ഡീ.സി. ബുക്ക്സിന്റെ റിവാർഡ്സ് !!


ഡീസി ബുക്ക്സിന്റെ വി.ഐ.പി കാർഡും, പുതുതായി നടപ്പിലാക്കുന്ന റിവാർഡ്സ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇന്നലെ ഞാൻ ഫേസ്ബുക്കിൽ ഇട്ടിരുന്നു. അത് താഴെ കാണുന്ന പ്രകാരമാണ്.

88

പലരും ഈ പോസ്റ്റ് ഷെയർ ചെയ്തു. പലരും അവരുടെ സമാന അനുഭവങ്ങൾ അഭിപ്രായങ്ങളായി പങ്കുവെച്ചു.

ഇന്ന് (09 ജൂൺ) ഉച്ചയ്ക്ക് ഡീസിയിൽ നിന്ന്, CEO ശ്രീ രവി ഡീസി എന്നെ വിളിക്കുകയും ഈ വിഷയത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് അറിയിക്കുകയും ചെയ്തു. ഡീസിയുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ഒരു ആശങ്ക പങ്കുവെച്ചപ്പോൾ അക്കാര്യമറിഞ്ഞ് ഫോണിൽ വിളിച്ചതിനും എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്ന് പറഞ്ഞ് മെയിൽ ഐഡി തന്നതിനും ആദ്ദേഹത്തിനോട് നന്ദി അറിയിക്കുന്നു.

ഇന്ന് രാവിലെ മുതൽ വെളിയിലായിരുന്ന ഞാൻ, വീട്ടിൽ തിരികെ എത്തിയപ്പോൾ എനിക്കും എന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവർക്കും കമന്റ് ഇട്ടവർക്കും എല്ലാം ഡീസിയുടെ വിശദീകരണം കിട്ടിയിരിക്കുന്നതായി മനസ്സിലായി. എനിക്ക് ഫേസ്ബുക്ക് മെസ്സേജ് ബോക്സ് വഴി കിട്ടിയ ഡീസിയുടെ വിശദീകരണം ഇപ്രകാരമാണ്.

44

ഫേയ്‌സ് ബുക്കില്‍ മനോജ് രവീന്ദ്രന്റെ പോസ്റ്റും മറ്റ് കമന്റുകളും ശ്രദ്ധിച്ചു.

വിഐപി അംഗങ്ങള്‍ക്ക്- അംഗമായിരിക്കുന്ന കാലത്തോളം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഇതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ പുതിയ അംഗത്വം നല്‍കുന്നില്ല. കാലാവധി കഴിയുന്ന അംഗങ്ങള്‍ക്ക് വ്യവസ്ഥ പ്രകാരമുള്ള എല്ലാ വാഗ്ദാനങ്ങളും അതേപടി നല്‍കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ഞങ്ങളുമായി സുധീര്‍ഘമായ കാലങ്ങളായി ബന്ധം പുലര്‍ത്തിപ്പോരുന്ന ഞങ്ങളുടെ വിഐപി അംഗങ്ങള്‍; DC Rewards-ല്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക്, ലോയല്‍റ്റി ബോണസായി അധികമായി ചില ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഞങ്ങളുടെ ചില പുസ്തകശാലകളില്‍നിന്നും വേണ്ടവിധം ആശയവിനിമയം നടത്തികിട്ടുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതായിരിക്കാം തെറ്റിധാരണക്കാധാരം. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നു.

വിഐപി അംഗങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഒരിക്കല്‍ക്കൂടി ഡി സി ബുക്‌സ് ഉറപ്പുനല്‍കുന്നു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു…

DC Books

ഇങ്ങനെ ഒരു വിശദീകരണം കിട്ടിയെങ്കിലും, ഇനിയും തീരാത്ത ചില ആശങ്കകൾ ഡീസിയുമായും ഡീസി VIP കാർഡ് അംഗങ്ങളുമായും കുറേക്കൂടെ കൃത്യമായി പങ്കുവെക്കാൻ ഞാനാഗ്രഹിക്കുന്നു. പറ്റുമെങ്കിൽ ഇതിനുള്ള മറുപടി വ്യക്തമായിത്തന്നെ ഡീസിയുടെ സൈറ്റിലോ പ്രസിദ്ധീകരണങ്ങളിലോ ബുള്ളറ്റിനിലോ നൽകിയാൽ എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് അറിയിക്കട്ടെ.

