Bahrainflag

ഒരു ബഹറിൻ യാത്രയുടെ ഓർമ്മയ്ക്ക്


ണ്ണപ്പാടത്തെ ജോലിസംബന്ധമായാണ് ബഹറിനിലേക്ക് യാത്രപോകാൻ അവസരമുണ്ടായത്. 2010 ഫെബ്രുവരി മാസത്തിലായിരുന്നു യാത്ര. അബുദാബിയിലെ ഹെഡ് ഓഫീസിൽ ഉണ്ടായിരുന്ന എനിക്ക് അവിടെ നിന്ന് ബഹറിനിലേക്ക് പോകാൻ വിസ നേരത്തേ എടുക്കേണ്ട ആവശ്യമില്ലായിരുന്നു. ‘വിസ ഓൺ അറൈവൽ‘ സമ്പ്രദായം ബഹറിനിലുണ്ട്. എയർ‌പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിക്കുന്ന കൗണ്ടറിൽത്തന്നെ പണമടച്ച് വിസയും സ്റ്റാമ്പ് ചെയ്ത് രാജ്യത്തിലേക്ക് കടക്കാം. ഗൾഫ് രാജ്യങ്ങളിൽ, പല കാര്യങ്ങളിലും വളരെയധികം സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് ബഹറിൻ എന്ന് മുന്നേ തന്നെ കേട്ടിട്ടുണ്ട്. ദ്വീപ് രാജ്യമാണെന്നതാണ് ബഹറിന്റെ വലിയൊരു പ്രത്യേകത.

ബഹറിൻ പതാക.

യാത്രാക്കാര്യം ഉറപ്പായതോടെ ബഹറിനിലുള്ള സുഹൃത്തുക്കളെയെല്ലാം വിവരമറിയിച്ചു. സുഹൃത്തുക്കളെന്ന് പറഞ്ഞാൽ ഒന്നൊഴിയാതെ എല്ലാവരും ബ്ലോഗ് വഴി ഉണ്ടായ സൗഹൃദങ്ങൾ തന്നെ. അക്കൂട്ടത്തിൽ നേരിട്ട് കണ്ടിട്ടുള്ളത് സജി മാർക്കോസ് എന്ന ഹിമാലയ അച്ചായനെ മാത്രമാണ്. അതുകൊണ്ടുതന്നെ എന്റെ ഈ യാത്ര സജിക്ക് പിടിപ്പത് പണിയുണ്ടാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഞാൻ സഞ്ചരിക്കുന്ന വിമാനം നിലത്തിറങ്ങിക്കഴിഞ്ഞതിനുശേഷം, വീട്ടിൽ നിന്ന് വാഹനം ഓടിച്ച് എയർപ്പോർട്ടിലേക്ക് വരാനുള്ള ദൂരമേയുള്ളൂ ബഹറിനിൽ ജീവിക്കുന്ന ഏതൊരാൾക്കും. 8 ലക്ഷത്തിന് മേൽ മാത്രം ജനസംഖ്യയുള്ളൊരു  ചെറിയൊരു രാജ്യമാണ് ബഹറിൻ. കൃത്യമായി പറഞ്ഞാൽ 33 ദ്വീപുകൾ ചേർന്ന ഒരു ആർക്കിപലാഗോ ആണ് കിങ്ങ്ടം ഓഫ് ബഹറിൻ. അതിൽ ഏറ്റവും വലുത് ബഹറിൻ ദ്വീപ് തന്നെ.

ബഹറിൻ ഭൂപടം.

വിമാനം നിലം തൊട്ടു. എമിഗ്രേഷൻ ക്യൂവിൽ നിന്ന് 40 ദിർഹസ് കൊടുത്ത് വിസ അടിച്ചു പുറത്ത് കടക്കുന്നതിനുമുന്നേ സജിയെ ഫോണിൽ വിളിച്ചു. എയർപ്പോർട്ടിന് പുറത്ത് കടന്നപ്പോൾ സജി അവിടെ ഹാജർ. അധികം താമസിയാതെ എന്നെയും വഹിച്ചുകൊണ്ട് സജിയുടെ മെർക്കുറി മൊണ്ടനീർ ജീപ്പ്, എനിക്കെന്റ കമ്പനി താമസം ഏർപ്പാട് ചെയ്തിരുന്ന കെട്ടിടത്തിന് കീഴെയെത്തി. ഇതിനിടയ്ക്ക് മറ്റൊരു സുഹൃത്തായ നട്ടപ്രാന്തൻ ഞങ്ങൾക്കൊപ്പം കൂടി. ഇനിയുള്ള ദിവസങ്ങളിൽ ബഹറിൻ ബൂലോകത്തെ എല്ലാ സുഹൃത്തുക്കളേയും കാണാമെന്നുള്ള സന്തോഷം ഈ യാത്രയ്ക്കുണ്ടായിരുന്നു. മറ്റൊരു വിധത്തിൽ  പറഞ്ഞാൽ ബഹറിൻ ബൂലോകരുടെ ഊഷ്മളമായ സ്നേഹം അനുഭവിച്ചറിയാൽ ഭാഗ്യമുണ്ടായ കുറെ നല്ല ദിവസങ്ങളായിരുന്നു അത്.

ബാബ്‌കോ എന്ന ബഹറിൻ എണ്ണക്കമ്പനിയിലെ ചില കോണ്ട്രാൿറ്റ് ജോലികളാണ് എനിക്ക് ചെയ്യാനുള്ളത്. ഫീൽഡിൽ ജോലിയുള്ള ദിവസങ്ങളിൽ രാവിലെ തന്നെ മരുഭൂമിയിലേക്ക് പുറപ്പെടും.  യാത്ര ഫെബ്രുവരി മാസത്തിലായിരുന്നെന്ന് പറഞ്ഞല്ലോ ? ബഹറിനികൾ താരതമ്യേന തണുപ്പുള്ള ഇക്കാലങ്ങളിൽ എ.സി.മുറികളിലെ ജീവിതത്തിന് ഒരു വിടുതൽ കൊടുത്ത് മരുഭൂമികളിൽ ടെന്റ് കെട്ടി അതിൽ കഴിയുന്നതിൽ സന്തോഷം കാണുന്നവരാണ്. എണ്ണപ്പാടത്തേക്ക് പോകുന്ന വഴിയിൽ റോഡിനിരുവശത്തും ഈ ആവശ്യത്തിലേക്കായി കെട്ടി ഉയർത്തിയിരിക്കുന്ന താൽക്കാലിക ടെന്റുകൾ ധാരാളമായി കാണാം. വൈകുന്നേരങ്ങളിൽ ‘ബാഞ്ചി’ എന്ന് പേരുള്ള മണലിൽ ഓടിക്കുന്ന 4 ചക്രമുള്ള സ്ക്കൂട്ടറുകളിൽ അഭ്യാസപ്രകടനമൊക്കെ നടത്തി അവർ ജീവിതം ഉല്ലാസപ്രദമാക്കുന്നു. എനിക്കത് വളരെ രസകരമായ അല്ലെങ്കിൽ പൈതൃകത്തോട് ചേർന്നുനിൽക്കുന്ന ഒരു കാര്യമായി തോന്നി. വന്ന വഴി മറക്കാതിരിക്കാൻ ഓരോ നാഗരികനും ചെയ്യേണ്ടതാണ് കൊല്ലത്തിൽ ഒരിക്കലെങ്കിലും ഇത്തരം മാറിത്താമസിക്കലുകൾ.

ആദ്യദിവസം രാവിലെ ഞാൻ ജോലിക്ക് ഹാജരായ ബാബ്‌കോയുടെ ഓഫീസ് കെട്ടിടത്തിന് അടുത്തുതന്നെയാണ്, ബഹറിനിലെ ആദ്യത്തെ എണ്ണക്കിണർ. പേർഷ്യൻ ഗൾഫിലെ തന്നെ ആദ്യത്തെ ഈ എണ്ണക്കിണർ 1932 ൽ കുഴിക്കപ്പെട്ടതാണ്. പ്രസ്തുത എണ്ണക്കിണറും അനുബന്ധകാര്യങ്ങളുമൊക്കെ ചേർത്ത് ഒരു മ്യൂസിയമാക്കി സംരക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. ഫീൽഡിൽ ക്യാമറ അനുവദനീയമല്ലെന്ന് കരുതി ക്യാമറ കൈയ്യിൽ കരുതാത്തതുകൊണ്ട് ആ എണ്ണക്കിണറിന്റെ ഒരു ചിത്രമെടുക്കാൻ പറ്റാഞ്ഞതിലുള്ള കുണ്ഡിതം ഇപ്പോഴും ബാക്കിനിൽക്കുന്നു. ക്യാമറയുമായി മ്യൂസിയത്തിൽ പോകുന്നതിന് വിലക്കൊന്നും ഇല്ലെന്ന് അറിഞ്ഞത് വളരെ വൈകിയാണ്.

ഒരു  ഓരോ ദിവസവും എണ്ണപ്പാടത്തെ ജോലികൾ തീരുമ്പോൾ ഞാൻ സജി അച്ചായനെ വിളിച്ച് വിവരമറിയിക്കും. കമ്പനി തന്നിരിക്കുന്ന താമസസ്ഥലത്ത് വന്ന് കുളിച്ച് തയ്യാറായിക്കഴിയുമ്പോഴേക്കും ഓഫീസിൽ നിന്നിറങ്ങി അത്യാവശ്യം വീട്ടുകാര്യങ്ങളൊക്കെ തീർത്ത് വാഹനവുമായി സജി എന്റടുത്ത് എത്തും. പിന്നെ ഓരോയിടങ്ങളിലായി കറങ്ങി നടക്കും, അച്ചായന്റെ ചിലവിൽ ഭക്ഷണം കഴിക്കും. ഇതൊക്കെ രണ്ടാഴ്ച്ചക്കാലത്തെ സ്ഥിരം പരിപാടിയായി മാറി.

