Day-2B1-2B-2BBarcelona-2B283

ബാർസലോണ


സ്പെ‌യിൻ യാത്രയുടെ ആദ്യഭാഗം 
1.സ്‌പെയിനിൽ 
——————————

റക്കം ഉണർന്നപ്പോൾ സമയം രാവിലെ 7 മണി. തലേന്ന് രാത്രിയിലെ സംഭവങ്ങളൊക്കെ ഒരു സ്വപ്നം പോലെ തോന്നി. എന്തായാലും അതൊക്കെ ആലോചിച്ചിരിക്കാൻ സമയമില്ലായിരുന്നു. പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി. ബെഡ് & ബ്രേക്ക്ഫാസ്റ്റ് എന്ന സമ്പ്രദായമാണ് ഹോട്ടലിൽ. മുറിക്ക് പണം കൊടുത്താൽ അടുത്ത ദിവസത്തെ പ്രാതൽ സൌജന്യം എന്ന് സാരം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് തന്നെ ആയിരിക്കും ബി & ബി സംവിധാനമുള്ള മിക്കവാറും ഹോട്ടലുകളിൽ. ബ്രെഡ്, ബട്ടർ, ജാം, ബേക്കൺ, ഓം‌ലറ്റ്, ചുവന്ന ബീൻസ്, ജ്യൂസ്, ഫ്രൂട്ട്സ്, ചായ, കാപ്പി എന്നിങ്ങനെയുള്ളതെല്ലാം റസ്റ്റോറന്റിൽ നിരന്നിട്ടുണ്ട്. ഉച്ചവരെ പിടിച്ചുനിൽക്കാനുള്ളത് അകത്താക്കി ഹോട്ടലിന് വെളിയിൽ കടക്കുന്നതിന് മുന്നേ റിസപ്ഷനിൽ വെച്ചിരിക്കുന്ന സൌജന്യ ലീഫ് ലെറ്റുകൾ എല്ലാം ഓരോന്നെടുത്തു. രണ്ട് ദിവസം കൊണ്ട് കാണാവുന്നത്ര സ്ഥലങ്ങൾ കാണുക എന്നതാണ് ലക്ഷ്യം. എന്നാലും ഏറ്റവും കുറഞ്ഞത് എവിടെയൊക്കെ പോകണമെന്ന് കൃത്യമായ ധാരണ ഞങ്ങൾക്കുണ്ടായിരുന്നു.

ബാഴ്‌സലോണ ചുറ്റിയടിച്ച് നടക്കാൻ ഏറ്റവും നല്ലത് Hop On Hop Off (ഞാനതിനെ തൽക്കാലം ഹോഹോ ബസ്സെന്ന് വിളിക്കുന്നു.) തന്നെയാണ്. ഒരു ടിക്കറ്റെടുത്താൽ ആ ദിവസം മുഴുവൻ ബസ്സിൽ കറങ്ങിയടിച്ച് നടക്കാൻ അതുമതിയാകും. എത്ര പ്രാവശ്യം വേണമെങ്കിലും ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യാം. എല്ലാ സീറ്റിന്റെ വശങ്ങളിലും ഹെഡ് ഫോൺ കുത്താനുള്ള സൌകര്യമുണ്ട്. ബസ്സിൽ നിന്ന് സൌജന്യമായി കിട്ടുന്ന ഹെഡ് ഫോണിലൂടെ വിവിധ ഭാഷകളിലുള്ള വിവരണങ്ങൾ ഒഴുകിവരും. രണ്ടുനിലയുള്ള ബസ്സുകളുടെ മുകൾ നിലയ്ക്ക് മേൽക്കൂരയില്ല. അതുകൊണ്ടുതന്നെ വെളിയിലെ കാഴ്ച്ചകൾ ആസ്വദിച്ചിരിക്കാൻ സൌകര്യപ്രദം മുകൾഭാഗം തന്നെയാണ്. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഈ ബസ്സ് സംവിധാനം ഉണ്ട്. ഈയടുത്ത കാലത്ത് അബുദാബിയിലും ഇത്തരം സിറ്റി ടൂർ ബസ്സുകൾ കണ്ടിരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമൊക്കെ സഞ്ചാരികളുടെ സൌകര്യാർത്ഥം ഇത്തരം ബസ്സുകൾക്ക് വളരെയധികം സാദ്ധ്യതകളാണുള്ളത്.

ബാർസലോണയിലെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസ്സ്

ചുവപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള ഹോഹോ ബസ്സ് റൂട്ടുകളാണ് ബാർസലോണയിലുള്ളത്. ബസ്സിൽ കയറിയ ശേഷം ഒരു ടിക്കറ്റെടുക്കാൻ 54 യൂറോ കൊടുക്കണം. പക്ഷെ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, ഹോട്ടലിന്റെ റിസപ്ഷനിൽ ടിക്കറ്റിന് 50 യൂറോ കൊടുത്താൽ മതി. 8 യൂറോ ലാഭിക്കുന്ന കാര്യമല്ലേ, മാത്രമല്ല രണ്ട് ദിവസം ഈ ടിക്കറ്റ് ഉപയോഗിക്കുകയും ചെയ്യാം. രണ്ട് ടിക്കറ്റ് കൈയ്യോടെ വാങ്ങി. 9 മണി ആകാതെ ബസ്സ് ഓടിത്തുടങ്ങില്ലെങ്കിലും റൂട്ട് മാപ്പ് നിവർത്തിപ്പിടിച്ച് വെളിയിലേക്കിറങ്ങി. തലേന്ന് രാത്രി നെഞ്ചിൽ തീയുമായി കറങ്ങിയ വഴികളിലൂടെയൊക്കെ അതേ നെഞ്ചുതന്നെ വിരിച്ചുപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കുന്നതിനിടയിൽ ഹോട്ടലിനടുത്തുള്ള ഹോഹോ ബസ്സ് സ്റ്റോപ്പ് കണ്ടുപിടിക്കുകയും ചെയ്തു. ചുവന്ന ബസ്സിന്റെ റൂട്ടിലാണ് ഹോട്ടലുള്ളത്.

ഹോഹോ ബസ്സ് റൂട്ട് മാപ്പ്.
ഹോഹോ ബസ്സിന്റെ മുകൾഭാഗം.

