cambrigde-294

അമേരിക്കന്‍ മിലിട്ടറി സെമിത്തേരി


ണ്ടിങ്ങ് എന്ന പഴയ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.
സ്സ് സെമിത്തേരിയുടെ മുന്നിലെത്തിയപ്പോള്‍ ബസ്സിലിരുന്ന് തന്നെ ഞാനാ കാഴ്ച്ച കണ്ടു.

—————————————————————

രേപോലെയുള്ള ആയിരക്കണക്കിന് വെളുത്ത നിറത്തിലുള്ള കുരിശുകള്‍, പച്ചപ്പരവതാനി വിരിച്ചപോലെ പുല്ല് പിടിച്ച് കിടക്കുന്ന സെമിത്തേരിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

ഞാനടക്കമുള്ള എല്ലാ യാത്രക്കാരും ബസ്സില്‍ നിന്ന് സെമിത്തേരിയുടെ മുന്നിലെ സ്റ്റോപ്പിലിറങ്ങി.

സെമിത്തേരിയുടെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുന്നതിന് മുന്‍പ് ചുറ്റുവട്ടത്തൊക്കെ ഞാനൊന്ന് കണ്ണോടിച്ചു. അതെ, ഭോജനശാലകള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന കണ്ണോടിക്കല്‍ തന്നെ. വിശപ്പിന്റെ വിളി അവസാനിപ്പിക്കാതെ ഇനി മുന്നോട്ട് നീങ്ങാന്‍ പറ്റില്ലെന്നായിരിക്കുന്നു.

പക്ഷെ, ഇത്രയധികം സഞ്ചാരികള്‍‍ വന്നുപോകുന്ന സ്ഥലമായിട്ടും ഒരു ഫാസ്റ്റ് ഫുഡ് സെന്ററോ, ഒരു കോര്‍ണര്‍ ഷോപ്പോ ഇല്ലായിരുന്നു അവിടെയെങ്ങും. നമ്മുടെ നാട്ടിലാണെങ്കില്‍ നാല് ടൂറിസ്റ്റുകള്‍ വരുന്നിടത്ത് ഒരു ടോയ്‌ലറ്റ് ഒഴികെ എന്തെല്ലാം തരത്തിലുള്ള കടകളും കലാപരിപാടികളും കാണും ?!

ഭക്ഷണത്തിന്റെ കാര്യം ഉടനെയെങ്ങും നടക്കില്ല, പകരം ഒരുപാട് കാഴ്ച്ചകള്‍ കാണിച്ച് തരാമെന്ന് വിശന്ന് വലഞ്ഞിരിക്കുന്ന വയറിനെ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് തന്നെ നീങ്ങി. (വയറിന് കണ്ണുണ്ടോ എന്ന് ചോദിക്കരുത്. )

ഗേറ്റ് കടക്കുമ്പോള്‍ത്തന്നെ ഇടത്തുവശത്തായി സന്ദര്‍ശകര്‍ക്കുള്ള കെട്ടിടം കണ്ടു. സെമിത്തേരി സൂപ്രണ്ടിന്റെ ഓഫീസും, സന്ദര്‍ശകര്‍ക്കുള്ള ടോയ്‌ലറ്റുകളുമൊക്കെ ആ കെട്ടിടത്തിനകത്താണ്. സന്ദര്‍ശകക്കെട്ടിടത്തിന് തൊട്ടുമുന്നിലായി ഉയരമുള്ളൊരു(72 അടി) കൊടിമരത്തില്‍ അമേരിക്കന്‍ പതാക പാറിക്കളിക്കുന്നുണ്ട്.1943ഡിസംബര്‍ 7ന് എസ്‌റ്റാബ്ലിഷ് ചെയ്യപ്പെട്ട ഈ സെമിത്തേരി 1956 ജൂലായ് 16നാണ് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടത്. 30.5 ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ സെമിത്തേരിപ്പറമ്പ് കേം‍‌ബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ സംഭാവനയാണ്.

കടപ്പാട് – http://www.totaltravel.co.uk

കൊടിമരം എന്ന കേന്ദ്രബിന്ദുവിനെ ചുറ്റി A മുതല്‍ G വരെയുള്ള 7 കര്‍വുകളായാണ് (Curve) മാര്‍ബിളില്‍ തീര്‍ത്ത എല്ലാ തലക്കല്ലുകളും (Headstones) അഥവാ കുരിശുകളും സ്ഥാപിച്ചിരിക്കുന്നത്. അതിനിടയിലൂടെ ചെറുകല്ലുകള്‍ വിരിച്ച നടപ്പാതകളുമുണ്ട്. കൊടിമരത്തിന്റെ കീഴില്‍ നിന്നാണ് ആ കുരിശുകളുടെ‍ കാഴ്ച്ച ഏറ്റവും നന്നായിട്ട് കിട്ടുന്നതെന്നെനിക്ക് തോന്നി.

കൊടിമരത്തിനടുത്തുനിന്ന് കുരിശുകള്‍ക്കരികിലേക്ക് നടന്നു. സാധാരണ സെമിത്തേരികളില്‍ കല്ലറകള്‍ക്കിടയിലേക്ക് പോകുമ്പോള്‍ തോന്നുന്ന ഒരു ഭീതി ഇവിടെയെനിക്കനുഭവപ്പെട്ടില്ല. ആ കുരിശുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ മനസ്സിലൂടെ വല്ലാത്ത ചിന്തകളാണ് കടന്നുപോയത്. മൃഗങ്ങള്‍പോലും ഇരയ്ക്ക് വേണ്ടിമാത്രം മറ്റൊരു മൃഗത്തെ കൊല്ലുന്ന ഈ ഭൂമിയില്‍, അത്തരമൊരുകാരണമില്ലാതെ തന്നെ കൊലചെയ്യപ്പെട്ടിരിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഈ പച്ചപ്പുല്ലിനടിയില്‍ അന്ത്യനിദ്രകൊള്ളുന്നു. ആലോചിക്കുന്തോറും ചുറ്റുമുള്ള മനുഷ്യജന്മങ്ങളോടും സ്വജന്മത്തോടുതന്നെയും വെറുപ്പുതോന്നിപ്പോകുന്ന അവസ്ഥ. മനുഷ്യന്‍ എന്ന ഹീന ജന്തുകുലത്തില്‍ പിറന്നതില്‍ വ്യസനിക്കപ്പെട്ടുപോയ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.

