blue-mount-resort

കൊളുക്കു മലൈ


ലപ്രാവശ്യം പോയിട്ടുള്ള സ്ഥലമാണ് മൂന്നാര്‍. ഇക്കഴിഞ്ഞ മാസം വീണ്ടും ഒരിക്കല്‍ക്കൂടെ മൂന്നാറിലേക്ക് പോകാന്‍ അവസരം കിട്ടിയപ്പോള്‍ മാട്ടുപ്പെട്ടിയും, ടോപ്പ് സ്റ്റേഷനും , ദേവികുളം തടാകവും, സി.എസ്സ്.ഐ. ചര്‍ച്ചുമല്ലാതെ പുതുതായി ഏതെങ്കിലും സ്ഥലം മൂന്നാറിലോ പരിസരത്തോ കാണാനുണ്ടോ എന്നായി ആലോചന.

ചില പുസ്തകങ്ങളിലൊക്കെ പരതി നോക്കി. കേരളത്തെക്കുറിച്ച് സചിത്രം വര്‍ണ്ണിക്കുകയും എവിടെ എപ്പോള്‍ എങ്ങിനെ പോകണമെന്നും എവിടെ താമസിക്കണമെന്നുമൊക്കെ വിശദീകരിക്കുന്നതുമായ ഗ്രന്ഥത്തിലൊന്നില്‍ നാലുവരികളില്‍ ഒതുങ്ങുന്ന ഒരു പാരഗ്രാഫ് ‘കൊളുക്കുമല‘ യെപ്പറ്റി കണ്ടു. ചിത്രങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. വലിയ പ്രാധാന്യമോ കാണാന്‍ ഭംഗിയുള്ള സ്ഥലമോ ആയിരിക്കില്ല. അതാകും കൂടുതല്‍ വിവരങ്ങള്‍ കൊളുക്കുമലയെപ്പറ്റി കൊടുക്കാത്തത് എന്നുള്ള അനുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കൊളുക്കുമലയിലേക്കുള്ള യാത്രാനുഭവം.മൂന്നാറിലെത്തിയാല്‍ എന്നും താമസിക്കാറ് പതിവ് ചിന്നക്കനാല്‍ റൂട്ടിലെ ബ്ലൂ മോണ്‍‌ഡ് റിസോര്‍‌ട്ടി‍ലാണ് (ഫോൺ:‌- 9447131710) ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടിന്റെ മാനേജര്‍ തമ്പി യാത്രയ്ക്കുള്ള ജീപ്പ് രാത്രി തന്നെ ഏര്‍പ്പാടാക്കിയിരുന്നു. കൊളുക്കുമലയിലേക്ക് ജീപ്പ് മാത്രമേ പോകൂ. തേയിലത്തോട്ടങ്ങളിലെ കൊളുന്തുകളുമായി പോകുന്ന ട്രാക്‍ടറുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ വഴിയിലൂടെ കാറുമായി ആരെങ്കിലും അഥവാ കൊളുക്കുമലയിലേക്ക് പോയാല്‍ത്തന്നെ പകുതി വഴിക്കെവിടെയെങ്കിലും സസ്പെന്‍ഷനെല്ലാം ഒടിഞ്ഞ് നുറുങ്ങി കിടപ്പിലാകുന്ന കാറിനെ തൂത്തുപെറുക്കി വല്ല ട്രാക്ടറിലോ മറ്റോ വാരിയിട്ട് തിരിച്ചെത്തിക്കേണ്ടിവരും.

സൂര്യനെല്ലിക്കാരനായ ഡ്രൈവര്‍ രമേഷ് രാവിലെ തന്നെ ജീപ്പുമായി റിസോര്‍ട്ടിലെത്തി. നല്ലപാതിയും ഞാനും അടക്കമുള്ള നാലംഗ സംഘം പുതിയൊരു സ്ഥലം കാണാനുള്ള ആവേശത്തിലായിരുന്നു. കാഴ്ച്ചകള്‍ മറയൊന്നുമില്ലാതെ കാണാനും പടങ്ങളെടുക്കാനുമുള്ള സൌകര്യത്തിനുമായി ആര്‍ക്കും താല്‍പ്പര്യമില്ലാത്ത പിന്‍സീറ്റിലാണ് ഞാന്‍ ഇരിപ്പുറപ്പിച്ചത്.

റിസോര്‍ട്ടില്‍ നിന്ന് രണ്ടരക്കിലോമീറ്റര്‍ ചിന്നക്കനാല്‍ റൂട്ടിലൂടെ മുന്നോട്ട് പോയപ്പോള്‍ സൂര്യനെല്ലിയിലെത്തി. വഴിവക്കിലാരോടോ സംസാരിക്കാനായി രമേഷ് വണ്ടി നിറുത്തി. സംസാരമൊക്കെ കഴിഞ്ഞപ്പോള്‍ അഞ്ചെട്ട് പാക്കറ്റ് പാല് നിറച്ച ഒരു പ്ലാസ്റ്റിക്ക് ബാഗ് ഒരാള്‍ ജീപ്പിന്റെ പിന്നില്‍ ഞാനിരിക്കുന്ന സീറ്റിന്റെ എതിര്‍വശത്തുള്ള സീറ്റിനടിയിലേക്ക് ഒതുക്കിവെച്ചു.

കൊളുക്കുമലയില്‍ ചെന്നാല്‍ ഒരു ചായ കുടിക്കണമെങ്കില്‍ പാലൊന്നും അവിടെ കിട്ടില്ല. അതുകൊണ്ട് പാല് ഇവിടെനിന്ന് കൊണ്ടുപോകുകയാണ് പതിവെന്ന് തമിഴ് ചുവയുള്ള മലയാളത്തില്‍ രമേഷിന്റെ വിശദീകരണം.

“ ഞങ്ങള്‍ നാലുപേര്‍ക്ക് ചായകുടിക്കാന്‍ എട്ട് പാക്കറ്റ് പാലിന്റെ ആവശ്യമുണ്ടോ ? ”
“ ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് സാറേ. ഇനിയും ടൂറിസ്റ്റുകള്‍ വന്നാലോ “

