tirunalli-snaps-034

തിരുനെല്ലി


ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
——————————————————————————

മാനന്തവാടിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് ‘ദക്ഷിണ‍ കാശി‘ എന്നറിയപ്പെടുന്ന തിരുനെല്ലിയിലേക്ക്. വളരെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലിയിലെ പ്രധാന ആകര്‍ഷണം. അമ്പലവും പ്രാര്‍ത്ഥനയുമൊക്കെ മനസ്സിലാണ് കൊണ്ടുനടക്കുന്നതെങ്കിലും മാനന്തവാടിയില്‍ പോകുമ്പോഴെല്ലാം, സമയം അനുവദിക്കുമെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ഞാന്‍ പോകാറുണ്ട്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്തിന്റെ പ്രകൃതിസൌന്ദര്യമാണ് ആ യാത്രയ്ക്കുള്ള ഒരു പ്രധാനകാരണം. രാത്രിയായാല്‍ ആനയിറങ്ങുന്ന കാട്ടുവഴികളിലെ, കൂറ്റന്‍ മരങ്ങളുടേയും ഇല്ലിക്കൂട്ടങ്ങളുടേയും‍ തണലിലൂടെ വണ്ടിയോടിച്ച് പോകുന്നതിന്റെ സുഖമാണ് മറ്റൊരു കാരണം.

കാട്ടിക്കുളം കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോകുമ്പോള്‍ തെറ്റ് റോഡ്. അവിടന്ന് ഇടത്തേക്ക് തിരിഞ്ഞ് വളഞ്ഞ് പുളഞ്ഞ് റോഡ് ചെല്ലുന്നത് തിരുനെല്ലിയിലേക്കാണ്. വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തുതന്നെ വലിയൊരു കെട്ടിടം കാണാം. അതാണ് പഞ്ചതീര്‍ത്ഥം ഗസ്റ്റ് ഹൌസ്.

ഞാന്‍ ആദ്യം തിരുനെല്ലി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഈ ഗസ്റ്റ് ഹൌസ് അവിടെയില്ല. ദൂരെനാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് തങ്ങാനുള്ള സൌകര്യാര്‍ത്ഥം ഇതുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചത് 2002 ല്‍ മാത്രമാണ്. മാനന്തവാടിയില്‍ നിന്ന് ബസ്സിന് തിരുനെല്ലിയിലേക്ക് പോകുന്നവര്‍ക്ക് ഗസ്റ്റ് ഹൌസ് കാണുമ്പോള്‍ ബസ്സില്‍ നിന്നിറങ്ങാം. 30 കിലോമീറ്റര്‍ യാത്രയില്‍ അത്രയും വലിയ കോണ്‍ക്രീറ്റ് കെട്ടിടം മറ്റൊരിടത്തുമില്ലാത്തതുകൊണ്ട് വഴിയൊരിക്കലും തെറ്റില്ല. പഞ്ചതീര്‍ത്ഥത്തിന് മുന്‍പില്‍ നിന്ന് നോക്കിയാല്‍ മുകളില്‍ മലനിരകളും, ക്ഷേത്രത്തിന്റെ ഒരു ഭാഗവും കാണാം. കൂട്ടത്തില്‍ , വഴിതെറ്റിയോ അല്ലെങ്കില്‍ ക്ഷേത്രദര്‍ശനത്തോ മറ്റോ വന്നതുപോലെ ഒരു കൂട്ടം മേഘങ്ങള്‍ ‍. കരിങ്കല്ലില്‍ തീര്‍ത്ത പടികളിലൂടെ മുകളിലേക്ക് കയറണം അമ്പലമുറ്റത്തെത്താന്‍. ചെരുപ്പെല്ലാം ഊരിയിട്ട് പടിക്കെട്ടുകള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെ പുറകുവശത്താണ് ചെന്നെത്തുന്നത്.
ക്ഷേത്രത്തിന് ചുറ്റും കൊത്തിവെടിപ്പാക്കിയ നീളന്‍ കരിങ്കല്‍‌പ്പാളികള്‍ വിരിച്ചിരിക്കുന്നു. അതിലൂടെ നടന്നാല്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെത്താം. മലനിരകള്‍ക്ക് മനോഹാരിതകൂട്ടാനെന്നപോലെ നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ ഭംഗി, പുരാതന ക്ഷേത്രനിര്‍മ്മാണത്തിന്റെ മനോഹാരിതയെല്ലാം ഒത്തുചേര്‍ന്നതാണ്. സൃഷ്ടാവായ ബ്രഹ്മാവാണ് ഈ ക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ചതുര്‍ഭുജനായ വിഷ്ണുവിന്റെ പ്രതിഷ്ഠയാണിവിടെ.

തിരുനെല്ലിയെപ്പറ്റി വടക്കന്‍ ഐതിഹ്യമാലയില്‍ പറയുന്നത് ഇപ്രകാരമാണ്.

ഭൂമിയില്‍ വെച്ച് യഥാവിധി ഒരു യാഗം നടത്തണമെന്നുള്ളത് ബ്രഹ്മാവിന്റെ ഒരു ചിരകാലമോഹമാണ്. അതിനുപറ്റിയ പവിത്രവും പരമരമണീയവുമായ ഒരിടം അന്വേഷിച്ചിറങ്ങിയ അദ്ദേഹം അവസാനം ബ്രഹ്മഗിരിയിലെത്തി. അനന്യസാധാരണമായ വിശുദ്ധിയും അലൌകിക സൌന്ദര്യവും കതിരണിഞ്ഞുനില്‍ക്കുന്ന ബ്രഹ്മഗിരി തടത്തിലൊരിടത്ത് ബ്രഹ്മദേവന്‍ കുറച്ചുനേരം വിശ്രമിച്ചു. അല്‍പ്പം അകലത്തായി ഒരു കുന്നും അതിന്റെ തലപ്പത്തായി തഴച്ചു‌വളര്‍ന്ന് തളിര്‍ചൂടി നില്‍ക്കുന്ന ഒരു നെല്ലിമരവും അദ്ദേഹം കണ്ടു. ബ്രഹ്മാവ് അങ്ങോട്ട് ചെന്നെങ്കിലും അവിടെച്ചെന്നപ്പോള്‍ നെല്ലിമരം കണ്ടേടത്ത് ‍ ശംഖചക്രഗദാപത്മധാരിയായി മഹാവിഷ്ണു നില്‍ക്കുന്നത് കണ്ട് ബ്രഹ്മാ‍വ് അത്ഭുതപ്പെട്ടു. പക്ഷെ, പെട്ടെന്ന് മഹാവിഷ്ണു അപ്രത്യക്ഷനായി. വിഷ്ണുവിന്റെ ഞൊടിയിടയിലുള്ള തിരോധാനം ബ്രഹ്മനെ അസ്വസ്ഥനാക്കി. വിഷ്ണുവിനെക്കണ്ട ആ വിശുദ്ധഭൂമിയില്‍ സ്വകരം കൊണ്ട് ബ്രഹ്മാവ് വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചു. അസാധാരണമായ ഈ സംഭവം ത്രിലോകങ്ങളിലും അത്ഭുതമുണര്‍ത്തി. സ്വര്‍ഗ്ഗഗായകര്‍ ഗാനാലാപം നിര്‍വ്വഹിച്ചു. സുരസുന്ദരിമാര്‍ നര്‍ത്തനമാടി. ദേവലോകം പൂമഴ ചൊരിഞ്ഞു.

ബ്രഹ്മഗിരി, ഉദയഗിരി, നരിനിരങ്ങിമല, കരിമല എന്നീ നാല് മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തിരുനെല്ലിയില്‍ വിഷ്ണുവിന്റെ മറ്റ് മൂന്ന് അവതാരങ്ങളായ പരശുരാമനും, രാമനും, കൃഷ്ണനും സന്ദര്‍ശിച്ചെന്ന് വിശ്വസിപ്പിക്കപ്പെടുന്നു.

എന്തൊക്കെയായാലും, ഗുരുവായൂരടക്കം പല ക്ഷേത്രങ്ങള്‍ക്ക് മുന്നിലെത്തുമ്പോഴും കാണുന്ന ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് തിരുനെല്ലിയിലും കാണുമ്പോള്‍ മനസ്സ് വേദനിക്കാറുണ്ട്. ക്ഷേത്രപ്രവേശനവിളംബരം അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ ‍, മനുഷ്യരാശിക്ക് മുഴുവനുമായി ഒരു ക്ഷേത്രപ്രവേശനവിളംബരം ഇനിയും വരേണ്ടിയിരിക്കുന്നു.

