manorama-2

ഹാളേബീഡു


ഈ യാത്രാവിവരണം മനോരമ ഓണ്‍‌ലൈനില്‍ വന്നപ്പോള്‍ .

ബേലൂര്‍ എന്ന പഴയ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.
ബേലൂര്‍ പോസ്റ്റ് വായിക്കണമെന്നുള്ളവര്‍
ഇവിടെ ക്ലിക്ക് ചെയ്യൂ.
———————————————————————

മുംബൈയില്‍ ഭീകരാക്രമണം, ടാജ് ഹോട്ടലിലും വീ.ട്ടി. റയില്‍‌വേ സ്റ്റേഷന്‍ പരിസരത്തുമൊക്കെയായി ഭീകരര്‍ അഴിഞ്ഞാടിയിരിക്കുന്നു. എത്രപേരെ അപായപ്പെടുത്തിയെന്നും എന്താണിപ്പോഴത്തെ അവസ്ഥയെന്നും അറിയില്ല. അജി കുറച്ചുകഴിഞ്ഞിട്ട് വീണ്ടും വിളിച്ച് വിവരങ്ങള്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്. രാജ്യം മുഴുവന്‍ ‘ഹൈ അലര്‍ട്ട് ‘ ആണ്. ഇവിടെ പൊലീസ് വളഞ്ഞിരിക്കുന്നതിന്റേയും കാര്യം മറ്റൊന്നുമല്ല. നമ്മളിനി അധികം കറങ്ങിനടക്കുകയൊന്നും വേണ്ട എന്നാണ് അജി പറയുന്നത്.“

ഫോണ്‍ കട്ട് ചെയ്തതിനുശേഷം ഹരി ഒറ്റശ്വാസത്തില്‍ പറഞ്ഞുനിറുത്തി.

കാര്യങ്ങള്‍ വിശദമായൊന്നും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഉറപ്പായി. യാത്ര പകുതിവെച്ച് അവസാനിപ്പിക്കുന്നതിലൊന്നും കാര്യമില്ല. വരാനുള്ളത് വഴിയില്‍ത്തങ്ങില്ല. 17 കിലോമീറ്റര്‍ കൂടെ പോയാല്‍ ഹാളെബീഡുവിലെത്തും. ആ ക്ഷേത്രം കൂടെ കണ്ടതിനുശേഷമേ കേരളത്തിലേക്ക് മടങ്ങുന്നുള്ളുവെന്ന് തീരുമാനിച്ചു. അതിനിടയില്‍ എന്ത് അത്യാഹിതം സംഭവിച്ചാലും നേരിടുകതന്നെ.

വഴികണ്ടുപിടിക്കാനൊന്നും ബുദ്ധിമുട്ടില്ലാതിരുന്നതുകൊണ്ട് 20 മിനിറ്റിനകം ഹാളെബീഡുവിലെത്തി. ബേലൂര്‍ ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കുണ്ടായിരുന്നു ക്ഷേത്രമതിലിന് പുറത്തും, അകത്തും, വാഹനം പാര്‍ക്ക് ചെയ്യുന്നിടത്തുമൊക്കെ. വഴിവാണിഭക്കാരുടേയും ഭിക്ഷക്കാരുടേയും കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് പെട്ടെന്ന് തന്നെ ക്ഷേത്രമതിലിനകത്തേക്ക് കടന്നു.

ബേലൂര്‍ ക്ഷേത്രത്തിനേക്കാള്‍ ഇരട്ടി വലിപ്പമുള്ളതാണ് ഹാലേബീഡു ക്ഷേത്രം എന്നതുമാത്രമല്ല, ഇതിന് ചുറ്റും നല്ല പച്ചപ്പുല്‍ത്തകിടിയും ചെടികളും മരങ്ങളുമൊക്കെയുമുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്.

ഗൈഡിന്റെ സേവനം ഇവിടെയും അത്യാവശ്യമായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ജനത്തിരക്കുള്ളതുക്കൊണ്ട് ഗൈഡിനെ കിട്ടാതെ പോകുമോ എന്ന സംശയം അസ്ഥാനത്തായിരുന്നു. ഇപ്രാവശ്യം കൃഷ്ണഗൌഡ എന്നുപേരുള്ള ഒരു ഗൈഡിനെയാണ് കിട്ടിയത്. ബിരുദധാരികളായ ആള്‍ക്കാരെ തിരഞ്ഞെടുത്ത് ചരിത്രവും,സഞ്ചാരികളോടുള്ള സമീപനവുമടക്കമുള്ള കാര്യങ്ങളൊക്കെ പഠിപ്പിച്ച് ഗൈഡായി നിയമിക്കുന്നത് കര്‍ണ്ണാടക സര്‍ക്കാര്‍ തന്നെയാണ്. നമ്മുടെ നാട്ടില്‍ ടൂറിസത്തിന്റെ ഭാഗമായി അത്തരം എന്തെങ്കിലും പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ ആവോ ?

ഞാനൊരു നിരക്ഷരനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയതുകൊണ്ടാകണം, ചരിത്രമൊക്കെ തല്ലിപ്പഠിപ്പിക്കാനെന്ന മട്ടില്‍ നീളമുള്ള ഒരു വടിയുമെടുത്ത് കൃഷ്ണഗൌഡ ക്ഷേത്രത്തിന്റെ വെളിയിലെ ശില്‍പ്പങ്ങളെ പരിചയപ്പെടുത്താനും വിശദീകരിക്കാനും തുടങ്ങി.

ഹാളെബീഡു. നശിപ്പിക്കപ്പെട്ട വീട് (Ruined House) എന്നാണാ കന്നട പദത്തിന്റെ അര്‍ത്ഥം. വിഷ്ണുവര്‍ദ്ധനരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന ‘കെട്ടമല്ല‘യാണ് 12-‌ാം നൂറ്റാണ്ടില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1121ല്‍ ഈ ക്ഷേത്രനിര്‍മ്മാണം ആരംഭിച്ചത്. 105 വര്‍ഷങ്ങളെടുത്തിട്ടും ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്ന് കണക്കാക്കപ്പെടുന്നത് ഇവിടെക്കാണുന്ന ചില അപൂര്‍ണ്ണമായ ശില്‍പ്പങ്ങളെ മുന്‍‌നിര്‍ത്തിയായിരിക്കണം.

20,000 ല്‍പ്പരം കൊത്തുപണികളുള്ള ഈ ക്ഷേത്രച്ചുമരുകളിലെ ശില്‍പ്പങ്ങളെപ്പറ്റി പറഞ്ഞുപോകുന്നത് അത്ര എളുപ്പമൊന്നുമല്ല. ഈജിപ്‌റ്റോളജി എന്നൊക്കെ പറയുന്നതുപോലെ ഹൊയ്‌സളേശ്വരോളജി എന്നൊരു പഠനശാഖതന്നെ അതിനുവേണ്ടി ആരംഭിച്ചാലും മതിയാകില്ലെന്നാണ് എനിക്കുതോന്നിയത്. എടുത്തുപറയേണ്ടത് മഹാഭാരതത്തിലേയും രാമായണത്തിലേയും പ്രധാനസംഭവങ്ങള്‍ കല്ലിലേക്ക് പകര്‍ത്തിയിട്ടുള്ളതാണ്.

ക്ഷേത്രത്തിന്റെ വെളിയില്‍, തെക്കുഭാഗത്തെ പകുതി മുതല്‍, പടിഞ്ഞാറുഭാഗം ചുറ്റി വടക്കുഭാഗത്തിന്റെ പകുതിവരെയുള്ള ഭാഗത്താണ് ഇന്ത്യന്‍ ക്ഷേത്രശില്‍പ്പകലയുടെ രത്നമെന്ന് അറിയപ്പെടുന്ന ഹാളേബീഡുവിലെ പ്രധാന കലാസൃഷ്ടികളില്‍ ഭൂരിഭാഗവും‍ നിലകൊള്ളുന്നത്.

മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്യുന്നത് കൊത്തിയിരിക്കുന്ന കല്ലിന്റെ തൊട്ടടുത്ത വശത്തുത്തന്നെ മറ്റൊരു കൊത്തുപണിയുണ്ട്. ഇതുപോലെ ഒന്നിലധികം വശങ്ങളില്‍ കൊത്തിയ കല്ലുകള്‍ പല മൂലകളിലുമുണ്ട്. ഇത്രയും സങ്കീര്‍ണ്ണമായ ശില്‍പ്പങ്ങള്‍ ഒരൊറ്റക്കല്ലില്‍ കൊത്തിയെടുക്കുന്നതുതന്നെ ദുര്‍ഘടം പിടിച്ചതാണെന്നിരിക്കേ അതേകല്ലില്‍ മറ്റൊരു ശില്‍പ്പം കൂടെ വിരിയിച്ചെടുത്ത കലാകാരന്മാരെ നമിക്കാതെ വയ്യ.

തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞിരിക്കുന്ന ഗണപതിയുടെ പ്രതിമയെപ്പറ്റി കിട്ടിയ അറിവ് അല്‍പ്പം പുതുമയുള്ളതായിരുന്നു. സാധാരണ ഗണപതി, അഥവാ തുമ്പിക്കൈ ഇടത്തോട്ട് തിരിച്ചുപിടിച്ചിരിക്കുന്ന ഗണപതിയേക്കാള്‍ വേഗത്തില്‍ പ്രസാദിപ്പിക്കാന്‍ പറ്റുമത്രേ, വലത്തോട്ട് തുമ്പിക്കൈ പിടിച്ചിരിക്കുന്ന ഗണേശനെ! പക്ഷെ ആ മൂര്‍ത്തിയെ ആരാധിക്കുന്നയാള്‍ അതീവജാഗ്രതയോടെ വ്രതവും പഥ്യവുമൊക്കെ നോ‍ക്കിയല്ല അരാധന നടത്തുന്നതെങ്കില്‍ വിഘ്നേശ്വരന്‍ ഗുരുതരമായ വിപരീതഫലം കൊടുത്ത് അനുഗ്രഹിച്ചുകളഞ്ഞെന്നും വരും.

ഗോവര്‍ദ്ധനഗിരി കൈയ്യിലുയര്‍ത്തിയ കൃഷ്ണന്റെ ശില്‍പ്പത്തില്‍, ഒരു വനത്തിലുള്ള ഒരുവിധം ജീവജാലങ്ങളെയൊക്കെ കൊത്തിപ്പിടിപ്പിച്ചിട്ടുണ്ട്. മൂന്നോ നാലോ അടിമാത്രം ഉയരമുള്ള കല്ല്ലുകളില്‍ ശില്‍പ്പിയുടെ ഭാവനയും ശില്‍പ്പചാതുര്യവുമൊക്കെ പടര്‍ന്നുകയറിയതുപോലെയാണ് ആ ശില്‍പ്പങ്ങളൊക്കെ കണ്ടാല്‍ തോന്നുക.

ഹിരണ്യകശിപുവിനെക്കൊന്ന് കുടല്‍മാല കഴുത്തിലിട്ട് നില്‍ക്കുന്ന നരസിംഹത്തിന്റെ ശില്‍പ്പത്തിലെ കുടല്‍മാലയൊക്കെ തച്ച് നശിപ്പിച്ചിരിക്കുന്നു. ബേലൂര്‍ ക്ഷേത്രത്തില്‍ ഇതേ ശില്‍പ്പം കുടല്‍മാലയോടെ കണ്ടത് ഓര്‍മ്മവന്നു. മിക്കവാറും എല്ലാ ശില്‍പ്പങ്ങള്‍ക്കും നാശനഷ്ടം വരുത്തിക്കൊണ്ടാണ് പടയോട്ടം നടത്തിയവരൊക്കെ തിരിച്ചുപോയിട്ടുള്ളത്.

ബേലൂര്‍ ക്ഷേത്രം ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടിട്ടൊന്നുമില്ലെങ്കിലും ഹാളെബീഡു ക്ഷേത്രവും ദ്വാരനഗര അധവാ ദ്വാരസമുദ്ര എന്നറിയപ്പെട്ടിരുന്ന ഈ പഴയകാല ഹൊയ്‌സള രാജവംശ തലസ്ഥാനവും,(17-‌ാം നൂറ്റാണ്ടില്‍ തലസ്ഥാനം ബേലൂരിലേക്ക് മാറ്റപ്പെട്ടു) ആക്രമിച്ച് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തിരിക്കുന്നു വടക്കുനിന്നുവന്ന ശത്രുക്കള്‍‍. 1311ല്‍ മാലിക്‍ കാഫര്‍ ദ്വാരനഗരത്തിലേയും ക്ഷേത്രത്തിലേയും കുറെയൊക്കെ മുതലുകള്‍ കൊള്ളയടിച്ച് ഒട്ടകപ്പുറത്ത് കടത്തിക്കൊണ്ടുപോകുകയുണ്ടായെങ്കില്‍, 1326ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഈ നഗരത്തെ ദാരിദ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട് നഗരം മുഴുവനായി കട്ടുമുടിക്കുകയാണുണ്ടായത്.

ഗജേന്ദ്രമോക്ഷം ശിലയിലേക്ക് പകര്‍ത്തിയിരിക്കുന്നതാണ് എന്നെ ശരിക്കും അതിശയിപ്പിച്ചുകളഞ്ഞത്. ഒരു ഗൈഡില്ലായിരുന്നെങ്കില്‍ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാതെ പോകുമായിരുന്ന ഒരു അത്യപൂര്‍വ്വ കലാസൃഷ്ടിയാണത്. അഗസ്ത്യമുനിയുടെ ശാപത്താല്‍ ആനയായി രൂപമെടുത്ത് കാട്ടില്‍ അലയേണ്ടി വന്ന ഇന്ദ്രദ്യു‌മ്നന്‍ എന്ന വിഷ്ണുഭക്തനായ പാണ്ഡ്യരാജാവിന് വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ട് ശാപമോക്ഷം കൊടുക്കുന്ന പുരാണമാണ് ശില്‍പ്പത്തിലുള്ളത്. ആനയുടെ 2 കാലും വാലും ശില്‍പ്പത്തിന്റെ മുകള്‍ഭാഗത്തും,മറ്റ് 2 കാലും തലയും ശില്‍പ്പത്തിന്റെ കീഴ്‌ഭാഗത്തും, വളരെ വ്യക്തമായി കാണാം. വിഷ്ണുവിന്റെ രൂപത്തിന് അതിര്‍വരമ്പെന്ന പോലെ കാണുന്ന ഗജേന്ദ്രന്റെ അവയവങ്ങള്‍ ആരും പറഞ്ഞുകൊടുത്തില്ലെങ്കില്‍ എത്രപേര്‍ക്ക് മനസ്സിലാകുമെന്ന് കണ്ടുതന്നെ അറിയണം.

പാര്‍വ്വതിയെ മടിയിലിരുത്തിയ ശിവന്റെ ശില്‍പ്പത്തില്‍ ശിവന്റെ ഇരിപ്പിടത്തിന്റെ വലതുഭാഗം താഴ്ന്നിരിക്കുന്നത് ശിവപാര്‍വ്വതിയുടെ ഭാരക്കൂടുതല്‍ ഇരിപ്പിടത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് വലത്തുവശത്തേക്ക് മാറി അനുഭവപ്പെടുന്നതുകൊണ്ടാണെന്നാണ് വിശദീകരണം.

കൈലാസമെടുത്ത് അമ്മാനമാ‍ടുന്ന രാവണന്‍, കൈലാസത്തിന്റെ ഭാരം കാരണം കാല്‍മുട്ടുകള്‍ ചെറുതായൊന്ന് മടക്കിയ അവസ്ഥയിലാണുള്ളത്.

മറ്റ് അധികം ക്ഷേത്രങ്ങളിലൊന്നും കാണാന്‍ പറ്റാത്ത ഒരു ദൃശ്യമാണ് അടുത്തടുത്ത് നില്‍ക്കുന്ന ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍. ഞാനങ്ങിനെയൊന്ന് ആദ്യമായിട്ട് കാണുകയായിരുന്നു. ശിവന്റെ കഴുത്തിലെ പാമ്പിനെയൊക്കെ തല്ലിക്കൊന്ന് വേര്‍പെടുത്തിയിരിക്കുന്നു നാശം വിതച്ചുപോയ ശത്രുക്കള്‍.

