വയനാട്ടിലേക്കുള്ള എന്റെ യാത്രകള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് തുടങ്ങിയതാണ്. ഉറ്റ സുഹൃത്തായ സുനില്‍ തോമസ്സിന്റെ മാനന്തവാടിയിലുള്ള വീട്ടില്‍ യാത്രപോകുമ്പോഴൊക്കെ ഒരു വിനോദയാത്രപോകുന്ന സുഖമാണ് കിട്ടിയിരുന്നത്. ആ യാത്രകള്‍, അതേ സുഖത്തോടെ ഇന്നും തുടരുന്നു.
വയനാട്ടില്‍ എത്തിക്കഴിയുമ്പോള്‍ത്തന്നെ മനസ്സും ശരീരവും ഒന്ന് തണുക്കും. അത്ര വലിയ ചൂടൊന്നുമില്ലാത്ത കാലാവസ്ഥ തന്നെ പ്രധാന കാരണം. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് എറ്റവും ചൂട് കുറവുള്ളത് വയനാട്ടില്‍ത്തന്നെയായിരിക്കണം.
മിക്കവാറും എല്ലാ മാനന്തവാടി യാത്രകളിലും മുടങ്ങാതെ പോകുന്ന ഒരിടമുണ്ട്. അതാണ് പഴശ്ശികുടീരം. മാനന്തവാടി ടൌണില്‍ സര്‍ക്കാര്‍ ആശുപത്രിയുടേയും വില്ലേജാപ്പീസിന്റേയും അടുത്തായിട്ടാണ് പഴശ്ശികുടീരം. വൈകുന്നേരങ്ങളില്‍ മാനന്തവാടിയിലെ ചില സുഹൃത്തുക്കളുമായി വെടിവട്ടം കൂടിയിരുന്നത് പഴശ്ശികുടീരത്തിനടുത്താണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ആദ്യം കാണുമ്പോള്‍ പഴശ്ശികുടീരത്തില്‍ ഈ ചുറ്റുമതിലുകളില്ല. ഒരു വലിയ മരവും അതിന്റെ ഒരു തറയും അവിടെ ഉണ്ടായിരുന്നു. ശവം അടക്കം ചെയ്തിടത്ത് നട്ട ആ മരം വളര്‍ന്ന് വലുതായി, ശവകുടീരത്തിനെ തന്റെ വേരുകള്‍ കൊണ്ട് മൂടിയാണ് നിന്നിരുന്നത്. കാലക്രമേണ ആ മരം ചാഞ്ഞു. സമയാസമയങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ വേണ്ടവിധം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടെ നല്ല നിലയില്‍ ആ ശവകുടീരം സംരക്ഷിക്കാമായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഗറില്ലാ യുദ്ധമുറകളിലൂടെ ഫിരങ്കിപ്പടയെ വെള്ളം കുടിപ്പിച്ച വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജാവ് 1805 നവംബര്‍ 30ന് മാവിലാം തോട് എന്ന സ്ഥലത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നൊക്കെ പലകഥകള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയൊന്നും അറിയില്ല. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചെന്നാണ് ചരിത്രരേഖകളില്‍.
എം.ടി.വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത് മമ്മൂട്ടി പഴശ്ശിരാജയായി അഭിനയിക്കുന്ന സിനിമ ഉടനെ പുറത്തിറങ്ങുന്നുണ്ട്. എം.ടി.നല്ലൊരു ഗവേഷണം തന്നെ നടത്തിക്കാണും ആ തിരക്കഥയെഴുതാന്‍. വാണിജ്യ സിനിമയ്ക്ക് അവശ്യമായ മസാലയൊക്കെ നല്ലവണ്ണം ചേര്‍ത്തിട്ടാണെങ്കില്‍ കൂടിയും പഴശ്ശിരാജയെപ്പറ്റി എം.ടി.യിലൂടെ കൂടുതല്‍ അറിവ് കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പഴശ്ശികുടീരത്തിന് തൊട്ടടുത്ത് തന്നെ ഒരു ചെറിയ മ്യൂസിയവും ഉണ്ട്. പഴയകാലഘട്ടങ്ങളിലെ ചില കല്പ്രതിമകള്, നന്നങ്ങാടികള്‍, ശിലകള്‍, വീരക്കല്ലുകള്‍, ആയുധങ്ങള്‍ എന്നിവയൊക്കെ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഉയര്‍ന്ന് നില്ക്കുന്ന പ്രദേശമായതുകൊണ്ട് പഴശ്ശികുടീരത്തിനരികെ നല്ല കാറ്റാണ്. താഴേക്ക് നോക്കിയാല്‍ കബനീ നദിയുടെ ഒരു ശാഖ കാണാം.
