മേയർ വിഷയത്തിലെ പത്രവാർത്തകൾ വ്യാജം !!!


കൊച്ചി മേയർ ടോണി ചമ്മിണി മാലിന്യസംസ്ക്കരണത്തിനായി 12 വിദേശയാത്രകൾ നടത്തി എന്ന നിലയ്ക്ക്  ഇ-വാർത്ത, മറുനാടൻ മലയാളി എന്നീ ഓൺലൈൻ പത്രങ്ങളിലും, റിപ്പോർട്ടർ ഓൺലൈനിലും വാർത്തകൾ വന്നിരുന്നു 2014 ജൂൺ മാസത്തിൽ.

റിപ്പോർട്ടർ ഓൺലൈനിൽ കവിത എന്ന പത്രപ്രവർത്തക എഴുതിയ വാർത്തയുടെ സ്ക്രീൻഷോട്ട് എടുത്ത് അതിനടിയിൽ എന്റെ ഒരു അഭിപ്രായവും രേഖപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ട്. അത് താഴെ കാണുന്നത് പ്രകാരമാണ്. നേരിട്ട് കാണണമെങ്കിൽ അതിന്റെ ലിങ്ക് ഇതാണ്.

——————————————————————————————

4

മാലിന്യസംസ്ക്കരണം പഠിക്കാൻ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാൽ മതി.

അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.

കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിൿ ബ്ലോക്ക് അടക്കം 4 മണിക്കൂർ.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാൻ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവിൽ വ്യത്യാസമൊന്നും ഇല്ല.

————————–————————–—————

ഈ വാർത്തകൾ ഇട്ടവർക്കെതിരെയും ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെയും മേയർ  അപകീർത്തിക്കേസ് കൊടുക്കുന്നു എന്ന് പിന്നീട് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ 2014 ഡിസംബർ 13 ന്, ഏകദേശം 11 മണിയോടെ, മാല്യങ്കര SNM കോളേജിന്റെ അലൂമിനി മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ എറണാകുളം സെൻ‌ട്രൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ വന്നു.

“മേയറെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ ഒരു കേസുണ്ട്. ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപ് സ്റ്റേഷൻ വരെ വന്ന് സ്റ്റേറ്റ്മെന്റ് തരണം.”

എന്നായിരുന്നു ഫോൺ ചെയ്ത ഉദ്യോഗസ്ഥൻ പറഞ്ഞത്. പത്രവാർത്ത മുൻപേ വായിച്ചിരുന്നതുകൊണ്ട് ഇത് കേട്ടപ്പോൾ ഞെട്ടിയില്ല.

“സാർ ഞാനിപ്പോൾ മാല്യങ്കരയിൽ ഒരു മീറ്റിങ്ങിന് പോകുകയാണ് 5 മണിക്ക് മുൻപ് തിരികെ വരാനൊക്കില്ല. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ വന്നാൽ മതിയോ? “

“ ശരി, തിങ്കളാഴ്ച്ച വിളിക്കൂ. വിളിച്ചിട്ടേ വരാവൂ. “

ഡിസംബർ 13 ശനിയാഴ്ച്ച 5 മണിക്ക് വരാൻ പറഞ്ഞത് ഒരു ചെറിയ ട്രാപ്പ് അല്ലേ എന്ന് സംശയം തോന്നാതിരുന്നില്ല. അടുത്ത ദിവസം ഞായറാണ്. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഞായറാഴ്ച്ച കോടതിയില്ലാത്തതുകൊണ്ട് അന്ന് ജാമ്യമെടുക്കാനാവില്ല. ഒരു ദിവസം അകത്ത് കിടക്കേണ്ടി വരും. (രഞ്ജി പണിക്കർ സിനിമകൾക്ക് നന്ദി.)

ഡിസംബർ 16ന് ഉച്ചയ്ക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് വിളിച്ചൂ.