വന്നിറങ്ങിയ ദിവസം തന്നെ എയർപ്പോർട്ടിൽ നിന്ന് താമസസ്ഥലത്തേക്ക് യാത്രതിരിച്ചപ്പോൾ ബഹറിനെപ്പറ്റി സജി ഒരു ലഘുവിവരണം തന്നിരുന്നു. ലഘു എന്ന സൂചിപ്പിക്കാമെങ്കിലും വളരെ ഉപകാരപ്രദമായ ഒരു വിശദീകരണം തന്നെയായിരുന്നു അത്.  സത്യത്തിൽ ഏതൊരു രാജ്യത്തേക്ക് പോകുമ്പോഴും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മാനവശേഷി വകുപ്പ്, ജീവനക്കാർക്ക് നൽകുന്ന(എന്റെ കമ്പനിയിൽ ആ പതിവില്ല.) ഓറിയന്റേഷൻ ക്ലാസ്സുകളേക്കാൾ വിജ്ഞാനപ്രദമായിരുന്നു സജിയുടെ വിവരണം.

കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഞാൻ മനസ്സിലാക്കിയ ബഹറിൻ രാഷ്ട്രീയം ഇപ്രകാരമാണ്. ബഹറിനിലെ ജനസംഖ്യയില്‍ സുന്നികള്‍ ന്യൂനപക്ഷവും ഷിയകള്‍ ഭൂരിപക്ഷവുമാണ്. എന്നിരുന്നാലും ന്യൂനപക്ഷമായ സുന്നികളാണ് ബഹറിന്‍ ഭരിക്കുന്നത്. സുന്നികള്‍ പകുതിയ്ക്കടുത്ത് വരുമെന്ന് അവകാശപ്പെടുന്നുവെങ്കിലും ഔദ്യോഗികമായി പുറത്തുവിടുന്ന ശതമാനക്കണക്കുകൾ ശരിയായിട്ടുള്ളതല്ല. ശരിക്കും അടിച്ചമർത്തപ്പെട്ട വർഗ്ഗമായാണ് ഈ രാജ്യത്ത് ഷിയകൾ കഴിയുന്നത് എന്നതാണ് അവരുടെ പരാതി. അവരുടെ വിദ്യാഭ്യാസത്തിൽ, തൊഴിലിൽ എന്നുതുടങ്ങി ജീവിതനിലവാരത്തിൽ വരെ ഈ വ്യത്യാസം വളരെ പ്രകടമാണ്. ഒറ്റനോട്ടത്തിൽത്തന്നെ, ഒരു ഷിയയെ സജി തിരിച്ചറിയുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അവരുടെ കുട്ടികളിൽവരെ ആ വ്യത്യാസം പ്രകടമാണ്. പട്ടാളം, പൊലീസ് തുടങ്ങിയ ജോലികളിലൊന്നും കാര്യമായി ഷിയകൾക്ക് നിയമനം കൊടുക്കാറില്ല എന്നും  ഷിയകൾ ആക്ഷേപിക്കുന്നു. എന്നാലോ അത്തരം ഉയർന്ന ജോലികളൊക്കെ പ്രവാസികൾക്ക് നൽകുകയും ചെയ്യും. സർക്കാർ, അർദ്ധസർക്കാർ എന്നീ സ്ഥാപനങ്ങളിലെ ഉയർന്ന ജോലികൾ, അന്നാട്ടുകാരായ ഷിയകളെ തഴഞ്ഞുകൊണ്ട് പ്രവാസികൾക്ക് നൽകപ്പെടുന്നു എന്നതാണ് മറ്റൊരു പരാതി. അവർക്കായി സ്ഥാപിക്കുന്ന സ്കൂളുകൾക്ക് ചിലവാക്കുന്ന തുക സുന്നികൾക്കായി പണിയുന്ന സ്ക്കൂളിന്റെ ഒരു ടോയ്‌ലറ്റിന്റെ ചിലവ് പോലും വരില്ലത്രേ!

ഇതിനൊക്കെ എതിരായി വല്ലപ്പോഴുമൊക്കെ ഏതെങ്കിലും ട്രാഫിൿ സിഗ്നലുകളിൽ ഷിയകൾ ഒരു ടയർ കൊണ്ടുവന്നിട്ട് കത്തിക്കും. അല്ലെങ്കിൽ കുറച്ച് കാറുകൾ തല്ലിപ്പൊട്ടിക്കും. അതിലൊതുങ്ങുന്നു അവരുടെ പ്രതിഷേധം.

കേട്ടറിഞ്ഞത് മനസ്സിലാക്കിയ കാര്യങ്ങളൊക്കെ ശരിയാണെങ്കിൽ, വളരെ ആസൂത്രിതമായി രണ്ട് തരം ജനതയെ വാർത്തെടുക്കപ്പെടുന്നു ഈ നാട്ടിൽ. അതേസമയം ഭരണകൂടം ജനങ്ങൽക്ക് വേണ്ടി വളരെയേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവകാശപ്പെടുന്നുമുണ്ട്. എന്തായാലും കെട്ടിട നിർമ്മാണ മേഖലയിലും മറ്റും, അറബികള്‍ കൂലിപ്പണിയെടുക്കുന്ന കാഴ്ച മറ്റൊരു ഗള്‍ഫ് രാജ്യത്തും കാണാനാവില്ല.

എന്തൊക്കെ അപാകതകൾ ഉണ്ടെന്ന് പറഞ്ഞാലും, എന്തൊക്കെ അഴിമതികൾ നടക്കുന്നുണ്ടെന്ന് പറഞ്ഞാലും ഇതുപോലുള്ള ചില അവസരങ്ങളിലെങ്കിലും ജനാധിപത്യം എന്ന സംഭവത്തെ മനസ്സാ വണങ്ങിപ്പോകും,  ബാലറ്റ് പേപ്പറിന്റെ ശക്തിയിൽ ഊറ്റം കൊള്ളപ്പെടും.

*******************
കാറിലിരുന്നുള്ള യാത്രകളിൽ റോഡരുകിലുള്ള ഓരോ കെട്ടിടത്തെപ്പറ്റിയും സജി വർണ്ണിച്ചുകൊണ്ടേയിരിക്കും. അത്തരത്തിൽ ബഹറിനിൽ എടുത്ത് പറയേണ്ട ഒരു കെട്ടിടം ബഹറിൻ വേൾഡ് ട്രേഡ് സെന്റർ കെട്ടിടമാണ്. ആരുടേയും ശ്രദ്ധ ആകർഷിക്കാൻ പോന്ന വ്യത്യസ്തമായ ഒരു ഇരട്ടക്കെട്ടിടം. പായക്കപ്പലിന്റെ പായകളോട് സാദൃശ്യമുള്ളതാണ് ഇരുകെട്ടിടങ്ങളും. കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കാണുന്ന ബീമുകളിൽ 3 കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ. അത് വെറും കാഴ്ച്ചവസ്തുവോ അലങ്കാരപ്പണിയോ അല്ലന്നുള്ളതാണ് അതിശയം.

വേൾഡ് ട്രേഡ് സെന്റർ കെട്ടിടം.

കെട്ടിടത്തിലേക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാൻ ഈ കാറ്റാടി യന്ത്രങ്ങൾക്കാകും. പക്ഷെ നിർഭാഗ്യവശാൽ ആ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവുന്നില്ല. കെട്ടിട നിർമ്മാണത്തിലെ/ഡിസൈനിലെ പിഴവുകളോ അപാകതകളോ കാരണമായിരിക്കണം ഈ കാറ്റാടി യന്ത്രങ്ങൾ കറങ്ങാൻ തുടങ്ങുമ്പോൾ അതാത് നിലകളിൽ വല്ലാത്ത കുലുക്കം അനുഭവപ്പെടാൻ തുടങ്ങിയതാണ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുന്നതിന്റെ കാരണം.

അച്ചായന്റെ ജീപ്പിൽ പായ്ക്കെട്ടിടത്തിന് മുന്നിൽ.

മറ്റൊരു നിർഭാഗ്യം അല്ലെങ്കിൽ ദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സംഭവം ഈ കെട്ടിടവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. 2006 ഏപ്രിൽ മാസത്തിൽ ഈ കെട്ടിടത്തിന്റെ പണികൾ തീരുന്നതിനോട് അനുബന്ധിച്ച് ഒരു ഉല്ലാസനൗകയിൽ നടത്തിയ ഡിന്നർ പാർട്ടി കലാശിച്ചത് വലിയൊരു വിപത്തിലാണ്. 130 പേർ യാത്ര ചെയ്തിരുന്ന ഉല്ലാസനൗക് മറിഞ്ഞ് 48 പേരോളം മരണമടഞ്ഞു. അതിൽ, 16 പേർ കെട്ടിടം പണിതീർത്ത Murray & Roberts Group എന്ന സൗത്ത് ആഫ്രിക്കൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനീയർമാരുമായിരുന്നു.  വേൾഡ് ട്രേഡ് സെന്റർ പദ്ധതിയുടെ ഡയറൿട്ടറും അപകടത്തിൽ മരണമടഞ്ഞു.  മൂന്ന് കാറ്റാടി യന്ത്രങ്ങളും താങ്ങി ആധുനിക ബഹറിന്റെ പ്രതീകമായി വേൾഡ് ട്രേഡ് സെന്റർ കെട്ടിടം നിൽക്കുന്നത്, മേല്‍പ്പറഞ്ഞ ദുരന്തത്തിന്റെ ദുഖം, ഇരട്ടപ്പായകൾ കൊണ്ട് മറച്ചുപിടിച്ചിട്ടാണെന്ന് എനിക്കു തോന്നി.

