manorama-3

തുഷാരഗിരി


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

————————————————————-
ഹപ്രവര്‍ത്തകരായ ഷാഹുദ്ദീനും , ഫൈസലും , നിഷാദുമൊക്കെ കുടുംബസമേതം ഉല്ലാസയാത്രപോയതിന്റെ പടങ്ങള്‍ കാണിച്ചുതന്നപ്പോളാണ്‌ ഞാനാദ്യമായി തുഷാരഗിരി എന്ന ഒരു സ്ഥലത്തെപ്പറ്റി കേള്‍ക്കുന്നത് തന്നെ. അപ്പോള്‍ത്തന്നെ അങ്ങോട്ടുള്ള വഴിയൊക്കെ ചോദിച്ച് മനസ്സിലാക്കി വെച്ചു. വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്റെ സ്ഥിരം റൂട്ടായ വയനാട്ടിലേക്കുള്ള വഴിയില്‍ത്തന്നെ തുഷാരഗിരിയിലേക്കുള്ള സൈന്‍ ബോര്‍ഡുകള്‍ കാണാമെന്ന്‌ ഷാഹുദ്ദീന്റെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കി.

എറണാകുളത്തുനിന്ന് വയനാട് വഴി ബാംഗ്ലൂരേക്ക് യാത്ര പുറപ്പെട്ടത് ബാംഗ്ലൂരുള്ള ചില ഉറ്റസുഹൃത്തുക്കളെ കാണാനാണ്‌. ഇടയ്ക്ക് തുഷാരഗിരിയിലേക്ക് ഒരു റൂട്ട് മാറ്റം. അതായിരുന്നു പുറപ്പെടുമ്പോഴേ എന്റെ പദ്ധതി. കോഴിക്കോട് ബൈപ്പാസില്‍ നിന്ന് മെഡിക്കല്‍ കോളേജ് വഴി തിരിഞ്ഞ് മുന്നോട്ടുള്ള വഴിയിലെല്ലാം തുഷാരഗിരിയിലേക്കുള്ള സൈന്‍ ബോര്‍ഡ് കാണുന്നതുകൊണ്ട് വഴിക്ക് വണ്ടി നിറുത്തി ആരോടും ചോദിക്കാതെ തന്നെ മുന്നോട്ട് പോകാമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. കോഴിക്കോടുനിന്ന് ദേശീയപാത 212 ലൂടെ താമരശ്ശേരിക്കും അടിവാരത്തിനും ഇടയ്ക്കുള്ള കൈതപ്പൊയില്‍ എന്ന സ്ഥലത്തുനിന്നും ചെമ്പുകടവ് റോഡില്‍ 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരിയിലെത്താം. പക്ഷെ ഇടയ്ക്ക് ഒരു ജാഥപോകുന്നതുകാരണം ചെറിയ ഒരു ഡീവിയേഷന്‍ എടുത്ത് നാഷണല്‍ ഹൈവേയില്‍ നിന്ന് ഉള്‍‌നാടന്‍ വഴിയിലേക്ക് കയറേണ്ടിവന്നു. അവിടന്നങ്ങോട്ട് വഴി ചോദിച്ച് മനസ്സിലാക്കിയിട്ടാണെങ്കിലും ഇരുവശവും തെങ്ങും കവുങ്ങുമൊക്കെ ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന നല്ല ഒന്നാന്തരം ഗ്രാമീണവഴിയിലൂടെ അധികമൊന്നും ചുറ്റിവളയാതെതന്നെ ലക്ഷ്യസ്ഥാനത്തെത്തി.

പാത അവസാനിക്കുന്നത് ഡി.റ്റി.പി.സി.യുടെ ഓഫീസ് കെട്ടിടത്തിനുമുന്‍പിലാണ്. ആ മതില്‍‌വളപ്പിനുള്ളില്‍ വാഹനം പാര്‍ക്കുചെയ്ത് മുന്നോട്ട് നടന്നു. സമാന്യം നല്ലൊരുകൂട്ടം സഞ്ചാരികള്‍ അവിടവിടെയായി നില്‍ക്കുന്നുണ്ട്. ചെറുപ്പക്കാരാണ് അധികവും. ഇക്കോടൂറിസത്തെപ്പറ്റിയൊക്കെ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ പലയിടത്തുമുണ്ട്. 150 മീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍ ഫോറസ്റ്റ് ഡിവിഷന്റെ ചെക്ക് പോസ്റ്റ് എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ഓടിട്ട ഒരു കൊച്ചുകെട്ടിടത്തിനുമുന്നിലെത്തി.

ഒന്നുരണ്ട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ അവിടെയുണ്ട്. എനിക്കും ക്യാമറയ്ക്കും പ്രവേശനത്തിനൂള്ള ടിക്കറ്റ് അവിടന്നെടുത്ത് വീതിയുള്ള നടപ്പാതയിലൂടെ യാത്ര തുടര്‍ന്നു.

ആ നടത്തം അവസാനിച്ചത് പുഴയരുകിലാണ്. പുഴയുടെ അടിത്തട്ടില്‍ പാറക്കെട്ടുകളാണ്. പുഴ മുറിച്ച് കടന്നുവേണം യാത്ര തുടരാന്‍. അധികം വെള്ളമൊന്നുമില്ലെങ്കിലും പുഴയിലെ കല്ലുകളില്‍ നല്ല വഴുക്കലുണ്ട്. സൂക്ഷിച്ച് വേണം അക്കരെയെത്താന്‍. കാട്ടില്‍ മഴ പെയ്താല്‍ പെട്ടെന്ന് പുഴയിലെ ജലനിരപ്പ് ഉയരും. ആ സാഹചര്യത്തില്‍ അക്കരയിക്കരെ കടക്കുന്നത് അസാദ്ധ്യമാണ്.

മഴവന്ന് വെള്ളം പൊങ്ങിയകാരണം, കഴിഞ്ഞ ആഴ്ച്ചയില്‍ തുഷാരഗിരി കാണാനെത്തിയ 100ല്‍പ്പരം വരുന്ന ഒരു സംഘം നദിയുടെ മറുകരയില്‍ മണിക്കൂറുകളോളം പെട്ടുപോയ സംഭവം അക്കരെവെച്ച് പരിചയപ്പെട്ട ഫോറസ്റ്റ് ഗാര്‍ഡ് പറഞ്ഞപ്പോള്‍ കാടിന്റെ മറ്റൊരു വന്യമായ മുഖം സങ്കല്‍പ്പിച്ചെടുക്കാ‍നായി. കാട്ടിലിപ്പോള്‍ ഒരു മഴ പെയ്താല്‍ ഭാഗ്യമുണ്ടെങ്കില്‍ എനിക്കും അങ്ങനൊരു അനുഭവം കിട്ടിയെന്നുവരും.