കുറെ അധികം സമയം കാറ്റും കൊണ്ട് അവിടെയിരിക്കാന്‍ ആര്‍ക്കും തോന്നിപ്പോകും. കൈയ്യില്‍ ഒരു ചരിത്രപുസ്തകം കൂടെ കരുതിയാല്‍ വായിച്ച് തീരുന്നത് അറിയുകപോലുമില്ല.
പടിഞ്ഞാറ് ചക്രവാളത്തില്‍ സൂര്യന് ചുവന്ന ചായം പൂശിത്തുടങ്ങുന്നതും ഇവിടെ നിന്നാല്‍ കാണാം.
കാഴ്ച്ചകള്‍ ഒരുപാട് ബാക്കിയുണ്ട് വയനാട്ടില്‍ ഇനിയും. ഞാന്‍ യാത്ര തുടരുകയാണ്….
————————————————————
പഴശ്ശിരാജയെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഈ ലിങ്ക് നോക്കുക. 2003 ന്റെ അവസാനത്തില്‍ ഞാന്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഞാന്‍ സൂചിപ്പിച്ച വലിയ മരത്തിന്റെ കീഴില്‍ നില്ക്കുന്ന പഴശ്ശികുടീരവും, ഇപ്പോഴത്തെ പുതിയ പഴശ്ശികുടീരവും ഈ ലിങ്ക് വഴി കാണാന്‍ സാധിക്കും.
മിസ്സ്. അനു ഈ പോസ്റ്റിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത് കാണാന്‍ ഈ ലിങ്ക് വഴി പോകൂ.
യാത്രാ വിവരണത്തിന് അല്ലെങ്കിലും നിരക്ഷരന് ചേട്ടന് കഴിഞ്ഞേയുള്ളൂ…
ആദ്യത്തെ മൂന്നു പടം കാണാന്‍ പറ്റിയില്ല.
യാത്ര ചെയ്യാന്‍ സമയം കിട്ടുന്നൂണ്ടല്ലോ, ഭാഗ്യവാന്.
പിന്നെ, അവിടെയിരുന്നു വായിക്കാന്‍ ചരിത്രപുസ്തകം തന്നെ വേണമെന്നുണ്ടോ?
ആദ്യത്തെ മൂന്നെണ്ണം കാണാന്‍ പറ്റുന്നില്ല..
എനിക്കിങ്ങേരോട് അസൂയയാ.. എത്ര യാത്രകള്‍..
ആദ്യത്തെ മൂന്ന് പടങ്ങള്‍ക്ക് എന്ത് പറ്റി എന്നറിയില്ല. എന്തായാലും അത് മൂന്നും വീണ്ടും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കി വിവരം അറിയിക്കണേ വാല്മീകീയും പാമരനും.
ശ്രീക്ക് കാണാന്‍ പറ്റിയിരുന്നോ ആദ്യത്തെ മൂന്ന് പടങ്ങള്‍ ?
വീണ്ടും ഒരു കിടിലന്‍ യാത്രാവിവരണം…
നിരു മാഷെ..
മാഷിന്റെ കമന്റ് മറുമൊഴിയില്‍ കണ്ട പ്രകാരം.. എല്ലാ പടങ്ങളും കാണാന്‍പറ്റുന്നുണ്ട്..ആദ്യ മൂന്നു പടങ്ങള്‍ ഒരു രണ്ടു മിനിറ്റ് കഴിഞ്ഞിട്ടാണ് പ്രത്യക്ഷപ്പെടുന്നത്..
വായിച്ചിട്ട് അഭിപ്രായം പിന്നെ..