വണ്ടി വീണ്ടും രണ്ട് കിലോമീറ്ററോളം മുന്നോട്ട് നീങ്ങി ഹരിസ്സണ്‍ മലയാളത്തിന്റെ ഗേറ്റിന് മുന്നില്‍ നിന്നു. അവരുടെ ടീ പ്ലാന്റേഷനിലൂടെ കടന്നുപോകണമെങ്കില്‍ 50 രൂപായുടെ ടിക്കറ്റെടുക്കണം. രമേഷ് തന്നെ പോയി ടിക്കറ്റെടുത്ത് വന്നു. ജീപ്പ് വീണ്ടും മുന്നോട്ട്. 10 കിലോമീറ്ററിനും 15 നും ഇടയില്‍ സ്പീഡോമീറ്ററിന്റെ സൂചി തങ്ങിനില്‍ക്കുന്നു. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ 15 കിലോമീറ്ററോളം യാത്ര ചെയ്യാന്‍ ഒരു മണിക്കൂറിലധികം‍ സമയമെടുത്തു. ദുര്‍ഘടമായ പാതയാണ് പ്രധാന കാരണം. മുകളില്‍ എത്തുന്നതുവരെ ഫസ്റ്റ് ഗിയറില്‍ത്തന്നെയാണ് യാത്ര. പിന്നിലെ സീറ്റില്‍ ഇരിക്കുന്നതുകൊണ്ട് ചില സമയത്തെല്ലാം എടുത്തെറിയപ്പടുന്നതുപോലുള്ള ഇളക്കമാണ് ജീപ്പിന്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിലിരുന്ന് പടം എടുക്കാമെന്നുള്ള വ്യാമോഹം ഞാന്‍ ഉപേക്ഷിച്ചു. ആവശ്യമുള്ളിടത്തൊക്കെ പടമെടുക്കാന്‍ വേണ്ടി മാത്രം രമേഷ് ജീപ്പ് നിറുത്തിത്തന്നു. യാത്രയിലുടനീളം ഒരു പ്രൊഫഷണല്‍ ഗൈഡിനേക്കാള്‍ മനോഹരമായി തമിഴ് ചുവയില്‍ രമേഷിന്റെ വക വിവരണങ്ങള്‍ ഉണ്ടായിരുന്നു. തോട്ടം തൊഴിലാളികളുടെ മകനായതുകൊണ്ട് തോട്ടത്തിലെ കാര്യങ്ങളെല്ലാം രമേഷിന് നന്നായിട്ടറിയാം.
ഇരുവശത്തും പച്ചപ്പരവതാനി വിരിച്ചതുപോലെ തേയിലത്തോട്ടങ്ങള്‍ കണ്ടപ്പോള്‍ ‘നീലവാനിനു താഴെ പച്ചനാക്കില വെച്ചതുപോലെ‘ എന്നെവിടെയോ വായിച്ചത് ഓര്‍മ്മവന്നു. തേയിലപ്പരവതാനിയിലെ വിള്ളലുപോലെ തോന്നിക്കുന്ന വീതി കുറഞ്ഞതും തീരെ നിരപ്പല്ലാത്തതുമായ വഴിയിലൂടെ ജീപ്പ് ഒച്ചിന്റെ വേഗത്തില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. കുറേക്കൂടെ മുന്നോട്ട് നീങ്ങിയപ്പോള്‍ ‘ ബെന്‍ഡ് 1 ‘ എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടു. അതുപോലെ 12 ബെന്‍ഡുകളാണ് ഉള്ളത്. ഒറ്റയടിക്ക് ഒരു ബെന്‍ഡ് പോലും കയറാന്‍ ജീപ്പിനാകുന്നില്ല. ഒരു പ്രാവശ്യം പിന്നോട്ടെടുത്ത് ഒതുക്കിയതിനുശേഷമാണ് ജീപ്പ് വളവ് തിരിയുന്നത്. പലതരം ഹെയര്‍ പിന്നുകളും ബെന്‍ഡുകളും ഇക്കാലത്തിനിടയ്ക്ക് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു ബെന്‍ഡ് ആദ്യാനുഭവമായിരുന്നു.

9 ബെന്‍ഡുകള്‍ കയറിക്കഴിഞ്ഞപ്പോള്‍ 7130 അടി മുകളില്‍ ഒരു വരമ്പിലെത്തി. കേരള-തമിഴ് നാട് അതിര്‍ത്തിയാണത്. ഇടത്തേക്ക് നോക്കിയാല്‍ കാണുന്ന താഴ്‌വര മുഴുവന്‍ കേരളം. വലത്തുവശത്തെ താഴ്വര തമിഴ്‌നാട്. മുന്‍പില്‍ മറ്റൊരു മല തലയുയര്‍ത്തി നില്‍ക്കുന്നു. അതാണ് തിപാട മല. തലയ്ക്ക് മുകളില്‍ തൊട്ടുതൊട്ടില്ലെന്ന ഉയരത്തില്‍ കടന്നുപോകുന്ന മേഘങ്ങളുമായി സല്ലപിച്ച് കുറച്ചുനേരം അവിടെ നിന്നു. കൂട്ടം തെറ്റിയും വഴിമാറിപ്പോയും കുറേ മേഘങ്ങള്‍ താഴെ മലമടക്കുകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. എത്ര കണ്ടാലും മതിയാവാത്ത കണ്ണും കരളും കവരുന്ന കാഴ്ച്ച തന്നെ. പുറകിലൊരു ജീപ്പുകൂടെ വന്നുനിന്നു. ഒരു ഹണിമൂണ്‍ ജോഡിയാണ് അതിനകത്ത്. ഇനി ഞങ്ങള്‍ മുന്നോട്ട് പോകാതെ അവര്‍ക്ക് നീങ്ങാനാകില്ല. പക്ഷെ ഉടനെയൊന്നും അവിടന്ന് പോകണമെന്ന് അവര്‍ക്കും താല്‍പ്പര്യം ഇല്ലാത്തതുപോലെ തോന്നി. തിരക്കുപിടിച്ച ജീവിതത്തിന്റേയും ജോലിയുടേയും ഇടയില്‍ നിന്നും ഇത്രയും ദൂ‍രം നീളത്തിലും ഉയരത്തിലുമൊക്കെ ജനങ്ങള്‍ വരുന്നത് പിന്നേയും ഓട്ടപ്പാച്ചില്‍ നടത്താനല്ലല്ലോ ? ഇനിയങ്ങോട്ട് 3 ബെന്‍ഡുകള്‍ ഇറക്കത്തിലേക്കാണ്. അവിടം മുതലങ്ങോട്ട് കോട്ടഗുഡി പ്ലാന്റേഷന്‍സിന്റെ കൊളുക്കുമലൈ ടീ എസ്റ്റേറ്റ് 6625 മുതല്‍ 7980 അടി വരെ ഉയരത്തില്‍ 300 ഏക്കറിലായി പരന്നുകിടക്കുന്നു. അരകിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍ രമേഷ് വണ്ടി നിറുത്തി. അതൊരു എക്കോ പോയന്റാണ്. എല്ലാവരും വെളിയിലിറങ്ങി കൂക്കിവിളിച്ച് നോക്കി. ഒന്നും രണ്ടുമല്ല മൂന്ന് പ്രാവശ്യമാണ് ശബ്ദം പ്രതിധ്വനിക്കുന്നത്. അപ്പോഴേക്കും മധുവിധു ദമ്പതികളുടെ ജീപ്പ് വീണ്ടും പുറകിലെത്തി. ഞങ്ങള്‍ വീണ്ടും മുന്നോട്ട്. . ദൂരെയായി തേയിലത്തോട്ടത്തിനിടയില്‍ ചില കെട്ടിടങ്ങള്‍ കാണാന്‍ തുടങ്ങി. വലിയ ഉയരമുള്ള കെട്ടിടം തേയില ഫാക്ടറിയാണ്. അതിന് തൊട്ടടുത്ത് കാണുന്നത് ഓഫീസ് കെട്ടിടം. ബാക്കിയുള്ളതൊക്കെ സ്റ്റാഫ് ക്വാര്‍ട്ടേര്‍സുകളാണ്. തങ്ങളുടെ വാസ-വിഹാരത്തിനും മുകളില്‍ കൂടുകൂട്ടിയിരിക്കുന്ന മനുഷ്യന്മാരെ സ്ഥിരമായി കണ്ടും കേട്ടും സഹിച്ചും ഒരു പരാതിയുമില്ലാതെ മേഘങ്ങള്‍ ആ കെട്ടിടങ്ങള്‍ക്കിടയിലൂടെയൊക്കെ നിര്‍ഭയം കറങ്ങിനടക്കുന്നു. അടുത്ത 5 മിനിറ്റിനകം തേയില ഫാക്ടറിയില്‍ എത്തി. ഓഫീസ് കെട്ടിടത്തില്‍ വണ്ടിയിലിരുന്ന പാലിന്റെ പാക്കറ്റുകള്‍ കൊടുത്ത് അവിടെയുള്ള കസേരകളില്‍ വിശ്രമിക്കാന്‍ രമേഷ് അറിയിച്ചു. സ്ഥിരമായി യാത്രക്കാരുമായി വരുന്നതുകൊണ്ട് രമേശ് തന്നെയാണ് സ്വാതന്ത്രത്തോടെ അവിടെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ആതിഥ്യമര്യാദയുടെ ഭാഗമായി ആദ്യം ഒരു ചായ തന്നതിന് ശേഷം ഫാക്ടറിയിലെ തൊഴിലാളിയായ മണി ഞങ്ങളെ ഫാക്ടറിയുടെ അകത്തേക്ക് കൊണ്ടുപോയി. പരമ്പരാഗതമായ രീതിയിലാണ് സായിപ്പ് ഇംഗ്ലണ്ടില്‍ നിന്ന് 1930 ല്‍ കൊണ്ടുവന്ന് സ്ഥാപിച്ച യന്ത്രങ്ങള്‍ കൊണ്ട് തെയിലക്കൊളുന്തുകള്‍ ഇവിടെ സംസ്ക്കരിക്കുന്നത്. ഫാക്ടറിക്കകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം വിശദീകരിച്ച് സംശയങ്ങളെല്ലാം തീര്‍ത്തുതന്ന് മുക്കാല്‍ മണിക്കൂറോളം മണി കൂടെത്തന്നെയുണ്ടായിരുന്നു.