ഇനിയും തീരാത്ത ആശങ്കകളും സംശയങ്ങളും…..

1. ചില സാങ്കേതിക കാരണങ്ങളാൽ അംഗത്വം നൽകുന്നില്ല എന്ന് ഡീസി പറയുന്നത് അംഗീകരിക്കുന്നു. വി.ഐ.പി. ഗോൾഡ് കാർഡ് അംഗത്വം വളരെ മുന്നേ തന്നെ നിർത്തലാക്കിയതാണ്. ഇപ്പോൾ സിൽ‌വർ കാർഡും നിർത്തലാക്കിയെങ്കിൽ അത് ഡീസിയുടെ തീരുമാനമാണ് അതിനെ ചോദ്യം ചെയ്യാൻ വായനക്കാർക്ക് അവകാശമില്ല. പക്ഷേ, നിലവിലുള്ള അംഗത്വങ്ങൾ കാലാവധി കഴിയുന്ന മുറയ്ക്ക്,  മുൻപ് ചെയ്തിരുന്നത് പോലെ പുതുക്കി കൊടുക്കുമോ ഇല്ലയോ എന്ന് വ്യക്തമല്ല. ഇത് പുതിയ അംഗത്വം അല്ലല്ലോ ? പഴയ അംഗത്വം കാലാവധി കഴിയുമ്പോൾ പുതുക്കുന്നതല്ലേ ?

2.  ഡീസിയുടെ വിശദീകരണം വന്നതിന് ശേഷവും എന്റെ സുഹൃത്ത് Rajesh Tc എന്റെ പോസ്റ്റിനടിയിൽ ഇട്ടിരിക്കുന്ന കമന്റ് നോക്കുക.

66

എന്റെ കയ്യിൽ VIP സിൽവർ കാർഡാണ് ഉണ്ടായിരുന്നത്. ആ കാർഡ് ഉപയോഗിച്ച് എല്ലാ വർഷവും നിശ്ചിത തുകയ്ക്കുള്ള ബുക്കുകൾ ഫ്രീയായും മറ്റ് ബുക്കുകൾക്ക് നിശ്ചിത ശതമാനം ഡിസ്കൗണ്ടുകളും കിട്ടിയിരുന്നു.എന്റെ കാർഡ് ഈ വർഷം കാലാവധി തീർന്നു. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച് (ജൂൺ5) നു തൃശൂർ ഡി.സി ബുക്ക്സിൽ ചെന്നപ്പോൾ അവർ പറഞ്ഞത് എല്ലാ വി ഐ പി കാർഡുകളും നിർത്തലാക്കി പകരം റിവാർഡ് കാർഡുകളാണ് തരുന്നത്.എന്റെ കാർഡ് അവർ വാങ്ങി വെച്ചിട്ട് പുതിയ റിവാർഡ് കാർഡ് തന്നു) അതിൻ പ്രകാരം ഓരോ തവണയും നമ്മൾ പർച്ചേയ്സ് ചെയ്യുമ്പോൾ റിവാർഡ് കാർഡ് സ്ക്രേച്ച് ചെയ്ത് നമ്മുക്ക് പോയ്ന്റ് കിട്ടും.2000 (അതോ 2500) പോയന്റെ ആകുമ്പോൾ 250രൂപയുടെ പുസ്ത്കം നമ്മുക്ക് ഫ്രീയായി കിട്ടും. ചില വിമാനകമ്പനികളും, ക്രെഡിറ്റ് കാർഡ് കമ്പനികളും ചെയ്യുന്നതു പോലെയുള്ള ഒരു സംവിധാനം. പുതിയ സംവിധാനത്തിൽ നമ്മുക്ക് വലിയ മെച്ചം ഇല്ല. 