എല്ലാ ശില്‍പ്പങ്ങളിലും ഇത്തരം അതിസൂക്ഷ്മമായ കാര്യങ്ങള്‍വരെ അതിശ്രദ്ധയോടെയാണ് കൊത്തിയിരിക്കുന്നത്. ഒരു ചിത്രത്തിലോ മറ്റോ ചെയ്യാവുന്നതുപോലെ മാറ്റിവരയ്ക്കാല്‍ പറ്റുന്നതല്ല ശിലയില്‍ വിരിഞ്ഞിരിക്കുന്ന ഈ സൃഷ്ടികള്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓരോ ശില്‍പ്പങ്ങളേയും വളരെ വ്യക്തമായി വര്‍ണ്ണിച്ച് വിശദീകരിച്ച് തന്നുകൊണ്ട് മുന്നോട്ടുനീങ്ങിയ കൃഷ്ണഗൌഡയുടെ കൂടെ എത്ര സമയം ഞങ്ങളാ ക്ഷേത്രച്ചുമരുകളിലെ വിസ്മയക്കാഴ്ച്ചകളില്‍ മയങ്ങി നിന്നുകാണുമെന്ന് ഒരൂഹവുമില്ല. ഹിന്ദുപുരാണങ്ങള്‍ അറിയാത്തവര്‍ ആരെങ്കിലും ഹാളെബീഡു സന്ദര്‍ശിക്കാനിടയായാല്‍ ഒരൊറ്റ ദിവസംകൊണ്ടുതന്നെ അതിനെപ്പറ്റിയൊക്കെ ഒരു ധാരണയുണ്ടാക്കി മടങ്ങാന്‍ ഹാളെബീഡുവിലെ ഈ കല്‍ച്ചുമരുകളില്‍ അവാഹിച്ചെടുത്തു വെച്ചിരിക്കുന്ന സൃഷ്ടികള്‍ക്കാവുമെന്നാണ് എനിക്കു തോന്നിയത്.

എടുത്തുപറയേണ്ട ചില കൊത്തുപണികള്‍ മഹാഭാരതയുദ്ധരംഗങ്ങളിലേതാണ്. ആനകളോട് ഏറ്റുമുട്ടുന്ന ഭീമസേനനേയും, ചത്തുവീണ് അകാശത്തോളം ഉയരത്തില്‍ മേഘങ്ങളെത്തൊട്ട് കുന്നുകൂടിക്കിടക്കുന്ന ആനകളേയുമൊക്കെ ഒരടിമാത്രം ഉയരമുള്ള ശിലയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

ചിലയിടങ്ങളില്‍ ചുമരുകളിലും കൊത്തുപണികളിലുമൊക്കെ തവിട്ടുനിറം കാ‍ണുന്നത് കുറേനാളുകള്‍ക്ക് മുന്‍പ് ഇതൊക്കെ ചായം പൂശി വെച്ചിരുന്നതുകൊണ്ടാണ്. തനതായ സൌന്ദര്യം കാണിക്കാന്‍ ചായത്തിനാകുന്നില്ലെന്ന് കണ്ടപ്പോള്‍ അതൊക്കെ ആസിഡ് ഒഴിച്ച് കഴുകിക്കളയുകയാണുണ്ടായത്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്ന അവസ്ഥ ഒഴിവായത് ഭാഗ്യമെന്ന് പറഞ്ഞേ പറ്റൂ.

മക്കാറയുടെ ശില്‍പ്പം ഒഴിവുവരുന്ന ഇടങ്ങളൊക്കെ നിറയ്ക്കാനെന്നവണ്ണം മിക്കവാറും എല്ലായിടത്തും കാണാം. മയിലിന്റെ വാല്,പന്നിയുടെ ശരീരം, സിംഹത്തിന്റെ കാല്, മുതലയുടെ വായ, ആനയുടെ നാക്ക്, കുരങ്ങന്റെ കണ്ണുകള്‍, പശുവിന്റെ ചെവി എന്നീ 7 ജന്തുക്കളുടെ ശരീരഭാഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മക്കാറ.

ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനേയും ഒരടിമാത്രം വീതിയുള്ള ശിലയിലാണ് പകര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ കാണാനും കേള്‍ക്കാനുമായതോടെ വിശ്വസിക്കാനാകാത്ത ഒരു മാസ്മരിക ലോകത്തിന്റെ ചക്രവ്യൂഹത്തില്‍ എത്തിപ്പെട്ടതുപോലെ ഞങ്ങള്‍ക്കും തോന്നി. അത്യന്തം ശ്ലാഘനീയമായ മഹത്തായ കലാസൃഷ്ടികളായിരുന്നു ചുറ്റിലും‍.

അത് നശിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയവര്‍ ഓരോ ശില്‍പ്പത്തിന്റേയും ഏതെങ്കിലുമൊരു ഭാഗത്തിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ചില ശില്‍പ്പങ്ങളിപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലും ഇരിപ്പുണ്ടെന്നാണ് കൃഷ്ണഗൌഡ പറയുന്നത്. അത് സത്യമാകാതിരിക്കാന്‍ സാദ്ധ്യതയില്ല. കോഹിനൂ‍ര്‍ രത്നം നാടുകടത്തിക്കൊണ്ടുപോയിട്ടുള്ളവര്‍ക്കാണോ കല്ലില്‍ കൊത്തിയെടുത്ത കുറേ ശില്‍പ്പങ്ങള്‍ ?! ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഒന്ന് പരതണമെന്നുള്ള ആഗ്രഹത്തിനുകൂടെയാണ് കൃഷ്ണഗൌഡ അവിടെവെച്ച് തിരികൊളുത്തിവിട്ടത്.

64 മൂലകളുള്ള ഈ ക്ഷേത്രവും ആകാശത്തുനിന്നുനോക്കിയാല്‍ ഒരു നക്ഷത്രത്തിന്റെ പോലെയാകും കാണപ്പെടുക. 4 പ്രവേശന കവാടങ്ങളുള്ള ക്ഷേത്രത്തിന്റെ തെക്കുള്ള കവാടം രാജകവാടമായിരുന്നു. രാജകൊട്ടാരം നിലനിന്നിരുന്നതും തെക്കുഭാഗത്തായതുകൊണ്ടാണിത്. പക്ഷെ ഈ കൊട്ടാരം ഇപ്പോള്‍ അവിടില്ല. രാജ്യം കൊള്ളയടിച്ചുകൊണ്ടുപോയ ശത്രുക്കള്‍ കൊട്ടാരം പൂര്‍ണ്ണമായും നശിപ്പിച്ചാണ് മടങ്ങിയത്.

ഞങ്ങളിതിനകം ക്ഷേത്രച്ചുമരിനെ ചുറ്റിയുള്ള കാഴ്ച്ചകള്‍ ഒരുവട്ടം കണ്ടുകഴിഞ്ഞിരുന്നു.
സഞ്ചാരികള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എല്ലാവരേയും നീളമുള്ള വടികളുമായി ഗൈഡുകള്‍ ക്ഷേത്രചരിത്രവും ശില്‍പ്പകലാവൈഭവവുമൊക്കെ മനസ്സിലാക്കിക്കൊടുത്ത് നീങ്ങിക്കൊണ്ടിരുന്നു.


പുറം കാഴ്ച്ചകളുടെ ആകര്‍ഷണവലയത്തില്‍ എത്രനേരം വേണമെങ്കിലും അവിടെത്തന്നെ നില്‍ക്കാനായെന്ന് വരും. പക്ഷെ ഇരുട്ടുന്നതിന് മുന്നേ ഞങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടക്കണം. രാത്രിയായാല്‍ ആനയിറങ്ങുന്ന കാട്ടുവഴികളിലൂടെയുള്ള സഞ്ചാരം അത്ര അഭികാമ്യമല്ല.

