guhayil-oru-dinner

ഗുഹയില്‍ ഒരു ഡിന്നര്‍


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

‍ലപുലിതാനന്തകാരി വേട്കോപണാകചം നന്നു ചത്തി”

അതിപ്രാചീനമായ തമിഴ് ലിപിയിലുള്ള ഒരു ശിലാലിഖിതമാണിത്. ‘പലപുലികളെക്കൊന്നൊടുക്കിയ വേട്കോവനായ നാഗവംശജന്‍ നന്നു ശക്തി‍‘ എന്നാണത് അര്‍ത്ഥമാക്കുന്നത്. അത്തരത്തിലൊരു വ്യക്തി ആ മലയിലോ ഗുഹയിലോ വസിച്ചിരുന്നെന്ന്‍ വേണം മനസ്സിലാക്കാന്‍.


മലയെന്ന് പറയുന്നത് വയനാട്ടിലെ പ്രശസ്തമായ അമ്പുകുത്തിമല തന്നെ. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്ററോളം ഉയരത്തില്‍, അമ്പുകുത്തിമലയിലുള്ള ഇടയ്ക്കല്‍ ഗുഹയിലാണ് ഈ ശിലാലിഖിതമുള്ളത്. അര്‍ത്ഥം മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചിട്ടുള്ളതും അല്ലാത്തത്തുമായ ഇത്തരം അനവധി ശിലാലിഖിതങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇടയ്ക്കല്‍ ഗുഹയുടെ ചുമരുകള്‍ .

വയനാട്ടില്‍ കറങ്ങിനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും, അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട, അല്ല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു കേന്ദ്രമാണെന്ന് പറയാവുന്ന ഇടയ്ക്കല്‍ ഗുഹയിലേക്ക് പോകാന്‍ പലകാരണങ്ങള്‍കൊണ്ടും ഒരുപാട് വൈകി.

സഹപ്രവര്‍ത്തകന്‍ തന്‍സീറുമൊത്ത് ഇടയ്ക്കലിലേക്കുള്ള യാത്ര പരിപാടിയിടുന്നതിനൊപ്പം ഇടയ്ക്കലിന്റെ അടുത്ത പരിസരത്തൊക്കെയായി മറ്റേതെങ്കിലുമൊക്കെ നല്ല സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയതുണ്ടോ എന്ന് അന്വേഷിച്ചുവെച്ചതിന് ശേഷമാണ് മാനന്തവാടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ വഴി ഇടയ്ക്കലില്‍ എത്തിയത്.


യാത്രാമദ്ധ്യേ ‘ഫാന്റ്റം റോക്ക് ‘ ലേക്കുള്ള സംസ്ഥാന ടൂറിസം ബോര്‍ഡിന്റെ ചൂണ്ടുപലക കണ്ടു. ചോടപ്പുല്ലുകള്‍ വകഞ്ഞുമാറ്റി വാക്കറമ്മാവന്റെ പേരിലുള്ള ആ പാറക്കെട്ടിനടുത്ത് പോയി കുറച്ചുനേരം ചിലവഴിക്കാതിരിക്കാനായില്ല. മലകളില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഫാന്റം റോക്കിന്റെ അടുത്തുള്ള ഒരു മല ടിപ്പര്‍ ലോറിയിലാക്കി നാടുകടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നാളെ ചിലപ്പോള്‍ ഫാന്റം റോക്കിന്റേയും ഗതി അതുതന്നെയായിരിക്കും.


ഫാന്റം റോക്കില്‍ നിന്ന് അധികം ദൂരമില്ല അമ്പുകുത്തിമലയിലേക്ക്. മലയുടെ അടിവാരത്ത് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും സ്ഥാപനങ്ങളുടെയുമൊക്കെ അടുത്തുതന്നെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. അവിടന്നങ്ങോട്ട് ഒരു കിലോമീറ്ററിലധികം ചെറിയ കയറ്റമുള്ള റോഡിലൂടെ നടക്കണം കുത്തനെയുള്ള കയറ്റം തുടങ്ങുന്നിടത്തേക്ക്. ചെറിയ സ്ലോപ്പിലൂടെ കയറ്റമാണെങ്കിലും അത്രയും ദൂരം നടക്കുമ്പോഴേക്കും ക്ഷീണിക്കുമെന്നുള്ളവര്‍ക്കായി താഴെ നിന്ന് ജീപ്പില്‍ പോകാനുള്ള സൌകര്യമുണ്ട്.


പ്രൈവറ്റ് വാഹനങ്ങള്‍ ആ വഴിക്ക് കടത്തിവിടുന്നില്ല. ഞങ്ങള്‍ നടന്നുതന്നെ കയറാന്‍ തീരുമാനിച്ചു. ഇടയ്ക്ക് ഓരോ ജീപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്ന വഴിയുടെ ഇരുവശങ്ങളിലുമായി ഇടയ്ക്കലിലെ ഏക റിസോര്‍ട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ‘ഇടയ്ക്കല്‍ ഹെര്‍മിറ്റേജ് ’ ന്റെ കോട്ടേജുകള്‍ ചിലത് കാണാം. ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണം ഇടയ്ക്കല്‍ ഹെര്‍മിറ്റേജില്‍ നേരത്തേ തന്നെ വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. അത് കിട്ടുമെന്ന് ഒന്നുകൂടെ ഉറപ്പാക്കിയതിനുശേഷം മലയുടെ താഴെച്ചെന്നപ്പോള്‍ സ്കൂള്‍, കോളേജ് കുട്ടികള്‍ മറ്റു സഞ്ചാരികള്‍ എന്നുതുടങ്ങി ഒരു പടയ്ക്കുള്ള ജനമുണ്ടവിടെ. ഇത്രയും തിരക്കിനിടയില്‍ എവിടെയെങ്കിലും പോകുന്നത് യാത്രയുടെ രസം നശിപ്പിക്കുമെന്ന് മാത്രമല്ല, തിരക്കിനിടയില്‍ എല്ലാം ശരിക്കൊന്ന് കാണാനോ, പടങ്ങളെടുക്കാനോ ബുദ്ധിമുട്ടുണ്ടാക്കും.


ഇത്രയും ദൂരം വന്നതുകൊണ്ട് ഇടയ്ക്കലിലേക്ക് കടക്കുന്നത് പിന്നൊരു ദിവസത്തേക്കാക്കാനും പറ്റില്ലെന്നുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി നിന്ന് ടിക്കറ്റെടുത്ത് മലകയറ്റം തുടങ്ങി.


ഒരുസമയം ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന പാറയിടുക്കിലൂടെ ആള്‍ക്കാര്‍ ക്യൂ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കടന്നുകൊണ്ടിരുന്നു.


പാറകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയും, കുറേ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് വലിഞ്ഞുകയറിയും പതുക്കെപ്പതുക്കെ കയറ്റം പുരോഗമിച്ചുവന്നു. കല്ലിലൂടെ പൊത്തിപ്പിടിച്ച് കയറാന്‍ പറ്റാത്തിടങ്ങളില്‍ കയറ്റത്തിന്റെ ആയാസം കുറയ്ക്കാന്‍ ചെറിയൊരു സഹായമെന്നപോലെ ഇരുമ്പുകൊണ്ടുള്ള ഏണികളും പാലങ്ങളുമൊക്കെയുണ്ട്.


തലേ ദിവസം ചെമ്പ്ര പീക്കില്‍ കയറിയ അനുഭവം വെച്ച് നോക്കിയാല്‍ ഇടയ്ക്കല്‍ ഗുഹയിലെത്തിപ്പറ്റാനുള്ള കയറ്റം അത്ര കഠിനമായിത്തോന്നിയില്ല. ജനക്കൂട്ടത്തിനിടയിലൂടെ വളരെപ്പതുക്കെ നിര്‍ത്തിനിര്‍ത്തിയുള്ള കയറ്റമായതുകൊണ്ട് അങ്ങനെ തോന്നിയതാകാനും സാദ്ധ്യതയുണ്ട്.


