c1

ചെമ്പ്ര പീക്ക്


ട്രക്കിങ്ങ്…….
മനസ്സിലെന്നും കൊണ്ടുനടന്നിരുന്ന വലിയൊരു ആഗ്രഹമായിരുന്നു അത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ചില ട്രക്കിങ്ങ് അനുഭവങ്ങളൊക്കെ വായിച്ചതിനുശേഷം ആ ആഗ്രഹത്തിന്റെ തീഷ്ണത വല്ലാതെ കൂടിവരുകയുമുണ്ടായി.

കേരളത്തില്‍ ട്രക്കിങ്ങ് നടത്താന്‍ പറ്റിയ സ്ഥലങ്ങളുടെ കണക്കെടുത്തപ്പോള്‍ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ ചെമ്പ്ര പീക്കിനാണ് നറുക്ക് വീണത്. യാത്രയ്ക്കുള്ള പദ്ധതിയിട്ടപ്പോള്‍ സഹപ്രവര്‍ത്തകനായ കണ്ണൂര്‍കാരന്‍ തമിട്ടന്‍ തന്‍സീര്‍ കൂടെ വരാമെന്നേറ്റു. ട്രക്കിങ്ങാകുമ്പോള്‍ ഒരാളെങ്കിലും കൂടെയില്ലെങ്കില്‍ എന്തുരസം ?

പോകേണ്ട വഴികള്‍, മുട്ടേണ്ട വാതിലുകള്‍ എന്നിവയൊക്കെ മാനന്തവാടിക്കാരനായ സുഹൃത്ത് ഹരിയില്‍ നിന്നും മനസ്സിലാക്കി. ഒരു ട്രക്കിങ്ങിനാവശ്യമായ സന്നാഹങ്ങളൊക്കെ ഭാണ്ഡത്തിലാക്കി മാനന്തവാടിയിലെ എരുമത്തെരുവില്‍ നിന്ന് ഞങ്ങളാ യാത്ര പുറപ്പെട്ടത് കാറിലാണ്.

മാനന്തവാടിയില്‍ നിന്നും വയനാടിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സായ കല്‍പ്പറ്റ, അവിടന്ന് മേപ്പാടിയിലേക്ക് 12 കിലോമീറ്റര്‍. മേപ്പാടിയിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുവാദം വാങ്ങണമെന്നാണ് നിര്‍ദ്ദേശം കിട്ടിയിരുന്നത്. ഫോറസ്റ്റ് ഓഫീസ് കണ്ടുപിടിച്ച് അനുവാദം വാങ്ങാന്‍ ചെന്നപ്പോള്‍ നേരേ ചെമ്പ്ര എസ്റ്റേറ്റിലേക്ക് പൊയ്ക്കോളാന്‍ ഉത്തരവ് കിട്ടി. ഫോറസ്റ്റ് ഓഫീസില്‍ നിന്നും മേപ്പാടിയിലെ പാരീസ് ഹോട്ടലില്‍ച്ചെന്ന് രണ്ടാള്‍ക്ക് ഉച്ചയ്ക്ക് കഴിക്കാനാവശ്യമായ ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമൊക്കെ വാങ്ങിയശേഷം അബ്ദുള്‍ വഹാബ് എം.പി.യുടെ ഉടമസ്ഥതയിലുള്ള പി.വി.എസ്സ് ഗ്രൂപ്പിന്റെ ഫാത്തിമാ ഫാം എന്ന ചെമ്പ്ര എസ്റ്റേറ്റിലെത്തിയപ്പോള്‍ സമയം പത്തുമണി.


ഫാമിന്റെ ഗേറ്റില്‍ വാച്ച്മാന്‍ ഉണ്ടായിരുന്നു. ചെമ്പ്ര പീക്കിലേക്കുള്ളവരാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ കാറിന്റെ മുന്നില്‍ ഫാമിന്റെ ഗേറ്റ് മലര്‍ക്കെ തുറന്നു. അവിടന്നങ്ങോട്ട് തേയിലത്തോട്ടത്തിനിടയിലൂടെ വീതികുറഞ്ഞ റോഡ് വളഞ്ഞുപുളഞ്ഞ് മുന്നോട്ട് നീങ്ങി. ഒരുകിലോമീറ്ററോളം മുന്നോട്ട് പോയപ്പോള്‍ വനസംരക്ഷരണസമിതിയുടെ ഓഫീസിനു മുന്നില്‍ വാഹനം തടയപ്പെട്ടു. ചെമ്പ്ര പീക്കിലേക്കാണെങ്കില്‍ അവിടന്ന് ടിക്കറ്റെടുക്കണം. യാത്രക്കാര്‍ക്കും ക്യാമറയ്ക്കുമൊക്കെയുള്ള ടിക്കറ്റൊക്കെയെടുത്ത് രജിസ്റ്ററില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പറുമൊക്കെ എഴുതിച്ചേര്‍ത്ത് തേയിലക്കാടുകള്‍ക്കിടയിലൂടെ നാലഞ്ച് ഹെയര്‍ പിന്നുകള്‍ കയറി 5 കിലോമീറ്റര്‍ വീണ്ടും മുന്നോട്ടു നീങ്ങിയപ്പോള്‍ എസ്റ്റേറ്റ് എം.ഡി.യുടെ ബംഗ്ലാവിനു മുന്നിലെത്തി. ഒരു മിനി ബസ്സില്‍ എത്തിയ അന്യസംസ്ഥാനക്കാരായ കുറേ യുവതീയുവാക്കള്‍ അവിടെ ട്രക്കിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകണ്ടു. അവരുടെ കയ്യില്‍ ടെന്റും സ്ലീപ്പിങ്ങ് ബാഗുമൊക്കെയുണ്ട്.


