രണ്ട് ഹർത്താൽ അനുഭവങ്ങൾ


11

ലിത്വാനിയക്കാരാണ് Arunas Ostrauskis ഉം ഭാര്യയും ടീനേജുകാരായ രണ്ട് പെൺകുട്ടികളും. ഞങ്ങൾ Say No To Harthal പ്രവർത്തകർ ഇന്നലെ (2015 ജനുവരി 27) ബി.ജെ.പി. ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ, ഞങ്ങളുടെ പതിവ് പ്രവർത്തനവുമായി നോർത്ത് റെയിൽ വേ സ്റ്റേഷനിൽ ചെല്ലുമ്പോൾ താടിക്ക് കൈയ്യും കൊടുത്ത് വിഷണ്ണരായി നിലത്ത് കുത്തിയിരിക്കുന്നു നാലുപേരും.

എങ്ങോട്ടാണ് പോകേണ്ടതെന്നറിയാൻ, സംസാരിച്ച് തുടങ്ങിയപ്പോൾത്തന്നെ അരുണാസിന്റെ വക മുന്നറിയിപ്പ് കിട്ടി. ഇംഗ്ലീഷ് കൃത്യമായി അറിയില്ല. ഇവിടേം സ്ഥിതി അത് തന്നെ ഭായ്. ഒരേ തൂവൽ‌പ്പക്ഷികൾ !!! അങ്ങനാകുമ്പോൾ കാര്യങ്ങൾ എളുപ്പമാകും. പിന്നങ്ങോട്ട് സംസാരിക്കുന്നതെല്ലാം പെട്ടെന്ന് പെട്ടെന്ന് മനസ്സിലാകാനും തുടങ്ങും.

അവരുടെ പ്രശ്നം ഇപ്രകാരമാണ്.  മുംബൈ അടക്കമുള്ള പല ഇന്ത്യൻ നഗരങ്ങളിലും കറങ്ങി നടന്ന് ഒരാഴ്ച്ച മുന്നേ കൊച്ചിയിലെത്തി. ഫോർട്ട് കൊച്ചിയിലെ ഒരു ഹോം സ്റ്റേയിൽ രണ്ട് ദിവസം താമസിച്ചു. ബാഗുകളൊക്കെ അവിടെ വെച്ച് മൂന്നാർ, തേക്കടി, മധുരൈ, എന്നിങ്ങനെ 7 ദിവസത്തെ കറക്കത്തിന് ശേഷം കേരളത്തിൽ തിരികെ എത്തിയത് 27ന് ഉച്ചയ്ക്ക് 12:20ന്.  രാത്രി 9 മണിക്ക് അബുദാബിയിലേക്ക് വിമാനം കയറാനായി 7 മണിക്കെങ്കിലും നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ എത്തണം. അതിന് മുന്നേ ഫോർട്ട് കൊച്ചിയിൽ പോയി, ഹോം സ്റ്റേയിൽ വെച്ചിരിക്കുന്ന 4 വലിയ ബാഗുകൾ എടുത്തുകൊണ്ട് വരണം. ഹർത്താൽ, ബന്ദ് എന്നതൊന്നും ജീവിതത്തിൽ ഇന്നുവരെ കേൾക്കാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങളായതു കൊണ്ട് എന്തുചെയ്യണമെന്ന് അവർക്കൊരു പിടിയുമില്ല. പോരാത്തതിന് ഭാഷാ പ്രശ്നവും.

അൽ‌പ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും മേൽ‌പ്പറഞ്ഞതാണ് അവരുടെ പ്രശ്നമെന്ന് മനസ്സിലാക്കി. ഫോർട്ട് കൊച്ചി വരെ കൊണ്ടുപോകണം, അവിടന്ന് ബാഗെല്ലാം എടുത്ത് അതേ വാഹനത്തിൽത്തന്നെ തിരിച്ച് പോരണം. 7 മണിക്ക് എയർപ്പോർട്ടിൽ എത്താനുള്ള സൌകര്യവും ചെയ്ത് കൊടുക്കണം. അത്രേയുള്ളൂ.