********************************
സജി അച്ചായന്റെ കൂടെ ചുറ്റിത്തിരിയുന്നതിനിടയിൽ ദഹനക്രിയ ഭംഗിയാക്കാനായി കഴിച്ച ചില വ്യത്യസ്ത ഭക്ഷണങ്ങളെക്കുറിച്ച് പരാമർശിക്കാതെ ഈ വിവരണം മുന്നോട്ട് നീക്കുന്നത് അന്യായമായിപ്പോകും.

1. തെരിയാക്കി
തെരിയാക്കി എന്ന് കേട്ടാൽ, തെറി വിളിച്ചതാണെന്ന് കരുതി മറുതെറിക്ക് കോപ്പുകൂട്ടാൻ വരട്ടെ. സംഭവം ഒരു ജപ്പാനീസ് ഭക്ഷണത്തിന്റെ പേരാണ്. അത് എന്നെക്കൊണ്ട് തീറ്റിപ്പിച്ചേ അടങ്ങൂ എന്ന് അച്ചായന് വാശി. ബഹറിൻ മാളിലേക്ക് കയറി യം യം ട്രീ എന്ന ഫുഡ് കോർട്ടിലെ ഒരു ജപ്പാനീസ് ഫാസ്റ്റ് ഫുഡ് കൗണ്ടറിൽ തെരിയാക്കി ഓർഡർ ചെയ്തു.

തെരിയാക്കി എന്നത് ശരിക്ക് പറഞ്ഞാൽ ഒരു പാചകരീതിയാണ്. മധുരമുള്ള സോയ സോസ് ഒരു പ്രധാന ഘടകമാണ്. മാംസക്കഷണങ്ങൾ ഗ്രില്ല് ചെയ്യുന്നത് കൗണ്ടറിന്റെ മുന്നിൽ നിന്നുതന്നെ ഞാൻ നോക്കിക്കണ്ടു. സാമാന്യം നല്ല നീളവും വീതിയുമുള്ള തട്ടുദോശയുടേത് പോലുള്ള ചുടുതട്ടിൽക്കിടന്ന് പച്ചമാസക്കഷണങ്ങൾ ഞൊടിയിടയിൽ വെന്ത് നിറം മാറി. അല്‍പ്പം നൂഡിൽ‌സും ചെറുതായി അരിഞ്ഞ പച്ചക്കറിയുമൊക്കെ ചേർത്ത് തെരിയാക്കി തീൻ‌മേശയ്ക്ക് മുകളിൽ വന്നപ്പോൾ നാല് പേർക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടായിരുന്നു.

ഒരു തെരിയാക്കി – ഒന്നൊന്നേകാൽ തെരിയാക്കി.

ഭക്ഷണം ഓർഡർ ചെയ്യുന്ന കാര്യത്തിൽ അച്ചായൻ ധാരാളിയാണ്. അറബികളുടെ സ്വഭാവമാണ് ഇതെന്നാണ് പുള്ളിക്കാരന്റെ ന്യായീകരണം. ആദ്യം കണ്ട് വയറ് നിറയണം എന്നതാണത്രേ പോളിസി. എനിക്കാണെങ്കിൽ ഭക്ഷണം ബാക്കിയാക്കുമ്പോളെല്ലാം മോഹൻലാലിന്റെ ഒരു ലേഖനത്തിൽ പറയുന്നത് പോലെ, എച്ചിൽത്തൊട്ടിയിൽ നിന്ന് എന്തെങ്കിലും ആഹാരം കിട്ടുമോ എന്ന് പരതുന്ന ഒരു കൊച്ചുകുട്ടിയുടെ രണ്ട് കണ്ണുകൾ മുന്നിൽ തെളിഞ്ഞുവരും. അതുകൊണ്ടെന്തുണ്ടായി ? ഇപ്പറഞ്ഞ ദിവസങ്ങളിലൊക്കെ അച്ചായന്റെ പോളിസിയും എന്റെ പോളിസിയും ചേർത്ത് എന്റെ ശരീരത്തിൽ 6 റാത്തൽ മേദസ്സെങ്കിലും കൂട്ടിച്ചേർത്തു.

2. കിസ്‌ബറ 

ഡിപ്ലോമാറ്റിക്ക് ഏരിയയിൽ നിന്നാണ് കിസ്‌ബറ കഴിച്ചത്. ചിക്കൻ ഗ്രില്ല് ചെയ്തതിന്റെ കൂടെ  കിസ്‌ബറ സോസൊക്കെ ചേർത്ത് വ്യത്യസ്തമായ ഒരു  വിഭവം തന്നെ ആയിരുന്നു അത്. അളവിൽ കൂടുതലായിപ്പോയി എന്നത് മാത്രമായിരുന്നു കിസ്‌ബറയുടെ കാര്യത്തിലും പ്രശ്നമായത്.

കിസ്‌ബറ

3. രവിയോളി (Ravioli)

സജിയുടെ ഓഫീസ് സീഫ് മാളിലാണ്. സാമാന്യം ഭേദപ്പെട്ട ‘നില‘യിലാണ് ഓഫീസ്. കറങ്ങിനടക്കാൻ സജിയെ കിട്ടാതെ പോകുമോ എന്ന് സംശയമുള്ള ചില ദിവസങ്ങളിൽ ഞാൻ സീഫ് മാളിലേക്ക് ടാൿസി പിടിച്ച് ചെല്ലും. മാളിനകത്തുള്ള ഒരു ഭോജനശാലയിൽ നിന്നാണ് ആദ്യമായി രവിയോളി എന്ന ഇറ്റാലിയൻ ഭക്ഷണം കഴിച്ചത്.

4. കഫ്‌ത മാ ലബാൻ

ചിക്കൻ കബാബ്, തൈര്, ടൊമാറ്റോ സോസ്, ഹാമൂസ് എന്നിവയൊക്കെ ചേർത്ത് വരുന്ന കഫ്ത മാ ലബാൻ എന്ന വ്യത്യസ്തമായ അറബി ഭക്ഷണം കഴിച്ചതും സീഫ് മാളിൽ നിന്ന് തന്നെ. ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ ദഹനക്രിയയ്ക്ക് ഒരു കുഴപ്പവും ഇല്ലാതിരുന്നു എന്ന് ഈ ഭക്ഷണമൊക്കെ അകത്താക്കുന്ന സമയത്ത് വളരെ വ്യക്തമായി മനസ്സിലാക്കി.

കഫ്‌ത മാ ലബാൻ

അച്ചായന് തിരക്കുള്ള ചില ദിവസങ്ങളിൽ ഞാൻ മറ്റേതെങ്കിലും ബൂലോക സുഹൃത്തുക്കളെ വിളിച്ച് ലോഹ്യം കൂടി കറക്കവും ശാപ്പാടുമൊക്കെ അവരുടെ കൂടെയാക്കിപ്പോന്നു. ബൂലോകത്തുനിന്ന് കിട്ടിയ സൗഹൃദങ്ങളിൽ ഒന്നായ കണ്ണൂർക്കാരൻ അനുമോദിന്റെ വീട്ടിലായിരുന്നു ഒരു ദിവസത്തെ അത്താഴം. അനുമോദ് നല്ലൊരു ബ്ലോഗ് വായനക്കാരനാണ്. ബ്ലോഗിൽ എഴുതുന്നു എന്നതൊഴിച്ചാൽ അനുമോദിന് അറിയുന്നത്ര ബൂലോക കാര്യങ്ങൾ എനിക്കറിയില്ലെന്ന് കുറഞ്ഞ നേരത്ത സംസാരംകൊണ്ട് ഞാൻ മനസ്സിലാക്കി. ഭക്ഷണത്തിനുശേഷം അനുമോദ് കുടുംബത്തിനും, സുഹൃത്ത് സൂരജിനും ഒപ്പം ഒരു രാത്രി സവാരിക്കിറങ്ങി.

ആദ്യം പോയത് ബഹറിനിലെ(അറാദ്) അയ്യപ്പക്ഷേത്രത്തിലേക്കാണ്. ഇതിനുമുൻപ് ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ.(ദുബായ്) യിലാണ് അത്തരം ഏതെങ്കിലും ഒരു ക്ഷേത്രദർശനം നടത്തിയിട്ടുള്ളത്. ഫ്ലാറ്റുകൾക്കിടയിലുള്ള ഇടനാഴികളിലൂടെ കടന്ന് മുകളിലത്തെ നിലകളിലോ മറ്റോ ഉള്ള ഒരു ഫ്ലാറ്റ് അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു കെട്ടിടത്തിനകത്ത് നടത്തിക്കൊണ്ടുപോകുന്ന ഇത്തരം ക്ഷേത്രങ്ങളിൽ എന്തുകൊണ്ടോ ദൈവികമായ ഒരു വികാരവും എനിക്കിതുവരെ ഉണ്ടായിട്ടില്ല. ക്ഷേത്രമെന്നാൽ, അമ്പലപ്പറമ്പും കുളവും ആൽമരവുമൊക്കെ ചേർന്നുള്ള ഒരു സങ്കല്‍പ്പം മനസ്സിൽ വേരൂന്നിയതുകൊണ്ടുള്ള ഒരു പ്രശ്നമായി തള്ളിക്കളയാവുന്ന കാര്യം മാത്രമാണത്.  എന്തൊക്കെയായാലും മറ്റ് വിശ്വാസികളുടെ താല്‍പ്പര്യങ്ങൾ ബഹറിനിൽ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് വലിയൊരു കാര്യം തന്നെ.