കയറ്റം ചെന്നവസാനിക്കുന്നത് ഗുഹയിലേക്ക കടക്കാനുള്ള ഇരുമ്പുഗേറ്റിന്റെ മുന്നിലാണ്. ഞങ്ങള്‍ മെല്ലെ അകത്തേക്ക് കടന്നു. കയറിച്ചെല്ലുന്നത് ഇടയ്ക്കല്‍ ഗുഹയുടെ താഴെത്തട്ടിലേക്കാണ്. ഈ ഭാഗം പൂര്‍ണ്ണമായും ഒരു ഗുഹയെന്ന രീതിയില്‍ തോന്നുമെങ്കിലും അവിടന്ന് അകത്തേക്കുള്ള ഭാഗത്തിന്, അല്ലെങ്കില്‍ ഗുഹയുടെ ഉയരം കൂടുതലുള്ള മുകള്‍ത്തട്ടിന് ഒരു ഗുഹയുടെ സ്വഭാവം കുറവാണ്. മുകളില്‍ നിന്ന് സൂര്യപ്രകാശം സുലഭമായി വീഴുന്നത് മേല്‍മൂടിയൊന്നും കാര്യമായിട്ടില്ല്ലാത്തതുകൊണ്ടാണ്.

1894 ല്‍ അന്നത്തെ മലബാര്‍ ജില്ലാ പൊലീ‍സ് സൂപ്രണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റാണ് (Fred Fawcett) യാദൃശ്ചികമായി ഇടയ്ക്കല്‍ ഗുഹ കണ്ടുപിടിച്ചതും, അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കി ലോകശ്രദ്ധയില്‍പ്പെടുത്തിയതും. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ ഇടയ്ക്കല്‍ ഗുഹ സംരക്ഷിച്ചുപോരുന്നത്.


ഗുഹയുടെ അകത്തും ജനത്തിരക്ക് തന്നെ. ഇടയ്ക്കല്‍ ഗുഹയില്‍ ഇപ്പോള്‍ ശനി, ഞായര്‍, അവധി ദിവസങ്ങള്‍ എന്ന ഭേദമൊന്നുമില്ലാതെ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇത്തരത്തില്‍ ജനത്തിരക്കുണ്ടാകുമത്രേ ! അവധി ദിവസങ്ങളില്‍ തിരക്ക് കൂടുതലായിരിക്കുമെന്ന് മാത്രം.


ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെ മുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന് കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ‘ഇടയ്ക്കല്‍‘ ഗുഹ എന്ന പേര് വീണത്.


ഗുഹയുടെ മുകളില്‍ ഇപ്പോഴും ആ ഇടയ്ക്കല്‍ അതുപോലെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഭൂചലനത്തിന്റെ ഭാഗമായി ഗുഹയുടെ ഒരു വശത്തുള്ള പാറ നെടുകെ പിളര്‍ന്നുണ്ടായ വിടവിലൂടെ നോക്കിയാല്‍ ആയിരം മീറ്ററിലധികം താഴെയായി ആയിരംകൊല്ലി, കുപ്പക്കൊല്ലി ഗ്രാമങ്ങളുടെ വിദൂരദൃശ്യം കാണാം. ആ വിടവിലൂടെ സന്ദര്‍ശകള്‍ താഴേക്ക് വീണ് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ ചെയ്തിട്ടുണ്ട്.


മുന്‍പ് സൂചിപ്പിച്ചതുപോലെ സഞ്ചാരികളുടെ തിരക്ക് കൂടുതല്‍ കാഴ്ച്ചകള്‍ക്ക് വിലങ്ങുതടിയായി. കുറച്ചധികം നേരം കാത്തുനിന്നിട്ടാണെങ്കിലും തിരക്കുകുറഞ്ഞപ്പോള്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരുമായി നേരിട്ട് സംസാരിച്ച് നേരത്തേ മനസ്സിലാക്കിയിരുന്ന ചില ചരിത്രങ്ങളൊക്കെ ഗുഹയിലെ ആലേഖനങ്ങളുമായി ഒത്തുനോക്കി മനസ്സിലാക്കാന്‍ സാധിച്ചു.


ഇടയ്ക്കലിന്റെ ചരിത്രമൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒരിടത്തുമെത്തില്ല. കാലാകാലങ്ങളിലായി ചരിത്രാന്വേഷികളും, ഗവേഷകന്മാരും നടത്തിക്കൊണ്ടുപോരുന്ന പഠനങ്ങളില്‍ പലതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്രീ.ഓ.കെ.ജോണിയെപ്പോലുള്ള ചരിത്രകാരന്മാരുടെ പുസ്തകങ്ങള്‍ ചിലതിലൂടെ അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നുള്ളത് ഈ യാത്രയില്‍ മുതല്‍ക്കൂട്ടായി.


ഗുഹയുടെ ഇടതുവശത്തെ ചുമരിലാണ് ശിലാലിഖിതങ്ങളില്‍ അധികവും. മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും, മണ്‍പാത്രങ്ങള്‍, ലോഹങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കൃഷി ചെയ്യാനുമൊക്കെ ആരംഭിച്ച ചെറുശിലാസംസ്ക്കാരകാലത്താണ് ഈ കൊത്തുചിത്രങ്ങളില്‍ അധികവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു.


മനുഷ്യരുടേയ്യും, മൃഗങ്ങളുടേയും, പണിയായുധങ്ങളുടേയും, പൂക്കളുടേയുമൊക്കെ ആലേഖനങ്ങളാണ് അധികവും. ചില വരകള്‍ക്ക് മുകളിലൂടെ പിന്‍‌ക്കാലത്ത് മറ്റ് ചില വരകള്‍ കയറിവന്നതുകൊണ്ട്, വരകളെല്ലാം വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ ആയിത്തീര്‍ന്നിട്ടുമുണ്ട്.


1890 – 1901 കാലങ്ങളില്‍ സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കുപ്പമുടി എസ്റ്റേറ്റില്‍ നിന്ന് കണ്ടെടുക്കപ്പെട്ട നവീനശിലായുഗത്തിലെ ചില ശിലായുധങ്ങളും, ഇടയ്ക്കല്‍ ഗുഹയില്‍ നിന്ന്‍ കണ്ടെടുത്ത മിനുസപ്പെടുത്തിയ കല്ലുളിയും, കന്മഴുവുമൊക്കെ ഈ ഗുഹാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതാകാമെന്ന നിഗമനത്തിലേക്കാണെത്തി നില്‍ക്കുന്നത്. എന്തൊക്കെയായാലും ഒന്നിലധികം സംസ്ക്കാരങ്ങള്‍ പലപ്പോഴായി ഈ ഗുഹയ്ക്കുള്ളില്‍ അധിവസിച്ചിട്ടുണ്ടെന്നുള്ളത് തര്‍ക്കമില്ല്ലാത്ത വസ്തുതയാണ്.

ഗുഹയിലെ ഏറ്റവും പഴയ ശിലാലിഖിതങ്ങള്‍ക്ക് 8000 വര്‍ഷത്തിലധികം പഴക്കമുള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച്, അതിലെ ചില ചിത്രങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തിയശേഷം ആര്‍ക്കിയോളജി ജീവനക്കാരുമായി നടത്തിയ നര്‍മ്മസംഭാഷണം ഇടയ്ക്കൽ ഗുഹയ്ക്ക് വെളിയിലുള്ള വിഷയങ്ങളിലേക്കും നീണ്ടുപോയി.

ശാസ്ത്രീയമായി പഠനം നടത്തി തെളിഞ്ഞതും, തുടര്‍പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ ഗുഹയെപ്പറ്റി ഐതിഹ്യങ്ങള്‍ക്കും, നാട്ടുകഥകള്‍ക്കും കുറവൊന്നുമില്ല.

ലവകുശന്മാര്‍ എയ്‌ത അമ്പുകുത്തിയുണ്ടായ ഗുഹയാണിതെന്നും, രാമന്‍ ശൂര്‍പ്പണഖയെ ‘മുറിച്ച് ‘ പരുക്കേല്‍പ്പിച്ചത് ഈ ഗുഹയുടെ തെക്കുഭാഗത്തുള്ള ഇടുക്കില്‍ വെച്ചാണെന്നും, ശ്രീകൃഷ്ണന്‍ അയച്ച ഒരു അമ്പേറ്റാണ് മല പിളര്‍ന്നതെന്നുമൊക്കെ ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യങ്ങള്‍ക്ക് പുറമേ, ഇടയ്ക്കല്‍ ഭഗവതി ഒരു സര്‍പ്പത്തിന്റെ സഹായത്തോടെ പരിസരവാസികളെ ഉപദ്രവിച്ചിരുന്നെന്നും നെല്ലാക്കോട്ട ഭഗവതി കുട്ടിച്ചാത്തനെ അയച്ച് സര്‍പ്പത്തെ കൊന്ന് ജനങ്ങളെ രക്ഷിച്ചുവെന്നുമൊക്കെയുള്ള നാട്ടുകഥകളും അമ്പുകുത്തിമലയെപ്പറ്റിയും, ഇടയ്ക്കല്‍ ഗുഹയെപ്പറ്റിയും നിലവിലുണ്ട്.

