വിധി മാതൃകാപരമാവണം.


11പകട സമയത്ത് കാറോടിച്ചിരുന്നത് ധനാഢ്യനായ ഈ വ്യവസായി ആയിരുന്നില്ലെന്ന് തെളിവുകളുണ്ടാക്കാൻ ബുദ്ധിമുട്ടില്ല. അന്നേ ദിവസം വ്യവസായി വിദേശത്ത് എവിടെയെങ്കിലും നടന്ന ഒരു മനുഷ്യാവകാശ ബോധവൽക്കരണ ചടങ്ങിൽ അദ്ധ്യക്ഷനായി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണെന്ന് തെളിവുണ്ടാക്കാൻ ഒട്ടും ബുദ്ധിമുട്ടില്ല. കാറിൽ നിന്ന് കണ്ടെടുത്ത ചോരക്കറ മരിച്ച വ്യക്തിയുടേതല്ലെന്ന് തെളിവുണ്ടാക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോ ? മറ്റാരും ഈ മർദ്ദനമുറകൾ കണ്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാനും സാക്ഷികളെയൊക്കെ വിലയ്ക്കെടുക്കാനും എന്തോന്ന് ബുദ്ധിമുട്ട് ?!! മരിച്ചയാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ‌വഴുതി വീണതാണെന്ന് വരുത്തിത്തീർക്കാൻ വളരെ എളുപ്പം !!

വ്യവസായിച്ചിട്ടായാലും വ്യഭിചരിച്ചിട്ടായാലും പിടിച്ച് പറിച്ചിട്ടായാലും കൈയ്യിൽ ഗാന്ധിത്തലകൾ ധാരാളം വേണമെന്നേയുള്ളൂ. ആ ഗാന്ധിത്തലകൾ കണ്ടാൽ കമിഴ്ന്നടിച്ച് വീഴാൻ തയ്യാറായി പാർട്ടിക്കാരും അധികാരിവർഗ്ഗവും എന്നുമുണ്ടല്ലോ വെളിയിൽ. പൊലീസുകാരെ കൈയ്യിലെടുക്കാൻ കാലാകാലങ്ങളായി ചെയ്ത് പോരുന്ന ചില ലൊട്ടുലൊടുക്ക് വിദ്യകൾ പ്രയോഗിക്കണം. കഴിഞ്ഞു. പിന്നെല്ലാം ഭദ്രം.

ഇത്രേമായാൽ…., ആവശ്യത്തിനും അതിലധികവും തെളിവുകൾ ഉണ്ടെങ്കിൽ മാത്രം ശിക്ഷിക്കപ്പെടുകയും ‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും എന്ന് തുടങ്ങുന്ന…’ ആ ക്ലീഷേ നിയമപ്പഴുതിന്റെ ഇടയിലൂടെ പാട്ടും പാടി ആഢംബരക്കാറിൽത്തന്നെ ഇറങ്ങിപ്പോരാം. വീണ്ടും സമൂഹത്തിൽ നെഞ്ച് വിരിച്ച് നടക്കാം. ബാക്കിയുള്ളവരുടെ ജീവന് വില പറഞ്ഞുകൊണ്ടേയിരിക്കാം. അവന്റെ മനുഷ്യാവകാശത്തെ നോക്കി കോക്രി കാണിക്കാം.

പക്ഷേ, അങ്ങനൊക്കെ ഉണ്ടായാൽ ഇന്നാട്ടിലെ പരമോന്നത നീതിപീഠത്തിന് തന്നെ കളങ്കമാകും.

അതുകൊണ്ട്, ഇത്തരം കേസുകൾ വെച്ച് താമസിപ്പിക്കാതെ മാതൃകാപരമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. പണമുള്ളവന് എന്തുമാകാമെന്ന ഗേറ്റ് വെച്ച ധാർഷ്ഠ്യവും, ആ ഗേറ്റ് തുറക്കാൻ സെക്യൂരിറ്റി വേണമെന്നുള്ള അഹങ്കാരവും ഈ കേസിന്റെ വിധിയോടെയെങ്കിലും ഇല്ലാതാകണം.