ഫാക്ടറിയുടെ പുറകിലുള്ള വ്യൂ പോയന്റില്‍ നിന്ന് നോക്കിയാല്‍ ടോപ്പ് സ്റ്റേഷനും, കൊടൈക്കനാലിന്റെ മലയും, പഴനി മലയും, മീശപുലി മലയും, ബോഡിനായ്ക്കനൂരുമൊക്കെ കാണാം.

കൊളുക്കുമലയിലേക്ക് കേരളത്തില്‍ നിന്ന് മാത്രമേ റോഡ് മാര്‍ഗ്ഗം പോകാന്‍ സാധിക്കൂ. 7000 അടിയോളം താഴേക്ക് ഇറങ്ങി ഏകദേശം 9 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ തമിഴ്‌നാട്ടിലെ ‘കുരങ്ങിനി‘യില്‍ എത്താം. അവിടന്ന് റോഡ് മാര്‍ഗ്ഗം ബോഡിനായ്ക്കനൂര്‍ ചെല്ലാമെന്നെല്ലാതെ നേരിട്ട് റോഡ് മാര്‍ഗ്ഗം തമിഴ്‌നാട്ടിലേക്ക് പോകാനാവില്ല. കേരളത്തിലേക്കുള്ള റോഡ് തെളിഞ്ഞ് വരുന്നതിന് മുന്‍പ് തേയിലപ്പാക്കറ്റുകളുമായി തൊഴിലാളികള്‍ മലയിറങ്ങി താഴ്‌വാരത്തില്‍ തേയില വിറ്റ് നിത്യാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങളൊക്കെ വാങ്ങി തിരിച്ച് മലകയറുകയായിരുന്നു പതിവ്.

ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടം കൊളുക്കുമലയാണെന്ന് യാത്ര തിരിക്കുന്നതിന് മുന്‍പേ മനസ്സിലാക്കിയിരുന്നു. ഫാക്ടറിയിലെ കാഴ്ച്ചകളും പടമെടുപ്പുമൊക്കെ കഴിഞ്ഞ് കുറച്ച് ഗാര്‍ഡന്‍ ഫ്രെഷ് ചായപ്പൊടി വാങ്ങാന്‍ ഓഫീസ് കെട്ടിടത്തിലെത്തിയപ്പോളാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഞങ്ങള്‍ മനസ്സിലാക്കിയത്. കൊളുക്കുമല ഇന്ത്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടമാണ്. തേയിലപ്പാക്കറ്റുകളിലൊക്കെ അത് പ്രിന്റ് ചെയ്ത് വച്ചിട്ടുമുണ്ട്. കൊളുക്കുമലയിലെ തേയില വളരെ ചുരുക്കമേ വെളിയില്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ. മിക്കവാറും തേയിലയെല്ലാം അവിടെച്ചെല്ലുന്ന സഞ്ചാരികള്‍ തന്നെ വാങ്ങിക്കൊണ്ടുപോകും. ബാക്കിയുള്ള തേയില മൂന്നാറിലുള്ള ചുരുക്കം ചില റിസോര്‍ട്ടുകളൊഴിച്ചാല്‍ മറ്റൊരു കടകളിലും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഞങ്ങളാരും കണ്ടില്ല. അതുകൊണ്ടുതന്നെയായിരിക്കണം 2007 ലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡൊക്കെ കിട്ടിയിട്ടും കൊളുക്കുമലയെപ്പറ്റി പുറം ലോകത്തിന് കാര്യമായ പിടിപാടില്ലാതെ പോയത്. കേരള സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് ടൂറിസം മാപ്പില്‍ കൊളുക്കുമലയ്ക്ക് ഒരു സ്ഥാനം നല്‍കിയാല്‍ അതിന്റെ മുഴുവന്‍ മെച്ചവും കേരള സര്‍ക്കാറിന് മാത്രം വസൂലാക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നിയത്.

മടക്കയാത്രയ്ക്ക് മുന്‍പ് വീണ്ടുമൊരു ചായകൂടെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് തന്ന് സല്‍ക്കരിച്ചു. കൊല്ലത്തിലൊരിക്കല്‍ ഒരു യൂറിയ പ്രയോഗം നടത്തുന്നതൊഴിച്ചാല്‍ മറ്റൊരു രാസവളമോ കീടനാശിനിയോ പ്രയോഗിക്കാതെയാണ് കൊളുക്കുമലയില്‍ തേയിലച്ചെടികള്‍ വളരുന്നത്ത്. മറ്റ് തോട്ടങ്ങളിലെ പോലെ നനച്ച് കൊടുക്കേണ്ട ആവശ്യവും ഇവിടത്തെ തേയിലച്ചെടികള്‍ക്കില്ല. മേഘങ്ങള്‍ നിരന്തരം തൊട്ടുരുമ്മി ഈര്‍പ്പം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതുകൊണ്ടാണ് ഇതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തേയിലയുടെ സംസ്ക്കരണം കഴിഞ്ഞതിനുശേഷം കിട്ടുന്ന വേസ്റ്റ് തേയിലച്ചെടികള്‍ക്ക് വളമായിത്തന്നെ ഉപയോഗിക്കുന്നു.

ഇത്രയുമൊക്കെ മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ ചായയ്ക്ക് രുചി കൂ‍ടിയതുപോലെ തോന്നി. അല്ല തോന്നിയതല്ല. രുചി വ്യത്യാസം ശരിക്കും ഉണ്ട്. ലോകത്തിന്റെ നെറുകയില്‍ ഉള്ള തേയിലത്തോട്ടത്തില്‍ ഉണ്ടാക്കുന്ന ചായ അവിടെനിന്നുതന്നെ കുടിച്ചപ്പോള്‍ ഉണ്ടാ‍യ അനുഭൂതി ആ രുചിയ്ക്ക് ഒന്ന് മാറ്റ് കൂട്ടിയെന്ന് മാത്രം.

ഡസ്റ്റ്, ലീഫ് എന്നിങ്ങനെ വിവിധയിനം തേയില വാങ്ങാന്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തന്നെ അളവില്‍ വാങ്ങി മടങ്ങാന്‍ തയ്യാറായി.

താഴേക്കുള്ള യാത്രയില്‍ രമേഷ് ജീപ്പ് ന്യൂട്രലില്‍ ഇറക്കുന്നത് തെല്ലൊന്ന് ഭയപ്പെടുത്താതിരുന്നില്ല. പക്ഷെ സ്ഥിരം ആ റൂട്ടില്‍ വണ്ടിയോടിക്കുന്ന രമേഷിന്റെ പരിചയസമ്പന്നതയെ ചോദ്യം ചെയ്യാന്‍ വയ്യ. താഴെ നിന്ന് ഒന്നുരണ്ട് ജീപ്പുകള് മുകളിലേക്ക് വരുന്നത് ഞങ്ങള്‍ അറിയുന്നത് അത് അടുത്തെത്തുമ്പോള്‍ മാത്രമാണ്. രമേഷ് അത് മുന്നേ തന്നെ മനസ്സിലാക്കുന്നുണ്ട്. വളവുകളില്‍ മാത്രമേ രണ്ട് ജീപ്പുകള്‍ക്ക് ഈ വഴിയിലൂടെ സൈഡ് കൊടുത്ത് പോകാന്‍ പറ്റൂ. ഏതെങ്കിലും ഒരു ജീപ്പ് വളവില്‍ കാത്തുനിക്കണം. ആ കണക്കുകൂട്ടല്‍ പിഴച്ചാല്‍ പിന്നെ തൊട്ടടുത്ത ബെന്‍ഡ് വരെ ഏതെങ്കിലും ഒരു ജീപ്പ് പിന്നോട്ട് ഓടിച്ചേ പറ്റൂ.