“സാർ ഞാനിപ്പോൾ സ്ഥലത്തുണ്ട്. സ്റ്റേഷനിലേക്ക് വരട്ടേ ?”
“സി.ഐ. സ്റ്റേഷനിൽ ഇല്ല, പക്ഷെ ഉടനെ വരും, വരുമ്പോൾ തിരികെ വിളിക്കാം. അപ്പോൾ വരാമോ ? “
“ ശരി സാർ, വിളിച്ചാൽ മതി. അഞ്ചുമിനിറ്റുകൊണ്ട് ഞാനെത്തിക്കോളാം.”

പത്തുമിനിറ്റിനകം പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ വന്നു.

“സി.ഐ.സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഉടനെ വരാമോ ?”
“ വരാം സാർ.”

5 മണിയോടെ ഞാൻ സെൻ‌ട്രൽ സ്റ്റേഷനിലെത്തി ഫോൺ ചെയ്ത ഉദ്യോഗസ്ഥനെ കണ്ടു. സി.എ.യുടെ മുറിയിൽ വക്കീലന്മാരുടെ തിരക്ക്. ഒരുപാട് പേർ അകത്തേക്ക് കയറുന്നു, പുറത്തേക്ക് പോകുന്നു.ഒരു വനിതാ വക്കീലും ചുംബന സമര നേതാവ് രാഹുൽ പശുപാലനുമായുള്ള ഓൺലൈൻ കേസിന്റെ ഭാഗമായാണ് ആ തിരക്ക്. അവർ ഇറങ്ങിയാൽ എനിക്ക് കയറാം എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചത് പ്രകാരം 7:15 വരെ ഞാൻ വെളിയിലിരുന്നു. പെട്ടെന്ന് വക്കീലന്മാർ എല്ലാവരും വെളിയിൽ വന്നു. ഒപ്പം സി.ഐ.യും പുറത്തെത്തി. ഞാൻ കമ്മീഷണർ ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞ് അദ്ദേഹവും സ്ഥലം വിട്ടു.

ഇന്നിനി ഇരുന്നിട്ട് കാര്യമില്ല, നാളെ വന്നാൽ മതി എന്നായി ഉദ്യോഗസ്ഥൻ. നാളെ വന്നാലും ഇതൊക്കെത്തന്നെയല്ലേ അവസ്ഥ, അതുകൊണ്ട് രാത്രി 8 മണി വരെ ഞാൻ കാത്തിരിക്കാം എന്ന് മറുപടി കൊടുക്കുകയും തുടർന്ന് ഉദ്യോഗസ്ഥനുമായി കാര്യങ്ങളെല്ലാം സംസാരിച്ച് അദ്ദേഹത്തിന്റെ മുറിയിൽ ഇരിക്കുകയും ചെയ്തു. മുകളിൽ കാണുന്ന റിപ്പോർട്ടറിന്റെ സ്ക്രീൻ ഷോട്ട് ഞാൻ സൃഷ്ടിച്ചതാണെന്നാണ് ഉദ്യോഗസ്ഥൻ മനസ്സിലാക്കിയിരിക്കുന്നത്. മേയറുടെ പരാതി ചെന്നിരിക്കുന്നത് അപ്രകാരമാണ്.  പരാതിയിൽ മാന്യമായിട്ട് ഞാനെഴുതിയ വരികൾ ഇല്ല. പകരം സ്ക്രീൻ ഷോട്ടും അതിന് കീഴെയുള്ള കമന്റുകളും മാത്രമാണുള്ളത്. ആ സ്ക്രീൻ ഷോട്ട് റിപ്പോർട്ടർ ഓൺലൈനിൽ കവിത എന്ന പത്രപ്രവർത്തകയുടേതാണെന്നും എന്റേത് അതിനെ ആസ്പദമാക്കി മേയർക്കുള്ള ഒരു നിർദ്ദേശം മാത്രമാണെന്നും ഞാൻ ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തി.  തുടർന്ന് അദ്ദേഹം ഇക്കാര്യം സി.ഐ.യെ ഫോണിൽ വിളിച്ച് പറയുകയും എന്റെ സ്റ്റേറ്റ്മെന്റ് എഴുതിയെടുത്ത് എന്നെ വിട്ടയക്കുകയും ചെയ്തു. ഇതാണ് ഡിസംബർ 16ന് എറണാകുളം സെൻ‌ട്രൽ പൊലീസ് സ്റ്റേഷനിൽ സംഭവിച്ചത്.