കൊള്ളാം ട്ടാ… കളിക്കുടുക്ക ആയാലും മത്യോ
ഇതു് ഏതുകാലത്തേതാണ്? ഈ അടുത്തു വിക്കിയില്‍ ഇങ്ങനെയൊരു ഫോട്ടോ കണ്ടു. ഞാന്‍ തദ്ദേശവാസിയാണെങ്കിലും അഞ്ചാരു വര്‍ഷമായി കുടീരം സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല.
http://en.wikipedia.org/wiki/Image:PazhassiMemorial.JPG
താങ്കള്‍ പറഞ്ഞ പോലെ ഒരു വലിയ പേരാല്‍ മരത്തിലാണ് എന്റെയും ഓര്‍മ്മകള്‍ തുടങ്ങുന്നത്. വളരെയധികം ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു സ്ഥലമാണതെനിക്കു്. അതിനു് താഴെയുള്ള സര്‍ക്കാര്‍ യു. പി. സ്കൂളിലാണ് ഞാന്‍ പഠിച്ചത്.
ധീരദേശാഭിമാനിയായ പഴശ്ശിരാജയെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കാന്‍ സഹായിച്ച പോസ്റ്റിന് ഒട്ടേറെ നന്ദി…
ഇപ്പ കാണാമ്പറ്റണുണ്ട് ട്ടാ.. തേങ്ക്സ്..
വളരെ ഉപകാര പ്രദമായ പോസ്റ്റ്…യാത്രാവിവരണം എന്നു പറയുന്നതു ഇതാണ്..ഈ പൊസ്റ്റുകള്‍ കാനുമ്പോള് ഈ സ്ഥലങ്ങളില്‍ ഒക്കെ പോകാന്‍ തോന്നുന്നു.അടുത്ത ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് വയനാടിനു കൊടുക്കാം അല്ലേ…..
നീരൂ.. നല്ല പടങ്ങളും വിവരണവും.. നന്ദി..
പിന്നെ, വയനാട്ടില്‍ കൂടുതല്കിടന്ന് കറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കണം. വല്ല ആദിവാസികളും ബന്ധുവാണെന്ന് കരുതി അടുത്ത് കൂടിയാലോ..!!??
വളരെ വളരെ നന്നായിരിക്കുന്നു…..ചരിത്രസ്മരണകള്‍ നമ്മുടെ പൈതൃകസ്മരണകള്‍ തന്നെ…..
Nice writing as usual !! ഒപ്പം വന്നതിന്റെ ഒരു ഫീല്‍.
ശ്രീ – ആ കമന്റ് ഒരു വല്യ അവാര്‍ഡ് കിട്ടിയ സുഖം തന്നു. നന്ദി
വാല്മീകി – പടങ്ങള്‍ വീണ്ടും ഇട്ടിട്ടുണ്ട്. കാണാന്‍ പറ്റുന്നെന്ന് കുഞ്ഞന്റെ കമന്റും വന്നു. അവിടെ ഇരുന്ന് വായിക്കാന്‍ ചരിത്രപുസ്തകം അല്ലെങ്കില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല….ഇതില്‍ ഒന്നായിരിക്കും ഐഡിയല്‍ എന്നാണ് എന്നിക്ക് തോന്നിയിട്ടുള്ളത്. പാട്ടുകള്‍ കേള്‍ക്കാന്‍ ഓരോ പ്രത്യേക മൂഡുകള്‍ നമുക്കില്ലേ ? അതുപോലെ പഴശ്ശികുടീരത്തിലെ വായനയുടെ മൂഡ് ചരിത്രപുസ്തകത്തിനായിരിക്കും എന്നാണ് എന്റെ തോന്നല്‍.
പാമരാ – എന്നോട് അസൂയയോ ? അപ്പോള്‍ എന്റെ ആത്മീയ ഗുരുക്കളായ പൊറ്റക്കാടിനോടും, സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയോടും എന്തായിരിക്കും ?
കുഞ്ഞന്‍ മാഷേ – മറുമൊഴി വഴി വന്ന് എന്റെ പടപ്രശ്നത്തിന് മറുപടി തന്നതിന് വളരെ നന്ദി.
പ്രിയ ഉണ്ണികൃഷ്ണന് – പൂമ്പാറ്റ, ബാലരമ എന്നിവ കൂടെ കരുതിക്കോളൂ…
അനോണീ – ആദ്യമായി ഒന്ന് പറയട്ടെ. ഒരു അനോണിയോട് നന്ദിയും, ആദരവും എല്ലാം തോന്നുന്നത് ഇത് ആദ്യമായിട്ടാണ്.