തേയിലക്കാടുകള്‍ക്കിടയിലൂടെ മേഘങ്ങളെ തൊട്ടുരുമ്മിയുള്ള മടക്കയാത്രയില്‍ കോടവന്ന് വഴിയൊക്കെ പലപ്രാവശ്യം മൂടി. യാത്രയുടെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിയ അസുലഭ മുഹൂര്‍ത്തങ്ങളായിരുന്നു അതൊക്കെ.

മടങ്ങി ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടില്‍ എത്തിയപ്പോഴേക്കും വൈകുന്നേരമായി. ക്യാമ്പ് ഫയറൊക്കെയിട്ട് ഒരു രാത്രികൂടെ അവിടെത്തന്നെ തങ്ങി.

അടുത്ത ദിവസം എറണാകുളത്തേക്കുള്ള മടക്കയാത്രയില്‍ വഴിയില്‍ ഇടയ്ക്കിടെ കണ്ട ചെറിയ ചില ബോര്‍ഡുകള്‍ ശ്രദ്ധയാകര്‍ഷിച്ചു.

-അറിയുക, ആസ്വദിക്കുക, മടങ്ങുക.-കേരള വനം-വന്യജീവി വകുപ്പ്.

ആവോളം അറിഞ്ഞു, അതിലേറെ ആസ്വദിച്ചു, പക്ഷെ പൂര്‍ണ്ണമായും മടങ്ങാന്‍ സാധിക്കുന്നില്ല. ശരീരം മാത്രമല്ലേ വാഹനത്തില്‍ കയറ്റി കൊണ്ടുപോരാന്‍ പറ്റൂ. മനസ്സിപ്പോഴും 8000 അടി മുകളില്‍ കൊളുക്കുമലയില്‍ത്തന്നെ.

Comments

comments

55 thoughts on “ കൊളുക്കു മലൈ

  1. ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ മനോഹരം. വിവരണവും വളരെ നല്ലത്. ഈ യാത്രാവിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു പുസ്തകം ഇറക്കാവുന്നതാണ്.

  2. നിരച്ചരാ.. നേരില്‍ കാണാമ്പറ്റിയാ നിങ്ങളെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും… അത്രയ്ക്കുണ്ട്‌ അസൂയ..

    ചിത്രങ്ങള്‍… വിവരണം.. ഒന്നിനൊന്ന്‌ മെച്ചം.. നന്ദി!

    (“നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍” ഇതു നാലും ഒഴിവാക്കിയിട്ടുണ്ട്‌.. :) )

  3. വിവരണവും ചിത്രങ്ങളും ഇഷ്ടമായി, നിരക്ഷരന്‍ ചേട്ടാ. മൂന്നാറിലേയ്ക്ക് പോയിട്ടുണ്ടെങ്കിലും കൊളുക്കുമലയെപ്പറ്റി അറിവില്ലായിരുന്നു.

  4. നിരക്ഷരാ,
    കൊളുക്കുമലയെ കുറിച്ച് അന്ന് സംസാരിച്ചതിനുശേഷം ഈ പോസ്റ്റ് ഞാന്‍ കാത്തുകാത്തിരിക്കുകയായിരുന്നു. ഇത്തരം പുതിയ സ്ഥലങ്ങള്‍ അന്വേഷിച്ചുകണ്ടുപിടിക്കാനുള്ള കഴിവിനെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?ചിരപരിചിതമായ മൂന്നാറിലേയ്ക്ക് ഇനിയുള്ള എന്റെ യാത്ര(എന്നെങ്കിലും സാധിച്ചാല്‍) തീര്‍ച്ചയായും പുതുമയുള്ളതായിരിയ്ക്കും.തീരുമാ‍നിച്ചുകഴിഞ്ഞു!

    നന്ദി പറയാന്‍ വാക്കുകളില്ല..

  5. കൊളുക്കു മലൈ… പേരു കേട്ടപ്പോള്‍ തമിഴ് നാട്ടിലെ ഏതോ സ്ഥലമാണെന്നാണു ഞാന്‍ കരുതിയത്…ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടമുള്ളയിടമാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി..ഇപ്പോഴെങ്കിലും ആ അറിവ് ഞങ്ങള്‍ക്കേകിയതിനു നന്ദീട്ടോ നിരക്ഷരന്‍ ജി…ആ തേയിലപൊടിയിട്ട് ഗമയോടെ ചായ കുടിക്കാന്‍ എനിക്കും കൊതിയാവുന്നു…പിന്നെ ആ പതിനൊന്നാമത്തെ ചിത്രം നന്നേ ഇഷ്ടായീ..അതു ഞാന്‍ അടിച്ചു മാറ്റീട്ടോ..:)

  6. എനിക്കെന്തോരം അസൂയയാണെന്നോ നിങ്ങളോട്.

    ആഗ്രഹമുണ്ടെങ്കിലും ഒരിക്കലും നടക്കില്ലെന്നറിഞ്ഞ് മനസിലൊതുക്കിവച്ചിരിക്കുകയാണ് ഈ നാടുകാണല്‍ മോഹം. എന്തായാലും ഇതൊക്കെ കണ്ടിട്ട് ഞങ്ങളോട് ഷെയര്‍ ചെയ്യുന്നതിന് നന്ദി.

    വായിച്ചു വന്നപ്പോള്‍ ആ മലനിരകളും മേഘങ്ങളുമൊക്കെ കണ്ടും അറിഞ്ഞും ആ വളവുകളിലൊക്കെ സഞ്ചരിച്ചും ഒക്കെ വന്നതുപോലെ.

    ഇനിയും യാത്ര ചെയ്യണം, എഴുതണം, ഞങ്ങളെപോലെയുള്ളവര്‍ക്കുവേണ്ടി.

  7. നിരക്ഷരാ,
    കുറച്ചുവര്‍ഷങ്ങല്‍ പുറകില്‍ ഞാനുമുണ്ടായിരുന്നു താങ്കള്‍ പോയ വഴികളില്‍..കൊളുക്കുമലയില്‍ വന്നിട്ടില്ലാന്നു മാത്രം.തേയിലയുടെ കഥകളില്‍ അര്‍ദ്ധപട്ടിണിനിറഞ്ഞ എന്റെയും ഭൂതകാലമുണ്ട്..!
    തുടരുക..ഇനിയുമിനിയും ഇത്തരം യാത്രകള്‍..

  8. ഭാഗ്യം ചെയ്ത ജന്മം. :)

    ആ എസ്റ്റേറ്റിലെ വ്യൂ പോയന്റില്‍ നിന്ന് കൊടൈ മലയും പഴനിമലയും ഒക്കെ കാണുന്ന ഷോട്ട് കണ്ടില്ലല്ലോ.

  9. മാഷെ..

    ഞാന്‍ മുന്നേ ഒരു പോസ്റ്റില്‍ കമന്റിയിട്ടുണ്ട് എന്റെ നാട്ടീലേക്കൊന്നു വരുവാന്‍…എന്നിട്ടത് പോസ്റ്റാക്കണം എന്നാലെ എനിക്കെന്റെ നാടിനെ അറിയാനും ആസ്വദിക്കാനും കഴിയൂ.

    ഈ കൊളുക്കു മലൈ എന്നതു തമിഴ് വാക്കല്ലെ..കേരളത്തിലാണെങ്കിലും മലൈ മലയാക്കിയില്ല.

