DSC05837

അഗ്വാഡാ ഫോര്‍ട്ട്


‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17.
——————————————————

ബീച്ച് ഷാക്കിലെ ഉച്ചമയക്കത്തിന് ശേഷം കടല്‍ത്തീരത്ത് അല്‍പ്പസമയം നേഹയുമായി ചിലവഴിച്ചതിനുശേഷം കാറില്‍ക്കയറി വീണ്ടും യാത്ര തുടര്‍ന്നു. അഗ്വാഡ ഫോര്‍ട്ട് ആയിരുന്നു അടുത്ത ലക്ഷ്യം. ഫോര്‍ട്ടിലേക്കെത്തുന്നതിന്റെ മുന്നായി അഗ്വാഡ സെന്‍‌ട്രല്‍ ജയിലിന്റെ മുന്നിലും ചെന്ന് ചാടി. ഗോവയിലെ ഏറ്റവും വലിയ തടവറയാണ് അഗ്വാഡ ജയില്‍. നോര്‍ത്ത് ഗോവയിലെ മറ്റൊരു ബീച്ചായ മീരാമാറില്‍ നിന്ന് ഒരു വിദൂരദൃശ്യമായി ഈ ജയില്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്. ജയിലിന്റെ ഗേറ്റിനകത്തേക്ക് കയറാന്‍ അനുമതി ആവശ്യമാണ്. അതുകൊണ്ട് അഗ്വാഡ ജയില്‍ക്കാഴ്ച്ച ഗെയിറ്റിന് വെളിയില്‍ത്തന്നെ അവസാനിച്ചു.

കുറ്റം ചെയ്തിട്ടായാലും അല്ലാതെ ആയാലും ഏതെങ്കിലും ഒരു ജയിലിനകത്ത് ഇതുവരെ കയറിയിട്ടില്ല. കണ്ണൂര് പഠിക്കുന്ന കാലത്ത് കോളേജിന്റെ ബാലാരിഷ്ടതകള്‍ തീര്‍ക്കാനുള്ള സമരങ്ങളുടെ ഭാഗമായി അഞ്ചെട്ട് സഹപാഠികളുമായി ജില്ലാ കളക്‍ടറുടെ ചേംബറില്‍ ഇടിച്ചുകയറി മുദ്രാവാക്യം വിളിക്കുകയും കളക്‍ടറെ തടഞ്ഞുവെക്കുകയും ചെയ്തതിന്, അറസ്റ്റ് കൈവരിച്ച് പൊലീസ് സ്റ്റേഷനകത്ത് ഒരു ദിവസം മുഴുവന്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് പോലും ലോക്കപ്പിനകത്ത് കയറാനുള്ള ‘ഭാഗ്യ’മുണ്ടായില്ല. വെളിയില്‍ ഇരുന്നാല്‍ മതിയെന്ന് പൊലീസുകാര്‍ പറഞ്ഞതുകൊണ്ട് ഇരുമ്പഴിക്ക് അകത്തുള്ള കുറ്റവാളികളുമായി സൊറപറഞ്ഞിരുന്ന് സമയം കൊന്നു. അകത്ത് കയറി കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു ജയില്‍ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലാണ്. എന്നെങ്കിലും ഒരിക്കല്‍ തരപ്പെടുമായിരിക്കും.

മണ്ടോവിപ്പുഴ കടലിലേക്ക് ചേരുന്ന മുനമ്പിന്റെ വടക്കുഭാഗത്ത് വളരെ തന്ത്രപ്രധാനമായ ഇടത്തിലാണ് അഗ്വാഡ ഫോര്‍ട്ട് നിലകൊള്ളുന്നത്. ഇതുവരെയുള്ള യാത്രയില്‍ ഞങ്ങള്‍ കണ്ട കോട്ടകളെ അപേക്ഷിച്ച് വലുപ്പത്തില്‍ താരതമ്യേന ചെറുതാണ് ചപ്പോറ ഫോര്‍ട്ടും അഗ്വാഡ ഫോര്‍ട്ടും.

1612 ലാണ് പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ പ്രധാന ശത്രുക്കളായ മാറാഠകളുടേയും ലന്തക്കാരുടേയും (ഡച്ച്) ആക്രമണത്തെ ചെറുക്കാനായി അഗ്വാഡ ഫോര്‍ട്ട് പണിതീര്‍ത്തത്. 79 ല്‍ അധികം പീരങ്കികളും, വെള്ളം നിറച്ച കിടങ്ങുകളും, കനത്ത കോട്ടമതിലുകളും അഗ്വാഡ ഫോര്‍ട്ടിനെ അജയ്യമാക്കി. 450 കൊല്ലം നീണ്ടുനിന്ന പറങ്കിഭരണത്തിനിടയില്‍ ശത്രുക്കളാല്‍ കീഴടക്കപ്പെടാത്ത ഏക പോര്‍ച്ചുഗീസ് കോട്ട എന്ന ബഹുമതി അഗ്വാഡ ഫോര്‍ട്ടിനുള്ളതാണ്.