നാലുപേരേയും കയറ്റി ഫോർട്ട് കൊച്ചിയിലേക്ക് തിരിച്ചു. ഭാഷ വഴങ്ങാത്തത് വല്ലാത്ത നിരാശയുണ്ടാക്കി. മറ്റൊരു രാജ്യത്ത് പോകാതെ തന്നെ അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള സൌകര്യമാണ് ഭാഷയെന്ന പ്രശ്നത്തിൽ തട്ടിത്തടഞ്ഞ് ഇല്ലാതാകുന്നത്. എന്നിരുന്നാലും തട്ടീം മുട്ടീം പലതും അവരിൽ നിന്ന് മനസ്സിലാക്കാനായി. അറിയുന്നത് എന്തെങ്കിലും പറയുമ്പോൾ സായിപ്പ് നന്നായിട്ട് തന്നെ സംസാരിക്കുന്നുണ്ട്. വൊക്കാബുലറിയും ഗ്രാമറുമാണ് പ്രശ്നമെന്ന് സ്വയം മനസ്സിലാക്കി ഉൾവലിയുന്നതാണ് കുഴപ്പം. (ഓ പിന്നേ.. ഇപ്പറഞ്ഞത് വല്ലതും നമുക്കുണ്ടോ അറിയുന്നു.) കലാമണ്ഡലം സിലബസ്സ്, കേരളത്തിലും ലിത്വാനിയയിലും ഒന്നുതന്നെയായത് രക്ഷയായി.

കുറഞ്ഞ ദിവസങ്ങളാണെങ്കിലും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് വന്ന ആ കുടുംബത്തിന്റെ അഭിപ്രായം ഇങ്ങനെയാണ്.

‘ഇന്ത്യ മനോഹരമായ ഒരു രാജ്യമാണ്. ജനങ്ങളെല്ലാം നല്ല ആൾക്കാരാണ്. (അവർക്ക് മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല എന്ന് വ്യക്തം) പക്ഷെ പൊതുസ്ഥലമെല്ലാം വൃത്തികേടാക്കുന്നു. എന്തെങ്കിലും ഒരു വേസ്റ്റ് ഇല്ലാത്ത നൂറ് മീറ്റർ പാതയോരം പോലും കാണാനാകില്ല. ഓവുചാലുകളുടെ അടുത്തുകൂടെ പോകാനാവുന്നില്ല. അതൊക്കെ ഒന്ന് ശരിയാക്കിയാൽ രക്ഷപ്പെട്ടു. ഇതൊന്നും സർക്കാർ ചെയ്യാത്തതെന്താണ് ? വഴിയിലെങ്ങും ഡസ്റ്റ് ബിന്നുകൾ ഞങ്ങളും കണ്ടില്ല. ചില സ്ഥലങ്ങളിൽ, ഉദാഹരണത്തിന് ഫോർട്ട് കൊച്ചി ബീച്ച് ചിലർ വൃത്തിയാക്കുന്നത് കണ്ടു. അതുപോലെ എല്ലാവരും ചെയ്താൽ മതി പ്രശ്നം തീരും.

കേരളം ഒരു പ്രത്യേക ഇന്ത്യയാണ്. മറ്റെവിടെയും ഇതുപോലെ കടകൾ എല്ലാം അടച്ച് വാഹനങ്ങൾ ഒന്നും ഓടാതെ സമരം ചെയ്യുന്നത് കാണാനായില്ല. ഇങ്ങനൊക്കെ ചെയ്താൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുഴഞ്ഞ് പോകില്ലേ ? എയർപ്പോർട്ടിൽ എത്താൻ ടൂറിസ്റ്റുകൾ എന്തുചെയ്യും? നിങ്ങൾ സഹായിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ട്രാവൽ പ്ലാൻ എല്ലാം കുഴപ്പമാകുമായിരുന്നില്ലേ ? ‘

തലകുനിച്ച് പിടിച്ച് വണ്ടി മുന്നോട്ട് നീക്കി എന്നല്ലാതെ
ഒരു മറുപടിയുമില്ലായിരുന്നു സായിപ്പിന് കൊടുക്കാൻ.