സെമിത്തേരിയുടെ ചരിത്രം രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന ചേരി, ജര്‍മ്മനിയും ജപ്പാനുമൊക്കെയടങ്ങുന്ന മറുചേരിയുമായി നടത്തിയ പോരാട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്നു. യുദ്ധത്തില്‍ മരിച്ച‍ 3812 പോരാളികള്‍ ഈ സ്മശാനത്തില്‍ അന്ത്യനിദ്രകൊള്ളുന്നു. പല രാജ്യങ്ങളിലായി 25 ല്‍പ്പരം സെമിത്തേരികള്‍ അമേരിക്കയ്ക്കുണ്ടെങ്കിലും ബ്രിട്ടീഷ് മണ്ണിലെ ഏക അമേരിക്കന്‍ സെമിത്തേരിയാണിത്. യുദ്ധത്തിനിടയില്‍ അപകടത്തില്‍പ്പെട്ടും, മുറിവുപറ്റിയും, അസുഖം പിടിപെട്ടും പരലോകം പ്രാപിച്ച ഈ പടയാളികളില്‍ ഭൂരിപക്ഷവും അമേരിക്കന്‍ ആര്‍മി എയര്‍ഫോര്‍സിലുള്ളവരായിരുന്നു. ബാക്കിയുള്ളവര്‍ ആര്‍മി, നേവി, മറൈന്‍ കോര്‍പ്പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളില്‍പ്പെടുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, അമേരിക്കന്‍ യുദ്ധ സ്മാരക കമ്മീഷന്‍ (American Battle Monuments Commission) യൂറോപ്പില്‍ ഇതുപോലെ ഉണ്ടായിരുന്ന അവരുടെ 8 സെമിത്തേരികളില്‍ ഓരോ ചാപ്പലും, ഓരോ യുദ്ധസ്മാരകവും പണിതുയര്‍ത്തി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ മറ്റ് 17 സെമിത്തേരികള്‍ കൂടെ ലോകത്തിന്റെ പലഭാഗത്തായി ഉയര്‍ന്നുവന്നു. ശവമടക്കം ചെയ്യപ്പട്ട പട്ടാളക്കാരുടെ എണ്ണത്തിന്റെ 39 % മാത്രമേ ഇപ്പറഞ്ഞ എല്ലാ സെമിത്തേരികളിലും കൂടെ ഉള്ളൂ എന്നാണ് കണക്കുകള്‍. ബാക്കിയുള്ള 61 % പട്ടാളക്കാരുടെ ശരീരങ്ങള്‍ ബന്ധുജനങ്ങളുടെ ആവശ്യപ്രകാരം അവരവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കുകയാണുണ്ടായത്.

ഇത്രയുമൊക്കെ മരിച്ചതിന് ശേഷം ഭാഗികമായെങ്കിലും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ പറ്റിയ സൈനികരുടെ കണക്കുകളാണ്. യുദ്ധത്തിനുശേഷം കാണാതായ സൈനികരുടെ എണ്ണം ഇതിനേക്കാള്‍ വലുതാണ്. നോര്‍ത്ത് ആഫ്രിക്കയിലും, ഫ്രാന്‍സിലുമൊക്കെയായി കരയില്‍ത്തന്നെ മരിച്ചെങ്കിലും തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ശരീരങ്ങളാകുകയും, അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടിലൊക്കെ അന്ത്യനിദ്രപ്രാപിക്കുകയും ചെയ്ത പോരാളികളില്‍ ഭൂരിഭാഗവും(3524) ആര്‍മിയില്‍ നിന്നും എയര്‍ ഫോര്‍സില്‍ നിന്നും തന്നെ. നേവി (1371), കോസ്റ്റ് ഗാര്‍ഡ് (201), മറൈന്‍ കോര്‍പ്പ്സ് (30) എന്നീ സേനകളിലെയാണ് ബാക്കിയുള്ള സൈനികര്‍.

സെമിത്തേരിയുടെ പുറകുവശത്തായി ഒരു റോഡ് കാണുന്നുണ്ട്. റോഡിന് പുറകില്‍ ദൂരെയായി മഞ്ഞനിറത്തില്‍ കനോലപ്പാടം (റേപ്പ് സീഡ്)പൂത്തുനില്‍ക്കുന്നതുകണ്ടു. പുറകിലെത്തിയപ്പോള്‍ അതാണ് മുന്‍‌വാതില്‍ എന്ന് തോന്നിക്കുന്ന വിധം അവിടെയും അമേരിക്കന്‍ മിലിട്ടറി സെമിത്തേരി എന്ന് വലുതാക്കി എഴുതി വെച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടന്ന് കനോലപ്പാടത്തിന്റെ ചില ചിത്രങ്ങളെടുത്തു. പതിവ് ചിത്രങ്ങളെപ്പോലെ അതുമത്ര നന്നായി പതിഞ്ഞില്ല.

തിരിച്ച് വീണ്ടും സെമിത്തേരിയിലേക്ക് കടന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മാര്‍ബിള്‍ കൊണ്ടുണ്ടാക്കി പരേതാന്മാവിന്റെ പേരും ജനനമരണത്തീയതിയും സൈന്യത്തിലെ റാങ്കുമെല്ലാം കൊത്തിവെച്ചിരിക്കുന്ന എല്ലാ തലക്കല്ലുകളും കുരിശുകളല്ല. ചിലത് നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍ വനിതാ സൈനികരുടേതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഊഹിച്ചു. പക്ഷെ ഉറപ്പിക്കാന്‍ വയ്യ. ആരോടെങ്കിലും ചോദിക്കാമെന്നുവെച്ചപ്പോള്‍ അടുത്തെങ്ങും ആരുമില്ല.

കുറച്ച് ദൂരെയായി മൂന്നാല് സ്ത്രീകള്‍ കുരിശൊക്കെ കഴുകി വൃത്തിയാക്കുന്നത് കണ്ടു. അവര്‍ക്കരികിലേക്ക് നടന്നു. മെയ് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച്ച, മണ്ണടിഞ്ഞ അമേരിക്കന്‍ പട്ടാളക്കാരുടെ ഓര്‍മ്മ ദിവസമാണ്. നവംബര്‍ മാസത്തിലും ഇതുപോലൊരു ഓര്‍മ്മദിവസമുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കുരിശെല്ലാം വൃത്തിയാക്കുന്നത്. ആ ജോലി ചെയ്യുന്നവരെല്ലാവരും അമേരിക്കക്കാരാണ്. അവരുടെ ഒരു സൊസൈറ്റിയുണ്ട് കേംബ്രിഡ്‌ജില്‍. ഒരു സേവനമെന്ന നിലയ്ക്കാണ് ഈ വൃത്തിയാക്കല്‍ പരിപാടി നടക്കുന്നത്. കുരിശിനുപകരം നക്ഷത്രം വെച്ചിരിക്കുന്നതിനെപ്പറ്റി അക്കൂട്ടത്തിലെ മുതിര്‍ന്ന ഒരു സ്ത്രീയോട് ചോദിച്ചു.