കാര്‍, കര്‍ണ്ണാടക രജിസ്ട്രേഷനുള്ള അവരുടെ മിനി ബസ്സിനരുകില്‍ ഒതുക്കിയിട്ട് 300 മീറ്ററോളം മുന്നോട്ട് നടന്നപ്പോള്‍ വനം വകുപ്പിന്റെ വാച്ച് ടവറിലെത്തി. അതിന്റെ മുകളില്‍ നിന്ന് ഇടതൂര്‍ന്ന് കിടക്കുന്ന തോട്ടത്തിന്റേയും കാടിന്റേയും പച്ചപ്പ് നോക്കി കുറച്ചുനേരം നിന്നു. കുറച്ച് താഴെയായി തേയിലത്തോട്ടത്തിനിടയില്‍ തൊഴിലാളികളുടെ ക്വാര്ട്ടേഴ്സും കാണാം.

വാച്ച് ടവറില്‍ വനം വകുപ്പില്‍ ഗൈഡായും വാച്ച്മാനായും ജോലി ചെയ്യുന്ന രണ്ടുപേരെ കണ്ടു. അതില്‍ മദ്ധ്യവയസ്ക്കനായ രാമേട്ടന്‍ വഴികാട്ടിയായി ഞങ്ങള്‍ക്കൊപ്പം കൂടി. വാച്ച് ടവറിന്റെ ഓരം ചേര്‍ന്നുള്ള കാട്ടുപാതയിലൂടെ കൃശഗാത്രനും, നഗ്നപാദനുമായ രാമേട്ടന്റെ പുറകെ, തോളില്‍ ക്യാമറയും അതിന്റെ മുക്കാലിയും (ട്രൈപ്പോഡ്) തൂക്കി ഞാനും, ഭക്ഷണവും വെള്ളവുമൊക്കെ നിറച്ച സഞ്ചി പുറത്ത് തൂക്കി തന്‍സീറും പതുക്കെ മുന്നോട്ട് നടന്നു കയറി.

അധികം വലിപ്പവും ഉയരവുമൊന്നുമില്ലാത്ത കാട്ടുമരങ്ങള്‍ക്കിടയിലൂടെ ആദ്യത്തെ 200 മീറ്റര്‍ മുന്നോട്ട് നീങ്ങുന്നതുവരെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പിന്നീടങ്ങോട്ട് എന്റെ ശ്വാസഗതി ഉയര്‍ന്നുയര്‍ന്നുവന്നു. തന്‍സീറിന്റെ കിതപ്പ് കേള്‍ക്കുന്നുണ്ടോന്ന് അറിയാന്‍ ഞാനൊന്ന് ശ്വാസം പിടിച്ച് നോക്കി. മോശമല്ലാത്ത രീതിയില്‍ തന്‍സീറും കിതയ്ക്കുന്നുണ്ട്. മൂന്ന് പ്രാവശ്യം വഴിയില്‍ ഇരുന്നതായി എണ്ണം വെച്ചെങ്കിലും പിന്നീട് എണ്ണമറ്റ പ്രാവശ്യം വിശ്രമിക്കാന്‍ ഇരുന്നതുകൊണ്ട് ഞാനാ കണക്കെടുപ്പ് പരിപാടി അവസാനിപ്പിച്ചു. ഇതൊക്കെയാണെങ്കിലും രാമേട്ടന്റെ സാധാരണ ഗതിയിലുള്ള ശ്വാസക്കാറ്റിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കാതോര്‍ത്തു പിടിച്ചിട്ടും എനിക്കായില്ല. കാടിനോടും മേടിനോടും മല്ലിട്ട് ജീവിക്കുന്ന അദ്ധ്വാനിയായ പഴയതലമുറക്കാരനും മെയ്യനങ്ങാത്ത പുതുതലമുറക്കാരും തമ്മിലുള്ള അന്തരം ആ ട്രക്കിങ്ങിലുടനീളം അടിവരയിട്ടുനിന്നു.


മുന്നോട്ടുള്ള കയറ്റം കുറേക്കൂടെ കുത്തനെയുള്ളതായി മാറാന്‍ തുടങ്ങി. കുറേ താഴെയായി വാച്ച് ടവര്‍ ചെറുതായി കണ്ടപ്പോഴാണ് കയറിപ്പോയ ഉയരത്തെപ്പറ്റി ഒരു ധാരണയുണ്ടായത്. കുറേക്കൂടെ കഴിഞ്ഞപ്പോള്‍ കാട്ടുമരങ്ങള്‍ ഇല്ലാത്ത കുന്നിന്‍ ചെരിവിലൂടെയായി കയറ്റം. മരങ്ങള്‍ക്ക് പകരം ചോടപ്പുല്ലും കുറ്റിച്ചെടികളും തിങ്ങിനിറഞ്ഞ കുന്നിലൂടെ മനുഷ്യന്മാര്‍ക്ക് കയറിപ്പോകാന്‍ പാകത്തില്‍ വകഞ്ഞുണ്ടാക്കിയ ഇടുങ്ങിയ ഹെയര്‍ പിന്നുകളിലൂടെയായി പലപ്പോഴും കയറ്റം.