തൃശൂർ ഡീസി സ്റ്റോറിൽ രാജേഷിന്റെ വി.ഐ.പി. കാർഡുകൾ വാങ്ങിവെച്ച് പകരം റിവാർഡ് കാർഡ് നൽകി എന്ന് പറയുന്നു. ഇത് ശരിയാണെങ്കിൽ ഡീസിയുടെ അവകാശവാദം പൊള്ളയാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് വിശദീകരണം നൽകാൻ ഡീസിക്ക് ബാദ്ധ്യതയുണ്ട്. ഡീസിയുടെ അറിവോ നിർദ്ദേശമോ ഇല്ലാതെ ഇത് സംഭവിക്കുമോ ?  എറണാകുളത്തെ സ്റ്റോറിൽ എന്നോട് പറഞ്ഞ കാര്യം രാജേഷിന്റെ കാര്യത്തിൽ തൃശൂർ സ്റ്റോറുകാർ നടപ്പിലാക്കിക്കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചു ?

3. വി.ഐ.പി. കാർഡുകൾ കാലാവധി കഴിയുമ്പോൾ പുതുക്കിക്കൊടുക്കാതെ നിർത്തലാക്കാൻ  പദ്ധതിയുണ്ടോ ?  അംഗമായിരിക്കുന്നിടത്തോളം കാലം എല്ലാ ആനുകൂല്യങ്ങളും നൽകുന്നതാണ് എന്ന് ഡീസി പറയുന്നു. അംഗത്വം കാലാകാലങ്ങളിൽ പുതുക്കി കൊടുക്കുമോ ഇല്ലയോ ?

4. പുസ്തകശാലകളിൽ വേണ്ടവിധം ആശയ വിനിമയം നടക്കുന്നില്ല എന്ന് ഡീസി തന്നെ സമ്മതിക്കുന്നു. കൃത്യമായ ആശയവിനിമയത്തിനായി പ്രിന്റ് ചെയ്ത ലീഫ് ലെറ്റുകൾ സ്റ്റോറുകളിൽ വിതരണം ചെയ്യാൻ തയ്യാറാണോ ? സൈറ്റിലും ഈ വിശദീകരണങ്ങൾ പ്രസിദ്ധപ്പടുത്താമോ ?

5. വി.ഐ.പി. കാർഡുകൾക്ക് പുറമേയുള്ള സംവിധാനമാണ് റിവാർഡ് സിസ്റ്റം എന്ന് ഉറപ്പിച്ച് പറയാൻ തയ്യാറാണോ ? വി.ഐ.പി. കാർഡുകൾ നിർത്തലാക്കുന്നതിന് പകരം കൊണ്ടുവരുന്ന പദ്ധതിയായാണ് റിവാർഡ്സിനെ എനിക്ക് മനസ്സിലാക്കാനാവുന്നത്.

6. എന്റെ പോസ്റ്റിനടിയിൽ നിഷാദ് യൂസഫ് എന്ന സുഹൃത്തിന്റെ കമന്റ് ശ്രദ്ധിക്കുക.

22

There is no official announcement made about the VIP card program. They are spreading the news through the shop guys only. I have been hearing the same since three years. Ithu chitticompany polulla paripaadi aayi. Ottayadiku nirthalaakiyaal fund kondukande,athukondu ippol puthiya program.

അദ്ദേഹം പറയുന്നത് പ്രകാരം വി.ഐ.പി. കാർഡുകൾ നിർത്തലാക്കാൻ പോകുന്നു എന്ന വായ്മൊഴി ഡീസി സ്റ്റോറുകളിൽ നിന്ന് 3 വർഷത്തോളമായി കേൾക്കുന്നു. ഇതേപ്പറ്റി എന്ത് പറയുന്നു?  ഇത്രയും നാളായി സ്റ്റോറുകളിൽ നിന്ന് ഇങ്ങനെ ഒരു സൂചന പ്രചരിക്കുന്നത് ഡീസിയുടെ അറിവോടെ അല്ലെന്നാണോ ? രാജേഷിന്റെ അനുഭവം കൂടെ ചേർത്ത് കണ്ടാൽ ഇത് നടപ്പിലാക്കിത്തുടങ്ങി എന്നല്ലേ മനസ്സിലാക്കേണ്ടത്. സ്റ്റോറുകളിൽ ഉള്ളവരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ ഡീസി ശ്രമിക്കില്ലേ ? സ്റ്റോറുകളിൽ നിന്ന് വേണ്ടവിധം ആശയവിനിമയം നടന്നിട്ടില്ല എന്ന് പറയുമ്പോൾ കൃത്യമായി അവർക്ക് പറയാനുള്ളത് അവർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഇതേപ്പറ്റിയെല്ലാം വിശദമായിത്തന്നെ ഡീസിയുടെ ഭാഗത്തുനിന്ന് അറിയിപ്പുണ്ടാകുമെന്ന് വിശ്വസിക്കുന്നു. എല്ലാ വായനക്കാരും അംഗങ്ങളും അറിഞ്ഞുകൊണ്ടുതന്നെ ചർച്ച ചെയ്യേണ്ട ഒരു വിഷയമായതുകൊണ്ടാണ് ശ്രീ രവി ഡീസി യ്ക്ക് വ്യക്തിപരമായി ഈ-മെയിൽ അയച്ച് അറിയാൻ ശ്രമിക്കുന്നതിന് പകരം ഓൺലൈനിലൂടെ തന്നെ ഇത് ചർച്ചയാക്കുന്നത്.

