tusami

യാത്രയായവര്‍ക്ക് വേണ്ടി


26 ഡിസംബര്‍ 2004. രാവിലെ തന്നെ, കുടുംബസമേതം ബാംഗ്ലൂര് നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.

അക്കാലത്ത്, മുഴങ്ങോടിക്കാരി നല്ലപാതിക്ക് ജോലി ബാംഗ്ലൂരായിരുന്നതുകൊണ്ട് കേരളത്തിലേക്കുള്ള യാത്രകള്‍ എന്നും തുടങ്ങുന്നത് ബാംഗ്ലൂര് നിന്നാണ്. എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിവസങ്ങളായതുകൊണ്ട്, എന്നാണ് കൃത്യമായി ബാംഗ്ലൂരെത്തുക എന്ന് ഒരിക്കലും കൃത്യമായി പറയാനാകില്ല. അതുകൊണ്ടുതന്നെ തീവണ്ടിട്ടിക്കറ്റുകള്‍ നേരത്തേ തന്നെ എടുക്കാനും പറ്റാറില്ല. പിന്നെയുള്ള ആശ്രയം ഒരു റ്റാറ്റാ ഇന്‍ഡിക്കാ കാറാണ്. ദീര്‍ഘദൂര ഡ്രൈവിങ്ങ് എന്നും ആസ്വദിച്ചിരുന്നതുകൊണ്ട് ബാംഗ്ലൂര് നിന്ന് എറണാകുളം വരെയുള്ള ഇത്തരം യാത്രകള്‍ പതിവാണ്.

സേലം, കോയമ്പത്തൂര്‍ വഴി പാലക്കാടെത്തി ഉച്ചയൂണ് കഴിഞ്ഞ് യാത്ര തുടരുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ചിലച്ചു. വിളി വീട്ടില്‍ നിന്നാണ്.

“എവിടെയെത്തി? ”
“ഞങ്ങള്‍ പാലക്കാട് കഴിഞ്ഞു.”
“തൃശൂര് കഴിഞ്ഞാല്‍ നിങ്ങള്‍ തീരദേശ റൂട്ടിലൂടെയൊന്നും വരണ്ട കേട്ടോ? ”
“അതെന്താ ? തീരദേശ റൂട്ടിലെ റോഡൊക്കെ മോശമാണോ? ”
“അതൊന്നുമല്ല, വേറേ ചില പ്രശ്നങ്ങളുണ്ട്.”
“എന്ത് പ്രശ്നം? വല്ല മിന്നല്‍പ്പണിമുടക്കോ ഹര്‍ത്താലോ, ബന്തോ മറ്റോ ഉണ്ടോ? ”
“ഏയ് അതൊന്നുമല്ല.”
“പിന്നെന്താ? ”
“അതേയ്, വേളാങ്കണ്ണീലൊക്കെ പള്ളീല്‍ കടല് കയറി കുറേപ്പേര് മരിച്ചെന്ന് കേള്‍ക്കുന്നു.”
“വേളാങ്കണ്ണി പള്ളീല് കടല് കയറിയതും, ഞങ്ങള്‍ തീരദേശ റൂട്ട് വഴി വരുന്നതും തമ്മിലെന്ത് ബന്ധം ? വേളാങ്കണ്ണി തമിഴ്‌നാട്ടിലല്ലേ ?”
“അതൊക്കെയുണ്ട്. നിങ്ങള് തല്‍ക്കാലം പറഞ്ഞതുപോലെ കേട്ടാമ്മതി.”

പറഞ്ഞതുപോലെ കേട്ടു, പക്ഷെ അനുസരിച്ചില്ല. തൃശൂര് നിന്ന് ഗുരുവായൂര്‍, ചേറ്റുവ, കോട്ടപ്പുറം, മൂത്തകുന്നം, പറവൂര്‍ വഴിയുള്ള തീരദേശറൂട്ടുപിടിച്ചുതന്നെ എറണാകുളത്തെത്തി. തീരദേശം വഴി വരേണ്ട എന്ന് പറഞ്ഞതിന്റെ രഹസ്യം അതിനുശേഷമാണ് ചുരുളഴിഞ്ഞത്.

