swiss-part-6

സ്വിസ്സര്‍ലാന്‍ഡ് (6) – ലൂസേണ്‍


ഈ യാത്രാവിവരണം മനോരമ ഓണ്‍‌ലൈനില്‍ വന്നപ്പോള്‍

സ്വിസ്സ് യാത്രയുടെ
1, 2, 3, 4, 5, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.

——————————————————————————–
തീവണ്ടി സൂറിക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ബാഗും പുറത്തുതൂക്കി സ്റ്റേഷനുവെളിയില്‍ കടന്ന്, രാത്രി തങ്ങാനുള്ള മുറി ബുക്ക് ചെയ്തിരുന്ന Montana ഹോ‍ട്ടലിലേക്ക് നടന്നു. സ്റ്റേഷനില്‍ നിന്ന് 300 മീറ്റര്‍ നടക്കാനുള്ള ദൂരമേ ഹോട്ടലിലേക്കുള്ളൂ എന്നത് സൂറിക്കില്‍‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ക്ക് ഗുണം ചെയ്തു.

ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത് ഒന്ന് ഫ്രെഷായി ഉടനെ തന്നെ വെളിയില്‍ കടന്ന് സൂറിക്ക് സ്റ്റേഷനിലേക്ക് തിരിച്ചുനടന്നു. മദ്ധ്യ സ്വിസ്സര്‍ലാന്‍ഡിലെ പ്രധാന ഒരു നഗരമായ ലൂസേണ്‍ ആയിരുന്നു അടുത്ത ലക്ഷ്യം. 1333ല്‍ നിര്‍മ്മിക്കപ്പെട്ട പ്രസിദ്ധമായ ചാപ്പല്‍ ബ്രിഡ്‌ജ് അടക്കമുള്ള പല കാഴ്ച്ചകളും ലൂസേണില്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. അഞ്ച് മിനിറ്റിനകം ലൂസേണിലേക്കുള്ള വണ്ടി കയറി. അരമണിക്കൂറിനകം ലൂസേണിലെത്തുകയും ചെയ്തു. സ്റ്റേഷനുവെളിയിലിറങ്ങി ഒന്നു ചുറ്റിനടന്നപ്പോള്‍‍ത്തന്നെ ചാപ്പല്‍ ബ്രിഡ്ജ് കണ്ടു.


Reuss നദിക്ക് ഡയഗണലായി 200 മീറ്റര്‍ നീളമുള്ള മരത്തിലുണ്ടാക്കിയ ചാപ്പല്‍ ബ്രിഡ്‌ജിന്റെ ഇരുവശങ്ങളിലും മനോ‍ഹരമായ പൂച്ചെടികള്‍ തൂങ്ങിക്കിടക്കുന്നത് കാണാന്‍ വല്ലാത്തൊരു ഭംഗിതന്നെയാണ്. Kapellbrucke എന്നാണ് ഈ ചാപ്പല്‍ ബ്രിഡ്ജിന്റെ നാട്ടുപേര്.

പാലത്തിലേക്ക് കടന്ന് നടക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ പാലത്തിന്റെ മേല്‍ക്കൂരയിലായി ത്രികോണാകൃതിയിലുള്ള പെയിന്റിങ്ങുകള്‍ കാണാന്‍ സാധിക്കും.

1500ന്റെ തുടക്കത്തിലുള്ളതാണ് ഈ നഗരത്തിന്റെ ചരിത്രം വിളിച്ചുപറയുന്ന ആ ചിത്രങ്ങളൊക്കെ. തുടക്കത്തിലുണ്ടായിരുന്ന 111 പെയിന്റിങ്ങുകളില്‍‍ 81 എണ്ണം‍ ഇപ്പോഴവിടില്ല. അക്കഥയൊക്കെ പറയാന്‍ തുടങ്ങിയാല്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരോട് ഏതൊരാള്‍ക്കും വിദ്വേഷം തോന്നുമെന്നുറപ്പാണ്.

