ദർബാർ ഹാളിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഒരാഴ്ച്ച നീളുന്ന എം.വി.ദേവൻ അനുസ്മരണ പ്രദർശനവും സെമിനാറുകളും പൊടിപൊടിക്കുന്നു. ഒന്ന് പോയി കണ്ടേക്കാമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, അതിപ്പോൾ ഈ പരിപാടിക്കായാലും ഇത് കഴിഞ്ഞുള്ള പരിപാടിക്കായാലും വീട്ടിൽ നിന്ന് ശൗചമൊക്കെ കഴിഞ്ഞ് ശങ്കകളൊക്കെ തീർത്ത് വേണം പോകാൻ.
ശങ്കകൾ എന്തെങ്കിലും തീർക്കാൻ അക്കാഡമി ഹാളിന്റെ ശൗചാലയത്തിൽ കയറാമെന്ന് കരുതിയാൽ പണി പാളും. കേരളത്തിലെ ഏതെങ്കിലും ഒരു മൂന്നാം കിട ബസ്റ്റ് സ്റ്റാന്റിലോ തീവണ്ടിയാപ്പീസിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ പോലും കാണില്ല ഇത്രയും ദുർഗ്ഗന്ധം വമിപ്പിക്കുന്ന ഒരു ശൗചാലയം.
2012ൽ ബിനാലെയുടെ ഭാഗമായി, ഒന്നേകാൽ കോടിയോളം ചിലവഴിച്ച് നവീകരിച്ച കെട്ടിടമാണിത്. ആയിരക്കണക്കിന് കലാപ്രേമികളും പ്രമുഖരുമൊക്കെ വന്ന് കലാപ്രദർശനങ്ങൾ ആസ്വദിച്ച് പോകുന്ന എറണാകുളം നഗരത്തിന്റെ തന്നെ അഭിമാനമെന്ന് പറയാവുന്ന ഈ കലാകേന്ദ്രത്തിലെ ശൗചാലയത്തിന്റെ അവസ്ഥ ഒരു വർഷത്തിലധികമായി ശോചനീയമാണ്. കാലെടുത്ത് കുത്തുമ്പോഴേക്കും, കെട്ടിക്കിടക്കുന്ന മൂത്രത്തിന്റെ നാറ്റം മൂക്ക് തുളച്ചുകയറും. ഒരിക്കൽ അതിനകത്ത് കയറി ആൾ പിന്നീട് ആ വഴിക്ക് പോകില്ല.
കെട്ടിക്കിടക്കുന്ന മൂത്രം
സ്ത്രീകളുടെ ശൗചാലയത്തിനോട് ചേർന്ന് ഒരു ടോയ്ലറ്റ് ഉള്ളത് ഉപയോഗിക്കരുതെന്ന് നോട്ടീസ് ഒട്ടിച്ച് താഴിട്ട് പൂട്ടിയ നിലയിൽ കാണാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. സ്ഥലം തികയാത്തതുകൊണ്ട് അതിനകത്ത് എന്തെങ്കിലും കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുകയാണെങ്കിൽ കൂടുതലൊന്നും പറയാനില്ല. സ്ഥിരമായി പൂട്ടിയിടാനാണെങ്കിൽ എന്തിനിതൊക്കെ ലക്ഷങ്ങളും കോടികളും ചിലവാക്കി പണിത് കൂട്ടുന്നു ?
അടച്ചിട്ടിരിക്കുന്ന ശൗചാലയം
തൂത്ത് തുടച്ച് കഴുകി വൃത്തിയാക്കി ഇടാൻ ജോലിക്കാർ ഇല്ലാത്തതുകൊണ്ടൊന്നും അല്ല ഈ ശോചനീയാവസ്ഥ. പൈപ്പുകളൊക്കെ ബ്ലോക്കാണ്. ഒഴുകിപ്പോകേണ്ടതെല്ലാം കെട്ടിക്കിടക്കുന്നു. അറ്റകുറ്റപ്പണികൾ ചെയ്യേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. മാസാമാസം ശമ്പളം ഒപ്പിട്ട് വാങ്ങിപ്പോകുന്ന തികഞ്ഞ കൃത്യവിലോപം.
മൂന്ന് മാസത്തിലധികം നീണ്ടുനിന്ന ബിനാലെ പ്രദർശനം, അത് കഴിഞ്ഞപ്പോൾ സംസ്ഥാന ചിത്രപ്രദർശനം, അതിനുശേഷം ഇപ്പോൾ എം.വി.ദേവൻ അനുസ്മരണ പ്രദർശനം. ദർബാർ ഹാളിൽ നടക്കുന്ന കലാപ്രദർശനങ്ങൾ ഇത്തരത്തിൽ ഉന്നത ശ്രേണിയിലുള്ളതാണ്. പക്ഷെ ഇതൊക്കെ നടക്കുമ്പോൾ ആസ്വാദകർക്കോ വിശിഷ്ടാതിഥികൾക്കോ ആരെക്കെങ്കിലും ശൗചാലയം ഒന്നുപയോഗിക്കണമെങ്കിൽ കണ്ണും മൂക്കും മൂടിക്കെട്ടേണ്ട അവസ്ഥയാണെന്നത് വളരെ കഷ്ടമാണ്.