ആദ്യത്തെ ബസ്സായതുകൊണ്ടാകണം യാത്രക്കാരായി ഞങ്ങൾ രണ്ടുപേർ മാത്രമേ ബസ്സിലുള്ളൂ. മേൽക്കൂരയില്ലാത്ത മുകൾ ഡക്കിൽ ഇരുപ്പുറപ്പിച്ചു. Catalonia* യിലേക്കാണ് യാത്ര. ചുവപ്പും പച്ചയും നീലയും റൂട്ടുകളിലേക്കുള്ള ബസ്സുകൾ കാത്തലൂണിയയിൽ കൂടെ കടന്നുപോകുന്നു.

കാത്തലൂണിയ പ്ലാസ സ്ക്വയർ ഒരു ദൃശ്യം.

നഗരത്തിന്റെ വളരെ തിരക്കുപിടിച്ച ഒരു സംഗമസ്ഥാനമാണ് കാത്തലൂണിയ സ്ക്വയർ. 50,000 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള കാത്തലൂണിയ പ്ലാസയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഹോട്ടലുകളും, ഭോജനശാലകളും ഫൌണ്ടനുകളും പ്രതിമകളുമൊക്കെ ധാരാളമുള്ള പ്ലാസയുടെ ഭൂഗർഭത്തിൽ ഷോപ്പിങ്ങ് സൌകര്യങ്ങളും, മെട്രോ റെയിൽ സ്റ്റേഷനും, ടൂറിസ്റ്റ് ഇൻ‌ഫർമേഷൻ സെന്ററുമൊക്കെ ഉണ്ട്.

കാത്തലൂണിയ പ്ലാസയിലെ പ്രാവുകൾ

നിറയെ പ്രാവുകൾ പ്ലാസയിൽ പറന്നുനടക്കുന്നു. സഞ്ചാരികൾ ധാരാളമുണ്ട് അവിടെ. അവരെപ്പോലെ തന്നെ പ്രാവുകൾക്ക് തീറ്റ കൊടുത്തും പടങ്ങളെടുത്തുമൊക്കെ അൽ‌പ്പസമയം കാത്താലൂണിയ പ്ലാസയിൽ ഞങ്ങളും ചിലവഴിച്ചു.

കാത്തലൂണിയ പ്ലാസ – മറ്റൊരു ദൃശ്യം.
കാത്തലൂണിയ – ഒരു ദൃശ്യം കൂടെ.

ആദ്യദിവസം കഴിഞ്ഞപ്പോഴേക്കും ഹോഹോ ബസ്സുകൾ മാറിക്കയറാനായി പല പ്രാവശ്യം ഞങ്ങൾ കാത്തലൂണിയ പ്ലാസയിലൂടെ കടന്നുപോവുകയും തൃശൂർ റൌണ്ടിനേക്കാൾ പരിചിതമായ ഒരിടമായി അത് മാറുകയും ചെയ്തു. പ്ലാസയിൽ നാം കാണുന്ന ജനങ്ങളിൽ ഭൂരിപക്ഷം പേരും തൊട്ടടുത്തുള്ള ഒരു പാതയിലേക്ക് ഒഴുകി നീങ്ങുന്നതായി കാണാനാകും. സ്പെയിനിലെ തന്നെ ഏറ്റവും തിരക്കുള്ളതും പ്രസിദ്ധവുമായ Las Ramblas* തെരുവാണ് അത്.

ലാസ് റാബ്ലാസ് തെരുവിലെ തിരക്ക്.

പാതയുടെ ഇരുവശത്തുനിന്നും വളർന്ന് പന്തലിച്ച് തണലേകി നിൽക്കുന്ന മരങ്ങൾ, അതിനപ്പുറം ബഹുനില കെട്ടിടങ്ങൾ. പാതയോരത്ത് കാണാനാകുന്നത് കഫേകൾ, വഴിവാണിജ്യക്കാർ, സോവനീർ ഷോപ്പുകൾ, പുസ്തകശാലകൾ, കലാകാരന്മാർ, തെരുക്കൂത്തുകാർ, മുച്ചീട്ടുകളിപോലുള്ള പ്രകടനക്കാർ എന്നതൊക്കെയാണ്. വാഹന ഗതാഗതം ഇല്ലാത്ത ഈ തെരുവിലൂടെ നാട്ടുകാരും വിദേശികളുമായ ജനങ്ങൾ കൂത്തും കാഴ്ച്ചകളുമൊക്കെ കണ്ട് ഉല്ലസിച്ച് നീങ്ങുമ്പോൾ ലാസ് റാംബ്ലാസ് ഒരു പൂരപ്പറമ്പായി മാറുന്നു. രാപ്പകൽ എന്നില്ലാതെ ഈ തിരക്കും കച്ചവടവുമൊക്കെ നീണ്ടുപോകും. പാസ്സ്പോർട്ട് അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ ഏറ്റവും പറ്റിയ ഒരു തെരുവാണിത്. അത്തരം ചില അനുഭവങ്ങൾ കേട്ടറിഞ്ഞിട്ടുള്ളതുകൊണ്ട് അതിലൂടെ നടക്കുമ്പോൾ ഞങ്ങൾ അതീവ ശ്രദ്ധാലുക്കളായിരുന്നു. പാസ്സ്പോർട്ടും പണവുമൊക്കെ നഷ്ടപ്പെട്ടാൽ, ബാക്കിയുള്ള ദിവസത്തെ വിമാന ബുക്കിങ്ങ്, ഹോട്ടൽ ബുക്കിങ്ങ് തുടങ്ങി എല്ലാം അവതാളത്തിലാകുകയും ആനപ്പുറത്തിരിക്കാൻ കൊതിച്ചവൻ ശൂലത്തിൽ കയറി എന്ന അവസ്ഥയായിത്തീരും.

തെരുവിന്റെ ഒരു ഭാഗത്ത് ഭീകര സത്വങ്ങളെപ്പോലെ അറപ്പിക്കുന്ന തരത്തിലുള്ള മേക്കപ്പും ഗോഷ്ടി വേഷങ്ങളുമൊക്കെ അണിഞ്ഞ് നിരന്നിരിക്കുന്ന കൂട്ടരെക്കാണാം. പാതയുടെ ഇരുവശവും ഇടം പിടിച്ചിരിക്കുന്ന ഇത്തരക്കാർ നിശ്ചലരായാണ് നിൽക്കുക. അവർക്ക് മുന്നിൽ കാണികൾ നാണയത്തുട്ടുകൾ ഇടുന്നത് വരെ അവർ അനങ്ങില്ല.