1993ല്‍ പുകവലിക്കാരുടെ അശ്രദ്ധമൂലം ഉണ്ടായ ഒരു തീപ്പിടുത്തത്തില്‍ പാലത്തിന് തീപിടിച്ചതിന്റെ കൂട്ടത്തിലാണ് ‍ കുറേയധികം പെയിന്റിങ്ങുകള്‍ കത്തിനശിച്ചത്. ശരിക്കുപറഞ്ഞാല്‍, ഇപ്പോള്‍ക്കാണുന്ന പാലത്തിന്റെ ഭൂരിഭാഗവും പഴയ മാതൃകയില്‍ പുനഃസൃഷ്ടിച്ചതാണ്. തുടക്കത്തില്‍ 285 മീറ്റര്‍ നീളമുണ്ടായിരുന്ന പാലത്തിന്റെ നീളം പുനര്‍നിര്‍മ്മാണത്തോടെ 200 മീറ്ററായി കുറയുകയും ചെയ്തു.

പാലത്തിന് തൊട്ടടുത്തുതന്നെ നിലകൊള്ളുന്ന കോട്ടയുടെ മാതൃകയിലുള്ള വാട്ടര്‍ ടവര്‍ (നാടന്‍ പേര് – Wasserturm)പാലത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ട്.

പാലത്തില്‍ നിന്നിറങ്ങി നദിയുടെ മറുകരയിലെത്തിയപ്പോഴേക്കും പല യാത്രകളിലും എന്റെ കൂടെത്തന്നെയുണ്ടാകാറുള്ള മഴ ചെറുതായൊന്ന് തലപൊക്കി.


ചെറിയ ചാറ്റല്‍മഴയത്തുകൂടെ നദിക്കരയിലുള്ള ഓപ്പണ്‍ എയര്‍ ഭോജനശാലകളുടെ തീന്‍മേശകള്‍ക്കിടയിലൂ‍ടെ ലക്ഷ്യമൊന്നുമില്ലാത്ത ഒരു നടത്തം മനസ്സിനു ചെറിയൊരു കുളിര്‍മ്മപകര്‍ന്നുനല്‍കി.


കെട്ടിടങ്ങള്‍ക്ക് പിന്നിലേക്ക് കടന്ന് വൃത്തിയുള്ള ഇടവഴികളിലൂടെയുള്ള നടത്തത്തിന് മറ്റൊരു ലക്ഷ്യം കൂടെയുണ്ടായിരുന്നു. പിക്കാ‍സോയുടെ ഒരു മ്യൂസിയം ഈ ഭാഗത്തൊരെണ്ണം ഉണ്ടെന്ന് നല്ലപാതി എവിടെയോ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പ്രശസ്തമായ റോസണ്‍ഗാര്‍ട്ട് മ്യൂസിയം നദിയുടെ മറുകരയില്‍ ഉണ്ടെന്നറിയാം. അവിടെപ്പോകാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുമുണ്ട്.

പക്ഷെ, അതല്ലാതെ ഒരു പിക്കാസോ മ്യൂസിയംകൂടെ ഈ ഭാഗത്ത് ഉണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമായിരുന്നു ആ നടത്തത്തിന്റെ ലക്ഷ്യം. കുറേ അലഞ്ഞുനടന്നിട്ടും, പലയിടത്തും ചോദിച്ച് മനസ്സില്ലാക്കാന്‍ ശ്രമിച്ചിട്ടും അങ്ങനൊരു മ്യൂസിയം ആ ഭാഗത്ത് കണ്ടുപിടിക്കാനായില്ല. എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത് റോസണ്‍ഗാര്‍ട്ട് മ്യൂസിയത്തിലേക്കുതന്നെയായിരുന്നു. എന്തായാലും ആ അന്വേഷണത്തിനിടയില്‍ ബേണില്‍ കണ്ടതുപോലെയുള്ള മറ്റൊരു ക്ലോക്ക് ടവറുകൂടെ കാണാനായി.



ബേണിലെപ്പോലെ തന്നെ ഫൌണ്ടനുകള്‍ക്ക് ഒരു ക്ഷാമവുമില്ല ലൂസേണിലും. പല ആകൃതിയില്‍, പൊതുനിരത്തിലും, ചുമരിലുമൊക്കെയുള്ള ഫൌണ്ടനുകള്‍ മനം കവരുന്നവയാണ്.