ഒരു കുടകന്‍ രാജാവാണ് തിരുനെല്ലി ക്ഷേതം ഉണ്ടാക്കിയതെന്നും, ക്ഷേത്രത്തിന്റെ പണിതീരുന്നതിന് മുന്‍പ് കുടകിന്റെ ഭാഗമായിരുന്ന തിരുനെല്ലി വയനാടിന്റെ ഭാഗമായെന്നൊക്കെയുള്ള ചില നാട്ടറിവുകളുടെ സത്യാവസ്ഥ ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള അപൂര്‍ണ്ണമായതുപോലെ കാണപ്പെടുന്ന മനോഹരമായ കല്‍ത്തൂണുകള്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിച്ചതാണെന്നും, അല്ലെന്നുമുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. പഴശ്ശിരാജാവിന്റെ കാലത്ത് മൈസൂര്‍പ്പടയുമായി യുദ്ധമുണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നതുകൊണ്ട് അന്ന് നശിപ്പിക്കപ്പെട്ടതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കാട്ടില്‍ നിന്നാണ് ക്ഷേത്രത്തിലെ പൂജയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം വരുന്നത്. വെള്ളം ഒഴുകി വരുന്ന കല്‍പ്പാത്തികള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരിങ്കല്‍‌ത്തൂണുകള്‍ രസാവഹമായ കാഴ്ച്ചയാണ്.

കുറേയധികം നാളുകള്‍ക്ക് മുന്‍പ് അന്നത്തെ കോലത്തുനാട്ടുടയവര്‍ പത്നീസമേതനായി തിരുനെല്ലി ക്ഷേത്രദര്‍ശനത്തിനെത്തി. തലേന്ന് പെയ്തമഴയില്‍ തിരുമുറ്റത്ത് ചളിവെള്ളം നിറഞ്ഞിരുന്നതിനാല്‍ കെട്ടിലമ്മയുടെ കാലില്‍ നന്നേ ചെളി പുരണ്ടിരുന്നു. കാല് കഴുകാന്‍ വെള്ളമാവശ്യപ്പെട്ടപ്പോള്‍ പരിചാരകര്‍ ചെറിയൊരു കിണ്ടിയില്‍ കുറച്ച് വെള്ളമാണ് കൊണ്ടുവന്നത്. ‘ക്ഷേത്രക്കിണറില്‍ വെള്ളമില്ലാതെ പോയോ‘ എന്ന് ചോദിച്ചപ്പോള്‍ ക്ഷേത്രത്തിങ്കല്‍ കിണറില്ലെന്നും അടുത്തുള്ള തീര്‍ത്ഥങ്ങള്‍ ജനങ്ങള്‍ സ്നാനത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് അവ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്നും ഒരു നാഴികയിലേറെ ദൂരത്തുള്ള ബ്രഹ്മഗിരിയിലെ ഉറവില്‍ നിന്ന് കോരിയെടുത്ത് കൊണ്ടുവന്നിട്ടാണ് അഭിഷേകത്തിനും മറ്റും ഉപയോഗിക്കുന്നത് എന്ന് ക്ഷേത്രപരിചാരകര്‍ അറിയിച്ചു.

വിഷ്ണുഭക്തയായ കെട്ടിലമ്മ ക്ഷേത്രാവശ്യത്തിലേക്ക് വേണ്ടുവോളം വെള്ളം തടസ്സമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വാസ്തുവിദ്യാവിദഗ്ധനും തന്നെ സഹോദരനുമായ വായിക്കര വലിയ നമ്പ്യാതിരിയുടെ മേല്‍‌നോട്ടത്തില്‍ സമര്‍ത്ഥരായ കരിങ്കല്‍പ്പണിക്കാരെക്കൊണ്ട് പണികഴിപ്പിച്ചതാണ് മുകളില്‍ കാണുന്ന സംവിധാനം.

ക്ഷേത്രത്തിന്റെ വടക്ക്പടിഞ്ഞാറുഭാഗത്തെ പടികളിറങ്ങി താഴേക്ക് നടന്നാല്‍ പഞ്ചതീര്‍ത്ഥക്കുളം കാണാം. ഭഗവാന്‍ ശ്രീരാമന്റെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിച്ച് പോരുന്നു. അതിന്റെ പ്രതീകമായി കൊത്തിവച്ചതായിരിക്കണം താഴെക്കാണുന്ന കാല്‍പ്പാടുകള്‍. ലങ്കയില്‍ നിന്ന് യുദ്ധം ജയിച്ച് മടങ്ങുകയായിരുന്ന രാമന്‍ കൂര്‍ഗ്ഗിലേക്കുള്ള യാത്രാമദ്ധ്യേ ബ്രഹ്മഗിരി മലകടക്കുന്നതിന് മുന്‍പായി തിരുനെല്ലിയില്‍ ദശരധന് വേണ്ടി പിതൃകര്‍മ്മങ്ങള്‍ ചെയ്തെന്നും അന്നുമുതലാണ് തിരുനെല്ലിയില്‍ ഭക്തജനങ്ങള്‍ പൂര്‍വ്വികര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തുപോരുന്നതെന്നുമാണ് വിശ്വാസം.
പഞ്ചതീര്‍ത്ഥക്കുളത്തില്‍ നിന്ന് മുന്നോട്ട് കാണുന്ന വഴിയിലൂടെ വീണ്ടും കുറേ നടന്നാല്‍ പാപനാശിനിയിലെത്താം. പൂര്‍വ്വികര്‍ക്ക് ബലിയിടാനും, ചിതാഭസ്മം ഒഴുക്കാനുമെല്ലാം വിശ്വാസികള്‍ കാതങ്ങള്‍ താണ്ടി തിരുനെല്ലിയിലെ പാപനാശിനിയില്‍‍ വരുന്നത്, കാട്ടില്‍ നിന്ന് ഒഴുകിവരുന്ന ഈ ചോലയില്‍ മുങ്ങിക്കുളിച്ചാല്‍ സകലപാപങ്ങളും തീര്‍ന്നുകിട്ടുമെന്നുള്ള വിശ്വാസവുമായാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനല്‍ക്കാലത്ത് പാപനാശിനിയില്‍ മുങ്ങിക്കുളിക്കാന്‍ മാത്രമൊന്നും വെള്ളം ഒഴുകിവരുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.

തന്റെ മാതാവിന്റെ പാപമോചനത്തിനായി അമൃതകുംഭവുമായി പറക്കുകയായിരുന്ന ഗരുഡന്‍ തിരുനെല്ലി വഴി പോയെന്നും, തന്റെ യജമാനനായ വിഷ്ണുവിന്റെ വിഗ്രഹ പ്രതിഷ്ഠയുടെ സമയത്ത് തിരുനെല്ലിയില്‍ മൂന്ന് പ്രാവശ്യം വട്ടമിട്ട് പറന്ന സമയത്ത് അമൃതകുംഭത്തില്‍ ഒരു തുള്ളി അമൃത് പാപനാശിനിയില്‍ ഇറ്റിയെന്നും അങ്ങിനെയാണ് പാപനാശിനിക്ക് എല്ലാ പാപങ്ങളേയും ശുദ്ധീകരിക്കാനുള്ള ദിവ്യശക്തി കിട്ടിയതെന്നുമാണ് ഐതിഹ്യം.

പിതാവായ ജമദഗ്നിക്ക് വേണ്ടി സ്വന്തം അമ്മ രേണുകയെ വധിക്കേണ്ടി വന്ന പരശുരാമന്‍, അമ്മയെ കൊന്ന പാപത്തിന്റെ രക്തക്കറപുരണ്ട കൈകള്‍ ഏതൊക്കെ പുണ്യജലത്തില്‍ കഴുകിയിട്ടും മുക്തി കിട്ടാതെ അവസാനം തിരുനെല്ലിയില്‍ എത്തിച്ചെര്‍ന്നെന്നും പാപനാശിനിയില്‍ അദ്ദേഹത്തിന്റെ കൈകളിലെ രക്തക്കറ നിശ്ശേഷം മാറിയെന്നുമാണ് വിശ്വാസം. അന്നുമുതല്‍ക്കാണ്. പാപനാശിനിക്ക് ആ പേര് വീണതും പാപനാശിനിയുടെ ശക്തി അറിയപ്പെടുകയും ചെയ്തതെന്ന് വിശ്വസിച്ച് പോരുന്നു.

