Ferryview

എറണാകുളം ഫെറി – 50 പൈസ


20 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്യണം എറണാകുളത്തുനിന്ന് വൈപ്പിന്‍ ‍കരയിലെത്താന്‍. ടിക്കറ്റിന് 50 പൈസയാണ് 1980 കളില്‍ യാത്രാക്കൂലി. ദിവസവും തിക്കിത്തിരക്കി ബോട്ടില്‍ക്കയറിയുള്ള യാത്രയില്‍ മുഴുവനും കണ്ടുമടുത്ത കാഴ്ച്ചകള്‍ തന്നെ.

എറണാകുളത്ത് ഹൈക്കോര്‍ട്ടിനരുകിലുള്ള കിന്‍‌കോ ജട്ടിയില്‍ നിന്ന് ബോട്ട് വിട്ടാല്‍, വലത്ത് വശത്തായി വിദേശികള്‍ കടല്‍താണ്ടി കൊച്ചിയിലെത്തുന്ന ചെറിയ ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നത് കാണാം. ചിലതിലെല്ലാം നല്ല ഉയരത്തില്‍ പായകള്‍ ഉണ്ട്. കാറ്റുപയോഗിച്ചും അവയെല്ലാം ഓടിക്കുന്നുണ്ടാവാം. കുറച്ചുകൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ വലത്തുവശത്തുതന്നെ ബോള്‍ഗാട്ടി ഐലന്റ്. ദ്വീപിനെ മറച്ചുപിടിക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ കുറച്ചുള്ളിലായി, ഡച്ചുകാരന്‍ സായിപ്പ് ഉണ്ടാക്കിയ ബോള്‍ഗാട്ടി പാലസ്സ് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് കാണാം. ബോള്‍ഗാട്ടി ഐലന്റിലെ ഹണിമൂണ്‍ കോട്ടേജുകള്‍ക്കരികിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി, ആള്‍ത്താമസമില്ലാത്ത വിമലവനത്തിലെ പച്ചപ്പുകള്‍ മാത്രം കാണിച്ചുതന്ന് വൈപ്പിന്‍കര അടുക്കാറാകുമ്പോള്‍ തുറമുഖത്തെത്തുന്നതുകൊണ്ടാകാം തിരകള്‍ക്ക് കുറച്ച് ശൌര്യം കൂടും. ബോട്ടൊക്കെ ചെറുതായി ആടിയുലയും. ഇടത്തുവശത്തേക്ക് നോക്കിയാല്‍,ഭാഗ്യമുണ്ടെങ്കില്‍ തുറമുഖത്തേക്ക് വന്ന് കയറുന്നതും ഇറങ്ങുന്നതുമായ കപ്പലുകള്‍ കാണാം. വല്ലാര്‍പാടം ഭാഗത്തും, കാളമുക്കിലേക്കുമൊക്കെ കരയ്ക്കണയാന്‍ പോകുന്ന മത്സ്യബന്ധന-യന്ത്രവല്‍കൃത ബോട്ടുകളും, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച ‘പരമ്പരാഗത’ വള്ളങ്ങളും, മട്ടാഞ്ചേരി വാര്‍ഫില്‍ നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകളും, ഐലന്റുകളില്‍ അങ്ങോളമിങ്ങോളം സര്‍വ്വീസ് നടത്തുന്ന മറ്റ് ബോട്ടുകളും, ടൂറിസ്റ്റുകള്‍ക്കുവേണ്ടി മുകളില്‍ കസേരയൊക്കെയിട്ട് പ്രത്യേകം സജ്ജമാക്കിയ ഉല്ലാസബോട്ടുകളും, ജങ്കാറുകളും, ചീനവലകളും, കായലില്‍ മീന്‍പിടിക്കുന്ന കൊച്ചു കൊച്ചു കൊതുമ്പുവള്ളങ്ങളുമൊക്കെ സ്ഥിരം യാത്രക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് പുതുമയൊന്നുമില്ലാത്ത കാഴ്ച്ചയാണ്.

ഒരിക്കല്‍ ബോട്ടില്‍ വെച്ച് പരിചയപ്പെട്ട വടക്കേ ഇന്ത്യാക്കാരന്‍ ടൂറിസ്റ്റിന്റെ വക‍ ഒരു കമന്റ്.