തൂക്കിലേറ്റി, തൂക്കുമരത്തിന്റെ വിലകളയരുത്. ജീവപര്യന്തമെന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിക്കൊണ്ടുള്ള വിധിയുണ്ടാകണം. മുഴുവനായി നിവർന്ന് നിൽക്കാൻ പറ്റാത്ത തരത്തിലും നീണ്ട് നിവർന്ന് കിടക്കാനുമാവാത്ത തരത്തിലുമുള്ള തടവറകൾ നിലവിൽ ഇല്ലെങ്കിൽ അങ്ങനൊന്ന് ഉണ്ടാക്കി അതിനകത്ത് ആർഭാടമായിട്ട് മേയാൻ വിടണം. അവിടെക്കിടന്ന് ചാകുന്നത് വരെ, നല്ലനടപ്പ്, വിധിയിളവ്, പരോൾ എന്നൊക്കെ പറയാൻ പോലും നാവ് പൊന്തരുത്. ഉണ്ടാക്കിയ പണമൊന്നും എടുത്ത് ചിലവാക്കാൻ യോഗമില്ലാത്ത വിധത്തിൽ എന്നെന്നേക്കുമായി തളക്കപ്പെടണം.

ജനം സധൈര്യം ആയുധമെടുത്ത് നിരത്തിലിറങ്ങി ഇതുപോലുള്ളവന്മാർക്കുള്ള ശിക്ഷ നടപ്പിലാക്കാൻ തുടങ്ങിയാൽ ആരാജകത്വത്തിലേക്ക് രാജ്യം കൂപ്പുകുത്തുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ ? അങ്ങനുണ്ടാകാതിരിക്കട്ടെ. അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ.

വിരാമതിലകം:- ഇനിയിപ്പോൾ ഈ ക്രിമിനലിന്റെ മനുഷ്യാവകാശ മുത്തുക്കുടയും നിവർത്തിപ്പിടിച്ച് തണല് വിരിക്കാൻ ഘോഷയാത്രയുണ്ടാകും. കണ്ട് ശീലമായതുകൊണ്ട് സഹിക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്ന് മാത്രം.

Comments

comments

3 thoughts on “ വിധി മാതൃകാപരമാവണം.

  1. ഇവനു വേണ്ടി വാദിക്കാനും ഒരു വക്കീൽ തയ്യാറാവുന്നതാണ് അദ്ഭുതം.

  2. വളരെ സത്യം. ഗാന്ധിത്തലകള്‍ വിചാരിച്ചാല്‍ ഒന്നുകില്‍ സെക്യൂരിറ്റിക്കാരന്‍ മരിച്ചതായി തെളിവില്ലെന്നോ അല്ലെങ്കില്‍ ഒരു മാന്യവ്യക്തിയുടെ വണ്ടിയില്‍ ചെന്നിടിച്ച് മരിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കുകയോ ചെയ്യാം.
    ഒന്നും നടന്നില്ലെങ്കില്‍ താങ്കള്‍ പറഞ്ഞപോലെ ഗാന്ധിത്തലകള്‍ ആലേഖനം ചെയ്ത മനുഷ്യാവകാശ മുത്തുക്കുടകള്‍ നിവര്‍ത്തി നഗര പ്രദക്ഷിണം നടത്തി പൗരമുഖ്യന് പിന്തുണ പ്രഖ്യാപിക്കയും ചെയ്യാം.
    നന്നായി എഴുതി. ആശംസകള്‍!

  3. ചന്ദ്രബോസ് എന്ന ആൾ ജനിച്ചതിനും ജീവിച്ചതിനും വല്ല തെളിവും ഉണ്ടോ ?? ആ ഹമ്മർ പാലാരിവട്ടം ശശി എന്ന ആളുടെതാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ . മുതലാളിക്ക്‌ ജില്ലയിൽ പോലും വീടില്ല എന്നറിയില്ലേ ….

Leave a Reply to Nidhin Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>