‘അതെ സായിപ്പേ, കേരളം ഒരു പ്രത്യേക ഇന്ത്യയാണ്. കേരളത്തിൽ മാത്രമാണ് 100 % സാക്ഷരതയുള്ളത് ‘  എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ അയാൾ ചിലപ്പോൾ എന്റെ സൌജന്യസേവനം നിഷേധിച്ച് വണ്ടിയിൽ നിന്നിങ്ങറിപ്പോയെന്നും വരും.

99
ഓരോ ഹർത്താലുകളും ഇത്തരം നിരവധി അനുഭവങ്ങളാണ് തരുന്നത്.  രാജ്യത്തെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായമാണ് തുറന്ന് കാണിക്കുന്നത്. 43 പേരെ ഇന്നലെ ഞാൻ മാത്രം പലയിടങ്ങളിൽ കൊണ്ടെത്തിച്ചു. Say No To Harthal പ്രവർത്തകർ എല്ലാവരും ചേർന്ന് 1200 ന് മേൽ യാത്രക്കാരെയും പൊതുജനങ്ങളേയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. എറണാകുളത്തെ വീട്ടമ്മമാർ ഉണ്ടാക്കിത്തന്ന പൊതിച്ചോറുകൾ 250ൽ അധികം പേർക്ക് വിതരണം ചെയ്തു. സഹകരിച്ച എല്ലാ Say No To Harthal പ്രവർത്തകർക്കും വീട്ടമ്മമാർക്കും മനസ്സുകൊണ്ടെങ്കിലും കൂടെ നിന്ന ഓരോരുത്തർക്കും നന്ദി.

ഇന്ത്യക്കാരെപ്പറ്റി മോശം അഭിപ്രായമോ അനുഭവമോ മാത്രമുള്ള മൂന്ന് വിദേശികളുമായും ഇന്നലെ ഇടപെടുകയുണ്ടായി. സത്യത്തിൽ ഇന്നലെ ഏറെ വിഷമം ഉണ്ടാക്കിയ സംഭവം അതാണ്. ലിത്വാനിയക്കാരെ തിരികെ കൊണ്ടുവന്ന് നോർത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോൾ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ വിദേശി സംഘം സ്റ്റേഷനിൽ ചുറ്റിത്തിരിയുന്നു. അവർക്ക് പോകേണ്ടതും ഫോർട്ട് കൊച്ചിയിലേക്കാണ്. സംസാരത്തിൽ നിന്ന് അമേരിക്കക്കാരായിട്ട് തോന്നി. ഭാഷാ പ്രശ്നം തീരെയില്ല.

സംസാരിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ ടാക്സി ഡ്രൈവറാണോ എന്നായിരുന്നു ആദ്യ ചോദ്യം. അല്ലെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ടാക്സിക്കാരേക്കാൾ കൂടുതൽ ചാർജ്ജ് ചെയ്യുമെന്നായി. സേവനം (Service) ആണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ, ഇത് ഞങ്ങൾ Say No To Harthal എന്ന സംഘടനയുടെ സൌജന്യ സഹായമാണെന്ന് പറഞ്ഞിട്ടും അവർക്കത്ര വിശ്വാസം പോര. എനിക്ക് ഇന്ത്യാക്കാരെ നന്നായിട്ടറിയാം. സൌജന്യമാണെന്നൊക്കെ പറഞ്ഞ് കൊണ്ടുപോകും. അവിടെച്ചെല്ലുമ്പോൾ വിധം മാറും. എന്തെങ്കിലും ചതി ഉണ്ടാകും ഈ സേവനത്തിൽ എന്നൊക്കെ പറയാൻ തുടങ്ങി. നല്ല മുഴുത്ത ഇന്ത്യൻ പണി മുൻപ് എപ്പൊഴോ സായിപ്പിന് കിട്ടിയിട്ടുണ്ടെന്ന് വ്യക്തം.