വഴിയരുകിലെ മറ്റൊരു സോവനീര്‍ ഷോപ്പില്‍ കണ്ട മരത്തിലുണ്ടാക്കിയ പ്രത്യേകതരം ഒരു ക്ലോക്ക് നോക്കി കുറേ സമയം നില്‍ക്കാതിരിക്കാനായില്ല.കുക്കു ക്ലോക്കിനുപുറമെ അതുകൂടെ ഒരെണ്ണം വാങ്ങിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന്റെ അതിഭയങ്കരമായ വിലയും, ബാഗിലെ സ്ഥലപരിമിതിയും ആ ആഗ്രഹത്തില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു.

നദിക്കക്കരെ ലൂസേണിലെ മറ്റൊരു ആകര്‍ഷണമായ Jesuit Church കാണാം. മ്യൂസിയത്തിലേക്ക് പോകുന്നതിനുമുന്‍പായി നദിക്ക് കുറെകെയുള്ള സാമാന്യം പുതിയ മറ്റൊരുപാലത്തിലൂടെ അക്കരെച്ചെന്ന് ചര്‍ച്ചിലേക്ക് കടന്നു. സ്വിസ്സര്‍ലാന്‍ഡിലെ തന്നെ ഏറ്റവും മനോഹരമായ പള്ളികളിലൊന്നാണിത്. 1667ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളിയുടെ സാവാള ആകൃതിയിലുള്ള ഡോമുകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും.

സെന്റ് ഫ്രാന്‍സ് സേവ്യറിന് സമര്‍പ്പിച്ചിരിക്കുന്ന ഈ പള്ളിയുടെ ഉള്‍വശം വളരെ ആകര്‍ഷണമായ രീതിയില്‍ത്തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

നിശബ്ദമായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നവര്‍ക്കിടയിലൂടെ പള്ളിയിലെ കാഴ്ച്ചകളൊക്കെ കണ്ടുനടന്നതിനുശേഷം വെളിയിലേക്കിറങ്ങി. അടുത്ത ലക്ഷ്യം റോസണ്‍ഗാര്‍ട്ട് മ്യൂസിയമായിരുന്നു. തെരുവിന്റെ ട്രാഫിക്ക് സിഗ്നലിലെ കുടുക്കില്‍പ്പെടാതെ ലൂസേണ്‍ പട്ടണം മുന്‍പരിചയമുള്ളവരെപ്പോലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ മാപ്പിന്റെ സഹായത്തോടെ റോസണ്‍ഗാര്‍ട്ട് മ്യൂസിയത്തിലേക്കുള്ള നടക്കുമ്പോള്‍ ചാറ്റല്‍മഴയും കൂടെയുണ്ടായിരുന്നു.

മ്യൂസിയത്തിനകത്തുകടന്ന് റിസപ്‌ഷനില്‍ നിന്ന് ടിക്കറ്റെടുത്തപ്പോള്‍ത്തന്നെ ഒരുകാര്യം ഉറപ്പായി. ക്യാമറ മ്യൂസിയത്തിനകത്ത് ഉപയോഗിക്കാന്‍ പറ്റില്ല. കൌണ്ടറില്‍ നിന്നും ഒരു ലോക്കറിന്റെ താക്കോല്‍ തന്നു. അതിനകത്ത് ക്യാമറയും അതുപോലുള്ള സാമാഗ്രികളുമൊക്കെ അടച്ച് ഭദ്രമാക്കിവെച്ചതിനുശേഷം മാത്രമാണ് മ്യൂസിയത്തിലെ കാഴ്ച്ചകള്‍ക്കായി ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചുള്ളൂ.