ആദ്യം വിളിച്ചപ്പോൾ ചെന്ന് മൊഴി കൊടുത്തു പോന്നു. വീണ്ടും തെളിവെടുപ്പ് നടത്തണമെങ്കിൽ എന്നെ വീണ്ടും വിളിച്ചുവരുത്താം എന്നിരിക്കെ, ഇന്നത്തെ പത്രങ്ങളിൽ നിരക്ഷരൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ ഉടമയായ മനോജിനെ പൊലീസ് തിരയുന്നു എന്ന് പറഞ്ഞ് വന്നിരിക്കുന്ന വാർത്തകൾ വ്യാജവും അപകീർത്തികരവുമാണ്. ഞാനൊരു പിടികിട്ടാപ്പുള്ളിയൊന്നുമല്ല. എറണാകുളം സെൻ‌ട്രൽ പൊലീസ് സ്റ്റേഷന്റെ അരകിലോമീറ്റർ പരിധിയിൽ (കച്ചേരിപ്പടി) ജീവിക്കുന്ന ആളാണ്. നഗരത്തിൽ ഉള്ളപ്പോഴെല്ലാം ഒരു പ്രാവശ്യമെങ്കിലും സെൻ‌ട്രൽ സ്റ്റേഷന് മുന്നിലൂടെയും മേയറുടെ ഓഫീസിന് മുന്നിലൂടെയും ഹൈക്കോടതിയേയും ചുറ്റി കടന്നു പോകുന്ന വ്യക്തിയാണ്. എന്റെ  പൂർണ്ണമായ അഡ്രസ്സും ഫോൺ നമ്പറും ഞാൻ കൊടുത്ത ബിസിനസ്സ് കാർഡുമൊക്കെ സ്റ്റേഷനിൽ ഉണ്ട്. പിന്നെന്തിന് പൊലീസ് എന്നെ തിരഞ്ഞ് നടക്കണം ?

ഈ പട്ടണത്തിന്റെ നടുക്ക്, കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന് കീഴെ 24 മണിക്കൂറും മൊബൈൽ ഓൺ ചെയ്ത് വെച്ച് നടക്കുന്ന എന്നെ, പൊലീസ് തിരഞ്ഞ് നടക്കുകയാണെന്ന വാർത്ത കേരള പൊലീസിന്റെ കാര്യക്ഷമതയ്ക്ക് മൊത്തം അപമാനമാണെന്ന കാര്യം, ഈ വ്യാജവാർത്തയ്ക്ക് കുടപിടിച്ച പൊലീസ് ശ്രദ്ധിക്കാതെ പോയതിൽ അതിയായ ദുഃഖമുണ്ട്. വ്യാജവാർത്തകൾ നീണാൾ വാഴട്ടെ എന്ന് മാത്രമേ ഈ അവസരത്തിൽ സഹതപിക്കാനുള്ളൂ.