അയ്യപ്പ ക്ഷേത്രത്തിൽ നിന്നിറങ്ങി എയർപ്പോർട്ടിന് അടുത്തുള്ള അറാദ് (Arad) കോട്ടയിലേക്ക് അനുമോദ് വാഹനമുരുട്ടി. രാത്രി 9 മണി കഴിഞ്ഞതുകൊണ്ട് നിർഭാഗ്യവശാൽ കോട്ടയിലേക്കുള്ള പ്രവേശനം നടന്നില്ല. പുറത്ത് വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ്, നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന കോട്ടയുടെ സൗന്ദര്യം ആസ്വദിച്ച് മതിൽക്കെട്ടിന് വെളിയിൽ നിൽക്കാനേ കഴിഞ്ഞുള്ളൂ.

അറാദ് കോട്ട – രാത്രിക്കാഴ്ച്ച
അറാദ് കോട്ട – പകൽച്ചിത്രം (കടപ്പാട് വിക്കിപീഡിയ)

15 ആം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ടെന്നും 19ആം നൂറ്റാണ്ടിൽ  ഒമാനികൾ വളരെ ഹൃസ്വമായ ഒരു അധിനിവേശം നടത്തിയ കാലത്ത് കോട്ട അവർ ഉപയോഗിച്ചിരുന്നതായും കരുതപ്പെടുന്നു. കൂടുതൽ വിവരങ്ങളോ ചരിത്രങ്ങളോ അറാദ് ഫോർട്ടിനെപ്പറ്റി  ലഭ്യമാകാത്തത് നിരാശാജനകമായിരുന്നു. കോട്ടയുടെ പരിസരത്ത് ഇപ്പോഴും ഉത്ഘനനം നടക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാനാകുന്നുണ്ട്.

അനുമോദിനും മകനുമൊപ്പം അറാദ് കോട്ടയ്ക്ക് മുന്നിൽ.

ബഹറിനിലെ കോട്ടകളുടെ കാര്യം പറയുകയാണെങ്കിൽ വീണ്ടും അച്ചായനിലേക്ക് തന്നെ മടങ്ങേണ്ടിവരും. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി എന്നാൽ ദൂരെയായി നഗരം കാണാൻ പാകത്തിന് നിൽക്കുന്ന അതിപുരാതനമായ ‘ബഹറിൻ കോട്ട‘യിലേക്ക് നല്ലൊരു സന്ധ്യാസമയം ചിലവഴിക്കാനായി കൊണ്ടുപോയത് അച്ചായനാണ്.

ബഹറിൻ കോട്ട ഒരു ദൃശ്യം.

പോർച്ചുഗീസ് കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ടയുടെ ചരിത്രലഭ്യത അറാദ് ഫോർട്ടിനേക്കാളും ഭേദമാണ്. ബി.സി. 2300 മുതൽക്ക് കോട്ട ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. മെസപ്പെട്ടോമിയൻ സംസ്ക്കാരത്തിൽ പരാമർശിക്കപ്പെടുന്ന ഡിൽമൺ(Dilmun) പ്രവിശ്യയുടെ സിരാകേന്ദ്രമായിരുന്നു ഈ കോട്ടയെന്ന് കരുതപ്പെടുന്നു. പലപ്പോഴായി ഉണ്ടായിരുന്ന മനുഷ്യവാസത്തിന്റെ എല്ലാ ലക്ഷണങ്ങളും കോട്ടയ്ക്കുണ്ട്. ഉത്ഘനനം നടത്തി, നല്ല രീതിയിൽ കോട്ടയെ സംരക്ഷിച്ച് പോരുന്നുണ്ട്. ഒരു കുഴിയിലേക്ക് ഇറക്കിവെച്ചതുപോലെയാണ് കോട്ടയുടെ നില്‍പ്പ്. ആയിരക്കണക്കിന് വർഷങ്ങളായി ഭൂപ്രകൃതിയിൽ വന്നുഭവിച്ച വ്യതിയാനങ്ങൾ കോട്ടയെ മണ്ണിനടിയിൽ ആക്കിയിട്ടുണ്ടാകാം. സമുദ്രത്തോട് ചേർന്ന് നിൽക്കുന്നതുകൊണ്ട് കടലെടുത്ത്, അല്ലെങ്കിൽ മണ്ണടിഞ്ഞുമൊക്കെ കോട്ടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം.  കോട്ടയുടെ ഉത്ഘനനം നാലിലൊന്ന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് മനസ്സിലാക്കാനായത്.

ബഹറിൻ കോട്ടയുടെ പ്രധാന കവാടം.

180,000 ചതുരശ്രമീറ്റർ പ്രദേശത്തായി കോട്ട പരന്നുകിടക്കുന്നു. 2005 മുതൽ ഇത് UNESCO പട്ടിക പ്രകാരമുള്ള ഒരു വേൾഡ് ഹെറിറ്റേജ് സെന്റർ ആണ്. എന്തായാലും  എന്റെ ജീവിതത്തിൽ ഞാനിതുവരെ കണ്ടിട്ടുള്ള കോട്ടകളിൽ ഏറ്റവും പഴക്കമുള്ളത് ബഹറിൻ കോട്ട തന്നെ.

ബഹറിൻ കോട്ടയ്ക്കുള്ളിൽ നിന്ന് ഒരു ദൃശ്യം.
ബഹറിൻ കോട്ടയ്ക്കകത്ത് – പിന്നിൽ ബഹറിൻ നഗരം
കോട്ടയ്ക്കകത്ത്

ഒരുപാട് സന്ദർശകർ കോട്ടയിൽ വന്നുപോകുന്നുണ്ടായിരുന്നു. കോട്ടയിൽ നിന്ന് വെളിയിലേക്ക് നോക്കിയാൽ നാഗരിക ബഹറിന്റെ ഒരു നേർച്ചിത്രം കാണാനാകുന്നുണ്ട്. ഇരുട്ടുവീഴാൻ തുടങ്ങുന്നതിന് മുന്നേ കോട്ടയ്ക്ക് അകത്തും പുറത്തുമുള്ള ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങി. കോട്ടയ്ക്ക് ഒരു ചുറ്റ് നടന്ന് കുറച്ച് പടങ്ങളൊക്കെ എടുത്ത് മടങ്ങാൻ തയ്യാറായപ്പോഴേക്കും സൂര്യൻ പടിഞ്ഞാറേ ചക്രവാളസീമയ്ക്ക് അപ്പുറത്തേക്ക് കടന്നു കഴിഞ്ഞിരുന്നു.

********************************
ബഹറിൻ എന്ന കൊച്ചുരാജ്യത്ത് കറങ്ങിനടക്കുന്നതിനിടയിൽ ഒരു ദിവസം നാലുപ്രാവശ്യമെങ്കിലും പേൾ റൗണ്ട് എബൗട്ടിലൂടെ കടന്നുപോകാതിരിക്കാനാവില്ല. ബഹറിന്റെ പ്രതീകമാണ് റൗണ്ട് എബൗട്ടിന് നടുവിലുള്ള സ്തൂപം. ഒരുപാട് പ്രധാന റോഡുകൾ ഈ റൗണ്ടിൽ വന്നുചേർന്ന് വഴിപിരിഞ്ഞ് പോകുന്നു.

പേൾ റൗണ്ട് എബൗട്ട് – ബഹറിൻ

പരമ്പരാഗത അറബിക് പായ്‌വഞ്ചികളുടെ ആകൃതിയാണ് സ്തൂപത്തിലെ ആറ് തൂണുകൾക്ക്. അവ ഓരോന്നും പേർഷ്യൻ ഗൾഫിലെ ആറ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. തൂണുകൾക്ക്   മുകളിൽ കാണുന്ന ഗോളം ഒരു പവിഴത്തെയാണ് സൂചിപ്പിക്കുന്നത്. ‘പേൾ ഓഫ് ഗൾഫ് ‘ എന്ന ബഹറിന്റെ വിശേഷണത്തിന് ഒത്ത ശില്‍പ്പസൃഷ്ടിയാണിത്. ഈ  തൂണുകൾക്ക് നടുവിലായി 12 വശങ്ങളുള്ള ജലാശയവും ഫൗണ്ടനുമൊക്കെയുണ്ട്. രാത്രികാലങ്ങളിൽ വർണ്ണപ്രഭ ചൊരിയുന്ന വൈദ്യതവെളിച്ചത്തിൽ പേൾ റൗണ്ട് എബൗട്ട് മനോഹരമായ ഒരു കാഴ്ച്ച തന്നെയാണ്.

********************************

കോസ് വേ ഇവിടെ തുടങ്ങുന്നു.

ബഹറിനിൽ പോകുന്നവർ തീർച്ചയായും ഒരു പ്രാവശ്യമെങ്കിലും കടന്നുപോകേണ്ട ഒരു വഴിയാണ് കിങ്ങ് ഫഹാദ് കോസ് വേ (King Fahd Causeway). ഈ വഴി നീളുന്നത് തൊട്ടടുത്ത രാജ്യമായ സൗദി അറേബ്യയിലേക്കാണ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി 5 വർഷം സമയമെടുത്ത് നിർമ്മിച്ച ഈ വഴിയും അതുൾപ്പെട്ട പാലത്തിന്റേയും നിർമ്മാണം ആരംഭിച്ചത് 1981ലാണ്.