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയില്‍ ഒഴുക്കിയിട്ടുണ്ട്. ആ സംഭവത്തോടെയാണ് വടക്കേ ഇന്ത്യയിലും തിരുനെല്ലി പ്രശസ്തമായത്. അതുകൊണ്ടുതന്നെ ഇന്ന് തിരുനെല്ലിയില്‍ വരുന്ന വടക്കേ ഇന്ത്യാക്കാരായ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കൂടുതലാണ്.

അധികം തിക്കും തിരക്കുമൊന്നുമില്ലാത്ത ദിവസങ്ങളില്‍ തിരുനെല്ലിയിലെത്തി കാഴ്ച്ചകള്‍ കണ്ട്, ക്ഷേത്രത്തിലൊന്ന് തൊഴുത്, പാപനാശിനിയില്‍ കൈകാലുകളും മുഖവുമൊക്കെ കഴുകി മടങ്ങാനാണ് എനിക്കിഷ്ടം.

പാപങ്ങളെല്ലാം തീര്‍ന്നെങ്കില്‍ വയനാട്ടിലെ മറ്റ് മനോഹരമായ ഇടങ്ങളിലേക്ക് യാത്ര തുടരാം. ’പക്ഷിപാതാളം‘ ഇവിടന്ന് അധികം ദൂരെയല്ല. വാഹനത്തിലൊന്നും പോകാന്‍ പറ്റില്ല. കാട്ടിലൂടെ നടന്ന് തന്നെ പോകണം. സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ട്രക്കിങ്ങ് ‘. പക്ഷിനിരീക്ഷകര്‍ക്ക് പറ്റിയ സ്ഥലമാണ് പക്ഷിപാതാളം. പക്ഷെ, മഴക്കാലത്ത് അവിടേയ്ക്കുള്ള യാത്ര ദുഷ്ക്കരമാണ്. അട്ടകളുടെ ശല്യമാണ് പ്രധാന തടസ്സം. മഴമാറിയിട്ട് ഞാനേതായാലും ആ വഴി പോകുന്നുണ്ട്. ആര്‍ക്കെങ്കിലും എന്റെ കൂടെ കൂടണമെന്നുണ്ടെങ്കില്‍ സ്വാഗതം.
———————————————————
ചിത്രങ്ങള്‍ക്ക് കടപ്പാട് – അജയ് ജോയ് & ഹരി മാനന്തവാടി.

Comments

comments

26 thoughts on “ തിരുനെല്ലി

  1. യാത്ര സുഖകരമായ ഒരനുഭവമാണു. അതു വായിക്ക്കുന്നതും. ഞാൻ ഉടനെ പൊകുന്നുണ്ടു.
    നന്നായിരിക്കുന്നു.

  2. നിരച്ചരാ.. പതിവുപോലെ എനിക്കു അസൂയ തിളച്ചു മറിയുന്നു.. ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ..

  3. പതിവു പോലെ വീണ്ടുമൊരു മനോഹരമായ യാത്രാവിവരണം കൂടി. നന്ദി നിരക്ഷരന്‍ ചേട്ടാ.
    :)

  4. രണ്ടാമത്തെ ചിത്രത്തില്‍ മഞ്ഞിറങ്ങിവരുന്നത് കാണാന്‍ എന്തു ഭംഗിയാ.

    കല്ലില്‍ കൊത്തിയാ കാല്‍പ്പാടുകള്‍ നന്നാഇ.

    നന്ദിയുണ്ട് ഇതൊക്കെ പങ്കുവയ്ക്കുന്നതിന്.

    നോക്കിക്കോ ഒരു നാള്‍ ഞാനും പോകും തിരുനെല്ലിയ്ക്ക്.

    സസ്നേഹം,

    ശിവ

  5. നിരക്ഷരാ, ഈ യാത്രകള്‍ ഒക്കെ വായിച്ചു പതിവ് പോലെ നല്ലത് എന്നു പറഞ്ഞു മടുക്കുമല്ലോ :)
    പാപനാശിനിയുടെ ഫോട്ടം ഇല്ലേ?

    പക്ഷിപാതാളയാത്രയ്ക്ക് ആശംസകള്‍

  6. മനോജ്ചേട്ടാ കേരളത്തില്‍ പ്രത്യേകിച്ചു മലബാറില്‍ എവിടെയെങ്കിലും വിനോദയാത്രക്കു തെയ്യാറെടുക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല വഴികാട്ടിയാണ് ഈ ബ്ലോഗുകള്‍‌. കൃത്യവും വ്യക്തവുമായ വിവരണങ്ങള്‍‌. നാറാണത്തു ഭ്രന്തനെപ്പറ്റിയുള്ള ബ്ലോഗും വായിച്ചു. രണ്ടും ഗംഭീരം. ഒത്തിരി പറഞ്ഞുകേട്ട സ്ഥലങ്ങളാണ് ഇതെല്ലാം. ഈ ബ്ലോഗുകളിലൂടെ അവിടെയെല്ലാം ഞാനും പോയിരിക്കുന്നു. ഒരുപാട്‌ നന്ദി.

  7. അത്ര നന്നായിട്ടൊന്നുമില്ല… (നല്ലത്, സൂപ്പര്‍ എന്നൊക്കെ പറഞ്ഞു മടുത്തു. ഇനി ഇതേ ഉള്ളു രക്ഷ..)

  8. നല്ല പോസ്റ്റ് കേട്ടോ…

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കുടുമ്പസമേതം തിരുനെല്ലിയില്‍ പോയിരുന്നു. അമ്മൂമ്മയുടെ ചിതാഭസ്മവും പേറി. ഒരു മഴക്കാലത്ത്. ആ പ്രകൃതിയും, അന്തരീക്ഷത്തിലെ കുളിര്‍മ്മയും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. എങ്കിലും, പാപനാശിനിയില്‍ മുങ്ങിയപ്പോ എന്നെ കുറേ ‘അട്ടകള്‍‘ കടിച്ചത് മറക്കാനാവില്ല! പാപം കുറേ ചെയ്യുന്നവരെയാണോ ആവോ അട്ട കടിക്കുക! ആ‍ാ..! ആയിരിക്കും! :)

    സാരമില്ല, ബാലന്‍സ് ഷീറ്റില്‍ ബാക്കിയുള്ള പാപം ശബരിമലയില്‍ പോയി തീര്‍ത്തിട്ടുള്ളത്കൊണ്ട് പ്രശ്നമില്ല. ഇനി ഫ്രഷായി പാപം ചെയ്തു തുടങ്ങണം. എന്നിട്ട് ഒന്നൂടെ പോവണം ഈ സ്ഥലങ്ങളിലൊക്കെ….

    ഒരിക്കല്‍ കൂടി പറയട്ടെ, നല്ല പോസ്റ്റ്..!

  9. ഒരുപാട് പണ്ട് തിരുനെല്ലിയില്‍ പോയിട്ടുണ്ട്. അന്ന്‌ ആ വലിയ കെട്ടിടം ഒന്നുമില്ല. ഒരു ചെറിയ ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടത്തെ ഊണ് വളരെ നന്നായിരുന്നു എന്നും ഓര്‍മ്മയുണ്ട്. പാപനാശിനിയിലും ഇറങ്ങി. അന്നും വെള്ളം അധികമില്ല.
    ഇതു വായിച്ചിട്ട് ഒന്നുകൂടി അവിടെ പോകാന്‍ തോന്നുന്നുണ്ട്. നല്ല വിവരണം നീരു.

  10. ഓ, നിരന്‍, താങ്കളുടെ യാത്രവിവരണം തിരുനെല്ലിയില്‍ വരാത്തവര്‍ക്കും വരണമെന്നാഗ്രഹിക്കുന്നവര്‍ക്കും തികച്ചും പ്രയോജനപ്രദം തന്നെ. തിരുനെല്ലി എന്നും എനിയ്ക്കൊരു ജ്വലിയ്ക്കുന്ന ഓര്‍മ്മയാണ്‌. എന്റെ തിരുനെല്ലി സ്മരണകള്‍ ഇവിടെ കുറിയ്ക്കുന്നത്‌ താങ്കള്‍ക്ക്‌ അലോസരമുണ്ടാകില്ലെന്നു കരുതട്ടെ.