“ ടിക്കറ്റ് ചാര്‍ജ്ജ് തോ, കം സേ കം 5 റുപ്പയാ ബനാനാ മാങ്ക്ത്താ ഹേ. ഇത്തനാ അച്ചാ ബോട്ട് റൈഡ് കേലിയേ 50 പൈസാ ബഹൂത്ത് കം ഹേ.“

(ഇത്രയും നല്ല ബോട്ട് സവാരിക്ക് 50 പൈസ വളരെ കുറവാണ്. കുറഞ്ഞത് 5 രൂപയെങ്കിലുമാക്കി കടത്ത് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം പോലും.)

ചതിക്കല്ലേ ചങ്ങാതീ, നിങ്ങള്‍ക്ക് അങ്ങനൊക്കെ പറയാം. വല്ലപ്പോഴും വന്ന് അരമണിക്കൂര്‍ ബോട്ടിലൊക്കെ കറങ്ങിയടിച്ച് നിങ്ങളങ്ങ് പോകും. ഞങ്ങള്‍ക്കീ 50 പൈസ തന്നെ കൊടുക്കാനില്ല. 20 മിനിറ്റ് ഈ ബോട്ടിലിരുന്ന് ബോറടിക്കുന്നുമുണ്ട്.

എറണാകുളത്തിനും, വൈപ്പിനുമിടയിലുള്ള മറ്റൊരു ദ്വീപായ മുളവുകാടില്‍, വീട് പണിത ഒരു സായിപ്പിനെ എനിക്കറിയാം. ഗോശ്രീ പാലം വന്ന് മുളവുകാടിലേക്കുള്ള ബോട്ട് സര്‍വ്വീസെല്ലാം നിലച്ചപ്പോള്‍ സായിപ്പ് പറഞ്ഞു.

“ഇനി എനിക്കാ വീട്ടില്‍ ജീവിക്കാന്‍ താല്‍പ്പര്യമില്ല.“

ബോട്ടിലുള്ള ആ രസികന്‍ യാത്രകളായിരുന്നു, ഐലന്റില്‍‍ വീട് വെക്കാന്‍ സായിപ്പിനെ പ്രേരിപ്പിച്ചത്. പാലം വന്നതുകാരണം, ഇനി ആ ബോട്ട് യാത്രകള്‍ ഉണ്ടാകില്ലല്ലോ ?

ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ അന്ന് തോന്നി, ഇവന്മാര്‍ക്കൊക്കെ ഭ്രാന്താണെന്ന്. ബോട്ടില് യാത്ര ചെയ്യാന്‍ വേണ്ടി, 50 പൈസയ്ക്ക് പകരം 5 രൂപാ കൊടുക്കാന്‍ തയ്യാറാണത്രേ ഒരുത്തന്‍!! വേറൊരു വട്ടന്‍, സ്ഥിരമായി ബോട്ട് യാത്ര ആസ്വദിക്കാന്‍‍ വേണ്ടി, മറുനാട്ടീന്ന് ഇതുവരെ വന്ന് ഈ വെള്ളക്കുഴീല് വീടുണ്ടാക്കിയിരിക്കുന്നു!! വട്ട്, മുഴുവട്ട്, അല്ലാതെന്താ ?

കാലചക്രം കുറേയധികം തിരിഞ്ഞു. ജീവിതസൌകര്യങ്ങളും, പണക്കൊഴുപ്പും കൂട്ടാന്‍ വേണ്ടി നാടുവിട്ട് നാടുതോറും അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. നാട്ടിലേക്കുള്ള ഓരോ യാത്രയും ഒരു അനുഭൂതിയാണിപ്പോള്‍.

ബോറടിപ്പിച്ചിരുന്നെന്ന് പറഞ്ഞ ആ 20 മിനിട്ട് ബോട്ട് യാത്ര ഒന്നുകൂടെ തരപ്പെട്ടിരുന്നെങ്കില്‍, അഞ്ചല്ല അന്‍പത് രൂപയോ അതില്‍ക്കൂടുതലോ കൊടുക്കാന്‍ തയ്യാറാണിപ്പോള്‍.

ഇല്ല. ഇനി ആ യാത്രകള്‍ ഒരിക്കലുമുണ്ടാകില്ല.

നഷ്ടപ്പെട്ടത് എന്താണെന്നും, ആര്‍ക്കാണ് ശരിക്കും ഭ്രാന്തെന്നും ഇപ്പോഴാണ് തിരിച്ചറിവായത്.
————————————————————–
ചിത്രത്തില്‍ കാണുന്നത് എറണാകുളത്തുനിന്നും വൈപ്പിനിലേക്കും, മറ്റ് ദ്വീപുകളിലേക്കും പോകുന്ന കിന്‍‌കോയുടെ ബോട്ടുകള്‍. ചിത്രം എടുത്തത് എറണാകുളത്തുനിന്നും വൈപ്പിനിലേക്ക് പോകുന്ന ജങ്കാറില്‍ നിന്ന്. പുറകില്‍ കാണുന്നത് എറണാകുളത്തെ അശോകാ അപ്പാര്‍ട്ട്‌മെന്റ്‌സ്.