വഴികള്‍ക്കിരുവശവും ചോടപ്പുല്ലുകള്‍. പലയിടത്തും ഉരുളന്‍ കല്ലുകള്‍ അല്ലെങ്കില്‍ പശിമയുള്ള തെന്നുന്ന മണ്ണ്. സൂക്ഷിച്ചില്ലെങ്കില്‍ വഴുതിവീഴാന്‍ ഒരു ബുദ്ധിമുട്ടുമില്ല. രണ്ടുദിവസം മുന്നേ മലയില്‍ മഴ പെയ്തുകാണണം. അതുകൊണ്ടായിരിക്കാം ഈ നനവ് എന്ന് തോന്നി. നല്ല മഴയുള്ള അവസരത്തില്‍ മല കയറാന്‍ വരുന്നവരെ തിരിച്ചയക്കാറാണ് പതിവെങ്കിലും വിദേശികളുടെ കാര്യത്തില്‍ ഈ കടുംപിടുത്തം കാണിക്കാറില്ലെന്ന് രാമേട്ടനില്‍ നിന്ന് മനസ്സിലാക്കാനായി.

അരമണിക്കൂര്‍ ആയപ്പോഴേക്ക് കുറച്ച് നിരപ്പായ പ്രതലത്തില്‍ ചെന്നുകയറി. അവിടെ ഒരു ചെറിയ മരവും അതിനുതാഴെയായി വളരെക്കുറച്ചുമാത്രം വെള്ളമുള്ള ഒരു ചെറിയ തടാകവുമുണ്ട്. അപ്പോഴേക്കും താഴെയുള്ള വാച്ച് ടവര്‍ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു. അതിനുപകരം ഇപ്പോള്‍ താഴ്വരയില്‍ കല്പ്പറ്റ പട്ടണവും അവിടുള്ള കെട്ടിടങ്ങളുമെല്ലാം തീപ്പട്ടിക്കൂടിന്റെ വലുപ്പത്തില്‍ കാണാം.


മുക്കിയും മൂളിയും ഞരങ്ങിയും മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന ഞങ്ങള്‍ക്കു വേണ്ടി പലപ്പോഴും രാമേട്ടന്‍ കാത്തുനില്ക്കേണ്ടിവന്നു. ജനിച്ചിട്ടിതുവരെ നാല് മൂട് വിറക് കീറാത്തവനും, ആറ് തൊട്ടി വെള്ളം വലിക്കാത്തവനുമൊക്കെ ട്രക്കിങ്ങിനുപോയാല്‍ ഇങ്ങനിരിക്കുമെന്ന് അദ്ദേഹം മനസ്സില്‍ പറഞ്ഞുകാണുമെന്ന് എനിക്കുറപ്പാണ്.

ഇതിനിടയില്‍ കയ്യിലുള്ള വെള്ളം ഞങ്ങള്‍ കുടിച്ച് തീര്‍ത്തിരുന്നു. മലയുടെ ചരുവിലുള്ള ഒരു നീരൊഴുക്കില്‍ നിന്ന് നല്ല ഒന്നാന്തരം തണുത്തവെള്ളം രാമേട്ടന്‍ കുപ്പിയില്‍ നിറച്ചു തന്നു. മിനറല്‍ വാട്ടര്‍ തോറ്റുപോകുന്ന ആ വെള്ളം കുടിച്ച് ദാഹം തീര്‍ത്ത് മുകളിലേക്ക് കയറുന്തോറും താഴേക്കുള്ള കാഴ്ച്ച അതീവ മനോഹരമായിക്കൊണ്ടിരുന്നു.

അടുത്ത അരമണിക്കൂറിനുള്ളില്‍ താരതമ്യേന പരന്ന മറ്റൊരു തട്ടിലേക്ക് ചെന്നുകയറി. അവിടെക്കണ്ട കാഴ്ച്ച അതുവരെ സഹിച്ച ത്യാഗങ്ങളൊക്കെ മറന്നുകളയാന്‍ പോന്ന തരത്തിലുള്ളതായിരുന്നു. നല്ലൊരു തടാകം ആ മലയുടെ മുകളില്‍ മേഘങ്ങള്‍ക്കു നേരെ തിരിച്ച് പിടിച്ച കണ്ണാടിപോലെ നിശ്ചലമായി കിടക്കുന്നു. വലിയ ആഴമൊന്നും ഉണ്ടെന്ന് തോന്നിയില്ലെങ്കിലും 2 ആള്‍ ആഴത്തില്‍ ചെളി നിറഞ്ഞതാണ് തടാകത്തിന്റെ അടിത്തട്ടെന്ന് രാമേട്ടനറിയിച്ചു. ചിത്രങ്ങളിലെ ഹൃദയത്തിലെ ആകൃതിയാണ് സരസ്സിന്. അതുകൊണ്ടുതന്നെ ഹൃദയസരസ്സ് എന്ന പേരിലാണ് തടാകം അറിയപ്പെടുന്നത്.