ക്ഷേത്രത്തിനകത്തേക്ക് കടക്കാനുള്ള സമയമായി.ബേലൂരിലുള്ളത് വിഷ്ണുവിന്റെ പ്രതിഷ്ഠയാണെങ്കില്‍ ഹാളെബീഡുവിലുള്ളത് 2 ശിവപ്രതിഷ്ഠകളാണ്. ഹൊയ്‌സളേശ്വര, ശാന്തളേശ്വര എന്നീ പേരിലുള്ള‍ ശിവലിംഗങ്ങള്‍ തന്റെ രാജാവ് വിഷ്ണുവര്‍ദ്ധനനോടും രാജ്ഞി ശാന്തളയോടുമുള്ള ആദരസൂചകമായിട്ടാണ് ‘കെട്ടമല്ല’ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വടക്കുവശത്തുള്ള വാതിലിലൂടെ അകത്തേക്ക് കടന്നപ്പോള്‍ത്തന്നെ ശാന്തളേശ്വരയുടെ തിരുനട കണ്ടു. രണ്ട് ക്ഷേത്രങ്ങളും ഒന്നായി യോജിപ്പിച്ച നിലയിലാണ് ഇതിന്റെ നിര്‍മ്മിതി. അതുകൊണ്ടുതന്നെ അകത്തളത്തിന് നല്ല നീളവും, വിസ്താരവുമുണ്ട്. ഒന്നിനൊന്നു വ്യത്യസ്തമായ 108 തൂണുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ബേലൂരില്‍ തൂണുകള്‍ എണ്ണത്തില്‍ 48 മാത്രമായിരുന്നു. എല്ലാം കൊണ്ടും ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തേക്കാള്‍ 2 മടങ്ങ് വലിപ്പമുള്ളതാണ് ഹാളെബീഡു ക്ഷേത്രം.

അകത്ത് വെളിച്ചക്കുറവുണ്ട്. സംഘമായി വന്ന കുറേയാളുകള്‍ തറയില്‍ ചടഞ്ഞിരുന്ന് അവരുടെ ഗൈഡ് കന്നടയില്‍ നല്‍കുന്ന വിശദീകരണം ശ്രദ്ധിക്കുന്നു.ശാന്തളേശ്വരനെ കാണാനായെങ്കിലും ഹൊയ്‌സളേശ്വരന്റെ നടയില്‍ എത്തിയപ്പോള്‍ അതടഞ്ഞുകിടക്കുകയായിരുന്നു.

ഇനിയും ഒരു മണിക്കൂറെങ്കിലും കഴിയും നടതുറക്കാന്‍. അത്രയും കാത്തുനില്‍ക്കാന്നുള്ള ക്ഷമ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. തിരുനടയുടെ താക്കോല്‍പ്പഴുതിലൂടെ അകത്തേക്ക് നോക്കി ഉള്ളിലെ വൈദ്യുതിവെളിച്ചത്തില്‍ തിളങ്ങിനിന്നിരുന്ന ഹോയ്‌സളേശ്വരനെ ഞങ്ങള്‍ ദര്‍ശിക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

വരാന്തയുടെ(അകത്തളത്തിന്റെ) തേക്കേയറ്റത്തു ചെന്ന് തെക്കുവശത്തുള്ള രാജകവാടത്തിലൂടെ പുറത്തുകടന്നു. ഒരു ചുറ്റ് കടന്നുപോയപ്പോള്‍ ആ കവാടത്തില്‍ കണ്ട കൈകള്‍ നഷ്ടമായ ശില്‍പ്പങ്ങളുടെ പടമെടുക്കുകയായിരുന്നു ഉദ്ദേശം.

സൂര്യദേവന്റെ ഭാര്യമാരായ ഉഷയും, ഛായയുമാണിതെന്നാണ് സങ്കല്‍പ്പം. ഈ ശില്‍പ്പങ്ങള്‍ക്ക് പുതിയ കൈകള്‍ പിടിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായെങ്കിലും അത് പരാജയപ്പെട്ടത്തിന്റെ തെളിവുകള്‍ അവിടെ അവശേഷിക്കുന്നുണ്ട്.


ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുകാണുന്ന രണ്ട് കല്‍ത്തൂണുകളില്‍ത്തീര്‍ത്ത മണ്ഡപങ്ങളില്‍ 9 അടി ഉയരമുള്ള നന്ദിയും 8 അടി ഉയരമുള്ള ഭൃംഗിയും വിശ്രമിക്കുന്നു. ഇന്ത്യയിലെ തന്നെ ആറാമത്തേയും ഏഴാമത്തേയും വലിയ ഈ നന്ദി , ഭൃംഗി ശില്‍പ്പങ്ങളാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. നന്ദിയുടെയും, ഭൃംഗിയുടേയും മണ്ഡപങ്ങളില്‍‍ നിന്ന് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള 2 വാതിലുകളിലൂടെ അകത്തേക്ക് നോ‍ക്കിയാല്‍ യഥാക്രമം ഹൊയ്‌സളേശ്വരനേയും, ശാന്തളേശ്വരനേയും കാണാം.

ഈ ഭാഗത്തുള്ള തൂണുകളിലും നന്ദിയുടെ ശരീരത്തിലുമെല്ലാ‍മാണ് നാട്ടുകാരായ ‘കലാസ്നേഹികളുടെ’ ‘കൊത്തുപണി‘കള്‍ ഏറ്റവും കൂടുതലുള്ളത്. സ്വന്തം പേരുകള്‍ ആ മനോഹരമായ തൂണുകളിലും ശില്‍പ്പങ്ങളിലുമെല്ലാം ആഴത്തില്‍ കോറിയിട്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ലഫ്റ്റനന്റ് കേണല്‍ എച്ച്.നിക്സണ്‍ എന്ന ഒരു സായിപ്പുമുണ്ട്.

കൃഷ്ണഗൌഡയോട് യാത്രപറഞ്ഞ് ക്ഷേത്രവളപ്പിലൊക്കെ ഒന്ന് ചുറ്റിനടന്നു. ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരിടത്തായി ആക്രമണത്തില്‍ പരുക്കേറ്റ് ഇരുകൈകളും നഷ്ടപ്പെട്ട ഒരു ദിഗംബരപ്രതിമ നില്‍ക്കുന്നുണ്ട്. അത് ജൈനമോക്ഷഗാമിയായ ഗോമടേശ്വരനാണെന്ന് കണ്ടിട്ട് തോന്നിയില്ല്ല. ഗോമടേശ്വരന്റെ കാല്‍ഭാഗത്ത് പാമ്പുകളും, കാലിലും കൈയ്യിലുമൊക്കെ വള്ളിപ്പടര്‍പ്പുകളുമൊക്കെയുള്ളതായിട്ടാണ് എല്ലായിടത്തും കണ്ടിരിക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്കുവശത്തെ ഗേറ്റിനോട് ചേര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഒരെണ്ണമുണ്ട്. നശിപ്പിക്കപ്പെട്ടതും,ഇപ്പോള്‍ കണ്ടെടുത്തുക്കൊണ്ടിരിക്കുന്നതുമൊക്കെയായ ശില്‍പ്പങ്ങളും ബിംബങ്ങളുമൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്നുണ്ട് അതിനകത്തും പുറത്തുമൊക്കെ. പക്ഷെ ക്യാമറ നിഷിദ്ധം. ഈ മഹാക്ഷേത്രത്തിനകത്തും പുറത്തും ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളേക്കാള്‍ വലുതൊന്നും മ്യൂസിയത്തിനകത്ത് ഞങ്ങള്‍ കണ്ടില്ല.

വഴിയില്‍ നിന്ന് കാണാം, പക്ഷെ പടമെടുക്കാന്‍ പാടില്ലത്രേ?! അതിലെന്ത് ന്യായമാണുള്ളതെന്ന് മനസ്സിലായില്ല. വെളിയില്‍ കടന്ന് കമ്പിവേലിക്കിപ്പുറത്തുനിന്ന് അതില്‍ ചില ശില്‍പ്പങ്ങളെ, നിയമം തെറ്റിച്ചുകൊണ്ടുതന്നെ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.

ഇരുട്ടുവീഴാന്‍ ഇനിയധികമില്ല. മടക്കയാത്രയ്ക്ക് സമയമായി. വണ്ടി ഓടിച്ചത് ഹരിതന്നെയാണ്. വാഹനത്തിന് മുന്നില്‍ വന്നുചാടുന്ന, കാട്ടാനകളെ എങ്ങനെ നേരിടണമെന്നുള്ള തിയറിയും, അത്യാവശ്യം പ്രാക്‍ടിക്കലും അറിയുന്നത് ഹരിക്കാണ്. എനിക്കതൊന്നുമറിയില്ല.

