.

ഡാം സ്ക്വയറിന്റെ ഒരു ഭാഗത്തായിട്ടാണ് ദേശീയ സ്മാരകം (National Monument) സ്ഥാപിച്ചിരിക്കുന്നത്. വെളുത്ത കല്ലിൽ തീർത്തിട്ടുള്ള ഒരു സ്തൂപമാണത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരുടെ ഓർമ്മയ്ക്കായി 1956ൽ ആണ് ഈ സ്മാരകം സ്ഥാപിച്ചത്. സ്തൂപത്തിന് അൽ‌പ്പം മാറി ഇരുവശത്തുമായി വലിയ രണ്ട് സിംഹപ്രതിമകൾ.

ഡാം സ്ക്വയർ. നടുക്ക് ദേശീയ സ്മാരകം.

1945 മെയ് 7ന്, ജർമ്മൻ പട ചില നിബന്ധനകളോടെ കീഴടങ്ങിയതിന് പിന്നാലെ, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ നടന്ന ഒരു വെടിവെപ്പിന്റെ ഒരു കറുത്ത ചരിത്രമുണ്ട് ഡാം സ്ക്വയറിന്. സ്വാതന്ത്ര്യം ആഘോഷിക്കാൻ തടിച്ചുകൂടി ആർപ്പുവിളിച്ചും ബഹളം വെച്ചും നൃത്തം ചവിട്ടിയുമൊക്കെ നിന്നിരുന്ന ആയിരക്കണക്കിന് ഡച്ച് ജനങ്ങൾക്ക് നേരെ ജർമ്മൻ നേവിയുടെ ചില പട്ടാളക്കാർ പ്രേരണയൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ പട്ടാളക്കാർ മദ്യപിച്ചിരുന്നു എന്നും, വെടിവെപ്പിന് തൊട്ട് മുന്നേ രണ്ട് ജർമ്മൻ പട്ടാളക്കാർ തെരുവിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെന്നും, അതാകാം വെടിവെപ്പിന് കാരണമെന്നും ഒക്കെ ഊഹാപോഹങ്ങളല്ലാതെ കൃത്യമായ കാരണമൊന്നും ഇന്നും ലഭ്യമല്ല. 22 ഓളം പേർ വെടിവെപ്പിൽ മരണമടയുകയും  119 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡാം സ്ക്വയറിലെ മാഡം ടുസോട്ട് മ്യൂസിയം.
റോയൽ പാലസും ഗോത്തിൿ ചർച്ചും.

ഡാം സ്ക്വയറിന്റെ ഒരു മൂലയ്ക്കായി അശ്വാരൂഢരായും സൈക്കിളിലുമൊക്കെയായി പൊലീസുകാർ നിലയുറപ്പിച്ചിട്ടുണ്ട്. അൽ‌പ്പം കൂടെ അടുത്തേക്ക് ചെന്ന്; ഞാൻ അവരുടെ ഒന്നുരണ്ട് ചിത്രങ്ങളെടുത്തു. ട്രാമുകളും കാറുകളും സൈക്കിളുകളുമൊക്കെയായി ഒരുപാട് വാഹനങ്ങൾ ഡാം സ്ക്വയറിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും എങ്ങും തിരക്കോ ട്രാഫിൿ ബ്ലോക്കോ ഉണ്ടാകുന്നതേയില്ല.

കുതിരപ്പുറത്തും സൈക്കിളിലുമായി പൊലീസുകാർ.

ഹോളണ്ടിലെ പ്രസിദ്ധയായ ഒരു മോഡൽ വനിതയാണെന്ന് തോന്നുന്നു, ഒരു വാനിൽ ക്യാമറാക്കാരുടേയും മേക്കപ്പ് സഹായികളുടെയുമൊക്കെ അകമ്പടിയോടെ വന്നിറങ്ങി. കാലിൽ നീളമുള്ള തുകൽച്ചെരുപ്പുകൾ അണിഞ്ഞുകഴിഞ്ഞപ്പോൾ അവരെ എല്ലാവരും ചേർന്ന് സിംഹപ്രതിമയുടെ മുകളിലേക്ക് പൊക്കിവെച്ചു. ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന സുന്ദരിയുടെ ചിത്രങ്ങൾ ക്യാമറയിലേക്ക് പകർത്താനായി ശരീരം വളച്ച് പുളച്ച് ക്യാമറാമാന്റെ കഷ്ടപ്പാട് തുടങ്ങി.