    1980-ലാണ്‌ എന്റെ അച്ഛന്‍ മരിയ്ക്കുന്നത്‌. എനിയ്ക്കന്ന് 21 വയസ്സ്‌ പ്രായമുണ്ട്‌. മൂത്ത മകന്‍ ഞാനല്ലായിരുന്നെങ്കിലും മരണാനന്തരക്രിയകളൊക്കെ ചെയ്തത്‌ ഞാനായിരുന്നു. സഞ്ചയനത്തിനു ശേഷം അച്ഛന്റെ രണ്ടുമൂന്ന് അസ്ഥിക്കഷ്ണങ്ങള്‍ ഞങ്ങള്‍ സൂക്ഷിച്ചു വച്ചു. ചെറിയൊരു കുപ്പിയിലാക്കി അത്‌ പറമ്പിലുള്ള ഒരു പ്ലാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു. അസ്ഥികള്‍ തിരുനെല്ലിയില്‍ കൊണ്ടുപോകാനായിരുന്നു അങ്ങനെ ചെയ്തത്‌.
    അടുത്ത വര്‍ഷം അതായത്‌ 1981-ല്‍ അച്ഛന്റെ ഒന്നാം ശ്രാദ്ധദിനത്തിന്റെ തലേന്നു തന്നെ ഞാനും അമ്മയും തിരുനെല്ലി ക്ഷേത്രത്തിലെത്തി. അന്നവിടെ ലോഡ്ജുകളൊന്നും ഇല്ലായിരുന്നു. ഞാന്‍ തന്നെയായിരുന്നു അച്ഛന്റെ അസ്ഥികള്‍ പ്ലാവിന്റെ ചുവട്ടില്‍ നിന്നു മാന്തിയെടുത്തത്‌. ചെറിയ ഒരു കുപ്പി. കൂടിയാല്‍ 200 മില്ലി വെള്ളം കൊള്ളുന്ന ഒരു കുപ്പി. വേണമെങ്കില്‍ അതു പാന്റിന്റെ പോക്കറ്റില്‍ വരെ കൊള്ളും. ഞാനത്‌ വൃത്തിയായി പൊതിഞ്ഞ്‌ ഞങ്ങളുടെ യാത്രാബാഗില്‍ വച്ചു. എനിയ്ക്കതിനോട്‌ പ്രത്യേകിച്ചു ഭക്തിയോ ബഹുമാനമോ പേടിയോ തോന്നിയില്ല. ഞാനാകട്ടെ ഒരു നിരീശ്വരവാദിയോ തികഞ്ഞ ഈശ്വരവിശ്വാസിയോ ഒട്ടല്ല താനും.

    ഞങ്ങള്‍ വൈകുന്നേരത്തൊടെയാണ്‌ തിരുനെല്ലിയിലെത്തിയത്‌. വയനാട്‌ ചുരവും മാനന്തവാടിയും തിരുനെല്ലിക്കാടുകളും ഞാന്‍ ബസ്സിലിരുന്ന് ശരിക്കും ആസ്വദിച്ചിരുന്നു.

    അന്ന് അവിടെ എത്തുന്നവര്‍ക്ക്‌ താമസിക്കാന്‍ അവിടത്തെ ശാന്തിക്കാര്‍ തന്നെ സൗകര്യം ചെയ്തുകൊടുക്കുമായിരുന്നു. അവരുടെ വീടിനോടു ചേര്‍ന്ന ഏതോ ഒരു സ്ഥലത്താണ്‌ ഞങ്ങള്‍ അന്നു രാത്രി കഴിച്ചുകൂട്ടിയത്‌. വൈകുന്നേരം ഞങ്ങള്‍ അമ്പലത്തിലൊക്കെ പോയി. ഞങ്ങള്‍ വന്നത്‌ അസ്ഥിനിമജ്ജനത്തിനാണെന്നും ഉദകക്രിയകള്‍ ചെയ്യണമെന്നും ഞങ്ങള്‍ പൂജാരിമാരെ അറിയിക്കുകയും ചെയ്തിരുന്നു. ക്രിയകള്‍ക്കു വേണ്ടി പൈസ കൊടുത്തതായോ രശീതി വാങ്ങിയതായോ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. ഭക്ഷണം എവിടെനിന്നാണ്‌ കഴിച്ചത്‌ എന്നൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. കാലം എത്രയായി.

    രാത്രി കിടക്കാറായപ്പോഴേയ്ക്കും എനിക്കു നേരിയ പേടി തുടങ്ങിയിരുന്നു. മറ്റൊന്നുമല്ല കാരണം. അസ്ഥി തന്നെ. സ്വന്തം അച്ഛന്റെതാണെങ്കിലും അസ്ഥി അസ്ഥി തന്നെയല്ലെ. അത്‌ അടുത്ത്‌ വച്ച്‌ കിടക്കാന്‍ എനിക്കൊരു പേടി. കിടക്കുമ്പോള്‍ ബാഗ്‌ ഞാന്‍ പതുക്കെ അമ്മയെ ഏല്‍പ്പിച്ചു. അതിലാണല്ലൊ അസ്ഥി. അമ്മ ആ ബാഗില്‍ തല വച്ചാണ്‌ രാത്രി കിടന്നത്‌. അതിനകത്ത്‌ ഇങ്ങനെയൊരു സാധനം ഉണ്ടെന്ന് അമ്മയെ ഓര്‍മ്മിപ്പിയ്ക്കനൊന്നും ഞാന്‍ പോയില്ല. അമ്മയ്ക്ക്‌ അറിയാഞ്ഞിട്ടാണോ അതോ പേടിയില്ലാഞ്ഞിട്ടാണൊ എന്തൊ, എന്തായാലും അമ്മ രാത്രി സുഖമായുറങ്ങി. അടുത്ത്‌ കിടന്ന ഞാന്‍ എങ്ങനെയൊക്കയൊ നേരം വെളുപ്പിക്കുകയും ചെയ്തു.

    ഇനി തുടര്‍ന്നെഴുതുന്നതിനു മുമ്പ്‌ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ട്‌. ഞാന്‍ തെക്കന്‍ മലബാറുകാരന്‍. ഭാരതപ്പുഴ ഞങ്ങള്‍ക്ക്‌ സ്വന്തം. ഞങ്ങളുടെ നാട്ടിലുള്ളവര്‍ അസ്ഥിനിമജ്ജനത്തിന്‌ കോയമ്പത്തൂരിനടുത്തുള്ള പേരൂരിലൊ അതല്ലെങ്കില്‍ തിരുനെല്ലിയിലൊ ആണ്‌ പോകുക പതിവ്‌. കാശിയില്‍ പോകുന്നവര്‍ വളരെ ചുരുക്കം. അച്ഛന്റെ അസ്ഥികളടങ്ങിയ കലശം (കലം) സഞ്ചയനത്തിന്റെ അന്ന് പരിപാവനമായ തിരുനാവായയിലെ ഭാരതപ്പുഴയുടെ മണലിലാണ്‌ ഞങ്ങള്‍ സ്ഥാപിച്ചത്‌. ആ ക്രിയ ആത്മാര്‍ത്ഥതയോടെയും വ്രതശുദ്ധിയോടെയും ചെയ്താല്‍ തന്നെ മതി ആത്മാവിനു മോക്ഷം കിട്ടാന്‍. പിന്നെ എന്തിനാണാവോ രണ്ടുമൂന്നസ്ഥിക്കഷ്ണങ്ങള് ‍മറ്റൊരു സ്ഥലത്തുകൂടി കൊണ്ടുപോകുന്നത്‌? “എല്ലാരും പോകുന്നൂ, ഈ ഞാനും പോകുന്നൂ, എങ്ങൊട്ടേന്നറിയില്ലല്ലോ” എന്നാരോ പാടിയ പോലെയായിരുന്നു കാര്യങ്ങള്‍.