സീറ്റ് ഒന്നുകൂടെ പുറകിലേക്ക് ചരിച്ചുവെച്ച് ഞാന്‍ ചാരിക്കിടന്നു. പുണ്യപുരാണങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം കഴിച്ചതിന്റെ സുഖത്തോടെ, ശില്‍പ്പകലയുടെ മനോഹരമായ തീരങ്ങളിലൂടെ ഒരു സ്വപ്നാടനം നടത്തിയതിന്റെ നിര്‍വൃതിയോടെ, മനസ്സില്‍ ശിലയിലെന്നപോലെ കൊത്തിവെച്ച പുത്തനറിവുകളുടെ ശേഖരങ്ങള്‍ അയവിറക്കിക്കൊണ്ട്…..
—————————————————–
ബൂലോകവിചാരണയില്‍ ഈ പോസ്റ്റിനെപ്പറ്റിയുള്ള വിചാരണ…

Comments

comments

45 thoughts on “ ഹാളേബീഡു

  1. ഈ യാത്രകളുടെ വിവരണങ്ങള്‍ വായിക്കുന്നത് തന്നെ പുണ്യം.

    പത്തുകൊല്ലം ഹളെബീഡു വഴി ഒരു യാത്ര നടത്തിയിട്ടുണ്ട്. അടഞ്ഞുകിടന്ന രണ്ടമ്പലങ്ങള്‍ മാത്രം ഓര്‍മ്മയില്‍ നില്‍ക്കുന്നു. അതുകൊണ്ടെന്താ, താങ്കളുടെ വകയില്‍ മറ്റൊരു പോസ്റ്റില്‍ കുറച്ച് ദേവപ്രീതി കൈവന്നു.

  2. “സ്വന്തം പേരുകള്‍ ആ മനോഹരമായ തൂണുകളിലും ശില്‍പ്പങ്ങളിലുമെല്ലാം ആഴത്തില്‍ കോറിയിട്ടിരിക്കുന്നവരുടെ…”

    ലവന്‍മാരെ ഒക്കെപ്പിടിച്ച്‌ നല്ല പെട വച്ചുകൊടുക്കണം.. വെളിവില്ലാത്തവന്മാരു്‌..

  3. ആശ്വാസമായി.. സസ്പെൻസ് മാറിക്കിട്ടിയല്ലോ..!

    നിരന്റെ മറ്റൊരു നല്ല സമ്മാനം. നന്ദി.

    “ഞാനൊരു നിരക്ഷരനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയതുകൊണ്ടാകണം, ചരിത്രമൊക്കെ തല്ലിപ്പഠിപ്പിക്കാനെന്ന മട്ടില്‍ നീളമുള്ള ഒരു വടിയുമെടുത്ത്…” അയാൾക്ക് ആ സത്യം എങ്ങനെ മനസ്സിലായി.?!! :)

    “കോറിയിട്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ലഫ്റ്റനന്റ് കേണല്‍ എച്ച്.നിക്സണ്‍ എന്ന ഒരു സായിപ്പുമുണ്ട്.“ ഈശ്വരാ…. പട്ടാളക്കാരിൽ ഇങ്ങനെയും ഒരു ലഫ്റ്റനന്റ് കേണലോ..!!

  4. പ്രതീക്ഷിച്ചതുപോലെ ഈ പോസ്റ്റും മനോഹരം..ക്ഷേത്രവും…

    ഗജേന്ദ്രമോക്ഷം ശില ശരിയ്ക്കും സങ്കീർണ്ണം തന്നെ. വിശദീകരണം ഉണ്ടായിട്ടുപോലും പൂർണ്ണമായി മനസ്സിലാവാത്തപോലെ…ഗജേന്ദ്രന്റെ കാലുകൾ നാലു ദിശകളിലേയ്ക്കും കാണിച്ചശേഷം തലഭാഗം വേറൊരു രീതിയിലാണല്ലോ. ശില്പി ഉദ്ദേശിച്ചതെന്താണെന്ന് ഒരുപക്ഷേ ആ ശില്പിയ്ക്കുമാത്രമേ അറിയുമായിരിക്കുകയുള്ളൂ അല്ലേ..?

    ശില്പങ്ങളിലെ ചായം കഴുകിക്കളയാൻ ശ്രമിച്ചിട്ടും പൂർണ്ണമായി പോകാതെ നിൽക്കുന്നതുകൊണ്ടുള്ള ചെമ്പുനിറം ഏതായാലും ഫോട്ടോയിൽ ഒരു പ്രത്യേക ഭംഗി തോന്നിയ്ക്കുന്നുണ്ട്. (നേരിട്ട് കണ്ടാൽ ഒരുപക്ഷേ അങ്ങിനെയായിരിക്കില്ല അല്ലേ)

    പിന്നെ, “മഹാബലി വാമനന് മൂന്നടി ദാനം ചെയ്യുന്നത്…” എന്നത് മൂന്നടി മണ്ണ് എന്നാക്കൂ. :) :)

  5. പുണ്യപുരാണങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം കഴിച്ചതിന്റെ സുഖത്തോടെ, ശില്‍പ്പകലയുടെ മനോഹരമായ തീരങ്ങളിലൂടെ ഒരു സ്വപ്നാടനം നടത്തിയതിന്റെ നിര്‍വൃതിയോടെ, മനസ്സില്‍ ശിലയിലെന്നപോലെ കൊത്തിവെച്ച പുത്തനറിവുകളുടെ ശേഖരങ്ങള്‍ അയവിറക്കിക്കൊണ്ട്…..

    -അടുത്തതിനായി കാത്തിരിക്കുന്നു!

    (നേരില്‍ കാണുമ്പോള്‍ ഒന്നാശ്ലേഷിച്ച് അഭിനന്ദിക്കണമെന്നുണ്ട്! എന്നാണാവൊ?)

  6. മാഷേ… വിവരണം അസ്സലായി.
    ഇനി ഒരു റൂട്ട് മാപ്പും കൂടി. വയനാട്ടില്‍നിന്ന് അങ്ങോട്ട് ഡ്രൈവ് ചെയ്യാനാ. ഫാമിലിയുമായിട്ട് യാത്ര ചെയ്താല്‍ എവിടെ സ്റ്റേ ചെയ്യാന്‍ പറ്റും എന്നുകൂടെ പറയാമോ?

  7. നീരുവിന്റെ മറ്റൊരു സുന്ദര സൃഷ്ടി…..

    കല്ലില്‍ കൊത്തിയ കവിതകളെ….ബ്ലോഗില്‍ പുനരാവിഷ്കരിച്ച നീരുവിന് അഭിനന്ദനങ്ങള്‍….

  8. നിശ്ചയമായും പോകേണ്ട സ്ഥലങ്ങളിള്‍ ഒന്നു കൂടി. :)

    നിരക്ഷര്‍ ജി, അവിടെ ഒന്നു പോയ ഫീലിംഗ് തരാന്‍ ആ വാക്കുകള്‍ക്കും പടങ്ങള്‍ക്കും കഴിയുന്നു.
    (ഇനി അവിടെ ചെല്ലുമ്പോള്‍ ഗൈഡിനോട് അതെവിടെ, ഇതെവിടെ എന്നു ചോദിക്കും)

    നന്ദി :)

  9. അയല്‍ക്കാരന്‍ – ഹ ഹ. ദേവപ്രീതി കിട്ടിയശേഷം കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നല്ലോ ? ആദ്യതന്നെ വന്ന് ബാക്കിയുള്ള ദേവപ്രീതി കൂടെ തരപ്പെടുത്താന്‍ ? നന്ദി മാഷേ :)

    പാമരന്‍ – പെട കൊടുത്തേ പറ്റൂ. മുക്കാലിയില്‍ കെട്ടിയിട്ട് വേണോ അതോ ഇലക്‍ട്രിക്ക് ലാത്തികൊണ്ട് വേണോന്ന് മാത്രം തീരുമാനിച്ചാല്‍ മതി.