സര്‍പ്പനിഗ്രഹം നടത്തിയ കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്താനായി ചെട്ടിമാര്‍ ഈയടുത്തകാലത്ത് വരെ മലമുകളിലെ ഭഗവതി ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിരുന്നത്രേ!(പുരാതനമായൊരു ജൈനക്ഷേത്രമാണ് ഈ ഭഗവതിക്ഷേത്രമെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.)


ഒന്നൊന്നര മണിക്കൂറിനകം ഗുഹയിലേക്കുള്ള പ്രവേശനം അവസാനിക്കുമെങ്കിലും കാഴ്ച്ചക്കാര്‍ അപ്പോഴും കുറേശ്ശെയായി കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഗുഹയില്‍ നിന്ന് പുറത്തേക്ക് കടന്ന് അവിടന്ന് 500 മീറ്ററുകൂടെ ഉയരമുള്ള അമ്പുകുത്തിമലയുടെ ഉച്ചിയിലേക്ക് കയറണമെങ്കില്‍ വീണ്ടുമൊരു പാറയിടുക്കിലൂടെ നുഴഞ്ഞ് കടന്ന് മുന്നേറണം.

ഒരാള്‍ക്ക് കടന്നുപോകാന്‍ മാത്രം കഴിയുന്ന ആ വിടവിലൂടെ എന്നേക്കാള്‍ സാമാന്യം നല്ല ശരീരപ്രകൃതിയുള്ള തന്‍സീര്‍, പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബാഗുമായി സ്വയം കുത്തിത്തിരുകുന്നതുകണ്ടപ്പോള്‍ എന്നെന്നേയ്ക്കുമായി ആ പാറയുടെ വിടവ് അടഞ്ഞുപോകുമോ എന്ന ഒരു കുസൃതിച്ചിന്തയാണെനിക്കുണ്ടായത്.


നൂഴഞ്ഞുകയറി പാറയ്ക്ക് അപ്പുറമെത്തിയ പത്തിരുപതോളം വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്ത് അവിടെ വിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവിടന്നങ്ങോട്ടുള്ള കയറ്റം അല്‍പ്പം സാഹസികമായതുകൊണ്ടുതന്നെയാണ്.


ഉരുണ്ടിരിക്കുന്ന അടുത്ത വലിയ പാറയുടെ മുകളിലേക്ക് കടക്കാന്‍ ഇരുമ്പിന്റെ ഏണിയും, പാറപ്പുറത്തെ കുറ്റിയില്‍ കെട്ടി ഉറപ്പിച്ചിരിക്കുന്ന കയറുമൊക്കെ സഹായിക്കുമെങ്കിലും ക്യാമറയും, ട്രൈപ്പോഡുമൊക്കെയായുള്ള കയറ്റം അത്ര എളുപ്പമൊന്നുമായിരുന്നില്ല.


മുകളിലേക്ക് കയറുന്തോറും വയനാടിന്റെ ആകാശക്കാഴ്ച്ചകള്‍ കൂടുതല്‍ വിസ്തൃതമായിക്കൊണ്ടിരുന്നു.ദൂരെയായി ഫാന്റം റോക്കും അതിനടുത്ത് നികന്നുകൊണ്ടിരിക്കുന്ന മലയും ഞങ്ങള്‍ തിരിച്ചറിഞ്ഞു.

പാറകളില്‍ പലയിടത്തും തരിമണല്‍ കിടക്കുന്നതുകൊണ്ട് ഷൂ നന്നാ‍യിട്ട് തെന്നുന്നുണ്ട്. പാദരക്ഷയിട്ട് കയറുന്നത് അപകടമാണെന്ന് മുകളില്‍ നിന്ന് ഇറങ്ങിവന്നുകൊണ്ടിരുന്ന സാഹസികരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.


തലേന്ന് ചെമ്പ്ര പീക്കില്‍ ഇതിലും ഉയരത്തില്‍ ഞങ്ങള്‍ കയറിയതാണ്. ഇവിടിപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി അപകടം വിളിച്ചുവരുത്തുന്ന ഒരു കയറ്റം ഒഴിവാക്കുന്നതുതന്നെയാണ് ബുദ്ധിയെന്ന് തോന്നി. ക്യാമറ, സ്വന്തം ജീവന്‍, ഇപ്പോഴത്തെ പ്രായം, ഇതൊക്കെ പരിഗണിച്ച് പിന്നീടുള്ള കയറ്റം ഞങ്ങളവിടെ ഉപേക്ഷിച്ചു.


മലയിറങ്ങി താഴേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ വഴിയരുകിലെ പെട്ടിക്കടയിലെ ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, സര്‍ബത്തും സഹായിച്ചു. രാത്രിഭക്ഷണത്തിന് ഇനിയും ഒരുപാട് സമയമുണ്ട്. അതിനിടയില്‍ അമ്പലവയലിലുള്ള ഹെറിറ്റേജ് മ്യൂസിയത്തില്‍ പോയി വരാന്‍ സമയമുണ്ടായിരുന്നു.


ഇരുട്ട് വീഴുന്നതിനുമുന്‍പേ മ്യൂസിയത്തിലെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കാണ് അവിടേയും. വയനാട്ടിലെ കാഴ്ച്ചകള്‍ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്നുള്ളത് ഒരു നല്ല കാര്യം തന്നെ.


മാടമ്പിവിളക്ക്, വീരക്കല്ല്ലുകള്‍, കല്ലില്‍ കൊത്തിയെടുത്ത ഭാഗികമായി നശിപ്പിക്കപ്പെട്ടുപോയതും അല്ലാതെയുമായുള്ള വിഗ്രഹങ്ങള്‍, എന്നിങ്ങനെ പുരാതനമായ സംസ്ക്കാരത്തിന്റെ ബാക്കിപത്രങ്ങള്‍ക്കൊപ്പം, ആദിവാസികള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ പണിയായുധങ്ങള്‍, ആഭരങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു മ്യൂസിയത്തിലെ കാഴ്ച്ചകള്‍.


മ്യൂസിയത്തില്‍ നിന്നിറങ്ങിയപ്പോഴേക്കും ഇരുട്ടിക്കഴിഞ്ഞിരുന്നു. വീണ്ടും ഇടയ്ക്കലിലേക്ക് വണ്ടിതിരിച്ചു. ജീപ്പ് മാത്രം പോകുന്ന വഴിയിലൂടെ വാഹനം മുന്നോട്ടെടുത്തപ്പോള്‍ ചില പുരികങ്ങളൊക്കെ ചുളിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഹെര്‍മിറ്റേജ് റിസോര്‍ട്ടിലേക്കാണോ എന്നാരോ ചോദിക്കുകയും ചെയ്തു. ‘അതെ‘ എന്ന് മറുപടി കൊടുത്ത് കയറ്റത്തിലൂടെ വാഹനം മുകളിലേക്കെടുത്തു.

പലതരത്തിലുള്ള കോട്ടേജുകളും, ഒന്നിലധികം റസ്റ്റോറന്റുകളും ട്രീ ഹൌസുകളും മുതല്‍, ഓപ്പണ്‍ എയര്‍ തീയറ്ററും, പിഴിച്ചില്‍, ഉഴിച്ചില്‍ എന്നിങ്ങനെയുള്ള ആയുര്‍വ്വേദ സൌകര്യങ്ങളുമെല്ലാം ഇടയ്ക്കല്‍ ഹെര്‍മിറ്റേജില്‍ ലഭ്യമാണ്.


ഹെര്‍മിറ്റേജ് മാനേജര്‍ ശ്രീ. രഘു കോട്ടേജുകളൊക്കെ കൊണ്ടുപോയി കാണിച്ചുതന്നു.നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒളിച്ചോടി വന്ന്, താഴ്വരയിലേക്ക് നോക്കി നില്‍ക്കുന്ന ട്രീ ഹൌസിനകത്ത് ഒന്നോ രണ്ടോ ദിവസം ഒരിക്കല്‍‍ താമസിക്കണമെന്ന് മനസ്സില്‍ കുറിച്ചിട്ടുകൊണ്ട് ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റിലേക്ക് നീങ്ങി.