കോട്ടയ്ക്കകത്തേക്ക് കിടങ്ങിനെ മുറിച്ച് കടക്കുന്ന പാലം

സാമാന്യം നല്ല തിരക്കുണ്ട് കോട്ടയ്ക്കകത്തും പുറത്തും. ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിലാണ് കോട്ടയിപ്പോള്‍. വാഹനം കോട്ടയ്ക്കരുകില്‍ ഒതുക്കിയിട്ട്, കിടങ്ങിനെ മുറിച്ചുകടക്കുന്ന പാലത്തിലൂടെ ഞങ്ങള്‍ കോട്ടയ്ക്കകത്തേക്ക് കടന്നു. സാമാന്യം നല്ല ഉയരമുള്ള തുരങ്കം പോലുള്ള ഇടനാഴിയിലൂടെ നീങ്ങിയാല്‍ കോട്ടയുടെ ഉള്‍ഭാഗത്തെ തുറസ്സായ ഭാഗത്തെത്താം.

ഇടനാഴിയിലൂടെ കോട്ടയ്ക്കകത്തേക്കുള്ള മാര്‍ഗ്ഗം

കോട്ടയ്ക്കകത്തെ പ്രധാന ആകര്‍ഷണം നാല് നിലകളുള്ള ലൈറ്റ് ഹൌസ് ആണ്. ഈ ശ്രേണിയിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ലൈറ്റ് ഹൌസാണ് ഇതെന്ന് പറയപ്പെടുന്നു. ലൈറ്റ് ഹൌസ് കോട്ടയ്ക്കകത്ത് സ്ഥാപിക്കപ്പെട്ട വര്‍ഷത്തെപ്പറ്റി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭ്യമായത്.

1864ല്‍ ആണ് ഈ ദീപസ്തംഭം കോട്ടയ്ക്കകത്ത് ഉയര്‍ത്തപ്പെട്ടത് എന്നാണ് ചിലയിടങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്. പക്ഷെ കോട്ടയ്ക്കകത്ത് ആര്‍ക്കിയോളജി വിഭാഗം നല്‍കുന്ന വിവരപ്രകാരം, 1834 ന് മുന്‍പ് 7 മിനിറ്റില്‍ ഒരിക്കല്‍ ലൈറ്റ് ഹൌസ് പ്രകാശം പരത്തിയിരുന്നുവെന്നും പിന്നീട് അത് 30 സെക്കന്റില്‍ ഒരിക്കലാക്കി മാറ്റി എന്നും പറയുന്നുണ്ട്. എന്തായാലും കോട്ടയുടെ നിര്‍മ്മാണശേഷമാണ് ലൈറ്റ് ഹൌസ് ഉയര്‍ത്തിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1976 ല്‍ ലൈറ്റ് ഹൌസിന്റെ പ്രവര്‍ത്തനം നിലച്ചു എന്നും ആര്‍ക്കിയോളജി രേഖകള്‍ പറയുന്നു.

കോട്ടയ്ക്കകത്തെ ലൈറ്റ് ഹൌസ്

പ്രവര്‍ത്തനം നിലച്ച പഴഞ്ചന്‍ പറങ്കി ലൈറ്റ് ഹൌസിന് പകരം ആധുനിക രീതിയിലുള്ള ലൈറ്റ് ഹൌസ് ഒരെണ്ണം കോട്ടയ്ക്ക് വെളിയില്‍ സ്ഥാപക്കപ്പെട്ടിട്ടുണ്ട്. കോട്ടയില്‍ നിന്ന് വളരെ വ്യക്തമായി പുതിയ ലൈറ്റ് ഹൌസ് കാണാം. അടുത്തടുത്ത് രണ്ട് ലൈറ്റ് ഹൌസുകള്‍. പുതുമയുള്ള കാഴ്ച്ച തന്നെ.

ആധുനിക അഗ്വാഡാ ലൈറ്റ് ഹൌസ്

അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം. കോട്ടയ്ക്കും, കോട്ട നില്‍ക്കുന്ന ഇടത്തിനും പേര് വീഴാനുണ്ടായ കാരണം കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ ? യൂറോപ്പില്‍ നിന്ന് വരുന്ന കപ്പലുകള്‍ക്ക് ഒരു പ്രധാനപ്പെട്ട അടയാളമായി വര്‍ത്തിക്കുകയും, ജലവിതരണം എന്ന അവശ്യ സേവനം നല്‍കുകയുമായിരുന്നു കോട്ടയുടെ പ്രധാന കര്‍മ്മങ്ങള്‍.

കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്. ജലശേഖരണവും വിതരണവും നടത്തുന്നതോ നടത്തിയിരുന്നതോ ആയ മറ്റൊരു കോട്ടയും ഞാനതുവരെ കണ്ടിട്ടില്ലായിരുന്നു.

ലൈറ്റ് ഹൌസും കിടങ്ങുകളും – കോട്ടയുടെ മറ്റൊരു ദൃശ്യം

കോട്ടയുടെ അകത്തെ തറനിരപ്പില്‍ ജലസംഭരണിയുടെ വെന്റിലേറ്റര്‍ പോലുള്ള മുകള്‍ഭാഗങ്ങള്‍ ഒരുപാട് കാണാം. താഴേക്കുള്ള പടികള്‍ ഇറങ്ങിച്ചെന്നാല്‍ താഴിട്ട് പൂട്ടിയ കൊച്ചുകൊച്ചുഗേറ്റുകള്‍ തടഞ്ഞുനിര്‍ത്തും. കോട്ടമതിലിനോട് ചേര്‍ന്ന് കാണുന്ന സാമാന്യം വലിപ്പമുള്ള ഉള്ളറകളും താഴിട്ട് പൂട്ടിയ നിലയില്‍ത്തന്നെയാണ്. അത്തരം ഉള്ളറകള്‍ ഭൂരിഭാഗവും മതില്‍ കെട്ടി അടച്ചുകളഞ്ഞിട്ടുമുണ്ട്.