പുഴക്കക്കരെ വഴി വലത്തേക്കും, ഇടത്തേക്കും, മുകളിലേക്കും പിരിയുന്നിടത്ത് ഫോറസ്റ്റ് ഗാര്‍ഡ് നിലയുറപ്പിച്ചിട്ടുണ്ട്. വലത്തുവശത്തുള്ള ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് യാത്രക്കാരെ വഴിതിരിച്ച് വിടുന്നജോലി അദ്ദേഹം ഭംഗിയായിട്ട് ചെയ്യുന്നുണ്ട്.


കുറച്ചൂടെ മുന്നോട്ട് നടന്ന് പാറയ്ക്ക് മുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ വെള്ളച്ചാട്ടം കാണാറായി. മൂന്നോ നാലോ നിലയിലായിട്ട് വീണുടയുന്ന ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തില്‍ വെള്ളം കുറവാണെങ്കിലും ഭംഗിക്ക് ഒരു കുറവുമില്ല. കാടിന്റെ സൌന്ദര്യം തൊട്ടറിഞ്ഞ് ചാലിപ്പുഴയുടെ രണ്ട് കൈവരികള്‍ ഒന്നാകുന്ന മനോഹരമായ സംഗമഭൂമി.

അന്യസംസ്ഥാനത്തുനിന്നുവന്ന കോളേജുകുമാരിമാരുടെ 50ന് മുകളില്‍ വരുന്ന വലിയൊരു സംഘം വെള്ളച്ചാട്ടത്തിനടിയില്‍ പടമെടുത്തും, വെള്ളം തെറിപ്പിച്ചുമൊക്കെ ഉല്ലസിച്ച് നില്‍ക്കുന്നുണ്ട്. ഒരുമണിക്കൂറോളം അവരവിടെത്തെന്നെ നിന്നതുകാരണം വെള്ളച്ചാട്ടത്തിന്റെ മാത്രമായി നല്ലൊരു പടമെടുക്കാന്‍ എനിക്കായില്ല.


അതിനിടയില്‍ അക്കൂട്ടത്തിലൊരു യുവതിയുടെ പോയന്റ് ആന്റ് ഷൂട്ട് ക്യാമറ പണിമുടക്കി. ട്രൈപ്പോഡും,സൂം ലെന്‍‌സുമൊക്കെയായി അവിടെ ചുറ്റിക്കറങ്ങുന്ന ഞാനേതോ ഭയങ്കര ക്യാമറാവിദഗ്ധനാണെന്നോ മറ്റോ കരുതിയിട്ടാകണം, കേടായ ക്യാമറയുമായി യുവതിയും കൂട്ടുകാ‍രിയും എന്റടുത്തെത്തി. സംസാരത്തിന്റെ ശൈലിയില്‍ നിന്ന് കര്‍ണ്ണാടകത്തില്‍നിന്നുള്ളവരാണെന്ന്‍ തോന്നി. അവിടെയും ഇവിടെയുമൊക്കെ പിടിച്ച് തിരിച്ചും ഞെക്കിയുമൊക്കെ നോക്കുന്നതിനിടയില്‍ ക്യാമറ പെട്ടെന്ന് ശരിയായതുകാരണം എന്റെ മാനം പോകാതെ രക്ഷപ്പെട്ടു. ഇനി അവിടെ നിന്നാല്‍ ശരിയാകില്ലെന്ന് തോന്നി. കൂടുതല്‍ സുന്ദരിമാര്‍ റിപ്പയറിനുള്ള ക്യാമറയുമായി സമീപിക്കുന്നതിനുമുന്‍പ് സ്ഥലം കാലിയാക്കാന്‍ തീരുമാനിച്ചു.

പുഴക്കരയില്‍ ഫോറസ്റ്റ് ഗാര്‍ഡ് നില്‍ക്കുന്നിടത്തേക്ക് മടങ്ങിപ്പോയി.അവിടന്ന് രണ്ടിടത്തേക്ക് വഴിതിരിയുന്നുണ്ട്. ഒന്ന് കാട്ടിലൂടെ മുകളിലേക്കുള്ള കയറ്റമാണ്. 400 മീറ്ററോളം കയറിയാല്‍ ‘മഴവില്‍ച്ചാട്ടം‘, വീണ്ടും 500 മീറ്റര്‍ കയറിയാല്‍ ‘തുമ്പിതുള്ളും പാറ‘. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള ചില ഭംഗിയുള്ള കാഴ്ച്ചകളിലേക്കാണ് ആ കാട്ടുവഴി കൊണ്ടുപോകുന്നത്. വഴിയില്‍ ഉടനീളമുള്ള അപൂര്‍വ്വമായ മരങ്ങളിലെല്ലാം അതിന്റെയൊക്കെ പേരും ബോട്ടണിക്കാര്‍ക്ക് മാത്രം നാവില്‍ വഴങ്ങുന്ന ശാസ്ത്രീയനാമങ്ങളുമൊക്കെ എഴുതിവെച്ചിട്ടുണ്ട്.

മുകളിലേക്ക് കയറാന്‍ തുടങ്ങി. തൊട്ടുമുന്നിലായി നാലഞ്ചുപേരുള്ള ഒരു ഫാമിലി ഗ്രൂപ്പുണ്ട്. പതുക്കെപ്പതുക്കെയാണ് അവരുടെ കയറ്റം. സാരിയൊക്കെ ഉടുത്ത സ്ത്രീകള്‍ക്ക് അനായാസമായി ആ കയറ്റം കയറുക സാദ്ധ്യമല്ല. ഞാന്‍ പതുക്കെ അവരെ ഓവര്‍ട്ടേക്ക് ചെയ്തു.

“അയാള് മലയാളിയാണെന്ന് തോന്നുന്നില്ല. കയറിപ്പോകുന്നത് കണ്ടില്ലേ? ക്യാമറയും സാമഗ്രികളുമൊക്കെയായി ഇങ്ങനെയുള്ള കാടുകളിലൊക്കെ ജീവിക്കുന്ന ഏതോ ഒരിനം ജീവിയാണെന്ന് തോന്നുന്നു “ പിന്നില്‍ നിന്ന് അവര്‍ തമാശപറഞ്ഞത് കേട്ടില്ലെന്ന് നടിച്ച് ഞാന്‍ കയറ്റം തുടര്‍ന്നു.