തെറുവിലെ നിശ്ചല കോമാളികൾ

പണം കൊടുത്താൽ കൂടെ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്യാനും അനങ്ങാനും അവർ തയ്യാറാകും. തുട്ട് മുന്നിൽ വീഴാത്തതുകൊണ്ടായിരിക്കണം കൈയ്യിലിരിക്കുന്ന കൊച്ച് കണ്ണാടിച്ചില്ലുകൊണ്ട് അതിലൊരുത്തൻ എന്റെ ക്യാമറിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നു. മറ്റൊരുത്തൻ ഇംഗ്ലീഷ് ഭാഷയിൽ വളരെ സാമാന്യമായി പറയുന്ന ഒരു തെറി സഞ്ചാരികളെ നോക്കി നിർലോഭം വിളിച്ചുകൊണ്ടിരുന്നു.

സ്വർണ്ണവർണ്ണത്തിലുള്ള ഒരു ജീവിക്കൊപ്പം മുഴങ്ങോടിക്കാരി.

പണം കിട്ടിയാൽ പ്രശ്നം തീരുമെന്ന് മനസ്സിലാക്കിയപ്പോൾ മേലാസകലം സ്വർണ്ണവർണ്ണം പൂശി പിറകിൽ ചിറകുകളൊക്കെ പിടിപ്പിച്ച് നിൽക്കുന്ന ഒരു ‘ജീവി‘ക്ക് നാണയം കൊടുത്ത് അതിന്റെ കൂടെ നിന്ന് മുഴങ്ങോടിക്കാരി ഫോട്ടോയ്ക്ക് പോസ് ചെയ്തു. പോകാൻ നേരത്ത് തിളങ്ങുന്ന ഒരു കൊച്ചു നക്ഷത്രം അതിന്റടുത്തുനിന്ന് കൈപ്പറ്റുകയും ചെയ്തു.

മറ്റൊരു ഭീകര സത്വത്തിനൊപ്പം സഞ്ചാരികൾ.

ഇക്കൂട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കരിക്കട്ടകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കാരിക്കേച്ചർ വരച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ്. സമയക്കുറവ്, പണച്ചിലവ്, തുടർന്നുള്ള ദിവസങ്ങളിൽ വഹിച്ചുകൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട് കാരിക്കേച്ചർ വരപ്പിക്കാൻ എനിക്കായില്ലെങ്കിലും അൽ‌പ്പസമയം ഞാനാ സൃഷ്ടി ആസ്വദിച്ച് അവിടെ നിന്നു.

തെരുവിലെ ചിത്രകാരൻ തന്റെ ജോലിയിൽ വ്യാപൃതനാണ്.

അൽ‌പ്പം കൂടെ മുന്നിലായി ഒരാൾക്കൂട്ടമുണ്ട്. തൊട്ടടുത്തെത്തിയപ്പോൾ സംഭവം കൃത്യമായി മനസ്സിലാക്കാനായി. നമ്മളുടെ മുച്ചീട്ട് കളിയുടെ മറ്റൊരു രൂപം അരങ്ങേറുകയാണവിടെ. മൂന്ന് തീപ്പെട്ടിക്കൂടുകളൊന്നിൽ മറച്ച് വെക്കുന്ന വസ്തു കൃത്യമായി പറയുന്ന ആൾക്ക് പണം കിട്ടും. മുന്നോട്ട് നടന്ന് പോകുന്ന പോക്കിൽ ആ ചടങ്ങിന്റെ ചില പടങ്ങൾ എടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അതിന്റെ നടത്തിപ്പുകാരി ആണെന്ന് തോന്നുന്നു, ‘ബ്രാവോ’ എന്ന് ഉറക്കെ ആക്രോശിച്ചു.

‘മുച്ചീട്ടുകളി’ കാണാനുള്ള തിരക്ക്.
‘മുച്ചീട്ടുകളി‘ പുരോഗമിക്കുന്നു.

അവർ ചെയ്യുന്ന ട്രിക്ക് ക്യാമറയ്ക്ക് പിടികിട്ടുമെന്ന ധാരണ കൊണ്ടാകാം ബഹളമുണ്ടാക്കിയതെന്ന് ഞാൻ ഊഹിച്ചു. നിറയെ ആളുകൾ ഉള്ള സ്ഥലമാണെങ്കിലും എന്തിനും പോന്നവർ അക്കൂട്ടത്തിനുള്ളിലൊക്കെ ഉണ്ടെന്ന് വേണം കരുതാൻ. അവരുടെ അഭ്യാസങ്ങൾക്ക് തടസ്സം നേരിടേണ്ടി വരുമ്പോൾ എത്തരത്തിൽ അവർ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം. പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ നിയന്ത്രിക്കാൻ ഇക്കൂട്ടത്തിൽ ഒരിടത്തും പൊലീസുകാരെ ആരെയും കണ്ടതേയില്ല.

ലാസ് റാബ്ലാസ് തെരുവ് അവസാനിക്കുന്നത് മെഡിറ്ററേനിയനിലെ ഏറ്റവും തിരക്കുപിടിച്ച തുറമുഖങ്ങളിലൊന്നായ Vell* ൽ ആണ്. മനോഹരമായ ഒരു കാഴ്ച്ചതന്നെയാണ് വെൽ തുറമുഖം. വൃത്തിയുള്ള വഴികളും വെള്ളവുമാണവിടെ കാണാനാകുന്നത്. നങ്കൂരമിട്ടുകിടക്കുന്ന പായ്‌ക്കപ്പലുക്കൾ എണ്ണിയാലൊടുങ്ങില്ല. ഉരുണ്ട് നീങ്ങുന്ന Segway കൾക്ക് മുകളിൽ കാഴ്ച്ചകൾ കണ്ട് നീങ്ങുന്ന യാത്രികർ. വളരെ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള തൂണുകൾക്ക് മുകളിലൂടെ കേബിൾ കാറുകൾ തുറമുഖത്തെ മുറിച്ച് കടന്നുപോകുന്നു.

തുറമുഖത്തിന് മുകളിലൂടെയുള്ള കേബിൾ കാർ സർവ്വീസ്.
തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പായ്‌വഞ്ചികൾ.

ആകാശത്തേക്കങ്ങനെ മിഴിച്ച് നോക്കി നിൽക്കുമ്പോൾ, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത മഹാനായ വ്യക്തിയുടെ പ്രതിമയൊരെണ്ണം കണ്ണിൽപ്പെടും. അത് മറ്റാരുമല്ല, സാക്ഷാൽ ക്രിസ്റ്റഫർ കൊളംബസ് തന്നെ. ചുരുട്ടിയ ഭൂപടം ഇടതു കൈയ്യിൽ പിടിച്ചുകൊണ്ട്, വലതുകൈ കടലിലേക്ക് ചൂണ്ടിയാണ് അദ്ദേഹം നിൽക്കുന്നത്.