പിക്കാസോ എന്ന വിശ്വവിഖ്യാതനായ കലാകാരന്റെ സുഹൃത്തായ സിഗ്‌ഫ്രൈഡ് റോസണ്‍ഗാര്‍ട്ടിന്റെ മകളായ ആജ്ഞല റോസണ്‍ഗാര്‍ട്ട് എന്ന സ്ത്രീ പ്രസിഡന്റായിട്ടുള്ള റോസണ്‍ഗാര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മ്യൂസിയം. ഇപ്പോള്‍ 77 വയസ്സുള്ള ആജ്ഞല റോസണ്‍ഗാര്‍ട്ട് അവരുടെ യൌവ്വനകാലത്ത് പിക്കാസോയുടെ പല രചനകള്‍ക്കും മോഡലായിരുന്നു. അക്കാലത്ത് അവര്‍ക്ക് കിട്ടിയിട്ടുള്ള ചില പിക്കാസോ ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് പ്രശസ്തരായ ചിത്രകാരന്മാരുടേയുമൊക്കെ കലാസൃഷ്ടികള്‍ മ്യൂസിയത്തിന്റെ ചുവരുകള്‍ക്ക് ജീവന്‍ നല്‍കുന്നു. പ്രായമായെങ്കിലും ദിവസത്തിലൊരിക്കല്‍ ശ്രീമതി റോസണ്‍ഗാര്‍ട്ട് ഈ മ്യൂസിയത്തിലെത്തുമെന്ന് കേട്ടപ്പോള്‍, ഭാഗ്യം ചെയ്ത ആ സ്ത്രീയെ ഒന്ന് കാണണമെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആഗ്രഹം തോന്നി. പക്ഷെ ഇന്നത്തെ വിസിറ്റ് കഴിഞ്ഞ് അവര്‍ പോയിരിക്കുന്നു. ഇനി അവരുടെ എല്ലാമെല്ലാമായ മ്യൂസിയത്തിലെ ചിത്രങ്ങള്‍ കണ്ട് മടങ്ങുക മാത്രമേ നിവൃത്തിയുള്ളൂ.

പിക്കാസോ എന്ന കലാകാരന്‍ വര‍ച്ച് തള്ളിയിട്ടുള്ള ചിത്രങ്ങളുടെ വളരെച്ചെറിയൊരു ശതമാനം മാത്രമേ ഈ സ്വകാര്യ മ്യൂസിയത്തിലുള്ളൂ. പക്ഷെ പിക്കാസോ ആരായിരുന്നെന്ന് മനസ്സിലാക്കാന്‍ അവിടെയുള്ള ചിത്രങ്ങള്‍ തന്നെ ധാരാളമാണ്. ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും തന്റെ കലാചാതുര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും കലയോടുള്ള അഭിനിവേശവും ചിന്തയും മാത്രമാണെന്ന് അവിടത്തെ കാഴ്ച്ചകള്‍ കണ്ടിറങ്ങുന്ന ആര്‍ക്കും അടിവരയിടാനാകും.

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പിക്കാസൊയുടെ ചില പടങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതുതന്നെ ഉദാഹരണമായെടുക്കാം. ഒരുവിധം നല്ല വലിപ്പമുള്ള ഒരു മീന്‍ തിന്നുകൊണ്ടിരിക്കുന്ന പിക്കാസോ. ചുറ്റിനും പലതരത്തിലുള്ള പൂ‍ര്‍ത്തിയായതും അല്ലാത്തതുമായ ചിത്രങ്ങള്‍,ശില്‍പ്പങ്ങള്‍. തിന്നുകഴിഞ്ഞ മീനിന്റെ മുള്ള് വെച്ച് എന്തുചെയ്യാം എന്നാലോചിക്കുകയാണ് പിക്കാസോ. പണി പകുതി തീര്‍ന്ന ഒരു ക്രോക്കറിയുടെ ഡിസൈന്‍ അദ്ദേഹം പൂര്‍ത്തിയാക്കുന്നത് ആ മീനിന്റെ മുള്ളുവെച്ചാണ്. ഡേവിസ് ഡഗ്ലസ് ഡങ്കണ്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്ത ആ ചിത്രങ്ങളൊക്കെ കാണിച്ചുതരുന്നത് “I wanted to be a painter and ended up as Piccaso”. എന്നുപറഞ്ഞ പിക്കാസോയുടെ കലാജീവിതത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ഏടുകളില്‍ ചിലതുമാത്രമാണ്.