കുറച്ചങ്ങ് ചെന്നപ്പോള്‍ വഴി കൂടുതല്‍ ദുര്‍ഘടം പിടിച്ചതായി മാറി. കയറ്റം കൂടുതല്‍ കുത്തനെയായി. പലയിടത്തും മണ്ണൊലിച്ച് പോയി മരത്തിന്റെ വേരുകള്‍ നഗ്നമായി നില്‍ക്കുന്നു. കൊച്ചുകൊച്ചുപാ‍റകളില്‍ച്ചവിട്ടിയും വേരുകളില്‍ പിടിച്ചുമൊക്കെ കയറ്റം പുരോഗമിച്ചു. ഞാനതിനിടയില്‍ നന്നായി കിതക്കാന്‍ തുടങ്ങി. കാലുകള്‍ക്ക് നല്ല വേദനയും തോന്നി. അതിന് കാരണമുണ്ട്. ഷൂവിന്റെ ഉള്ളിലുള്ള നാക്ക് തുറിച്ച് ഉപ്പൂറ്റിവഴി പുറത്തുവന്നിരിക്കുന്നു. ഷൂ അഴിച്ച് ശരിയാക്കാനെന്ന വ്യാജേന ഞാനാ വഴിയിലെ വേരുകളില്‍ കുറച്ചുനേരമിരുന്നു. കിതപ്പകറ്റുകയായിരുന്നു പ്രധാനലക്ഷ്യം.

ഫാമിലി ബാച്ച് എന്റടുത്തെന്നുന്നതിന് മുന്‍പ് വീണ്ടും കയറാന്‍ തുടങ്ങി. എന്നെപ്പറ്റി അവര്‍ക്കുള്ള ഇമ്പ്രഷന്‍ കളയരുതല്ലോ. അധികം താമസിയാതെ ‘മഴവില്‍ച്ചാട്ട‘ത്തിലെത്തി. അപകടമുണ്ടാകാതിരിക്കാന്‍ അവിടെ കമ്പിവെച്ച് തടകള്‍ ഉണ്ടാക്കിയിട്ടുണ്ട്.താഴേക്ക് വെള്ളം വീഴുന്നത് ഇവിടന്ന് കാണാം. കോളേജ് കുട്ടികള്‍ ഇപ്പോഴും അവിടെത്തന്നെയൊക്കെയുണ്ട്. നന്നായി വെള്ളം ഒഴുകി താഴേക്ക് വീഴുന്ന സമയത്ത് ചിതറിത്തെറിക്കുന്ന നനുത്ത തുള്ളികളില്‍ സൂര്യപ്രകാശം വീഴുമ്പോള്‍ മഴവില്ല് കാണുന്നത് ഈ പാറയില്‍ നിന്നുള്ള ഒരു സാധാരണ കാഴ്ച്ചയാണ്. പക്ഷെ തെറിച്ച് വീഴാനും മാത്രം വെള്ളമില്ലാതിരുന്നതുകൊണ്ട് എനിക്കാ കാഴ്ച്ച നഷ്ടമായി. ചുറ്റുമുള്ള കാടിന്റെ പച്ചപ്പും, വെള്ളച്ചാട്ടത്തിന്റെ മുകലില്‍ നിന്നുള്ള ഭംഗിയുമൊക്കെ ആസ്വദിച്ച് കുറച്ചുനേരം അവിടെ നിന്നപ്പോഴേക്കും ഫാമിലി ബാച്ച് അവിടെവന്നുകയറി. ഞാന്‍ ഇട്ടിരിക്കുന്ന ടീ ഷര്‍ട്ട് വിയര്‍ത്ത് കുതിര്‍ന്നിരിക്കുന്നത് കണ്ടിട്ടാകണം കൂ‍ട്ടത്തിലുള്ള മുതിര്‍ന്ന സ്ത്രീ ‘യു വാണ്ട് വാട്ടര്‍?’ എന്നൊരു ചോദ്യം ചോദിച്ചു. കുറച്ച് വെള്ളം അവരുടെ കയ്യില്‍നിന്ന് വാങ്ങിക്കുടിച്ച് ‘താങ്ക്സ് ചേച്ചീ’ എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോഴും ഞാന്‍ മലയാളിയല്ലെന്ന് തന്നെയായിരിക്കണം അവരുടെ വിശ്വാസം.

കമ്പിവെച്ച് ഉണ്ടാക്കിയിട്ടുള്ള തടയുടെ മുകളില്‍ ഒരു കൊച്ചുസഞ്ചാരിയും അവന്റെ അച്ഛനും താഴേക്കുള്ള കാഴ്ച്ചകള്‍ ആസ്വദിച്ച് നില്‍ക്കുന്നുണ്ട്. ആ കൊച്ചുമിടുക്കന്റെ കമ്പിയുടെ മുകളിലുള്ള ഇരിപ്പ് കുറച്ച് അപകടം പിടിച്ചതാണെന്ന് തോന്നി.

അടുത്ത കയറ്റത്തിന് സമയമായി. ഇനി ബാക്കിയുള്ളത് തുമ്പിതുള്ളും പാറയാണ്. 500 മീറ്ററോളം കയറണം. വഴി പഴയതുപോലെതന്നെ ദുര്‍ഘടം തന്നെ. എങ്കിലും ഇപ്പോളത് ശീലമായിക്കഴിഞ്ഞു. പെട്ടെന്ന് മുകളിലെത്തിയപോലെ.

തുമ്പിതുള്ളും പാറ എന്ന് ഈ സ്ഥലത്തിന് പേര് വരാന്‍ കാരണമെന്താണെന്ന് മനസ്സിലായില്ല. അതിന്റെ കമ്പിവേലിക്കെട്ടിനടുത്ത് ചെന്ന് താഴേക്ക് നോക്കിയാല്‍ ഒരു തുമ്പിയെപ്പോലെ താഴേക്ക് തുള്ളാന്‍ ആര്‍ക്കും ചിലപ്പോള്‍ തോന്നിപ്പോകുമായിരിക്കും.

അവിടെ കുറച്ചുനേരം വിശ്രമിച്ചിട്ടേ മടക്കയാത്രയുള്ളൂ എന്ന് തീരുമാനിച്ചു. അരമണിക്കൂറായപ്പോഴേക്കും ഫാമിലി ബാച്ചും മുകളിലെത്തി. എല്ലാ‍വരും ക്ഷീണിച്ചിരിക്കുന്നു. അവര്‍ അവിടം വരെ കയറുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എല്ലാവരും പാറയുടെ മുകളില്‍ വിശ്രമമായി. കാടിനുള്ളിലേക്ക് വലിഞ്ഞ് നീരൊഴുക്കില്‍ കാലുമിട്ട് ഞാനും കുറേ നേരം അവിടിരുന്നു.

ഇക്കോ ടൂറിസം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും പേപ്പര്‍ പ്ലേറ്റുകളും പ്ലാസ്റ്റിക്ക് കുപ്പികളുമൊക്കെ കിടക്കുന്നുണ്ട്.നമ്മളിനി എന്നാണാവോ ഇക്കാര്യത്തില്‍ സാക്ഷരത നേടുക ?