കൊളംബസ്സിന്റെ പ്രതിമ സ്തൂപത്തിന് മുകളിൽ.

‘സഞ്ചാരികളേ ഞാൻ നിങ്ങൾക്കായി കണ്ടുപിടിച്ച മറ്റൊരു ഭൂഖണ്ഡം ദാ അവിടെയുണ്ട്, അങ്ങോട്ടാകട്ടെ നിങ്ങളുടെ അടുത്ത യാത്ര’ എന്നാണോ അദ്ദേഹം പറയുന്നതെന്ന് നിൽ‌പ്പ് കണ്ടാൽ ആർക്കും തോന്നിപ്പോകും  ! ആ തോന്നൽ വളരെയധികം ശരിയാണ്. കൊളംബസ്, അമേരിക്കൻ ഭൂഖണ്ഡത്തെ ചൂണ്ടി നിൽക്കുന്നതായിട്ടാണ് തന്നെയാണ് ശിൽ‌പ്പസങ്കൽ‌പ്പം. പക്ഷെ, അദ്ദേഹം ചൂണ്ടിനിൽക്കുന്നത് പടിഞ്ഞാറേക്കല്ല, മറിച്ച് സ്വന്തം ജന്മസ്ഥലമായ ഇറ്റലിയിലെ Genua* യിലേക്കാണെന്ന് മാത്രം.

കൊളംബസിന്റെ ജന്മസ്ഥലത്തിന്റെ കാര്യം പറയുമ്പോൾ ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്ന ചില തർക്കങ്ങൾ കൂടെ പറഞ്ഞേ പറ്റൂ. കൊളംബസ് ജനൂവയിൽ പിറന്നു എന്നത് ചിലർക്ക് ഇന്നും ഒരു അനുമാനം മാത്രമാണ്. അദ്ദേഹം പിന്നീട് പോർച്ചുഗലിലേക്ക് ജീവിതം പറിച്ചുനട്ടെന്നും അവസാനം സ്പെയിൽ ചെന്ന് സ്ഥിരതാമസമാക്കി എന്ന് ഒരു കൂട്ടം ചരിത്രകാരന്മാർ കരുതുന്നു. പക്ഷെ കൊളംബസ് കാത്തലൂണീയയിൽ ആണ് ജനിച്ചതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരും ഉള്ളതുകൊണ്ട് കാത്തലൂണിയയിലെ ഈ കൊളംബസ് സ്മാരകത്തിന് മറ്റേതൊരു കൊളംബസ് സ്മാരകത്തേക്കാളും പ്രാധാന്യം ഇവിടത്തുകാർ കൽ‌പ്പിക്കുന്നു.

സഞ്ചാരികളേ ദാ അങ്ങോട്ട് നോക്കൂ…

200 അടിയോളം ഉയരമുള്ള ആ സ്തൂപത്തിന്റെ കീഴിൽ നിൽക്കുമ്പോൾ, സഞ്ചാരചരിത്രത്തിൽ ഇടംപിടിച്ച അതിപ്രധാനമായ ഒരു സംഭവവുമായി ബന്ധമുള്ള, ഒരു സ്മാരകത്തിന്റെ കീഴിലാണ് നിൽക്കുന്നതെന്നുള്ളത് ഏതൊരു യാത്രികനേയും പുളകം കൊള്ളിക്കും. അമേരിക്കൻ ഭൂഖണ്ഡം കണ്ടുപിടിച്ച് ഒരു വർഷം കഴിഞ്ഞ്, അതായത് 1493ൽ കൊളംബസ് മടങ്ങിവന്നത് ബാർസലോണ തുറമുഖത്തേക്കാണ്. അന്ന് അദ്ദേഹത്തേയും കാത്ത് ഇസബെല്ല രാജ്ഞിയും ഫെർഡിനാൻഡ് രാജാവും തുറമുഖത്തുണ്ടായിരുന്നു. ആ ചരിത്ര സംഭവത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ബ്രോൻസിൽ തീർത്ത കൊളംബസിന്റെ സ്മാരകം പിന്നീട് ഇവിടെ സ്ഥാപിക്കപ്പെട്ടത്. കൊളംബസിന്റെ പ്രതിമയ്ക്ക് മാത്രം 24 അടി ഉയരമുണ്ട്. കാസ്റ്റ് അയേണിൽ തീർത്ത സ്തൂപത്തിന്റെ കീഴെ, രാജ്ഞിയുമായി കൊളംബസ് നടത്തിയ കൂടിക്കാഴ്ച്ചയുടെ രംഗം ലോഹത്തിൽ ആലേഖനവും ചെയ്ത് വെച്ചിട്ടുണ്ട്. മറ്റനേകം ശിൽ‌പ്പവേലകൾ കൊണ്ടും മനോഹരമാക്കിയിട്ടുള്ള ഒരു സ്മാ‍രകമാണത്. ഇതടക്കം പലതരത്തിലുള്ള 64ൽ‌പ്പരം സ്മാരകങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, കൊളംബസ് എന്ന മഹാനായ പര്യവേഷകന്റെ ഓർമ്മയ്ക്കായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

കൊളംബസ് സ്മാരകത്തിൽ നിന്ന് നോക്കിയാൽ വെൽ തുറമുഖത്തിലെ മരപ്പാലം കാ‍ണാം. പാലത്തിന്റെ വശങ്ങളിൽ ഉയർന്ന് നിൽക്കുന്ന ലോഹനിർമ്മിത തൂണുകൾക്ക് പ്രത്യേക ഭംഗിതന്നെയാണ്. വെള്ളത്തിന്റെ തൊട്ടുമുകളിലായാണ് സാമാന്യം നല്ല വീതിയിൽ നടുഭാഗം ഉയർന്ന ഈ പാലം നിലകൊള്ളുന്നത്. നൌകകൾക്ക് തുറമുഖത്തിന്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ വേണ്ടി തെന്നി നീക്കാവുന്ന തരത്തിലാണ് പാലത്തിന്റെ നടുഭാഗം നിർമ്മിച്ചിരിക്കുന്നത്. പാലം നീങ്ങുന്നത് കാണാൻ യൂ ട്യൂബിലെ ഈ വീഡിയോ സഹായിച്ചെന്ന് വരും.