കോസ് വേ – ഒരു ദൃശ്യം.

25 കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം താണ്ടിയാൽ ബഹറിനിൽ നിന്ന് സൗദിയിലേക്കും, സൗദിയിൽ നിന്ന് ബഹറിനിലേക്കും പോകാമെന്നുള്ള സൗകര്യം ശരിക്കും ‘മുതലാക്കുന്നത് ‘ സൗദിക്കാർ തന്നെയാണ്. വാരാന്ത്യങ്ങളിൽ സൗദിയിൽ നിന്ന് എണ്ണമില്ലാത്തത്രയും വാഹനങ്ങൾ കോസ്‌വേ വഴി ബഹറിനിലേക്ക്  ഒഴുകിയെത്തും. സൗദിയിൽ നിഷിദ്ധമായത് പലതും ബഹറിനിൽ ലഭ്യമാണെന്നതാണ് അതിനു കാരണം. സൗദി പൊരന്മാരും അവിടെ ജീവിക്കുന്നവരും ബഹറിനിൽ ചെന്ന് അവർക്ക് വിലക്കപ്പെട്ട കനികൾ ആവോളം അനുഭവിച്ചും ആസ്വദിച്ചും വാരാന്ത്യങ്ങൾ ചിലവിട്ട് മടങ്ങിപ്പോകുന്നു. ബഹറിൻ തെരുവുകളിലൊക്കെയും അയൽ‌രാജ്യത്തുനിന്നുള്ള ഈ വാരാന്ത്യ സന്ദർശകരുടെ തിരക്ക് വ്യാഴാഴ്ച്ച വൈകുന്നേരം മുതൽ ശനിയാഴ്ച്ച വൈകീട്ട് ആർക്കും എളുപ്പം മനസ്സിലാക്കാനാവും. അര മണിക്കൂർ കൊണ്ട് കടന്നുപോകാനാവുന്ന കോസ് വേ ഈ ദിവസങ്ങളിൽ വാഹനങ്ങൾ തിങ്ങിനിറയുന്നതുകാരണം ഒരു മണിക്കൂറിലധികമെടുക്കുക പതിവാണ്.

ബോർഡർ സ്റ്റേഷനിലെ റസ്റ്റോറന്റ്, കോസ്റ്റ് ഗാർഡ് ടവറുകൾ

കോസ്‌ വേ ഗേറ്റ് കടന്ന് കരയിലൂടെ വാഹനം ഓടിച്ച് പാലത്തിലൂടെ ചെന്നാൽ വഴിയുടെ മദ്ധ്യഭാഗത്തുള്ള ബോർഡർ സ്റ്റേഷനിൽ എത്താം. രണ്ട് കൊച്ച് ദ്വീപുകളായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളും ഇവിടെ അതിര് പങ്കിടുന്നു. ഒരേ രീതിയിലുള്ള ടവറുകൾ രണ്ടെണ്ണം വീതം രണ്ട് രാജ്യങ്ങളുടേയും ഭാഗത്തായി കാണാം. അതിൽ ഒരെണ്ണം കോസ്റ്റ് ഗാർഡ്  ടവറും മറ്റേത് കോസ്‌വേ റസ്റ്റോറന്റ് ടവറുമാണ്. അതല്ലാതെ കാണപ്പെടുന്നത് കോസ്‌വേ അതോറിറ്റിയുടെ കെട്ടിടങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും മസ്‌ജിദുമൊക്കെയാണ്. ഞങ്ങൾ കോസ്‌വേ റസ്റ്റോറന്റ് ടവറിലേക്ക് കയറാൻ തീരുമാനിച്ചു. 212 അടിയോളം ഉയരമുള്ള ടവറിന്റെ മുകളിലേക്കെത്താനുള്ള ലിഫ്റ്റിൽ സാമാന്യം നല്ല തിരക്കുണ്ട്. വിദേശസഞ്ചാരികളായിരുന്നു അധികവും.

കോസ് വേ – റസ്റ്റോറന്റ് ടവറിന് മുകളിൻ നിന്നുള്ള കാഴ്ച്ച.

ടവറിന് മുകളിൽ നിന്ന് വെളിയിളേക്കുള്ള കാഴ്ച്ച മനോഹരമാണ്. സൗദിയുടെ ഭാഗത്തേക്കുള്ള ടവറുകളും കെട്ടിടങ്ങളും റോഡും പാലവുമൊക്കെ ചേർന്ന ദൃശ്യങ്ങൾ മുകളിൽ നിന്ന് വളരെ വ്യക്തമാണ്. ചക്രവാളത്തിലേക്ക് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് പോലെ, കോസ്‌ വേ കടലിലൂടെ വളഞ്ഞ് പോകുന്നത് ആരും നോക്കി നിന്നുപോകും. സത്യത്തിൽ ഒരു റിവോൾവിങ്ങ് ഭോജനശാല ഉണ്ടാക്കിയിരുന്നെങ്കിൽ കുറേക്കൂടെ ആസ്വാദകരമാകുമെന്നാണ് എനിക്ക് തോന്നിയത്.

സജിയോടൊപ്പം കോസ് വേ റസ്റ്റോറന്റ് ടവറിനുള്ളിൽ.

********************************
മറ്റ് ഗൾഫ് രാജ്യക്കാരെ അപേക്ഷിച്ച് ബഹറിനികൾ വളരെയധികം സൗഹാർദ്ദപരമായി പെരുമാറുന്നവരായിട്ടാണ് എനിക്കനുഭവപ്പെട്ടത്. റൂമിൽ ഇരുന്നാൽ ഡാറ്റാ കാർഡ് വഴിയുള്ള ഇന്റർനെറ്റ് സിഗ്നൽ കിട്ടാത്തതുകൊണ്ട് വൈകുന്നേരങ്ങളിൽ കെട്ടിടത്തിന്റെ കോറിഡോറിലിരുന്ന് ബ്രൗസ് ചെയ്യുക എന്റെ പതിവായിരുന്നു. റോഡിനെതിർവശത്തുള്ള റെസ്റ്റോറന്റ് ജോലിക്കാരൻ റോഡ് മുറിച്ചുകടന്ന് എന്റെടുത്തുവന്ന് റസ്റ്റോറന്റിൽ വന്നിരുന്ന് ജോലി ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ് ഒരു ചെറിയ മേശ പ്രത്യേകം മാറ്റിയിട്ട് തന്നിരുന്നു. അതിന്റെ പേരിൽ കച്ചവടം ഉണ്ടാക്കാൻ അയാൾ ശ്രമിക്കുന്നതായി എനിക്ക് തോന്നിയില്ല. എന്നിരുന്നാലും ഒരു കാപ്പി കുടിച്ച് അവിടിരുന്ന് ബ്രൗസ് ചെയ്യുക ഞാൻ പതിവാക്കി.

അനുമോദിനെ സന്ദർശിക്കാനായത് പോലെ തന്നെ ഒരു രാത്രി കുറേനേരം, ബ്ലോഗറും ചിത്രകാരനുമൊക്കെയായ ലിനുവിന്റേയും സുഹൃത്തുക്കളുടേയും കൂടെ ചിലവഴിക്കാനായെന്നത് ഹൃദ്യമായ അനുഭവമായിരുന്നു. ഇടയ്ക്ക് സമയം കിട്ടുമ്പോൾ സജിക്കൊപ്പം ദേശാഭിമാനി പത്രത്തിന്റെ ഓഫീസിലേക്ക് കയറി ബ്ലോഗർ രഞ്ജിത്ത് വിശ്വത്തിനെ ശല്യം ചെയ്യുന്നതും പതിവാക്കിയിരുന്നു. രഞ്ജിത് നല്ല ഒന്നാന്തരം കാപ്പിയിട്ട് തന്ന് മണിക്കൂറുകളോളം ആഗോള-ബൂലോക ചർച്ചകളിൽ ഞങ്ങൾക്കൊപ്പം കൂടുമായിരുന്നു.

ബഹറിൻ – ഒരു നഗര വീക്ഷണം.

ഇതിനൊക്കെ പുറമേ ബഹറിനിലേക്ക് വരുന്നതിന് മുന്നേയുള്ള എന്റെ ഒരു ആഗ്രഹം കൂടെ സജി സാധിച്ചുതന്നു. ആടുജീവിതം വായിച്ചതിനുശേഷം അതിന്റെ കഥാകാരനായ ബന്യാമിനെ ഒന്ന് കാണണമെന്നുള്ളതായിരുന്നു ആ ആഗ്രഹം. ഒരു വെള്ളിയാഴ്ച്ച ദിവസം സജി ഒരു ചെറിയ ബ്ലോഗ് മീറ്റ് തന്നെ തന്റെ ഫ്ലാറ്റിൽ ഏർപ്പാടാക്കി. ബന്യാമിന് പുറമേ, നട്ടപ്രാന്തൻ, കുഞ്ഞൻ, നജികേതസ്സ്, മോഹൻ പുത്തൻ‌ചിറ, രഞ്ജിത് വിശ്വം, രാജു ഇരിങ്ങൽ, അജിത്ത് നായർ, അനിൽ വേങ്ങോട് എന്നിങ്ങനെ ഒരുപറ്റം ബ്ലോഗേഴ്സ് ; അതിൽ പലരും കുടുംബമായിട്ടുതന്നെ പങ്കെടുത്ത ഒരു വിരുന്നായിരുന്നു അത്. ഉച്ചഭക്ഷണത്തിനുമുന്നേ ആരംഭിച്ച ആ ഒത്തുചേരൽ, കുഞ്ഞന്റെ മാജിക്ക് ഷോ തുടങ്ങിയ പരിപാടികളടക്കം വൈകീട്ട് വരെ നീണ്ടുപോയി. ഒരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നമായി ഞാനത് ഇന്നും നെഞ്ചേറ്റുന്നു.