ജ്യൂതന്മാരുടെ ശവകുടീരത്തിന് മുകളിലാണത്രേ കുരിശിന് പകരം നക്ഷത്രം കാണുന്നത്. അതൊരു വ്യത്യസ്ഥ അറിവായിയിരുന്നു. ജ്യൂതന്മാര്‍ പല കാര്യങ്ങളിലും പ്രത്യേകതയുള്ളവര്‍ തന്നെ. മട്ടാഞ്ചേരിയിലേയും, പറവൂരിലേയും ജ്യൂതത്തെരുവുകള്‍ വീടിന് വളരെ അടുത്തായിരുന്നിട്ടും ഇതൊക്കെ മുന്നേ മനസ്സിലാക്കാതെ പോയതില്‍‍ കുണ്ഡിതം തോന്നി.


കുരിശുകള്‍ വൃത്തിയാക്കുന്ന സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് കുരിശുകള്‍ക്കിടയിലൂടെ വീണ്ടും നടന്നു. കുറച്ച് ദൂരെയായി ചാപ്പല്‍ കാണുന്നുണ്ട്. അവിടെക്കയറി കുറച്ച് നേരം ഇരിക്കാമെന്ന് കരുതി. ചാപ്പലിന്റെ മരത്തിലുണ്ടാക്കിയ വലിയ ഇരട്ടപ്പാളി വാതിലില്‍ യുദ്ധക്കപ്പലുകളുടേയും, പാറ്റണ്‍ ടാങ്കുകളുടേയുമെല്ലാം ത്രിമാന മാതൃകകള്‍ കൊത്തിവെച്ചിരിക്കുന്നു. ചാപ്പലിനകത്ത് ഒരു ചുമര്‍ മുഴുവനായി‍ അമേരിക്ക നടത്തിയ യുദ്ധങ്ങളുടെ ഒരു കൂറ്റന്‍ മാപ്പ് സ്ഥാപിച്ചിരിക്കുന്നു.

അതിനുതാഴെ യുദ്ധചരിത്രമൊക്കെ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ വായിച്ച് മനസ്സിലാക്കി അവിടെ കുറേ നേരം നിന്നു. കോണ്‍‌വെന്റ് സ്കൂളില്‍ പഠിച്ചിട്ടുള്ളതുകൊണ്ട് കുരിശ് വരയ്ക്കാനറിയാം. അള്‍ത്താരയ്ക്ക് മുന്നില്‍ നിന്ന് കുരിശ് വരച്ച് ചാപ്പലില്‍ നിന്നും പുറത്തുകടന്നു.

യുദ്ധത്തിനുശേഷം, കാണാതായ 5126 പട്ടാളക്കാരുടേയും പേരുവിവരങ്ങള്‍ കൊത്തിവെച്ചിട്ടുള്ള 472 അടി നീളമുള്ള ഒരു വലിയ മതിലുതന്നെ ചാപ്പലിന്റെ ഇടതുവശത്ത് കണ്ടു. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള ക്വാറികളില്‍ നിന്നും കൊണ്ടുവന്ന പോര്‍ട്ട്‌ലാന്റ് സ്റ്റോണ്‍ എന്ന് വിളിക്കുന്ന കല്ലുകള്‍കൊണ്ടുണ്ടാക്കിയ ഈ മതിലിനെ ‘ടേബിള്‍ ഓഫ് മിസ്സിങ്ങ് ’ എന്നാണ് വിളിക്കുന്നത്.


‘റിഫ്ലക്‍ടിങ്ങ് പൂള്‍‘ എന്നുവിളിക്കുന്ന ജലാശയം ടേബിള്‍‍ ഓഫ് മിസ്സിങ്ങിന് സമാന്തരമായി നീണ്ടുനിവര്‍ന്ന് കിടക്കുന്നു. ടേബിള്‍ ഓഫ് മിസ്സിങ്ങിന്റെ മുകളിലായി ഒരറ്റത്തുനിന്ന് തുടങ്ങി മറ്റേ അറ്റം വരെ, വലിയ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഇങ്ങനെ കൊത്തിവെച്ചിട്ടുണ്ട്.

THE AMERICANS, WHOSE NAMES HERE APPEAR, WERE PART OF THE PRICE THAT FREE MEN FOR THE SECOND TIME IN THE CENTURY HAVE BEEN FORCED TO PAY TO DEFEND HUMAN LIBERTY AND RIGHTS. ALL WHO SHALL HEREAFTER LIVE IN FREEDOM WILL BE HERE REMINDED THAT TO THESE MEN AND THEIR COMRADES WE OWE A DEBT TO BE PAID WITH GRATEFUL REMEMBRANCE OF THEIR SACRIFICE AND WITH THE HIGH RESOLVE THAT THE CAUSE FOR WHICH THEY DIED SHALL LIVE ETERNALLY.

കൈയ്യിലുള്ള നോട്ടുബുക്കില്‍‍ അത് മുഴുവന്‍ എഴുതിയെടുത്ത് പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുന്ന എന്നെ സെമിത്തേരിയിലെത്തിയ മറ്റ് ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. ആര്‍മി, നേവി, മറൈന്‍ കോര്‍പ്പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിങ്ങനെ എല്ലാ പട്ടാളക്കാരുടേയും ഓരോ പ്രതിമ വീതം ആ ചുമരില്‍ അലേഖനം ചെയ്തിട്ടുള്ള പേരുകള്‍ക്കിടയില്‍ പ്രൌഢഗംഭീരമായി നിലയുറപ്പിച്ചിട്ടുണ്ട്.

ചുമരിലുള്ള ഒരു പേരില്‍, അത് തെളിഞ്ഞ് കാണും വിധം നിറവ്യത്യാസമുള്ളത് ശ്രദ്ധിച്ചു. അതിന് കീഴെയായി കുറച്ച് പൂക്കളും കണ്ടു. ആ സൈനികന്റെ ഓര്‍മ്മദിവസം ആയിരിക്കണം ഇക്കഴിഞ്ഞ ദിവസങ്ങളിലേതോ ഒന്ന്. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോ, ബന്ധുജനങ്ങളോ, സുഹൃത്തുക്കളോ ആരെങ്കിലും കൊണ്ടുവെച്ച പൂക്കളാകാം അത്. പക്ഷെ, അതല്ല ആ നിറവ്യത്യാസത്തിന് കാരണമെന്ന് വീണ്ടും ഗേറ്റിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. ഗേറ്റിന് മുന്നില്‍ അകത്തേക്ക് കടക്കുമ്പോള്‍ ഞാന്‍ കാണാന്‍ വിട്ടുപോയ ഒരു ഫലകത്തില്‍ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആദ്യം കാണാതായവരുടെ കൂട്ടത്തില്‍പ്പെട്ടുപോയെങ്കിലും പിന്നീട് കണ്ടെടുത്ത പട്ടാളക്കാരുടെ പേരുകളാണ് നിറവ്യത്യാസത്തില്‍ കാണുന്നത്.

രണ്ടേകാല്‍ മണിക്കൂറായിക്കാണും സെമിത്തേരിയില്‍ എത്തിയിട്ട്. അടുത്ത 5 മിനിറ്റിനകം ഒരു ബസ്സ് വരും. അതില്‍ മടങ്ങാന്‍ പറ്റുമായിരിക്കും. ഗേറ്റിലേക്ക് തിരികെ നടക്കുമ്പോള്‍ മനസ്സ് ശോകമൂകമായിരുന്നു.