വെൽ തുറമുഖത്തെ മരപ്പാലം.
പാലത്തിന്റെ മറ്റൊരു ദൃശ്യം.

കടകളും ഷോപ്പിങ്ങ് കേന്ദ്രങ്ങളും ഭോജനശാലകളും ബാറുകളും സിനിമാ തീയറ്ററുകളുമൊക്കെ ചേർന്ന Maremagnum* എന്ന വലിയൊരു കെട്ടിട സമുച്ചയത്തിലേക്കാണ് പാലം ചെന്നെത്തുന്നത്. ആ കെട്ടിടങ്ങൾക്ക് പിന്നിലായി വെള്ളത്തിനടിയിൽ സജ്ജീകരിച്ചിരിക്കുന്ന മനോഹരമായ ഒരു അക്വേറിയവും ഉണ്ട്.

ഞങ്ങളുടെ അടുത്ത ലക്ഷ്യം ഈ Under water അക്വേറിയമായിരുന്നു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ഇത്തരം അക്വേറിയത്തിൽ രണ്ട് പ്രാവശ്യം പോകാൻ എനിക്കായിട്ടുണ്ട്. പക്ഷെ മുഴങ്ങോടിക്കാരിക്ക് ഇതാദ്യമായാണ് ഇങ്ങനൊരു അണ്ടർ വാട്ടർ അക്വേറിയം കാണാൻ അവസരമുണ്ടാകുന്നത്. യൂറോപ്പിലെ തന്നെ വലിയൊരു അക്വേറിയമാണിത്. സത്യത്തിൽ അക്വേറിയം എന്ന പേരിനേക്കാൾ ഓഷ്യനേറിയം എന്ന പേരാണ് ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ യോജിക്കുക.

ഹോട്ടലിൽ നിന്ന് തന്നിരിക്കുന്ന വൌച്ചറുകൾ കാണിച്ചാൽ അക്വേറിയം ടിക്കറ്റിനും ഇളവുണ്ട്. ടിക്കറ്റെടുത്ത് അൽ‌പ്പം നേരം ക്യൂ നിൽക്കണമെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ടടുത്തുള്ള ഭോജനശാലയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് അത്രയും സമയം ലാഭിക്കാൻ ഞങ്ങൾക്കായി.

8000 ൽ അധികം മത്സ്യങ്ങളെ ഈ ഓഷ്യനോറിയത്തിൽ വളർത്തുന്നുണ്ട്. വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന 80 മീറ്റർ നീളമുള്ള ട്യൂബിലൂടെ കാണികൾക്ക് നടന്നു നീങ്ങാം. ഇതുവരെ കണ്ടിട്ടുള്ളതും കാണാത്തതുമായ എല്ലാത്തരം മത്സ്യങ്ങളേയും കടൽജീവികളേയും അവയുടെ ആവാസ വ്യവസ്ഥിതിയുമൊക്കെ കണ്ട് കണ്ണ് മിഴിച്ച് നിന്നുപോകും ഇതിനകത്ത്.

നിറമുള്ള പവിഴപ്പുറ്റുകൾ

ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ള Common Sole എന്ന പരന്ന മത്സ്യം, Mediterranean Moray എന്നറിയപ്പെടുന്ന അപകടകാരിയായ മത്സ്യം, കടൽക്കുതിര, നിരവധി സ്രാവുകൾ എന്നതൊക്കെയാണ് എടുത്ത് പറയേണ്ട കാഴ്ച്ചകൾ. റോമൻ കാലഘട്ടത്തിൽ മെഡിറ്ററേനിയൻ മോറെയുടെ രക്തം ഒരു വിഷമായി ഉപയോഗപ്പെടുത്തിയിരുന്നു പോലും !!

ഓഷ്യനോറിയത്തിലെ ഒരു രംഗം.
സുതാര്യമായ ട്യൂബിനകത്തുകൂടെ നീങ്ങുന്ന കാണികൾ.

ചന്ദ്രനിലെ കൊച്ചുകൊച്ചു കാര്യങ്ങൾ പോലും വളരെ വിശദമായി അറിയാമെങ്കിലും, നാം വസിക്കുന്ന ഭൂമിയുടെ മുക്കാൽ ഭാഗം വരുന്ന ജലാന്തർഭാഗത്തെക്കുറിച്ച് കാര്യമായൊന്നും നമുക്കറിയില്ലെന്നും, അതൊന്നും മനസ്സിലാക്കാൻ നാം ശ്രമിച്ചിട്ടില്ലെന്നുമുള്ള തോന്നലാണ് ഈ ഓഷ്യനോറിയത്തിൽ നിന്ന് വെളിയിൽ കടക്കുമ്പോൾ ഒരാൾക്കുണ്ടാകുക.

ഓഷ്യനോറിയത്തിലെ മറ്റൊരു കാഴ്ച്ച.

വെൽ തുറമുഖത്തെപ്പറ്റി പറഞ്ഞുപോകുമ്പോൾ എടുത്തുപറയേണ്ട ചില ചരിത്രവസ്തുതകളുണ്ട്. അത്രയധികം പഴക്കമൊന്നുമില്ല ഈ ചരിത്രത്തിന്. 1992 ലെ ഒളിമ്പിൿസിന് മുൻപ്, അതായത് കേവലം 19 വർഷങ്ങൾക്ക് മുൻപ്, കുറേ ഒഴിഞ്ഞ സംഭരണശാലകളും വ്യവസായിക സംരഭങ്ങളുടെ കെട്ടിടങ്ങളും തീവണ്ടി യാഡുകളും, തീരെ ശ്രദ്ധപിടിച്ചുപറ്റാൻ സാദ്ധ്യതയില്ലാത്ത മറ്റ് കാര്യങ്ങളും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒളിമ്പിൿസിന്റെ ഭാഗമായി വന്ന മാറ്റങ്ങളാണ് ഇപ്പോൾ കാണുന്ന തരത്തിൽ വെൽ തുറമുഖത്തിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചത്.