ഡാം സ്ക്വയാറിൽ ഒരു ഫോട്ടോ ഷൂട്ട്

രാവിലത്തെ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ഏതെങ്കിലും കണ്ടുപിടിക്കാനായി ഞങ്ങൾ ഡാം സ്ക്വയറിൽ നിന്നും നടന്നു നീങ്ങി. സെൻ‌ട്രൻ സ്റ്റേഷനിലേക്ക് പോകുന്ന തെരുവിൽ സാമാന്യം വലിയൊരു ബേക്കറിയിൽ വൈവിദ്ധ്യമാർന്ന ബ്രഡ്ഡുകൾ നിരത്തിയിരിക്കുന്നു. ഇത്രയധികം വ്യത്യസ്ഥമായ ബ്രെഡ്ഡുകളോ ? പ്രാതൽ, ബ്രെഡ്ഡിലും ജ്യൂസിലും ഒതുങ്ങി. കാണാൻ നല്ല ഭംഗി എന്നതുപോലെ തന്നെ രുചികരമായിരുന്നു ആ ബ്രെഡ്ഡുകൾ.

വിവിധതരം ബ്രഡുകൾ.

തൊട്ടടുത്ത് കണ്ട ഗിഫ്റ്റ് ഷോപ്പിൽ നിന്ന് നേഹയ്ക്ക് വേണ്ടി ചെറിയ സമ്മാനം ഒരെണ്ണം വാങ്ങിയപ്പോൾ അത് ടുളിപ്പ് പുഷ്പങ്ങളുടെ ആകൃതിയിലുള്ളത് തന്നെയാകാൻ ശ്രദ്ധിച്ചു. നെതർലാൻ‌ഡ്സിലെ പ്രധാന ആകർഷണമാണ് ടുളിപ്പ് പാടങ്ങൾ. എത്രയോ സിനിമകളിലും പോസ്റ്ററുകളിലുമായി കൊതിപ്പിച്ചിട്ടുണ്ട് കാർപ്പറ്റ് വിരിച്ചത് പോലെ പൂത്ത് നിൽക്കുന്ന ടുളിപ്പ് പൂക്കൾ. സീസൺ കഴിഞ്ഞതുകൊണ്ട് അത്തരമൊരു പൂന്തോട്ടം കാണാൻ ഞങ്ങൾക്കായില്ല. നഷ്ടപ്പെട്ട കാഴ്ച്ചകളുടെ കൂട്ടത്തിൽ മരം കൊണ്ടുള്ള ചെരുപ്പ് ഉണ്ടാക്കുന്ന ഫാൿടറികളിലേക്കുള്ള സന്ദർശനവും Madurodam ലുള്ള മിനിയേച്ചർ നഗരവുമൊക്കെ പെടും. 1:25 എന്ന അനുപാതത്തിൽ ഹോളണ്ടിലെ പ്രമുഖ കെട്ടിടങ്ങളും സ്ഥലങ്ങളുമൊക്കെ ഉണ്ടാക്കിവെച്ചിരിക്കുന്നത് അവിടെയാണ്. ഹോളണ്ടിലേക്ക് ഒന്നോ അതിലധികമോ പ്രാവശ്യം വീണ്ടും വരാനുള്ള കാരണങ്ങൾ ഞാനിപ്പോഴേ കണ്ടുവെച്ചിട്ടുണ്ട്.