    ആ പാലിനെക്കുറിച്ചെഴുതിയതു വായിച്ചപ്പോള്‍ ഞാനൊന്നു നിന്നു..എന്തിനാണെന്നൊ ഒന്നു മണത്തുനോക്കാന്‍ കാരണം ചിലപ്പോള്‍ ചാരായമാണങ്കിലൊ..ഡ്രൈവര്‍ വിശ്വസ്തനാണെങ്കിലും, കഷ്ടകാലത്തിങ്കലില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയും വിഷമാകും അത് 7000 അടിയിലാണെങ്കില്‍ക്കൂടിയും ( ഊട്ടി കൂനൂര്‍ എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിഷപ്പാമ്പുകള്‍ ഇല്ലെന്ന് കേട്ടിട്ടുണ്ട് )

    എക്കൊ പ്രദേശത്ത് ആ മധുപ്പിള്ളേര്‍ എന്താണ് വിളിച്ചുകൂവിയത്…ഐ ലവ് യൂ…….

    മാഷ് കൊളുക്കു മലൈയില്‍ നിന്ന് എറണാകുളത്തേയ്ക്കു പോയി..പക്ഷെ ഞാന്‍ കൊളുക്കു മലൈല്‍ത്തന്നെ നില്‍ക്കാണെ..!

  10. ശരിയ്ക്കുമൊരു മലയാത്ര നടത്തിയ അനുഭവം. ചിത്രങ്ങളും വിവരണവും മനോഹരമായി.ആറാമത്തെ ചിത്രമാണെനിയ്ക്കേറ്റവും ഇഷ്ടമായതു.

    വെള്ളച്ചാട്ടമൊന്നും കണ്ടില്ലേ ഇത്രയും ഉയരത്തിലുള്ള പ്രദേശമായിട്ടും?

  11. ഒരു നല്ല യാത്രാനുഭവം വായിച്ചു തീര്ത്തു. ഒരിക്കല്‍ പോലും മു‌ന്നാറില്‍ പോകാന്‍ എനിക്ക് പറ്റിയിട്ടില്ല. ഈ ബ്ലോഗ് അടുത്ത വെക്കേഷന്‍ എന്നെ മൂന്നാറില്‍ കൊണ്ടു പോകും എന്ന് പ്രതിക്ഷിക്കുന്നു.

  12. ഒരു നല്ല യാത്രാനുഭവം വായിച്ചു തീര്ത്തു. ഒരിക്കല്‍ പോലും മു‌ന്നാറില്‍ പോകാന്‍ എനിക്ക് പറ്റിയിട്ടില്ല. ഈ ബ്ലോഗ് അടുത്ത വെക്കേഷന്‍ എന്നെ മൂന്നാറില്‍ കൊണ്ടു പോകും എന്ന് പ്രതിക്ഷിക്കുന്നു.

  13. ആദ്യമേ..പാമുവിന്‍റെ കമന്‍റ് നു താഴെ “ഇമ്മിണി വല്യേ” ഒരു ഒപ്പ്…
    ഇതു വായിച്ചു കഴിഞ്ഞു ആകെ ഒരു ……… ഇതു മാറ്റാന്‍ ഒരു കടും ചായ കുടിക്കേണ്ടി വരും എന്ന് തോന്നുന്നു.ആഴ്ചയിലൊരിക്കല്‍ ആകാശം കാണുന്ന ഞാന്‍ തന്നെ വേണം ഈ പോസ്റ്റ് വായിക്കാന്‍…
    ബ്ലൂ മോണ്ടിലെ ക്യാമ്പ് ഫയര്‍ ….എനിക്ക് ആലോചിച്ചിട്ട് ഒരു സമാധാനം ഇല്ലല്ലോ ദൈവമേ…!!
    ചിത്രങ്ങള്‍ വളരെ..വളരെ..മോശം…വിവരണം തീരെ കൊള്ളൂല്ലാ.(ജഗതി സ്റ്റൈലില്‍ വായിക്കണം)…..ചായേടെ മണം കേള്‍ക്കുമ്പോഴേ ഒരു വല്ലാത്ത ചുവ…
    ഇതില്‍ കുറഞ്ഞത് ഒന്നും എഴുതാന്‍ എന്റെ മനസ്സു അനുവദിക്കുന്നില്ല.
    എന്നെ ഓടിച്ചിട്ട്‌ കാര്യമില്ല.ഞാന്‍ ഈ ഡിസ്ട്രിക്ട് വിട്ടു.
    ചായക്കെന്തൊരു(മുന്തിരി എന്ന് വേണമെന്കില്‍ വായിക്കാം) പുളി !!!
    ശ്ശ്യെ!!!

  14. താങ്കളുടെ യാത്രാവിവരണങ്ങളും കുറിപ്പുകളും എപ്പൊഴും മികച്ചവതന്നെ.ഫോട്ടോ എടുക്കുന്നതിലുള്ള ആത്മാര്‍ത്ഥസമീപനം താങ്കളുടെ വിവരണങ്ങളിലും പ്രകടമാണ്.അതുകൊണ്ട് ഓടിച്ചു വായിച്ചുപോയേക്കാമെന്നു വച്ചു വന്നാലും അതിനു കഴിയുന്നില്ല,ഫോട്ടോകള്‍ക്കൊപ്പം വിശദമായ വിവരണങ്ങള്‍ കൂടിയാവുമ്പോള്‍ അവിടെ എത്തിച്ചര്ന്ന പ്രതീതി മനസ്സില്‍ സൃഷ്ടിക്കാനാവുന്നുണ്ട്.
    ബ്ലോഗില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറെപ്പേരുണ്ടെങ്കിലും ഇത്ര ആത്മാര്‍ത്ഥമായ സമീപനം കൈക്കൊള്ളുന്ന ചുരുക്കം പേരെയേ ഞാന്‍ കണ്ടിട്ടുള്ളൂ.യാത്രകള്‍ തുടരുക വിവരണങ്ങളും.

    ഓടോ: അസൂയ എനിക്കുമുണ്ട് പാമരന്‍ ഇടിക്കുമ്പോള്‍ എന്റെ പേരിലും ഒരു നാലെണ്ണം കൂടുതല്‍ കൊടുത്തേയ്ക്കണം.

  15. പിന്നൊരു കാര്യം എനിക്കു പച്ചയായി പറയാനുണ്ട്, കേള്‍ക്കുമ്പോ വിഷമിക്കരുത്. എന്റെ വിഷമം കൊണ്ടാണ്.

    എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ? നിങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലേ? കണ്ട മലയൊക്കെ കണ്ടുപിടിച്ച് പൊയ്ക്കോളും, കൂടെ കൂടാന്‍ പറ്റിയ ഒരു നല്ല പാതിയും. എന്തര് ഫാമിലിയെടേ ഇത്!

    ഇനീം എന്തൊക്കെയോ പറയണം എന്നുണ്ടേ, കാരണം അസൂയ സഹിക്യാന്‍ പറ്റണില്യാന്നേ…

  16. എടോ താന്‍ പോകാത്ത നാടും സ്ഥലവും ഇനി ബാക്കിയുണ്ടോ? അല്ല, എനിക്കൊന്നു പോകാന്‍ വേണ്ടിയിട്ടാണ്. ഹല്ല പിന്നെ… മനുഷ്യനെ ഇങ്ങനെ എടങ്ങേറാക്കുന്നതിലും ഇല്ലേ ഒരു പരിധി??!!
    ഹോ അസൂയ കാരണം നാലു വരി കമന്റ് ഇടാന്‍ പോലും പറ്റ്ണില്ലല്ലോ ദൈവമേ?