കോഴിക്കോട് വനം ഡിവിഷന്റെ താമരശ്ശേരി റേഞ്ചില്‍ കോടഞ്ചേരി ഭാഗത്തുള്ള ജീരകപ്പാറ എന്ന വനമേഖലയാണ് ഇപ്പോള്‍ തുഷാരഗിരി എന്നപേരില്‍ ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. വനം വകുപ്പിന്റെ പഴയ ആധികാരികരേഖകളായ ടോപ്പോഷീറ്റുകള്‍, ഗസറ്റ് വിജ്ഞാപനങ്ങള്‍, വര്‍ക്കിങ്ങ് പ്ലാനുകള്‍, തുടങ്ങിയവയിലൊന്നും തുഷാരഗിരി എന്ന പേര് കാണില്ലത്രേ ! കാരണം ഈ പേര് കഴിഞ്ഞ ഒന്നുരണ്ട് ശദാബ്ദത്തിനത്ത് ഭാവനാശാലികളായ ഏതോ തദ്ദേശവാസികള്‍ ഈ സ്ഥലത്തിന്റെ മനോഹാരിതയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ ചാര്‍ത്തിക്കൊടുത്തതാണ്. കോടമൂടിനില്‍ക്കുന്ന ഇടമായതുകൊണ്ടും കോടയ്ക്ക് തുഷാരമെന്ന പദവുമായുള്ള ബന്ധവുമൊക്കെ വെച്ച് കോടഞ്ചേരി പഞ്ചായത്തിന്റെ നെറുകയില്‍ നിലകൊള്ളുന്ന ഈ സുന്ദരമായ പ്രദേശത്തിന് തുഷാരഗിരി എന്ന പേര് എല്ലാംകൊണ്ടും യോജിക്കുന്നതുതന്നെ.

തുഷാരഗിരിയില്‍ നിന്നുള്ള വെള്ളം ചാലിപ്പുഴ , ചെമ്പുകടവുവഴി ചാലിയാറിലെത്തുന്നു.ഈ മലവാരത്തിന് വയനാടുജില്ലയിലെ ബാണാസുരസാഗര്‍, വെള്ളരിമല, മലപ്പുറം ജില്ലയിലെ പന്തീരായിരം തുടങ്ങിയ പശ്ചിമഘട്ട വനശൃം‌ഗലകളുമായി ബന്ധമുണ്ട്. ഈപ്പറഞ്ഞ ഹരിതവനങ്ങളാണ് തുഷാരഗിരിയെപ്പോലുള്ള ജലപ്രവാഹങ്ങളുടെ ഗര്‍ഭഗൃഹങ്ങള്‍.

നമ്മളൊന്നും ഇതുവരെ കാണാത്ത നൂറുനൂറു കൊച്ചു ജലശ്രോതസ്സുകളുടേയും നീര്‍ച്ചാലുകളുടേയും, കാട്ടാറുകളുടേയും പ്രഭാവകേന്ദ്രമായ പശ്ചിമഘട്ടത്തിലെ അതിമനോഹരമായ ഒരിടം മാത്രമാണ് തുഷാരഗിരി. കുറിഞ്ഞിപ്പൂക്കളുടെ കാലമായാല്‍ മൂന്നാറിന്റെ അത്രയ്ക്ക് വരില്ല്ലെങ്കിലും തുഷാരഗിരിയിലെ കാട്ടുചോലകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കുമിടയിലുള്ള കുറ്റിക്കാടുകളില്‍ വാരിവിതറിയപോലെ കുറിഞ്ഞികള്‍ പൂത്തുനില്‍ക്കുമത്രേ !

താഴേക്കിറങ്ങാന്‍ സമയമായി. ഇറക്കമാണ് കയറ്റത്തിനേക്കാള്‍ അപകടം പിടിച്ചതെന്ന് തോന്നി. പലപ്പോഴും കാലുകള്‍ തെന്നുകയും നിയന്ത്രണം വിടുകയും ചെയ്തു. പ്രതീക്ഷിക്കാത്ത ഒരിറക്കത്തില്‍ പെട്ടെന്ന് ഞാനൊന്ന് തെന്നി വീണു. കയ്യിലിരുന്ന ക്യാമറയും ട്രൈപ്പോഡും നിലത്തടിച്ചു. എല്ലാം തീര്‍ന്നെന്നാണ് കരുതിയതെങ്കിലും ക്യാമറയ്ക്ക് പുറമെയുള്ള പരിക്കുകള്‍ മാത്രമേ കണ്ടുള്ളൂ. എന്റെ പരിക്കുകള്‍ സാരമുള്ളതായിരുന്നില്ലെങ്കിലും ശരീരത്തില്‍ എവിടെയൊക്കെയോ വേദനയും, കൊളുത്തിപ്പിടുത്തവുമൊക്കെ തോന്നാതിരുന്നില്ല.

അവിടന്നങ്ങോട്ട് ശ്രദ്ധിച്ചാണിറങ്ങിയത്.ഈരറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന വഴിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാലിപ്പുഴയുടെ തീരത്തേക്ക് നടന്നാല്‍ മറ്റൊരു കാഴ്ച്ചകൂടെ ബാക്കിയുണ്ട്.

120 വര്‍ഷത്തോളം പഴക്കമുള്ള ഒരു താന്നിമരമാണത്. താന്നിമുത്തശ്ശി എന്നപേരില്‍ അറിയപ്പെടുന്ന ഈ കൂറ്റന്‍ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേര്‍‌ക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും. അതിലിരുന്ന് മുകളിലേക്ക് നോക്കിയാല്‍ പൊള്ളയായ ഉള്‍ഭാഗത്തൂടെ മുകളിലുള്ള ദ്വാരവും അതിലൂടെ അരിച്ചിറങ്ങുന്ന സൂര്യനേയും കാണാന്‍ പ്രത്യേക രസമാണ്. ഉള്ളിലൂടെ വള്ളികള്‍ ഞാന്നുകിടക്കുന്നുണ്ട്. കുറച്ച് സാഹസികത വേണമെന്നുള്ളവര്‍ക്ക് ഞാന്നുകിടക്കുന്ന ആ വള്ളികളില്‍ തൂങ്ങി കുറച്ചുദൂരം മുകളിലേക്ക് കയറിപ്പോകാനും പറ്റുമെന്നാണ് ഫോറസ്റ്റ് ഗാര്‍ഡ് പറയുന്നത്.

എന്റെ ആരോഗ്യസ്ഥിതി മോശമായിപ്പോയതുകൊണ്ട് തല്‍ക്കാലം ഞാനാ കലാപരിപാടിയെപ്പറ്റി ചിന്തിച്ചില്ല. കോളേജ് കുട്ടികള്‍ അപ്പോളേക്കും സ്ഥലത്തെത്തി മരപ്പൊത്തില്‍ കയറി പടമെടുക്കലും, തൂങ്ങിക്കയറലുമൊക്കെയായി പരിസരം കോലാഹലമയമായി.