വാട്ടര്‍ ടാങ്കിന്റെ മുകള്‍ ഭാഗമാണ് ചിത്രത്തില്‍ നടുവിലായി കാണുന്നത്

ചുരുക്കം ചിലയിടങ്ങളില്‍ മാത്രം അല്‍പ്പസ്വല്‍പ്പം കേടുപാടുകള്‍ സംഭവിച്ചതുപോലെ കാണുന്നുണ്ട് കോട്ടയില്‍. അതിനെപ്പറ്റി കൂടുതലെന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാമെന്ന് വെച്ചാല്‍ ആര്‍ക്കിയോളജിക്കാരെ ആരെയും കോട്ടയില്‍ കാണാന്‍ പോലും കിട്ടിയില്ല.

ചില നാശങ്ങള്‍ കോട്ടയ്ക്ക് സംഭവിച്ചിട്ടുണ്ട്. അതെങ്ങനെ ?
കോട്ടയുടെ മദ്ധ്യഭാഗം. അടച്ചുകളഞ്ഞ ഉള്ളറകളും കാണാം.

കോട്ടമതിലിനോട് ചേര്‍ന്നുള്ള ചരിവിലൂടെ മുകളിലേക്ക് കയറി, ചുമരിന്റെ അരികുപറ്റി പുറത്തേക്കുള്ള കാഴ്ച്ചയും കണ്ട് നടക്കുന്ന സഞ്ചാരികളെ ഞങ്ങളും പിന്‍‌തുടര്‍ന്നു. ചിലയിടത്ത് വീതി കൂടിയും ചിലയിടത്ത് വീതി കുറഞ്ഞും ഇരിക്കുന്ന ഈ വഴിയിലൂടെ നാലുചുറ്റും നടക്കാനാവും.

കോട്ടമതിലിന് മുകളിലേയ്ക്കുള്ള ചരിഞ്ഞ പാത.

ചെറിയ ക്യാമറ കൈയ്യിലെടുത്ത് പടങ്ങള്‍ എടുത്ത് നടക്കുകയാണ് നേഹ. അതുകൊണ്ടുതന്നെയാകണം ഇപ്രാവശ്യം കോട്ടയില്‍ കറങ്ങിനടക്കുന്നത് വലിയ പരാതികളൊന്നും ഇല്ലാതെയാണ്. ഈ പ്രായത്തില്‍ ഇത്തരം കോട്ട സന്ദര്‍ശനമൊക്കെ അവള്‍ക്കൊരു വിരസത തന്നെയായിരിക്കാം. പക്ഷെ എനിക്കുറപ്പാണ്, കുറേ നാളുകള്‍ക്ക് ശേഷം ഓര്‍മ്മയില്‍ എവിടെയെങ്കിലും നേഹയ്ക്കിത് രസകരമായ അനുഭവങ്ങളായി തെളിഞ്ഞ് വരാതിരിക്കില്ല. കുറഞ്ഞപക്ഷം ഈ കുറിപ്പുകളെങ്കിലും അതിന് ഇടയാക്കുമാറാകട്ടെ.

കോട്ടമതിലിന് മുകളില്‍ നേഹയോടൊപ്പം

1932 മുതല്‍ 1968 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന സാലസാര്‍ (António de Oliveira Salazar)ന്റെ കാലത്ത് അഗ്വാഡ ഫോര്‍ട്ട് ഒരു ജയിലായും ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെയാണ് പ്രധാനമായും ഈ ജയിലില്‍ അടച്ചിരുന്നതെന്നും പറച്ചിലുണ്ട്. കോട്ടമതിലിന് ഉള്ളിലുള്ള ഭാഗം മാത്രമല്ല, മറിച്ച് ലൈറ്റ് ഹൌസ് നില്‍ക്കുന്ന ഈ കോട്ടയുടെ സമീപമുള്ള ഒരുപാട് പ്രദേശവും കോട്ടയുടെ ഭാഗമായി പരന്നുകിടക്കുകയാണ്. തുടക്കത്തില്‍ കാണാനായ ജയില്‍ കോട്ടയ്ക്ക് കീഴെയുള്ള ഭാഗത്തായിട്ടാണ് വരുന്നത്. ഇതെല്ലാം ചേര്‍ന്ന മുനമ്പ് മുഴുവനും അഗ്വാഡ കോട്ടയുടെ ഭാഗങ്ങള്‍ തന്നെ.