പതിനായിരക്കണക്കിന് പട്ടാളക്കാര്‍‍ യാതൊരു താല്‍പ്പര്യമില്ലാതിരുന്നിട്ടും, കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടിവരുമെന്ന് പേടിച്ച് മാത്രം സൈന്യത്തില്‍ തുടരുന്നു, യുദ്ധങ്ങളില്‍ പങ്കെടുക്കുന്നു, ജീവന്‍ ബലിയര്‍പ്പിക്കുന്നു. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് പരുക്കനായിത്തോന്നുന്ന പട്ടാള യൂണിഫോമിനുള്ളിലെ നിസ്സഹായരായ ഒരുപറ്റം മനുഷ്യര്‍. ആരറിഞ്ഞു അവരുടെ ദുഖങ്ങള്‍ ? ആരറിഞ്ഞു അവരുടെ ഉറ്റവരുടേയും ഉടയവരുടേയും വ്യഥകള്‍ ?

ഞാനാ നില്‍ക്കുന്ന സിമിത്തേരിയില്‍ അന്ത്യനിദ്രപ്രാപിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പം, കാര്‍ഗില്‍, കാശ്‌മീര്‍, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, കുവൈറ്റ്, വിയറ്റ്നാം എന്നുതുടങ്ങി കേട്ടറിവുള്ള എല്ലാ‍ യുദ്ധഭൂമികളിലും ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കെല്ലാം മനസ്സാ ഓരോപിടി വെളുത്ത പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഗേറ്റിന് വെളിയില്‍ കടന്നപ്പോഴേക്കും ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ‘ബസ്സവിടെ എത്തിക്കഴിഞ്ഞിരുന്നു.

വിശപ്പും ദാഹവും ശരീരത്തിനേയും, സെമിത്തേരിയിലെ അനുഭവം മനസ്സിനേയും ശരിക്കും തളര്‍ത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ബസ്സില്‍ക്കയറി ഒരു സീറ്റിലിടം പിടിച്ചതുകൊണ്ട് കുഴഞ്ഞ് വീഴാതെ രക്ഷപ്പെട്ടു.

കൂടുതല്‍ പേര്‍ കയറാനുള്ളതുകൊണ്ട് ബസ്സ് പതിവിലധികനേരം അവിടെ കാത്തുനിന്നെങ്കിലും അധികം വൈകാതെ കേംബ്രിഡ്ജ് സിറ്റി സെന്ററിലേക്ക് യാത്രയായി. കൂടെ വന്നവര്‍ പീറ്റര്‍ബറോയിലേക്കുള്ള മടക്കയാത്രയ്ക്ക് റെഡിയായി കാത്തുനില്‍ക്കുന്നുണ്ടാകും.

ഇന്നത്തേക്ക് ഇത്രമതി യാത്ര. ഇരുട്ടുന്നതിന് മുന്നേ വീട്ടിലെത്തണം. അതിന് മുന്നേ സിറ്റി സെന്ററില്‍ നിന്ന് വല്ലതും കഴിക്കണം. വിശപ്പ് ഇനിയും പിടിച്ചുനിര്‍ത്തിയാല്‍, പട്ടിണി കിടന്ന് മരിച്ച മലയാളികള്‍ക്കുള്ള വല്ല സെമിത്തേരിയും കേംബ്രിഡ്‌ജില്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടിവരും.

Comments

comments

39 thoughts on “ അമേരിക്കന്‍ മിലിട്ടറി സെമിത്തേരി

  1. ജയ് ജവാന്‍ !
    സുഖമായി മരണ ഭീതി എന്തെന്നറിയാതെ
    കിടന്നുറങ്ങുന്ന് ഓരോ പൌരനും
    നാന്ദിയോടെ ഓര്‍മ്മിയ്ക്കണ്ടതാണു നമ്മുടെ സൈനീകരെ ..
    ഭാരതീയ പൌരന്മാര്‍ മറക്കുന്നു നമ്മുടെ സൈനീകരെ ആദരിയ്ക്കാന്‍ ….

    ക്യാനഡയില്‍‌ ഒക്‍ടൊബര്‍ മാസം യുദ്ധത്തില്‍ മരിച്ച സൈനീകരെ ആദരിക്കുന്നു എല്ലാവരും ഒരു
    പൊപ്പി ചുവന്ന രക്ത പുഷ്പം ബാഡ്‌ജ് ആയി കുത്തി നടക്കുന്നു.. പുഷ്പചക്രം അവരുടെ സമാധിയില്‍ എന്നും കൊണ്ട് വയ്ക്കുന്നു മരിച്ച സൈനീകര്‍ക്കായി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുര്‍‌ബാനയും നടക്കുന്നു..
    നീരൂ ഈ പൊസ്റ്റ് വന്നാ ഈ സമയം ഞാന്‍ നമ്മുടെ നാടിനു വേണ്ടി വീര മൃത്യു വരിച്ച ജവാന്മാരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ശിരസ്സു നമിക്കുന്നു
    ആദരാഞ്ജലിയോടെ …..

    അതിര്‍ത്തി കാക്കുന്ന പട്ടാളകാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു…

  2. കര്‍ത്താവേ ദൈവം തമ്പുരാന്‍ ഓരോരോ വഴികള്‍ മനുഷ്യരുടെ മുന്നില്‍ തുറന്നിടുന്നതെ .അല്ലെങ്കില്‍ ഈ തേങ്ങാ അടി മറ്റു വല്ലവരും കൊണ്ടുപോകില്ലായിരുന്നോ .

    ((((((O)))))))

    നിരന്‍ ,എനിക്കാ കുരിശുകള്‍ എല്ലാം കണ്ടപ്പോള്‍ വല്ലാത്ത ഭക്തി :) പ്രേതം കുരിശു കണ്ടാല്‍ പേടിക്കുമോ നിര ?

    ഇവിടെ ഇങ്ങനെ ഒന്നും അല്ല .പല രൂപങ്ങള്‍ ഇവിടയൂതെ സെമിത്തേരിയില്‍ കാണാം .മറ്റൊരു സെമിത്തേരിയില്‍ ഞാന്‍ പോയപ്പോള്‍ അവിടെ തനി പാര്‍ക്കു പോലെ പച്ച പുല്ലു വെച്ച്‌ പിടിപ്പിച്ചിരിക്കുന്നു .ഇടയ്ക്കിടെ ചില സ്ഥലങ്ങളില്‍ വാടാത്തതും വാടിയതുമായ റോസാ പുഷ്പങ്ങള്‍.

    ഇത് വളരെ നന്നായിരിക്കുന്നു നിരന്‍ .