ഇടയ്ക്കല്‍ യാത്രയുടെ ഒരു ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവമായിരുന്നു ആ രാത്രിയിലെ ഡിന്നര്‍. പ്രകൃതിദത്തമായ‍ ഗുഹ ഒരെണ്ണം റിസോര്‍ട്ടിന് സ്വന്തമായിട്ടുണ്ട്. ഈ ഗുഹാ റസ്റ്റോറന്റിന്റെ മുകള്‍ഭാഗം വലിയൊരു പാറയാണ്.വശങ്ങളിലുള്ള കൊച്ചുപാറകളിലും മണ്ണിലുമൊക്കെയായി ഈ ‘മേല്‍ക്കൂരപ്പാറ‘ ഉറച്ചുനില്‍ക്കുന്നു.അകത്തേക്ക് കയറാനും ഇറങ്ങാനുമായി ഒരു ചെറിയ ഗുഹാദ്വാരം മാത്രം. മൂന്നോ നാലോ മേശകള്‍ ഇടാനുള്ള സ്ഥലം അകത്തുണ്ടെങ്കിലും ഒരേ സമയം ഒന്നിലധികം ടേബിളില്‍ ഭക്ഷണം വിളംബാറില്ലത്രേ !!

എല്ലാത്തരത്തിലും ഒരു ഗുഹാഭക്ഷണത്തിന്റെ അനുഭൂതി ഉളവാക്കാന്‍ വേണ്ടി, ഭക്ഷണമെല്ലാം വിളംബി വെച്ചിട്ട് ജീവനക്കാരെല്ലാവരും പുറത്തു കടന്നു.


അന്‍പതിലധികം മെഴുകുതിരികളുടെ വെളിച്ചത്തില്‍ ‍, പരിപൂര്‍ണ്ണ നിശബ്ദതയില്‍ ‍, ആ ഗുഹയില്‍ ഒരു മണിക്കൂറില്‍ത്താഴെ സമയം തന്‍സീറും, ഞാനും മാത്രം. ജീവിതത്തിലിതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ ഒരു ഡിന്നര്‍ രംഗമായിരുന്നത്.

ലോകത്തെവിടെയെങ്കിലും ഇതുപോലെ ഒരു ‘കേവ് ഡിന്നര്‍‘ സംവിധാനം ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ നമ്മുടെ കൊച്ചുകേരളത്തിൽ ഇത്തരം ഒരുപാട് സ്ഥലങ്ങളും മനോഹരദൃശ്യങ്ങളും ചരിത്രമുറങ്ങുന്ന ഗുഹകളും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെയുണ്ട്. നമ്മളതൊന്നും കാണുന്നില്ലെന്ന് മാത്രം. അഥവാ കണ്ടാലും കാണാത്ത മട്ടിൽ നടന്നകലുന്നു.

Comments

comments

63 thoughts on “ ഗുഹയില്‍ ഒരു ഡിന്നര്‍

  1. നിരക്ഷരാ.. ശരിക്കും രസം തന്നെ.. ഗുഹാ ഡിന്നര്‍ നന്നായി ആസ്വദിച്ചു. ഫോട്ടോയും നന്ന്.

  2. ദൈവമേ!!

    ഇതൊക്കെ പരിചയപ്പെടുത്തിതന്നതിന് എത്രമാത്രം നന്ദിയുണ്ടെന്നറിയുവോ?
    നമ്മുടെ കൊച്ചുകേരളത്തിലാണിത് എന്നറിയുമ്പോള്‍ അല്‍ഭുതം തോന്നുന്നു. ശിലാലിഖിതങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ ഇപ്പോഴും പഴമയുടെ തനിമ നിലനിര്‍ത്തുന്നു എന്നത് വിസ്മയകരമാണ്.
    എന്നെങ്കിലും ഭാഗ്യമുണ്ടെങ്കില്‍ അവിടെ പോകണം…

  3. നമ്മള്‍ കാണാതെ പോകുന്ന, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരം ഒരുപാട് സ്ഥലങ്ങളും, മനോഹരദൃശ്യങ്ങളും, ചരിത്രമുറങ്ങുന്ന ഗുഹകളും, മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെ…..
    ഒത്തിരി ഇഷ്ടമായി നിരൂ ഈ യാത്ര,,, നന്ദി ഈ കൂട്ടികൊണ്ട് പോകലിന്…

  4. സത്യത്തില്‍ ഇതെല്ലാം കേരളത്തില്‍ ഉണ്ട് എന്നറിഞ്ഞിട്ടും കണ്ടിട്ടും വിശ്വാസമാവണില്ല. ഇതൊക്കെ ഇനി എന്നാണാവോ എനിക്ക് കാണാന്‍ പറ്റുക.

  5. പതിവുപോലെ വളരെ നല്ല വിവരണം.ആ ഗുഹാ – ഹോട്ടല്‍ വളരെ നല്ല ഒരു ആകര്‍ഷണം ആണല്ലോ. പിന്നെ പുള്ളിപ്പുലി പറഞ്ഞത് തന്നെ കാര്യം.. ഇതൊന്നും നാട്ടില്‍ ഉള്ളത് അവിടെ ഉള്ള ആള്‍ക്കാര്‍ക്ക് പോലും അറിയുന്നുണ്ടാവില്ല.വീണ്ടും കൂടുതല്‍ യാത്രകള്‍ നടത്താന്‍ അനുഗ്രഹമുണ്ടാകട്ടെ…

  6. eppozhatheyum pole nannayittundu.

    Its nice to hear that people are interesrted about cave dinner
    it was wonderful experiance.

    Niraksharannu ashamsakal

  7. മാഷെ വീണ്ടും കലക്കി നന്ദി
    മറ്റൊരു ചോദ്യം ബൂലോക തറവാട് എന്നൊരു കൂട്ട് ബ്ലോഗ് ഉണ്ടായിരന്നതിന്റെ ഐഡി ഒന്ന് സംഘടിപ്പിക്കാന് മാര്ഗ്ഗം വല്ലതുമുണ്ടൊ

  8. ഹോ…ഒറ്റയടിയ്ക്ക് ഇടയ്ക്കൽ ഗുഹയിൽ പോയി അമ്പുകുത്തി മല വഴി തിരിച്ചിറങ്ങിയ പോലെയുണ്ട്..കൊതിപ്പിച്ചു കളഞ്ഞു..!

    പിന്നെ, ഡിന്നർ,ആ മനോഹരമായ ഡിന്നർ ചെയ്യുമ്പോൾ തൻസീറിനു പകരം മറ്റാരെങ്കിലും ആയിരുന്നു കൂടെയെങ്കിൽ എന്നു തോന്നിയിരുന്നുവോ?

    വിവരണം നന്നായി എന്നത് പറയേണ്ടല്ലോ..

    ഒരേ ഒരു സംശയം..ആദ്യ ശിലാ ലിഖിതങ്ങൾക്ക് 8000 വർഷം പഴക്കം എന്ന് എഴുതിക്കണ്ടു.അപ്പോൾ പുരാതനശിലായുഗത്തിന്റെ കാലപ്പഴക്കം അത്രേയുള്ളോ?

    നമ്മൾ ഒരുമിച്ച് എന്നാണു ഒരു യാത്ര പോവുക?

  9. നീരൂ നീ മുന്‍‌ജന്മത്തില്‍ ഒരു ദേശാടനക്കിളി ആയിരുന്നിരിക്കണം. ഗുഹാ ഡിന്നറും ചെങ്കുത്തായ പാറയില്‍ പല്ലിയെപ്പോലെ അള്ളിപ്പിടിച്ച് കാണുന്നവരെ തലകറക്കുന്ന കയറാനും നീരു മുന്‍‌ജന്മ സുകൃതം ചെയ്തവന്‍.

    ഇനിയുമിനിയും ഭൂമിയുടെ നെറുകയിലും ആഴപ്പരപ്പിന്‍ താഴ്ചയിലും നീരു എത്തുമാറാകട്ടെ, വിശേഷങ്ങള്‍ നമ്മോട് പങ്കുവെക്കുമാറാകട്ടെ എന്നാശംസിക്കുന്നു.