    വീട്ടില്‍ പെങ്ങന്മാരും അളിയന്മാരും ഏട്ടനും അനിയനും ഒക്കെയുണ്ടെങ്കിലും കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യുന്നത്‌, എനിക്കാണ്‌ അതിനു സൗകര്യം എന്നതുകൊണ്ടാണ്‌. അതുകൊണ്ടുതന്നെയാണ്‌ തിരുനെല്ലി യാത്രയും എന്റെ തലയിലായത്‌. ഈ അസ്ഥിക്കഷ്ണങ്ങള്‍ തിരുനെല്ലിയില്‍ എത്തുമ്പോള്‍ എന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. അമ്മയ്ക്കറിയാമായിരുന്നുവോ എന്തോ? അളിയന്മാരോടോ ബന്ധുക്കളോടോ ഞാന്‍ ഇതിനെപ്പറ്റിച്ചോദിച്ചതുമില്ല. ആരും ഒന്നും എന്നോടൊട്ട്‌ പറഞ്ഞതുമില്ല. അമ്പലത്തിലേയ്ക്ക്‌ പൂജാസാധനങ്ങളുമായിപ്പോകുന്ന മട്ടില്‍ ഞാനും അമ്മയും ഈ അസ്ഥിയുമായി തിരുനെല്ലിയ്ക്ക്‌ പോകുകയാണുണ്ടായത്‌.
    ഒന്നുകൂടെ പറയട്ടെ. ഇമ്മാതിരി കാര്യങ്ങളിലൊക്കെ ഒട്ടും അറിവില്ലാത്തവനാണ്‌ ഞാന്‍. ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതു തന്നെ അച്ഛന്‍ മരിച്ചപ്പോഴായിരുന്നു. വലിയവര്‍ പറയുന്നതുപോലെയൊക്കെ ഞാന്‍ അന്നു ചെയ്തു. ചിതയോടു ചേര്‍ത്തുകെട്ടിയ ഒരു നൂലും പിടിച്ച്‌ “നടു അറ്റ്‌ വെള്ളം കൊടുക്കുന്നതുവരെ” ചിതയ്ക്കരികില്‍ ആ ചൂടും സഹിച്ച്‌ നിന്നത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്‌. അന്ന് പുറത്തു മാത്രമല്ല അകത്തും നല്ല ചൂടായിരുന്നു. ഇനിയൊരിയ്ക്കലും കാണാനാകാത്ത അച്ഛന്റെ വിരഹത്താലുള്ള ചൂട്‌. സഞ്ചയനത്തിനും നിര്‍ദ്ദേശം തരാന്‍ ബന്ധുക്കളുണ്ടായിരുന്നു.

    ആമുഖം കഴിഞ്ഞ സ്ഥിതിയ്ക്ക്‌ നമുക്ക്‌ തിരുനെല്ലിയിലേയ്ക്ക്‌ തന്നെ തിരിച്ചു വരാം.

    അതിരാവിലെ തന്നെ ഞങ്ങള്‍ ക്രിയ ചെയ്യാനുള്ള സ്ഥലത്തെത്തി. പുഴയിലെ തീര്‍ത്ഥത്തില്‍ (പാപനാശിനി) കുളിച്ച്‌ ഈറനുടുത്തുകൊണ്ടു തന്നെ. അവിടെത്തന്നെയാണ്‌ ശേഷക്രിയയും ചെയ്യുന്നത്‌. അമ്മയും ശേഷക്രിയ ചെയ്യാന്‍ തയ്യാറായാണ്‌ വന്നിരിക്കുന്നത്‌. അമ്മയുടെ ആദ്യത്തെ തിരുനെല്ലി സന്ദര്‍ശനമാണ്‌. എന്റെ അമ്മമ്മയ്ക്കും മുത്തച്ഛനുമാണ്‌ അമ്മ ബലിയിടുക. ഞാന്‍ എന്റെ അച്ഛനും.
    ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ അഞ്ചാറുപേര്‍ ശേഷക്രിയയ്ക്ക്‌ തയ്യാറായി അവിടെ നില്‍പ്പുണ്ട്‌. ഞങ്ങളും അവരോടൊപ്പം നിന്നു. എന്റെ കയ്യില്‍ മാത്രം ഒരു കുപ്പിയുണ്ട്‌. എന്റെ കയ്യില്‍ മാത്രമേ കുപ്പിയുള്ളൂ എന്നും വേണമെങ്കില്‍ പറയാം.

    കുറച്ചു കഴിഞ്ഞപ്പോള്‍ പൂജാരി എത്തി. അദ്ദേഹം എല്ലാവരോടും ഇരിയ്ക്കാന്‍ പറഞ്ഞു. അപ്പോഴാണ്‌ എന്റെ കയ്യില്‍ ഒരു കുപ്പി അദ്ദേഹം ശ്രദ്ധിച്ചത്‌. “എന്താത്‌” എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ ഞാന്‍ കൊടുത്ത “അത്‌ അസ്ഥി ആണ്‌” എന്ന എന്റെ മറുപടി അദ്ദേഹത്തിനു തീരെ രസിച്ചില്ല. അദ്ദേഹത്തിന്റെ മുഖം ചുളിയുന്നത്‌ ആ മങ്ങിയ വെളിച്ചത്തിലും ഞാന്‍ കണ്ടു. അദ്ദേഹം ഒരു ബ്രാഹ്മണനായതുകൊണ്ടുമാത്രം അദ്ദേഹം എന്നെ ചീത്ത പറഞ്ഞില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്ഥലം അശുദ്ധമാക്കാതെ അതു മാറ്റി കുളിച്ചു വരാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഇതെല്ലാം കണ്ടുകൊണ്ട്‌ എന്റെ അമ്മ തൊട്ടടുത്തു തന്നെ നില്‍പ്പും ഉണ്ടായിരുന്നു.

    വേണ്ടപ്പെട്ടവരോട്‌ ചോദിച്ച്‌ കാര്യങ്ങള്‍ ചെയ്യുക എന്ന ഒരേര്‍പ്പാട്‌ എനിയ്ക്ക്‌ ഇപ്പോഴും ഇല്ല, പണ്ടും ഇല്ല. തോന്നുമ്പോള്‍ തോന്നിയപോലെ ചെയ്യുക, അതാണ്‌ പണ്ടും ഇന്നും എന്റെ ശീലം. കാര്യം കഴിയുമ്പോഴെ ഞാന്‍ ഇമ്മാതിരി തത്വങ്ങളൊക്കെ ഓര്‍ക്കാറുള്ളു.
    പൂജാരി പറഞ്ഞതുകേട്ട്‌ എനിയ്ക്ക്‌ ലജ്ജയും സങ്കടവും വന്നു. എന്തു ചെയ്യണമെന്ന്‌ എനിയ്ക്ക്‌ പെട്ടെന്നു തോന്നിയില്ല. എല്ലാവരും എന്നെ നോക്കുകയാണ്‌. ഞാന്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

    പൂജാരിയും മറ്റുള്ളവരും എനിയ്ക്കു വേണ്ടി കാത്തുനില്‍ക്കുകയാണ്‌. അവരുടെ സമയം ഞാനായിട്ടു കളയരുത്‌. ഞാന്‍ കാരണം അവര്‍ക്കാര്‍ക്കും അശുദ്ധിയും വരരുതല്ലോ. ഞാന്‍ ദൂരേയ്ക്ക്‌ ഓടി. എന്നിട്ട്‌ കാട്ടിനുള്ളിലേയ്ക്ക്‌ കയറി. അസ്ഥി എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മയോട്‌ എന്തെങ്കിലും ചോദിക്കാമായിരുന്നു. അല്ലെങ്കില്‍ അമ്മയ്ക്കെന്നോട്‌ എന്തെങ്കിലും പറയാമായിരുന്നു. ഒന്നും ഉണ്ടായില്ല.
    ഉള്‍ക്കാട്ടില്‍ ഞാന്‍ നിന്നു. കയ്യില്‍ എന്നെ ഞാനാക്കിയ എന്റെ അച്ഛന്റെ അസ്ഥികളടങ്ങിയ കുപ്പിയുമായി. ഞാന്‍ നില്‍ക്കുകയല്ല, നിന്നു വിയര്‍ക്കുകയാണ്‌. തിരുനെല്ലിയിലെ ആ കൊടും തണുപ്പില്‍.
    തിരുനെല്ലിയിലെ ശേഷക്രിയയ്ക്കു ശേഷവും അസ്ഥികള്‍ സൂക്ഷിക്കാമോ എന്നെനിക്കറിയില്ലായിരുന്നു. ശേഷക്രിയയ്ക്ക്‌ മുമ്പ്‌ അതെന്തെങ്കിലും ചെയ്യണമോ എന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ എല്ലാവരും എന്നെ കാത്തുനിക്കുകയാണെന്ന ബോധം എനിക്കുണ്ടായിരുന്നു. ഞാന്‍ ആ കുപ്പി സര്‍വ്വശക്തിയും എടുത്തു ദൂരേയ്ക്കെറിഞ്ഞു. പോകട്ടെ, മറ്റുള്ളവര്‍ക്ക്‌ അശുദ്ധിയുള്ള ഒന്നും ഈ പരിസരത്ത്‌ വേണ്ട. അടുത്ത്‌ തന്നെയുള്ള ഒരു മരത്തില്‍ തട്ടി അതെന്റെ കണ്ണില്‍ നിന്നു മറയുകയും ചെയ്തു. പുഴയില്‍ മുങ്ങിക്കുളിച്ച്‌ (ശുദ്ധി വരുത്തണമല്ലോ) ശരം വിട്ട കണക്കെ ഞാന്‍ ബലിസ്ഥലത്തെത്തി.
    ശേഷക്രിയ തുടങ്ങി. പൂജാരി പറഞ്ഞതു പോലെ എല്ലാരും എല്ലതും ചെയ്തു. ഞാനും. പക്ഷേ എന്റെ മനസ്സ്‌ എവിടെയൊക്കെയോ ആയിരുന്നു. എന്റെ ക്രിയ കൊണ്ട്‌ എന്റെ അച്ഛന്‌ മോക്ഷം ലഭിച്ചിരിക്കില്ല. തീര്‍ച്ച.
    ബലിയും ക്ഷേത്രദര്‍ശനവും കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേയ്ക്ക്‌ മടങ്ങി. ബസ്സിലും തീവണ്ടിയിലും ഒക്കെയായി.