ഈ സംസ്ഥാനത്തിന് അല്ലെങ്കിൽ രാജ്യത്തിന് തന്നെ ഒരു വലിയ കുഴപ്പമുണ്ട്. സ്വന്തം ശരീരത്തിൽ നിന്നായാലും വീട്ടിൽ നിന്നായാലും, മാലിന്യം എന്ന ഒരു വസ്തു പുറന്തള്ളപ്പെട്ടാൽപ്പിന്നെ അത് മറ്റുള്ളവരുടെ പ്രശ്നമാണ്. ഈ മാലിന്യമൊക്കെ മറ്റ് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നല്ല രീതിയിൽ എങ്ങനെ സംസ്ക്കരിക്കണം എന്നൊരു കാഴ്ച്ചപ്പാടോ സംവിധാനമോ ഇവിടില്ല. അതിനുള്ള സാങ്കേതികവിദ്യ പോലും ഇല്ലാത്ത തരത്തിലാണ് ഓരോരുത്തരുടേയും പെരുമാറ്റം. നമ്മള് വേണമെങ്കിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും റോക്കറ്റ് വിടും. വേണമെങ്കിൽ ആ റോക്കറ്റിൽക്കയറ്റി മലമൂത്രവിസർജ്ജ്യങ്ങൾ അടക്കമുള്ള ഇതേ മാലിന്യങ്ങൾ അന്യഗ്രഹങ്ങളിൽ കൊണ്ടുപോയി തള്ളാനുള്ള സാങ്കേതികവിദ്യ വരെ വികസിപ്പിച്ചെടുക്കും. എന്നാലും ഈ ഗ്രഹത്തിൽ ഇങ്ങനെയൊക്കെ ചീഞ്ഞ് നാറി വെറുപ്പിച്ച് മുന്നോട്ട് പോകാനേ നമുക്കാവൂ.
എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാത്ത ഒരു സംശയമുണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യ സൂപ്പർ പവർ ആകുമെന്ന് കുറേ നാളായി കേൾക്കുന്നു. നമ്മുടെ മലമൂത്രവിസർജ്ജ്യനിർമ്മാർജ്ജനവും മാലിന്യ നിർമ്മാർജ്ജനവും ഒക്കെ അപ്പോഴും ഇങ്ങനൊക്കെത്തന്നെ ആയിരിക്കുമോ ?
വാൽക്കഷണം:- ഒരപേക്ഷയുണ്ട്. അക്കാഡമി ഹാളിലെ ഈ ശൗചാലയം ഒന്ന് നന്നാക്കിയെടുക്കാൻ പറ്റുന്നില്ലെങ്കിൽ അന്തരിച്ച് പോയ കലാകാരന്മാരുടെ പേരിൽ ഓരോ പരിപാടികൾ ഈ ഹാളിൽ സംഘടിപ്പിച്ച് ആ കലാകാരന്മാരെ അപമാനിക്കരുത്. ബിനാലെ പോലുള്ള പരിപാടികൾ ഇവിടെ വെച്ച് നടത്തി ലോക ജനതയ്ക്ക് മുന്നിൽ ഈ നാടിന്റെ മാനം കെടുത്തുകയും അരുത്.
ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ മൂത്രപ്പുരകളുടെ പണ്ട് വളരെ മലീമസമായിരുന്നു. ഇന്ന അത്തരം പൊതു ഇടങ്ങളിലെ മൂത്രപ്പുരകൾ അല്പം ശുചിയായി സൂക്ഷിക്കപ്പെടുന്നു. അതും ഉത്തരേന്ത്യയിൽ നിന്നുള്ള കരാറുകാരാണ് ഈ ശുചീകരണവും പരിപാലനവും നടത്തുന്നത്. പല സർക്കാർ ഓഫീസുകളിലേയും മൂത്രപ്പുരകൾ ഇപ്പോഴും അറപ്പുളവാക്കുന്ന തരത്തിൽ തന്നെയാണ്.
ഇത്തരം സ്ഥലങ്ങള്‍ വൃത്തിയായി ഉപയോഗിക്കുന്നതിനും പലര്‍ക്കും ഒരു ട്രെയിനിംഗ് ആവശ്യമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നത് ഇതിന്റെ മറുവശം!