തടാകത്തിലെ തെളിവെള്ളത്തില്‍ കൈയ്യും മുഖവും കഴുകിയപ്പോള്‍ നല്ല ഉന്മേഷം തോന്നിയെങ്കിലും ഒരു മണിക്കൂറോളമായി നടത്തി ക്കൊണ്ടിരിക്കുന്ന മലകയറ്റം നല്ല വിശപ്പുകൂടെ സമ്മാനിച്ചിരുന്നു. ഭക്ഷണം കഴിച്ചിട്ടാകാം ഇനിയെന്തും എന്ന് തീരുമാനമായി. തന്‍സീര്‍ ബാഗ് തുറന്നു ഭക്ഷണം മൂന്നായി പകുത്തു. രണ്ട് പൊറോട്ടയും കറിയും കഴിച്ചപ്പോള്‍ വിശപ്പ് തെല്ലൊന്നടങ്ങി.


ഇനി ഒരു അരമണിക്കൂര്‍ കൂടെ കയറിയാല്‍ മലയുടെ ഉച്ചിയിലെത്തും. അതിനും മുകളില്‍ മറ്റൊരുമലകൂടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 6890 അടിയാണ് (2100 മീറ്റര്) ചെമ്പറ പീക്കിന്റെ ഉയരം. താഴെയുള്ള ചെരുവുകളിലൂടെ ബസ്സില്‍ വന്നിറങ്ങിയ കര്‍ണ്ണാടകക്കാരായ ചെറുപ്പക്കാര്‍ മുകളിലേക്ക് കയറിത്തുടങ്ങുന്നത് കാണാം.


തടാകം നില്ക്കുന്നിടത്തുനിന്ന് കുറച്ച് മാറി സമനിരപ്പായ പ്രതലത്തില്‍ കുറച്ച് മരക്കൂട്ടമുണ്ട്. കൊല്ലിക്കൂട് എന്നാണ് രാമേട്ടന്‍ അതിനെ വിശേഷിപ്പിച്ചത്. തടാകക്കരയില്‍ നിന്ന് ചോടപ്പുല്ലുകള്‍ വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങുമ്പോള്‍, കാട്ടിലെ തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനിറങ്ങിയവരോടുള്ള തങ്ങളുടെ പ്രതിഷേധം ഞങ്ങളുടെ കാലിലും കയ്യിലുമെല്ലാം ഉരഞ്ഞുകൊണ്ട് ആ പുല്‍ക്കൂട്ടം അറിയിച്ചുകൊണ്ടേയിരുന്നു. ചിലപ്പോഴെല്ലാം ആ പ്രതിഷേധം കഴുത്തൊപ്പം ഉയര്‍ന്നുവന്നു.

അവിടന്നങ്ങോട്ടുള്ള കയറ്റം ശരിക്കും ദുസ്സഹമായിരുന്നതുകൊണ്ട് രണ്ടു കൈയ്യും കാലും ഉപയോഗിച്ച് കയറാനുള്ള സൌകര്യത്തിനുവേണ്ടി ക്യാമറയുടെ മുക്കാലി ഞാന്‍ രാമേട്ടനെ ഏല്‍പ്പിച്ചു. വെള്ളിമേഘങ്ങളിപ്പോള്‍ ഞങ്ങളുടെ തൊട്ടുമുകളിലുണ്ട്. അവയെത്തൊടാന്‍ ആ മലയുടെ മുകളില്‍ കയറിച്ചെന്നില്ലെങ്കിലും അവ താഴേക്കിറങ്ങിവന്ന് ഞങ്ങളെത്തൊട്ടുപോകുമെന്ന അവസ്ഥ. അവസാനത്തെ 100 മീറ്റര്‍ കയറ്റം കയറുമ്പോള്‍ എനിക്ക് താഴേക്ക് നോക്കാന്‍ പറ്റാതായി. രണ്ടുവശവും താഴ്ച്ച. അതിനിടയില്‍ ഒരു വരമ്പ് പോലെയുള്ള ഇടുങ്ങിയ പാതയിലൂടെ പൊത്തിപ്പിടിച്ചാണ് കുത്തനെ കയറിക്കൊണ്ടിരിക്കുന്നത്. കാലൊന്ന് തെന്നിയാല്‍ മൊത്തം ഒടിഞ്ഞ് നുറുങ്ങുമെന്നുള്ളതിന് ഒരു സംശയവുമില്ല. യാത്ര അവിടെ അവസാനിപ്പിക്കാമെന്ന് ആദ്യം ഞാന്‍ പറഞ്ഞെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് മുകളറ്റം വരെ കയറി. പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന നല്ല ശുദ്ധവായു കിട്ടുന്ന അത്തരം ഒരിടത്തേക്ക് ചെന്നിട്ട് പേടിച്ച് പിന്മാറിയാല്‍ എങ്ങിനെയാണ് ശരിയാകുക ?