Comments

comments

28 thoughts on “ എറണാകുളം ഫെറി – 50 പൈസ

  1. വളരെ ശരിയാണ് നിരക്ഷരാ. നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് നാട്ടിലെ പല കാര്യങ്ങളും അനുഭൂതിദായകമായി നമുക്ക് അനുഭവപ്പെടുക! ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച. അക്കരെ ചെന്നാലോ, ഇക്കരെപ്പച്ച!

  2. നിരച്ചരാ.. പരമ സത്യം..

    കണ്ണുള്ളപ്പോ അതിന്‍റെ വിലയറിയില്ലല്ലോ..

    90കളിലും നല്ല യാത്ര തന്നെ ആയിരുന്നു അത്‌..

  3. കൊച്ചിയൂടെ ഏറ്റവും വലിയ സൌന്ദര്യം എന്നു പറയുന്നത് ആ കായലീലൂടെയുള്ള യാത്ര തന്നെ
    ലോകത്ത് ഇത്രയും സൌന്ദര്യം ഉള്ള ഒരു യാത്ര മറ്റൊരിടത്തും ഉണ്ടാവില്ല

  4. ഈ വഴി പണ്ടെങ്ങാണ്ട് പോയ് ഒരോര്‍മ മനസ്സില്‍ തെളിയുന്നു..
    എന്നിട്ട് വൈപ്പിനില്‍ നിന്ന് 1 മണികൂര്‍ ബസ്സ് യാത്ര അപ്പോല്‍ മുനമ്പം എത്തി അവിടെ നിന്ന് പിന്നെയും ഒരു കടവ് 10 മിനിറ്റ് അപ്പോള്‍ അഴീക്കോട് അവീടെ എവിടെയോ പോയ ഒരോര്‍മ്മ..
    മാഷെ എന്തായാലും ഗൊള്ളാം ഗൊള്ളാം

    എനിക്ക് ഗൃഹാതുരത വെന്നേ……………….:(

  5. നിരക്ഷരാ, പറഞ്ഞത് വളരെ ശരിയാണ്. ഒരുകാലത്ത് കുട്ടനാട്ടില്‍ പോകുമ്പോള്‍ പാലം കയറുകയെന്നത്(ഒറ്റ തെങ്ങിന്തടിപ്പാലം) ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. അന്ന് ഈ തോടെല്ലാം നികത്തിയിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍…
    16 തെങ്ങിന്‍ തടി പാലം കേറിപോകേണ്ടിയിരുന്നിടത്ത് ഒറ്റ കോണ്‍ക്രീറ്റ് പാലം മാത്രം. ഇടയ്കുള്ള തോടുകളൊക്കെ നികത്തി റോഡുകള്‍ വന്നിരിക്കുന്നു. കൊച്ചുവള്ളങ്ങള്‍ സൈക്കിളുകള്‍ക്ക് വഴിമാറിയിരിക്കുന്നു. വലിയ തോടുകള്‍ നികത്തി നികത്തി ഇന്നതിന്റെ അവശേഷിപ്പുകള്‍ മാത്രം.
    ആ പഴയകാലവും ആ പഴയ നാടും തിരിച്ച് കിട്ടിയെങ്കിലെന്ന് ഇന്നൊരു മോഹം. വെറുതേയാണെങ്കിലും…
    നല്ല പോസ്റ്റ്.ആശംസകള്‍!

  6. ഇനിയും ഒരു 20 വര്‍ഷം കൂടെ കഴിയുമ്പോള്‍ നാട്ടില്‍ എന്തൊക്കെ മാറ്റമായിരിക്കും ഉണ്ടാവുക?

    അന്ന് നമ്മള്‍ എന്തൊക്കെ നഷ്ടങ്ങളെക്കുറിച്ചായിരിക്കും ഓര്‍ക്കുക?

  7. ഇനിയും ഒരു 20 വര്‍ഷം കൂടെ കഴിയുമ്പോള്‍ നാട്ടില്‍ എന്തൊക്കെ മാറ്റമായിരിക്കും ഉണ്ടാവുക?

    അന്ന് നമ്മള്‍ എന്തൊക്കെ നഷ്ടങ്ങളെക്കുറിച്ചായിരിക്കും ഓര്‍ക്കുക?