 

1

22

മലയാള മനോരമയിലും മാതൃഭൂമിയിലും വാർത്ത വന്നിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. മറ്റേതൊക്കെ പത്രങ്ങളിൽ വന്നിട്ടുണ്ടെന്ന് അറിയില്ല. ഈ വാർത്ത പത്രങ്ങൾക്ക് കിട്ടുന്നത് സി.ഐ.ഓഫീ‍സിൽ നിന്നാണ്. അത് കിട്ടിയ ഉടനെ ഒരു പത്രപ്രവർത്തകൻ എന്നെ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു, കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. മേയറോ പൊലീസോ അങ്ങനെ ആരെങ്കിലും ഒരു പ്രസ്സ് റിലീസ് കൊടുത്താൽ ഉടനെ അത് കണ്ണുമടച്ച് വിശ്വസിച്ച് മറുഭാഗം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വാർത്ത പബ്ലിഷ് ചെയ്യുന്ന പത്രസംസ്ക്കാരം അത്ര മാന്യമാണെന്ന് തോന്നുന്നുണ്ടോ പത്രസുഹൃത്തുക്കളേ ?

ഒരു വാർത്ത കിട്ടിയാൽ അത് കണ്ണും പൂട്ടി പ്രസിദ്ധീകരിക്കും. എന്നിട്ട് മറുകക്ഷിക്ക് പറയാനുള്ളത് അയാൾ പറയുമ്പോൾ അതും പ്രസിദ്ധീകരിക്കും. ഇതാണ് ചില പത്രങ്ങളുടെയെങ്കിലും നിലവിലെ പത്രസംസ്ക്കാരം എന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും അധികാരമുള്ളവരുടെയൊക്കെ കൂലിയെഴുത്തുകാരാകുന്നത് അത്രവലിയ മേന്മയുള്ള കാര്യമാണെന്ന് സ്വയം തോന്നുന്നുണ്ടോ ?

ഈ വാർത്ത വന്നതുകൊണ്ട് എന്താണിപ്പോൾ സംഭവിച്ചത് ?

നിരക്ഷരൻ എന്ന വ്യക്തി എന്തോ മഹാപരാധം ചെയ്തെന്നും അതിന്റെ പേരിൽ IT Act 66 പ്രകാരം പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും വന്നാൽ നിരക്ഷരന്റെ മാനം കപ്പലുകേറും എന്നായിരിക്കണമല്ലോ മേയറുടെ ചിന്ത. പക്ഷെ അദ്ദേഹത്തിന് തെറ്റി. നിരക്ഷരൻ എന്ന ആളെയോ മനോജ് രവീന്ദ്രൻ എന്ന ആളെയോ പ്രിന്റ് മീഡിയയിൽ ആരും അറിയില്ല. അഥവാ ആർക്കെങ്കിലും അറിയാമെങ്കിൽ അവർക്ക് ഓൺലൈൻ മീഡിയയുമായി ബന്ധമുണ്ട്. അവർ ഓൺലൈനിൽ വന്ന് കാര്യങ്ങൾ തിരക്കും. ഞാനീ എഴുതി ഇടുന്നത് അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കും. തീർന്നു, അത്രേയുള്ളൂ. ഇനി ഇത്തരം വ്യാജവാർത്തകൾ കൊടുത്ത് നിരക്ഷരന്റെ മാനം കളഞ്ഞതുകൊണ്ട് മേയർക്കെന്ത് മെച്ചമാണുള്ളത് ? നിരക്ഷരന് മേയറുടെ കസേരയിലോ കൊച്ചിൻ കൌൺസിലിലെ എതെങ്കിലും ഒരു കസേരയിലോ മറ്റേതെങ്കിലും ഒരു പഞ്ചായത്ത് മെമ്പറുടെ പോലും കസേരയിലോ നോട്ടമില്ല. നോട്ടം ഉണ്ടാകുകയും ഇല്ല. നിങ്ങളൊക്കെ കയറിയിരുന്ന് അവിശുദ്ധമാക്കിയ ആ കസേരകളിൽ കയറി ഇരിക്കാതെ തന്നെ നാടിന് വേണ്ടി പലതും ചെയ്യാനാകുമെന്ന് നല്ല ഉറപ്പുമുണ്ട്. അതുകൊണ്ട്, ഈ വാർത്ത കൊണ്ട് മേയർ ഉദ്ദേശിച്ച ഒരു ഗുണവും അദ്ദേഹത്തിന് ഉണ്ടാകില്ല എന്ന് മാത്രമല്ല, സ്വന്തം പല്ലിട കുത്തി നാറ്റിച്ചതിന്റെ മാനക്കേട് ഉണ്ടാകുകയും ചെയ്യും. ഓൺലൈനിൽ വാർത്ത കൊടുത്ത റിപ്പോർട്ടർക്ക് എതിരെ മേയർ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചാൽ മനസ്സിലാക്കാം ഈ കേസിന് പിന്നിലെ ഭീരുത്വം.