മൂന്നുദിവസത്തെ നിരന്തരമായ യാത്രയുടേയും നടത്തത്തിന്റേയുമൊക്കെ ഫലം പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. മ്യൂസിയത്തിലെ ചുമരുകള്‍ക്കിടയിലൂടെ ചിത്രങ്ങളെല്ല്ലാം കണ്ടുനടന്നുകഴിഞ്ഞപ്പോഴേക്കും ശരീക്കും തളര്‍ന്നിരുന്നു. കാലുകളൊക്കെ നന്നായി വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ, മനസ്സുകൊണ്ടുമാത്രം തളര്‍ന്നിട്ടില്ല, തളരാനും പറ്റില്ല. ജീവിതത്തില്‍ എപ്പോഴും തരപ്പെട്ടെന്ന് വരാന്‍ സാദ്ധ്യതയില്ലാത്ത ഈ യാത്രയില്‍ തളര്‍ച്ച ഒരുതരത്തിലും വിലങ്ങുതടിയാകാന്‍ പാടില്ല്ല.

മ്യൂസിയത്തില്‍ നിന്ന് ചില സോവനീര്‍ കാര്‍ഡുകളൊക്കെ വാങ്ങി സൂറിക്കിലേക്ക് മടങ്ങി.സൂ‍ര്യനസ്ഥമിക്കാന്‍ ഇനിയും സമയമുണ്ട്. കാലുകള്‍ വീണ്ടുമൊരു നടത്തത്തിന് തയ്യാറാണെന്ന് പറയുന്നതുപോലെ. നഗരത്തിലൊരു പ്രദക്ഷിണം നടത്തി, രാത്രി ഭക്ഷണമൊക്കെ കഴിച്ച് മടങ്ങാനായി ഹോട്ടലില്‍ നിന്നിറങ്ങി നടന്നു.

ഹോട്ടലിന്റെ പിന്നിലൂടൊഴുകുന്ന Limmat നദിക്കരയിലെ തിരക്കൊന്നുമില്ലാത്ത നടപ്പാതയിലൂടെയുള്ള നടത്തം നഷ്ടപ്പെട്ടെന്നുകരുതിയ ഉന്മേഷം തിരിച്ചുതന്നു. സൂറിക്കിലെ പ്രധാന ഷോപ്പിങ്ങ് തെരുവുകളിലൊന്നായ Bahnhofstrasse സ്ട്രീറ്റിലാണ് ആ യാത്ര അവസാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച തെരുവുകളിലൊന്നായിട്ടാണ് Bahnhofstrasse സ്ട്രീറ്റ് അറിയപ്പെടുന്നത്. ട്രാമുകള്‍ തെരുവിലൂടെ തെന്നിയൊഴുകിക്കോണ്ടേയിരിക്കുന്നു. ഇടവഴികളില്‍ നിന്ന് മറ്റ് ക്രോസ് റോഡുകളിലേക്ക് മുറിച്ചുകടക്കുന്ന ചുരുക്കം ചില വാഹനങ്ങള്‍ ഒഴിവാക്കിയാല്‍ ഈ റോഡില്‍ ട്രാമുകള്‍ മാത്രമേ സഞ്ചരിക്കുന്നുള്ളൂ.

ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുകളും, ആഭരണങ്ങളുമൊക്കെ ചില്ലുകൂടുകള്‍ക്കകത്തിരുന്ന് പുഞ്ചിരിച്ചുകാണിക്കുന്നത് ഞങ്ങളെ നോക്കിയല്ലെന്ന് മൂ‍ന്നരത്തരം. അത്രയും വിലപിടിച്ച ആ തെരുവിലെ McDonalds ല്‍‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ഞങ്ങളാ രാത്രിയുടെ ഓര്‍മ്മയ്ക്ക് മധുരം കൂട്ടി.