  10. ഹരീഷ് തൊടുപുഴ – തേങ്ങയ്ക്ക് നന്ദി :)

    R R – റിസോര്‍ട്ടില്‍ താമസിക്കാന്‍ സാമാന്യം നല്ല ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ ക്രൌഡ് എന്ന അവസ്ഥ ഇല്ല. ഒരുവിധം നല്ലരീതിയില്‍ നടന്നുപോകുന്ന റിസോര്‍ട്ടാണ് അത്. ബുക്ക് ചെയ്യാതെ താമസസൌ‍കര്യം കിട്ടുമെന്ന് തോന്നുന്നില്ല.
    —————————-
    http://www.edakkal.com/html/contact.htm
    ഇതാണവരുടെ വൈബ് സൈറ്റ്.
    —————————-
    Address for Communication

    Edakkal Hermitage
    Wayanad
    Kerala 673592
    India

    Te.
    Mobile: 91 98470 01491, 91 94472 62570
    Office: 91 4936 221860 & 91 4936 260123.
    Camp: 91 4936 261178

    Email : info@edakkal.com
    ——————————-

    ചാണക്യന്‍ – നന്ദി :)

    അപ്പു – ഫോട്ടോ നന്നായെന്ന് അപ്പു പറഞ്ഞാല്‍ അതില്‍പ്പരം വേറൊരു സന്തോഷമുണ്ടോ :)

    ഹരീഷ് തൊടുപുഴ – ഇടയ്ക്കല്‍ ഗുഹ ആരും കേള്‍ക്കാത്തതും പോകാത്തതുമായ സ്ഥലമൊന്നുമല്ല, വളരെ പ്രശസ്തമായതാണ്.ബ്ലോഗില്‍ത്തന്നെ കൊച്ചുത്രേസ്യ അടക്കം പലരും അതിനെപ്പറ്റി എഴുതിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഞാനിതിന് ഒരു ഡിന്നറിന്റെ പരിവേഷം കൊടുത്ത് അല്‍പ്പം വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മാത്രം.

    പകല്‍ക്കിനാവന്‍ – നന്ദി :)

    ഞാനും എന്റെ ലോകവും – നന്ദി :)

    radhakrishnan – നന്ദി :)

    പുള്ളിപ്പുലി – അടുത്തപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ത്തന്നെ കാണാന്‍ ശ്രമിക്ക് മാഷേ. നന്ദി :)

    വീ‍.കെ. – നന്ദി :)

    നീലാംബരി – നന്ദി :)

    moolann – കമന്റിന് നന്ദി മാഷേ :)

    ശ്രീ – നന്ദി :)

    കാദംബരി – നന്ദി :)

    പാമരന്‍ – പാമ്മ്വേ …:) നന്ദി :)

    Thansh – ഈ യാത്രയില്‍ എന്റെ കൂടെ വന്ന് യാത്ര ധന്യമാക്കിയ സഹയാത്രികാ‍ തന്‍സീറേ …നന്ദി :)

    ഹു – നന്ദി മാഷേ :) ഇത് ചൈനീസ് പേരാണോ ??

    കുഞ്ഞിപ്പെണ്ണ് – നന്ദി :) ബൂലോകതറവാടിനെപ്പറ്റി അന്വേഷിച്ച് ചില മെയിലുകള്‍ അയച്ചിട്ടുണ്ട്. കിട്ടിയാല്‍ ഉടനെ അറിയിക്കാം.

    സുനില്‍ കൃഷ്ണന്‍ – ഡിന്നറിനെപ്പറ്റിയുള്ള ചോദ്യം മര്‍മ്മത്ത് തന്നെയാണ് കൊണ്ടിരിക്കുന്നത് :)പൊണ്ടാട്ടി ഇത് വായിക്കുന്ന അന്ന് അവര്‍ക്കും പോകണമെന്ന് പറയും ഗുഹാ ഡിന്നര്‍ അടിക്കാന്‍. ഞാന്‍ കുഴഞ്ഞ് പോകും :)

    പിന്നെ വര്‍ഷങ്ങളെപ്പറ്റിയുള്ള സംശയം.
    ശ്രീ. ഓ.കെ.ജോണിയുടെ ‘എടയ്ക്കല്‍ ഗുഹാചിത്രങ്ങളില്‍‘ അതിനെപ്പറ്റിയൊക്കെ വിശദമായി പറയുന്നുണ്ട്. നെറ്റില്‍ പല സ്ഥലങ്ങളിലും ഞാന്‍ നോക്കുകയുണ്ടായി.

    അതുപ്രകാരം…..

    ദക്ഷിണേന്ത്യയിലെ നവീനശിലായുഗം
    B.C.10000 മുതല്‍ B.C.4000 വരെയാണ്. ഇടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ പ്രാചീനശിലായുഗത്തിന്റെ (Palaeolithic Age)അന്ത്യമായ ചെറുശിലായുഗത്തിലാണ്(Mesolithic Age) ഉണ്ടായത്.അപ്പോള്‍ 8000 വര്‍ഷമേ പുരാതന ശിലായുഗത്തിന് ഉള്ളൂ എന്നുവേണം മനസ്സിലാക്കാന്‍. എന്റെ മിതമായ അറിവുകളാണിതൊക്കെ. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ വിവരമുള്ളവര്‍ തിരുത്തിത്തരണം എന്നപേക്ഷിക്കുന്നു.

    നമുക്ക് ഒരുമിച്ച് ഒരു യാത്ര പോകണം മാഷേ. ജൂ‍ലായ് കഴിഞ്ഞ് സുനില്‍ നാട്ടില്‍ വരുന്ന സമയം എപ്പോളാണെന്ന് പറയൂ. നമുക്ക് പ്ലാന്‍ ചെയ്യാം.

    ഏറനാടന്‍ – ഏറൂ. അത് ഒന്നൊന്നര ഒന്നേമുക്കാല്‍ കമന്റ് തന്നെയാണ് കേട്ടോ ? നന്ദി :) കോളെജില്‍ പഠിക്കുമ്പോള്‍ കമന്റടി വീരനായിരുന്നോ ?:)

    ഗുഹയിലെ ഡിന്നര്‍ കഴിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി. ഈ വെര്‍‌ച്ച്വല്‍ ഡിന്നര്‍ കഴിച്ചതിന് പുറമേ നേരിട്ട് പോയി ആ ഡിന്നറൊന്ന് കഴിക്കാനും എല്ലാവരും ശ്രമിക്കണം.

  11. എനിക്കൊന്നും എഴുതാന്‍ കഴിയുന്നില്ല മനോജ്….എന്‍റെ നാടിനെക്കുറിച്ചറിയാന്‍ ഈ ബ്ളൊഗ് വായിക്കേണ്ടി വന്നു………
    അല്പം അസൂയ തോന്നുന്നു……..

  12. നല്ല വിവരണം..

    ഇടക്കല്‍ ഗുഹ കാണാന്‍ ഞാനും പോയതാ, പക്ഷെ മല കയറി കയറി മുക്കാല്‍ ആയപ്പൊ ചുമ്മാ ഒന്നു താഴോട്ടു നോക്കിപോയി.. എന്റമ്മൊ, പിന്നെ കയറിയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചിറങ്ങി… അന്നുണ്ടായ നഷ്ടം ഞാന്‍ അടുത്തു തന്നെ നികത്തും…

  13. നിരക്ഷരാ..

    ഒറ്റയടിക്കിരുന്ന് മുഴുവന്‍ വായിച്ചു!! വായിച്ചു കഴിഞ്ഞപ്പോല്‍ തോന്നിയത് , ഈ പോസ്റ്റിന്റെ അവസാനം നിരക്ഷരന്‍ തന്നെ എഴുതിയിട്ടുണ്ട്..

    “നമ്മള്‍ കാണാതെ പോകുന്ന, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരം ഒരുപാട് സ്ഥലങ്ങളും, മനോഹരദൃശ്യങ്ങളും, ചരിത്രമുറങ്ങുന്ന ഗുഹകളും, മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെ…..

    എന്റെ കേരളം എത്ര സുന്ദരം.“

    - ആശംസകളോടേ, സന്ധ്യ !