ബഹറിൻ ബൂലോകർക്കൊപ്പം – കടപ്പാട് അജിത്, ഫോട്ടോ:കുഞ്ഞൻ.
രാജു ഇരിങ്ങലിനും രഞ്ജിത് വിശ്വത്തിനുമൊപ്പം – ഫോട്ടോ:അജിത് നായർ

ഇതിനൊക്കെ പുറമേ, അജിത്ത് നായരുടെ വീട്ടിലെ തനത് വയനാടൻ വിഭവങ്ങളോടെ ഒരു അത്താഴം,  ബ്ലോഗർ കുഞ്ഞന്റെ വീട്ടിൽ ഒരു രാത്രിയിലെ ഭക്ഷണം, ബഹറിൻ സാഹിത്യസമാജം കാക്കനാടനെ ആദരിക്കാൻ നടത്തിയ സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായത്, അവിടെ വെച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ.പി.സുരേന്ദ്രൻ മാഷിനെ നേരിൽ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചത്, മിനേഷും രാമുവും അടക്കമുള്ള മറ്റ് ബഹറിൻ ബൂലോകരെ പരിചയപ്പെടാനായത്…. എല്ലാം കൊണ്ടും ബഹറിൻ യാത്ര അവിസ്മരണീയമായ, ഒരു പവിഴം പോലെ മനസ്സിൽ എന്നും സൂക്ഷിക്കാൻ പോന്ന അനുഭവം തന്നെയായിരുന്നു.

നിലാവിന്റെ സംവിധായകൻ അജിത്തിനും കുടുംബത്തിനുമൊപ്പം

ജോലി സംബന്ധമായി വീണ്ടും ബഹറിനിൽ എത്താമെന്ന് ഉറപ്പുള്ളതുകൊണ്ട് ഒറ്റയടിക്ക് തന്നെ ബഹറിൻ മുഴുവൻ കണ്ടുതീർക്കാൻ ഞാനുദ്ദേശിച്ചിരുന്നില്ല. എന്നിരുന്നാലും ബഹറിനിൽ അവശ്യം കണ്ടിരിക്കേണ്ടതായ ഒരിടത്തേക്ക് എന്നെ കൊണ്ടുപോകാൻ സജി തീർച്ചപ്പെടുത്തിയിരുന്നു.

ട്രീ ഓഫ് ലൈഫ് ‘ എന്ന ബഹറിനിലെ ഒരു മരത്തിന്റെ ചുവട്ടിലേക്കായിരുന്നു ആ യാത്ര. നഗരാതിർത്തിയിൽ നിന്നൊക്കെ വിട്ടുമാറി എണ്ണയും വാതകവും ഒഴുകുന്ന പൈപ്പുകൾ മാത്രം കാണാൻ സാധിക്കുന്ന മരുഭൂമിയിലെ ടാർ ഇട്ടിട്ടില്ലെങ്കിലും സാമാന്യം ഉറപ്പുള്ള റോഡിലൂടെ കുറച്ചുദൂരം യാത്രചെയ്താലാണ് മരുഭൂമിക്ക് നടുവിൽ നിലകൊള്ളുന്ന 400 വർഷത്തിലധികം പ്രായമുള്ള ആ ഒറ്റയാൻ മരത്തിന്റെ അടുക്കലെത്തുക. ഇടയ്ക്ക് എപ്പോഴോ വഴിതെറ്റി എന്ന സംശയം സജി പ്രകടിപ്പിച്ചെങ്കിലും പകൽ വെളിച്ചം പൂർണ്ണമായും അവസാനിക്കുന്നതിന് മുന്നേ ഞങ്ങൾ ആ മരത്തിനടുത്തെത്തി. വേറെയും ഒരുപാട് സഞ്ചാരികൾ അവിടുണ്ടായിരുന്നു. എല്ലാവരും ഈ ഒരു മരം കാണാൻ വേണ്ടി മാത്രം മരുഭൂമിക്ക് നടുവിലെത്തിയവർ.

ട്രീ ഓഫ് ലൈഫ് – ചിത്രത്തിന് കടപ്പാട് വിക്കിയോട്.

ആരും തന്നെ വെള്ളമോ വളമോ ചെയ്ത് കൊടുക്കാതെ ഉണങ്ങിവരണ്ട മണലാരണ്യത്തിൽ ഒരു മരം നാല് നൂറ്റാണ്ടിനെ അതിജീവിച്ചിരിക്കുന്നു എന്നത് ചെറിയ കാര്യമൊന്നുമല്ല. എത്രയോ മരങ്ങൾ നമ്മൾ സ്വന്തം നാടായ കേരത്തിൽ കാണുന്നു. അതിലെത്രയോ മരങ്ങൾ നിസ്സാരകാര്യങ്ങൾക്കായി നാം മുറിച്ചുനീക്കുന്നു. അതുകൊണ്ടുതന്നെ ഒരു മരമെന്നാൽ നമ്മൾ മലയാളികൾക്ക് വലിയ  കാര്യമൊന്നുമായിരിക്കില്ല! ഇപ്പോളിതാ ഒരു മരത്തിന്റെ വില മനസ്സിലാക്കാൻ പോന്ന അനുഭവമായി ട്രീ ഓഫ് ലൈഫ് മുന്നിൽ നിൽക്കുന്നു. പ്രകൃതി പലപ്പോഴും നമ്മെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് വലിയ അത്ഭുതങ്ങൾ സൃഷ്ടിച്ചുകളയും.  ട്രീ ഓഫ് ലൈഫ് അത്തരത്തിൽ ഒന്നായിട്ടുതന്നെ എനിക്കനുഭപ്പെട്ടു.

ട്രീ ഓഫ് ലൈഫ് – ഫ്രിഡ്ജ് മാഗ്‌നറ്റ്

അതുകൊണ്ടുതന്നെ നല്ല കുറേ ഓർമ്മകൾ സമ്മാനിച്ച ബഹറിൻ ദിനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ എയർപ്പോർട്ടിൽ ഞാൻ തിരഞ്ഞത് ട്രീ ഓഫ് ലൈഫിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും ഒന്നാണ്. തിരച്ചിലിന്റെ അവസാനം, സോവനീർ ഷോപ്പുകളിൽ ഒന്നിൽ നിന്ന് എനിക്കത് കിട്ടി; ട്രീ ഓഫ് ലൈഫിന്റെ പടമുള്ള നല്ലൊരു ഫ്രിഡ്‌ജ് മാഗ്‌നറ്റ്.

———————————————————————————-

ഭൂരിഭാഗം ചിത്രങ്ങൾക്കും കടപ്പാട് സജി മാർക്കോസിനോട്

Comments

comments

45 thoughts on “ ഒരു ബഹറിൻ യാത്രയുടെ ഓർമ്മയ്ക്ക്

  1. സജി മാർക്കോസ് എന്ന ഹിമാലയ അച്ചായൻ മാതൃഭൂമി യാത്രാ മാഗസിന്റെ സമ്മാനമൊക്കെ വാങ്ങി കസറി നിൽക്കുമ്പോൾ, രണ്ടാഴ്ച്ചക്കാലയളവിൽ അദ്ദേഹവുമായി ബഹറിനിൽ നടത്തിയ ചില യാത്രകളുടെ കഥയൊക്കെ വിളമ്പി ഒന്ന് ഷൈൻ ചെയ്യാൻ ശ്രമിക്കുന്നതിൽ എന്താ തെറ്റ് ? :)

  2. സത്യം പറഞ്ഞാല്‍ ഈ ബഹ്‌റൈന്‍ കാഴ്ചകള്‍ വായിച്ചു എനിക്ക് അസൂയ തോന്നുന്നു.
    നാല് വര്‍ഷങ്ങള്‍ ഇവിടെ തെണ്ടി തിരിഞ്ഞിട്ടും പേരിന് ഒരു ഫോട്ടോ എടുത്തെങ്കിലും ബ്ലോഗ്ഗില്‍ ഇടാന്‍ പറ്റിയില്ല.
    ശരിക്കും വിശദമായി അതിനേക്കാള്‍ മനോഹരമായി വരഞ്ഞിട്ടിരിക്കുന്നു ഈ ബഹ്‌റൈന്‍ യാത്രയെ.
    ആ പേള്‍ റൌണ്ട് എബൌട്ട് ഇപ്പോള്‍ എങ്ങിനെ എന്ന് ചോദിക്കല്ലേ ട്ടോ :)

  3. << തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. >>>

    എല്ലാം തെറ്റാണ്.. ഒക്കെ മാറ്റണം…. തിരുത്തണം… :)

    അച്ചായന്റെ ഷോര്‍ട്ട് വിസിറ്റില്‍ ആര്‍മ്മാദിക്കാന്‍ പറ്റിയില്ല. അച്ചായന്‍ ചില പണികളിയിലും ഞാന്‍ നല്ല പനിയിലും ആയിരുന്നു. ഇനി ഇവിടെ വന്നിട്ടു വേണം എനിക്കൊരു എറണാകുളം അനുഭവം എഴുതാന്‍!!! ;) :)

    (ലിതൊക്കെ എഴുതി പോസ്റ്റാക്കാന്‍ എവിടുന്ന് സമയം കിട്ടുന്നെഡേയ്? അവിടെ 24 മണിക്കൂറില്‍ കൂടുതലുണ്ടോ??)