അൽ‌പ്പം കൂടെ മുന്നോട്ട് നടന്നപ്പോൾ കണ്ടത് ‘സെക്സ് മ്യൂസിയം‘ എന്ന ബോർഡ്. ധൈര്യമില്ലാതെ പോയതുകൊണ്ട് റെഡ് ഡിസ്‌ട്രിൿറ്റിലെ കാഴ്ച്ചകൾ ഒന്നും തന്നെ ഇന്നലെ തരമായില്ലല്ലോ. എന്നാൽ‌പ്പിന്നെ സെക്സ് മ്യൂസിയത്തിലെങ്കിലും കയറി സമാധാനിക്കാം എന്ന ചിന്തയിൽ, 3 യൂറോയുടെ ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. റെഡ് ഡിസ്‌ട്രിൿറ്റ് തെരുവിന്റെ ഒരു മാതൃക തന്നെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാം യന്ത്രസഹായത്താൽ അനങ്ങുന്ന ആണിന്റേയും പെണ്ണിന്റേയുമൊക്കെ പാവകളാണ്. നിനച്ചിരിക്കാതെ അവറ്റകൾ വസ്ത്രങ്ങൾ ഉരിഞ്ഞ് കാണിക്കുന്നു, വികൃതശബ്ദങ്ങൾ ഉണ്ടാക്കുന്നു. കുറേക്കൂടെ ക്ലാസ്സിൿ ആയിട്ടുള്ളത് എന്തോ പ്രദർശിപ്പിക്കുമെന്നാണ് കരുതിയത് എന്ന് മുഴങ്ങോടിക്കാരിയുടെ പരാതി.

സെക്സ് മ്യൂസിയത്തിന്റെ കവാടം.

വാത്സ്യായനന്റേയും ചൈനീസ് കാമസൂത്രത്തിൽ നിന്നുമൊക്കെയുള്ള രംഗങ്ങൾ, ലൈംഗികാവയവങ്ങളുടെ ഭീമാകാരമായ രൂപങ്ങൾ, ദേവേന്ദ്രന് ശാപമേറ്റപ്പോൾ മേലാസകലം ലിംഗങ്ങൾ മുളച്ചുവന്ന കഥയെ അനുസ്മരിപ്പിക്കുന്ന ലിംഗങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കിയ പാത്രങ്ങൾ, ടെലിഫോൺ സെക്സിന്റെ മാതൃകകൾ, എന്നിങ്ങനെ ഒരുപാടുണ്ട് സെക്സ് മ്യൂസിയത്തിനകത്തെ കാഴ്‌ച്ചകൾ. ഒരു വാതിലിന്റെ വശങ്ങളിലായി വെച്ചിരിക്കുന്നത് ഒരാൾപ്പൊക്കത്തിലുള്ള രണ്ട് ലിംഗങ്ങളാണ്. സെക്സ് എന്ന് പറഞ്ഞാൽ, മർലിൻ മൺ‌റോയെ ഒഴിവാക്കാൻ പറ്റില്ല എന്ന് എല്ലാവർക്കും എന്തോ നിർബന്ധമുള്ളത് പോലെ. ഉടുപ്പ് പാറിപ്പറക്കുമ്പോൾ താഴേക്ക് പിടിച്ചിടുന്ന മൺ‌റോയുടെ ക്ലാസിക്ക് പ്രതിമ ഇതിനകത്തുമുണ്ട്.

മ്യൂസിയത്തിനകത്ത് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു അർദ്ധനഗ്നരൂപം ഹോളണ്ടിൽ ജനിച്ച Margareta Geertruida Zelle എന്ന മാതാ ഹരിയുടേതാണ്.  നഗ്നനൃത്തം അല്ലെങ്കിൽ ട്രിപ്പ് റ്റീസ് (Strip Tease) പബ്ലിക്കായിട്ട് ചെയ്ത ആദ്യത്തെ സ്ത്രീ മാതാ ഹരിയാണെന്നാണ് കരുതപ്പെടുന്നത്. താനൊരു ഇന്ത്യക്കാരിയാണെന്ന് പ്രചരിപ്പിച്ചും മാതാ ഹരി ജീവിച്ചുപോന്നിട്ടുണ്ട്.

മ്യൂസിയത്തിനകത്തെ മാതാ ഹരി.