    പൊറാടത്ത് – അലമ്പന്മാര്‍ എല്ലാ കൂട്ടത്തിലുമുണ്ട് മാഷേ. പട്ടാളത്തിലും ശാസ്ത്രജ്ഞരുടെ കൂട്ടത്തിലും എല്ലാം എല്ലാം. നന്ദി:)

    ആഷ്‌ലി എ.കെ. – നന്ദി :)

    നീലാംബരി – നന്ദി :)

    മൂ‍ല്യപുരാണങ്ങള്‍ – നന്ദി. ഈ വഴി ആദ്യാണോ മാഷേ ? കമന്റടിച്ചതുകൊണ്ട് മനസ്സിലായി. അല്ലാതെയും വാ‍യിച്ച് പോ‍കാറുണ്ടെന്ന് കരുതുന്നു. നന്ദി മാഷേ :)

    ബിന്ദു കെ.പി. – ആനയുടെ തലയും കാലുമൊക്കെ എവിടെയായാലെന്താ ? ആനയുടെ ശരീരത്തില്‍ നിന്ന് രാജാ‍വ് മോക്ഷം പ്രാപിച്ച് വെളിയില്‍ വരുന്നതായല്ലേ ശില്‍പ്പിയുടെ ഭാവന?

    പിന്നെ മൂന്നടി ദാനം ചെയ്യുന്ന കാര്യം. മൂന്നടി തന്നെയാണ് അന്ന് വെച്ച് കൊടുക്കേണ്ടിയിരുന്നത്. അല്ലെങ്കില്‍ നമ്മളൊക്കെ എത്ര സുഖമായിട്ട് കഴിഞ്ഞ് പോകുമായിരുന്നു. എന്നും ഓണമെന്നപോലെ. ഉടനെ തന്നെ അത് തിരുത്തുന്നുണ്ട്. ആ പിശക് കാണിച്ച് തന്നതിന് പ്രത്യേകം നന്ദി :)

    കുഞ്ഞായി – നന്ദി :) എവിടാ ഇപ്പോള്‍?

    കൈതമുള്ള് – ശശിയേട്ടാ…നേരിലൊന്ന് കാണാനാ‍ണ് ഞാനും കാത്തിരിക്കുന്നത്. നെഞ്ചകം മുഴുവന്‍ കുത്തിക്കീറി ചോരപൊടിയിപ്പാന്‍ പാകത്തിന് മുള്ളുള്ള കൈതോലകള്‍ ബൂലോകത്ത് നട്ടുവളര്‍ത്തുന്നതിന്.
    രണ്ടുപേരും കൂടെ അങ്ങോട്ടും ഇങ്ങോട്ടും ആശ്ലേഷിച്ച് അവസാനം ധൃതരാഷ്ട്രാലിംഗനമൊന്നും ആയിപ്പോകാതിരുന്നാല്‍ മതിയായിരുന്നു :) :)
    നന്ദി ശശിയേട്ടാ:)

    നിഷാന്ത് – റൂട്ട് മാപ്പോ ? ചുമ്മാ ഒന്ന് ഗൂഗിളില്‍ അടിച്ചാല്‍ 100 എണ്ണം പൊങ്ങിവരും. ഇത് അന്യായ ഫേമസ് സ്ഥലമല്ലേ മാഷേ ? താമസിക്കാന്‍ ബേലൂരിലെ ഹോട്ടല്‍ മയൂര ബേലാപ്പുരി നല്ലതാണ്. ഫാമിലിക്കും പറ്റിയ സ്ഥലം.

    ചാണക്യന്‍ – നന്ദി മാഷേ :)

    പ്രിയാ – ഞാന്‍ കാരണം ആ ഗൈഡിന് പണിയായി അല്ലേ ? എന്റെ പേര് അവിടെ പറയല്ലേ ? :) നന്ദി :)

    ഹാളെബീഡുവിലെ ശില്‍പ്പങ്ങള്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

  10. വിവരണം കൊണ്ട് ഏറെ മികച്ച പോസ്റ്റുകളാണ് താങ്കളുടെത്. വായനക്കാരില്‍ മനസ്സ് കൊണ്ടെങ്കിലും അവിടെയൊക്കെ കൊണ്ടെത്തിക്കാന്‍ ഈ രചനാ രീതിക്ക് കഴിയുന്നു. ആശംസകള്‍….

  11. നിരക്ഷരാ എത്താന്‍ വൈകി പോയി ,താങ്കള്‍ നിരക്ഷരന്‍ മാത്രമല്ല നിരീക്ഷകന്‍ കൂടി ആണെന്ന് അങ്ങേര്‍ക്കു തോന്നി കാണും .
    പിന്നെ ബാക്കിയുള്ള യാത്ര പോസ്റ്റുകളില്‍ അവര്‍ കണ്ട കാഴ്ചകള്‍ അതേപോലെ വിവരിക്കുമ്പോള്‍ താങ്കള്‍ കണ്ട കാഴ്ചകള്‍ നിരീക്ഷിച്ചു വിവരിക്കുന്നു .ഒരു തീര്‍ത്ഥാടനം കഴിഞ്ഞ പോലെ ,നമോവാകം .സ്നേഹത്തോടെ

  12. നിരുവേ..

    ബേലൂരേതിന്റെ എത്രയോ ഇരട്ടി ഭംഗി ഇതിനുണ്ടെന്നത്, വായിച്ചു തുടങ്ങുമ്പോഴേ മനസിലാകും. (അവിടുത്തെ ആ കല്‍പ്പടവൊന്നും മറന്നിട്ടില്ലാ കേട്ടോ,എങ്കിലും)! ഇതില്‍ ഗജേന്ദ്രമോക്ഷം, കൈലാസം അമ്മാനമാടുന്ന രാവണന്‍ , പത്മവ്യൂഹത്തിലെ അഭിമന്യൂ, സൂര്യന്റെ പത്നിമാരായാ ഉഷയും ഛായയും ( ആ കൈകൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അതിന്റെ ഭംഗി), നന്ദീശ്വരന്‍… സത്യം പറയാമല്ലോ മനസീന്ന് മായുന്നില്ലാ ആ ക്ഷേത്രം!! എത്ര മാത്രം കോമ്പ്ലിക്കേറ്റഡാണ് അതിലെ ഓരോ വര്‍ക്കും , ആ ശില്പികളെ മനസ്സാ നമിക്കാതെ വയ്യാ!

    എന്റെ മനസില്‍ ഇവയൊക്കെ ഇത്ര ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ , നേരിട്ടു കണ്ട തന്റെ മനസീന്ന് ഇതൊന്നും മരണം വരെ പോവില്ലാന്ന് എനിക്ക് ഉറപ്പാ.. ചിലപ്പോള്‍ മരിച്ചുകഴിഞ്ഞാലും..

    ഒരു സംശയം ചോദിച്ചോട്ടേ? ആ ജൈനപ്രതിമ, ഗോമടേശ്വരനല്ല എന്നൊരു അനുമാനം കണ്ടൂ. ഇങ്ങനെ വള്ളിപ്പടര്‍പ്പുകള്‍ കയറിയതും നേരെ നില്‍ക്കുന്നതും ഇരിക്കുന്നതുമായ ധാരാളം ജൈനപ്രതിഷ്ഠകള്‍ കണ്ടീട്ടുണ്ട്. അതുകോണ്ട് ഇത് ഗോമടേശ്വരനാവാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റുമോ നിരൂ?

    - ആശംസകളോടെ , സന്ധ്യ :)

  13. നീരു, കുറെ കാലമായി ഈ വഴിക്കൊക്കെ.

    വെറുതെ പറഞ്ഞുപോകലല്ലാ,
    പറയുന്ന സ്ഥലത്തെ കാഴ്ച്ചകളോടൊപ്പം അതിന്റെ ചരിത്രത്തോടും സംസ്ക്കാരത്തോടുമൊപ്പം വസ്തുതകളും കൂടി പകര്‍ത്തുമ്പോഴെ യാത്രാ വിവരണം പൂര്‍ണ്ണമാകുന്നുള്ളൂ. എങ്കിലെ,അനുവാചകന് സഞ്ചാരിയോടൊപ്പം യാത്ര ചെയ്യുന്നതായി ഫീല്‍ ചെയ്യുന്നുള്ളൂ. നിരക്ഷരന്റെ ഈ പോസ്റ്റുള്‍പ്പടെ ഞാന്‍ വായിച്ച എല്ലാ പോസ്റ്റുകളിലും ഈ പ്രത്യേകതയുണ്ട്. അതു തന്നെയാണ് ഞാനടക്കമുള്ള ഏറെ വായനക്കാരെയും ഇതിലേക്കാകര്‍ഷിപ്പിക്കുന്നത്.