മുന്‍പരിചയമില്ലാത്ത സുനാമിയെന്ന ഒരു പ്രകൃതിദുരന്തം സംഹാരതാണ്ഡവമാടിയിരിക്കുന്നു.

മരിച്ചവരുടെ കൃത്യമായിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ സംഹരിച്ച ശക്തിയുടെ കയ്യില്‍ മാത്രമേ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. പലപല മാധ്യമങ്ങളിലൂടെ പുറത്തുവന്ന കണക്കുകളും ഔദ്യോഗിക കണക്കുകളും‍ പലതരത്തിലുള്ളതായിരുന്നു. ഏകദേശകണക്കുകള്‍ തന്നെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു..

ഇന്തോനേഷ്യയില്‍ 125,596-127,420 മരണം. കാണാ‍തായവര്‍ 94,550-116,368.
ശ്രീലങ്കയില്‍ 31,003-38,195 മരണം. കാണാ‍തായവര്‍ 4,698-4,924.
ഇന്ത്യയില്‍ 10,779 മരണം. കാണാ‍തായവര്‍ 5,614.
തായ്‌ലാന്റില്‍ 5,395 മരണം. കാണാ‍തായവര്‍ 2,991.
സോമാലിയയില്‍ 298 മരണം.
മ്യാണ്‍‌മാറില്‍ 90 മരണം.
മാല്‍‌ദീവ്‌സില്‍ 82 മരണം.
മലേഷ്യയില്‍ 68 മരണം.
ടാന്‍സാനിയയില്‍ 10 മരണം.
ബംഗ്ലാദേശില്‍ 2 മരണം.
കെനിയയില്‍ 1 മരണം.

നമ്മുടെ കൊച്ചുകേരളത്തിലും നൂറുകണക്കിനാളുകള്‍ സുനാമി ദുരന്തത്തിനിരയായി. രാജ്യമേതായാലും ഭാഷയേതായാലും പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ നമ്മെ വിട്ടുയാത്രയായത് ലക്ഷക്കണക്കിന് സഹജീവികള്‍.സുനാമി എന്ന പ്രകൃതിക്ഷോഭം വിതച്ച കൊടും നാശത്തിന്റെ കഥകളും, പത്രവാര്‍ത്തകളും, ഭീകരാവസ്ഥയുമൊക്കെ ഒരു വാര്‍ത്തയല്ലാതായി മാറിയ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, ഉറ്റവരെ നഷ്ടപ്പെട്ടു. അനാഥരാക്കപ്പെട്ട കുട്ടികള്‍, വലിയ വലിയ കുഴികള്‍ കുത്തി യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യന്മാരെ കൂട്ടത്തോടെ വാരിയെടുത്ത് ശവസംസ്ക്കാരം നടത്തുന്നതിന്റെ ചിത്രങ്ങള്‍. ഏതൊരു കഠിനഹൃദയനേയും പിടിച്ചുകുലുക്കുന്ന രംഗങ്ങള്‍.

അതൊക്കെ കഴിഞ്ഞിട്ട് ഇന്നേക്ക് കൊല്ലം നാലായി. ആ സംഭവമൊക്കെ നമ്മള്‍ മറന്നുകഴിഞ്ഞു. ദുരന്തത്തിനിരയായവര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും വേണ്ടി സംഭരിച്ച പണമൊക്കെ വഴിമാറ്റി ചിലവഴിച്ച് നാം തിന്ന് തീര്‍ത്തുകഴിഞ്ഞു. അതിവേഗ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ ഗതി നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ നമ്മള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ജീവന്‍ വെടിഞ്ഞവരെ ഒരിക്കല്‍ക്കൂടെ സ്മരിക്കാനും, ആദരാജ്ഞലികള്‍ അര്‍പ്പിക്കാനും, തന്നില്‍ നിന്ന് അകന്നുപോകുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ് തന്നതാണ് പ്രകൃതി എന്ന് തിരിച്ചറിയാനുമൊക്കെ ഈ ദിനം നമുക്ക് നീക്കിവെക്കാം, ഇനിയൊരു സുനാമി ഉണ്ടാകില്ലെന്ന് പ്രതീക്ഷയോടെ…….
—————————————————————————————-
ചിത്രങ്ങള്‍ക്ക് കടപ്പാട് http://www.pbase.com/minoltaman/phuket_tsunami

Comments

comments

29 thoughts on “ യാത്രയായവര്‍ക്ക് വേണ്ടി

  1. മനോജേ..
    ഓര്‍മക്കുറിപ്പ്‌ നന്നായി.
    ആ ദുരന്തസ്‌മൃതിയില്‍
    ഒരുവേള മൗനമായിരിക്കുന്നു..