ദാ അപ്പുറത്തിരിക്കുന്ന ലിത്വാനിയൻ ഫാമിലിയെ ഞാനിപ്പോൾ ഫോർട്ട് കൊച്ചി വരെ കൊണ്ടുപോയി തിരികെ കൊണ്ടുവന്നതാണ്. അവരോട് ചോദിക്കൂ ഞാനെത്ര പണം വാങ്ങി എന്ന്. എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ അതിനപ്പുറത്ത് എയ്ഡ് പോസ്റ്റിൽ ഇരിക്കുന്ന പൊലീസുകാരനോട് ചോദിക്കൂ ഞാൻ പൈസ വാങ്ങുന്ന ആളാണോ എന്ന്. എന്നിട്ട് തീരുമാനിക്കൂ എന്നുപറഞ്ഞ് മാറി നിന്നു. അവർ പ്രതികരിക്കുന്നില്ല എന്നുകണ്ട് സ്ഥലം കാലിയാക്കുകയും ചെയ്തു. പിന്നെയും രണ്ടുമൂന്ന് പ്രാവശ്യം നോർത്ത് സ്റ്റേഷനിൽ ഞാൻ ചെന്നിരുന്നു. അപ്പോഴെല്ലാം, അവർ മൂന്നും പേരും അവിടത്തന്നെ ചുറ്റിത്തിരിയുന്നുണ്ട്.

ഒന്നുകിൽ അവർ അന്വേഷണം ഒന്നും നടത്തിയിട്ടില്ല. അല്ലെങ്കിൽ അന്വേഷിച്ച് കഴിഞ്ഞപ്പോൾ എന്നെ അഭിമുഖീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ട്. രണ്ടാമതൊന്ന് പോയി ചോദിക്കാമെന്ന് വെച്ചാൽ അവർ കൃത്യമായ അകലം പാലിക്കുന്നത് പോലെ. എന്തായാലും ഇന്നലത്തെ ഹർത്താലിന്റെ ബുദ്ധിമുട്ട് അനുഭവിച്ചേ തീരൂ എന്ന് അവർക്കൊരു നിയോഗമുണ്ട്. അത് നമ്മൾ വിചാരിച്ചാൽ മാറ്റാനാവില്ലല്ലോ ?

വാൽക്കഷ്ണം:‌- ഞങ്ങൾ Say No To Harthal പ്രവർത്തകർ ശ്രമിച്ചാലും ഇല്ലെങ്കിലും വളരെ ചെറിയൊരു ശതമാനം ജനങ്ങളെ മാത്രമേ സഹായിക്കാനാവൂ. ബാക്കിയുള്ള ജനങ്ങളെ സഹായിക്കേണ്ടത് ഹർത്താൽ എന്ന സമരമുറയെ കൂട്ടുപിടിക്കുന്നവരാണ്.

—————————————————————————
മറ്റ് ഹർത്താൽ ലേഖനങ്ങൾ
1.  ചില ഹർത്താൽ വിശേഷങ്ങൾ
2.  ഹർത്താലിന് ബദൽ
3.  ഒരു ഹർത്താൽ കുറിപ്പും അഭ്യർത്ഥനയും
4.  പ്രതിഷേധമെന്നാൽ ഹർത്താൽ മാത്രമാണോ ?

Comments

comments

2 thoughts on “ രണ്ട് ഹർത്താൽ അനുഭവങ്ങൾ

  1. ഹർത്താലുകൾ പോലുള്ള ആഭാസങ്ങൾക്ക് വളംവച്ചുകൊടുക്കുന്നത് പോലീസും ഇവിടത്തെ നിയമസംവിധാനങ്ങളും തന്നെയാണ്. ഹർത്താലുകളിൽ വഴിതടയുന്നവർ, മറ്റുള്ളവരെ ആക്രമിക്കുന്നവർ എന്നിവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടായാൽ അക്രമങ്ങൾക്ക് മുതിരുന്നവരുടെ എണ്ണം കുറയും. ഭരിക്കുന്നവരും ഹർത്താലിനെ അനുകൂലിക്കുന്നവർ അല്ലെ, പിന്നെ എങ്ങനെയാണ് ഇത് അവസാനിക്കുക?

  2. നിങ്ങളെ പോലെയുള്ളവർക്ക് ദൈവം ആയുസ്സും ആരോഗ്യവും നല്കെട്ടെ……. അവർ ചിലവഴി ക്കുന്നവരാണ് തിരിച്ചൊന്നും പ്രതീഷിക്കാതെ ….. അവർക്ക് എന്റെ അടുക്കൽ ഒരു പ്രതേക സ്ഥാനമുണ്ട്

Leave a Reply to മണികണ്ഠൻ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>