  14. വായിച്ചപ്പോള്‍
    ഏറ്റവും വേദന തോന്നിയ വാചകം
    “ഫാന്റം റോക്കിന്റെ അടുത്തുള്ള ഒരു മല
    ടിപ്പര്‍ ലോറിയിലാക്കി നാടു കടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
    നാളെ ചിലപ്പോള്‍ ഫാന്റം റോക്കിന്റേയും ഗതി അതുതന്നെയായിരിക്കും..”
    നമ്മുടെ നാടിന്റെ മഹത്വം അതിന്റെ സൌന്ദര്യം നന്മ എന്ന് ആളുകള്‍ അറിയും..എന്തും ഇല്ലായ്മ ചെയ്യാന്‍ എളുപ്പമാണ് പക്ഷേ നശിപ്പിച്ചാല്‍ ഇനി ഒരിക്കലും ചേര്‍ത്ത് വയ്ക്കാനാവില്ലന്ന തിരിച്ചറിവ് അതുണ്ടായിരുന്നെങ്കില്‍
    എന്നെങ്കിലും ഇതു വഴി നേരില്‍ കാണാനോ കയറാനോ ആവുമോ എന്നറിയില്ല.കണ്മുന്നില്‍ കണ്ടതു പോലെ വിവരിച്ചതിന് നന്ദി നിരക്ഷരന്‍.

    സുരക്ഷിതമായി എന്നും ഈ യാത്രകള്‍ തുടരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ

    സസ്നേഹം മാണിക്യം

  15. :) I have visited this place, but was not knowing about the Cave dinner.

    ot:
    Hope u have noticed the Kolagapara too on the way. if u have some pic, pls post. i am sure it would be a different pic for most of the readers.

  16. അജിത്ത് നായര്‍ – മാ‍ഷേ അതിനിത്ര അസൂയപ്പെടാനെന്തിരിക്കുന്നു ? അടുത്തപ്രാവശ്യം ലീവിന് വരുമ്പോള്‍ പരിഹരിക്കാവുന്ന പ്രശ്നമല്ലേയുള്ളൂ :)

    അനൂപ് കോതനെല്ലൂര്‍ – നന്ദി അനൂപേ. ലീവിലല്ലേ ഇപ്പോള്‍ ? എവിടൊക്കെ കറങ്ങി ?

    കാന്താരിക്കുട്ടീ – എന്നാലും നേരിട്ട് ഒരിക്കലെങ്കിലും പോകണം കേട്ടോ ?

    പാവപ്പെട്ടവന്‍ – ഈ വരവിനും, ഇനി വരാമെന്ന് പറഞ്ഞതിനും എല്ലാം നന്ദി :)

    യാരിദ് – പെരുത്ത് നന്ദി :)

    അല്‍‌ഫോണ്‍സക്കുട്ടി – ഈ ഭാഗ്യമൊക്കെ നമ്മള്‍ വേണമെന്ന് വിചാരിച്ചാല്‍ കൈവരിക്കാവുന്നതേയുള്ളൂ. ഒരു കൈ നോക്കുന്നോ ? :)

    ഞാനും എന്റെ ലോകവും – സ്പെയിനിലെ കാഴ്ച്ചകള്‍ക്ക് നന്ദി. സജിയുടെ ബ്ലോഗിന്റെ ലിങ്ക് ഞാനീ ബ്ലോഗില്‍ ആഡ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ സ്പെയിനിലും പോയിവരട്ടെ ചിലവൊന്നുമില്ല്ലാതെ. നന്ദി സജീ.

    കൊഞ്ചല്‍‌‌സ് – പോയിട്ട് തിരിച്ചിറങ്ങിയെന്നോ ? ഹേയ് അത്രയ്ക്കൊന്നും പ്രശ്നമില്ലല്ലോ മാഷേ ? എന്തായാലും ഇനീം പോകണം കേട്ടോ ?

    സന്ധ്യാ – പെരുത്ത് നന്ദിയുണ്ട് ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും :)

    റാഷിദ് – വളരെ നന്ദി മാഷേ :)

    മാണിക്യേച്ചീ – വളരെ നന്ദി ഈ കമന്റിനും പ്രാര്‍ത്ഥനയ്ക്കും :)

    ആഷ്‌ലി എ.കെ – കൊളകപ്പാറ എന്ന് കേട്ടിട്ടുണ്ട്. പോ‍യ വഴിയില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അത് സാരമില്ല, അടുത്ത വയനാട് യാത്രയില്‍ ഞാന്‍ തപ്പിപ്പിടിച്ച് പോയി പടമെടുത്ത് വരാം. പോരേ ? നന്ദി :)

    ഗുഹയിലെ ഡിന്നര്‍ ആസ്വദിക്കാ‍നെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി രേഖപ്പെടുത്തുന്നു. കഴിച്ച് കഴിഞ്ഞവര്‍ കൌണ്ടറില്‍ ബില്ല് അടയ്ക്കുന്നതിന് പുറമേ നല്ല ടിപ്പും കൊടുത്തിട്ട് പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു:)

  17. ഇതു വായിച്ചപ്പോള്‍; മലയാളിയായിട്ടു ഇതു വരെ വയനാട് ശരികു കാണാത്തതിനു ലജ്ജ തോന്നുന്നു…
    IT engineer-de deafault excuse ആയ “BUSY” എന്ന് പറഞ്ഞു സ്വയം സമാധാനിപ്പിക്കുന്നു …

  18. നിരക്ഷരാ.. (ഇത്ര രസത്തില്‍ എഴുതുന്ന നിങ്ങളെ നിരക്ഷരാ എന്ന് വിളിക്കേണ്ടി വന്നല്ലോ , ആരാണാവോ ബ്ലോഗില്‍ ആദ്യമായി ഇങ്ങനത്തെ പേരുകള്‍ ഇട്ട് തുടങ്ങിയത്..!!)

    എന്നത്തെയും പോലെ ഇതും കൊതിപ്പിക്കുന്നു.

    സ്വിറ്റ്സര്‍ലാന്‍ഡ് വായന വഴിക്കായിപ്പോയി..:(
    യുങ്ങ്‌ഫ്രോ മലയില്‍ നിന്നും നേരിട്ട് ഞാന്‍ അമ്പുകുത്തിമലയില്‍ വന്നിറങ്ങി.. ഗുഹയില്‍ കയറി ഡിന്നറും കഴിച്ചു. ഇനിയിപ്പോ എന്താ ചെയ്യാ ? തിരിച്ചുപോവാന്നു വച്ചാല്‍ ചിലവൊന്നും ഇല്ല. എന്നാലും അങ്ങെത്തണ്ടേ.. :) ലേറ്റ് ആക്കുന്നില്ല.

    കഴിഞ്ഞാഴ്ച ബാംഗ്ലൂരേക്ക് കാറോടിച്ചു വന്നപ്പോള്‍ രാവിലെ 6 മണി നേരത്ത് മാനന്തവാടി – ബത്തേരി റൂട്ടിലായിരുന്നു ഞങ്ങള്‍ . മഞ്ഞുവീഴുന്ന മുളങ്കാടുകളുടെ ഇടയിലൂടെ വയനാടിന്റെ പ്രകൃതിഭംഗികണ്ട് ആസ്വദിച്ച് വന്നുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നിരക്ഷരന്റെ യാത്രക്കുറിപ്പുകളെക്കുറിച്ചോര്‍ത്തു.

  19. ഹല്ലോ നിരക്ഷരന്‍ ജി
    നല്ല യാത്ര അല്ലെ
    ഡിന്നറും സൂപ്പര്‍ ….
    പിന്നെ ആ മല നശിപ്പിക്കുന്നത് തടയാന്‍ ആര്‍ക്കും പറ്റില്ലേ?
    പിന്നെ ആ നാട്ടു കഥകളില്‍ തെറ്റുണ്ടോ ?
    എന്‍റെ സംശയം ആണ് കേട്ടോ …
    ലവ-കുശന്മാര്‍ ഉണ്ടാക്കിയതാനെന്കില്‍
    രാമന്‍ എങ്ങിനെയാ ശൂര്‍പണഖയെ അവിടെ വെച്ച് കൊല്ലുന്നേ ?
    വനവാസ കാലത്ത് അല്ലെ ശൂര്‍പണഖ വധം ….
    അതിനു ശേഷമല്ലേ ലവ-കുശന്മാര്‍ ജനിച്ചത്‌ ???
    ചുമ്മാ സംശയം ആണ് കേട്ടോ
    പിന്നെ ഗുഹ – ഡിന്നറിനു സ്പെഷ്യല്‍ ചാര്‍ജ് ഉണ്ടോ ?
    പിന്നെ അടുത്ത പോസ്റ്റ് എവിടെ ?
    waiting

  20. വളരെ രസകരമായി തോന്നുന്നു ഈ ഗുഹകളെ പറ്റി വായിച്ചപ്പോള്‍.
    വയനാട്ടില്‍ ഇങ്ങിനെയുള്ള കാര്യങ്ങളെപറ്റി ഞാന്‍ അറിഞ്ഞിരുന്നില്ല.
    തീര്‍ച്ചയായും പോയി കാണണം.