ഇക്കാര്യം പറയുമ്പോൾ, ശ്രീ. ശശി തരൂർ എം.പി. കേരളത്തിൽ കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്ന ഒരു വികസന നടപടി കൂടെ മനസ്സിൽ ഓടിയെത്തുന്നു. തിരുവന്തപുരം നഗരത്തെ ഒരു ബാർസലോണ ആക്കി മാറ്റുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു അത്. അതെവിടെ വരെ എത്തി, എന്തെങ്കിലും നടപടി ഉണ്ടായോ, ഉണ്ടായെങ്കിൽ എവിടെ വരെയായി എന്നൊന്നും പിന്നെ കേട്ടിട്ടില്ല്ല. പറഞ്ഞ് വന്ന വിഷയം ആ പദ്ധതിയുടെ പുരോഗതിയല്ല. മറിച്ച്, ആ പദ്ധതിക്ക് എന്തുകൊണ്ടും ഇണങ്ങിയ സ്ഥലം തിരുവനന്തപുരത്തേക്കാൾ കൊച്ചി ആണെന്നാണ്. തിരുവനന്തപുരവും കൊച്ചിയും ബാർസലോണയും കണ്ടിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഇതെന്റെ അഭിപ്രായം മാത്രമാണ്. അപ്പോൾപ്പിന്നെ ശശി തരൂർ ഈ മൂന്ന് സ്ഥലങ്ങളും കാണാത്ത വ്യക്തിയാണോ എന്ന മറുചോദ്യത്തിന് എനിക്കൊരു മറുപടിയേ ഉള്ളൂ. അദ്ദേഹം തിരുവനന്തപുരത്തെ എം.പി. ആയതുകൊണ്ട് മാത്രമാണ് പദ്ധതിക്ക് തലസ്ഥാന നഗരിയെ പരിഗണിച്ചിരിക്കുക.

വെൽ തുറമുഖത്ത് മുഴങ്ങോടിക്കാരിക്കൊപ്പം. പിന്നിൽ മരപ്പാലം

ഒരു തർക്കത്തിനൊന്നും ഞാനില്ല. പക്ഷെ ഒരഭിപ്രായം കൂടെ പറയാതെ വയ്യ. കൊച്ചിയുടെ പടിഞ്ഞാറോട്ടുള്ള വളർച്ചയും വികസനവുമൊക്കെ കഴിഞ്ഞിരിക്കുന്നു എന്നാണല്ലോ പറച്ചിൽ. അതുകൊണ്ടാണല്ലോ ഇപ്പോൾ കാക്കനാട് മുതൽ കിഴക്കോട്ട് വളർത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ കൊച്ചിക്കിനിയും പടിഞ്ഞാറോട്ട് വളരാൻ കഴിയും. ഏറ്റവും കുറഞ്ഞത്, ബാർസലോണയിലും സിംഗപ്പൂരുമൊക്കെയുള്ളതുപോലെ ഒരു ഓഷ്യനോറിയം നിർമ്മിച്ചുകൊണ്ടെങ്കിലും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

*സ്ഥലനാമങ്ങൾ പലതിന്റേയും കൃത്യമായ ഉച്ഛാരണം എനിക്കന്യമാണ്.

Comments

comments

28 thoughts on “ ബാർസലോണ

  1. ‘സഞ്ചാരികളേ ഞാൻ നിങ്ങൾക്കായി കണ്ടുപിടിച്ച മറ്റൊരു ഭൂഖണ്ഡം ദാ അവിടെയുണ്ട്, അങ്ങോട്ടാകട്ടെ നിങ്ങളുടെ അടുത്ത യാത്ര’ എന്നാണോ അദ്ദേഹം പറയുന്നതെന്ന് നിൽ‌പ്പ് കണ്ടാൽ ആർക്കും തോന്നിപ്പോകും !

    സ്‌പെയിൻ യാത്ര തുടരുന്നു…..

  2. നന്നായി നിരക്ഷരാ..നല്ല വിവരണം നല്ല ചിത്രങ്ങളും…ബാർസിലോണയിലെ മുച്ചീട്ടുകളി വളരെ (കു)പ്രസിദ്ധമാണ്.ബാഴ്സിലൊണയിലെ സീലൈഫ് കണ്ടിട്ടില്ല.പക്ഷേ മ്യൂണിക്കിലെ അതേ സീലൈഫ് കാണാൻ അവസരമുണ്ടായിട്ടുണ്ട്..
    പിന്നെ ബാഴ്സിലോണ ആക്കാൻ പറ്റിയ സ്ഥലം കൊച്ചി ആണെന്നുള്ള താങ്കളുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. ഒരു പക്ഷേ കൊച്ചിക്കാരൻ ആണെന്ന ഒറ്റകാരണം കൊണ്ടായിരിക്കാം താങ്കൾ അങ്ങനെ പറഞ്ഞത്. :)
    സസ്നേഹം,
    പഥികൻ

  3. പതിവ് പോലെ ഗംഭീരം!…
    ഒരു ചെറിയ കാര്യം പറയട്ടെ… ആ കാരികേച്ചര്‍ വരയ്ക്കുന്നിടത്‌ ” സമയക്കുറവ്, പണച്ചിലവ്, തുടർന്നുള്ള ദിവസങ്ങളിൽ വഹിച്ചുകൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട്”… എന്നെഴുതിയിട്ടു പിന്നെ ഒരുപാട് സമയം അത് ആസ്വദിച്ചു അവിടെ നിന്ന് എന്ന് പറഞ്ഞപ്പോള്‍ ഒരു ചേര്‍ച്ചക്കുറവ്… “സമയക്കുറവു” എന്നത് മാറ്റിയാല്‍ നന്നായിരുന്നു….
    അടുത്ത വിവരണത്തിനായി കാത്തിരിക്കുന്നു…

  4. “കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമൊക്കെ സഞ്ചാരികളുടെ സൌകര്യാർത്ഥം ഇത്തരം ബസ്സുകൾക്ക് വളരെയധികം സാദ്ധ്യതകളാണുള്ളത്.”

    ഹ ഹ കേരളത്തിനു എറിഞ്ഞു തകര്‍ക്കാന്‍ മറ്റൊരു സാധനം കൂടി,മനോജ് .
    പിന്നെ യാത്ര ഉഷാറാകുന്നു കേട്ടോ…

  5. @പഥികൻ – എന്തായാലും തെക്കൻ തിരുവിതാംകൂർ കാരനായ പഥികൻ ഒന്ന് ബാർസലോണയിൽ പോയി വരൂ. എന്നിട്ട് നമുക്കൊരു വാഗ്വാദം ആവാം :)

    @Manju Manoj – ശരിയാണ് അതൊരു ചേർച്ചക്കുറവായി നിൽക്കുന്നു. അത് മാറ്റി എഴുതുന്നുണ്ട്. അഭംഗി ചൂണ്ടിക്കാണിച്ചതിന് നന്ദി. ഒരുപാട് പേരുള്ള ക്യൂവിൽ നിൽക്കാൻ സമയം ഉണ്ടായിരുന്നില്ല, എങ്കിലും ഒരാളെ വരക്കുന്നത് നോക്കി നിൽക്കാൻ പറ്റി. പക്ഷെ അത് പറഞ്ഞ് ഫലിപ്പിക്കാൻ പറ്റിയിൽ :( :)

    @krishnakumar513 – ആ വരികൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഈ കമന്റ് ആരെങ്കിലും പൂശുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു :)

    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. – കുടുംബസമേതം ഒന്ന് പോയി കറങ്ങീട്ട് വാ മാഷേ.