ഞാന്‍ പതുക്കെ പുഴക്കരയിലേക്ക് നടന്നു. പുഴയുടെ അക്കരയില്‍ വട്ടച്ചിറ ആദിവാസി കോളനിയാണ്. കുറച്ചുനേരം പുഴക്കരയിലിരുന്നശേഷം മടങ്ങാനായിരുന്നു പരിപാടി. അപ്പോഴേക്കും കുശലം പറഞ്ഞുകൊണ്ട് ഫോറസ്റ്റ് ഗാര്‍ഡ് ജോര്‍ജ്ജ് അങ്ങെത്തി. ഞാനേതോ പത്രക്കാരനാണെന്നാണ് കക്ഷി ധരിച്ചുവെച്ചിരിക്കുന്നത്. നാളത്തെ പത്രത്തില്‍ തുഷാരഗിരിയുടെ പടം വരുമോന്നാണ് കക്ഷീടെ ചോദ്യം. ജോര്‍ജ്ജുമായി സംസാരിച്ച് കുറച്ചുനേരംകൂടെ ചിലവാക്കി.

തുഷാരഗിരിയില്‍ ഇപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ നല്ല ജനത്തിരക്കുണ്ട്. അവധി ദിവസങ്ങളിലും പെരുന്നാള്‍ ദിവസങ്ങളിലുമൊക്കെ നല്ല തിരക്കായിരിക്കുമത്രേ! പക്ഷെ അധികം തിരക്കൊന്നുമില്ലാത്ത ഒരു സ്ഥലം ബാക്കി കിടക്കുന്നുണ്ട്. അതൊരു നല്ലട്രക്കിങ്ങിനുപറ്റിയ ഇടമാണ്. തുമ്പിതുള്ളും പാറയില്‍ നിന്ന് വീണ്ടും മുകളിലേക്ക് കയറി കാട്ടിലൂടെ ആറുകിലോമീറ്ററോളം നടന്നാല്‍ തേന്‍‌പാറയിലെത്താം. 4 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒരു ഒറ്റപ്പാറയാണത്. അവിടന്നുള്ള കാഴ്ച്ച അതിമനോഹമാണുപോലും! എഴുന്നേറ്റ് നിന്ന് നോക്കിയാല്‍ തലകറങ്ങുന്നതുപോലെ തോന്നുന്നതുകൊണ്ട് പാറയില്‍ കമഴ്ന്ന് കിടന്നാണത്രേ സഞ്ചാരികള്‍ തേന്‍‌പാറയില്‍ നിന്നുള്ള താഴ്വരക്കാഴ്‌ച്ച ആസ്വദിക്കുന്നതെന്നൊക്കെയുള്ള ജോര്‍ജ്ജിന്റെ വിവരണം കൊതിപ്പിക്കുന്നതായിരുന്നു. ട്രക്കിങ്ങും, ക്യാമ്പിങ്ങുമൊക്കെ നടത്താന്‍ തയ്യാറാണെങ്കില്‍, ഫോറസ്റ്റ് ഓഫീസില്‍ മുന്‍‌കൂട്ടി വിവരമറിയിച്ചാല്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡ് തേന്‍‌പാറയിലേക്ക് വഴികാട്ടിയായി കൂടെ വരും.തേന്‍‌പാറയുടെ അടുത്തായി അവിഞ്ഞിത്തോട് എന്ന പേരില്‍ മറ്റൊരു വെള്ളച്ചാട്ടം കൂടെയുണ്ട്.

താന്നിമുത്തശ്ശിയുടെ ഉള്‍ഭാഗത്തെ വള്ളികള്‍ത്തൂങ്ങി പൊള്ളയായ ഉള്‍ഭാഗത്തേക്ക് കയറാനും, തേന്‍‌പാറയിലേക്ക് ട്രക്കിങ്ങ് നടത്താനും, അവിഞ്ഞിത്തോട് വെള്ളച്ചാട്ടം കാണാനുമൊക്കെയായി ഇനിയൊരിക്കല്‍ക്കൂടെ തുഷാരഗിരിയിലേക്ക് വന്നേപറ്റൂ എന്നുറപ്പിച്ചുകൊണ്ടായിരുന്നു എന്റെ മടക്കയാത്ര.

Comments

comments

42 thoughts on “ തുഷാരഗിരി

 1. ഹായ് ആദ്യ കമന്റ് എന്റെ വക…

  തുഷാരഗിരിയില്‍ ഒരിക്കല്‍ ഞാനും ഒരു കസിനും കൂടെ പോയിരുന്നു. തുമ്പിതുള്ളും പാറ വരെ കയറി… ഹൊ, നല്ല സുഖമായിരുന്നു കേട്ടോ…

  പക്ഷെ മാര്‍ച്ചിലായതുകൊണ്ട് കാര്യമായി വള്ളമൊന്നും ഉണ്ടായിരുന്നില്ല. കയറിയത് നഷ്ടമായിപ്പോയോ എന്ന് തോന്നിപ്പോയി. അതുകൊണ്ട് കൂടുതല്‍ ഉയരത്തിലേക്ക് ട്രൈ ചെയ്തില്ല.

  മനോജേട്ടനെപ്പോലെ ട്രക്കിംഗ് വിദഗ്ദനൊന്നുമല്ലാത്തതുകൊണ്ട് താഴേക്ക് വരുമ്പോള്‍ സ്ലിപ്പായി വീഴുകയും ചെയ്തു…

  പക്ഷെ ഈ പറഞ്ഞതുപോലെ, നാട്ടുവഴിയുടെ ഭംഗി ഒന്നു വേറെ തന്നെ, അത് ശരിക്കും മനസിലാക്കണമെങ്കില്‍ ബൈക്കില്‍ തന്നെ പോകണം കേട്ടോ..

  അതിന്റെ പിറ്റേന്നാണ് ഈ യാത്ര ചെയ്തത്.

  ഒരുമിച്ച് പോകാന്‍ പറ്റിയിരുന്നെങ്കില്‍ നല്ല രസമാകുമായിരുന്നു.

  നല്ല വിവരണം മനോജേട്ടാ..

 2. പതിവു പോലെ. കണ്ണ് മിഴിച്ച് വായിച്ചു. ഇടക്കെടക്ക് ‘ശ്ശെടാ അവിടെ ഒന്നു പോണോല്ലോ’ എന്നാത്മഗതിച്ച്.

  നിരക്ഷര്‍ജി, സ്ഥലം സൂപ്പര്‍, വിവരണം സൂപ്പര്‍, ഒരിടത്ത് എത്തി എന്ന് പറയുമ്പോ, ദാ, ഞങ്ങള്‍ക്കും എത്താന്‍ പാകത്തിനൊരു കിടിലന്‍ പടം. ഞങ്ങളും എത്തി.