ഞാനിത് 2003 അവസാനത്തില്‍ എടുത്ത പടങ്ങളാണ്. യാത്രാവിവരണം എഴുതിയത് ഇപ്പോള്‍ ആണെന്ന് മാത്രം. താങ്കള്‍ വിക്കിപീഡിയയില്‍ കാണിച്ചു തന്ന പുതിയ പഴശ്ശികുടീരം വന്നതിന് ശേഷം ആ വഴി പോയിട്ടില്ല. വിക്കിയില്‍ പഴയ ആലിന്റെ (ആലാണോ കോളിയാണോ)പടവും കണ്ടു. എന്തായാലും എന്റെ പോസ്റ്റ് കണ്ട് ഇത്രയും എഴുതിയതിന് നന്ദി. 2 ആഴ്ച്ചയ്ക്കകം ഞാന്‍ വീണും പോകുന്നുണ്ട് അവിടെ. പുതിയ കുടീരത്തിന്റെ പടം അപ്പോള്‍ എടുത്ത് പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്യാം.
ഈ കമന്റിന് വളരെ വളരെ നന്ദി. പേര് വെച്ച് കമന്റിയാലും കുഴപ്പമില്ലായിരുന്നു മാഷേ. നല്ലൊരു കാര്യമല്ലേ താങ്കള്‍ പറഞ്ഞത്. താങ്കളുടെ സ്ക്കൂള് ഞാന്‍ കണ്ടിട്ടുണ്ട്.
കാന്താരിക്കുട്ടീ – വയനാട്ടിലേക്ക് മാറ്റം വാങ്ങിയാല്‍ ഒരു നഷ്ടവും ഉണ്ടാകില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അത്രയ്ക്കുണ്ട് അവിടെ കാണാനും, ആസ്വദിക്കാനും.
പൊറാടത്തേ – അയ്യയ്യോ….ഒരു കാര്യം ഇപ്പോഴും മനസ്സിലായിട്ടില്ലേ? ഞാന്‍ ‘കുറിച്യ‘ എന്ന ഒരിനം ആദിവാസിയാണ്
കുറ്റ്യാടിക്കാരാ, രഘുവംശി, ഹരീഷ് തൊടുപുഴ…….നന്ദി.
ശ്രീലാല്‍ – പഴശ്ശികുടീരത്തിലേക്ക് ഒപ്പം വന്നതിന് നന്ദി.
നന്ദി…നന്നായിട്ടുണ്ട്…
ഇപ്പൊ ഇവിടെ മനോഹരമായ കൊത്ത് പണികളോട് കൂടിയ മേല്‍പ്പുരയും നിലവറ മുറികളും ഒരുങ്ങിക്കഴിഞ്ഞു…പക്ഷെ….നമ്മുടെ സര്‍ക്കാരിന്റെ ചുവപ്പ് നാട വീണു..അങ്ങനെ കിടക്കുകയാ…തുറന്നു കൊടുത്തിട്ടില്ല…
നിരു,
ഞാനേ ഈ വയനാട്ടിലൊക്കെ ഒരുപാട് തവണ പോയെന്നൊക്കെ പറഞ്ഞാ നടന്നത്..actually,ഇത് ‘താമരശ്യേരി ചുരത്തിന്റെ’ എവിടെയായിട്ട് വരും…
‘പടിഞ്ഞാറ് ചക്രവാളത്തില്‍ സൂര്യന് ചുവന്ന ചായം പൂശിത്തുടങ്ങുന്നതും ഇവിടെ നിന്നാല്‍ കാണാം‘
അതങ്ങ് ‘ക്ഷ’ പിടിച്ചു
അവസാന ചിത്രം…അവര്‍ണ്ണനീയം അതിന്റെ സൌന്ദര്യം….
പഴശ്ശിയെകുറിച്ചുള്ള നല്ല വിവരണം.ഒരോ യാത്രകളും കൂടുതല്‍ രസകരമാക്കാന്‍ നീരേട്ടന് കഴിയുന്നുണ്ട്.എന്തായാലും ഇനിയും ഇതു പോലുള്ള വിജ്ഞാനപ്രദമായ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു
പഴശ്ശിരാജയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പും ആദ്യത്തെ ഫോട്ടോയിലെ വിവരണവും ഇഷ്ടപ്പെട്ടു.ബ്രിട്ടീഷുകാരുടെ കടുത്ത ശത്രുവായിരുന്നെങ്കിലും പ്രതിപക്ഷ ബഹുമാനങ്ങളോടേയാണ് അടക്കം ചെയ്തതെന്ന് തോന്നുന്നു.