ഇതിനെല്ലാം കൃത്യമായ വിശദീകരണവും തീർപ്പും ഡീസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് വരെ വായനക്കാരും വി.ഐ.പി. കാർഡ് അംഗങ്ങളും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

1. നിങ്ങളുടെ കാർഡുകൾ ഒരു കാരണവശാലും സ്റ്റോറുകളിൽ തിരിച്ചേൽ‌പ്പിക്കരുത്.

2. അഥവാ, ഡീസിയുടെ തീരുമാനം വി.ഐ.പി. കാർഡ് സേവനം അവസാനിപ്പിക്കുക എന്നാണെങ്കിൽ‌പ്പോലും, കാർഡിന്റെ പണം തിരികെ വാങ്ങി വേണം കാർഡ് സേവനം അവസാനിപ്പിക്കാൻ. ഒരിക്കലും ആ തുകയ്ക്കുള്ള പുസ്തകങ്ങൾ വാങ്ങി സേവനം അവസാനിപ്പിക്കാൻ അനുവദിക്കരുത്. പുസ്തകം വാങ്ങിയാൽ, 5 സിൽ‌വർ കാർഡ് ഉള്ള ഒരാൾ 5000 രൂപയുടെ പുസ്തകങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ നിർബന്ധിതനാകുന്നു. അത്രയും പണത്തിന് കണക്കായി അയാൾക്ക് ആവശ്യമുള്ള അത്രയും പുസ്തകങ്ങൾ സ്റ്റോറിൽ ഇല്ലെങ്കിൽ, കിട്ടുന്ന പുസ്തകങ്ങൾ വാങ്ങാൻ അയാൾ നിർബന്ധിതരാകുന്നു. മാത്രമല്ല ഡീസിക്ക് അത്രയും പുസ്തകങ്ങൾ ഒറ്റയടിക്ക് വിറ്റഴിക്കാനും കഴിയുന്നു. കാർഡിന്റെ തുക ഡീസിയിൽ നിന്ന് തിരികെ വാങ്ങി നിങ്ങൾക്കാവശ്യമുള്ള പുസ്തകങ്ങൾ മറ്റ് സ്റ്റോറുകളിൽ നിന്ന് വാങ്ങാമെന്നുള്ളപ്പോൾ ഡീസിയുടെ തന്നെ നിങ്ങൾക്ക് ആവശ്യമില്ലാത്ത പുസ്തകങ്ങൾ എന്തിന് വാങ്ങുന്നു ?

ഇതൊരു വ്യവസായം മാത്രമായല്ല, പുസ്തകങ്ങളോടും മലയാള സാഹിത്യത്തോടും ഉള്ള സേവനം കൂടെയാണെന്ന് ഡീസി പറയുന്നതിൽ കഴമ്പുണ്ടെങ്കിൽ വായനക്കാരുടേയും കാർഡ് അംഗങ്ങളുടേയും ആശങ്കകൾ ഉടനെ തീർത്ത് തരണമെന്നും കാർഡുകൾ തിരികെ വാങ്ങിയ അംഗങ്ങൾക്ക് അത് മടക്കിക്കൊടുത്ത് കാർഡ് സേവനം പഴയപടി നിലനിർത്തണമെന്നും  അഭ്യർത്ഥിക്കുന്നു. ഡീസി പുസ്തകങ്ങൾക്ക് ഇക്കാലമത്രയും വായനക്കാർക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യത അതുപോലെ തന്നെ നിലനിൽക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ ഇത്തരം ചില നീക്കങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷിക്കാമല്ലോ ?!