    അതു കഴിഞ്ഞിട്ട്‌ ഇപ്പോള്‍ വ്യാഴവട്ടങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. പക്ഷേ അവരിന്നുവരെ “നീ ആ അസ്ഥി എന്തു ചെയ്തു?” എന്നു എന്നോടു ചോദിച്ചിട്ടില്ല. എന്നെ വളര്‍ത്തി വലുതാക്കിയ അമ്മയല്ലേ, എന്റെ മനസ്സ്‌ അവര്‍ എന്റെ മുഖത്തുനിന്നും വായിച്ചെടുത്തിട്ടുണ്ടാവും.

    * * * * * * * * * * * * * * * * *

    കാലം മുന്നോട്ട്‌ നീങ്ങി. 1985-ല്‍ ആണെന്നു തോന്നുന്നു, ഞാന്‍ വീണ്ടും തിരുനെല്ലിയിലെത്തി. ഇത്തവണ എന്റെ റോള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഒരു വിനോദയാത്രാ സംഘത്തിലെ അംഗമായിരുന്നു അപ്പോള്‍ ഞാന്‍. ഞങ്ങള്‍ വെറും നാലോ അഞ്ചോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും സഹപ്രവര്‍ത്തകര്‍. അന്ന് തിരുനെല്ലിയില്‍ ലോഡ്ജുകളൊക്കെ ഉണ്ടായിത്തുടങ്ങിയിരുന്നു. ഓടിട്ട സാദാ കെട്ടിടങ്ങള്‍. അത്തരം ഒരു ലോഡ്ജില്‍ ഒന്നു രണ്ടു മുറികളിലായി ഞങ്ങള്‍ താമസിച്ചു. പാപനാശിനിയില്‍ കുളിച്ചും കാടുകളില്‍ കയറിയും ഞങ്ങള്‍ രണ്ട്‌ ദിവസം അവിടെ ചെലവിട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ മാത്രമേ മലബാറുകാരനായിട്ടുണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും തിരുവിതാംകൂറുകാര്‍. കൂട്ടത്തില്‍ ഒരു ക്രിസ്ത്യാനിയും. അദ്ദേഹത്തിന്‌ ക്ഷേത്രത്തില്‍ കയറണമെന്നൊരു മോഹവും. എല്ലാവരും ശങ്കിച്ചു നിന്നപ്പോള്‍ ഞാനാണവര്‍ക്ക്‌ ക്ഷേത്രത്തില്‍ കയറാന്‍ ധൈര്യം നല്‍കിയത്‌. എല്ലാവരും ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

    * * * * * * * * * * * * * * * * *

    വര്‍ഷങ്ങള്‍ വീണ്ടും പിന്നിട്ടു. തിരുവനന്തപുരത്തു താമസിക്കുന്ന ഞാന്‍ കണ്ണൂരില്‍ നിന്നു വിവാഹം കഴിച്ചു. കണ്ണൂര്‍ എന്റെ വധൂഗൃഹവും പിന്നീട്‌ ഭാര്യാഗൃഹവും അതിലും പിന്നീട്‌ home townഉം ആയി. എന്നിട്ട്‌ വര്‍ഷങ്ങളിപ്പോള്‍ എത്ര കഴിഞ്ഞിരിക്കുന്നു. പക്ഷേ അടുത്തു തന്നെയുള്ള തിരുനെല്ലിയില്‍ വീണ്ടും പോകണമെന്ന എന്റെ ആഗ്രഹം പിന്നെ നടന്നതേയില്ല. ഞാന്‍ അഹിന്ദുവിനെ ക്ഷേത്രത്തില്‍ കയറ്റിയത്‌ തിരുനെല്ലി പെരുമാള്‍ക്ക്‌ പിടിച്ചില്ല്യേ എന്തോ?

  11. ആള്‍രൂപന്‍, താങ്കളുടെ അനുഭവം എഴുതിയ കമന്റ് ഹൃദയസ്പർശിയായിരുന്നു. തിരുനെല്ലിയിൽ പോവണമെന്ന ആഗ്രഹം നടക്കുമെന്നേ. അഹിന്ദുവിനെ പ്രവേശിപ്പിക്കരുതെന്ന നിയമമുണ്ടാക്കിയത് ദൈവമല്ലല്ലോ മനുഷ്യനല്ലേ.ആ കുറ്റബോധം മനസ്സിൽ നിന്നു കളയൂ. അതു വായിച്ചിട്ട് നിങ്ങളാണ് നിങ്ങൾക്കു തന്നെ മാപ്പു കൊടുക്കാത്തതെന്നു തോന്നിയെനിക്ക്.
    എല്ലാ നന്മകളും നേരുന്നു.

    സസ്നേഹം
    ആഷ

  12. ഷാരൂ – എനിക്കീ കമന്റിലെ തമാശ ‘ക്ഷ‘ പിടിച്ചു. 10 ല്‍ എത്ര മാര്‍ക്ക് എന്ന രീതിയില്‍ റിയാലിറ്റി ഷോയില്‍ മാര്‍ക്കിടുന്നതുപോലെ ചെയ്താല്‍ മതി. അപ്പോള്‍ സൂപ്പര്‍ , ഫണ്ടാസ്റ്റിക്ക്, ഇലാസ്റ്റിക്ക് ‍ എന്നൊന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ ?

    കുറ്റ്യാടിക്കാരാ – പക്ഷിപാതാളത്തിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ.വിസ ഞാന്‍ അയച്ചുതരുന്നുണ്ട് :)

    ആഷാ – പാപനാശിനിയുടെ പടം കൈമോശം വന്നുപോയി. എത്ര തപ്പിയിട്ടും കിട്ടുന്നില്ല.അടുത്ത പ്രാവശ്യം പോകുമ്പോള്‍ പടം എടുത്ത് പോസ്റ്റില്‍ ചേര്‍ക്കുന്നതാണ്.

    അഭിലാഷ് – അഭിലാഷിന്റെ തിരുനെല്ലി അനുഭവം പങ്കുവെച്ചതിന് നന്ദി.

    ആള്‍‌രൂപന്‍ – താങ്കളുടെ ഈ കമന്റ് എന്റെ ഈ പോസ്റ്റിന് കിട്ടിയ ഒരു അംഗീകാരമായിട്ട് ഞാനെടുക്കുന്നു. താങ്കളെപ്പോലെ ഒരു വ്യക്തിയാണ് ഞാനും. അത്രവലിയ വിശ്വാസിയൊന്നും അല്ല. എന്നാല്‍ അവിശ്വാസിയോ നിരീശ്വരവാദിയോ അല്ല. മറ്റുള്ളവരുടെ വിശ്വാസത്തെ ഒരിക്കലും ഹനിക്കാറുമില്ല. താങ്കളെപ്പോലെ തന്നെ കര്‍മ്മങ്ങളെപ്പറ്റിയൊന്നും എനിക്കും വലിയ പിടിപാടൊന്നും ഇല്ല. അതൊക്കെ മുകളിലിരിക്കുന്ന ആ വലിയ ശക്തിക്ക് അറിയാം മാഷേ. അതുകൊണ്ട് താങ്കള്‍ തിരിനെല്ലിയില്‍ ചെന്ന് കര്‍മ്മങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും താങ്കളുടെ പിതാവിന് മോക്ഷം ലഭിച്ചിട്ടുണ്ടാകും. താങ്കളുടെ മനസ്സും ചിന്തയും ആ സമയത്ത് വ്യതിചലിച്ച് പോയതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടല്ലോ. അത് സര്‍വ്വശക്തന്‍ കണ്ടിട്ടുണ്ട്. വിഷമിക്കേണ്ട ഒരു കാര്യവുമില്ല.