  3. നിര നിരയായി ആ കുരിശുകള്‍ നല്ല ഭംഗിയില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ സത്യം പറയട്ടെ..ഒരു സെമിത്തേരിയുടെ ഫീലിംഗ് തോന്നിയില്ല എനിക്ക്.എത്ര മനോഹരമായാണു അവര്‍ അതു സൂക്ഷിച്ചിരിക്കുന്നത്.ഇടക്കിടക്ക് കുരിശുകള്‍ വൃത്തിയാക്കി വെക്കുന്നു..
    യുദ്ധത്തില്‍ മരിച്ച സൈനികരെ അന്നു ഇങ്ങനെ നിര നിരയായി ,ഓരോരുത്തര്‍ക്ക് ഓരോ കല്ലറ ( കല്ലറ ഇല്ലല്ലോ അല്ലേ ) എന്ന കണക്കില്‍ സംസ്കരിച്ച അന്നത്തെ ഭരണാധികാരികള്‍ കൊള്ളാം.സെമിത്തേരി വിവരണം അത്യുഗ്രന്‍ !

    ഓ.ടോ : ആ താടീം മുടീം ഒക്കെ മാറ്റീപ്പോള്‍ മനുഷ്യക്കോലമായി..ട്ടോ !

  4. ഒരു സെമിത്തേരി പോലും കാണാനെത്ര ഭംഗി! വിവരണം പതിവു പോലെ നന്നായിരിയ്ക്കുന്നു.

  5. അമേരിക്കന്‍ ജൂത പട്ടാളക്കാര്‍ കൊന്നൊടുക്കിയ പാവങ്ങളുടെ സെമിത്തേരി ഒരു പക്ഷെ ഇതിന്റെ 100 ഇരട്ടി വരുമായിരിക്കും. അങ്ങനെ ഒന്ന് ഇല്ലാതിരുന്നത് ഭാഗ്യം. അഫ്ഗാനിലെയും ഇറാഖിലെയും എല്ലാം വെടിവെച്ചും ബലാത്സംഗം ചെയ്തും കൊല്ലുന്ന പട്ടാളക്കാര്‍ക്ക് അവര്‍ എന്നും നിത്യ ശാന്തി ലഭിക്കട്ടെ.

    സാമ്രാജ്യത്തത്തിന്റെ ചട്ടുകമാവാന്‍ വിധിക്കപ്പെട്ട അവരുടെ ജീവനെയോര്‍ത്ത് നമുക്ക് ദുംഖിക്കാം.

  6. നിരു ഭായി..

    പതിവുപോലെ വിജ്ഞാനപ്രദമായ പോസ്റ്റ്.

    ഏതാണ്ട് 60 കൊല്ലങ്ങള്‍ക്കപ്പുറം മരിച്ച ബന്ധുജനങ്ങളെ ഇപ്പോഴും ഓര്‍ക്കാനും അവര്‍ക്ക് പൂക്കളര്‍പ്പിക്കാനും കഴിയുന്ന മനസ്സുകളെ നിങ്ങള്‍ക്ക് ഒരു സലാം..! എന്നാല്‍ എന്റെ സ്ഥിതിയൊ അഞ്ചു മാസം മുമ്പ് മരിച്ചുപോയ എന്റെ മൂത്ത ചേട്ടനെ ഓര്‍ക്കുന്നത് അമ്മയെ ഫോണില്‍ വിളിക്കുമ്പോള്‍ മാത്രമാണ്. ഇത്ര ചെറിയ കാലയളവ് പോലും മറവിയുടെ, യാന്ത്രികതയുടെ ഉള്ളില്‍ പെട്ട് ഒഴുകിപ്പോകുന്നു.

  7. വളരെ നല്ല പോസ്റ്റ്. അവിടെ പോവതെ തന്നെ അവിടെ പോയ പ്രതീതി. ഞാന്‍ ഈ യത്രാ വിവരണ ബ്ലൊഗിന്റെ
    ഒരു ഫാന്‍ ആയി :-D

  8. ഈ സിമിത്തേരി എന്തൊക്കെയോ ഓര്‍മിപ്പിച്ചു നിരക്ഷരന്‍ ചേട്ടാ….
    പതിവു പോലെ നല്ല പോസ്റ്റ്…ഇതു പക്ഷെ, പഴയ പോസ്റ്റുകളും കാണിച്ചു തന്നല്ലോ…നന്ദി..
    പിന്നെ,പറയാന്‍ വന്ന കാര്യം,കാ‍ന്താരി ചേച്ചി പറഞ്ഞു.. ഏത്? ആ ഫോട്ടോ മാറ്റിയ കാര്യമേ…ഇവിടെ,എന്റെ ആദര്‍ശും,ഇപ്പൊ മനുഷ്യ കോലത്തില്‍ ആയി.ഞാന്‍ ആദ്യമായി ദോഹയില്‍ വന്നപ്പോ,എയര്‍പോര്‍ട്ടില്‍ വച്ചു മൂപ്പരെ ഞാന്‍ കണ്ടു ഞെട്ടിപ്പോയി..!!! മൌഗ്ലി,ടാര്‍സന്‍ …..ഇവരൊക്കെ ശിഷ്യപ്പെട്ടു പോകുന്ന ഒരു രൂപം..പക്ഷെ,പിന്നീടെപ്പൊഴോ ഞാനും അത് ഇഷ്ടപ്പെട്ടു….

  9. ഇവിടെ നമ്മള്‍ കാണു‍ന്ന സെമിത്തേരികളില്‍ നിന്നെത്ര വ്യത്യസ്ഥം. സെമിത്തേരിയാണെന്ന ഒരു പ്രതീതി പോലും ഉണ്ടാക്കുന്നില്ല.

  10. മാണിക്യേച്ചീ – അതിര്‍ത്തിയില്‍ ഉറക്കമിളച്ചിരുന്ന് നമ്മളെ സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന പട്ടാളക്കാരുടെ ഭിക്ഷയാണ് നമ്മുടെ ജീവിതം എന്നെവിടെയോ ഈയിടെ വായിച്ചിരുന്നു.