  4. നല്ല വിവരണം കേട്ടോ… ഇപ്പോള്‍ അവിടെ നടക്കുന്ന കുഴപ്പങ്ങള്‍ക്ക് മൂലകാരണം ഇതില്‍ ഉണ്ടല്ലോ?

  5. നല്ലൊരു നീണ്ട വായന…
    ബഹറിനെ കുറിച്ചും,അവിടത്തെ ജനസംഖ്യയെ കുറിച്ചും,ഹിമാലായൻ അച്ചായനോടൊപ്പം അവിടത്തെ ബൂലോഗരെ കുറിച്ചും കൂടാതെ അവിടെ തീൻ മേശയിൽ കണ്ട കാഴ്ച്ചയിൽ തന്നെ വയറൂ നിറയുന്ന വിഭവങ്ങളെ പറ്റിയും,…
    ഭായിയുടെ സ്വതസിദ്ധമായ ശൈലിയിൽ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ…

  6. dear neeruchetta,
    ithream neelamulla post ennekkond vaayikkan pattollaannurappundaayittun vaayichu.. sammathikkanam enne :)

    adichamarthalukal thanneyaanu viplavathilekk nayikkunnath!
    su

  7. മനോജേട്ടാ.. ബഹ്റൈന്‍ ഇപ്പോള്‍ ആ പഴയ ബഹ്റൈന്‍ അല്ല. പേള്‍ റൌണ്ട് എബൌട്ടിലൊക്കെ കുടിലുകള്‍. കറങ്ങി നടന്ന വഴികളിലൊക്കെ പ്രകടനങ്ങള്‍. ആകാശത്ത് നിരന്തരം വട്ടമിട്ട് പറക്കുന്ന സേനാ ഹെലിക്കോപ്റ്ററുകള്‍.

    പഴയ നല്ല ഓര്മ്മകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയതിനു നന്ദി

  8. മനോജേട്ടാ എന്നത്തേയും പോലെ നല്ല വിവരണം. ബഹ്‌റിൻ എന്ന രാജ്യത്തെക്കുറിച്ച്, ജനങ്ങളെക്കുറിച്ച് ജീവിതരീതികളെക്കുറിച്ച്, എല്ലാം നല്ല ഒരു ചിത്രം ഈ വിവരണത്തിലൂടെ ലഭിച്ചു. നന്ദി.

    (പേൾ റൗണ്ട് എബൗട്ടിനെക്കുറിച്ച് പരാമർശിച്ചപ്പോൾ സ്തൂഭം എന്നെഴുതിക്കണ്ടു. സ്തൂപം ആണ് ശരി എന്ന് തോന്നുന്നു. ആ വാക്ക് ഇവിടെ ചേരുന്നതാണോ എന്ന് ഉറപ്പില്ല. സ്തംഭം ആണോ ഉദ്ദേശിച്ചത്)

  9. നല്ല വിവരണം, വായിച്ചു കഴിഞ്ഞപ്പോള്‍
    ബഹറിന്‍ കണ്ട ഒരു സുഖമുണ്ട്.
    (‘തെരിയാക്കി’ ഇവിടുത്തെയും ഒരു
    ഇഷ്ട്ട വിഭവമാണ് ട്ടോ…
    ആ പേര് കേട്ടു ആദ്യം ഒരുപാടു ചിരിച്ചിട്ടുണ്ട്.)

  10. വായിച്ചപ്പോള്‍ രണ്ടു കാര്യങ്ങള്‍ മനസ്സില്‍ തട്ടി..
    1 എന്തൊക്കെ പറഞ്ഞാലും ഇന്ത്യ പോലെയൊരു ജനാധിപത്യം ജനിക്കാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ ഭാഗ്യമാണ്.രാഷ്ട്രീയക്കാര്‍ പൊതു സ്വത്തു
    കുറെയൊക്കെ കയ്യിട്ടു വാരിയാലും, ജീവന്‍ സ്വത്തിനും കാര്യമായ ഭീഷണി ഇല്ലാതെ,
    ഇഷ്ടമുള്ള അഭിപ്രായമൊക്കെ മുന്നും പിന്നും ആലോചിക്കാതെ പറഞ്ഞു കൊണ്ട് ജീവിക്കുക എന്നതൊരു ഭാഗ്യം തന്നെയാണ്..

    2 ജീവന്റെ മരം. – ഒരുപാടു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ഈ കാഴ്ച. നന്ദി….

    പോസ്റ്റ്‌ പൊതുവേ നന്നായിരുന്നു.. അത്ര colorful ആയില്ല :)

  11. ബഹറൈനെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.പ്രത്യേകിച്ച് അവിടെ ഇപ്പോള്‍ നടക്കുന്ന കുഴപ്പങ്ങളുടെ പശ്ചാതലത്തില്‍.
    പിന്നെ ഈ തെരിയാക്കിയൊന്നും നമ്മള്‍ക്ക് തെരിയാതണ്ണാ..
    രവിയോള എന്നു കണ്ടപ്പോ ഞാന്‍ കരുതി നമ്മുടെ രവി പിള്ളയുടെ റെസ്റ്റോറന്റാണോ എന്ന്…
    ആശംസകള്‍

  12. വിസദമായ ഈ വിവരങ്ങള്‍ക്ക് നന്ദി. ഗള്‍ഫു രാജ്യങ്ങളില്‍ ക്ഷേത്രം ഉണ്ടെന്നത്‌ എനിക്ക് പുതിയ അറിവാണ്.

  13. പേൾ റൗണ്ടിലെ പുതിയ കാഴ്ച്ചകളൊക്കെ റ്റീവിയിലൂടെ ഈയിടെ കാണാറുണ്ട്.
    എന്നാലും ബഹറിനെക്കാളും വലിയ ഈ യാത്രാ വിവരണത്തിൽ ബഹറിനെയും ബൂലോകരെയും ഒരുപോലെ പരിചയപ്പെടുത്തിയതിൽ സന്തോഷം.

  14. വിവരണത്തിലൂടെ ഞാനും ബഹറിന്‍ കണ്ടല്ലോ!

  15. @MANIKANDAN [ മണികണ്ഠൻ ] – മണീ, ശരിക്ക് പറഞ്ഞാൽ അവിടെ എന്ത് പറയണം എന്ന് എനിക്ക് തന്നെ വലിയ നിശ്ചയമില്ല. തൽക്കാലം സ്തൂപം എന്നാക്കിയിട്ടുണ്ട്. കൃത്യമായ ഒരു പദം നിർദ്ദേശിക്കാൻ മണിക്കോ മറ്റാർക്കെങ്കിലുമോ പറ്റിയാൽ അത് എഡിറ്റ് ചെയ്ത് ചേർക്കുന്നതാണ്. വായനയ്ക്കും എഡിറ്ററുടെ ജോലി ഭംഗിയായി ചെയ്യുന്നതിനും നന്ദി.

    ബഹറിൻ യാത്രാക്കുറിപ്പ് വായിക്കാൻ എത്തിയ എല്ലാവർക്കും നന്ദി :)

  16. കലക്കന്‍ യാത്രാ വിവരണം നിരക്ഷരന്‍ ചേട്ടാ…വേണെമെങ്കില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കാമായിരുന്നു എന്ന ഒരൊറ്റ തോന്നല്‍ മാത്രം ! ബഹ്‌റൈനെ പറ്റി കൂടുതല്‍ മന്സ്സിലാക്കി തന്നതിന്‌ നന്ദി

  17. :) thanks !! നല്ല പോസ്റ്റ്‌.

    പിന്നെ, “റോഡിനെതിർവശത്തുള്ള റെസ്റ്റോറന്റ് ജോലിക്കാരൻ” മൂപ്പ്‌രാണ് താരം !!! നമ്മടെ നാട്ടില്‍ വരുന്ന വിദേശികളുടെ അടുത്ത് നമ്മള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍, അത് നമ്മടെ രാജ്യംത്തിന്റെ ഇമേജ് ആണ് നന്നാക്കുന്നത് !!!

  18. ‘കൃത്യമായി പറഞ്ഞാൽ 33 ദ്വീപുകൾ ചേർന്ന ഒരു ആർക്കിപലാഗോ ആണ് കിങ്ങ്ടം ഓഫ് ബഹറിൻ.’
    ദൈവേ.. 3കൊല്ലം ബഹറൈനിൽ അർമ്മാദിച്ച് നടന്നിട്ടും ഇപ്പോളാ ഇങ്ങനൊരു സംഗതി അറിയുന്നത്. പിന്നെ, ഈ ‘യം യം ട്രീ’ ഫുട്കോർട്, എക്സിബിഷൻ റോഡിലല്ലേ..(അതോ ബഹറൈൻ മാളിലുമുണ്ടോ..?) എന്തായാലും ആകെകൂടി നൊസ്റ്റി. ആയി..:)

  19. ഈ യാത്രയെ കുറിച്ച് അച്ചായന്‍ പറഞ്ഞത് ഓര്‍ക്കുന്നു .ഇനി ബഹറിന്‍ പോകുമ്പോള്‍ എന്തായാലും അച്ചായനെ കാണാന്‍ പോകും .‘ട്രീ ഓഫ് ലൈഫ് ‘ഞാന്‍ പോയപോള്‍ കണ്ടിരുന്നില്ല .