  17. “നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍.. എന്നുള്ള കമന്റുകളേക്കാള്‍ എനിക്ക് പ്രിയം നിങ്ങളുടെ മൌനമാണ്. അതിനേക്കാള്‍ പ്രിയം വാക്കുകളും വരികളും ഖണ്ഡികകളും കീറിമുറിച്ച് തെറ്റുകളേയും കുറ്റങ്ങളേയും കുറവുകളേയും നിശിതമായി വിമര്‍ശിക്കുന്ന പച്ചയാ‍യ കമന്റുകളാണ്.”
    Manoj

    യാത്രാ വിവരന്‍ വായിച്ചു , മുകളില്‍ കൊടുത്ത വാചകം വായിച്ചു .എനിക്കൊന്നും പറയാന്‍ ഇല്ല .പറയാന്‍ ഉള്ളത് ഇതെല്ലാം ഉള്‍പ്പെടുത്തി നേരത്തെ ആരോ സൂചിപ്പിച്ചതുപോലെ ഒരു പുസ്തകം ഇറക്കരുതോ എന്നാണ്.

  18. THE PICTURES ARE EXCELLENT .WELL DONE ! Icannot read as the malayalam page cannot be read in my computer.
    KEEP UP THE GOOD WORK
    SHASHIKALAMOHAN

  19. നിരക്ഷരന്‍ സാര്‍,
    എന്റെ നാട്ടില്‍ വന്നു, ഞാനറിയാത്ത നാടുംകണ്ട്, കൊതിപ്പിച്ചു കൊതിപ്പിചു കൊല്ലും അല്ലേ?

    അച്ചായന്‍..

  20. അമ്പാടീ,
    ഞാനിപ്പൊഴാ കണ്ടത്.
    കൊളുക്കുമലയെക്കുറിച്ക്
    അന്നു കേട്ടപ്പോള്‍
    ഇത്രക്കും
    പ്രതീക്ഷിച്ചില്ല.
    മേഘങ്ങളെ തൊട്ട്,
    ഭാരതത്തിലെ,അല്ല,
    ലോകത്തിലെ തന്നെ
    ഏറ്റവും ഉയരത്തിലുള്ള
    തേയിലത്തോട്ടത്തില്‍
    ഞങ്ങളും ഒന്നു പോകും.
    കലര്‍പ്പില്ലാത്ത,നല്ല,
    ഒരുചായ……..
    ആഹാ!!!!!!!!!!
    നന്നായി അമ്പാടീ..

  21. ഹാരിസണ്‍ അല്ലേ?ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ ഹാരിസണ്‍ മലയാളം ഇപ്പോള്‍ ‘ഹാരിസണ്‍’സ് മലയാളം ലിമിറ്റഡ് (H.M.L).ശ്രീ.ആര്‍.പി.ഗോയങ്കയുടെ ഉടമസ്ഥതയില്‍.
    ആതിഥ്യ മര്യാദ..തിരുത്തണേ…

  22. ഒരു മൗനം കമന്റിയിട്ട് പോകാം എന്ന് കരുതീതാ.. അപ്പഴാ കീറിമുറിയ്ക്കാൻ ഒരു പച്ച കിട്ടിയത്.:)

    “ഒറ്റയറ്റിക്ക് ഒരു ബെന്‍ഡ് പോലും കയറാന്‍ ജീപ്പിനാകുന്നില്ല.“ ദേ ഇവിടെ ഒന്ന് നോക്കിക്കോളൂ..

    കിടിലൻ വിവരണം, പടംസ്, നീരൂ..

  23. അങ്ങനെ വരട്ടേ തിരുത്തുകള്‍ എല്ലാം :) ലതികച്ചേച്ചിക്കും പൊറാടത്തിനും ആദ്യം നന്ദി പറയുന്നു. ബാക്കിയുള്ളവര്‍ക്കുള്ള നന്ദി പുറകെവരുന്നു. അതുവരെ എല്ലാരും ഒരു കൊളുക്കുമല ചായ കുടിച്ചിരിക്കൂ…. :)

  24. ബിന്ദു.കെ.പി.യുടെ പോസ്റ്റില്‍ നിന്നു നിരക്ഷരന്‍ ചേട്ടന് യാത്രാ വിവരണ ബ്ലോഗിനുള്ള പ്രൈസ് കിട്ടിയെന്നു കേട്ടു.അഭിനന്ദനങ്ങള്‍ ….. ഇതില്‍ ഒട്ടും അസൂയ ഇല്ല.സന്തോഷം മാത്രം.ഇനിയും,നല്ല പാതിയെയും കൂട്ടി ഒരുപ്പടോരുപാട് സ്ഥലങ്ങള്‍ കാണാന്‍ പോകണം.നല്ല ചിത്രങ്ങളും,കിടിലന്‍ വിവരണങളും പോസ്റ്റ് ആക്കി ഞങ്ങളെ അസൂയപ്പെടുത്തണം.ഇനിയും,ഇനിയും ഒരുപാടൊരുപാട് സമ്മാനങ്ങള്‍ കിട്ടട്ടെ എന്നാശംസിക്കുന്നു…

  25. I had visted this place twice. I made couple of my friends to visit this place. The place is indeed wonderfull. When i went there, it was the Neelakurinji season and i climbed up the steep hill to have a good view of the mountain side. Wonderfull indee.

  26. മൂന്നാറില്‍ പോയപ്പോ ഒരു സുഹൃത്ത് കൊളുക്കു മലയെക്കുറിച്ച് പറഞ്ഞിരുന്നു, പക്ഷേ മന:പൂര്‍വ്വം അതൊഴിവാക്കി..നഷ്ടപ്പെട്ടത് വിലയേറിയ അനുഭവമായിരുന്നു എന്ന് ഇപ്പോള്‍ ഞാനറിയുന്നു…തീര്‍ച്ചയായും ഒരിക്കല്‍ ഞാനവിടെ പോകും….

    പാമ്വേട്ടന്‍ ങ്ങളെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കുമ്പോ ഒറപ്പായിട്ടും ഞാനും ണ്ടാവും പുള്ളിക്കൊരു ഹെല്‍പ്പിന്…….

    എന്നാലും കശ്മലാ ഇത്ര അടുത്ത് വന്നിട്ടും ഒന്നറിയിച്ചില്ലല്ലോ……

  27. വളരെ നല്ല വിവരണവും അതിലേറെ നല്ല പടങ്ങളും. കൊളുക്കുമലയെ നന്നായി വരികളിലും ചിത്രങ്ങളിലും ഒപ്പിയെടുത്തിരിക്കുന്നു.
    തുടരുക.

  28. യാത്രകള്‍ തുടരട്ടെ, പടങ്ങളും വിവരണങ്ങളും പോരട്ടെ. :-)
    കൊളുക്കുമലയെക്കുറിച്ച് ഇംഗ്ലീഷില്‍കൂടി ഒരു പോസ്റ്റിട്ടാല്‍ നന്നായിരിക്കും. ആരെങ്കിലും മൂന്നാറിലെ സ്ഥലങ്ങളെക്കുറിച്ച് സേര്‍ച്ച് ചെയ്യുമ്പോള്‍ ലിങ്ക് കിട്ടിയാലോ. Just a suggestion.

  29. ഭാഗ്യം നിരക്ഷരന്‍ പോയ ഈ വഴിയൊക്കെ കഴിഞ്ഞ ഏപ്രീലില്‍ എനിക്കും പോകുവാന്‍ സാധിച്ചിരുന്നു. ബട്ട്, ഇങ്ങനെ യാത്രാവിവരണം രചിക്കുവാന്‍ സാധിച്ചില്ല. അതിന്‌ ബൂലോഗത്ത് ഇനി ഒരു നിരക്ഷരന്‍ മതിയല്ലോ. :)

  30. ഇതു നല്ല നീണ്ട വിവരണം ആയല്ലോ മനോജ്.
    പടങ്ങളും അടിപൊളി..എടുത്തു പറയുവാന്‍ വളരെയേറെ..
    “കൂട്ടം തെറ്റി വന്ന മേഘങ്ങള്‍.. “
    “മനുഷ്യന്മാരെ സ്ഥിരമായി കണ്ടും കേട്ടും സഹിച്ചും ഒരു പരാതിയുമില്ലാതെ മേഘങ്ങള്‍”
    കലക്കി…യാത്രാവിവരണം എഴുതി phd കിട്ടുമെന്നാ തോന്നുന്നേ :)
    നിങ്ങളുടെ കൂമ്പിനു ഒന്നു രണ്ടു ഇന്ഷുറന്‍സു കൂടി ആവാം ..നല്ല ഡിമാന്‍ട്

  31. എന്നെ കോളുന്തു മലൈയില്‍ ഇട്ടിട്ടു പോയൊ? എനിക്ക് ഇവിടെ നിന്ന് ഒന്നിറങ്ങണം.(ഞാന്‍ ഒരു നല്ല പിശുക്കിയാകാന്‍ തീരുമാനിച്ചു,)– എത്രയും വേഗം അടുത്ത വെക്കേഷന്‍–
    അതും ഈ നിരക്ഷരന്റെ ബ്ലോഗിന്റെ ഒരു കോപ്പിയും കയ്യില്‍ എടുത്തിട്ട്, എല്ലായിടത്തും ഇല്ലങ്കിലും ചിലയിടത്തെങ്കിലും ഞാന്‍ എത്തും കട്ടായം !!