  2. നിരക്ഷരന്‍ ചേട്ടാ,

    ഈ ദുരന്തം നേരില്‍ കണ്ടവനാ ഞാന്‍…..ഹോ! എത്ര ഭീകരം….. ഇപ്പോള്‍ അതൊക്കെ ഒരിക്കല്‍ കൂടി ഓര്‍മ്മ വരുന്നു….

    എന്നാല്‍ വേറൊരു വസ്തുത എന്നത് അവിടെയൊക്കെ ജീവിതം ഇപ്പോള്‍ പഴയപടിയായി…..ആരും ഒന്നും ഓര്‍ക്കാത്തതു പോലെ….. അതോ അവര്‍ അങ്ങനെ ഭാവിക്കുന്നതാണോ?

  3. സുനാമി ഇനിയും വരും . മരിക്കുന്നവര്‍ക്ക് വേണ്ടി നമുക്ക് വീണ്ടും പിരിവുകള്‍ നടത്താം .നമ്മുടെ ബക്കറ്റുകള്‍ ഒഴിയാതിരിക്കട്ടെ .

  4. നീരേട്ടാ ഭീകരമായ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു കുറിപ്പ്…

    കാപ്പിലാന്‍ പറഞ്ഞപോലെ… മരിക്കുന്നവര്‍ക്ക് വേണ്ടി നമുക്ക് വീണ്ടും പിരിവുകള്‍ നടത്താം .നമ്മുടെ ബക്കറ്റുകള്‍ ഒഴിയാതിരിക്കട്ടെ .

  5. ഈ ഓര്‍മ്മക്കുറിപ്പ് മനസ്സില്‍ കൊണ്ടു.നമുക്കു പ്രാര്‍ഥിക്കാം,ഇനിയൊരു സുനാമി വരരുതേ എന്ന്..

  6. മരിച്ച ആയിരക്കണക്കിനാളുകള്‍ക്ക് ആദരാഞ്ജലികള്‍. ഇതിന് രാവിലെ ഒരു പോസ്റ്റ് ഇടാം എന്ന് വിചാരിച്ചിരുന്നതാണ് .അപ്പോഴാണ് ഇത് കണ്ടത്.

    പിന്നെ ദുരന്തം എന്നത് ഒരു ബകറ്റ് പിരിവിന്റെ ഓര്‍മ മാത്രമായവര്‍ക്ക് എന്റെ നമസ്കാരം.

  7. സുനാമിത്തിരകളുടെ താണ്ഡവത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ!ഇനി ഇതു പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർഥിക്കുംപ്പോഴും,മുല്ലപ്പെരിയാറിന്റെ സ്ഥിതി ഓർത്ത് ഭീതിപ്പെടുത്തുന്ന മനസ്സുമായി ഞങ്ങൾ ഇരിക്കുന്നു.ഞങ്ങളൊക്കെ ഒഴുകി അറബിക്കടലിൽ ചേരുന്ന ദിനം വിദൂരമാവില്ല എന്ന് മനസ്സു പലപ്പോഴും പറയുന്നു.

  8. ആ ദിവസ്സം വീണ്ടും ഓര്‍മയില്‍ വന്നു ..
    ഇതു പോലൊരു അനുഭവം ഉണ്ടായിരുന്നു അന്ന് ..
    BEST WISHES

  9. ഹരിപ്രസാദ്, ശിവ, കാപ്പിലാന്‍ , ചാണക്യന്‍ , തോന്ന്യാസി, സ്മിത ആദര്‍ശ് , അനില്‍ശ്രീ, എംരേ, അമന്‍ ടു വാക്ക് വിത്ത്….