  ഫോറസ്റ്റ് ഗാര്‍ഡ് ജോര്ജ്ജിന് ഈ ബ്ലോഗിന്റെ അഡ്രസ് ആരേലും ഒന്നു കൊടുക്കണേ. പുള്ളി ഹാപ്പി ആകും :)

 3. ധാരാളം കേട്ടിരിക്കുന്നൂ, തുഷാരഗിരിയെപ്പറ്റി. പോകണമെന്നുണ്ട്.

  -പക്ഷെ ഇപ്പൊ തോന്നുന്നൂ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന്; മനോജിന്റെ വിവരണവും ഫോട്ടോകളും അത്ര ഹൃദ്യം,മനോഹരം!!

  അധികം പൊക്കുന്നില്ല.
  കീപ് ഇറ്റ് അപ്!

 4. ഈശ്വരാ, നിരക്ഷര്‍ജിടെ പോസ്റ്റില്‍ ആദ്യകംമെന്റ്റ് ഇട്ടു ധന്യയാകാമെന്നോര്ത്തു ടൈപ്പ്യത് ഈ ശ്രീയും കുറ്റിയാടിം അനോണിം കൊണ്ടോയല്ലോ :)

 5. നമ്മുടെ നാട്ടില്‍ തന്നെ എത്രയെത്ര സ്ഥലങ്ങള്‍..അല്ലെ?
  നിരുവിന്റെ പോസ്ടിലൂടെയെങ്കിലും ഇതൊക്കെ കാണാന്‍ സാധിച്ചല്ലോ..നന്ദി.
  താന്നി മുത്തശ്ശി..കാണാന്‍ ശരിക്കും കൊതി തോന്നി.
  ക്യാമറ നന്നാക്കാനുണ്ട്…..എന്താ ചെയ്യ്വാ?ആരെങ്കിലും ഹെല്‍പ്പുമോ ആവോ?

 6. മനോജ്,
  ഇക്കഴിഞ്ഞ വെക്കേഷന് കൂട്ടുകാരുമൊത്ത് തുഷാരഗിരി കാണാന്‍ പോയിരുന്നു. വീണ്ടുമതോര്‍ത്തെടുക്കാന്‍ ഈ കുറിപ്പ് സഹായിച്ചു. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനടുത്ത് ഇത്തിരി നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കാനും കഴിഞ്ഞിരുന്നു ആ യാത്രയില്‍. തേന്‍പാറ ഭാഗത്ത് നിന്ന് വിറക് ശേഖരിച്ച് വരുന്ന ചിലര്‍ മഴവില്‍ ചാട്ടം ഭാഗത്ത് വെച്ച് കാലില്‍ നിന്ന് അട്ടയെ പറിച്ച് മാറ്റുന്നത് കണ്ടപ്പോള്‍ അധികം മുകളിലേക്ക് കയറാനുള്ള താല്പര്യം എല്ലാവര്‍ക്കും ഇല്ലാതായി. തുഷാരഗിരി നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് മാത്രമല്ല, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ നല്ല സഹകരണവുമായിരുന്നു. മഴക്കാലത്ത് അട്ടയുടെ ശല്യമുണ്ടാകുമെന്നതൊഴിച്ചാല്‍, ട്രക്കിംഗിന് പറ്റിയ അടിപൊളി സ്ഥലം.
  വിവരണത്തിനും ചിത്രങ്ങള്‍ക്കും വളരെ നന്ദി.

 7. അപ്പോ ഞാന്‍ ആദ്യം പോയ തുഷാരഗിരിയും രണ്ടാമത്‌ പോയ തുഷാരഗിരിയും ഇപ്പോ കണ്ട തുഷാരഗിരിയും ഇനിയും അവിടെ പോകണം എന്ന് തന്നെ പറയുന്നു.എന്നാ ഇപ്പോ തന്നെ പോകട്ടെ(അങ്ങാടിയിലേക്കാട്ടോ…ഹോട്ടല്‍ തുഷാരഗിരിയിലേക്ക്‌!!!)

 8. നിരന്റെ ഈ യാത്രാകുറിപ്പുകള്‍ വായിക്കുമ്പോഴാണ് ജീവിതത്തില്‍ എന്തെല്ലാമാണ് നഷ്ടപ്പെടുന്നത് എന്നോര്‍ക്കുന്നത് .ഇനി പോകാം ,അല്ലെങ്കില്‍ അടുത്ത അവധിക്ക് പോകാം എന്നൊക്കെ വിചാരിച്ചാലും ഒരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങള്‍ .ഒരു മാസം കൊണ്ട് ഏതൊക്കെ സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ കഴിയും .ഒരു പ്രവാസിയുടെ ദുഃഖം .എന്നാലും ഞാന്‍ സന്തോഷിക്കുന്നു ,കാരണം ഇങ്ങനെ ഉള്ള കുറിപ്പുകള്‍ കാരണം ഞാനും ആ സ്ഥലങ്ങളില്‍ എല്ലാം എത്തിചെരുന്നുണ്ടല്ലോ.

  ഓടോ ..കുളി ,ജപം ,നന ഇവ കഴിഞ്ഞെങ്കില്‍ വന്ന് തട്ടേല്‍ കയറ്.കാണികള്‍ കാത്തിരിക്കുന്നു :)

 9. അങ്ങനെ ഒരു പുതിയ സ്ഥലം കൂടി കണ്ടു. താന്നിമുത്തശ്ശിയെ ഒരുപാട് ഇഷ്ടായി.

  ഇവിടെയൊക്കെ ജീവിതത്തിലെന്നെങ്കിലും പോകാൻ സാധിക്കുമോ? അവോ, ആർക്കറിയാം… അല്ലെങ്കിൽ കാപ്പിലാൻ പറഞ്ഞതുപോലെ, ഈ കുറിപ്പുകളിലൂടെയെങ്കിലും അവിടെ എത്തി എന്നാശ്വസിക്കാമല്ലേ..?

 10. “അയാള് മലയാളിയാണെന്ന് തോന്നുന്നില്ല. കയറിപ്പോകുന്നത് കണ്ടില്ലേ? ക്യാമറയും സാമഗ്രികളുമൊക്കെയായി ഇങ്ങനെയുള്ള കാടുകളിലൊക്കെ ജീവിക്കുന്ന ഏതോ ഒരിനം ജീവിയാണെന്ന് തോന്നുന്നു “ പിന്നില്‍ നിന്ന് അവര്‍ തമാശപറഞ്ഞത് കേട്ടില്ലെന്ന് നടിച്ച് ഞാന്‍ കയറ്റം തുടര്‍ന്നു.