    നിരക്ഷരാ ഈ പേരു വച്ച താങ്കളുടെ ബ്ലൊഗ് വായിക്കുമ്പോഴാ സത്യത്തില്‍‌ ഞാന്‍ ഒരു നിരക്ഷരയാണന്ന് അറിയുന്നത് …പത്തു ബുക്ക് വായിക്കുന്ന അനുഭവം ഒരു യാത്ര തരും അപ്പോള്‍ ഇതിപ്പോള്‍ എത്ര യാത്ര ആയി….
    എന്നെങ്കിലും നേരില്‍ കണ്ടാല്‍ കൈ കൂപ്പി തൊഴാം …

    ഏതായാലും അത്യധികമായ സന്തോഷത്തോടെ
    അനുമോദനങ്ങള്‍ ഈ അവര്‍‌ഡ് ജേതാവിന്, ഇനിയും കണക്കില്ലാതെ അംഗീകാരങ്ങള്‍ താങ്കളെ തേടിയെത്തട്ടെ!!
    സുരക്ഷിതമായി ഓരോ യാത്രയും പൂര്‍ത്തിയാക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് സ്നേഹാദരങ്ങളോടെ മാണിക്യം. :)

  32. അപ്പൊ ഇതാണ് നമ്മുടെ മൂന്നാർക്കാരൻ അച്ചായനെ ഞെട്ടിച്ച ആ കൊളുക്കുമല. മൂന്നാർ പലവട്ടം പോയിട്ടുണ്ടെങ്കിലും, മൂന്നാർകാരു പോലും കേട്ടിട്ടില്ലാത്ത കൊളുക്കുമലയെ കുറിച്ച് ഞാനും കേട്ടിട്ടില്ലായിരുന്നു. ഈ വിവരണവും ഫോട്ടൊകളും പുതിയൊരനുഭവമായി

  33. കൊളുക്ക് മലയില്‍ എവിടെയോ കൊളുത്തി കിടക്കണ് മാഷേ.. പറയരുത് എന്ന് പറഞ്ഞത് കൊണ്ടാവും, വായില്‍ വേറെ ഒന്നും വരുന്നില്ല. നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍.. കീറലും മുറിക്കലും പിന്നെ ഒരിക്കല്‍ ആവാം. (ഇത്രേം കാലം ആരും വിളിച്ചിട്ടില്ല അസൂയാലു എന്ന്. ഇയാള്‍ അതും കേപ്പിച്ചു.)

  34. നിരക്ഷരാ.. ചൂടു പിടിച്ചു വട്ടായിരിക്കുകയായിരുന്നു..സത്യസന്ധമായി പറയട്ടെ.. ശെരിക്കും തണുത്തു മനസ്സും ശരീരവും..

    കിടിലോള്‍ക്കിടിലന്‍..:)

  35. Hi Manoj and Gita

    I am Sashikalas friend Santhi .I read the wonderful experience u all had .I really appreciate ur effort in making us enjoy the wonderful feeling u had especially as it was in malayalam.The pictures r superb.Hope to see and more of such things.

    Bye Santhi

  36. ശ്രീവല്ലഭന്‍ ജീ – അക്കാര്യം എന്റെ വരും തലമുറയ്ക്ക് വിട്ടിരിക്കുന്നു. എനിക്കിത്രയൊക്കേ പറ്റൂ :)

    പാമരാ – അസൂയക്കാരാ, നാട്ടീപ്പോകുമ്പോള്‍ ഇതിലെയൊക്കെ ഒന്ന് കറങ്ങിക്കൂടേ ? അസൂയയൊക്കെ പറപറക്കും :)

    ശാലിനീ – ഇനിയും ഷെയര്‍ ചെയ്യാം എന്റെ യാത്രാനുഭവങ്ങള്‍. ഇടയ്ക്കൊക്കെ വന്ന് വായിച്ചാല്‍ മതി.

    സരിജാ – ആ ആഗ്രഹം കൊള്ളാല്ലോ ? :)

    കണ്ണൂസ് – അതൊന്നും ക്യാമറയിലൂടെ നന്നായി കിട്ടുന്നില്ല. നേരിട്ട് കാണേണ്ട കാഴ്ച്ചയാണതൊക്കെ. എന്തെങ്കിലുമൊക്കെ ഞാന്‍ ബാക്കി വെക്കേണ്ടേ നിങ്ങള്‍ക്ക് നേരിട്ട് പോകുമ്പോള്‍ കാണാന്‍ :)

    കുഞ്ഞന്‍ – ഞാന്‍ വരുന്നുണ്ട് നിങ്ങളുടെ നാട്ടിലേക്ക്. ഒരുമിച്ചായിക്കളയാം യാത്ര. എന്താ പോരേ ?

    രജേഷ് മേനോന്‍ – കൊളുക്കുമല ഫാക്‍ടറിയുടെ പുറകില്‍ മലയിടിക്കിലായി ഒരു വെള്ളച്ചാട്ടമുണ്ട്. അത് കാണാന്‍ ഏന്തിവലിഞ്ഞ് ഞാനവസാനം കൊക്കയില്‍ വീഴുമെന്നായി. ഭീകരമായ ഒരു കൊല്ലിയാണത്. വീണാല്‍ പൊടിപോലും കിട്ടില്ല. അതിലേക്ക് ക്യാമറ എറിഞ്ഞ് കൊടുക്കാനും മനസ്സുവന്നില്ല.

    നരിക്കുന്നന്‍ – പോകണം, പോകാതിരിക്കരുത്.

    സ്മിതാ ആദര്‍ശ് – ആഴ്ച്ചയില്‍ ഒരിക്കല്‍ ആകാശം കാണുകയോ ? അയ്യോ അത് കഷ്ടാണല്ലോ ?

    കാവലാന്‍ – അത് ഒന്നൊന്നര കമന്റ് തന്നെ. ഒരു അവാര്‍ഡ് കിട്ടിയ സുഖമുണ്ട് അത് വായിച്ച് കഴിഞ്ഞപ്പോള്‍. നന്ദി, പെരുത്ത് നന്ദി.