യൂണിഫോമിനോടും യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥരോടും മാതാ ഹരിക്ക് വലിയ അഭിനിവേശമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് മുന്നുള്ള കുറച്ച് കാലം ജർമ്മനിയിൽ ചിലവഴിച്ച മാതാ ഹരി ജർമ്മൻ ചാരവനിത ആണെന്ന് ഫ്രാൻസും ബ്രിട്ടണും സംശയിച്ചു. ഫ്രാൻസിന് വേണ്ടിയും മാതാ ഹരി ചാരപ്രവർത്തനം നടത്തിയിട്ടുണ്ട്. പിന്നീട് മാതാ ഹരി, ജർമ്മൻ ഡബിൾ ഏജന്റ് ആയി കണക്കാക്കപ്പെട്ടു. എന്തായാലും 41 കൊല്ലം മാത്രമാണ്, യൂറോപ്പിലെ ഒട്ടനേകം സമ്പന്നന്മാരുടേടേയും സൈനിക ഉദ്യോഗസ്ഥന്മാരുടേയും കിടക്കറ പങ്കിട്ട മാതാ ഹരിക്ക് ആയുസ്സുണ്ടായിരുന്നത്. 1917 ഒൿടോബർ 15ന് ചാരപ്രവർത്തനങ്ങളുടെ പേരിൽ മാതാഹരിയെ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. വെടിയുതിർക്കപ്പെടുമ്പോൾ കണ്ണുകൾ അടച്ചുകെട്ടാൻ ധീരയായ മാതാ ഹരി കൂട്ടാക്കിയില്ല; അർദ്ധനഗ്നയായിത്തന്നെ തോക്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുകയും ചെയ്തു.

മ്യൂസിയത്തിനകത്തെ ചുവന്ന ജില്ലയുടെ കവാടം.

ഉച്ചയ്ക്ക് 2 മണിക്ക് ലന്തക്കാരോട് വിടപറഞ്ഞ് പറന്ന് പൊങ്ങാനുള്ളതാണ്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാനുള്ള സമയമാകുന്നു. ആംസ്റ്റർഡാമിൽ 6 % സിറ്റി ടാക്സ് കൂടെ നൽകണമത്രേ ! ആ വകയിൽ 6 യൂറോ പ്രതീക്ഷിക്കാത്ത ചിലവായി. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് സെൻ‌ട്രൽ സ്റ്റേഷനിലേക്ക് നടന്നു. 2 മിനിറ്റിനകം തീവണ്ടിയിൽ കയറിപ്പറ്റുകയും ചെയ്തു.  ഉച്ചഭക്ഷണമായി പൈയും ഹൈനിക്കൻ ബിയറും തീവണ്ടിയിലിരുന്ന് തന്നെ അകത്താക്കി.

മ്യൂസിയത്തിനകത്തെ ചുവന്ന ജില്ലയിൽ.

അധികം തിരക്കൊന്നുമില്ലാത്ത വിമാനത്താവളം. അകത്തെ ചുമർച്ചില്ലുകളിൽ ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ അതിമനോഹരമാണ്. നീളമുള്ള എസ്ക്കലേറ്റർ ബെൽറ്റിലൂടെ അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാം.

ആംസ്റ്റർഡാം എയർപ്പോർട്ടിലെ ഗ്ലാസ് പെയിന്റിങ്ങുകൾ.

കിഴക്കിന്റെ വെനീസായ ആലപ്പുഴയാണല്ലോ നമ്മൾ മലയാളികൾക്ക് ഏറ്റവും പരിചയമുള്ള ഒരു സ്ഥലം. ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ സാക്ഷാൽ പടിഞ്ഞാറൻ വെനീസ് തന്നെയാണ്. വെനീസിനെക്കുറിച്ചുള്ള ചിന്തകൾക്കാണോ, അതോ കാര്യമായിട്ടൊന്നും കണ്ടുതീർക്കാത്ത നെതർലാൻഡ്‌സിനെക്കുറിച്ചുമുള്ള ചിന്തകൾക്കാണോ ഊന്നൽ നൽകേണ്ടതെന്ന കാര്യത്തിൽ അൽ‌പ്പം പോലും സംശയമില്ല.

കാരണം, അതിനേക്കാൾ വലിയൊരു പ്രശ്നം പൊന്തിവന്നിരിക്കുന്നു. നല്ല ഒന്നാന്തരം കാല് വേദന. അഞ്ച് ദിവസമായി യാത്ര തുടങ്ങിയിട്ട്. പോരാത്തതിന്, കഴിഞ്ഞ രണ്ട് ദിവസമായി ആംസ്റ്റർഡാം തെരുവുകളിലൂടെ തെണ്ടി നടന്നതിന് കൈയ്യും കണക്കുമില്ല.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
* – ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ. (Courtesy – Google)

Comments

comments

16 thoughts on “ തീരാ വേദനയായി ആൻ ഫ്രാങ്ക് എന്ന പെൺകുട്ടി.