ആദ്യമായിട്ടാണ് ഇവിടെയെത്തുന്നത്. കൂടുതല്‍ യാത്രാനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു.
അഭിവാദ്യങ്ങളോടെ
താങ്കളുടെ ഓരോ യാത്രകളും
ഞങ്ങളുടേതും കൂടിയാകുന്നു.
നമ്മുടെ അടുത്ത യാത്രയ്ക്കായ് കാത്തിരിക്കുന്നു.
അമ്പാടീ,
ഞാന്‍ ഒത്തിരിനേരം പഴശ്ശികുടീരത്തിലിരുന്നു.
മാനന്തവാടിയിലും വയനാട്ടിലുമൊക്കെ പലവട്ടം
പോയിട്ടും ഇന്നാണതിനു ഭാഗ്യം ലഭിച്ചത്.
ഞാന്‍ അവിടിരുന്നു രണ്ട് പുസ്തകങ്ങള്‍ മറിച്ചു
നോക്കി.
1 മഹാകവി പാലായുടെ ‘കേരളം വളരുന്നു’
ശാന്തരാണിവ;രെന്നാ
ലന്യര്വന്നുരസുമ്പോ
ലാന്തര നിമഗ്നമാ
മഗ്നിയെ വമിക്കുന്നു.
………….
………….
പഴശ്ശിപ്പടയണി-
യാകിയ കുറിച്ചിയ-
പ്പരിഷക്കടിമയാ-
യാംഗലസിംഹംപോലും
മുന്‍പ് വായിച്ച വരികള്‍ തപ്പിയെടുത്തു.
കുറിച്യരെക്കുറിച്ചുള്ള കമന്റ് പിന്നെയാ വായിച്ചത്.’ഭാരത വിജ്ഞാന കോശം’
നോക്കി.കുറിച്യന്- കുറി ഇടുന്നവന്. നീണ്ട
കൈ, ചുരുണ്ട മുടി-പ്രത്യ്യേകതകള്‍.
കാതില്‍ ആണും പെണ്ണും വളയം ധരിക്കും.
പഴശ്ശിത്തമ്പുരാനോടു ബന്ധപ്പെട്ട കലാപങ്ങ
ളില്‍ ഇവര്‍ പ്രധാന പങ്കു വഹിച്ചു.
പടങ്ങളെല്ലാം കണ്ടു. അസ്സലായി.ഇനിയും
ഒത്തിരി സ്റ്റോക്കുണ്ടല്ലോ. പോരട്ടെ ഇങ്ങനെ.
everybody complained that they couldn’t see the first three pictures, but i could.ento, i felt as if oru sudden full stopil nirthiya pole,pettennu finish aakkiyathupolee….
പ്രിയ മനോജ്,
ഞാന്‍ അധികമാര്‍ക്കും പരിചിതനല്ലാത്ത ഒരു ബ്ലൊഗര്‍ ആണ്. പിന്നെ അനൊണിമിറ്റിയെക്കുറിച്ചുള്ള അടുത്ത കാലത്തുണ്ടായ ചര്‍ച്ചകളിലെ അസഹിഷ്ണുത കലര്‍ന്ന അഭിപ്രായങ്ങള്‍ കണ്ട് പ്രതിഷേധാത്മകമായി കുറച്ച്കാലത്തേക്ക് അനോണിമസായി കമന്റിടാം എന്നു തീരുമാനിച്ചു. പ്രതിഷേധം താങ്കളോടല്ല എന്നു എടുത്തു പറയേണ്ടതില്ലല്ലോ?
അതു പേരാല്‍ തന്നെയാണ് എന്നാണെന്റെ ധാരണ. കാരണം പണ്ട് സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരു വിശ്വാസമുണ്ടായിരുന്നു. ആ മരത്തില്‍നിന്ന് വീണ ഇല കയ്യില്‍ കരുതിയാല്‍ ആ ദിവസം അധ്യാപകരില്‍നിന്നു അടികിട്ടില്ല എന്നു!!! എന്നും കയ്യില്‍ ഇലയുണ്ടായിരിക്കും എന്നു പറയേണ്ടതില്ലല്ലോ?!!