ഇത് കാണാന്‍ പറ്റാതെ പോയ ദൃശ്യം. കടപ്പാട് വിക്കിയോട്

കോട്ടയുടെ ചുറ്റുമൂള്ള പലഭാഗങ്ങളും ഇപ്പോള്‍ വമ്പന്‍ ഹോട്ടല്‍ ഗ്രൂപ്പുകളുടെ കൈവശമാണ്. ഫോര്‍ട്ട് അഗ്വാഡാ ബീച്ച് റിസോര്‍ട്ട്, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി എന്നതൊക്കെ അവയില്‍ ചിലത് മാത്രം. അത്തരം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുള്ള, കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളത്തിന്റെ ദൃശ്യം അതിമനോഹരമാണ്. കന്‍‌ഡോലിം ബീച്ചിന്റേയും തീരത്ത് അടിഞ്ഞിരിക്കുന്ന റിവര്‍ പ്രിന്‍സസ്സിന്റേയുമൊക്കെ മറ്റൊരു ദിശയില്‍ നിന്നുള്ള കാഴ്ച്ച സമ്മാനിക്കുന്നുണ്ട് ചില ബീച്ച് റിസോര്‍ട്ടുകള്‍. നിര്‍ഭാഗ്യവശാന്‍ ചിത്രങ്ങളിലൂടെ മാത്രം കണ്ടിട്ടുള്ള ആ റിസോര്‍ട്ടുകളുടെ പിന്നാമ്പുറത്തേക്കെത്തിപ്പറ്റി അത്തരം കാഴ്ച്ചകള്‍ നേരില്‍ക്കാണാന്‍ ഞങ്ങള്‍ക്കായില്ല.

കോട്ടമതിലും കിടങ്ങുകളും

കോട്ടയില്‍ നിന്നിറങ്ങി വീണ്ടും കന്‍ണ്ടോലിം ബീച്ചില്‍ ചെന്ന് ‘റിവര്‍ പ്രിന്‍സസ്സി‘നെ ഒരിക്കല്‍ക്കൂടെ കണ്ട് കലാഗ്യൂട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. തലേന്ന് ഭക്ഷണം കഴിഞ്ഞ ജോളീസ് ഷാക്കില്‍ നിന്നുതന്നെ അത്താഴം കഴിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നുകയറിയപ്പോള്‍ സ്വീകരിച്ചത് ഒരു വെടിക്കെട്ടാണ്. ബീച്ചില്‍ നിരത്തിവെച്ചിരിക്കുന്ന കതിനകള്‍ ഇടതടവില്ലാതെ ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് വര്‍ണ്ണങ്ങള്‍ വാരി വിതറി. 5 മിനിറ്റോളം നീണ്ടുനിന്ന വെടിക്കെട്ടായിരുന്നു അത്. എല്ലാ ബീച്ച് ഷാക്കുകളിലും സാമാന്യം നല്ല തിരക്കുണ്ട്. ഡിസംബര്‍ 28 ആയതേ ഉള്ളെങ്കിലും ഗോവയില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ദീപാലങ്കാരങ്ങള്‍ കൊണ്ടും കൃസ്തുമസ്സിന് തൂക്കിയ നക്ഷത്രങ്ങള്‍ കൊണ്ടും ഷാക്കുകള്‍ എല്ലാം നന്നായി അലങ്കരിച്ചിരിക്കുന്നു. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളും കപ്പലുമൊക്കെ ദീപപ്രഭ ചൊരിയുന്നുണ്ട്. പകല്‍ കാണുന്ന ബീച്ചിന്റെ മുഖത്തിനോടൊപ്പം രാത്രിയിലെ വ്യത്യസ്തമായ മറ്റൊരു ദൃശ്യം കൂടെ ആസ്വദിക്കുമ്പോഴേ ഗോവന്‍ ബീച്ചുകളുടെയും ഷാക്കുകളുടേയും മനോഹാരിതയ്ക്ക് പൂര്‍ണ്ണത കൈവരുന്നുള്ളൂ.

ബീച്ച് ഷാക്കുകള്‍ക്ക് മുന്നിലെ ദീപാലങ്കാരങ്ങള്‍

കടല്‍ക്കാറ്റിപ്പോള്‍ ഡിസംബറിലെ ഇളം തണുപ്പോടെയാണ് വീശുന്നത്. ഭക്ഷണം വന്നു. മെഴുകുതിരി വെളിച്ചത്തിലുള്ള ഡിന്നറാണ്. മുന്തിരിച്ചാറും കടല്‍ഭക്ഷണവും അകത്താക്കിക്കഴിഞ്ഞപ്പോഴേക്കും സായിപ്പ് ഒരാള്‍ ഒരു ട്രേയില്‍ കേക്കുമായി ഞങ്ങളുടെ ടേബിളില്‍ എത്തി. തൊട്ടടുത്ത മറ്റേതോ ഷാക്കില്‍ ആരുടേയോ പിറന്നാളാഘോഷമാണ്. അതിന്റെ കേക്ക് വിതരണം ചെയ്യുന്നത് വിദേശിയായ ഈ മനുഷ്യനാണ്. ഈ ബീച്ചില്‍ ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാം മറന്ന് തിന്നുകയും കുടിക്കുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും. വല്ലാത്ത സന്തോഷം തോന്നി.

ഇടയ്ക്കിടയ്ക്ക് അല്‍പ്പം ദൂരെയും വെടിക്കെട്ടുകള്‍ നടക്കുന്നുണ്ട്. രാവേറെ ചെല്ലുന്നത് വരെ ഈ ആഘോഷങ്ങള്‍ നീണ്ടുപോയെന്ന് വരും. നേരം വെളുക്കുന്നതുവരെ അവിടങ്ങനെ ഇരിക്കാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷെ, യാത്രയുടെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ നല്ല ഉറക്കം, നല്ല ഭക്ഷണം എന്നത് കൃത്യമായി പാലിച്ചില്ലെങ്കില്‍ അത് അടുത്ത ദിവസത്തെ യാത്രയെ ബാധിക്കും, ഡ്രൈവിങ്ങിനെ ബാധിക്കും. എന്നിരുന്നാലും ഗോവയുടെ നൈറ്റ് ലൈഫും, രാത്രിത്തെരുവുകളും അല്‍പ്പം കൂടെ കണ്ടാസ്വദിച്ചതിനുശേഷം മാത്രമേ ഹോട്ടലിലേക്ക് മടങ്ങാന്‍ മനസ്സ് വന്നുള്ളൂ.