  അവർക്കും കാര്യങ്ങൾ മനസ്സിലായീ ല്ലേ !!നല്ല യ്അത്രാ വിവരണം.ഒരു നാൾ ഞാനും ഈ സ്ഥലങ്ങളിലൊക്കെ പോകും (സ്വപ്നം കാണുന്നതിനു ചെലവൊന്നും ഇല്ലല്ലോ !)

 11. ഭീഗരാ.. എന്നത്തേം പോലെ ഇച്ചെങ്ങായിയെ തല്ലിക്കൊല്ലണമെന്നും ആ ക്യമറ ഒരു കല്ലിലെടുത്തു വച്ച്‌ വേറൊരു കല്ലുകൊള്ളു കുത്തിപ്പൊട്ടിക്കണമെന്നും നന്നായിട്ടു തോന്നണുണ്ട്‌. കയ്യെത്തും ദൂരത്തിലല്ലാത്തതു നിങ്ങളെ ഭാഗ്യം!

  ഓ.ടോ. ആ വെള്ളച്ചാട്ടതിന്‍റെ അടുത്തിരിക്കിണ ഫോട്ടോയില്‍ കാണുന്ന ലേഡീസ്‌ ചപ്പലു കൊണ്ടാണോ അന്നു അടികിട്ടിയെന്നു പറഞ്ഞത്‌? അതൊരു സൊവനീര്‍ ആക്കാനാണോ പരിപാടി?

 12. നിരച്ചര, താടിയില്‍ നര കയറിയല്ലോ , ഇനിയെങ്കിലും നന്നായിക്കൂടെ മനുഷ്യ ? എന്തിനാണ് വെറുതെ പെണ്ണുങ്ങളുടെ തല്ല് വാങ്ങാന്‍ നടക്കുന്നത് ? കഷ്ടം .

 13. എന്നത്തേയും പോലെ വളരെ മനോഹരമായ മറ്റൊരു വിവരണം കൂടി. പുതിയ സ്ഥലവും അവിടത്തെ വിശേഷങ്ങളും ഇഷ്ടപ്പെട്ടു. ഈ വിവരണങ്ങൾക്കു നന്ദി.

 14. യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള എനിക്ക് ഈ വായന തികച്ചും സന്തോഷം തരുന്നു….ഈ യാത്ര സമ്മാനിച്ചതിന് നന്ദി….

 15. അഭിനന്ദനങ്ങള്‍ ……ജീവിതം ഇത്രയും സുന്ദരമായ ഒരാഘോഷമാക്കുന്നതിന്….(ആവൂ … എന്റെ മനസ്സില്‍ തോന്നിയത് എനിക്ക് തന്നെ എഴുതാന്‍ പറ്റിയല്ലൊ).ഇതുപോലെയുള്ള ആഘോഷങ്ങള്‍ വരും വര്‍ഷവും പ്രതീക്ഷിക്കുന്നു…ആശംസകള്‍….

 16. നിരാ, ആ ജലപാതത്തിലോട്ട് ഒന്നു നീങ്ങി നിന്നേ, തല ഒന്നു നനയട്ടെ, ചെളിയൊക്കെ ഒന്നിളകട്ടെ…പു.വ.ആശംസകള്‍

 17. തുഷാ‍രഗിരിയെ ഒന്നുകൂടി ഓര്‍ക്കാന്‍ കഴിഞ്ഞു ഈ പോസ്റ്റ് എന്നൊന്നും ഞാനെഴുതുന്നില്ല കാരണം തുഷാരഗിരിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല…

  ങാ…. അവരു വെള്ളച്ചാട്ടത്തിനടുത്തൂന്നു മാറട്ടേന്നുകരുതി മാറി നിന്നത് ഒരു മണിക്കൂറാണല്ലേ….. ആയിക്കോളൂ …. ആയിക്കോളൂ….. ഞാനൊന്നും പറഞ്ഞില്ലേ….

  ഫോട്ടോസും വിവരണങ്ങളും നന്നായിരുന്നു
  പുതുവത്സരാശംസകള്‍

 18. കേരളത്തില്‍ ഇത്രയധികം സുന്ദരമായ സ്ഥലങ്ങളുണ്ടെന്ന് നമ്മള്‍ ഇങ്ങനെ പോസ്റ്റുകള്‍ വഴിയൊക്കെ അറിയുന്നു, കണ്ണുമിഴിച്ച് പടമൊക്കെ കാണുന്നു, അസൂയപ്പെടുന്നു. കാണാന്‍ പോകാമ്പറ്റുമെന്നൊന്നും ഒരു പ്രതീക്ഷയുമില്ല. പിന്നെ, ഇങ്ങനെ കമന്റടിച്ച് മടങ്ങുന്നു. :)

  നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു!

 19. പതിവു പോലെ അസ്സലായിരിയ്ക്കുന്നു.

  ഹൌ, ആ തെന്നി വീഴല്‍ ആലോചിയ്ക്കാനേ വയ്യ, എനിയ്ക്കു പറ്റിയിട്ടുണ്ട് ഒരു തവണ, നിലമ്പൂരിലുള്ള “ആഠ്യന്‍പാറ“ എന്ന വള്ളച്ചാട്ടം കീട്ടിട്ടുണ്ടോ? വളരെ ചെറിയ ഒരു സ്ഥലവും, പാറക്കെട്ടും ഒക്കെയാണ്, പ്ക്ഷേ വഴുക്കല്‍ ചിന്തിയ്ക്കാവുന്നതിലുമപ്പുറം. നല്ല കാലം കൊ‍ണ്ട് വെള്ളത്തിലേയ്ക്കു വീണില്ല!

 20. ആദ്യം കേള്‍ക്കുന്നു ,

  പോണം ,
  പോകാന്‍ പറ്റുമായിരിക്കും ..

  വിവരണം കൊള്ളാം 

 21. തുഷാരഗിരിയില്‍ എത്തിയ എല്ലാവര്‍ക്കും ഒരുപാട് നന്ദി.

  ഇത് കുറച്ച് പൈങ്കിളിയായിപ്പോയി എന്ന് മെയിലിലൂടെ അഭിപ്രായം അറിയിച്ച ഒരു സുഹൃത്തിനടക്കം എല്ലാവര്‍ക്കും എല്ലാവര്‍ക്കും…

 22. വീണ്ടും നീരുടച്ച് – ഭൂമിയിലും ബ്ലോഗിലും.
  പണ്ട് എസ്.കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ ആര്‍ത്തിയോടെ ഒറ്റയിരുപ്പില്‍ വായിച്ചതോര്‍ത്തു.
  തുഷാരഗിരി കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും ഒരുവിധം ആ ദുഖം ഇല്ലാതായി.