കൂടാതെ ആ ഇല മണ്ണില്‍ കുഴിച്ചിട്ട് കിട്ടുന്ന വലയില്‍ നെയ്ത പോലുള്ള ഹൃദയാകാരം കൊണ്ട് ഗ്രീറ്റിങ് കാര്‍ഡുകള്‍ അനേകം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും അത്ര അധികം ഉറപ്പില്ല. ഇനി പോകുമ്പോള്‍ എനിക്കുവേണ്ടി ഇക്കാര്യം അന്വേക്ഷിച്ചുറപ്പിക്കും എന്നു കരുതട്ടെ?
സസ്നേഹം,
അനോണി.
യാത്രകള്‍ തുടരട്ടെ..
qw_er_ty
അനോണീ….
വീണ്ടും ഈ വഴി വന്നതിന് നന്ദി. അധ്യാപകരുടെ കയ്യീന്ന് അടി കിട്ടാതിരിക്കാന്‍ എടുക്കുന്ന അടവ് എനിക്കങ്ങ് ‘ക്ഷ‘ പിടിച്ചു. അത്രയും അടുത്ത് ആ ഇലകള്‍ പരിചയം ഉള്ള സ്ഥിതിക്ക് താങ്കള്‍ പറയുന്നതുപോലെ അത് പേരാലാകാനേ തരമുള്ളൂ. മാനന്തവാടിക്കാരനായ എന്റെ ഒരു സുഹൃത്ത് ഹരിയാണ് അത് കോളിമരമായിരുന്നു എന്ന് പറഞ്ഞത്. ഇനിയുമുണ്ട് സുഹൃത്തുക്കള്‍ അവിടെ..പ്രിയേഷ്, ഷെല്ലി, സാജന് അങ്ങിനെ നീണ്ട നിരതന്നെ. അവരോട് എല്ലാവരോടും പിന്നെ അന്നാട്ടിലെ കാരണവന്മാരോടും ഒക്കെ ഒരിക്കല്‍ക്കൂടെ അന്വേഷിച്ച് കിട്ടുന്ന വിവരം അറിയിക്കാം.
ഹന്‍ല്ലലത്ത് – 10 ദിവസത്തിനകം ഞാന്‍ വീണ്ടും പോകുന്നുണ്ട് അവിടെ. പുതിയ പഴശ്ശികുടീരം അപ്പോഴേക്കും ചുവപ്പ്നാടയ്ക്ക് വെളിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കുഞ്ഞായീ – പോസ്റ്റ് ശരിക്കും വായിച്ച് നോക്ക്. താമരശ്ശേരി ചുരം കയറി വയനാട്ടില്‍ പോകൂ. എന്നിട്ട് മാനന്തവാടി പട്ടണത്തില്‍ ചെന്ന് ആരോട് ചോദിച്ചാലും മതി.
മുസാഫിര്‍ – താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.
ലതികച്ചേച്ചീ – ഈ കമന്റ് ഒന്നൊന്നര കമന്റ് തന്നെ.ഇത്രയൊക്കെ തിരക്ക് പിടിച്ച യാത്രകള്‍ക്കിടയിലും പുസ്തകങ്ങള്‍ കൊണ്ടുനടക്കാനും വായിക്കാനും സമയം കണ്ടെത്തുന്ന ചേച്ചിയെ വാഴ്ത്താന്‍ വാക്കുകളില്ല. കുറേ പുതിയ അറിവുകളും ഈ കമന്റിലൂടെ ചേച്ചി പകര്ന്നുനല്കി. ഒരുപാട് നന്ദി.
സിന്ധൂ – പഴശ്ശിരാജാവിനെക്കുറിച്ച് എഴുതുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. പഴശ്ശികുടീരം ഇരിക്കുന്ന സ്ഥലത്തേക്കുറിച്ച് അതിക്കൂടുതല് എഴുതാന്‍ ഇല്ലായിരുന്നു. പെട്ടെന്ന് തീര്‍ന്നുപോയി എന്ന് തോന്നിയത് ശരിയാണ്. പുതിയ പോസ്റ്റ് കുറച്ച് വിശദമായിത്തന്നെ പൂശിക്കളയാം. പോരേ ?
മൂര്‍ത്തീ, ശിവ,അനൂപ്,രാജീവ് ചേലനാട്,രജ്ഞിത്ത് ചെമ്മാട്, ജിഹേഷ്….പഴശ്ശികുടീരത്തില്‍ എത്തിയ എല്ലാവര്ക്കും വളരെ വളരെ നന്ദി.