    അച്ഛന്റെ ചിതയുടെ അരികിലെ ചൂടിനെപ്പറ്റി പറയുന്ന സമയത്ത്, അകത്തും പുറത്തുമുള്ള ആ ചൂട് എന്നിലേക്കും കുറേയൊക്കെ പടര്‍ന്നു. വിയര്‍പ്പായും കണ്ണിലൊരു നനവായും ആ ചൂട് എന്നില്‍നിന്നും പുറത്തുകടക്കാനും ശ്രമിച്ചു.

    ഒരു പോസ്റ്റാക്കി ഇടാനുള്ള സാദ്ധ്യതയുണ്ടായിരുന്ന ഈ കുറിപ്പ് ഒരു കമന്റായി എനിക്ക് തന്നതില്‍ ഒരു അലോസരവും ഇല്ല സുഹൃത്തേ. അങ്ങിനെ ചിന്തിച്ചാല്‍പ്പോലും അത് ദൈവനിന്ദയായിപ്പോകും. വളരെ നന്ദി….

    നജീ‍ബ് ചെന്നമങ്കലൂര്‍, മൂര്‍ത്തി, പാമരന്‍, പൊറാടത്ത്, ശ്രീ, ശിവ, വാല്‍മീകി, മണികണ്ഠന്‍, ഗീതേച്ചീ, ‍……തിരുനെല്ലി സന്ദര്‍ശിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാവരുടേയും സകല പാപങ്ങളും ഇതോടെ തീര്‍ന്നിരിക്കുന്നു. :) :) :)

  13. സുഹൃത്തേ,
    (അങ്ങനെ വിളിയ്ക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. എത്ര വേഗമാണ്‌ ആളുകള്‍ സുഹൃത്തുക്കളാകുന്നത്‌? അതും സാഗരസീമകളെ ലംഘിച്ച്‌. അല്ലെങ്കിലും internet എന്ന ഈ വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നാമെന്ന ജീവികള്‍ക്കെന്തു സീമ? പാറ്റയ്ക്കും പറവയ്ക്കുമുണ്ടോ അമേരിക്കയെന്നും ഭാരതമെന്നും? അപ്പോള്‍ പറയൂ, ദേശമാണോ, ഭാഷയാണോ, മനസ്സും വികാരവുമാണോ സൗഹൃദത്തിനടിസ്ഥാനം?)

    താങ്കളുടെ മറുപടി കമന്റിന്‌ നന്ദി. എന്റെ അക്ഷരങ്ങളെ സ്വീകരിച്ച താങ്കളുടെ വിശാലമനസ്ക്കതയ്ക്കും നന്ദി. ഏതു കുയിലാടാ എന്റെ കൂട്ടില്‍ വന്നു മുട്ടയിടുന്നതെന്ന് ഈ കാക്ക കരുതുമോ എന്നായിരുന്നൂ അതു post ചെയ്യുമ്പോള്‍ എന്റെ മനസ്സിലെ ഭീതി. ആ ഭീതി അസ്ഥാനത്താണെന്ന് താങ്കള്‍ തെളിയിച്ചു. എന്റെ comment-നെ താങ്കള്‍ ഒരു അംഗീകാരമായിക്കണക്കാക്കിയത്‌ താങ്കള്‍ എനിയ്ക്കു തന്ന അംഗീകാരമാണ്‌. അതിനു നന്ദി. അല്ലാതെ എന്റെ കമന്റിനെ അത്രയൊക്കെ കാണാന്‍ ഞാന്‍ “വിശാലമനസ്ക്കന്‍” ഒന്നുമല്ലല്ലൊ!

    പിന്നെ ഒരു post ആക്കി ഇടാനുള്ള സാദ്ധ്യതയെപ്പറ്റിയല്ലേ? പറയാം. ശങ്കരാചാര്യരുടെ അദ്വൈതം അനുസരിച്ച്‌ ഒന്നേയുള്ളു, രണ്ടില്ല. അപ്പോള്‍ പിന്നെ post എന്നോ comment എന്നോ ഉള്ള വേര്‍തിരിവുണ്ടോ? എന്റെ post, നിന്റെ post എന്നും?

    പിന്നെ ഒരു കാര്യം കൂടി, തന്റെ മുട്ട കൂടി താങ്ങാനുള്ള കരുത്ത്‌ കാക്കയുടെ കൂടിനുണ്ടെന്ന അറിവാണ്‌ കുയിലിനെ ആ കൂട്ടിലേയ്ക്കാകര്‍ഷിക്കുന്നത്‌. ഇതൊക്കെ അറിഞ്ഞു കൊണ്ടുതന്നെയാണ്‌ കൂടുണ്ടാക്കാന്‍ കാക്കകളിപ്പോള്‍ കമ്പിച്ചുരുളുകള്‍ ഉപയോഗിയ്ക്കുന്നതും. (“കാക്കയ്ക്കും കോണ്‍ക്രിറ്റ്‌” എന്ന എന്റെ തമാശ ബ്ലോഗ്‌ വേണമെങ്കില്‍ നോക്കാം. ഇവിടെ ഒരു link കൊടുക്കാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞാനങ്ങനെ ചെയ്തേനെ) തന്റെ കുഞ്ഞിനെ കാക്ക കൈക്കൊള്ളുമെന്ന വിശ്വാസവും കുയിലിനുണ്ട്‌. കാക്കയ്ക്കും ശങ്കരാചാര്യരുടെ അദ്വൈതം കുറച്ചൊക്കെ അറിയും, കുയില്‍ക്കുഞ്ഞ്‌ തനിസ്വഭാവം കാണിയ്ക്കുന്നതുവരെ കാക്കയ്ക്കില്ല തന്റെ കുഞ്ഞെന്നൊ കുയില്‍ക്കുഞ്ഞെന്നൊ ഉള്ള വ്യത്യാസം.

    നിറുത്തുന്നതിനു മുമ്പ്‌ ഒരു കാര്യം കൂടിപ്പറയട്ടെ.
    താങ്കള്‍ അഗ്രഗേറ്ററുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ചെഴുതിയ മെയില്‍ കിട്ടി. താങ്കളുടെ നിര്‍ദ്ദേശത്തിനു നന്ദി. ആകാം, എല്ലാം എഴുതി അറിയിച്ചോളൂ, ഞാനും listed ആവട്ടെ. താങ്കളുടെ page-ല്‍ Malayalam Font എന്നൊരു link ഇല്ലേ? അതുപോലെ മറ്റൊരു ലിങ്ക്‌. എല്ലാ ബ്ലോഗിംഗ്‌ ശിശുക്കള്‍ക്കും അതൊരു വഴികാട്ടിയാവട്ടെ. ഞാനൊരിക്കല്‍ ബ്ലോഗിംഗ്‌ സംബന്ധമായ എന്തോ ഒരു സംശയം ബ്ലോഗിങ്ങിന്റെ തലതൊട്ടപ്പനായ സിബുവിനോട്‌ എഴുതിച്ചോദിച്ചു. മറുപടിയൊന്നും കണ്ടില്ല. അവര്‍ക്കൊക്കെ ഇതിനൊക്കെ എവിടുന്നാ സമയം? പിന്നെ ഞാനൊന്നും ആരോടും ചോദിച്ചതുമില്ല. help നോക്കാമെന്നാണെങ്കില്‍ സമയവും കുറവ്‌. അപ്പോള്‍ Guidelines for new bloggers എന്ന പുതിയ ലിങ്ക്‌ പ്രതീക്ഷിക്കാമല്ലോ. താങ്കളെ നിരന്‍ എന്നു ഞാന്‍ വിളിച്ചത്‌ തെറ്റ്‌. താങ്കള്‍ നിരനല്ല, നരനാണ്‌. താങ്കള്‍ നിരക്ഷരനല്ല, കൈത്തിരിയാണ്‌. മറ്റുള്ളവര്‍ക്ക്‌ പ്രകാശം നല്‍കുന്നതെന്തും ദീപനാളമാണ്‌. നമോവാകം.