Comments

comments

5 thoughts on “ ഡീ.സി. ബുക്ക്സിന്റെ റിവാർഡ്സ് !!

  1. ഡി.സി-യുടെ ഉറപ്പും ജീവനക്കാരുടെ വിരുദ്ധമായ പെരുമാറ്റങ്ങളും വെച്ച് ഇത് വായനക്കാരനെ കബളിപ്പിച്ച് വഴിയിലുപേക്ഷിക്കുന്ന പരിപാടിയായി തോന്നുന്നു.
    വി.ഐ.പി കാർഡ് ഉടമകളുടെ സഹകരണം കൊണ്ട് കൂടി വളർന്ന , സാംസ്ക്കാരികസ്ഥാപനം എന്നുകൂടി വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനത്തിനു ഭൂഷണമല്ല ഈ നീക്കം.
    മനോജ് അവതരിപ്പിച്ച പ്രസക്തമായ പോയിന്റുകൾക്ക് കൃത്യമായ മറുപടി തന്ന് വ്യക്തത ലഭിക്കേണ്ടത് വായനാസമൂഹത്തിന്റെ അവകാശമാണ്. സ്ഥാപനത്തിന്റെ ശരിയായ താല്പര്യത്തിനും അത് അനുഗുണമായിരിക്കും.

  2. ന്യായമായ ചോദ്യങ്ങൾ തന്നെ. ഡി.സി. വ്യക്തമായ മറുപടി നൽകും എന്നു പ്രത്യാശിക്കുന്നു.

    വായനയെ പ്രോൽസാഹിപ്പിക്കുകയല്ല, കച്ചവടമാണ് പ്രാഥമിക ലക്ഷ്യം എന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും ഡി.സി.ക്കുണ്ട്. കാശു മുടക്കി പുസ്തകം വാങ്ങുമ്പോൾ ഡി.സി.പുസ്തകങ്ങൾ വേണ്ട എന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം വായനക്കാർക്കും.

    ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം അതു ജനങ്ങൾക്കിടയിൽ നേടിയ ‘ഗുഡ് വിൽ’ ആണ്. ഡി.സി.കിഴക്കേമുറി വഴി ജനമനസ്സിൽ കയറിയ പ്രീതി രവി ഡീസി നിലനിർത്തും എന്നു തന്നെ പ്രത്യാശിക്കുന്നു.

  3. 2014 ആഗസ്റ്റിൽ തൃശൂർ ഡി.സി. ബുക്സിൽ വി.ഐ.പി. കാർഡിനുള്ള പണം അടച്ചിരുന്നു. കാർഡ്‌ തപാൽ വഴിയാണ് ലഭിക്കുകയെന്നും ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ എന്റെ നാട്ടുവിലാസത്തിൽ അയച്ചാൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നും, അതുകൊണ്ട് തൃശൂർ ഷോറൂമിൽ വാങ്ങി സൂക്ഷിക്കാമെന്നും അന്ന് ജീവനക്കാരൻ പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസങ്ങൾക്ക് ശേഷം അടുത്ത അവധിക്കാലത്ത്‌ 2015 ഫെബ്രുവരിയിൽ ഡി.സി. ഷോറൂമിൽ ചെന്നപ്പോഴും അവിടെ കാർഡ്‌ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.

    പണമടച്ച്‌ ഒരു പദ്ധതിയിൽ ചേർന്നയാൾക്ക് ആറുമാസം കഴിഞ്ഞിട്ടും കാർഡ്‌ ലഭിക്കാത്തതിന്റെ ‘കാര്യക്ഷമത’യെക്കുറിച്ച് അപ്പോഴേ സംശയം തോന്നിയിരുന്നു.

  4. പുസ്തകങ്ങളുമായി വലിയ ചങ്ങാത്തം ഇല്ലാത്തതിനാൽ ഇങ്ങനെ ഒരു പ്രശ്നം ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. ഡി സിയിൽ നിന്നും വ്യക്തമായ നടപടികൾ ഉണ്ടാകും എന്ന് തന്നെ പ്രത്യാശിക്കാം

Leave a Reply to Jomi Thomas Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>