    വായനയ്ക്കും അഭിപ്രായത്തിനും എല്ലാവർക്കും നന്ദി.

  6. @ARUN RIYAS – ഒരേ കമന്റ് തന്നെ ഇങ്ങനെ എല്ലാ ബ്ലോഗുകളിലും കൊണ്ടുപോയി പേസ്റ്റ് ചെയ്താൽ ആരും അങ്ങോട്ട് വന്ന് നോക്കാതിരിക്കാനാണ് സാദ്ധ്യത കൂടുതൽ. അത്തരം ചരിത്രം തന്നെ ബൂലോകത്തുണ്ട്. നമുക്കെഴുതാനുള്ളത് എഴുതി ഇടുക. എന്നിട്ട് മറ്റുള്ളവരുടെ പോസ്റ്റുകൾ ആത്മാർത്ഥമായി വായിച്ച് അഭിപ്രായം പറയുക. അങ്ങനാകുമ്പോൾ ക്ഷണിക്കാതെ തന്നെ അങ്ങോട്ട് വന്ന് വായിച്ചെന്നും കമന്റിട്ടെന്നും കൊള്ളാമെന്ന് തോന്നിയാൽ ഫോളോ ചെയ്തെന്നും വരും. ഇവിടെ ഇട്ട അതേ കമന്റ് മറ്റ് പലയിടങ്ങളിലും കണ്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. മനസ്സിലാക്കുമല്ലോ ?

  7. എനിക്കു ചിത്രങ്ങളൊന്നും കാണാനില്ല എക്സ്പ്ലോറലും , മൊസില്ലയിലും അതു തന്നെ സ്ഥിതി.
    വായന തുടരുന്നു , ആശംസകൾ.

  8. …”പദ്ധതിയായിരുന്നു അത്. അതെവിടെ വരെ എത്തി, എന്തെങ്കിലും നടപടി ഉണ്ടായോ, ഉണ്ടായെങ്കിൽ എവിടെ വരെയായി എന്നൊന്നും പിന്നെ കേട്ടിട്ടില്ല്ല…”
    ഏട്ടിലെ പശു പുല്ലു തിന്നുവോ നിരക്ഷരാ…

  9. ആദ്യ ഭാഗം വായിച്ചില്ല.. അതുകൂടെ വായിച്ചിട്ട് വിശദമായി എഴുതാം.

  10. ഹോ!ഹോ! നല്ല കാഴ്ച്ച്കൾ! കൊളമ്പസ്, ഓഷ്യനോറിയം … എല്ലാം. വേഷം കെട്ടി തെണ്ടലും മുച്ചീട്ടുകളിയുമൊക്കെ ആഗോള പ്രതിഭാസങ്ങൾ തന്നേ?

  11. “നമ്മള കോഴിക്കോട്ടും മാണം ഒരു ബാര്‍സലോണ”, ഏതായാലും ഫ്രീയായിട്ടൊരു സ്പയിന്‍ യാത്ര സംഗടിപ്പിച് തന്നതിന്‍ നന്ദി.

  12. മനോജ്, വളരെ നല്ല കാഴ്ചകൾ…ശരിക്കും ഭാഗ്യവാൻ തന്നെ…ഇങ്ങനെയുള്ള യാത്രകൾ, ഒരിക്കലെങ്കിലും നടത്തിയിട്ടില്ലെങ്കിൽ, ജീവിതത്തിനെന്താണ് അർത്ഥമുള്ളത്.ചിത്രങ്ങളും വളരെ മനോഹരം..
    വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന, പ്രത്യേകിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുവാനുള്ള പല കാര്യങ്ങളും നമ്മുടെ മനോഹരമായ കേരളത്തിലും നടപ്പിൽ വരുത്താവുന്ന കാര്യങ്ങൾ തന്നെയെന്നതിൽ സംശയമില്ല. പക്ഷെ വാക്കുകളിലൂടെ മാത്രം വികസനം വിളമ്പുന്ന രാഷ്ട്രീയ നേതൃത്വവും, നാടിന്റെ അവസ്ഥയെക്കുറിച്ച് ഒരിക്കലും ചിന്തിക്കാത്ത ജനസമൂഹവും, പൊതുമുതൽ തല്ലിത്തകർക്കുവാൻ ഒരു കാരണത്തിനായി വീർപ്പുമുട്ടി നിൽക്കുന്ന യുവജനങ്ങളും(പൊട്ടക്കിണറ്റിലെ തവളകൾ എന്നുവേണമെങ്കിൽ പറയാം)ഉള്ളപ്പോൾ ഈ നാട് എങ്ങനെയാണ് മനോജേ രക്ഷപെടുക. അതുകൊണ്ട് തന്നെ മനോഹരമായി കാണപ്പെടുന്ന ഇത്തരം രാജ്യങ്ങൾ കണ്ട് നെടുവീർപ്പെടുവാനേ നമുക്ക് ഇപ്പോൾ കഴിയൂ…

    കൊച്ചിയെയും, തിരുവനന്തപുരത്തിനെയും, ബാർസിലോണ ആക്കിയില്ലെങ്കിലും അവിടുത്തെ മാലിന്യനിക്ഷേപമെങ്കിലും നല്ലരീതിയിൽ നടത്തിയാൽ മതിയായിരുന്നു.