മേയർക്ക് കസേരയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുൻപ് സ്വയം വെള്ളപൂശണം. അത്രേയല്ലേ ഉള്ളൂ. പക്ഷെ അതിന് ഇതുപോലുള്ള വ്യാജ പരിപാടികൾക്ക് ഇറങ്ങിത്തിരിക്കരുതായിരുന്നു. എനിക്ക് മേയറുമായി വ്യക്തിപരമായോ പാർട്ടിപരമായോ യാതൊരു വൈരാഗ്യവും അന്നുമില്ല ഇപ്പോഴുമില്ല. മാലിന്യസംസ്ക്കരണ വിഷയത്തിൽ നിരവധി ലേഖനങ്ങൾ ഈ ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ കാലങ്ങളായി എഴുതി ഇടുന്നുണ്ട്. (ആവശ്യമെങ്കിൽ അതെല്ലാം ഹാജരാക്കാം.) അതുകൊണ്ടാണ് മേയർ മാലിന്യസംസ്ക്കരണം പഠിക്കാനായി 12 വിദേശയാത്ര നടത്തി എന്ന് പത്രവാർത്തകൾ കണ്ടപ്പോൾ അതിനെ ആസ്പദമാക്കി കൊടുങ്ങല്ലൂര് വരെ പോയാലും മാലിന്യസംസ്ക്കരണം പഠിക്കാം എന്നൊരു നിർദ്ദേശം വെച്ചത്. അതിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്ന തരത്തിലോ പാർലിമെന്ററി വിരുദ്ധമായോ ഒരുപദം പോലുമില്ല. സംശയമുള്ള ആർക്ക് വേണമെങ്കിലും മുകളിൽ പിങ്ക് നിറത്തിൽ കൊടുത്തിരിക്കുന്ന എന്റെ വരികൾ ആവർത്തിച്ചാവർത്തിച്ച് വായിക്കാം. ഇക്കാര്യം സി.ഐ.ഓഫീസിലും ബോദ്ധ്യപ്പെടുത്തിയാണ് 2014 ഡിസംബർ 16ന് മടങ്ങിയത്.

അടുത്ത കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വരാനായി. അതിന് മുൻപ് മേയർക്ക് സ്വന്തം പേരിലുള്ള ആരോപണങ്ങളുടെ വായ്മൂടിക്കെട്ടണം എന്ന ഒറ്റ ഉദ്ദേശം മാത്രമാണുള്ളതെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം. വാർത്തയിൽ വന്നിരിക്കുന്ന മറ്റൊരു വലിയ വിഡ്ഢിത്തം കൂടെ ശ്രദ്ധിച്ചാൽ അത് എളുപ്പം മനസ്സിലാക്കാനാവും. ‘മറുനാടൻ മലയാളി’ ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ സാജൻ സ്ക്കറിയയെ അറസ്റ്റു ചെയ്തെന്ന് പറഞ്ഞാണ് വാർത്ത തുടങ്ങുന്നത്. സാജനെ സ്റ്റേറ്റ്മെന്റ് എടുക്കാനായി വിളിപ്പിച്ചപ്പോൾ സാജൻ പോയില്ല. പകരം പൊലീസുകാർ സാജന്റെ ഓഫീസിൽ ചെന്ന് മൊഴിയെടുത്ത് പോന്നു. അറസ്റ്റ് ചെയ്തെങ്കിൽ ഏത് കോടതിയിൽ നിന്നാണ് ജാമ്യമെടുത്തതെന്ന് കൂടെ പറയണം എന്ന് സാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വെല്ലുവിളിക്കുന്നുണ്ട്. അതിനുത്തരം പറയാൻ മേയർക്കും ഈ വാർത്ത അച്ചടിച്ച എല്ലാ പത്രമാദ്ധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ട്.