  14. നന്നായിട്ടുണ്ട് കേട്ടോ
    നിരക്ഷരന്റെ കൂടെ ആ ശില്പങ്ങള്‍ നേരിട്ട് കണ്ടതുപോലെ തോന്നി
    അതില്‍ എനിക്കേറ്റവും ഇഷ്ടമായത് സൂര്യന്റെ ഭാര്യയുടെ ശില്‍പം ആണ്
    എത്ര നാളത്തെ കഷ്ടപ്പാടിന്റെ ഫലം ആയിരിക്കുമല്ലേ
    ആ ശില്പങ്ങള്‍ …….
    ശില്പിക്കും ആ ഫോട്ടംസ് ഒക്കെ എടുത്തു ഇവിടെ ഞങളെ കാണിച്ച
    നിരക്ഷരനും അഭിനന്ദനങ്ങള്‍

  15. മനസ്സില്‍ ശിലയിലെന്നപോലെ കൊത്തിവെച്ച പുത്തനറിവുകളുടെ ശേഖരങ്ങള്‍ അയവിറക്കിക്കൊണ്ട്…..

    ഇങ്ങിനൊരാൾ ഉള്ളതു കൊണ്ട് ഞങ്ങളും കാണുന്നു അവയെല്ലാം. നന്ദി, നന്ദി, നമസ്കാരം

  16. പകല്‍ക്കിനാവന്‍ – മുടങ്ങാതെ വായിക്കുന്ന ഒരാളാണെന്ന് അറിയാം മാഷേ. നന്ദി :)

    വാഴക്കോടന്‍ – ആ അഭിപ്രായത്തിന് വളരെ നന്ദി :)

    ഞാനും എന്റെ ലോകവും – സജീ, വൈകിയിട്ടൊന്നും ഇല്ല. നിരീ‍ക്ഷകന്‍ എന്ന പുതിയ വിശേഷണം ഇഷ്ടായി:) രാഷ്ടീയക്കാര്‍ പറയുന്ന പോലെ കേന്ദ്രനിരീക്ഷകന്‍, സംസ്ഥാന നിരീക്ഷകന്‍…അങ്ങനൊന്നും അല്ലല്ലോ ? അല്ലേ ? ഞാന്‍ തമാശിച്ചതാ :) നന്ദി മാഷേ.

    സന്ധ്യ – നന്ദി മാഷേ. പിന്നെ അത് ഗോമഡേശ്വര്‍ അല്ലെന്ന് തന്നെ ഞാനിപ്പോഴും കരുതുന്നു. വേറേയും 50ല്‍ പ്പരം (കൃത്യമായ കണക്കല്ല)തീര്‍ത്ഥങ്കരന്മാരും, മോക്ഷഗാമികളുമൊക്കെ ഉണ്ട് ജൈനമതത്തില്‍. എഴുന്നേറ്റ് നില്‍ക്കുന്ന 35ല്‍ പ്പരം ഇതുപോലുള്ള ദിംഗംബരപ്രതിമകള്‍ ശ്രാവണബേളഗോളയില്‍ ഉണ്ട്. ഗോമഡേശ്വരന്റെ ഐഡന്റിറ്റി പാമ്പും കാടും പടലുമൊക്കെത്തന്നെയാണ് മിക്കവാറും എല്ലായിടത്തും. ഞാനേതായാലും വയനാട്ടിലുള്ള എന്റെ ചില ജൈനസുഹൃത്തുക്കളെ വിളിച്ചൊന്ന് സംസാരിച്ച് വല്ല അറിവും കിട്ടുമോന്ന് നോക്കട്ടെ. അതിനിടയില്‍ വിവരമുള്ള ആരെങ്കിലും ഈ വഴി വന്ന് ഈ വിഷയത്തില്‍ അഭിപ്രായം പറയുകയാണെങ്കില്‍ അതും തുണയാകും.

    റാഷിദ് – നന്ദി മാഷേ :)

    മിന്നാമിനുങ്ങ് – തൌഫീ,.. വല്ലപ്പോഴുമൊക്കെയാണെങ്കിലും ഈ വഴി വരുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും വളരെ നന്ദി മാഷേ :)

    പിരിക്കുട്ടീ – കൈയ്യില്ലാത്ത സൂര്യപത്നിമാര്‍ക്ക് അരാധികമാരുണ്ടെന്നറിഞ്ഞതില്‍ സന്തോഷം :)

    അഗ്രജന്‍ – നന്ദി മാഷേ :)

    ലക്ഷ്മി – നന്ദി മാ‍ഷേ )

    ഹാളേബീഡുവിലെ നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളും ശിവപ്രതിഷ്ടകളും കാണാനെത്തിയ എല്ല്ലാവര്‍ക്കും നന്ദി :)

  17. ഇതിങ്ങനെ എഴുതാനും കൂടെ പടങ്ങള്‍ കാണിക്കാനും ഈ ബൂലോകത്തില്‍ ഒരു നിരക്ഷറനേ ഉള്ളൂ. നമോവാകം പ്രഭോ :)

    -സുല്‍

  18. പോസ്റ്റും ചിത്രങ്ങളുമൊക്കെ നന്നേ ഇഷ്ടായി.
    എന്നാലും, നിരക്ഷരനായ കുട്ടിയെ തല്ലിപ്പഠിപ്പിക്കാന്‍ പോകുന്ന കൃഷ്ണഗൌഡയുടെ ചിത്രത്തോളമങ്ങോട്ട് ഒന്നും വന്നില്ല. എത്ര അടികിട്ടിയാവോ?

  19. കണിക്കൊന്ന അവാര്‍ഡ് നിരക്ഷരന് കിട്ടിയതില്‍ എന്റെ സന്തോഷം ….

    ഇനിയും ധാരാളം സ്ഥാനമാനങ്ങള്‍ തേടിയെത്തട്ടെ
    ഈശ്വരന്‍ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ബേലൂര്‍നു ശേഷം,ഹാളേബീഡു അതി ഗംഭീരമായി
    ഇതിനു ഒരു കമന്റ് എഴുതാനിരുന്നപ്പോഴാ അവാര്‍ഡ് കിട്ടിയ വിവരം അറിയുന്നത്, ഇനി മറ്റൊരു കമന്റെന്തിന്?…
    അഭിനന്ദനങ്ങള്‍

  20. മാണീക്യേച്ചീ – എനിക്ക് കണിക്കൊന്ന അവാര്‍ഡൊന്നും കിട്ടിയിട്ടില്ല.
    ഡോ:ധനലക്ഷ്മിയുടെ കവിതാ ബ്ലോഗിനാണ് അവാര്‍ഡ്.ഇവിടെ വായിക്കൂ അതിനെപ്പറ്റി. ഞാനവിടെ മത്സരിച്ച് പുറത്തായെന്ന് മാത്രം. അവര്‍ ഒന്നാം സ്ഥാനം മാത്രമേ പരിഗണിക്കുന്നുള്ളൂ. ചേച്ചി ഈ വിഷയം ഓര്‍ക്കുട്ടിലൂടെയും എല്ലാവര്‍ക്കും മെസ്സേജ് അയച്ചിരിക്കുന്നത് കണ്ടു. എനിക്കും കിട്ടി ആ മെസ്സേജ്. അതിന് തിരുത്ത് ഇടണം. ഉടനെ തന്നെ. പ്ലീസ്…..

    ഗീതേച്ചീ – നന്ദി :)
    സുല്‍ – നന്ദി :)
    ബിനോയ് – നന്ദി :)

    ഹാളേബീഡുവില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

  21. ആദ്യമായി ഒരായിരം അഭിനന്ദനങ്ങൾ! കൂട്ടം-കണിക്കൊന്ന ബെസ്റ്റ് ബ്ലോഗ് അവാർഡ് ജേതാവിന് അഭിനന്ദനങ്ങൾ! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ യാത്രകൾക്കാവട്ടേ!!!