    കാപ്പിലാനേ – തേങ്ങായ്ക്ക്ക്കും കമന്റിനും നന്ദി. കുരിശ് കണ്ടാല്‍ പ്രേതം പറപറക്കും. എന്താ സംശ്യം ണ്ടോ ? :)

    ആള്‍‌രൂപന്‍ – നന്ദി :)

    കനല്‍ – നന്ദി :)

    കാന്താരിക്കുട്ടീ – സെമിത്തേരിയുടെ ആരാധികേ..ഇഷ്ടായല്ലോ സെമിത്തേരി.സന്തോഷം:) കാണാന്‍ എന്ത് കോലമായിട്ട് എന്ത് കാര്യം. ഉള്ളിലെന്ത് കോലമാ‍ണെന്നുള്ളതാണല്ലോ കാര്യം :)

    ശ്രീ – നന്ദി :)

    ജോക്കര്‍ – പട്ടാളക്കാന്‍ കൊന്നവരും, പട്ടാളക്കാരെ കൊന്നവരും എല്ലാം മനുഷ്യജീവികള്‍ തന്നെ. എന്റെ ആ‍ദരാജ്ഞലികള്‍ എല്ലാവര്‍ക്കും ഞാനര്‍പ്പിച്ചിട്ടുണ്ട് ഈ പോസ്റ്റിലൂടെ. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി :)

    കുഞ്ഞന്‍ – മുറതെറ്റാതെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി :)

    –xh– നന്ദി സുഹൃത്തേ, ഈ വഴിവന്നതിനും, അഭിപ്രായം പറഞ്ഞതിനും, എന്റെയീ ചിന്ന ബ്ലോഗിന്റെ ആരാധകനായതിനുമെല്ലാം :)

    സ്മിതാ ആദര്‍ശ് – വായനയ്ക്കും,എന്റെ മനുഷ്യക്കോലത്തെപ്പറ്റി സുദീര്‍ഘമായി അഭിപ്രായം പറഞ്ഞതിനുമെല്ലാം നന്ദി.നല്ലപാതിക്ക് എന്റെ പഴയ കോലം ഒരിക്കലും ഇഷ്ടായിരുന്നില്ല :)

    എഴുത്തുകാരീ – നന്ദി :)

    sekhar – പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഈ പോസ്റ്റിനായി എന്നറിഞ്ഞതില്‍ സന്തോഷം. ഇതുവഴി വന്നതിന് നന്ദി :)

    സെമിത്തേരിയില്‍ വന്ന് പട്ടാളക്കാര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ചവര്‍ക്കെല്ലാം വളരെ വളരെ നന്ദി.

  11. ഒരു ഉദ്യാനം പോലെ തോന്നിക്കുന്നു,ഈ സെമിത്തേരി.
    മാതൃരാജ്യത്തിനായി കാവല്‍ കിടക്കൂന്ന ജീവന്‍വെടിയുന്ന
    സേനാനികളെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു.

    കനംകൂടിയ പട്ടാളയൂണീഫോമിനകത്തെ മനുഷ്യജന്മത്തിന്റെ നിയോഗത്തെ ഓര്‍മ്മിപ്പിക്കുന്നു,
    ഈ പോസ്റ്റ്.അതോടൊപ്പം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ യുദ്ധത്തിലും കലാപങ്ങളിലും
    ഏറ്റുമുട്ടലിലുമെല്ലാം പിടഞ്ഞുവീഴുന്ന നിരപരാധികളുടെ ജീവത്യാഗത്തെയും ഓര്‍മ്മപ്പെടുത്തുന്നു.

    ഒരൊറ്റ വിഷയം മാത്രമുള്ളതു കൊണ്ടായിരിക്കണം
    ഈ പോസ്റ്റ് പണ്ടിംഗിന്റെ അത്രക്ക്
    വായനാ സുഖം നലികിയില്ല.എന്നിരുന്നാലും,
    ഈ വിഷയത്തിലുള്ള ഒത്തിരി അറിവുകള്‍
    പകര്‍ന്നേകാന്‍ ഈ പോസ്റ്റിന് കഴിയുന്നുണ്ട്

  12. നിരക്ഷരോ ഒന്നു ചോയിച്ചോട്ടേ, ഇനി ഈ ഭൂമിയുലകത്തില്‌ ഇങ്ങള്‍ടെ കാലോ കൈയ്യോ കുത്താത്ത സ്ഥലം വല്ലതും ബാക്കീണ്ടോ? ഉണ്ടെങ്കീ ഇപ്പോ പറഞ്ഞോളണം, എനിക്ക് ഒന്നവിടെ കുത്താനാ (മാപ്പില്‌)..:)

  13. ഇത് വായിച്ചപ്പോള്‍ പറയണമെന്ന് തോന്നിയത് ജോക്കര്‍ പറഞ്ഞുകഴിഞ്ഞു. നിരക്ഷരനും ജോക്കറിനും നന്ദി.

    ഒരു ഡൌട്ട്,

    /പരലോകം പ്രാപിച്ച ഈ പടയാളികളില്‍ ഭൂരിപക്ഷവും അമേരിക്കന്‍ ആര്‍മി എയര്‍ഫോര്‍സിലുള്ളവരായിരുന്നു./

    ആര്‍മി എയര്‍ഫോഴ്സ്? ഇതിലെന്തോ പിശകില്ലേ?

  14. കുറ്റ്യാറ്റിക്കാരാ – ആദ്യം തന്നെ ഞാനൊന്ന് അഭിനന്ദിക്കട്ടെ. ഈ ‘പിശക് ‘ കണ്ടുപിടിച്ചതിന് . മനസ്സിരുത്തി വായിച്ചെന്ന് മനസ്സിലാക്കിയതിനാണ് അഭിനന്ദനം. ഈ സംശയം എനിക്കും കലശലായി ഉണ്ടായിരുന്നു. സെമിത്തേരിയുടെ ഗേറ്റില്‍ കണ്ട ഫലകത്തില്‍ അങ്ങനെയാണ് എഴുതിക്കണ്ടത്. അതുപോലെ തന്നെ എഴുതണോ എന്ന് പല പ്രാവശ്യം ആലോചിച്ചു. പിന്നെ നെറ്റിലെ കുറേ സൈറ്റുകളിലൊക്കെ നോക്കി. അവിടെയും അങ്ങിനാ കണ്ടത്. പിന്നെ ഈ പോസ്റ്റിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കാണുന്ന സൈറ്റിലും നോക്കി. അതിലും അങ്ങനെ തന്നെ. അമേരിക്കന്‍ മിലിട്ടറിയില്‍‍ ‘ആര്‍മി എയര്‍‌ഫോര്‍‌സ് ‘ എന്ന ഒരു വിഭാഗം കാണുമായിരിക്കും. എല്ലാവര്‍ക്കും ഒരേ പിശക് വന്നതാണെന്ന് എനിക്ക് തോന്നുന്നില്ല.

    എന്തായാലും അതിനെപ്പറ്റി കൂടുതലറിയുന്ന ആരെങ്കിലും ഈ വഴി വന്ന് അഭിപ്രായം പറയുമെന്ന് കരുതാം. കൂടുതല്‍ ആശയക്കുഴപ്പം ഇതുണ്ടാക്കുന്നുണ്ടെങ്കില്‍ നമുക്കിതങ്ങ് മാറ്റിയെഴുതുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്.

    പോസ്റ്റുകളിലൊക്കെ ചിത്രങ്ങള്‍ കൂടിപ്പോകുന്നുണ്ട് എന്നൊരു സ്വയം ചിന്തയും, പുറത്തുനിന്നുള്ള അഭിപ്രായവും ഈയിടെ പൊങ്ങിവന്നിരുന്നു. അതുകൊണ്ടാണ് ആ ഫലകത്തിന്റെ ചിത്രം ഒഴിവാക്കിയത്. ഞാനിവിടെ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് അതിലുള്ളത്.