ഭക്ഷണത്തിനുശേഷം രാത്രിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന Bahnhofstrasse തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറേ നടന്നു. ഇടയ്ക്ക് ഒരു ട്രാം സ്റ്റോപ്പിലെ ബഞ്ചില്‍ കുറേനേരമിരുന്ന് രാത്രിജീവിതത്തിന്റെ കാഴ്ച്ചകള്‍ കണ്ടു. തെരുവിലെ ഒരു പാര്‍ക്കില്‍ നായ്ക്കളുമായി വന്നുകൂടിയിരിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ അവയ്ക്ക് പരിശീലനം നടത്തുന്നുണ്ട്.

സൂറിക്കിന്റെ രാത്രി ഭംഗി ആസ്വദിച്ചുകൊണ്ട് Limmat നദിക്കരയിലൂടെ ഹോട്ടലിലേക്ക് നടന്നുതന്നെയാണ് മടങ്ങിയത്. രാത്രിയായതോടെ തണുപ്പ് അല്‍പ്പം കൂടിയിരിക്കുന്നു. നദിക്കരയിലുള്ള നിശാക്ലബ്ബുകളൊന്നില്‍ പലവര്‍ണ്ണത്തിലുള്ള ആകര്‍ഷണീയമായ ബള്‍ബുകള്‍ തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഞങ്ങള്‍ താമസിക്കുന്ന Montana ഹോട്ടലിന്റെ തൊട്ടടുത്ത കെട്ടിടത്തിലും അത്തരമൊരു നിശാക്ലബ്ബാണ് നടക്കുന്നത്. എന്നുവെച്ച് ഇവിടമൊക്കെ കുഴപ്പം പിടിച്ചതാണെന്ന തോന്നലൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. നിശാക്ലബ്ബുകളിലും, രാത്രിജീവിതത്തിലുമൊക്കെ താല്‍പ്പര്യമില്ലാത്തവരെ ഈവക കാഴ്ച്ചകളൊന്നും ആകര്‍ഷിക്കുന്നില്ല. അവരെ ആരും ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടിക്കുക്കയോ ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല.

അവരുടെ ജീവിതം മറ്റൊരു വഴിയിലൂടെ മുന്നോട്ടുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു, ശാന്തമായൊഴുകുന്ന Limmat നദിയെപ്പോലെ.

——–തുടരും——–

ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

22 thoughts on “ സ്വിസ്സര്‍ലാന്‍ഡ് (6) – ലൂസേണ്‍

  1. ഒരു പോട്ടം പിടിയ്ക്കാന്‍ പോലും സമ്മതിയ്ക്കാത്ത ആ മ്യൂസിയത്തിന്റെ നടത്തിപ്പുകാരെ രണ്ടെണ്ണം പൊട്ടിയ്ക്കാന്‍ കൈതരിയ്ക്കുന്നു……

  2. അടിപൊളി ആയി പോകുന്നുണ്ട്.. പിന്നെ ഇടയ്ക്കു ചില പരിച്ചയപ്പെടലുകളും കണ്ടുമുട്ടുന്ന ആളുകളെ പറ്റിയുമൊക്കെ കുറച്ചു എഴുതിയാല്‍ ഒന്ന് കൂടി കൊഴുക്കും എന്ന് കരുതുന്നു..
    ഒരു ചെറിയ അഭിപ്രായം പറഞ്ഞുവെന്നെ ഉള്ളൂ..
    (എന്നെ ഒന്ന് വിരട്ടി വിട്ടാല്‍ മതി… !)
    ആശംസകള്‍..

  3. അങ്ങനെ ലൂസേണിലും ഒന്നു കറങ്ങി :)

    ഫോട്ടോയുടെ പ്രത്യേകതയാണോ എന്നറിയില്ല,ഈ ക്ലോക്ക് ടവറിന് ആദ്യത്തേതിനേക്കാൾ ഭംഗിയുള്ളതായി തോന്നുന്നു.