 1. ആന്‍ഫ്രാങ്കിനെ ഓര്‍മ്മിപ്പിച്ചത് നന്നായി. വളരെ നാളുകളായി വായിക്കണമെന്ന് കരുതിയെങ്കിലും കൈയില്‍ തടഞ്ഞിട്ടും എന്തുകൊണ്ടോ വിട്ടുകളഞ്ഞതാണ് ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍. ഇനിയിപ്പോള്‍ അത് വായിക്കണം. ഈ പോസ്റ്റുകള്‍ അത്രയധികം മനസ്സിരുത്തി വായിക്കാന്‍ ഇക്കുറി കഴിയാതിരുന്നത് കൊണ്ട് (മുന്‍ പോസ്റ്റുകള്‍ ഒന്നും അത്ര സീരിയസ്സായി വായിച്ചില്ല) കൂടൂതല്‍ സംശയങ്ങളോ ഒന്നും ചോദിക്കുന്നില്ല..

 2. ഇത്തവണത്തെ കുറിപ്പില്‍ ആന്‍ ഫ്രാങ്ക്, മനസ്സില്‍ നിറഞ്ഞു നിന്നത് കൊണ്ട് മറ്റൊന്നും മനസ്സില്‍ പതിഞ്ഞില്ല….

  നേഹമോള്‍ക്ക്‌ ടുലിപ് ഗിഫ്റ്റ് ഇഷ്ടമായിക്കാണുമല്ലോ …

 3. മനോജ്, മനസ്സിൽ ആഴത്തിൽ പതിഞ്ഞുനിൽക്കുന്നു ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ… മുൻപ് മറ്റൊരു പോസ്റ്റിൽ ആൻ ഫ്രാങ്കിനെക്കുറിച്ച് വായിച്ചിരുന്നു. പക്ഷെ അതിൽനിന്നും ഏറെ വിശദമായിത്തന്നെയാണ് ഈ പോസ്റ്റിൽ വിവരിച്ചിരിക്കുന്നത്. ആശംസകൾ.

  (വൈകുന്നേരം സമരം കിട്ടിയില്ലെങ്കിൽ)അക്ഷരപ്പിശക് ശ്രദ്ധിക്കുമല്ലോ.

 4. ആന്‍ഫ്രാങ്ക് ന്റെ ഡയറി കുറിപ്പുകള്‍ വായിച്ച്പ്പോള്‍ മുതല്‍ മനസ്സിലെ ആഗ്രഹം ആയിരുന്നു അവിടെ പോയി ആ വീട് ഒന്ന് കാണാന്‍….,… വളരെ നന്നായി വിവരിച്ചു മനോജ്‌….,..

 5. ഇതു വായിച്ചു കഴിഞ്ഞപ്പോൾ ആൻഫ്രാങ്ക് തന്നെ മനസ്സിൽ. ആംസ്റ്റർഡാം യാത്രയ്ക്ക് നന്ദി.

 6. മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ചിത്രം..അന്നെ ഫ്രാങ്ക്..
  പിന്നെ അന്നെ ഫ്രാങ്ക് എന്നതെല്ലേ അവളുടെ പേരിന്റെ ഉച്ചാരണം…?

  1. സായിപ്പന്മാരുടെ പേരിന്റെ കാര്യം വല്ലാത്ത തൊല്ല തന്നെയാണ്. ആൻ ഫ്രാങ്ക് എന്നും അന്നെ ഫ്രാങ്ക് എന്നും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എഴുതുന്നത് പോലെ വായിക്കില്ലല്ലോ ഇക്കൂട്ടർ.

 7. മനോജേട്ടാ, ഇത് തികച്ചും യാദ്രുശ്ചികം!!! മൂന്ന് ദിവസം മുമ്പ് മാത്രമാണ് ആന്‍ ഫ്രാങ്കിന്റെ പുസ്തകം വായിച്ചു തുടങ്ങിയത്. അവര്‍ സീക്രട്ട് അന്നക്സില്‍ എത്തിയതേയുള്ളൂ. പീറ്ററിന്റെ മടിയെക്കുറിച്ചുള്ള മുപ്പതാം പേജ് മടക്കി വെച്ചതാണ്. വെറുതേ തപ്പിയിറങ്ങി എത്തിപ്പെട്ടത്, ഈ പോസ്റ്റിലും. വളരേ മനോഹരമായ വിവരണം.

Leave a Reply to Manikandan O V Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>