    വായിച്ച് തീരുമ്പോൾ ഒരു തീർത്ഥാടനം കഴിഞ്ഞെത്തിയ സുഖം.
    ആശംസകളോടെ
    നരിക്കുന്നൻ

  22. നരിക്കുന്നന്‍ – മാഷേ എനിക്കല്ല ആ അവാര്‍ഡ് കിട്ടിയിരിക്കുന്നത്.ബൂലോകത്ത് തെറ്റിദ്ധാരണ പരന്നിട്ടുണ്ട്.കിട്ടാത്ത അവാര്‍ഡിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ആകെ എമ്പാരസ്‌ഡ് ആയി ഇരിക്കുകയാണ് ഞാന്‍. :(:(:(

    ഇതിന് തൊട്ടുമുന്‍പ് ഞാന്‍ എഴുതിയിട്ട കമന്റ് വായിച്ചില്ലായിരുന്നോ നരിക്കുന്നാ…

    ഈ തെറ്റ് പറ്റിയതെങ്ങിനാണെന്ന് കണ്ടുപിടിച്ച് തിരുത്താനുള്ള ശ്രമത്തിലാണ് ഞാന്‍. അതുടനെ ചെയ്യുന്നതാണ്.

    ആഷ്‌ലി എ.കെ. – ഇല്ല മാഷേ ഇതൊരിക്കലും ഒരു അച്ചീവ്‌മെന്റ് ആയി കാണാന്‍ എനിക്കാവില്ല. അതിന് കാരണങ്ങള്‍ പലതാണ്. ആകെ 16 പേര് പങ്കെടുത്ത ഒരു മത്സരം. അതില്‍ ബൂലോകത്തെ വളരെയധികം നല്ല ബ്ലോഗുകള്‍ പങ്കെടുത്തുമില്ല. അതൊരിക്കലും അച്ചീവ്‌മെന്റ് ആകില്ല ആഷ്‌ലീ.

  23. നിരക്ഷര്‍ ജി ക്ക് കിട്ടാതെ പോയ ആ അവാര്‍ഡിനു നിരക്ഷര്‍ ജി ക്ക് അനുമോദനങ്ങള്‍ :)

    (ഞങ്ങള്‍ ഫാന്‍ ക്ലബ്ബിന്റ്റെ വക ഒരു സ്പെഷ്യല്‍ അവാര്‍ഡ് പ്രഖ്യാപിക്കട്ടേ നിരക്ഷര്‍ ജി ? :)

  24. ഒന്നാന്തരം ഫോട്ടോകളും നല്ല വിവരണവും. സ്ഥലത്ത് ചെന്ന് കണ്ടതുപോലെയുണ്ട്.
    palakkattettan.

  25. നിരക്ഷരന് നല്ല നമസ്കാരം…. അയ്യോ ക്ഷമിക്കണം അതിപ്പോ ഒരു ചീത്തവാക്കാണല്ലോ.
    നന്ദി നല്ലൊരു യാത്രാവിവരണം തന്നതിന്

  26. ഞാനും കഴിഞ്ഞ മാസം ഇവിടെ പോയിരുന്നു. പക്ഷേ ഇത്ര സൂക്ഷ്മമായി നിരീക്ഷിച്ചൊന്നുമില്ല . വിവരങ്ങള്‍ക്ക് നന്ദി.

  27. ഒരു ഹിസ്റ്ററി പുസ്തകം വായിച്ച പ്രതീതി..
    വേറെ ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല നിരൂ..
    ഫോടോസ്ന് ഒക്കെ ജീവനുള്ള പോലെ..നേരില്‍ കണ്ടത് പോലെ..
    ഇയാള് ഇനി അടുത്ത യാത്ര എവിടെയ്ക്കാ?
    വരാന്‍ വൈകിപ്പോയി കേട്ടോ…..

  28. പ്രിയ – ആ അവാര്‍ഡ് കിട്ടാതെ പോയതില്‍ വളരെ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. ആദ്യത്തെ മൂന്നില്‍ വരാന്‍ യോഗ്യതയുള്ള മറ്റ് ബ്ലോഗുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ജി മനു, മുരളിക, ഗിരീഷ്, സേനു എന്നിവരുടെ ബ്ലോഗുകള്‍ കമ്മറ്റി കാണാതെ പോയത് കഷ്ടം തന്നെ. വളരെ വിവാദം ഉണ്ടാക്കിയ ഒരു ബ്ലോഗ് തിരഞ്ഞെടുപ്പായിരുന്നു അതെന്ന് അതിനെപ്പറ്റി പുറത്തുവന്ന കമന്റൂകളും, പോസ്റ്റുകളുമൊക്കെ സാക്ഷ്യപ്പെടുത്തുന്നു. അതില്‍ വിജയിച്ചിരുന്നെങ്കില്‍ ഹിറ്റുകളിലൂടെ വിജയിച്ച ഒരുവനായി മാത്രമേ എനിക്ക് എന്നെത്തന്നെ കാണാന്‍ സാധിക്കൂ, ജനങ്ങളും കാണൂ. ചുരുക്കിപ്പറഞ്ഞാല്‍ തോറ്റതുകൊണ്ട് മാനം കാത്തു.(കിട്ടാത്ത മുന്തിരി പുളിക്കും എന്നിതിനെ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ ഞാന്‍ വീണ്ടും തോറ്റു :):) ഇനി ഇതുപോലൊരു മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഏഴെഴുപത് പ്രാവശ്യം ആലോചിക്കണമെന്ന ഒരുപാഠം പഠിച്ചതിലും, സമ്മാനാര്‍ഹനാവാത്തതുകൊണ്ട് തിരഞ്ഞെടുപ്പ് വിവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായതിലും സന്തോഷമുണ്ട്.

    മനോജ് – നിരക്ഷരന്‍ എന്നുള്ളത് പണ്ടും ഇപ്പോഴും ഒരു ചീത്തവാക്കല്ല മാഷേ.ധൈര്യായിട്ട് പറഞ്ഞോളൂ, വിളിച്ചോളൂ. എന്താണാവോ അങ്ങനെ പറഞ്ഞത്:) എന്തോ തമാശ അതിലുണ്ടെന്ന് തോന്നുന്നു. പക്ഷെ എന്റെ ട്യൂബ് കത്തിയിട്ടില്ല :) :)

    പ്രിയാ ഉണ്ണികൃഷ്ണന്‍ – നന്ദി :) അവാര്‍ഡിനെപ്പറ്റി എനിക്ക് പറയാനുള്ളത് ഞാന്‍ ദാ മുകളില്‍ മറ്റൊരു പ്രിയയോട് പറഞ്ഞിട്ടുണ്ട്. മത്സരത്തെപ്പറ്റി അറിഞ്ഞിട്ടും പങ്കെടുക്കാത്തതുകൊണ്ട് താങ്കള്‍ മാനം കാത്തു.

    സ്മിതാ ആദര്‍ശ് – യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇന്നലെ അതിസുന്ദരിയായ ഒരു നഗരം കാ‍ണാന്‍പോയിരുന്നു. അവളുടെ പേരാണ് പാരീസ്.(പാരീസ് ഹില്‍ട്ടണ്‍ അല്ല :) :)
    ഇനി തുളിപ്പ് പുഷ്പങ്ങള്‍ വാടുന്നതിന് മുന്നേ ആംസ്റ്റര്‍ഡാമ്മില്‍ പോയാല്‍ കൊള്ളാമെന്നുണ്ട്.

    എം.സങ് , മണികണ്ഠന്‍, സരിത, കേരളദാസനുണ്ണി,സൂരജ് പി.എം,സൂത്രന്‍…….ഹാളേബീഡുവില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി :)

  29. Long before onesupon a time from a college,(bangaluru) some went for studytour.its a village.toomuch flower farms.our group find a mountain.mukalilethiyappol kaatteduthu kondupokumennu karuthipoi.wonder is not that there was caves(like temple)inside.muri kannadayil kashtappetu.villegers dont care about that.i dont remember the place name,but i will go there again,I will find that place.smile know.my husband also smiled

  30. avide pokum munpu thankalude blog onnu vayichirunnengil nannayirinnu ennu ippol thonnunnu…………..enthinu kooduthal parayanam………….vivaranam athi manoharam..:)

Leave a Reply to ബിന്ദു കെ പി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>