മേയറുടെ ഉത്തരവാദിത്വം അതുകൊണ്ടും അവസാനിക്കുന്നില്ല. കാര്യങ്ങൾ ഇത്രയുമൊക്കെ ആകുകയും എന്നെപ്പോലുള്ള സാധാരണ പൌരന്മാർക്ക് എതിരെ വ്യാജവാർത്ത പടച്ച് പത്രങ്ങൾക്ക് നൽകുകയും ചെയ്ത നിലയ്ക്ക് മേയർ ഇതുവരെ നടത്തിയ എല്ലാ വിദേശയാത്രകളുടേയും വിശദവിവരങ്ങൾ കാണിച്ച് ധവളപത്രം ഇറക്കണം. എത്ര യാത്രകൾ സ്വന്തം ചിലവിൽ നടത്തി ? എത്ര യാത്രകൾ സർക്കാർ ചിലവിൽ നടത്തി ? എത്ര യാത്രകൾ വിദേശ ഏജൻസികളുടേയും സംഘടനകളുടേയും ചിലവിൽ നടത്തി ? എത്ര യാത്രകൾ മാലിന്യസംസ്ക്കരണം പഠിക്കാനായി മാത്രം നടത്തി ? എത്ര യാത്രകളിൽ കുടുംബം ഒപ്പമുണ്ടായിരുന്നു ? എത്ര യാത്രകളിൽ പ്രതിപക്ഷ നേതാവ് ഒപ്പമുണ്ടായിരുന്നു ? ഇതിന്റെയൊക്കെ ചിലവ് കണക്കുകൾ എത്ര ? ഈ യാത്രകൾ നടത്തിയതുകൊണ്ട് നാടിനെന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ മേയർക്ക് കഴിഞ്ഞു ? ഈ യാത്രകൾ ചെയ്യുന്ന സമയത്ത് കേരളത്തിലെ ഭരണപരമായ മറ്റെന്തൊക്കെ മീറ്റിങ്ങുകളിലും ചർച്ചകളിലും തീരുമാനങ്ങളിലും  പങ്കെടുക്കാൻ പറ്റാതെ പോയി ? … എന്നതൊക്കെ ബോധിപ്പിക്കേണ്ട ധാർമ്മികമായ ഒരു ബാദ്ധ്യതകൂടെ മേയർക്കിപ്പോൾ ഉണ്ട്.  ഇത്തരം വ്യാജവാർത്തകൾ ചമച്ച് ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ മേയർ കാണിക്കുന്ന വ്യഗ്രത കാരണം അദ്ദേഹത്തിന്റെ വിദേശയാത്രയുടെ വാർത്തകളിൽ കുറച്ചെങ്കിലും കഴമ്പുണ്ടെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് സ്വന്തം ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിൽ അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത മേയർക്കില്ലേ ? അങ്ങനൊരു റിപ്പോർട്ട് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ ?

ഒരു കാര്യം കൂടെ മേയർ മനസ്സിലാക്കിയാൽ നന്ന്. സ്വാതന്ത്ര്യത്തിന് മുൻപ്, മാദ്ധ്യമപ്രവർത്തനമൊക്കെ ഇതിനേക്കാൾ ദുഷ്ക്കരമായിരുന്ന രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും, ഭരണാധികാരികൾ ചെയ്യുന്ന നെറികേടുകൾക്ക് എതിരെ യാതൊരു ഭയാശങ്കകളും ഇല്ലാതെ തൂലിക ആയുധമാക്കിയവരെയൊക്കെ ഉപദ്രവിക്കാനല്ലാതെ പരാജയപ്പെടുത്താൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പിന്നല്ലേ ഈ ജനാധിപത്യരാജ്യത്ത് ഫേസ്ബുക്കിൽ മാന്യമായ ഒരു നിർദ്ദേശം കമന്റായി എഴുതി എന്നതിന്റെ പേരിൽ ഒരു സാധാരണക്കാരനെ കഴുവേറ്റാമെന്ന് സ്വപ്നം കാണുന്നത് !!