  13. ജീവനുള്ള വിവരണമായതുകൊണ്ട് നിങ്ങളുടെ കൂടെ നടന്ന് കണ്ടപോലുണ്ട്. ബാക്കി പോരട്ടെ! :)

  14. @ഷിബു തോവാളകൊച്ചിയെയും, തിരുവനന്തപുരത്തിനെയും, ബാർസിലോണ ആക്കിയില്ലെങ്കിലും അവിടുത്തെ മാലിന്യനിക്ഷേപമെങ്കിലും നല്ലരീതിയിൽ നടത്തിയാൽ മതിയായിരുന്നു.
    അങ്ങനൊരു വരികൂടെ എന്റെ മനസ്സിൽ ഉണ്ടായിരുന്നതാണ്. എന്നിട്ടും മനപ്പൂർവ്വം എഴുതാതിയില്ല. മറ്റ് രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തെ താരത‌മ്യം ചെയ്ത് എഴുതരുത് എന്നൊരു അഭിപ്രായം മറ്റേതോ യാത്രാവിവരണത്തിൽ ആരോ നിർദ്ദേശിച്ചിരുന്നു. അത് ശരിയാണെന്ന് എനിക്കും തോന്നി. കാരണം, 1.അതിനേ സമയം കാണൂ. 2.അങ്ങനെ ചെയ്തിട്ടും വലിയ പ്രയോജനം ഒന്നുമില്ല. നമ്മുടെ നാട്ടിൽ വരേണ്ട പരിവർത്തനങ്ങൾക്കായി വേറേ തന്നെ പോസ്റ്റുകൾ ഇറക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടും കാര്യമൊന്നും ഉണ്ടാകില്ലെന്ന് അറിയാം. എന്നാലും …. മാലിന്യ വിമുക്ത കേരളം എന്ന പേരിൽ ഒരു പോസ്റ്റ് ഞാൻ മുൻപ് എഴുതിയിരുന്നു.

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  15. “ആനപ്പുറത്തിരിക്കാൻ കൊതിച്ചവൻ ശൂലത്തിൽ കയറി എന്ന അവസ്ഥയായിത്തീരും”….ഈ പ്രയോഗം വളരെ ഇഷ്ടമായി…അടുത്ത ഭാഗവും ഇപോ തന്നെ വായിക്കണം…

  16. ഒരു തിരുത്ത് കൂടെ…
    “ബസ്സിൽ കയറിയ ശേഷം ഒരു ടിക്കറ്റെടുക്കാൻ 54 യൂറോ കൊടുക്കണം. പക്ഷെ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, ഹോട്ടലിന്റെ റിസപ്ഷനിൽ ടിക്കറ്റിന് 50 യൂറോ കൊടുത്താൽ മതി. 8 യൂറോ ലാഭിക്കുന്ന കാര്യമല്ലേ”
    ലാഭം 4 യൂറോ മാത്രം…!
    4 യൂറോ കുറഞ്ഞാലും എഴുത്ത് ചുരുക്കല്ലേ..

  17. @ഏകലവ്യന്‍ഒരു ടിക്കറ്റെടുക്കാൻ 54 യൂറോ. അപ്പോൾ ഞങ്ങൾ 2 പേർക്കുള്ള ടിക്കറ്റിന് 108 യൂറോ. അങ്ങനെയാണ് 8 യൂറോ ലാഭമാകുന്നത്. കണക്ക് എഴുതിയപ്പോൾ വഴി മുഴുവനും കൃത്യമായും വെടിപ്പായും എഴുതാത്തതുകൊണ്ട് വന്ന തെറ്റിദ്ധാരണയാണ്. ലാഭിച്ചത് 8 യൂറൊ തന്നെ :) എന്തായാലും വഴിക്കണക്ക് വഴി തിരിച്ച് തന്നെ മാറ്റി എഴുതുന്നുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

  18. മനോജേട്ട അതിമനോഹരം. സ്പെയിനിലെ ബനാല്‍ മദീന കോസ്റ്റ എന്നാ സ്ഥലത്ത് ഇത്തരം ഒരു അക്വേറിയം കണ്ടിരുന്നു. വിശാലമായ ശുദ്ദ ജല അക്വേറിയം ആയിരുന്നു അത്. …..സസ്നേഹം

  19. അങ്ങനെ ബാർസലോണയേയും, കൊളംബസ്സിനേയും പറ്റി പല പുതിയ അറിവുകളും കിട്ടി. നല്ല വിവരണം. നന്ദി മനോജേട്ടാ.

    ഒരു ഏഷ്യൻ ഗെയിംസ് നടത്തിയതിന്റെ ക്ഷീണം തീർന്നിട്ടില്ല. അതാവും പഖ്യാപിച്ച പദ്ധതി ഇപ്പോഴും നടപ്പിൽ വരാത്തത്. വിഴിഞ്ഞം കേട്ട് തുടങ്ങിയിട്ട് കാലം കുറെ ആയി, ഇപ്പോഴും കടലാസിൽ തന്നെ.

    കൊച്ചിയുടെ വികസനം ഇപ്പോൾ പടിഞ്ഞാറ് തന്നെ അല്ലെ. എൽ എൻ ജിയും, എസ് പി എമ്മും അങ്ങനെ എന്തെല്ലാം പദ്ധതികൾ. ഓഷ്യനേറിയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സഖാവ് എസ് ശർമ്മ പറഞ്ഞതായി ഓർക്കുന്നു. പുതുവൈപ്പിൽ ഒന്നിന് ആലോചന ഉണ്ടത്രെ. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.

    ഒരു ചെറിയ പിശകു കൂടി പര്യവേഷനെ പര്യവേഷകൻ ആക്കണം. ഇനി മൂന്നാം ഭാഗത്തേയ്ക്ക്.

  20. @MANIKANDAN [ മണികണ്ഠൻ ] – ഓഷ്യനേറിയത്തിന്റെ കാര്യം സഖാവ് ശർമ്മ പറഞ്ഞത് അറിയില്ലായിരുന്നു. വൈകി വന്നാലും പിശകുകൾ കണ്ടുപിടിച്ച് തന്നതിന് നന്ദി മുരളീ. തിരുത്തിയിട്ടുണ്ട്.

  21. കമന്റ്‌ ഇടാന്‍ വൈകി എന്നറിയാം, ഇപ്പോഴേ വായിച്ചെത്തിയുള്ളൂ. അത് പോലെ ഒരു Columbus പ്രതിമ ഇവിടെ ന്യു യോര്കിലും ഉണ്ട്. ഇതാ – http://www.nycgovparks.org/sub_your_park/historical_signs/monument_pics/queens/christopher_columbus_columb.jpg
    പിന്നെ “Hope on Hope off” നു പകരം “Hop on Hop Off” അല്ലെ വേണ്ടത്?

  22. @Madhavan“Hope on Hope off” നു പകരം “Hop on Hop Off” അല്ലെ വേണ്ടത്?

    ആ പിശക് കണ്ടുപിടിച്ച് തന്നതിനും മനസ്സിരുത്തിയുള്ള വായനയ്ക്കും വളരെ നന്ദി. പിശക് കൈയ്യോടെ തിരുത്തുന്നു.

Leave a Reply to സജി തോമസ് Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>