മനോജ്ചേട്ടാ വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും വിവരണവും. അതുപോലെ തന്നെ എനിക്കു മുന്‍പേ ഇവിടെ അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും, നന്ദി അറിയിക്കുന്നു. കാരണം എല്ലാം വായിച്ചപ്പോള്‍ പഴശ്ശിരാജയെക്കുറിച്ചും അദ്ദേഹത്തിന്റെ വീരചരമത്തെക്കുറിച്ചും ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറി. ഞാന്‍ കേട്ടിരുന്നതും, പഠിച്ചതും അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയെപ്പോലെ ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങാതെ സ്വയം മരണം വരിച്ചു എന്നാണ്. ചിത്രങ്ങളും വിവരണവും ഇഷ്ടമായി.
കൊള്ളാം. ഈ യാത്രാവിവരണവും നന്നായി. ഇതൊക്കെ വായിക്കുമ്പോള്‍ ശരിക്കും അവിടെയൊക്കെ പോയ പോലെ ഒരു തോന്നല്‍ ആണ്.
(അല്ലാ, ഈ ആഴ്ച ഇതെത്രാമത്തെ പോസ്റ്റാ? വീട്ടിലിരുപ്പൊന്നും ഇല്ല അല്ലേ? ഇങ്ങനെ കറക്കം മാത്രേ ഉള്ളോ?)
മണികണ്ഠന് – പഴശ്ശിരാജയുടെ മരണത്തെപ്പറ്റി ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറി എന്ന് ആശ്വസിക്കാന്‍ വരട്ടെ. അതിപ്പോഴും ഒരു തര്‍ക്കത്തിനുള്ള വിഷയം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ പോസ്റ്റ് ഇട്ടതിന് ശേഷം വായിച്ച ഒരു പുസ്തകത്തില്‍പ്പോലും അദ്ദേഹം വൈരക്കല്ലുള്ള തന്റെ മോതിരം വിഴുങ്ങി മരണം വരിച്ചതെന്ന് വായിച്ചു. എം.ടി. എന്താണ് പറയുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നന്ദീ മണീ.
ഷാരൂ – ഫാനിന്റെയും മോട്ടറിന്റേയും പണി എനിക്കറിയാം. (കറക്കവും, വെള്ളമടീം)
മനോജ്ചേട്ടാ ഞാനും അങ്ങനെ തന്നെയാണ് കേട്ടിട്ടുള്ളത്.
നിരക്ഷരന് ചേട്ടാ നല്ല പടങ്ങളും വിവരണവും …
എല്ലാം വായിച്ചു തീര്‍ന്നു പോയി.
ഇനിയും കൂടുതല്‍ അറിവുകളുമായുള്ള അടുത്ത പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.
sorry test …
ഇന്നലെ രാത്രി പഴശ്ശിരാജ സിനിമ കണ്ടു. ഒരുപാട് നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ മനസ്സീന്ന് മായ്ച്ച് കളഞ്ഞ് ക്ലീന്‍ സ്ലേറ്റുമായാണ് പോയത്.
ഈ പോസ്റ്റിന്റെ വ്യൂ പോയന്റില്‍ നിന്ന് നോക്കി പറയുകയാണെങ്കില്‍ ഞാന്‍ നിരാശനാണ്. എം.ടി.യില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഒരു റിസര്‍ച്ച് തന്നെ അദ്ദേഹം നടത്തിക്കാണുമെന്ന് ഞാന്‍ കരുതിയിരുന്നു. ഒക്കെ വെറുതെയായി. അതോ.. പഴശ്ശിരാജയെപ്പറ്റി ചരിത്രത്തിലും രേഖകളിലുമൊക്കെ അധികമൊന്നും എഴുതിവെക്കപ്പെട്ടിട്ടില്ലേ ?
ആ സിനിമയില്‍ കണ്ട മമ്മൂട്ടിയുടെ മുഖം ഈ പഴശ്ശികുടീരത്തില്‍ ഞാന്‍ പോയിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുമായിരുന്ന പഴശ്ശിയുടെ മുഖവുമായി യോജിക്കുന്നില്ല.
സിനിമയെപ്പറ്റി കൂടുതല്‍ അഭിപ്രായമൊന്നും ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് ഈ പോസ്റ്റുമായി ബന്ധപ്പെട്ട പരാമര്‍ശം മാത്രം.