  21. കലക്കൻ പോസ്റ്റ്! വളരെ നന്ദി.

    ങേ, ശൂർപ്പണഖയെ രാമൻ വധിച്ചെന്നോ? അങ്ങനെയൊരു കഥ കേട്ടിട്ടില്ലല്ലോ. മൂക്കോ മറ്റോ മുറിച്ചതല്ലേ ഉള്ളൂ?

  22. ഉമേഷ് ജീ – ഈ ബ്ലോഗ് ഇന്ന് ധന്യമായി.ഗുരുകുലത്തില്‍ നിന്ന് ഒരു അഭിപ്രായം കിട്ടുക എന്നുപറഞ്ഞാല്‍ അതൊരു ചിന്നക്കാര്യമാണോ ? വളരെ വളരെ നന്ദി.

    പിന്നെ ആ ശൂര്‍പ്പണഖാ വിഷയം. അറിഞ്ഞുകൊണ്ട് പറ്റിപ്പോയ തെറ്റാണ്. ശൂര്‍പ്പണഖയുടെ ‘പാര്‍ട്ട്സ് ‘മുറിച്ച് മാറ്റലേ രാമന്‍ ചെയ്തിട്ടുള്ളൂ എന്ന് അറിയാമായിരുന്നു. പക്ഷെ ഒരിടത്ത് ശൂര്‍പ്പണഖയെ രാമന്‍ കൊന്നു എന്ന് വായിച്ചുകണ്ടിരുന്നു. അവര്‍ക്ക് തെറ്റിയത് തന്നെയാണ്.പക്ഷെ അതെന്റെ മനസ്സിലും കടന്നുക്കൂടി, എഴുത്തിലും കേറിപ്പോയി. ഉമേഷ് ജി യെ അറിയിച്ചുകൊണ്ടുതന്നെ ഞാനത് തിരുത്തിക്കോട്ടേ. അല്ല്ലെങ്കില്‍പ്പിന്നെ ഉമേഷ് ജി യുടെ കമന്റിന് വിലയില്ലാതായിപ്പോകില്ലേ ?

  23. ഏതായാലും മുകളിൽ കയറാത്തത് മോശമായിപ്പോയി പറയുന്നത്ര അപകടവുമൊന്നുമില്ലെന്നെ ഈ യുള്ളവൻ ഒരിക്കൽ കയറിയതാ മൂ‍ന്നു സംസ്ഥാനങ്ങൾ ഒരുമിച്ചു കയറാം, രസകരം. ചെറിയ ഒരു പ്രഷർ വേരിയേഷൻ തോന്നി അല്ലതെ കുഴപ്പമുന്നുമില്ല

  24. മാഹിഷ്‌മതി – മുകളിലേക്ക് കയറുന്നതില്‍ അപകടമൊന്നും ഇല്ലെന്ന് അറിയാമാ‍യിരുന്നു. പക്ഷെ, സ്ക്കൂളില്‍ നിന്ന് വന്ന വികൃതിക്കുട്ടികള്‍ ആ വഴിയിലൂ‍ടെ അപകടകരമായ രീതിയില്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനിടയില്‍ക്കൂടെയുള്ള കയറ്റം അപകടമാണെന്ന് തോന്നി. പിന്നെ അവിടന്നുള്ള കാഴ്ച്ച. അത് തൊട്ട് മുന്‍‌പുള്ള ദിവസം ഞങ്ങള്‍ ചെമ്പ്ര പീക്കില്‍ നിന്ന് കണ്ടതാണ്.അതുകൊണ്ട് ഇത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി.

    ജെ.പി. – അങ്ങോട്ടൊക്കെ എപ്പോഴാ പോകുന്നത് ? പെട്ടെന്നായിക്കോട്ടേ, നന്ദി :)

    പിരിക്കുട്ടീ – പുരാണത്തിന്റെ കാര്യം. പുരാണങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും, നാട്ടുകഥകള്‍ക്കും എന്ത് ആധികാരികതയാണുള്ളത് ? അതുകൊണ്ട് അതൊന്നും അത്ര കാര്യമാക്കാന്‍ പറ്റില്ല. പിരിക്ക് പുരാണത്തിലുള്ള അറിവിന് നമോവാകം.

    പിന്നെ മലകള്‍ നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി. അത് വല്ലവന്റേയും സ്വകാര്യഭൂമിയിലുള്ളതായിരിക്കും. പണമുണ്ടാക്കാന്‍ അയാളത് വിറ്റാല്‍ ആര്‍ക്കെങ്കിലും വല്ലതും ചെയ്യാനാവുമോ ?

    പിന്നെ ഈ ഡിന്നര്‍…അത് ഇടയ്ക്കല്‍ ഗുഹയുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇടയ്ക്കല്‍ ഹെര്‍മിറ്റേജ് എന്ന ഒരു റിസോര്‍ട്ട് പോകുന്ന വഴിയില്‍ ഉണ്ട്. അവരുടെ സംവിധാനമാണ് ഈ കേവ് ഡിന്നര്‍. അതിന് ചാര്‍ജ്ജൊക്കെയുണ്ട്.

    പിരിക്കുട്ടി ചോദിച്ചതുകൊണ്ട് മാത്രം ഞാനൊരു രഹസ്യം പറയാം. എനിക്ക് ആ ചാര്‍ജ്ജ് കൊടുക്കേണ്ടി വന്നില്ല. ഞാനൊരു നിരക്ഷരന്‍ ആണെന്ന് മനസ്സിലാക്കിയ റിസോര്‍ട്ട് ഉടമ ആ ചാര്‍ജ്ജ് ഒഴിവാക്കിത്തന്നു:) അതിന് മിസ്റ്റര്‍ സൈലേഷിനും റിസോര്‍ട്ട് മാനേജ്‌മെന്റിനും വളരെ വളരെ നന്ദി.

    ശ്രീലാല്‍ – ആ കമന്റിന് പെരുത്ത് നന്ദി. ഷില്‍ത്തോണ്‍ മലയില്‍ നിന്നും അമ്പുകുത്തി മലയിലേക്ക് യാത്ര ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ആളായിരിക്കും ശ്രീലാല്‍. ആ റൂട്ടൊന്ന് പറഞ്ഞ് തരണേ…. :) പിന്നെ വയനാ‍ട്ടിലെ മുളങ്കാടുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ നിരക്ഷരന്റെ യാത്രാക്കുറിപ്പുകള്‍ ഓര്‍ത്തു എന്നു പറഞ്ഞത്, ഒരു അവാര്‍ഡ് കിട്ടിയ സുഖമാണ് തന്നത്. നന്ദി മാഷേ.

    Malpaso – അത് സാരമില്ല മാഷേ. ഇനിയുമുണ്ടല്ലോ സമയം. നാട്ടില്‍ വരുമ്പോള്‍ ഐ.ട്ടി. ഒക്കെ മാറ്റിവെച്ച് ഒന്ന് ഇറങ്ങിയാല്‍ മതി.

    ഗുഹയിലെ ഡിന്നര്‍ കഴിക്കാനെത്തിയ എല്ലാവര്‍ക്കും വീണ്ടും നന്ദി

  25. നിരക്ഷരാ,

    കമന്റിടാത്തവരൊന്നും ബ്ലോഗു വായിക്കുന്നില്ല എന്നു കരുതരുതു്. എന്തെങ്കിലും കൂടുതലായി പറയാനുണ്ടെങ്കിലേ പലരും കമന്റിടാറുള്ളൂ. പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സമ്പ്രദായം വന്നതിൽ പിന്നെ നന്നായി എന്നൊരു കമന്റിടുന്നതിനെക്കാൾ ആ പോസ്റ്റ്‌ ഷെയർ ചെയ്തു് മറ്റുള്ളവരെയും അറിയിക്കുന്നതാണു് ഒന്നു കൂടി പ്രോത്സാഹനം നൽകുന്നതു് എന്നു കരുതുന്ന ഒരുപാടു പേരുണ്ടു്. ഈ പോസ്റ്റ്‌ തന്നെ സിജു ഷെയർ ചെയ്തതു കൊണ്ടാണു ഞാൻ കണ്ടതു്. നിരക്ഷരന്റെ പല പോസ്റ്റുകളും മുമ്പു വായിച്ചിട്ടുണ്ടു്.