കലാഗ്യൂട്ട് -അഗ്വാഡ റൂട്ടിലൂടെ വളരെ പതിയെ ഒരു നൈറ്റ് ഡ്രൈവ് ആയിരുന്നു അത്. നന്നായി വസ്ത്രം ധരിച്ച വിദേശികളും അല്‍പ്പവസ്ത്രധാരികളായ സ്വദേശി യൌവനങ്ങളുമൊക്കെ റോഡ് നിറഞ്ഞൊഴുകുകയാണ് രാത്രി 11 മണി സമയത്തും. വഴിയില്‍ എവിടെയോ സണ്‍‌ബേണ്‍ എന്ന ടീമിന്റെ ഒരു പാര്‍ട്ടിയോ കണ്‍സേര്‍ട്ടോ മറ്റോ നടക്കുന്നുണ്ട്. അങ്ങോട്ടുള്ള ഒഴുക്കാണ്. നിഖില്‍ ചിന്നപ്പയാണ് ഡി.ജെ. എന്ന് പരസ്യ ബോര്‍ഡുകളില്‍ നിന്ന് മനസ്സിലാക്കാം. തലയൊന്നുക്ക് 1500 രൂപയാണ് പ്രവേശന ഫീസ്. കണ്‍സേര്‍ട്ട് നടക്കുന്ന സ്ഥലത്ത് പോകാതെ തന്നെ അതിന്റെ ഒരു പള്‍സ് റോഡില്‍ നിന്ന് കിട്ടും. അലങ്കാര ദീപങ്ങള്‍, യുവമിഥുനങ്ങള്‍, അവരുടെ അല്‍പ്പവസ്ത്രങ്ങള്‍ക്ക് വെളിയില്‍ കാണുന്ന ടാറ്റൂ, പിയേഴ്‌സിങ്ങ് തുടങ്ങിയ ബോഡീ ഡക്കറേഷനുകള്‍, പാട്ട്, ആര്‍പ്പ് വിളികള്‍, ഹോണ്‍ അടികള്‍, അട്ടഹാസങ്ങള്‍, മുന്തിയ ഇനം വാഹനങ്ങള്‍….. ഞങ്ങളാ നൈറ്റ് ഡ്രൈവ് ശരിക്കും ആസ്വദിച്ചു. ഇത്രയൊക്കെയേ ഒരു ഗോവന്‍ യാത്രയില്‍ ആഗ്രഹിച്ചിരുന്നുള്ളൂ. അതൊക്കെ ഏതാണ് സാധിച്ചിരിക്കുന്നു. അതിനപ്പുറം കിട്ടിയതൊക്കെ ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ബോണസ് മാത്രം.

അല്ലെങ്കില്‍ത്തന്നെയും ഈ നൈറ്റ് ഡ്രൈവ് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചേ പറ്റൂ. കാരണം, നാളെ രാത്രി ഇതുപോലെ നൈറ്റ് ലൈഫ് ആസ്വദിക്കാനായി നിശയുടെ വൈകിയ യാമങ്ങളില്‍ കറങ്ങിനടക്കാന്‍ ഞങ്ങള്‍ക്കാവില്ല. മറ്റന്നാള്‍ അതിരാവിലെ മടക്കയാത്രയാണ്, നാളെ ഗോവയിലെ അവസാനത്തെ ദിവസവും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

26 thoughts on “ അഗ്വാഡാ ഫോര്‍ട്ട്

  1. അഗ്വഡാ ഫോര്‍ട്ട്‌ ന്റെ ചിത്രം മാത്രം ആദ്യം കണ്ടപ്പോള്‍ ഇത്ര വലിയതാണ് അത് എന്ന് മനസ്സിലാക്കാനായില്ല. കൂടുതല്‍ വിവരങ്ങളും ഫോട്ടോയും പതിവുപോലെ വളരെ നന്നായി.എനിക്ക് മനോജ്‌ ന്റെ ഓരോ യാത്രാവിവരണവും വായിച്ചു കഴിയുമ്പോള്‍ അവിടെ പോയത് പോലെ ഫീല്‍ ചെയ്യും.അതുകൊണ്ട് ഇനി ഗോവയിലേക്ക് പോകാന്‍ ആയില്ലെങ്കിലും സാരമില്ല അല്ലെ….ഗോവ എന്നോര്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ബൈക്ക് ടാക്സിയെ ആണ്.എന്ത് അത്ഭുതം ആയിരുന്നു പണ്ട് അത് കണ്ടപ്പോള്‍.

  2. നീരുജി വാഴ്ക…കോട്ട കാഴ്ച്ചകളുമായ് ഇനിയും വരിക…
    രസകരം,അറിവ് പകരുന്നവ..

