മാങ്ങകൾ ബഹിഷ്ക്കരിക്കേണ്ടി വരും !!


Mangos for sale at a market stallക്കയോട് മാത്രമല്ല, മാങ്ങയോടും ഫലവർഗ്ഗങ്ങളോട് ഒക്കെയും ഒടുങ്ങാത്ത ആർത്തിയാണെനിക്ക്. പക്ഷെ പഴയതുപോലെ നല്ല ഫലവർഗ്ഗങ്ങൾ പ്രത്യേകിച്ചും നല്ല മാങ്ങകൾ കഴിക്കാൻ കിട്ടുന്നില്ല ഇപ്പോൾ. കാൽ‌സ്യം  കാർബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കാൻ തുടങ്ങിയത് തന്നെ പ്രധാന കാരണം.

മാവിൽ നിന്ന് പറിക്കുന്ന മാങ്ങ കൂടകളിൽ ആക്കുന്ന സമയത്ത് തന്നെ കാൽ‌സ്യം കാർബൈഡ് പൊതികൾ അതിനിടയിൽ വെച്ചാൽ രണ്ട് ദിവസം കൊണ്ട് മാങ്ങകളുടെ തൊലിപ്പുറം മഞ്ഞനിറത്തിലാകുന്നു. എല്ലാ മാങ്ങകളും ഒരുപോലെ പഴുത്ത നിറത്തിൽ ആകുന്നതുകൊണ്ട് പഴക്കടകളിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയായിരിക്കും. ആൾക്കാരത് വാങ്ങാൻ താൽ‌പ്പര്യം കാണിക്കുകയും ചെയ്യും. രണ്ട് ദിവസത്തിൽക്കൂടുതൽ കച്ചവടക്കാർക്ക് അത് ശേഖരിച്ച് വെക്കേണ്ടിയും വരുന്നില്ല. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാകാം കാർബൈഡ് ഉപയോഗിച്ച് അവർ മാങ്ങ പഴുപ്പിക്കുന്നത്. ഒരു ടൺ മാങ്ങ ഒറ്റരാത്രി കൊണ്ട് പഴുപ്പിക്കാൻ ആവശ്യമായ ഒരു കിലോഗ്രാം കാൽ‌സ്യം കാർബൈഡിന് 80 രൂപ മാത്രമേ വിലയുള്ളൂ. എത്തിലീൻ അസറ്റ്‌ലീൻ എന്നീ ഗ്യാസുകളും മാങ്ങ പഴുപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നുണ്ട്.

പക്ഷെ ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റ് ദൂഷ്യവശങ്ങളും ഈ പ്രവൃർത്തി ചെയ്യുന്നവർ എത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്ന് നമുക്കറിയില്ല.  ക്യാൻസർ ഒരു സർവ്വസാധാരണമായ രോഗമായി മാറിയിരിക്കുന്ന കാലമാണിത്. മാങ്ങയിലെ കാർബൈഡ് അടക്കം ഭക്ഷ്യവസ്തുക്കളിലെ മായങ്ങളും, രാസവളങ്ങളും കീടനാശിനികളും ഒക്കെ ചേർന്നുള്ള പച്ചക്കറികളുമൊക്കെ കുറച്ചൊന്നുമല്ല നമ്മളകത്താക്കുന്നത്. ഫലമോ ക്യാൻസർ അടക്കമുള്ള പലപല രോഗങ്ങളും വ്യാധികളും തന്നെ !! വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്രേഡിലുള്ള കാൽ‌സ്യം കാർബൈഡിൽ മനുഷ്യശരീരത്തിന് ഹാനികരമായ ആർസനിക്കിന്റേയും ഫോസ്‌ഫറസിന്റേയും അംശങ്ങൾ അടങ്ങിയിട്ടുണ്ട്. കിഡ്ണി, കരൾ, ഹൃദയം എന്നിവയെ തകരാറിലാക്കാൻ കാർബൈഡിനാകും. ക്യാൻസറിന് പുറമേ ഗ്യാസ്ട്രിക്ക് പ്രശ്നങ്ങളും അൾസറും അടക്കമുള്ള രോഗങ്ങളും അത് സമ്മാനിക്കും.

കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ വന്നതിനുശേഷം പഴക്കടകളിൽ നിന്ന് മാങ്ങ വാങ്ങുന്നതിന് പകരം നാട്ടിൻ‌പുറങ്ങളിലെ അന്നന്ന് പറിച്ചതാണെന്ന് തോന്നിപ്പിക്കുന്ന മാങ്ങകൾ കണ്ടെത്തി വാങ്ങാനാണ് ഞാൻ ശ്രമിക്കാറുള്ളത്. പക്ഷെ അതിലും വലിയ ഉറപ്പൊന്നും പറയാനാവില്ല. ഈച്ച ആർക്കുന്നുണ്ടോ പുഴുക്കുത്ത് ഉണ്ടോ എന്നൊക്കെ നോക്കും. ഇതൊക്കെ ഉണ്ടെങ്കിൽ കാർബൈഡ് പോലുള്ള പ്രയോഗങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന ഒരു നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.

ജീവിതം മദ്രാസ്സിലായിരുന്നപ്പോൾ, ബംഗനാപ്പിള്ളി എന്ന മാങ്ങ കിലോഗ്രാമിന് 15 രൂപയ്ക്ക് വാങ്ങിക്കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. ഇപ്പോഴതിന്റെ വില 90ന് മേലെയാണ്. പക്ഷേ, അത്രയും വില നൽകിയിട്ടും കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി ബംങ്കനാപ്പള്ളി മാങ്ങ രുചിയോടെ കഴിക്കാൻ കിട്ടിയിട്ടുമില്ല. തൊലി ചെത്തിക്കഴിയുമ്പോളേക്കും മനസ്സിലാകും പഴുപ്പ് തൊലിപ്പുറത്തും തൊലിക്കടിയിലുള്ള ചെറിയ ഒരു ബാഹ്യഭാഗത്തും മാത്രമാണെന്ന്. അകത്ത് പച്ചപ്പ് വിട്ടുമാറിയിട്ടുണ്ടാകില്ല.

കഴിഞ്ഞ മാസം കൊടുങ്ങലൂർ ടി.കെ.എസ്.പുരത്തെ ഒരു കടയിൽ നിന്ന് മാമ്പഴങ്ങൾ വാങ്ങിയപ്പോൾ ഉണ്ടായ അനുഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. രണ്ട് കൂട്ടം മാങ്ങകൾ ഇരിക്കുന്നുണ്ട്. അതിലൊന്ന് ചൂണ്ടി കടക്കാരൻ പറഞ്ഞു. ‘അത് കാർബൈഡ് ഉപയോഗിച്ചതാണ്. ഇത് ദാ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് ഇന്നലെ പറിച്ച് കൊണ്ടുവെച്ചതാണ്. ‘ എന്നുവെച്ചാൽ കടക്കാർക്ക് പലർക്കും കൃത്യമായി അറിയാം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ ഏതാണെന്ന്. എന്നിട്ടും അവരത് വിറ്റുകൊണ്ടേയിരിക്കുന്നു. ഇതുകൊണ്ട് അപകടം ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്ന സാധാരണക്കാരാണ് ഈ പഴക്കച്ചവടക്കാരിൽ നല്ലൊരു വിഭാഗവും എന്നതാണ് ശ്രദ്ധേയം.