  8. ബിന്ദു കെ.പീ. – അപ്പുറവും ഇപ്പുറവും പച്ചയായാല്‍ എത്ര നന്നായിരുന്നു അല്ലേ ?

    ഭൂമരന്‍ – എനിക്കും നൊസ്റ്റാള്‍‌ജിയ സഹിക്കാഞ്ഞിട്ടാ ഇതെഴുതിയത്. ഭൂമരന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ് ?

    കാപ്പിലാന്‍ – അത് ശരി. ഞാനന്ന് ബോട്ടില്‍ വച്ച് പരിചയപ്പെട്ട നോര്‍ത്ത് ഇന്ത്യാക്കാരന്‍ താങ്കളായിരുന്നോ ?

    കൈസേ ഹോ, ഹും, ഹേ, ഹി, ഹാ, ഹൌ ?

    പാമരാ – പാമരനും ആ വഴി ബോട്ടില്‍ കറങ്ങിയിട്ടുണ്ടല്ലേ ? ഒന്നൂടെ പോകണമെന്ന് തോന്നുന്നില്ലേ ?

    അനൂപേ – അനൂപ് പറഞ്ഞത് ചെറുതായൊന്ന് തിരുത്തുന്നു ഞാന്‍. 50 പൈസയ്ക്ക് ഇത്രയും സൌന്ദര്യമുള്ള ഒരു യാത്ര ലോകത്തൊരിടത്തും ഉണ്ടാകില്ല :) :)

    സജീ – എന്റെ വീടിന് മുന്നിലൂടെയൊക്കെ കറങ്ങിയിട്ടുണ്ടല്ലോ ? (മുനമ്പം)

    സതീഷ് മാക്കോത്ത് – കുട്ടനാട്ടിലെ ആ പഴയ ഓര്‍മ്മകളിലേക്ക് പോയ കൂട്ടത്തില്‍ അതൊക്കെ ഒരു പോസ്റ്റാക്ക് മാഷേ.

    കുറ്റ്യാടിക്കാരാ – അതൊന്നും പറഞ്ഞ് മനസ്സ് വിഷമിപ്പിക്കല്ലേ ഇഷ്ടാ.

    ഹരീഷ് തൊടുപുഴ, യാരിദ്, മയൂരാ, ശ്രീ, കാന്താരിക്കുട്ടീ,…50 പൈസയ്ക്ക് ഏറണാകുളത്തുനിന്ന് വൈപ്പിനിലേക്ക് ബോട്ട് യാത്ര നടത്താന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

  9. നഷ്ടപ്പെടുമ്പോഴല്ലേ എന്തിന്റേയും വില നാം മനസ്സിലാക്കുക.

    ഈ ബോട്ട് യാത്ര ഞാനും നടത്തിയിട്ടുണ്ട്, വിനോദത്തിനായി.

    നല്ല വിവരണം നീരൂ.

  10. 50 പൈസയുടെ വില അത്രയേള്ളൂ എന്നിപ്പഴും അറിവുള്ളവരാണോ ഈ ജങ്കാര്‍ ഓടിക്കുന്നവര്‍? ഞാനും ഒന്നുരണ്ട് വട്ടം ഫോര്‍ട്ട് കൊച്ചി ബോട്ടില്‍ യാത്രപോയിട്ടുണ്ട്. 5 രൂ ആണങ്ങോട്ട് റേറ്റ്. പടവും വിവരണവും പതിവുപോലെ നന്നായിട്ടുണ്ട് നിരക്ഷരന്‍.

  11. സത്യമാണ് പറഞ്ഞത്. നഷ്ടപ്പെട്ടു കഴിയുമ്പോഴേ ചിലതൊക്കെ എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്നു നമ്മള്‍ തിരിച്ചറിയൂ. നല്ല പോസ്റ്റ് :)

  12. മനോജ്, നല്ല പോസ്റ്റ്. :)
    പ്രവാസ ജീവിതം ചെര്‍ത്തെഴുതിയ നഷ്ടങ്ങളുടെ കണക്കുകളില്‍
    എറണാകുളം ഫെറിക്കും ദുഃഖത്തോടെ ഒരു എന്‍ട്രി.