  3. ആഘോഷത്തില്‍ മതി മറക്കുന്ന കൂട്ടരില്‍ ഒന്നാണ് ഗോവാക്കാര്‍ പ്രത്യേകിച്ചും ക്രിസ്സ്മസ്സ് ന്യൂയിയര്‍ സീസണില്‍ ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവന്‍ പൊടി പൊടിക്കാന്‍ മടിക്കാത്തവര്‍! ആ സമയത്തെ ഗോവാസന്ദര്‍ശനവും അതിന്റെ വിവരണവും അസ്സല്‍ ആയി..

    ജെയില്‍ ….
    നീരൂ നടുക്കത്തോടേ ഒരു ഓര്‍മ്മ …
    അന്ന് നീരുവിന്റെ ഷിപ്പില്‍ ഹെലികോപ്റ്റര്‍ കത്തി വീണതും ആളപായവും അതിനു ശേഷം യു എ ഇ പോലീസിന്റെ അടുക്കല്‍ എത്തിയതും …. അന്നത്തെ ദിവസത്തെ ഒരു ഉള്‍കിടിലത്തോടെ ഓര്‍ത്തു …’കണ്മുന്നില്‍ കത്തിതീര്‍ന്ന മനുഷ്യര്‍’ എന്നു പറഞ്ഞത് ഇന്നും കാതില്‍….

    ഒരു ജിയിലിലും ചെന്ന് പെടാതിരിക്കാന്‍ ഈശ്വരന്റെ കരവലയത്തില്‍ സുരക്ഷിതനായി ഇനിയും ഇനിയും യാത്രകള്‍ തുടരാന്‍ പ്രാര്‍ത്ഥനയോടെ…

  4. ഗോവ സന്ദര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചു ഈ വിവരണങ്ങള്‍.
    “വെറുതെ ആരോ കൊല്ലത്തു പോയതു പോലെ ഓരോരോ ഇറ്റങ്ങളില്‍ പോയി വന്നാല്‍ പോരാ കാണേണ്ടതു കാണുകയും മനസ്സിലാക്കേണ്ടതു മനസ്സിലാക്കുകയും വേണം.പിന്നെ അതു നേരെ ചൊവ്വെ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും വേണം“.(അവസാനഭാഗം ആത്മഗതം)

  5. അങ്ങനെ ഗോവയിലെ ന്യൂ ഈയര്‍ ആഘോഷവും കൂടി..

    നാളെകഴിഞ്ഞു മടക്കം.

    ഒകെ, അപ്പോ ഇനി എങ്ങോട്ടാ..

    (അങ്ങോട്ടു പോകാതിരിക്കാനാ..)

  6. @സജി – ഹിമാലയച്ചായോ…നൈലിന്റെ തീരത്തിരുന്ന് താമാശ പറയുന്നോ ? …

    അടുത്ത യാത്രാവിവരണം പറമ്പികുളമാണ്. അതിന് ഇതൊന്ന് കഴിയണ്ടേ ആദ്യം. ഇത് ഭാഗം കൂടെ ഉണ്ടാകും മിക്കവാറും.

  7. പോര ,,,, ഒന്നുകൂടി എഴുത്തില്‍ ശ്രദ്ധിക്കണം
    കേരളം വിട്ടിട്ടാണോ എന്നറിയില്ല ,,ഒരു റാഹത്തു
    ആയിട്ടില്ല ?

  8. “കുറേ നാളുകള്‍ക്ക് ശേഷം ഓര്‍മ്മയില്‍ എവിടെയെങ്കിലും നേഹയ്ക്കിത് രസകരമായ അനുഭവങ്ങളായി തെളിഞ്ഞ് വരാതിരിക്കില്ല” – that is for sure !!! She will love this.

    Please post one of her pic too. (i mean, the pic that she took)

  9. പരിചയമില്ലാത്ത മറ്റൊരു ഫോര്‍ട്ട് കൂടി.

    ഗോവന്‍ നൈറ്റ് ഡ്രൈവിന്റെ വിവരണം വായിച്ചപ്പോള്‍ ആ കാഴ്ചകളെല്ലാം ശരിക്കും കണ്‍ മുന്നില്‍ കാണുന്ന പോലെ തോന്നി.

    “ലോക്കപ്പിനകത്ത് കയറാനുള്ള ‘ഭാഗ്യ’മുണ്ടായില്ല…” ജൂനിയര്‍ മാന്‍ഡ്രേക്ക്” എന്ന സിനിമയില്‍ ജഗതി, ലോക്കപ്പിനകത്ത് കയറിപറ്റാന്‍ കാട്ടികൂട്ടിയ വിക്രിയകള്‍ ഓര്‍മ്മ വന്നു. :)

    ആ ഒരു ‘ഭാഗ്യം’ ഇല്ലാതിരിക്കട്ടെ.