  26. മനോജ്, വളരെ ഭംഗിയായ് എഴുതിയ വാക്കുകള്‍ക്കിടയില്‍ മനോഹരമായ് അടുക്കിവെച്ച ചിത്രങ്ങള്‍.
    കേരളത്തെ അടുത്തു നിന്നറിയാന്‍ ഇത്തരം എഴുത്തുകള്‍ സഹായകമാകുന്നു. ഒരു സ്ഥലത്തേക്ക് നമുക്കും പോകണം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ അതു കൈകാര്യം ചെയ്യുക എന്നതു നിസ്സാരകാര്യല്ല. അനുഭവങ്ങള്‍ അത്രയേറേ രുചിച്ചവര്‍ക്കേ, ഇതു സാധ്യമാകൂ………
    സ്നേഹത്തോടെ

  27. നിരുവേ…ഞാന്‍ ഇയാളോട് സെറ്റില്ല.കൂട്ട് വെട്ടി.നിരുവിന്റെ ഈ പോസ്റ്റ് കാരണം ആദര്‍ശ് എന്‍റെ തല മണ്ടയ്ക്കിട്ട് നാല് തരേണ്ടതായിരുന്നു.ഫെബ്രുവരിയില്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ ഈ ‘ഇടയ്ക്കല്‍’ യാത്ര പ്ലാന്‍ ചെയ്തതായിരുന്നു.പക്ഷെ,മോള്‍ക്കൊരു സര്‍ജറി ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ സമ്മതിച്ചില്ല.മൂപ്പരാണെങ്കില്‍ ഞങ്ങളെ ക്കൂടാതെ പോയതുമില്ല.ഇപ്പോള്‍ വലിയ ‘നഷ്ട ബോധം’ പിറുപിറുക്കുന്നു….
    ആ കേവ് ഡിന്നര്‍ ഞങ്ങള്‍ക്ക് ശരിക്കും മിസ് ആയിപ്പോയി കേട്ടോ..അടുത്ത തവണ ശരിയാക്കുന്നുണ്ട്‌.
    പോസ്റ്റ് വീണ്ടും,വീണ്ടും കിടിലന്‍ ആകുന്നു…

  28. മനോജ്, എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.ഇടയ്ക്കല്‍ ഗുഹയോളം പോയി വന്നതു പോലെ.എന്തൊക്കെയായിരുന്നു ഡിന്നര്‍ വിഭവങ്ങള്‍ :)

  29. കുറച്ച് വൈകി കഴിച്ച ഈ ഡിന്നർ വളരെ സ്വാദിഷ്ടം..

    ഉയരക്കുറവായിരുന്നെങ്കിലും ചെമ്പ്ര യാത്രയേക്കാൾ സാഹസികമായിരുന്നു ഇതെന്ന് തോന്നി. ആ ജമ്പിംഗ് ലാഡർ പോലത്തെ ഏണിയിലൂടെയുള്ള കയറ്റവും മറ്റും ശരിയ്ക്കും ത്രില്ലിംഗ് ആയിരുന്നിരിയ്ക്കും അല്ലെ..

    ഗുഹയിലെ നിശ്ശബ്ദതയിൽ ഒരു മണിക്കൂർ നേരം ഡിന്നർ… ഹൗ…കൊതി പറ്റും നോക്കിക്കോ… :)

  30. ഇടയ്ക്കല്‍ ഗുഹ, ഇടയ്ക്കല്‍ ഗുഹ എന്ന് ഇടയ്ക്കിടെ കേട്ടിട്ടുണ്ടെങ്കിലും ഇത്ര കേമമാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി പോവാ‍തെ പറ്റില്ലല്ലോ.
    വിവരണത്തിന് നന്ദി :-)

  31. ഇടയ്ക്കൽ ഗുഹയിൽ പണ്ട് സ്കൂളില്‍ നിന്നും പോയിട്ടുണ്ട്.. ഇതിനെ കുറിച്ച് ഒന്നും അറിയാതെ.. പക്ഷെ ചരിത്രം അറിഞ്ഞു കൊണ്ടുള്ള യാത്രയുടെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്… നന്ദി :)

  32. സ്ഥലങ്ങളെ പറ്റി അറിഞ്ഞാല്‍ പോര… യാത്രകള്‍ ചെയ്താല്‍ പോര… കാണണം… കാണുന്നവയെ ഇത്രയും ഇഷ്ടത്തോടെ ഓര്‍ത്തിരിക്കണം.. വായിക്കുന്നവരിലേക്കു ആ അനുഭൂതി പകരുവാന്‍ കഴിയണം… ഇതൊരു അനുഗ്രഹമാണ് മനോജ്… ദൈവം ഇനിയും അനുഗ്രഹിക്കട്ടെ…!

  33. യാത്രകള്‍ ചെയ്യാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെയാണ്…ആ യാത്രയില്‍ പങ്കു ചേര്‍ന്നു എന്ന് തോന്നിക്കുമാറ്‌ അതിനെ അവതരിപ്പിച്ചിരിക്കുന്നത് ഞങ്ങള്‍ വായനക്കാരുടെ ഒരു ഭാഗ്യവും.ഈ യാത്ര ഇനിയും തുടരട്ടെ…

    അഭിനന്ദനങ്ങള്‍ മനോജ്‌…

  34. ഇടയ്ക്കൽ ഹെർമിറ്റേജിൽ ഇപ്പോൾ കേവ് ഡിന്നർ മാത്രമായി ആസ്വദിക്കാനുള്ള സൗകര്യം റിസോർട്ടുകാർ ചെയ്ത് തരുന്നുണ്ട്. ഞാൻ ഇക്കഴിഞ്ഞ ദിവസം ഒന്നൂടെ ഡിന്നർ അടിച്ചു :)

  35. hai niru,njan aneesh kallampilli edakkal guhayodu kidapidikkunna oru guhayundu andhrayile vizagapattanathu,you must visit there,

    1. നന്ദി അനീഷ് – ഈ വിവരണം പങ്കുവെച്ചതിന്. ആന്ധ്രയിൽ പോകാൻ അവസരം ഉണ്ടാകുമ്പോൽ ഈ ഗുഹയും കാണാൻ ശ്രമിക്കുന്നതാണ്. അതിന്റെ കൃത്യമായ പേര് പറഞ്ഞ് തന്നാൽ നന്നായിരുന്നു.

  36. ഹായ് നിരക്ഷരൻ

    ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവരണം പങ്കുവെച്ചതിന് താങ്കളോട് നന്ദി പറയുന്നു . ഞാൻ വയനാട് വിസിറ്റ് ചെയ്തതാണ് പക്ഷെ ഇങ്ങനൊരു ഗുഹയെ പറ്റി അറിയില്ലായിരുന്നു .ഈ ബ്ലോഗ്‌ വായിച്ചപോൾ അവിടെ പോയത് പോലെയാ തോന്നുന്നത് . ഒരിക്കൽ കൂടി നന്ദി പറയുകയാണ് .

    എന്ന്
    സഞ്ചാരി

  37. ഹായ് നിരക്ഷരൻ

    ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവരണം പങ്കുവെച്ചതിന് താങ്കളോട് നന്ദി പറയുന്നു . ഞാൻ വയനാട് വിസിറ്റ് ചെയ്തതാണ് പക്ഷെ ഇങ്ങനൊരു ഗുഹയെ പറ്റി അറിയില്ലായിരുന്നു .ഈ ബ്ലോഗ്‌ വായിച്ചപോൾ അവിടെ പോയത് പോലെയാ തോന്നുന്നത് . ഒരിക്കൽ കൂടി നന്ദി പറയുകയാണ് .

    എന്ന്
    സഞ്ചാരി

Leave a Reply to MANIKANDAN [ മണികണ്ഠന്‍‌ ] Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>