  4. ഈ മനോഹരസ്ഥലങ്ങളിൽ പോകാൻ സാധിക്കുക എന്നത് തീർച്ചയായും ഒരു ഭാഗ്യം തന്നെ. മറ്റുള്ളവരെപ്പോലെ ഇപ്പോൾ ഈ വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും അവിടെ എത്താൻ എനിക്കും സാധിച്ചു. അതിനു ചേട്ടന് നന്ദി.

    എന്നത്തേയും പോലെ ഒരു (മണ്ടൻ)സംശയം കൊല്ലവർഷം 1500 എന്നെഴുതിക്കണ്ടു. കൊല്ലവർഷം മലയാളം വഷങ്ങളെ സൂചിപ്പിക്കാനല്ലെ പറയുക? അതോ എനിക്കു തെറ്റിയതോ?

  5. @ മണികണ്ഠന്‍ – മണി ആ പറഞ്ഞതില്‍ മണ്ടത്തരം ഒന്നുമില്ല. എനിക്കാണ് മണ്ടത്തരം പറ്റിയത്. അത് കണ്ടുപിടിച്ച് തന്നതിന് നന്ദി. കൊല്ലവര്‍ഷം എന്നുള്ളത് ഇപ്പോള്‍ത്തന്നെ തിരുത്തുന്നു. മനസ്സിരുത്തിയുള്ള വായനയ്ക്ക് നന്ദി മണീ.

    @ ബിന്ദു കെ.പി. – കാഴ്ച്ചയില്‍ 2 ക്ലോക്കുകള്‍ക്കും ഒരുപോലെ ഭംഗിയുണ്ടായിരുന്നു. ഈ ക്ലോക്ക് ബേണിലെ ക്ലോക്കിനേക്കാള്‍ ഉയരത്തിലായതുകൊണ്ട് പടമെടുത്തപ്പോള്‍ നന്നായി വെളിച്ചം ഉണ്ടായിരുന്നതുകൊണ്ട് ഈ പടത്തിന് ഭംഗി കൂടുതല്‍ തോന്നുന്നുണ്ടെന്നുള്ളത് ശരിയാണ്.

    @ പകല്‍ക്കിനാവന്‍ – എങ്കില്‍ ശരി ഒന്ന് വിരട്ടിയിട്ട് തന്നെ ബാക്കി കാര്യം :) പകല്‍ക്കിനാവന്‍ പറഞ്ഞ ഈ നല്ല നിര്‍ദ്ദേശം എതിരന്‍ കതിരവനും പറഞ്ഞിരുന്നെന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ സത്യം പറയട്ടെ. നാട്ടുകാരുമായുള്ള ഇന്ററാക്ഷന്‍ ഞങ്ങള്‍ക്ക് തീരെ കുറവായിരുന്നു. മുന്‍‌കൂട്ടി തീരുമാനിച്ച റൂട്ടുകളില്‍ യാതൊരു വിഘ്നങ്ങളൊന്നും ഇല്ല്ലാതെ മുന്നോട്ടുപോയ യാത്രയായതുകൊണ്ട് പൊതിജനസമ്പര്‍ക്കം തീരെ കുറവായിരുന്നു.

    എന്നാലും ഒന്നുരണ്ട് ചെറിയ ചെറിയ സംഭവങ്ങള്‍ അടുത്ത ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതിക്കൊണ്ടിരിക്കുകയാണ്. അടുത്ത തിങ്കളാഴ്ച്ച 7 ആം ഭാഗം വെളിയില്‍ വരുന്നതായിരിക്കും. വായിക്കുമല്ലോ ?

    സ്ഥിരമായി തേങ്ങായടിക്കുന്നതിന് ചാണക്യന് നന്ദി. പാമരന്‍, ഹരീഷ്, തോന്ന്യാസി, പകല്‍ക്കിനാവന്‍, കൈതമുള്ള്, ആഷ്‌ലി എ.കെ, ബിന്ദു കെ.പി, മണികണ്ഠന്‍…..
    ലൂസേണിലേക്ക് യാത്രവന്ന എല്ലാവര്‍ക്കും വളരെ നന്ദി.