  10. @MUHAMMED SADATH KUNNATH – മോശമായാലും പലരും അത് പറയാതെ തെന്നിമാറിക്കളയുകയാണ്. താങ്കള്‍ തുറന്ന് പറഞ്ഞതിന് നന്ദി. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം. റാഹത്ത് എന്ന പദത്തിന്റെ അര്‍ത്ഥം അറിയില്ല :(

  11. നീരു നോട് ഒരേ ഒരു ചോദ്യം ..കോട്ടയ്ക്കകത്തെ മണ്ണിന്റെ നിറം ഒന്ന് പറയുംമോ?ചോദിയ്ക്കാന്‍ ഉള്ള കാരണം ഈ അടുത്ത് ഞാന്‍ ഇതിന്റെ ഫോട്ടോ കണ്ടതും ആണ് .ആ മണ്ണിന്റെ നിറം കണ്ടപ്പോള്‍ ,അവരോടും ചോദിയ്ക്കാന്‍ വിട്ടു പോയി?അവര് കോട്ടയില്‍ കയറിയത് തന്നെ ആരോ തള്ളി വിട്ടതും ആണ് .അപ്പോള്‍ മണ്ണിന്റെ നിറം ചോദിച്ചാല്‍ എനിക്ക് ചിലപ്പോള്‍ ചെവിയില്‍ പഞ്ഞി വച്ചു ഇരിക്കേണ്ടിയും വരും .അത് കൊണ്ട് ചോദിച്ചും ഇല്ല

  12. ഗൊവ വിവരണം ഇഷ്ട്ടപെട്ടു..
    അതികം യാത്ര ചെയ്തിട്ടില്ലാത്ത എന്നെപൊലെ ഒരുപാട് വെക്തികൾക്ക് ഒരു മുതൽക്കുട്ടായിരിക്കും ഇ യാത്രാവിവരണങ്ങൾ..
    ഇനിയും യത്രകൾ തുടരെട്ടെ..

  13. പോകണമെന്നാഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളില്‍ ഒന്ന്…
    താങ്കളും കൂട്ടരും(നല്ല എല്ലാ യാത്രാ വിവരണക്കാരും)എന്നേപ്പോലുള്ളവര്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നത്.. എന്നേപ്പോലുള്ളവര്‍ എന്നു വച്ചാല്‍, യാത്രകളെ സ്നേഹിക്കുകയും പോകാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ എന്നര്‍ഥം..
    മനസുകൊണ്ട് താങ്കള്‍ പോയ ഇടങ്ങളിലെല്ലാം ഞാനും പോകുന്നു.. എന്നെങ്കിലും ശരിക്കും പോകും എന്ന പ്രതീക്ഷയോടെ…

    നന്ദി..
    വിവരണത്തേക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനാളല്ല.. ഓരോരുത്തര്‍ക്കും ഓരോ സ്റ്റൈല്‍ ആണല്ലോ..

  14. മനോജ് ഭായി,
    വീണ്ടും ഒരു കോട്ട. വിവരണം നന്നായി. കഴിഞ്ഞ പോസ്റ്റിനേക്കാൽ എന്തോ ഇതിനല്പം കൂടെ ഭംഗി തോന്നി. പിന്നെ കോട്ടയ്ക്കകത്ത് ആർക്കിയോളജിക്കാരൊന്നുമില്ലാതെ തന്നെ ഇത്രയും വിവരങ്ങൾ ശേഖരിച്ചല്ലോ. അതും വളരെ ഇൻഫൊർമേറ്റീവ് ആയവ തന്നെ. പിന്നെ, ജയിൽ.. അത്രയും ഭാഗ്യം ഇല്ലാതിരിക്കട്ടെ എന്നാശംസിക്കുന്നു. ഈ വിവരണം തീരാരായതിന്റെ സങ്കടമുണ്ട് കേട്ടോ.
    പിന്നെ, ഒരു ചെറിയ അക്ഷരപിശാചിനെ കണ്ടു പിടിച്ചു. “1932 മുതല്‍ 1968 വരെ ……. ഫോര്‍ട്ട് ഒരു ജയിലിലായും ഉപയോഗിച്ചിട്ടുണ്ട്.“ ജയിലായും എന്ന് തിരുത്തുക.

  15. @Manoraj – പോസ്റ്റിന്റെ ഭംഗികള്‍ ഏറിയും കുറഞ്ഞും ഇരിക്കും. ആരൊക്കെ എന്തൊക്ക പൊക്കിപ്പറഞ്ഞാലും എന്റെ എഴുത്തിനെപ്പറ്റി എനിക്കൊരു സ്വയാഭിപ്രായം ഉണ്ട്. ഒരു യാത്രപോയിവന്നിട്ട് ഒരു സാധാരണക്കാരന്‍ സ്വീകരണമുറിയിലിരുന്ന് വീട്ടുകാരോട് അതിനെപ്പറ്റി വിവരിക്കുന്ന ഒരു നിലവാരമുണ്ടല്ലോ ? അതാണ് എനിക്കെന്റെ ഈ കുറിപ്പുകളെപ്പറ്റിയുള്ളത്. അതിനപ്പുറം ആരെന്ത് പൊക്കിപ്പറഞ്ഞാലും താഴ്ത്തിപ്പറഞ്ഞാലും എന്റെ തലയിലേക്കും നെഞ്ചിലേക്കും കയറില്ല.

    അക്ഷരപ്പിശക് കണ്ടുപിടിച്ച് തന്നതിന് നന്ദി. തിരുത്തിയിട്ടുണ്ട്.

    ഈ യാത്ര തീരുന്നതോര്‍ത്ത് വിഷമിക്കണ്ട. യൂറോപ്പ് യാത്രാ സീരീസും, അത് തീര്‍ന്നാലുടനെ തുഞ്ചന്‍ മുതല്‍ കുഞ്ചന്‍ വരെ സീരീസും ആരംഭിക്കുകയല്ലേ ? ചുമ്മാ വന്ന് സ്വീകരണ മുറിയില്‍ ഇരുന്ന് തന്നാല്‍ മാത്രം മതി :)

    @siya – കോട്ടയ്ക്കകത്ത് കാര്യമായിട്ട് മണ്ണില്ല. ഉള്ളത് ചെങ്കല്‍ പൊടിയും പിന്നെ സിമന്റിട്ടതുപോലുള്ള തറയും. എല്ലാം ആ ഫോട്ടോയില്‍ വ്യക്തമാണ്.