    സുനാമി ദുരന്തത്തില്‍ യാത്രയായവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    കാന്താരിക്കുട്ടീ :- മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍ ഒഴുകുപ്പോകുന്ന കൂട്ടത്തില്‍ ഞാനുമുണ്ടാകും . അന്ന് കൂട്ടത്തോടെ ഏതെങ്കിലും കുഴിയില്‍ ബ്ലോഗറെന്നോ , ബ്ലോഗാത്തവനെന്നോ ഉള്ള പരിഗണനയൊന്നുമില്ലാതെ മൂടപ്പെടാനുള്ളവരാണ്‌ നമ്മള്‍ . കണക്കുകള്‍ പറയുന്നത് സത്യമാണെങ്കില്‍ 50 ലക്ഷം ജനങ്ങള്‍ 5 ജില്ലകളില്‍ നിന്നായി ചത്തുമലക്കും .

  10. ഞാനും ഓര്‍ക്കുന്നു, അന്നു രാവിലെ ടിവിയില്‍ ചെറിയ ചെറിയ ന്യൂസ് വന്നിരുന്നതും അതു കണ്ടതും,ഒരിക്കലും അലോചിച്ചില്ല, അതു ഇത്ര വലിയ ഒരു താണ്ഡവമായി മാറുമെന്നു്.

    ഇനി അങ്ങിനെ ഒന്നു വരാതിരി‍ക്കട്ടെ എന്നു് ആശിക്കാം പ്രാര്‍ഥിക്കാം.

  11. നിരക്ഷരാ, സുനാമി സ്മരണ അവസരോചിതമായി.

    അന്ന് ഞാന്‍ തിരുവന്തപുരത്തായിരുന്നു. ടിവിയില്‍ കടലാക്രമണം പത്തു മരണം എന്ന് ഫ്ലാഷ് കണ്ടു, നിമിഷങ്ങള്‍ക്കകം നൂറായി, പിന്നെ അഞ്ഞൂറ്റിഒന്നായി, പിന്നെപ്പിന്നെ ആയിരമായി, പതിനായിരമായി…

    തലേന്നുവരെ ശംഖുമുഖം കടാപ്പുറത്ത് പോയിരുന്ന ഞാന്‍ അന്ന് എന്തോ ആ വഴിയേ പോയില്ല..

  12. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ദിവസങ്ങളിൽ ഒന്നാണ് ഡിസംബർ 26. അന്നു രാവിലെ വേളാങ്കണ്ണി പള്ളിയിലെ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ ടി വിയിൽ കണ്ടിരുന്നു. എന്നാൽ വീടിനോടു ചേർന്നുള്ള ഭരദേവതാ ക്ഷേത്രത്തിൽ ചില പൂജകളുമായി വൈകുന്നേരം വരെ കടന്നുപോയി. വൈകിട്ടായപ്പോൾ പരിചയമുള്ള ഒരു നാട്ടുകാരൻ സ്കൂൾ മനേജർകൂടിയായ ദേവസ്വം പ്രസിഡന്റിനെ തേടി അവിടെയെത്തി സ്കൂളിന്റെ താക്കോൽ വേണം. കടൽ കയറുന്നു. കടപ്പുറത്തുള്ള ആളുകളെല്ലാം ക്ഷേത്രത്തിനു മുൻപിലുള്ള ഗ്രൗണ്ടിൽ വന്നിട്ടുണ്ട്. അവർക്ക് രാത്രി താമസിക്കാൻ സ്കൂൾ തുറന്നു കൊടുക്കണം. ഇതാണ് അയാൾ പറഞ്ഞ കാര്യം. ഞെട്ടലോടെയാണ് ഈ വാക്കുകൾ ഞങ്ങൾ എല്ലാവരും കേട്ടത്. കടപ്പുറത്തുനിന്ന് എന്റെ വീട്ടിലേയ്ക്ക് ഏറിയാൽ ഒന്നരകിലോമീറ്റർ. നാൽക്കവലയിലും ടി വി യിലും എല്ലാം ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകൾ. പരസരത്തുള്ള പലരും കിട്ടിയ വാഹനങ്ങളിൽക്കയറി എറണാകുളം നഗരത്തിൽ അഭയം തേടി. എന്തുവന്നാലും വീട് വിട്ടുപോവില്ലെന്നുറപ്പിച്ച് ഉറക്കമൊഴിച്ച് പുലരുന്നതുവരെ കഴിച്ചുകൂട്ടി. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ദിവസമാണ് അത്.