എന്നെ തിരഞ്ഞ് നടക്കുകയൊന്നും വേണ്ട. ഞാൻ ഒളിവിൽ പോയിട്ടൊന്നുമില്ല. രാജ്യത്തെ നിയമസംഹിതകൾ അനുസരിച്ച് കരമടച്ച് മാന്യമായി ജീവിക്കുന്ന ഒരാളാണ്. നിങ്ങളുടെയൊക്കെ അന്നത്തിൽ പാറ്റയിടാൻ വന്നിട്ടില്ല. പക്ഷേ ജനങ്ങൾ കൊടുക്കുന്ന നികുതിയിൽ കൈയ്യിട്ട് വാരാനും അത് തോന്നിയ പോലെ ചിലവാക്കാനും നിങ്ങളെപ്പോലുള്ളവർ മുതിർന്നാൽ അത് ചോദ്യം ചെയ്യാനുള്ള മൌലിക അവകാശം ഈ നാട്ടിലേ ഓരോ വ്യക്തികൾക്കുമുണ്ട്. അങ്ങനെയുള്ളവരെ അധികാരത്തിന്റെ കൊമ്പിൽക്കോർത്ത് ഇല്ലാതാക്കിക്കളയാമെന്നുള്ള ചിന്ത ദയവായി ഉപേക്ഷിക്കണം. ഒന്ന് ഫോൺ ചെയ്താൽ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ഞാനെത്തിക്കോളാം. സുകുമാരക്കുറുപ്പിനേയോ ദാവൂദ് ഇബ്രാഹിമിനേയോ മാവോയിസ്റ്റുകളേയോ അന്വേഷിക്കുന്നത് പോലെ തിരഞ്ഞ് നടന്ന് ബുദ്ധിമുട്ടണമെന്നില്ല.

വാൽക്കഷണം:- ഈ വാർത്തയുടെ മറുവശം എന്താണെന്ന് അന്വേഷിക്കാതെ, മേയർക്ക് അനുകൂലമായി വാർത്ത പ്രസിദ്ധീകരിച്ച് എന്നെ ഇത്ര പെട്ടെന്ന് പ്രശസ്തനാക്കിത്തന്ന പത്രസുഹൃത്തുക്കളോട് രണ്ട് ചോദ്യങ്ങൾ. എനിക്ക് പറയാനുള്ളത് മുകളിൽ എഴുതിയിരിക്കുന്നത് പോലെ, ഇവിടെ വിശദീകരിച്ചാൽ മതിയോ, അതോ ഇനി വേറെ പ്രസ്സ് റിലീസ് എഴുതി എറണാകുളം പ്രസ്സ് ക്ലബ്ബിലെ ബോക്സുകളിൽ നിക്ഷേപിക്കണോ ? അവിടെക്കൊണ്ടുവന്ന് നിക്ഷേപിച്ചാൽ, മേയർ തന്നിരിക്കുന്ന ഈ വ്യാജവാർത്തയുടെ യഥാർത്ഥമുഖം നിങ്ങൾ പ്രസിദ്ധീകരിക്കുമോ ?

Comments

comments

8 thoughts on “ മേയർ വിഷയത്തിലെ പത്രവാർത്തകൾ വ്യാജം !!!