    @മൈലാഞ്ചി – അഭിപ്രായം എന്തായാലും ധൈര്യായിട്ട് തന്നെ തുറന്ന് പറയാം. എന്റെ സ്വന്തം അഭിപ്രായം ഞാന്‍ ദാ മുകളില്‍ പറഞ്ഞിട്ടുണ്ട്.

    അഗ്വാഡ കോട്ടയില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി :)

  16. അപ്പോള്‍ എന്റെ സംശയം ശരിയായി അതു ജലസംഭരണി അല്ല ലൈറ്റ് ഹൌസ് തന്നെ. എങ്കിലും ഞാന്‍ ഇവിടെ എത്താന്‍ വൈകി. രണ്ടു ദിവസം നല്ല യാത്രയായിരുന്നു. കോട്ടയുടെ വിവരണങ്ങള്‍ ഇഷ്ടപ്പെട്ടു. ഇത്തവണ ലന്തക്കാര്‍ ആരെന്ന സംശയം തോന്നാതിരിക്കാന്‍ അത് അവിടെ തന്നെ സൂചിപ്പിച്ചു അല്ലെ :) എന്നാലും ആ നീരുറവയുടേയും ജലസംഭരണിയുടേയും ചിത്രം എടുക്കാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ട്. ഇപ്പോളും ഈ കോട്ടയിലെ ജലം ഉപയോഗിക്കുന്നുണ്ടൊ. ഗോവന്‍ യാത്രക്കുറിപ്പുകള്‍ തീരുന്നു എന്നറിയുന്നതിലും അല്പം വിഷമം ഉണ്ട്. പക്ഷേ വരാനിരിക്കുന്ന വിവരണങ്ങള്‍ സന്തോഷപ്രദം തന്നെ. ആശംസകള്‍ മനോജേട്ടാ.

  17. കണ്ണൂര്‍ ക്കാരന്‍ എന്ന നിലയില്‍ എന്റെയും ഒരു ആഗ്രഹമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കുക എന്നത്. ഇത് വരെ നടന്നിട്ടില്ല. ഈ വിവരണം നന്നായിട്ടുണ്ട്.. അഗോട ഫോര്ടിന്റെ പല ഭാഗങ്ങളും കണ്ണൂര്‍ ഫോര്‍ട്ട്‌ മയി നല്ല സാമ്യമുണ്ട്‌. രണ്ടും ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാര്‍ ആയതു കൊണ്ടാവും.

  18. ചിലപ്പോള്‍ യാത്ര ചെയ്താലും ഇത്രമാത്രം (ഈ എഴുതി വച്ചിരിക്കുന്നതു പോലെ) എഞ്ചോയ് ചെയ്യാന്‍ പറ്റില്ല. ഇനിമേല്‍ യാത്രകള്‍ക്ക് പകരം ഇവിടെ വന്ന് യാത്രവിവരണങ്ങള്‍ വായിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.:)

    അടുത്ത അപ്ഡേറ്റ് പ്രതീക്ഷിച്ചുകൊണ്ട് ഒരു വായനക്കാരി :)

  19. വിഷമം ഉണ്ട് നിരൂ…
    നിങ്ങളുടെ പോസ്റ്റുകള്‍ റെഗുലര്‍ ആയി നോക്കാന്‍ സാധിക്കാത്തതില്‍
    എല്ലാം ഭാവി തലമുറയ്ക്ക് കരുതല്‍ ശേഖരം ആകട്ടെ.

  20. താല്പര്യമുണ്ട്… താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
    മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
    സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
    http://www.malayalamemagazine.com
    livestyle@gmx.com

  21. വേറും ഡയറിക്കുറിപ്പുകള്‍ മാത്രമായിരുന്നു 19 ഭാഗങ്ങളായി ബൂലോകത്തെ ബോറടിപ്പിച്ച ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന ഈ യാത്രാപരമ്പര. കണ്ടതൊക്കെയും എഴുതി ഫലിപ്പിക്കാന്‍ ആയിട്ടില്ല, നല്ല ഫോട്ടോകള്‍ കാഴ്ച്ചവെക്കാനും ആയിട്ടില്ല. എന്നിട്ടും ഈ വഴി വന്നവര്‍ക്ക്, ഈ യാത്രയില്‍ കൂടെക്കൂടിയവര്‍ക്ക്… പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും തന്നവര്‍ക്ക്…എല്ലാവര്‍ക്കും.. അകമഴിഞ്ഞ നന്ദി.

    ‘കൊച്ചി മുതല്‍ ഗോവ വരെ‘ അവസാനഭാഗം.
    മീരാമാറും ഡോണാപോളയും

  22. Fort Aguada Beach Resort-നെക്കുറിച്ച് മാത്രം അറിവുള്ള എന്നെപ്പോലുള്ളവര്‍ക്ക് ശരിക്കുമുള്ള ഫോര്‍ട്ടിനെക്കുറിച്ചുള്ള വിവരണം ഉപയോഗമായി. :)

Leave a Reply to Bindhu Unny Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>