താഴെ ഹൃദയസരസ്സ് ഇപ്പോള്‍ കുറേക്കൂടെ ചെറുതായിരിക്കുന്നു. കര്‍ണ്ണാടക സംഘത്തിലെ വേഗത കൂടിയ ട്രക്കേഴ്സ് ഇതിനകം തടാകമിരിക്കുന്ന നിരപ്പിലെത്താറായിരിക്കുന്നു. ദൂരെയായി മണിമലയും, ഇടയ്ക്കല്‍ മലയും, കല്പ്പറ്റയും, മേപ്പാടിയുമടക്കമുള്ള വയനാട്ടിലെ ഒരുപാട് പട്ടണങ്ങളുടെ ആകാശത്തു നിന്നുള്ള കാഴ്ച്ചയുമൊക്കെ കണ്‍കുളിര്‍ക്കെ കണ്ട് എത്ര നേരം അവിടെ ഇരുന്നാലും മതിയാകില്ലെന്ന് തോന്നി.


പെട്ടെന്ന് ഞങ്ങളിരിക്കുന്ന ഭാഗം മേഘങ്ങള്‍ വന്ന് നിറഞ്ഞു. മുകളിലെ മലയുടെ ശൃംഗവും താഴെയുള്ള തടാകവും കാണാന്‍ പറ്റാതായി. തൊട്ടടുത്തിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം കാണാന്‍ പറ്റുന്നുണ്ടെന്ന് മാത്രം. നവംബര്‍ മാസത്തിന്റെ അവസാന ദിവസങ്ങളിലെ തണുത്ത കാലാവസ്ഥയ്ക്ക് പുറമെ, മേഘങ്ങള്‍ പുതപ്പിച്ച് തന്നിട്ടുപോയ ആവരണത്തിന് കുറച്ചുകൂടെ തണുപ്പനുഭവപ്പെട്ടു.

ജീവിതത്തില്‍ അസുലഭമായി മാത്രം വീണുകിട്ടുന്ന പ്രകൃതിയുടെ തലോടലും, സൌന്ദര്യവും, ആസ്വദിച്ച് കുറെ നേരം ചെമ്പ്രയുടെ ആ മലമുകളില്‍ ഇരുന്നപ്പോള് എവറസ്റ്റ് കീഴടക്കിയ സന്തോഷവും, അഭിമാനവും തോന്നി.

പിന്നിലുള്ള അവസാനത്തെ മലയിലേക്ക് കയറണമെങ്കില്‍ ഇനിയും ഒന്നരമണിക്കൂര്‍ സമയമെടുക്കുമെന്നാണ് രാമേട്ടന്‍ പറയുന്നത്. അവിടെക്കൂടെ കയറണമെങ്കില്‍ ഇന്ന് ഒരു ദിവസം പോരാ. പറ്റുമെങ്കില്‍ ഒരു ദിവസം കൊല്ലിക്കൂടില്‍ ടെന്റടിച്ച് ക്യാമ്പ് ചെയ്ത് അടുത്തദിവസം മുകളിലേക്ക് കയറാന്‍ പാകത്തിന് കൂടുതല്‍ ഭക്ഷണവുമൊക്കെയായി വരേണ്ടിവരും. സാഹസികരായ ഒരുപറ്റം സുഹൃത്തുക്കളുമായി ചെമ്പ്രയിലേക്ക് വീണ്ടുമൊരു ട്രക്കിങ്ങും രാത്രിയില്‍ ക്യാമ്പ് ചെയ്യലുമൊക്കെ ഞാനപ്പോള്‍തന്നെ മനസ്സില്‍ കുറിച്ചിട്ടു.

“ഒരു ദിവസം ക്യാമ്പ് ചെയ്യുക എന്നൊക്കെ വെച്ചാല് പാമ്പിന്റെയും മറ്റും ശല്യം ഉണ്ടാകില്ലേ രാമേട്ടാ ? “ എന്റെ സംശയം ന്യായമായിരുന്നു.

“ഏയ് ഇവിടെ കുഴപ്പക്കാരായ പാമ്പുകളെയൊന്നും ഇതുവരെ കണ്ടിട്ടില്ല.“

“പാമ്പല്ലാതെ മറ്റുവല്ല ശല്യക്കാരേയും കണ്ടിട്ടുണ്ടോ ?”

“പുലിയെ കാണാനുള്ള സാദ്ധ്യതയുണ്ട്.“

“പുലിയോ? “ എന്റെ കിതപ്പും ശ്വാസവുമെല്ലാം ഒന്നിച്ച് നിലച്ചു.

“ഏയ് കുഴപ്പമൊന്നുമില്ല. പുലിക്കുട്ടികളുടെ കൂടെയാണെങ്കില്‍ മാത്രമേ അവറ്റകള്‍ അപകടകാരികളാകൂ. പുലിക്കുട്ടികള്‍ നമ്മുടെ പിന്നാലെ പൂച്ചക്കുട്ടികളെപ്പോലെ കൂടും. അപ്പോള്‍ തള്ളപ്പുലി കുട്ടിപ്പുലികളെ സംരക്ഷിക്കാന്‍ വേണ്ടി നമ്മളെ ആക്രമിച്ചെന്ന് വരാം. അല്ലെങ്കില്‍പ്പിന്നെ നമ്മള്‍ അതിന്റെ മുന്നില്‍പ്പോയി ചാടണം. അല്ലാതെ അവറ്റകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയൊന്നുമില്ല. അതിനുമില്ലേ നമ്മളെ പേടി? ”

രാമേട്ടന്റെ വിശദീകരണം, കാടിന്റേയും കാട്ടുമൃഗങ്ങളുടെയുമൊക്കെ മനഃശാസ്ത്രമറിഞ്ഞ ഒരാളുടേതായിരുന്നു.