  13. ഒരിക്കലും കണ്ണുകളിലൂടേ കണ്ണിന്റെ വിലയറിയാന്‍ പറ്റില്ല…

    സ്വന്തം നാടിറ്റെ മഹത്വം മനസ്സിലാക്കിയ നിരുവിന്റെ വാക്കുകള്‍ മനസ്സിലെവിടെയോ ഒരു നഷ്ടബോധമുണര്‍ത്തുന്നു…

    ഇവിടേ മാറുന്ന മലയാളിയെ പോലെ ഇന്നും സ്വന്തം നാ‍ടിനെ സ്നേഹിക്കുന്നവറ് ഉണ്ടെന്നുള്ളത് ആശ്വാസകരം…

    കവി പാടിയതു പോലെ…

    ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന……….
    …….
    …….
    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുന്നെന്നിട്ടും വെറുതേ മോഹിക്കുവാന്‍ മോഹം…

  14. അഹങ്കാരീ – ഒന്നൊന്നര കമന്റായിരുന്നല്ലോ സുഹൃത്തേ അത് വളരെ നന്ദി.

    ഹരിശ്രീ, ഗീതേച്ചീ, ഏറനാടന്‍, ശിവ, ഷാരൂ, ഗോപന്‍,….. നഷ്ടപ്പെടലിന്റെ വേദന മനസ്സിലാക്കാന്‍ എന്റെ കൂടെ 50 പൈസയുടെ ഈ എറണാകുളം ഫെറിയില്‍ യാത്ര ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  15. still remember the first time i made that trip – way back in ’87 – going to your house from ekm. still love that trip and the whole experience, very unique. like you mentioned one appreciates whats in your backyard more after wandering around the world a bit. good times those were…
    ~nk

  16. മനോജ്, ഞാന്‍‌ ഇന്നും ദിവസവും ഈ വഴി യാത്ര ചെയ്യുന്ന വ്യക്തിയാണു. താങ്കളുടെ രണ്ടു ബ്ലോഗുകള്‍‌ വൈപ്പിന്‍‌കരയുടെ പഴയ മുഖം വ്യക്തമാക്കുന്നു. ഇന്നു ഹൈക്കോടതിയില്‍‌ നിന്നും അഞ്ചു മിനിറ്റുകൊണ്ട്‌ വൈപ്പിന്‌കരയില്‍‌ എത്താം. ഗൊശ്രീപാലങ്ങള്‍‌ വഴിയുള്ളയാത്ര. എന്നലും എന്റെ വിദ്യാഭ്യാസകാലത്തും പിന്നീടും ഈ ബോട്ടുകള്‍‌ വഴിതന്നെയ്ണ് എറണാകുളത്തു എത്തിയിരുന്നതു. പലപ്പോഴും ഇടക്കു കേടാവുന്ന ഗംഗയും, നിര്‍‌മ്മലയും, ജലജയും, മഴപെയ്താല്‍‌ ചോര്‍‌ന്നൊലിക്കുന്ന ബോട്ടുകള്‍‌. ഒന്നു രണ്ടുതവണ കായലില്‍‌ വെച്ചു കേടായി ഒഴുക്കില്‍‌പെട്ടു പോയിട്ടുന്ണ്ടു. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. അന്നു മറ്റൂള്ളവര്‍‌ ആസ്വദിച്ചിരുന്ന ബോട്ടുയാത്ര ഞങ്ങളെപ്പോലെയുള്ളവര്‍ക്കു ഒരു ദുരിതം തന്നെ ആയിരുന്നു. യാത്രയുടെ നല്ലൊരുപങ്കു സമയവും അപഹരിച്ചിരുന്ന ബോട്ടുകള്‍‌.

    അതു പോലെതന്നെ വൈപ്പിന്റെ അപഖ്യാതിയും. വൈപ്പിന്‍ എന്നും അറിയപ്പെട്ടിരുന്നതു വിഷമദ്യദുരന്തത്തിന്റെ പേരില്‍‌മാത്രം.

    അനേകായിരം ബ്ലോഗരുടെ ഇടയില്‍‌ ഒരു നാട്ടുകാരനെ കണ്ടതില്‍‌ സന്തോഷമുണ്ട്‌.

  17. i do recollect the boat trip i made, in ’96 when i went to see bolghati, long back.really it was a college tour and we enjoyed it much.anyway thanks a lot for reminding me now.pinne aa vazhiyonnum vannittilla.

  18. വളരെ നന്നായിരിക്കുന്നു. ഹൈക്കോര്‍ട്ട്-ബോള്‍ഗാട്ടി റൂട്ടില്‍ നടത്തിയിട്ടുള്ള എണ്ണിമില്ലാത്ത യാത്രകള്‍ ഓര്‍മയിലെത്തുന്നു.

  19. ഒട്ടേറെ പിന്നിലെക്ക് കൊണ്ടു പോയി മനസ്സിനെ..

Leave a Reply to പതാലി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>