    സുഹൃത്തുക്കളുമായി ചിലവഴിച്ച നല്ല ഓര്‍മ്മകള്‍ ഈ പോസ്റ്റില്‍ കൂടി കാണാന്‍ കഴിഞ്ഞു .ഇനിയും ഇതുപോലെ യാത്രകള്‍ ഉണ്ടാവട്ടെ

  20. പിന്നെ, ഈ സൌദി-ബഹറൈൻ കോസ് വേ ചരിത്രത്തിലാദ്യവും അവസാനവുമായി നടന്ന് ക്രോസ് ചെയ്ത ഒരേ ഒരാൾ ഞാനാ‍യിരിക്കും..:)

  21. നാല് വര്ഷം ഇവിടെ ജീവിച്ച/ ഇപ്പോഴും ജീവിക്കുന്ന എന്നെപ്പോലുള്ളവരേക്കാള്‍ നന്നായി മനോജ്‌ജി ബഹറിനെ മനസ്സിലാക്കിയിരിക്കുന്നു. അതെല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. ജീവന്റെ വൃക്ഷത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിലെ വിവരണം ഹൃദയസ്പര്‍ശിയായി. എഴുതി അവസാനിപ്പിച്ച ഭാഗവും നന്നായി തോന്നി. ചുരുക്കിപറഞ്ഞാല്‍ നല്ല അസൂയ തോന്നുന്നുണ്ട്.

    ആശംസകള്‍..

  22. “എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്”
    മാധ്യമം അല്ലേ ശരി.

  23. @ ‍രഞ്ജി – ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് ഭാഷാദ്ധ്യാപകരുടെ ഒരു സദസ്സിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

    മാദ്ധ്യമം
    അദ്ധ്യാപകൻ

    എന്നതൊക്കെ തന്നെയാണ് ശരി എന്നാണ് അവർ പറഞ്ഞത്. ഞാൻ പഠിച്ചതും അങ്ങനെയായിരുന്നു. മലയാളി അതിനെ എപ്പോഴോ അവന്റെ സൗകര്യാർത്ഥം/എഴുതാനുള്ള എളുപ്പത്തിന് ‘മാധ്യമം, അധ്യാപകൻ‘ എന്നൊക്കെ മാറ്റിമറിച്ചു. മാധ്യമം എന്ന ഒരു പത്രമുണ്ട്. അത് ഒരു പേരായി മാത്രം കണ്ടാൽ മതി.

  24. ബഹറിനെ കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു…
    നല്ല ഫോട്ടോസ്,മൊത്തമൊന്നു കണ്ടു വന്ന പ്രതീതി.
    താങ്ക്‌സ് മനോജേട്ടാ…

    അതേയ്…
    ഈ സജി അച്ചായനു എന്തൂട്ടാ അവിടെ പണി…?ഹിഹി

  25. ബഹ്‌റൈന്‍ വിശേഷങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു..പല തവണ അവിടെ വന്നു പോയിട്ടുണ്ടെങ്കിലും ഇതുവരെയും അറിയാത്ത കുറെ കാര്യങ്ങള്‍…സൌദിയിലെ അല്‍-ഖോബാര്‍ കഴിഞ്ഞു ഏതാണ്ട് പന്ത്രണ്ടു കിലോമീറ്ററോളം കോസ് വേയില്‍ കൂടി ഓടിച്ചാല്‍ ഇവിടുത്തെ അതിരിലുള്ള ടവറിനു താഴെ എത്താം…(നിരക്ഷരന്‍ പറഞ്ഞ ബോര്‍ഡര്‍ സ്റേഷന്‍)‍.പിന്നെ അതിനു മുകളില്‍ കയറി മള്‍ട്ടിപ്പിള്‍ വിസയുമായി എല്ലാ വ്യാഴാഴ്ച വൈകുന്നേരവും പാലം കടന്ന് അങ്ങേ കരയിലേക്ക് കടന്നു പോകുന്ന ഭാഗ്യവാന്മാരെ നോക്കി നെടുവീര്‍പ്പിടാം.

  26. യാത്രാ വിവരണം വളരെ നന്നായി.പല തവണ ബഹറയ്നില്‍ വന്നിട്ടും ട്രീ ഓഫ് ലയ്ഫ് കാണാന്‍ പറ്റിയിട്ടില്ല.സുരക്ഷാ കാരണങ്ങളാല്‍ പാതി വഴിയില്‍ നിന്ന് മടങ്ങേണ്ടി വന്നിട്ടുണ്ട്.

    അവിടുത്തെ മ്യുസിയത്തെക്കുറിച്ചും,ബൈതുല്‍കുറാനെ ക്കുറിച്ചും എഫ് വണ്‍ ഗ്രാന്റ്റ് പ്രികസ് നടന്ന ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടിനെ ക്കുരിച്ചും ഒരു ചെറിയ ഒരു വിവരണം കൂടിയുണ്ടായിരുന്നെങ്കില്‍….
    ഭാവുകങ്ങള്‍

  27. ശരിക്കും ബഹറിനിൽ ഒന്ന് പോയി ഈ സ്ഥലവും ഈ ശിങ്കങളെയുമൊക്കെ നേരിട്ട് കണ്ട് വന്ന ഒരു ഫീലുണ്ടാക്കി, ഈ എഴുത്ത്..:)

  28. ഗള്‍ഫ്‌ രാജ്യങ്ങളെ കുറിച്ചുള്ള എന്റെ ധാരണ(തെറ്റിധാരണ) മാറ്റുന്ന ഒരു വിവരണം ആയി ഇത്.നന്നായി ,വളരെ നന്നായി…ജപ്പാനില്‍ തെരിയാകി എന്ന് മാത്രമായി ഒരു ഭക്ഷണം ഇല്ല…..തെരിയാക്കി സോസ് കൊണ്ട് ഒരുപാട് വിഭവങ്ങള്‍ ഉണ്ട്.പക്ഷെ ജപ്പാന് പുറത്തു,ഈ സോസ് കൊണ്ട് ഉണ്ടാകുന്ന ഭക്ഷണത്തിനെ എല്ലാം തെരിയാക്കി എന്നാണ് പറയുന്നത് എന്ന് ഞാനും കേട്ടിട്ടുണ്ട്.

  29. അപ്പോ അതും നടന്നു ഇവിടെ ഇങ്ങ് ബഹ് റൈനിൽ കുറെ വ ർഷമായി ഞാൻ, മ്യൂസിയവും ട്രീ ഓഫ് ലൈഫും മറ്റു പലതും കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട് പക്ഷെ അതൊന്നും ഒരു പോസ്റ്റാകാൻ ഇതുവരെ സാധിച്ചിട്ടില്ല.. പിന്നെ ഫോട്ടോയിലുള്ള പലരേയും ഒരു ചെറിയ ബ്ലോഗുമീറ്റിൽ കണ്ടിട്ടുണ്ട്.. ഈ യാത്രാവിവരണം വളരെ നന്നായി അഭിനന്ദനങ്ങൾ..

  30. ഏറ്റവും ചുരുങ്ങിയത് ഒരു പതിനഞ്ചു പ്രാവശ്യമെങ്കിലും ഞാന്‍ ബഹറിനില്‍ പോയിട്ടുണ്ട്. ചില കാല്‍നട കറക്കങ്ങലല്ലാതെ ഒരിക്കല്‍ പോലും ഇതൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.:(
    പുതിയ അറിവുകള്‍ക് ഒരു പാട് നന്ദി……..സസ്നേഹം

  31. ചുമ്മാ കൊതിപ്പിക്കാന്‍ ഓരോ ഭക്ഷണസാധനങ്ങളുടെ പടവുമായി പോസ്റ്റ് ഇട്ടോളും. സജിയച്ചായാനുമൊത്തുള്ള ഒരു യാത്രയുടെ അനുഭവമിട്ട് ഒന്ന് ഷൈന്‍ ചെയ്യാമോ എന്ന് നോക്കട്ടെ.. അങ്ങിനെ പറ്റില്ലല്ലോ.. :)
    ആ ചുവന്ന ടീഷര്‍ട്ട് കണ്ടപ്പോളാ ഇത് വേറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍മ്മ വന്നത്. ഓര്‍ക്കൂട്ടില്‍ അല്ലേ..

  32. നന്നായിരിക്കുന്നു, വീണ്ടും ഒരു ബഹ്‌റൈന്‍ സന്ദര്‍ശനം പോലെ തോന്നി. കുറച്ചു കാലം ഞാന്‍ ജീവിച്ച-ജോലി ചെയ്ത രാജ്യമാണ്. നല്ല ഓര്‍മകള്‍ ഒത്തിരിയുണ്ട്. മോശം അനുഭവം സജിച്ചായന്‍ വിസ്തരിച്ചെഴുതിയ രാജ്യത്തുനിന്നും ബഹ്‌റൈനില്‍ എത്തിയ ചില വൃത്തികെട്ടവന്മാരില്‍ നിന്നും മാത്രം. കലയ്ക്കും കലാകാരന്മാര്‍ക്കും എപ്പോളും സ്വാഗതമോതുന്ന രാജ്യത്ത് കേരളീയ സമാജം തികച്ചും വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്നു.

  33. ബഹ്‌റിൻ കാഴ്ചകളിലെ പ്രധാന ആ‍കർഷണമായിരുന്നു പേൾ റൗണ്ട് എബൗട്ടിലെ സ്തൂപം ഇന്നില്ല. ബഹ്‌റിനിലെ ആഭ്യന്തരപ്രശ്നങ്ങൾ നേരിടുന്നതിനിടെ സൈന്യം തന്നെ അത് നശിപ്പിച്ചിരിക്കുന്നു. ചിത്രവും വാർത്തയും ഇവിടെ

  34. ശരിയാ‍ണ് മനോജേട്ടാ. പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിയുമ്പോള്‍ ഇത് പുനര്‍നിര്‍മ്മിക്കപ്പെടും എന്ന് കരുതാം.

Leave a Reply to റോസാപൂക്കള്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>