ചെമ്പ്ര മലയില്‍ പുലികള്‍ വസിക്കുന്നില്ല. മണിമലയില്‍ നിന്നാണത്രേ പുലിയിറങ്ങുന്നത് ! കല്പറ്റയില്‍ കളക്ടര്‍ ബംഗ്ലാവിന്റെ പുറകില്‍ വരെ പുലിശല്യം ഉണ്ടായതുകാരണം അവിടെയിപ്പോള്‍ പുലിക്കെണി വെച്ചിരിക്കുകയാണെന്ന് പത്രവാര്‍ത്ത ഈയടുത്ത ദിവസങ്ങളില്‍ വന്നിരുന്നു. കഴിഞ്ഞവര്‍ഷം ചെമ്പ്ര തോട്ടത്തിലെ ക്വാര്‍ട്ടേര്‍സിലും പുലിയിറങ്ങിയിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട് ചെന്ന് നോക്കിയ ആരെയോ പുലിമാന്തുകയും ചെയ്തത്രേ!!!

സമയം ഉച്ചയ്ക്ക് രണ്ടു മണി ആയിരിക്കുന്നു. ഇപ്പോള്‍ ഇറങ്ങിയാല്‍, പുലിയുടെ കണ്ണിലൊന്നും പെട്ടില്ലെങ്കില്‍ 4 മണിയോടെയെങ്കിലും താഴെയെത്താം.


ഇറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പ് ഞാനൊന്നുകൂടെ ചെമ്പ്രയുടെ മുകളിലേക്ക് നോക്കി. ഇപ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെ മലയുടെ ഉച്ചി കാണാം. വയനാടിന്റെ കിരീടമെന്നപോലെ അതങ്ങനെ ഗര്‍‌വ്വോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്, സാഹസികരായ സഞ്ചാരികളേയും കാത്ത്.

Comments

comments

20 thoughts on “ ചെമ്പ്ര പീക്ക്

  1. മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. പണ്ട് ഇതുപോലെ ഒരു ട്രെക്കിങ്ങിനു പോയ അനുഭവം ഉള്ളതുകൊണ്ട് മാഷിന്റെ എഴുത്ത് അനുഭവിച്ചു. ആദ്യത്തെ ആവേശത്തെക്കുറിച്ചും പിന്നെ ഉണ്ടാകുന്ന മടുപ്പും അന്നേരം തോന്നുന്ന ” ഏത് നേരത്താണോ ഈ കുരിശിനു ഇറങ്ങാന്‍ തോന്നിയത് ” എന്ന ഫീലിങ്ങും ഒക്കെ മനസ്സിലോര്‍ത്തു രസിച്ചു വായിച്ചു.

  2. മനോജേട്ടാ…

    വളരെ നന്നായി വിവരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ വലുതായി കാണാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം. എന്തെങ്കിലും പ്രതിവിധി നിര്‍ബന്ധമായും കണ്ടുപിടിച്ചേ പറ്റൂ. ചിത്രങ്ങള്‍ മാത്രമായി ഇവിടെ പോസ്റ്റാമോ?

    കഴിഞ്ഞപ്രാവശ്യം കല്പറ്റ പോയപ്പോള്‍ ചെമ്പ്ര എസ്റ്റേറ്റിന്റെ താഴെവരെ ബൈക്കില്‍ പോയി തിരിച്ചു വന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു. പക്ഷെ അന്ന് മഴയുണ്ടായിരുന്നു കേട്ടോ. ചിലപ്പോള്‍ പെര്‍മിഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടായേനേ. (എന്ന് പറഞ്ഞ് സമാധാനിക്കാം)

    അപ്പൊ ചിത്രങ്ങള്‍?

  3. ചെമ്പ്ര പീക്കും നാട്ടുപച്ചയും കാണിച്ച് തന്നതിന് നന്ദി..

    കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഇനി ഈ പരിപാടിയ്ക്ക് വരുമെന്ന് തോന്നുന്നില്ല. പാവം, ആകെ കഷ്ടപ്പെട്ടുകാണും..:)

  4. നിരക്ഷരാ,
    നല്ല ഉഗ്രൻ യാത്രാവിവരണം. ശരിയ്ക്കും ആ യാത്രയുടെ രസവും വിഷമഘട്ടങ്ങളും അനുഭവിച്ചു.
    ഇത്തരം സാഹസികതകളൊക്കെ വായിച്ച് രസിക്കാമെന്നല്ലാതെ എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമേയല്ല.
    അവസാനത്തെ ഫോട്ടോ ഗംഭീരം!
    രാമേട്ടന്റെ വർത്തമാനവും ഇഷ്ടപ്പെട്ടു.