 23. ഭാഗ്യവാനേ….. “കാടിന്റെ സൌന്ദര്യം തൊട്ടറിഞ്ഞ് ചാലിപ്പുഴയുടെ രണ്ട് കൈവരികള്‍ ഒന്നാകുന്ന മനോഹരമായ സംഗമഭൂമി..” തുഷാരഗിരിയിലേക്കുള്ള യാത്ര നഷ്ടമായില്ല.

  ആട്ടെ, ഇത്തവണ ട്രൈപ്പോഡ് വച്ച് ഒറ്റയ്ക്ക് ഫോട്ടോകള്‍ കാച്ചുകയായിരുന്നുവെന്നു തോന്നുന്നുവല്ലോ. പ്രത്യേകിച്ച ആ വെള്ളച്ചാട്ടത്തിനു മുമ്പില്‍ ഇരിക്കുന്ന പടം നന്നായിട്ടുണ്ട്.

 24. കാപ്പിലാന്റെയും വീണയുടെയും കമന്റിനു താഴെ ഒരു ഒപ്പ് .

  പുതുവത്സരാശംസകള്‍ !

 25. “കര്‍മ്മം – എണ്ണപ്പാടത്ത് എഞ്ചിനീയര്‍; കര്‍മ്മസ്ഥാനം – നടുക്ക്‌ കിഴക്ക്‌;”

  ഇതെങ്ങനെ സാധിക്കുന്നു middleest-il ഉള്ള ആള്‍ക്ക് ? ഇതെല്ലാം നടുക്ക്‌ കിഴക്ക്‌ വരുന്നതിനു മുന്‍പ് നടത്തിയ യാത്രകള്‍ ആണോ?

 26. “അയാള് മലയാളിയാണെന്ന് തോന്നുന്നില്ല. കയറിപ്പോകുന്നത് കണ്ടില്ലേ? ക്യാമറയും സാമഗ്രികളുമൊക്കെയായി ഇങ്ങനെയുള്ള കാടുകളിലൊക്കെ ജീവിക്കുന്ന ഏതോ ഒരിനം ജീവിയാണെന്ന് തോന്നുന്നു “ – അയ്യോ, ചിരിച്ച് മതിയായി. നല്ല സ്ഥലവും നല്ല വിവരണവും :-)

 27. താങ്കള്‍ എഴുതിയത് ,

  അന്യസംസ്ഥാനത്തുനിന്നുവന്ന കോളേജുകുമാരിമാരുടെ 50ന് മുകളില്‍ വരുന്ന വലിയൊരു സംഘം വെള്ളച്ചാട്ടത്തിനടിയില്‍ പടമെടുത്തും, വെള്ളം തെറിപ്പിച്ചുമൊക്കെ ഉല്ലസിച്ച് നില്‍ക്കുന്നുണ്ട്. ഒരുമണിക്കൂറോളം അവരവിടെത്തെന്നെ നിന്നതുകാരണം വെള്ളച്ചാട്ടത്തിന്റെ മാത്രമായി നല്ലൊരു പടമെടുക്കാന്‍ എനിക്കായില്ല.

  നിര്‍ബന്ധമാണെങ്കില്‍ ഒരു മാര്‍ഗമുണ്ട്. ”Where there is a will, there is a way” എന്നാണല്ലൊ.ഒരു tripod ഉം photoshop CS 3 Extended ഉം ഉണ്ടെങ്കില്‍ കാര്യം നടക്കും.താങ്കള്‍ക്ക് tripopd ഉണ്ടെന്നു പോസ്റ്റില്‍ നിന്നു മനസിലാക്കുന്നു. ആദ്യം ക്യാമറ tripod ല്‍ ഉറപ്പിക്കുക.മാന്വല്‍ മോഡില്‍ ഒരേ എക്സപോഷറില്‍ ഏതാനും സെക്കണ്ടുകള്‍ ഇടവിട്ട് കുറെ ചിത്രങ്ങള്‍ എടുക്കുക.അതായത് ഓരോ ചിത്രത്തിലും ആളുകള്‍ പലസ്ഥലങ്ങളില്‍ ആയിരിക്കും. ബാക്കി എല്ലാ തരത്തിലും ചിത്രങ്ങളെല്ലാം ഒരുപോലിരിക്കും. ഇനി ചിത്രങ്ങള്‍ ഫോടോഷോപ്പിലെ ‘smart stack’ option ഉപയോഗിച്ച് ആളുകളെ മായ്ച്ചു കളയാം.’tourist eraser’,’neutron bomb filter’ എന്നൊക്കെ തമാശയായി ഈ രീതിയെ വിളിക്കാറുണ്ട്.
  tequnique :

  (1) Go Files > Scripts > Load Files into Stack.
  (2) Check the “Create Smart Object after Loading Layers” and the “Attempt to Automatically Align Source Images” options. Select the “Load Open Images Option” and click “OK.”
  (3) Now you get a smart object layer.
  (4) Go Layers > Smart Objects > Stack Mode > Median
  (5) Now we have erased our tourists!! Simple!!
  You can use clone stamp or healing brush to finish the image.

  My photoblog http://manojdoctor.aminus3.com/

 28. തുമ്പിതുള്ളും പാറ എന്ന് ഈ സ്ഥലത്തിന് പേര് വരാന്‍ കാരണമെന്താണെന്ന് മനസ്സിലായില്ല. അതിന്റെ കമ്പിവേലിക്കെട്ടിനടുത്ത് ചെന്ന് താഴേക്ക് നോക്കിയാല്‍ ഒരു തുമ്പിയെപ്പോലെ താഴേക്ക് തുള്ളാന്‍ ആര്‍ക്കും ചിലപ്പോള്‍ തോന്നിപ്പോകുമായിരിക്കും…

  rasakaram

 29. നന്നായി മാഷെ..ശരിക്കും തുഷാര ഗിരി കയറിയ അനുഭവം.തുഷാര ഗിരിക്ക് ഒരു യാത്ര ഉറപ്പിച്ചു.
  പോസ്റ്റിനു നന്ദി

 30. തുഷാരഗിരിയുടെ അയല്‍‌വാസിയാണെന്നു അഹങ്കരിച്ചോട്ടെ.
  കോഴിക്കോടുനിന്നു വരാന്‍ വേറെ ഒരു വഴിയും കൂടെ ഉണ്ടുട്ടോ.
  താമരശ്ശേരിനിന്നും വലത്തു തിരിഞ്ഞ് മുക്കം റോഡിലൂടെ വന്ന് കൂടത്തായി വച്ച് ഇടത്തു തിരിഞ്ഞ് മൈക്കവു വഴി കോടഞ്ചേരി – പുലിക്കയം വഴി പോകാം… പുലിക്കയം ഷാപ്പില്‍ ഞാനുണ്ടാവും ട്ടോ..

Leave a Reply to Bindhu Unny Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>