  14. പ്രിയപ്പെട്ട ആള്‍‌രൂപന്‍

    ശങ്കരാചാര്യരുടെ അദ്വൈതം പകര്‍ന്നുതന്ന ആ കമന്റിന് മറുപടി പറയാനൊന്നുമുള്ള അക്ഷരങ്ങള്‍ എന്റെ കയ്യിലില്ല സുഹൃത്തേ. വെറുതെയാണോ നിരക്ഷരന്‍ എന്ന് പേരിട്ട് ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുത്ത് ബ്ലോഗാനിറങ്ങിയത് :) :)

    ഗൈഡ് ലൈന്‍സ് ഫോര്‍ ന്യൂ ബ്ലോഗേഴ്സ് എന്ന ലിങ്ക് ഇടാനും മാത്രം സാങ്കേതിക പരിജ്ഞാനമൊന്നും എനിക്കില്ല. അത് മാത്രമല്ല മറ്റ് പല ബ്ലോഗ് പുലികളുടെ സൈറ്റുകളിലും പോസ്റ്റുകളിലുമൊക്കെ ഈവക പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്.

    ഇവിടെ താങ്കളുടെ ആവശ്യത്തിലേക്ക് എനിക്കറിയുന്ന ചില സെറ്റിങ്ങ്സ് ഞാന്‍ കുറിക്കുന്നു.

    Go to settings / Basic and …..
    ——————————–
    1.Add your blog to our listings? -Yes
    2.Let search engines find your blog? – Yes
    3.Show Quick Editing on your Blog? – Yes
    4.Show Email Post links? – Yes

    ഇത്രയും ചെയ്താല്‍ താങ്കളുടെ ബ്ലോഗും അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യാന്‍ തുടങ്ങും. പറ്റുമെങ്കില്‍ ഈ സെറ്റിങ്ങ്സ് ഒക്കെ ഇട്ടതിന് ശേഷം താങ്കളുടെ ഇതുവരെയുള്ള പോസ്റ്റുകളില്‍, എഡിറ്റില്‍ പോസ്റ്റ് ഓപ്‌ഷന്‍സില്‍ പോയി തീയതി മാറ്റി ഒന്നുകൂടെ പോസ്റ്റ് ചെയ്യൂ. അതെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റഡാകും.

    പിന്നെ കമന്റ് എഴുതുമ്പോള്‍ ലിങ്ക് കൊടുക്കുന്നത് ഇപ്രകാരമാണ്.

    malayalam

    മുകളില്‍ കാണുന്ന വരിയില്‍ www എന്ന് കാണുന്നിടത്ത് താങ്കള്‍ ഉദ്ദേശിക്കുന്ന ലിങ്ക് അല്ലെങ്കില്‍ അതിന്റെ URL എഴുതുക. malayalam എന്ന് കാണുന്നിടത്ത് ആ ലിങ്കായി താങ്കള്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കാന്‍ ഉദ്ദേശിക്കുന്ന മലയാളം വാക്കുകള്‍ എഴുതുക. ഇത്രയും ചെയ്തിട്ട് ആ കമന്റ് പോസ്റ്റ് ചെയ്ത് കഴിയുമ്പോള്‍ താങ്കള്‍ ഉദ്ദേശിച്ച വാക്കുകള്‍ നീല നിറത്തില്‍ ബോള്‍ഡ് ആയിട്ട് കാണാന്‍ സാധിക്കുകയും അതില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ആ സൈറ്റിലേക്ക് പോകുകയും ചെയ്യും.

    മറ്റെന്തെങ്കിലും ബ്ലോഗ് സംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ manojravindran@gmail.com ലേക്ക് മെയില്‍ അയക്കൂ. അറിയുന്നതൊക്കെ പറഞ്ഞുതരാം.

    മനസ്സും വികാരവും ചിന്തകളും മാത്രമാണ് സൌഹൃദത്തിന് അടിസ്ഥാനം. ഭാഷയും ദേശയും ദൂരവും മറ്റും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാന്‍ വൃഥാ ശ്രമിക്കുന്നെന്ന് മാത്രം.

    താങ്കളുടെ ഈ സൌഹൃദം ബ്ലോഗില്‍ വന്ന് വല്ലതുമൊക്കെ കുത്തിക്കുറിച്ച് പോയിരുന്ന എനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമായി ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.

    നന്ദി സുഹൃത്തേ…വളരെ വളരെ നന്ദി.

  15. ആ ലിങ്ക് കൊടുക്കുന്ന വിദ്യ ഈ കമന്റ് ഓപ്ഷനിലൂടെ വിശദീകരിക്കാന്‍ പരിമിതികള്‍ ഉണ്ട്. ഞാനതിന് ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതുകൊണ്ടാണ് മലയാളം എന്ന് നീല നിറത്തില്‍ ഹൈലൈറ്റായി വന്നത്. ഇത് മെയിലിലൂടെയേ പറഞ്ഞ് തരാന്‍ പറ്റൂ ആള്‍‌രൂപന്‍.
    മെയില്‍ ഐഡി അയച്ച് തരൂ. ഞാന്‍ വിശദീകരിച്ച് തരാം.

  16. നിരന്‍ … വളരെ മനോഹരമായിരിക്കുന്നു വിവരണങ്ങളും ഫോട്ടോകളും.

    ഒന്നും വായിച്ചിരുന്നില്ല. എല്ലാം വായിക്കട്ടെ. :) താമസിച്ചാണെങ്കിലും നല്ല പോസ്റ്റുകള്‍ വായിക്കാനാകുന്നതു വളരെ സന്തോഷകരമാണു്.

    ആള്‍‌രൂപന്റെ അനുഭവവും ഹൃദയസ്പര്‍ശിയായി.

  17. ആള്രൂപന്‍ – കുതിരവട്ടന്റെ കമന്റ് കൂടെ ചേര്‍ത്ത് വായിച്ചാല്‍ സംഭവം വ്യക്തമാകും.

    കുതിരവട്ടന്‍ – നന്ദി. അതെങ്ങിനെ ഒപ്പിച്ചു എന്ന് മാത്രം എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ശരിക്കും നിരക്ഷരന്‍ തന്നെ :) :)

    തമനു – വൈകിയാണെങ്കിലും ഈ വഴി വന്നതിനും പോസ്റ്റ് വായിച്ചതിനും നന്ദി.

  18. മനോജ്‌,
    ബ്ലോഗിംഗ്‌ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി. എന്റെ മെയില്‍ ഐഡി vg1959[at]gmail[dot]com എന്നാണ്‌.

    പിന്നെ, മുന്‍കൂര്‍ ജാമ്യം ചിലപ്പോള്‍ കുഴപ്പത്തിലും ചാടിയ്ക്കും എന്നുകൂടി ഓര്‍ക്കൂക.

  19. മനോജേട്ടാ,
    വളരേയധികം യാത്രചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, പരിമിതികളുള്ളതു കൊണ്ട് സാധിക്കാറില്ല..ഇതുവരെ നടത്തിയ പതിനഞ്ച് യാത്രകളില്‍ ഒന്‍പതെണ്ണവും തിരുനെല്ലിയിലേക്കായിരുന്നു..എനിക്കു തോന്നിയതു അതു വ്വെറൊരു ലോകമെന്നാണ്..തണുത്ത പുലരിയില്‍ ആ കരിങ്കല്‍തറയില്‍ നഗ്നപാദനായി നില്‍ക്കുന്നതിന്റെ സുഖം മാത്രം മതി തിരുനെല്ലിയേക്കുറിച്ച് വര്‍ണ്ണിക്കുവാന്‍…ഒരുപാട് സന്തോഷമുണ്ട് ഈ പോസ്റ്റ് കണ്ടെത്തിയതില്‍…

  20. ഈ യാത്രാവിവരണം വായിക്കാൻ വൈകി. എനിക്കുമുണ്ടു ഒരു തിരുനെല്ലിയാത്രാനുഭവം. പക്ഷിപാതളത്തിനു സമീപത്തുള്ള ഗുഹയിൽ ഒരു രാത്രി കഴിഞ്ഞതിന്റെയും. യാത്ര തുടരുക.. ആശംസ്കൾ

  21. ഞാന്‍ നാളെ ഒരു തിരുനെല്ലി യാത്ര നടത്തുന്നുണ്ട് . ഈ പോസ്റ്റ്‌
    വളരെ ഉപകരിച്ചു.
    – നന്ദി

Leave a Reply to മഴക്കിളി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>