    എന്തായാലും ഇനിയും ഇത്തരം മനസ്സുതുറന്ന കമന്റുകളുമായി വരണം കേട്ടോ ? പെരുത്ത് നന്ദി.

  15. മി നിര്‍, എഴുത്ത് മനോഹരം :)
    ഇത്തരം സെമിത്തേരികള്‍ ഏറെയുണ്ട് യുകെയില്‍, ബര്‍മിങ്ങ്ഹാമിനു വടക്ക് മുപ്പത് മൈല്‍ ദൂരെ കാനോക്കിനടുത്തുള്ള ഒരു സെമിത്തേരിയില്‍ ചില സിക്ക് പേരുകള്‍ കാണാം, ഒരിക്കല്‍ അത് വായിച്ചു ഞാനും ഒരു നിമിഷം മൌനമായിരുന്നു.
    രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്‍ഡ്യയില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കാന്‍ പോയ നമ്മുടെ നാട്ടുകാര്‍ ആയിരുന്നു അവിടെയുള്ള ആ പേരുകാര്‍ എന്ന് എഴുതിവച്ചിട്ടുണ്ടായിരുന്നു.
    ഇനിയും യു കെയിലെ വിശേഷങ്ങള്‍ എഴുതൂ:)

  16. ‘ആര്‍മി എയര്‍ഫോഴ്സ്‘ എന്നൊരു വിഭാഗമുണ്ട്. എനിക്കെങ്ങനെയാ ഇതൊക്കെ അറിയാന്ന് ചോദിക്കരുത്, ആത്മപ്രശംസ എനിക്കിഷ്ടമല്ലാ, എന്നാലും പറയാ എനിക്കു ഭയങ്കര അറിവാ, പക്ഷേ കണ്ടാ തോന്നൂല്ലാ.

    അമേരിക്കന്‍ മിലിട്ടറി സെമിത്തേരി കാഴ്ചകള്‍ക്ക് ഒത്തിരി നന്ദി.

  17. പല സിനിമകളിലും മറ്റും ഈ സിമിത്തേരിയുടെ രംഗങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു കൂടുതലെന്നും അറിയില്ലായിരുന്നു. ഇപ്പൊ ഒരു രൂപം കിട്ടി. മനോജേട്ടനു നന്ദി.

    നമ്മുടെ അമർ‌ജവാൻ ജ്യോതിയിലും ഇതുപോലെ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത നമ്മുടെ ഭടന്മാരുടെ പേരുകൾ കൊത്തിവെച്ചിട്ടില്ലേ? നമ്മുടെ സുഖജീവിതത്തിനുവേണ്ടി സ്വന്തം ജീവൻ ഹോമിച്ച ആ വീരജവാന്മാർക്ക് എന്റേയും ആദരാഞ്ജലികൾ.

  18. പ്രേതത്തെ ആവാഹിച്ച ഒരു “തേങ്ങ“ ഇന്നലെ മുതല്‍ കൊണ്ടു നടക്കുന്നു , അടിക്കാന്‍ സമയം കിട്ടിയില്ല.

    (((((( ഠേ )))))

    നല്ല കുറിപ്പ്. ശരിക്കും ഇഷ്ടമായി.ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ അവിടെ നില്‍നില്‍ക്കുന്ന ശാന്തത ഫീല്‍ ചെയ്യാനാവുന്നുണ്ടു. മണ്മറഞ്ഞ അത്മാക്കളോട് വിദേശികള്‍ കാട്ടുന്ന ആദരവു നമ്മള്‍ കണ്ടു പഠിക്കണം.

  19. ഇതൊരു സെമിത്തേരിയെന്നതിനേക്കാള്‍ അതിമനോഹരമായി ഒരുക്കിയിട്ടുള്ള ഉദ്യാനം പോലെയാണ് തോന്നിക്കുന്നത്.വളരെ വിശദമായ ഈ വിവരങ്ങള്‍ക്ക് നന്ദി നിരക്ഷരാ. അതികഠിനമായ വിശപ്പ് തളര്‍ത്തിയിട്ടുപോലും ഇത്രയും വിവരങ്ങള്‍ ചികഞ്ഞുപിടിച്ചതിനു പുറകിലുള്ള ആ അന്വേഷണപാടവത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.(ഞാനായിരുന്നെങ്കില്‍ ഭക്ഷണശാലയൊന്നും അവിടെയില്ലെന്നു മനസ്സിലാക്കിയ ആ നിമിഷം തിരിച്ചു പോന്നേനെ).
    പിന്നെ അവതരണം ഗംഭീരമായി എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടല്ലോ.ഗംഭീരമായില്ലെങ്കില്‍ മാത്രമേ എടുത്തുപറയുന്നുള്ളൂ. എന്താ ?

    ഓഫ് റ്റോപ്പിക്ക്: ഇന്നലെ നോക്കുമ്പോള്‍ നിരക്ഷരന്‍ മനോജ് എന്ന മനുഷ്യക്കോലത്തിലായിരുന്നു. ഇന്ന് വീണ്ടും നിരക്ഷരനായല്ലോ..:) :)

  20. ഇതാണ് മോനെ സിമിത്തേരി …. എന്താ ഒരു ലുക്ക് … വിവരണം കൊള്ളാം …ഉഷാര്‍ ആയിടുണ്ട് ….. നിരക്ഷരന്‍ ജി മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ കുരിശിനു( ചുമ്മാ ) പകരം ഒരു ക്യാമറ വെക്കാം …..

  21. മിന്നാമിനുങ്ങ് – തുറന്ന അഭിപ്രായം അറിയിച്ചതിന് നന്ദി. എഴുതിക്കഴിഞ്ഞതിന് ശേഷം ആരെയെങ്കിലും കാണിച്ച് അഭിപ്രായം അറിയാന്‍ ശ്രമിക്കാറില്ല. അതുകൊണ്ട് പറ്റുന്നതാണ് ഈ വക കുഴപ്പങ്ങളൊക്കെ. ഇനിയും മനസ്സറിഞ്ഞുള്ള അഭിപ്രായങ്ങള്‍ അറിയിക്കണേ.അങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഈ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. വളരെ നന്ദി മാഷേ… :)

    ഏറനാടാ – ജ്ജ് എന്നങ്ങട് ചിരിപ്പിച്ച് കൊല്ല്.. :)

    അജീഷ് മാത്യു കറുകയില്‍ – :)

    രജ്ഞിത്ത് ചെമ്മാട് – ബാധ കേറും ഇത് സെമിത്തേരിയല്ലേ ? :)

    സാജന്‍ – മറ്റ് സെമിത്തേരികളിലും എനിക്ക് പോകണമെന്നുണ്ട്. സാജന് ആ യാത്രകളെപ്പറ്റി ഒക്കെ ഒന്ന് എഴുതിക്കൂടെ മാഷേ. പിന്നെ എനിക്കങ്ങോട്ട് പോകണ്ടല്ലോ ?