  6. പതിവുപോലെ തന്നെ നന്നായിരിയ്ക്കുന്നു. അടുത്ത തിങ്കളാഴ്ചയ്ക്കായി കാത്തിരിയ്ക്കട്ടെ റിഷ്യശൃംഗാ… :)

  7. ഓരോന്നായി വായിച്ചു വരുന്നു…
    ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്…

    ഇനിയുമൊരുപാട് യാത്ര ചെയ്യാനും എഴുതുവാനും കഴിയട്ടെ
    എന്നാശംസിക്കുന്നു

  8. ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ പൊതുസ്ഥലങ്ങളില്‍ സിഗരട്ട് വലിക്കുന്നവരോട് ദേഷ്യം കൂടി.
    :-)

  9. സ്വിറ്റ്സര്‍ലന്‍ഡ് മൊത്തം കറങ്ങി…എല്ലാ പോസ്റ്റും ഒന്നിന് പുറകെ,ഒന്നായി വായിച്ചു കേട്ടോ.ഗംഭീരം..അതി ഗംഭീരം!!ഇനിയും ഇനിയും ഒരുപാട് പോസ്റ്റുകള്‍ പോരട്ടെ..
    അസൂയ ,കുശുമ്പ് ഇതൊക്കെ ഉള്ളില്‍ അടക്കിപ്പിടിച്ചാണ്,ഇതൊക്കെ വായിച്ചു തീര്‍ത്തും,ഈ കമന്റ് ഇട്ടതും..പതിവില്ലാതെ,ആദര്‍ശും എന്നോടൊപ്പം ഇത് വായിക്കാന്‍ ഇരുന്നു ട്ടോ.

  10. നിരക്ഷരാ
    ഞാനുണ്ട് കേട്ടോ പിന്നാലെ ….
    എന്നാലും ആ പെയിന്റിംഗ് ഒക്കെ കാണിക്കാമായിരുന്നു ..അവര്‍ക്ക്
    പിന്നെ ആലോചിച്ചപ്പോള്‍ ഇതൊകെ നിങ്ങള്‍ പോസ്റ്റ് ആക്കി ഇട്ടാല്‍അവിടെ ചെന്ന് കാണാന്‍ ആരെങ്കിലും വേണ്ടേ അല്ലെ ?

  11. Niroo..I am waiting for your Lucern visheshangal on Monday. We also planned for a trip to this place next week.

  12. അപ്പൂ – സത്യമാണത് :)

    പൊറാടത്ത് – ഞാന്‍ പോകുന്നിടത്തൊക്കെ മഴ പെയ്യുന്നതുകൊണ്ടായിരിക്കും അല്ലേ ആ വിളി :)

    ഹന്‍ല്ലലത്ത് – നന്ദി :)

    രജ്ഞിത്ത് ചെമ്മാട് – നന്ദി മാഷേ :)

    പാവത്താന്‍ – നന്ദിയുണ്ട് :)

    ബിന്ദു ഉണ്ണീ – അവര്‍ക്കൊക്കെ സിഗററ്റില്‍ വെടിമരുന്ന് നിറച്ച് വലിക്കാന്‍ കൊടുക്കണമെന്ന് തോന്നുന്നുണ്ടോ ? :)

    ചങ്കരന്‍ – നന്ദി മാഷേ :)

    സ്മിതാ ആദര്‍ശ് – സ്മിതയ്ക്ക് ഒരു നന്ദി, ആദര്‍ശിന് പ്രത്യേകം വേറൊരു നന്ദി.

    പിരിക്കുട്ടീ – അപ്പോ അറിയാം കാര്യങ്ങളൊക്കെ അല്ലേ ? :)

    ക്വസ്റ്റ്യണ്‍ മാര്‍ക്ക് – ഇതാണ് മാഷേ ലൂസേണ്‍ വിശേഷങ്ങള്‍. തിങ്കളാഴ്ച്ച വരാന്‍ പോകുന്നത് റൈന്‍ ഫാള്‍സ് വിശേഷങ്ങളാ… നന്ദീട്ടോ :)

    ലൂസേണിലേക്കുള്ള യാത്രയില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി :)

Leave a Reply to smitha adharsh Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>