  5. The following comments were submitted by a Website visitor!

    1.title : ചെമ്പ്ര പീക്ക് – നിരക്ഷരന്‍
    2.Name : മാണിക്യം
    3.Email : maaanikyam@gmail.com
    4.Comments : ചെമ്പ്രയെന്ന് വയനാടിന്റെ കിരീടം കാല്‍‌ക്കിഴിലാക്കിയ സാഹസികരായ പ്രീയ സഞ്ചാരീ, ഗര്‍‌വോടെ ഞാന്‍ ഒന്നു പറയട്ടെ പ്രീയപ്പെട്ട നീരു.. നല്ല വിവരണം നല്ല ചിത്രങ്ങള്‍ സുരക്ഷിതമായി യാത്ര തുടരൂ.. നന്മകള്‍ നേരുന്നു …

  6. The following comments were submitted by a Website visitor!

    1.title : ചെമ്പ്ര പീക്ക് – നിരക്ഷരന്‍
    2.Name : അപ്പു
    3.Email : appusviews@gmail.com
    4.Comments : മനോജിനോടൊപ്പം മലകയറിയ ഒരു ഫീല്‍. നല്ല അസല്‍ വിവരണം

  7. nattupachayile lekhanam nannayittundu. vayichu, istapettu. sherikkum oru trekking kazhinja anubhavam. manojetta nannayittundu..

  8. നിഷാന്ത് :- സമ്മതിച്ചല്ലോ ? സന്തോഷമായി :)

    കുറ്റ്യാടിക്കാരാ:- അയ്യോ മാഷേ…അവിടെവരെ ചെന്നിട്ട് ചെമ്പ്ര കയറാതെ മടങ്ങിയെന്നോ ? കഷ്ടായിപ്പോയല്ലോ ? ഇനിയൊരിക്കല്‍ പോകണം കേട്ടോ ?

    ചെഗുവേര – ഒരിക്കലും പഴുക്കില്ല മാഷേ ? നന്ദീട്ടോ :)

    പൊറാടത്ത് :- സഹപ്രവര്‍ത്തകന്റെ കാര്യം ഒന്നും പറയണ്ട. തൊട്ടടുത്ത ദിവസത്തെ പക്ഷിപാതാളം വിസിറ്റ് ഞങ്ങള്‍ ക്യാന്‍സലാക്കീന്ന് പറഞ്ഞാല്‍ മതീല്ലോ ? :)

    ബിന്ദു കെ.പി :- അങ്ങനൊന്നും പറഞ്ഞ് ഒഴിയാന്‍ നോക്കണ്ട മാഷേ. ഒരിക്കല്‍ ഇവിടൊക്കെ പോകണം കേട്ടോ ?

    അഖിലേഷ് :- അവിടെ അത്ര വലിയ കാടൊന്നും ഇല്ലെന്ന് വേണം പറയാന്‍ . പലയിടത്തും പുല്ലുപിടിച്ച് കിടക്കുന്ന കുന്നുമാത്രമേയുള്ളൂ….

    മാണിക്യേച്ചീ :- എവറസ്റ്റ് കീഴടക്കി എന്നൊക്കെ പറഞ്ഞതുപോലുള്ള ആ കമന്റിനു്‌ നന്ദി.

    അപ്പു :- നന്ദീട്ടോ :)

    ശ്രവണ്‍ :- കമന്റിനു്‌ നന്ദി മാഷേ :)

    ചെമ്പ്ര പീക്ക് കയറാന്‍ എന്റൊപ്പം നാട്ടുപച്ചയിലേക്ക് വന്ന് കമന്റടിച്ച എല്ലാവര്‍ക്കും നന്ദി. അഖിലേഷിന്റേയും , മാണിക്യേച്ചിയുടേയുമ്, അപ്പൂന്റേയുമ്, ശ്രവണിന്റേയുമൊക്കെ കമന്റുകള്‍ മെയില്‍ വഴിവന്നതും നാട്ടുപച്ചയില്‍ കണ്ടതുമൊക്കെയാണു്‌ . അതൊക്കെ ഇവിടെ വെട്ടി ഒട്ടിച്ചത്‌ ഞാനാണു്‌ ആര്‍ക്കും മുഷിച്ചിലുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.

  9. Hi ambady,

    Read your blog about the trek. I feel tempted to tag along with you next time but my old legs might revolt. So better be satisfied with the travelogues from you.

    -Hemachandra Mohan

  10. കേരളം സുന്ദരമാണു പോയി കാണണെമെന്നു ഇവിടെ പലരേയും ഉപദേശിക്കുന്ന ഞാന്‍ കേരളത്തിലെ railway stationകള്‍ ഒഴിച്ചാല്‍അപൂറ്വ്വം സ്ഥലങ്ങലെ പോയികണ്ട്ട്ടുള്ളു എന്നതാണു യാഥാറ്ത്ഥ്യം..;))

    നിരക്ഷരന്റെ ബ്ലൊഗിലൂടെയാണിപ്പോള്‍ എന്റെ കേരള പര്യടനം…നന്ദി..നന്ദി

  11. നിരക്ഷര്‍ ജീ, ട്രക്കിംഗ് അനുഭവിച്ചു, കുടെ നടന്ന്. നന്ദി!