    കുറ്റ്‌യാടിക്കാരാ – അപ്പോ എല്ല്ലാം പറഞ്ഞത് പോലെ:)

    അല്‍‌ഫോണ്‍‌സക്കുട്ടി – കാര്യായിട്ടാണോ പറയുന്നത് ? അതോ തമാശിച്ചതോ ? ഞങ്ങള്‍ ആധികാരികമായി അതിനെപ്പറ്റി അറിയാന്‍ കാത്തിരിക്കുകയാണ് കേട്ടോ ? പറ്റിക്കരുത്…. :)

    അനൂപ് കോതനെല്ലൂര്‍ – :)

    ജെ.പി. – :)

    മണികണ്ഠന്‍ – മണി ഇത് സിനിമയില്‍ കണ്ടിട്ടുണ്ടോ ? ഞാന്‍ ആദ്യായിട്ട് കാണുന്നത് ഇപ്പോഴാ. ഏത് സിനിമയാണെന്ന് ഓര്‍മ്മയുണ്ടോ ?

    അനില്‍@ബ്ലോ‍ഗ് – ആ തേങ്ങ ഞാന്‍ മണ്‍‌മറഞ്ഞ എല്ലാ പട്ടാളക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു. അതെ പല കാര്യങ്ങളും നാം വിദേശികളെ കണ്ടുപഠിക്കണം.നന്ദി മാഷേ :)

    ബിന്ദു കെ.പി. – ഈ ‘സെമിത്തേരി ഉദ്യാനത്തില്‍‘ വന്നതിന് നന്ദി. പിന്നെ മുടിയുടെ കാര്യം…ശ്രീനിവാസന്‍ നാടോടിക്കാറ്റില്‍ പറയുന്നതുപോലെ ‘ ഭയങ്കര വളര്‍ച്ചയാണ് മുടിക്ക് ’മുറിച്ച് വന്ന് ഒരു ദിവസംകൊണ്ട് വീണ്ടും നിരക്ഷരക്കോലമായി.

    നവരുചിയന്‍ – ഞാന്‍ മരിച്ച് കിടക്കുമ്പോള്‍ എന്റെ ക്യാമറ എടുത്തുകൊണ്ടുപോകാതിരുന്നാല്‍‍ മതിയായിരുന്നു :) നന്ദി മാഷേ.. :)

    ജെ.പി. – മുടിയുടെ കാര്യം ഒന്നും പറയണ്ട മാഷേ. ‘മുടിയാത്ത പടം ഇടാന്‍ നമ്മുടെ ശ്രീലാ‍ല്‍ സമ്മതിക്കുന്നില്ല. മുന്‍പ് ഒരിക്കല്‍ ഇതുപോലെ ഞാന്‍ ‘മുടിഞ്ഞ‘ പടം മാറ്റി നോക്കിയതാണ് .അന്നും ശ്രീലാല്‍ സമ്മതിച്ചില്ല.കമന്റിട്ട് പ്രശ്നമാക്കിക്കളഞ്ഞു. ഇനി ഏതായാലും ‘മുടിഞ്ഞ‘ പടങ്ങളേ ഇടൂ. പോരേ…നന്ദി മാഷേ.

    സിമിത്തേരിയില്‍ എത്തി പട്ടാളക്കാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി.

  22. മനോജേട്ടാ “Saving Private Ryan” അല്ലെങ്കിൽ “Pearl Harbour” ഇതിൽ ഏതോ ഒരു സിനിമയിൽ ആണെന്നാണ് എന്റെ ഓർമ്മ. അമേരിക്കൻ മിലിട്ടറി സെമിത്തേരികൾ എല്ലാം ഇതേരീതിയിൽ ആണ് ഒരുക്കിയിട്ടുള്ളതെങ്കിൽ സിനിമയിൽ ഞാൻ കണ്ടത് ഈ സെമിത്തേരി തന്നെയാണെന്നു ഉറപ്പിക്കാൻ സാധിക്കില്ല.

  23. പതിവു പോലെ നല്ല വിവരണം. പരേതരുടെ ആത്മാക്കള്‍ വല്ലപ്പോഴും സെമിത്തേരി വിട്ട് പോയാലും യാത്രാവിവരണങ്ങള്‍ ഇവിടെ കിടക്കുമല്ലോ! വായിക്കാന്‍ വൈകി.

    പാര്‍ക്കിനു സമമായ അമേരിക്കന്‍ സെമിത്തേരികളുടെ പരപ്പും പച്ചപ്പും നിശ്ശബ്ദതയും എന്നെ അത്ഭുതപ്പെടുത്താറുണ്ട്,വിശേഷദിവസങളില്‍ അവിടെ വന്നുചേരുന്ന പൂക്കളും.

  24. നിരുജീ, ഈ അറിവുകൾക്ക്‌ നന്ദി.

    എഴുത്തും ചിത്രങ്ങളും കൂടി മറ്റൊരു ലോകത്തേയ്ക്ക്‌ കൊണ്ടുപോയി. തികച്ചും പ്രശാന്തമായ പച്ചപ്പിനടിയിൽ, ആ “വെള്ളക്കൊടിയുടെ” തണലിൽ… ശരീരത്തിന്റെയും മനസ്സിന്റെയും യുദ്ധമവസാനിപ്പിച്ച്‌, പ്രകൃതിയിലലിഞ്ഞവരോട്‌ … അവരാരായിരുന്നാലും… വല്ലാത്തൊരാരാധന.
    ഒരു നുള്ള്‌ അസൂയയും.

    (സത്യത്തിൽ മരിച്ചുകിടക്കാൻ കൊതിതോന്നുന്ന അന്ത:രീക്ഷം.)

  25. അവര്‍ക്ക് ഭംഗിയായി കിടക്കാനെങ്കിലും ഒരിടമുണ്ട്, കാണാന്‍ നല്ല രസോണ്ട്.! ആദ്യമായാ ഒരു ശവപ്പറമ്പ് കണ്ട് സന്തോഷം തോന്നിയത്..!
    നല്ല പൊസ്റ്റ്

  26. വായിച്ചു കഴിഞ്ഞപ്പോള്‍ ചങ്കിലൊരു കല്ലു കയറ്റിവച്ചപോലെ. സങ്കടം കണ്ണിലും, ഉള്ളിലും ഉറ പൊട്ടി. വിവരണം …… നേരില്‍ കണ്ട പോലെ മരിയ

  27. സെമിത്തേരി എന്റെയും ഒരു വീക്ക്‍നെസ്സ് ആണ്. കുറെ നാളായി ഈ വഴിയൊക്കെ വന്നിട്ട്. ഒറ്റയിരിപ്പിനു കുറെ വായിച്ചു തീര്‍ത്തു…

Leave a Reply to മാണിക്യം Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>