900

മാങ്ങാക്കൂടകളിലേക്ക് കാർബൈഡ് തയ്യാറാക്കുന്നവർ – ദ ഹിന്ദു ചിത്രം 

ഭക്ഷ്യസുരക്ഷാ വകുപ്പ് അത്യാവശ്യമായി ചെയ്യേണ്ടത് കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ കണ്ടുപിടിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ എന്തെങ്കിലും ചികഞ്ഞെടുത്ത് അത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. കാർബൈഡ് മാങ്ങകൾ ജനങ്ങൾ നിരസിക്കാൻ തുടങ്ങുന്നതോടെ അവയ്ക്ക് മാർക്കറ്റിൽ പിടിച്ച് നിൽക്കാൻ പറ്റാതാകും. പിന്നൊന്ന് ചെയ്യേണ്ടത് കച്ചവടക്കാരെ ബോധവൽക്കരിക്കുക എന്നതാണ്. ജനങ്ങളെ മുഴുവൻ മാരക രോഗങ്ങൾക്ക് അടിമയാക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും ഇത് അവരുടെ കുടുംബത്തേയും ബാധിക്കുന്ന കാര്യമാണെന്നും പറഞ്ഞ് മനസ്സിലാക്കുക. നിറയെ പണമുള്ളവൻ എന്ത് രോഗം വന്നാലും പണം വാരിയെറിഞ്ഞ് ചികിത്സിച്ച് ആയുസ്സ് കുറേക്കൂടി നീട്ടിയെടുത്തെന്ന് വരും. പഴക്കട പോലുള്ള കൊച്ചുകൊച്ചു കച്ചവടങ്ങൾ നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ മാറാരോഗങ്ങളും ദുരിതങ്ങളും വന്നാൽ ചികിത്സിക്കാൻ പോലും കഴിയാതെ തകർന്നുപോകും. അത് മനസ്സിലാക്കാൻ അവർക്കത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

പഴക്കച്ചവടക്കാരുടെ ഗോഡൌണുകൾ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കപ്പെടണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകണം. ഭക്ഷണത്തിൽ മായം കലർത്തുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായി സെൿഷൻ 44 A പ്രകാരം നിരോധിക്കപ്പെട്ട രാസവസ്തുവാണ് കാൽ‌സ്യം കാർബൈഡ്.

ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുക. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മാമ്പഴ ലോറികളിലും ട്രക്കുകളിലും കാൽ‌സ്യം കാർബൈഡ് കണ്ടെത്താനായാൽ, അതിർത്തി കടന്ന് അവയൊന്നും സംസ്ഥാനത്തേക്ക് കടക്കില്ല എന്നുറപ്പ് വരുത്തുക.

പിന്നൊരു കാര്യം ചെയ്യേണ്ടത് കാൽ‌സ്യം കാർബൈഡിന്റെ വിൽ‌പ്പന മോണിറ്റർ ചെയ്യുക എന്നതാണ്. വ്യാവസായിക ആവശ്യങ്ങൾക്കായി അതുപയോഗിക്കുന്നവർ ഉണ്ടാകാം. അതല്ലാതെ മറ്റാരൊക്കെ കാർബൈഡ് വാങ്ങുന്നു എന്നും എവിടെയെല്ലാം അത് ഉപയോഗിക്കുന്നു എന്നും പിന്തുടർന്നാൽ മാമ്പഴത്തിൽ കാർബൈഡ് ഉപയോഗിക്കുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും സാധിച്ചെന്ന് വരും.

അതുവരെ ജനങ്ങൾ മാമ്പഴങ്ങൾ ബഹിഷ്ക്കരിക്കാനും തയ്യാറാകേണ്ടി വരും. നല്ല മാമ്പഴങ്ങൾ പോലും വിറ്റുപോകുന്നില്ല എന്ന അവസ്ഥ വന്നാലേ ഇതിനൊരു അറുതി ഉണ്ടാകൂ. കാർബൈഡ് ഉപയോഗിക്കുന്നതുകൊണ്ട് തൂക്കം കൂടുന്നില്ല. ആകർഷകമായ നിറത്തിൽ മാങ്ങകൾ പ്രദർശിപ്പിച്ച് വിറ്റഴിക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഒരു മെച്ചവും കടക്കാർക്ക് ഉണ്ടാകുന്നില്ല. മാങ്ങ പറിച്ച് കടകളിലേക്ക് എത്തിക്കുന്ന ഇടനിലക്കാർക്ക് പഴുക്കുന്നത് വരെ അത് സൂക്ഷിച്ച് വെച്ച് സമയവും സ്ഥലവും പാഴാക്കണ്ട എന്നൊരു മെച്ചം മാത്രമേ അപകടകരമായ ഈ കാർബൈഡ് പരിപാടിക്ക് പിന്നിലുള്ളൂ. സ്വാഭാവികമായ രീതിയിൽ പഴുക്കുന്നത് വരെ കാത്തുവക്കുക എന്നത് അവർക്ക് ചിലവുള്ള കാര്യമാണ്.

ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിൽ കണ്ട ഒരു വാർത്താശകലം കൂടെ ആയപ്പോൾ ഞെട്ടൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി. വിദേശത്തേക്ക് കയറ്റിവിടാൻ വെച്ചിരിക്കുന്ന മാമ്പഴങ്ങളിൽ കാർബൈഡ് ഉണ്ടെന്ന് മനസ്സിലാക്കി ചാനലുകാരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും അത് പരിശോധിച്ചപ്പോൾ കാർബൈഡ് ഇല്ലാത്ത ഒരു കൂട പോലും കിട്ടിയില്ല. എയർപ്പോർട്ട് വഴി കയറിപ്പോകുന്ന ഭക്ഷ്യവസ്തുക്കളിൽ‌പ്പോലും യാതൊരു പരിശോധനയും നടക്കുന്നില്ല എന്നത് കുറ്റകരമായ വീഴ്ച്ചയാണ്.  പിടിച്ചെടുത്ത ഒരു ടണ്ണോളം മാമ്പഴം മുഴുവൻ കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കാൻ തുടങ്ങിയപ്പോൾ വലിയ സ്ഫോടനത്തോടെയാണ് തീ പടർന്നത്. കാൽ‌സ്യം കാർബൈഡും പെട്രോളും സമ്മേളിച്ചപ്പോൾ അതിന്റെ രസതന്ത്രം സ്ഫോടനാത്മകമായി മാറുകയായിരുന്നു. (മാതൃഭൂമി വീഡിയോ ഇവിടെ കാണാം.  പത്തനം‌തിട്ടയിൽ കാർബൈഡ് നിറച്ച വണ്ടിയിൽ പഴങ്ങൾ വിൽക്കുന്നത് നാട്ടുകാർ ഇടപെട്ട് പൊലീ‍സിൽ പിടിപ്പിക്കുന്നതിന്റെ വീ‍ഡിയോ ഇവിടെ കാണാം.)

പ്രതിരോധ നടപടികൾക്ക് സർക്കാറും ജനങ്ങൾ സ്വയവും മുന്നിട്ടിറങ്ങിയില്ലെങ്കിൽ, ഇനിയുള്ള നാളിൽ സ്വന്തം പുരയിടത്തിൽ നിന്നോ തോട്ടത്തിൽ നിന്നോ അല്ലാതെയുള്ള മാമ്പഴം കഴിക്കുന്ന ഓരോരുത്തരേയും കാത്തിരിക്കുന്നത് രോഗങ്ങളുടേയും ദുരിതങ്ങളുടേയും കാലങ്ങളായെന്ന് വരാം. അങ്ങനെയുണ്ടാകാതിരിക്കട്ടെ. വൈക്കോലിൽ വെച്ച് പഴുപ്പിച്ചിരുന്ന മാങ്ങകളുടെ, നഷ്ടപ്പെട്ടുപോയ ആ നല്ല മാമ്പഴക്കാലം തിരിച്ചുപിടിക്കുന്നതിന് ഉതകുന്ന നിരീക്ഷണങ്ങളും സത്വര നടപടികളും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Comments

comments

2 thoughts on “ മാങ്ങകൾ ബഹിഷ്ക്കരിക്കേണ്ടി വരും !!

  1. കുറച്ച് കാലത്തേക്ക് മാങ്ങാ വാങ്ങാതിരിക്കുക…… ആരോഗ്യത്തെക്കൾ വലുതല്ല മറ്റൊന്നും – ബഷീർ ഇ

Leave a Reply to Basheer Vallikkunnu Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>