  12. വല്ലതും നാലക്ഷരം പഠിച്ച് “നല്ല” വല്ല ജോലിയും ചെയ്തു സ്വസ്ഥമായി ജീവിക്കാനുള്ളതിന് പകരം ഇങ്ങിനെ നിരക്ഷരനായി നടന്നു വെറുതെ, എന്നെപ്പൊലെയുള്ളവരില്‍ അസൂയ പോലുള്ള അധമവികാരങ്ങളുണ്ടാക്കാതിരുന്നു കൂടെ??:-)
    അല്ല.. ഇതെവിടെയൊക്കെയാ നിങ്ങളീ പോകുന്നത്? ഒന്നുകില്‍ സ്റ്റേറ്റ് ലെവെല്‍ പിടിക്ക് അല്ലെങ്കില്‍ നാഷണല്‍ അതുമല്ലെങ്കില്‍ ഇന്റര്‍നാഷനല്‍…ഏതെങ്കിലും ഒന്നുപിടി. ലണ്ടനില്‍ നിന്നും ഗോവ വഴി വയനാട്ടിലെ മലമുകളിലൂടെ…. അക്ഷരം കൂടി പഠിച്ചിരുന്നേല്‍ എന്തായിരുന്നേനേം സ്ഥിതി.
    ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ പോകുന്നുണ്ടെങ്കില്‍ ഒന്ന് പറയണേ..ഒരു സാധനം തന്നു വിടാനായിരുന്നു

  13. കഴിഞ്ഞ സെപ്റെമ്ബറില്‍ ഞാന്‍ ചെമ്ബ്രയില്‍ പോയിരുന്നു, ഒരു മലയാളി തീര്‍ച്ചയായും കാണേണ്ട സ്ഥലമാണ്. കേരളത്തില്‍ ജനിച്ചിട്ട്‌ അത്രയ്ക്ക് മനോഹരമായ ഒരു സ്ഥലം നമ്മുടെ നാട്ടില്‍ ഉണ്ടെന്നു അറിയാതെ പോകുന്നത് വലിയ നഷ്ടമാണ്…

  14. വയനാട്ടില്‍ കുറെ അധികം സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ചെമ്പ്രയില്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. കഠിനമായ ഒരു യാത്രയുടെ
    ലളിതമായ ഈ അവതരണം മൂലം അവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്നൊരു തോന്നല്‍ ഉണ്ടാക്കുന്നു. നിരക്ഷരാ താങ്കളുടെ ഈ യാത്ര
    വിവരണം (ഇതുമാത്രമല്ല എല്ലാം) വളരെ നന്നായിരിക്കുന്നു. ഞാന്‍ ഒരു കണ്ണൂര്‍ കാരന്‍ ആണ്. അവിടെ ആലക്കോട് പഞ്ചായത്തില്‍
    പൈതല്മല എന്നൊരു മല ഉണ്ട്. കണ്ണൂര്‍ഇന്റെ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച ഈ സ്ഥലം താങ്ങള്‍ക്ക്‌ സമയം കിട്ടിയാല്‍ ഒന്ന്
    സന്ദര്‍സ്സിക്കാമോ? കാരണം താങ്കളുടെ ഈ ബ്ലോഗ്‌ വായിക്കുന്ന മറ്റുള്ളവര്‍ക്ക് പയ്തല്‍മലയെ പറ്റി ഒരു അറിവുണ്ടാകുമല്ലോ ?

    1. @ akhi – പൈതൽ മലയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. 5 വർഷം കണ്ണൂര് ജീവിച്ചിട്ടും ആ വഴി പോകാൻ കഴിഞ്ഞില്ല എന്ന വിഷമം ബാക്കിനിൽക്കുന്നു. താമസിയാതെ പോകുന്നുണ്ട്. പൊയ്ക്കഴിഞ്ഞാൽ എഴുതിയിട്ടിരിക്കും. വായനയ്ക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.

  15. വയനാട്ടില്‍ കുറെ അധികം സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ചെമ്പ്രയില്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. കഠിനമായ ഒരു യാത്രയുടെ
    ലളിതമായ ഈ അവതരണം മൂലം അവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്നൊരു തോന്നല്‍ ഉണ്ടാക്കുന്നു. നിരക്ഷരാ താങ്കളുടെ ഈ യാത്ര
    വിവരണം (ഇതുമാത്രമല്ല എല്ലാം) വളരെ നന്നായിരിക്കുന്നു. ഞാന്‍ ഒരു കണ്ണൂര്‍ കാരന്‍ ആണ്. അവിടെ ആലക്കോട് പഞ്ചായത്തില്‍
    പൈതല്മല എന്നൊരു മല ഉണ്ട്. കണ്ണൂര്‍ഇന്റെ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച ഈ സ്ഥലം താങ്ങള്‍ക്ക്‌ സമയം കിട്ടിയാല്‍ ഒന്ന്
    സന്ദര്‍സ്സിക്കാമോ? കാരണം താങ്കളുടെ ഈ ബ്ലോഗ്‌ വായിക്കുന്ന മറ്റുള്ളവര്‍ക്ക് പയ്തല്‍മലയെ പറ്റി ഒരു അറിവുണ്ടാകുമല്ലോ ?

Leave a Reply to അപ്പു Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>