  1. ‘media ethics’ it’s one of the main part of journalism course all over the world..but unfortunately most of our journalists just put that in the dustbin whenever they pass out from course…don’t expect any ethics from them….About Mr. Tony Chemmany, no time and words to waste for such politicians…. U said the truths without any fear, my support…

  2. വെള്ളയുമിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് ജനങ്ങളുടെ കഴുത്തറക്കുന്ന നേതാക്കന്മാർക്ക് ഒരു എട്ടിന്റെ പണിയായി പോയി ഈ “ചമ്മന്തിപ്പണി”. ഹ ഹ ….മനോജേട്ടാ…ധീരതയോടെ നയിച്ചോളു .ലച്ചം ..ലച്ചം പിന്നാലേ എന്നൊന്നും പറയുന്നില്ല. ചുറ്റും ചതിക്കുഴികളുണ്ടാകാം..അത് കോണ്ട് … നമ്മുക്കൊരു വീഴ്ച പറ്റിയാൽ ആരും കാണില്ല എന്നോർമ്മയിൽ ഓരോ കാൽ വയ്പ്പും സൂക്ഷിച്ചു മതി. താങ്കളുടെ നിലപാടുകൾക്ക് എന്റെയും ഐക്യദാർഢ്യം അറിയിച്ചു കൊള്ളുന്നു.

  3. പത്രം മാത്രമല്ല, ഒരു മാധ്യമ വാര്‍ത്തകളും മുഖവിലക്കെടുക്കാതെയായിട്ട് ഒന്നര ദശാബ്ധം കഴിഞ്ഞു (സ്വന്തം അനുഭവത്തില്‍ നിന്നാണ്) ഇപ്പോള്‍ ടിവി കാണുന്നതും, പത്രം വായിക്കുന്നതും, വിനോദത്തിനാണ്: വാര്‍ത്തകള്‍ക്കിടയിലെ നുണകളും അര്‍ദ്ധസത്യങ്ങളും കണ്ടുപിടിച്ച് വാമഭാഗത്തിന് പറഞ്ഞു കൊടുക്കുക – വേറാരെയും അത്ര അടുത്ത് കിട്ടാത്തതുകൊണ്ടാണ് :-)

    മാധ്യമങ്ങളുടെ പക്കല്‍ നിന്ന് ഒരു തിരുത്തലോ ക്ഷമാപണമോ ഉണ്ടാകുമെന്ന് കരുതേണ്ടതില്ല! എന്നാലെന്താ, നിരക്ഷരനെ (ഡിജിറ്റലായി/ അല്ലാതെയും) പിന്തുടരുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്!

  4. കൊടുങ്ങല്ലൂരില്‍ മനോരമ ലേഖകന്‍ ആശുപത്രി മുതലാളി എന്നിവരുടെ പരാതിയില്‍ മനുഷ്യാവകാശ കൂട്ടായ്മപ്രവര്‍ത്തകനായ അഡ്വ: അനൂപിനെ അറസ്റ്റ്ചെയ്തു കസ്റ്റഡിയില്‍ വച്ച കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ കൊടുങ്ങല്ലൂരിലെ സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും ചേര്‍ന്ന്ചെറുത്ത്നിന്നപ്പോള്‍ പോലീസിനു പിന്തിരിയേണ്ടിവന്നു.. അനൂപിന്റെ പരാതിയില്‍ സുപ്രീം കോടതി കൊടുങ്ങല്ലൂര്‍ പോലീസിനിനും,മനോരമ ലേഖകനും ,ഹോസ്പിറ്റല്‍ മാനേജുമെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്..

  5. Good one. Oru Sureshgopi / Mammooty movie dialogue effect. Super. Kollendavanu sarikku kondu. Keep it up. My Supports.

  6. മനോഹരവും വ്യക്തവുമായ മറുപടി. ഈ വിഷയത്തില്‍ ഇതില്‍ക്കൂടുതലൊന്നും പറയാനില്ല. എല്ലാ പിന്തുണയും.

Leave a Reply to sajithekku Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>