  13. ഓര്‍മ്മക്കുറിപ്പ്‌ നന്നായി.

    സുനാമി കഴിഞ്ഞ്‌ ഇതു വരെ നല്ല കോള്‍ ഒന്നും കിട്ടിയിട്ടില്ലായെന്ന് കരുതിയിരിക്കുന്ന രാഷ്ട്രീയ പുംഗുവന്മാര്‍ കേള്‍ക്കെണ്ട ഈ പ്രാര്‍ത്ഥന.

    {ഇനിയൊരു സുനാമി ഉണ്ടാകില്ലെന്ന് പ്രതീക്ഷയോടെ…….]

    സസ്നേഹം,
    പഴമ്പുരാണംസ്‌.

  14. മരിച്ചവരുടെ ആത്മാക്കള്‍ക്ക്
    നിത്യശന്തിക്കായി പ്രാര്‍ത്ഥിക്കുന്നു,
    അവരുടെ ഓര്‍മ്മക്കു മുന്നില്‍
    ആദരാംഞ്ജലികള്‍ …
    നീരു ഇവരെ ഓര്‍മ്മിച്ച നല്ല മനസ്സിനു പ്രണാമം

  15. അമ്പാടീ,
    സുനാമി ദുരന്തം ഓര്‍മ്മിച്ചതു നന്നായി.
    ഞാന്‍ മൂന്നു നാലു ദിവസം ചെറായിയിലുണ്ടായിരുന്നു.
    അവിടെ ബീച്ച് ടൂറിസം മേളയ്ക്കിടെ
    ഡിസംബര്‍-26 ന്
    സുനാമി സ്മൃതിദിനാചരണം ഉണ്ടായിരുന്നു.

  16. സുനാമി എന്ന പ്രതിഭാസം ആദ്യമായി കേള്‍ക്കുന്നതു തന്നെ അതിവിടെ സംഭവിച്ചശേഷമാണു..ഇപ്പോ‍ള്‍ എല്ലാ ദുരന്തങളേയും വിളിക്കുന്ന പൊതു നാമം ആയി “സുനാമി“

  17. എഴുത്തുകാരീ, ഏറനാടന്‍, ഭൂമിപുത്രി, മണികണ്ഠന്‍, മയൂര, പാറുക്കുട്ടീ, സേനൂ, മാണിക്യേച്ചീ, ലതികച്ചേച്ചീ, ആചാര്യന്‍, ജ്വാലാമുഖീ…. നന്ദി.

    സുഷമാ ശങ്കര്‍ :- നല്ലൊരു കമന്റിട്ടിട്ട് പിന്നീട് അത് ഡിലീറ്റ് ചെയ്ത് കളഞ്ഞതെന്തേ ? പുതിയ ബ്ലോഗുകള്‍ക്കുള്ള അടിത്തറയൊക്കെ ഇട്ടിരിക്കുന്നത് കണ്ടു. എഴുതൂ…ആശംസകള്‍.

    യാത്രയായവര്‍ക്ക് അജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

  18. iniyu oru tsunaami….
    orkumbol pedi aakunnu…
    annate raathri aarum marakkill …
    njangaleppolulla theeradeshavaasikal orikalum….
    njangalum pettiyum baandavum okke eduthu irangi….
    pinne engottum poyilla aalkkare kondu poyi nirthunnathu oru k m appurathu…
    pinne avide ninnalentha aivide ninnalenthaa….
    aa ormaklkkum marichavarkum ente baashpaanjali

  19. it is not a joke.I call my brother in law to stay away from the seaside take his family somewhere -else.he answer dont worry I am watching from the Kadalppalam.if it came i will go and take them.(house is 5-6 km away from there waching althose news in the tv he want to see it and he will run and save them.superman.waching videos in the net we can see several people doing same way,even u…karuthama

Leave a Reply to പിരിക്കുട്ടി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>