    നിഷാദ് – ദേ വരണ് വേറൊരു അസൂയക്കാരന്‍ :)

    നന്ദകുമാര്‍ – ഇതാര് ? ഇപ്പോ എവിടെയാ ? കൊടുങ്ങല്ലൂരോ ? കന്യാകുമാരീലോ ? ഇനിയിപ്പോ സുഖായില്ലേ ? നടുവില്‍ നിന്ന് ഒരറ്റം വരെ യാത്രചെയ്യാല്ലോ ? പിന്നെന്തിനാ അസൂയ :)

    കാപ്പിലാനേ – കാപ്പിലാന്റെ കവിതകള്‍ അച്ചടിക്കുന്ന കൂട്ടത്തില്‍ 100 പ്രതി ഇതും അച്ചടിച്ചാല്‍ മതി :)

    ശശികലാ മോഹന്‍ – എന്റെ കൂടെ ഈ യാത്രയില്‍ ഉണ്ടായിരുന്ന ആളായതുകൊണ്ട് മലയാളത്തില്‍ ഞാന്‍ എഴുതിയത് വായിച്ചില്ലെങ്കിലും കാര്യമൊക്കെ മനസ്സിലായല്ലോ ? :)

    ബിന്ദു – സജഷനൊക്കെ കൊള്ളാം. മലയാളത്തില്‍ത്തന്നെ എഴുതി ഉണ്ടാക്കാന്‍ പെട്ട പാട് നിരക്ഷരനായ എനിക്ക് മാത്രമേ അറിയൂ. പിന്നല്ലേ ആംഗലേയം :) ബിന്ദൂ …മുകളില്‍ കമന്റിട്ട ശശികലാ മോഹന്‍ എന്ന സ്കൂള്‍ അദ്ധ്യാപിക കൊളുക്കുമലയെപ്പറ്റി ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ നല്ല നിര്‍ദ്ദേശത്തിന് നന്ദി.

    മാനിക്യേച്ചീ – ഈ കമന്റ് വായിച്ചപ്പോള്‍ പിന്നേം ഒരു അവാര്‍ഡ് കിട്ടിയ സുഖം. വല്ല ട്രാക്ടറും പിടിച്ച് ആ മലേന്ന് ഇറങ്ങി വരുന്നൊണ്ടോ ? അതോ അങ്ങോട്ട് ഫയര്‍ ഫോഴ്സിനെ വിടണോ ? :)

    ശ്രീ, ബിന്ദു കെ.പി, റെയര്‍ റോസ്, തണല്‍, അരീക്കോടന്‍ മാഷ്, ചാണക്യന്‍, മലമൂട്ടില്‍ മത്തായി, പ്രിയാ ഉണ്ണികൃഷ്ണന്‍, സജി, മണികണ്ഠന്‍, ലതികച്ചേച്ചീ, പൊറാടത്ത്, മൂര്‍ത്തി, ജോസ് ടി, ഷാരു, തോന്ന്യാസീ, കൃഷേട്ടാ, ബഷീര്‍ വെള്ളറക്കാട്, ഏറനാടന്‍, വീണ, ഗോപന്‍, ലക്ഷ്മീ, സിന്ധൂ, കുറ്റ്യാറ്റിക്കാരാ, മുരളിക, പ്രയാസീ, ശാന്തിട്ടീച്ചര്‍, ആഷാ….

    കൊളുക്കുമലയിലേക്ക് എന്റെയൊപ്പം വന്ന് ഓരോ ചായയൊക്കെ കുടിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി. എല്ലാവരും ഇവിടെ ഒന്ന് പോകണം എന്നുകൂടെ എനിക്ക് അഭ്യര്‍ത്ഥനയുണ്ട്.

  37. വിവരണം കലക്കി…
    താങ്കളുടെ യാത്രാവിവരണങ്ങൾ ഒറ്റ ഇരുപ്പിനാണു വായിച്ച് തീർത്തത്. കൊളുക്ക് മലയെക്കുറിച്ച് ഒരു മാഗസിനിൽ വായിച്ചിട്ടുണ്ടെങ്കിലും അതിൽ കാര്യമായ ഒരു വിവരണം ഇല്ലായിരുന്നു. ഈ പോസ്റ്റ് വായിച്ചിട്ട് ഒന്നുറപ്പിച്ചു, ഞാനും എന്റെ ബുള്ളറ്റും കൊളുക്ക് മല കാണും.താങ്കളെപ്പോലെ ഞാനും ഒരു യാത്രാപ്രിയനാ‍ണ്. പക്ഷെ ആകെ ഒരു വിവരണം മാത്രമേ പോസ്റ്റിയിട്ടുള്ളൂ. അതും വിചാരിച്ച രീതിയിൽ എഴുതിയിട്ടില്ല. അസ്സൽ ഒരു മടിയൻ ആണൂട്ടൊ.

  38. നിരക്ഷരാ,
    വളരെ ഹൃദ്യമായ വിവരണം.ഫോട്ടോസ് എല്ലാം കിടിലന്‍ ..ഞാനും പോയി കൊലുക്ക്മലക്ക് …ഇത്തവണ കുറച്ചു ചിത്രങ്ങളെടുത്ത് ഒരു പോസ്റ്റ് നാട്ടി കഴിഞ്ഞപ്പോള്‍ ആണ് ഈ പോസ്റ്റ് കണ്ടത്..വളരെ നന്നായിരിക്കുന്നു.

  39. നിരക്ഷരാ..
    വളരെ വളരെ നന്ദി.എന്റെ പോസ്റ്റ് വായിച്ചതിനും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും എന്റെ ഈ എളിയ ബ്ലോഗ് ലിസ്റ്റ് ചെയ്തതിനും,താങ്കളുടെ പ്രചോദനങ്ങള്ക്കും വളരെ നന്ദി.
    ശരിയാണ് കൊളുക്കുമല എത്ര പോയാലും മതിവരാത്ത സ്ഥലമാണ്‌.
    ഞാന്‍ ബൂലോകത്ത് പുതിയ ആളാണ്.എഴുതാന്‍ കഴിവധികം ഇല്ലെന്കിലും ഒരു ആഗ്രഹത്തിന്റെ പുറത്താണ്.യാത്രകളും സാഹസങ്ങളും പ്രകൃതിയെയും ഒക്കെ ഇഷ്ടപെടുന്ന ഒരാള്‍ മാത്രം.
    തുടര്‍ന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

    (കമന്റ് ഇടേണ്ടത് ഈ ത്രെഡില്‍ തന്നെയാണൊ?സംശയമുള്ളതിനാല്‍ രണ്ടിലും കമന്റ് ഇടുന്നു.തെറ്റുപറ്റിയെന്കില് ക്ഷമിക്കൂ.)
    NB: മൂന്നാറിനെ സ്നേഹിച്ച വെല്ലസ്ലി സായിപ്പിന്റെ മനസിനൊപ്പം കറങ്ങിനടക്കുന്ന ഒരു സഞ്ചാരിയുടെ
    മനസ്കണ്ടിരുന്നു ..ഇപ്പോള്‍ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം :)

  40. നിരക്ഷരാ..
    നിങ്ങള്‍ കൊടുഗുമാലയെ പറ്റി എയുദിയ ബ്ലോഗ് വായിച്ചു. അടുത്ത മാസം ലീവിനു നാട്ടില്‍ പൊഗുന്നു. ഒത്തു വന്നാല്‍ തീര്‍ച്ചയയും ഭാര്യയെയും കൂട്ടി ഒരു ട്രിപ്പ്‌ കൊടുഗുമാലയിലെക് പോഗും. വിവരണത്തിന് ഒരു പാട് നന്ദി. ഷമീര്‍ അബുദാബി

  41. കൊളുക്കുമല…കൊളുക്കുമല…എന്ന് കുറേ ദിവസമായി പ്രശ്നം.കാര്യം തിരക്കി തിരക്കി വന്നപ്പോഴാണ് ഇവിടെ വന്നത്.കൊള്ളാം ചിത്രങ്ങളും വിവരണവും.
    (കൊളുക്കുമലയിൽ പോകാതെ ഈ കൊളുത്തുവിടുമെന്ന് തോന്നുന്നില്ല:)

  42. രണ്ട് കാഴ്ച്ചകളും വളരെ വ്യത്യസ്തമാണല്ലോ.നന്നായി പറഞ്ഞിരിക്കുന്നു.പക്ഷെ ആകെ കണ്‍ഫ്യൂഷനായി കുലുക്കുമലയോ കൊളുക്ക്മലയോ ku അടിച്ചാലും ko അടിച്ചാലും ഗൂഗിളില്‍ സംഭവമുണ്ട്.

Leave a Reply to MANIKANDAN [ മണികണ്ഠന്‍‌ ] Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>