വിഡ്ഢികളായ മോഷ്ടാക്കൾ !!


11

കേരളം ഈയടുത്ത് കണ്ടതിൽ ഏറ്റവും വിഡ്ഢികളായ മോഷ്ടാക്കളാണ്, തൃശൂരിലെ എ.ടി.എം, പാസ്സ്‌വേർഡ് ഉപയോഗിച്ച് തുറന്ന് കവർച്ച നടത്തിയത്. എ.ടി.എം. കുത്തിപ്പൊളിച്ച് പണം എടുത്തുകൊണ്ട് പോയിരുന്നെങ്കിൽ‌പ്പോലും പൊലീസിന് കുറേക്കൂടെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു പ്രതികളെ കണ്ടുപിടിക്കാൻ.

പാസ്സ്‌വേർഡ് ഉപയോഗിച്ച് മെഷീൻ തുറന്ന് പണമെടുത്താൽ, അതിന് പിന്നിൽ, പണം മെഷീനിൽ നിറയ്ക്കുന്ന ഏജൻസിയുടെ ആൾക്കാരോ അല്ലെങ്കിൽ ബാങ്ക് ജീവനക്കാരോ അല്ലാതെ മറ്റാരെങ്കിലും ആവാനുള്ള സാദ്ധ്യത വിരളമാണ്. ജോഷി സംവിധാനം ചെയ്ത റോബിൻ ഹുഡ് എന്ന പൃഥ്വിരാജ് സിനിമയിലെ പോലെ സാങ്കേതികവിദ്യ ഉപയോഗിച്ച് എ.ടി.എം.കൊള്ളയടിക്കുന്നത്, ഒരു ത്രില്ലർ സിനിമാ കഥയ്ക്ക് ചേരും എന്നല്ലാതെ കള്ളന്മാർക്ക് എത്രകണ്ട് പ്രായോഗികമാകുമെന്നത് സംശയമാണ്.

എന്തായാലും ഒരാഴ്ച്ചയ്ക്കകം പ്രതികൾ വലയിലായി. കളവുപോയ 26 ലക്ഷം രൂപയിൽ നിന്ന് 8 ലക്ഷം ഒഴികെയുള്ള തുക പ്രതികളിൽ നിന്ന് തിരിച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.

2 പേർ മാത്രം അറിയേണ്ട സ്വകാര്യ കോഡ് 12 പേർക്ക് അറിയാമായിരുന്നു എന്ന് തുടങ്ങി ഒരുപാട് വീഴ്ച്ചകൾ എ.ടി.എം. പണം നിറയ്ക്കലുമായി പുറത്ത് വന്നിരിക്കുന്ന ഈ അവസരത്തിൽ, എ.ടി.എം.ൽ നിന്ന് കിട്ടുന്ന കള്ളനോട്ടിന് പിന്നിലും ഈ സംഘങ്ങളല്ലാതെ മറ്റാരുമല്ല എന്നൊരു കാര്യം കൂടെ വളരെ കൃത്യമായി പൊതുജനത്തിന് ബോദ്ധ്യമായിരിക്കുകയാണ്. ബാങ്ക് ജോലി പലരും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ഒന്നാണ്. അതുപോലല്ല മെഷീനിൽ പണം നിറക്കാൻ നിയുക്തരായിട്ടുള്ള ‘ബ്രിങ്ക് ആര്യ‘ പോലുള്ള സ്ഥാപനങ്ങളിലെ ജോലി. ഇവരാകട്ടെ മറ്റ് സ്വകാര്യ ഏജൻസികൾക്ക് സബ് കോൺ‌ട്രാൿറ്റ് കൊടുക്കുന്ന പതിവും  ഉണ്ടത്രേ ! അങ്ങനെ നോക്കിയാൽ ബാങ്ക് ജീവനക്കാരേക്കാൾ കൂടുതലായി ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ സ്വകാര്യ ഏജൻസികളിലെ ജീവനക്കാർ വരുന്നതിൽ അത്ഭുതമൊന്നുമില്ല.

എ.ടി.എമ്മിൽ നിന്ന് കള്ളനോട്ട് കിട്ടിയാൽ അത് തെളിയിക്കാൻ പൊതുജനത്തിന് ബുദ്ധിമുട്ടാണെന്നുള്ളതുകൊണ്ട് ആ പണം അവർക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കള്ളനോട്ടുകൾ വ്യാപകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ മെഷീനകത്ത് കള്ളനോട്ടുണ്ടെങ്കിൽ അത് വെളിയിലേക്ക് വരാതെ അകത്ത് തന്നെ നിർത്താനുള്ള സംവിധാനമുള്ള മെഷീനുകൾ ഡിസൈൻ ചെയ്തെടുക്കേണ്ടതിനെപ്പറ്റി ആലോചിക്കേണ്ടതാണ്.

മറ്റ് ബാങ്കുകളുടെ മെഷീനിൽ നിന്ന് മാസത്തിൽ മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ പണമെടുത്താൽ ചാർജ്ജ് ഈടാക്കുക. സ്വന്തം ബാങ്കിന്റെ എ.ടി.എം.ൽ നിന്നായാലും അഞ്ച് പ്രാവശ്യത്തിൽ കൂടുതൽ പണമെടുത്താൽ ചാർജ്ജ് ഈടാക്കുക.(ഇത് നിലവിൽ വന്നോ എന്ന് അനുഭവത്തിലൂടെ അറിയില്ല.) എ.ടി.എം.ൽ നിന്ന് കള്ളനോട്ടുകൾ കിട്ടുക. എം.ടി.എം.അപ്പാടെ കട്ടുകൊണ്ടുപോകുക എന്നിങ്ങനെ എ.ടി.എമ്മുമായി ബന്ധപ്പെട്ട് പുലിവാലുകൾ ഈ രാജ്യത്തിലേ ഇത്രയധികം കണ്ടെന്ന് വരൂ.

ഏത് ബാങ്കിന്റേതാണ് എന്ന് ബോർഡോ ബാനറോ ഒന്നുമില്ലാത്ത മണി മെഷീനുകളാണ്, വിദേശരാജ്യങ്ങളിൽ പലയിടത്തും. ഏത് ബാങ്കിന്റെ കാർഡിട്ടും ആർക്കും പണമെടുക്കാം. അതിന് പ്രത്യേകം ചാർജ്ജും ഈടാക്കുന്നില്ല. റെയിൽ വേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നീ പൊതുസ്ഥലങ്ങളിൽ ചില്ലുകൂടിനകത്തൊന്നും സ്ഥാപിക്കാതെ തുറന്നിരിക്കുകയാണ് ആ മെഷീനുകളിൽ നല്ലൊരു ഭാഗവും. അതുകൊണ്ടുതന്നെ തിരക്കൊഴിയുമ്പോൾ ആരും കാണാതെ മെഷീൻ തുറന്ന് പണം കൊണ്ടുപോകുക അത്ര എളുപ്പവുമല്ല.

എറണാകുളത്ത് മുത്തൂറ്റിന്റെ Any bank ATM എന്ന് ബോർഡുള്ള ഒരു മെഷീൻ ഈയടുത്ത് കണ്ടിരുന്നു. മുത്തൂറ്റ് അതിന് ചാർജ്ജ് ഈടാക്കുന്നുണ്ടോ ? എത്ര പ്രാവശ്യം വരെ പണമെടുക്കാം എന്നൊന്നും അറിവായിട്ടില്ല.

എന്തായാലും ഒരുപാട് ബാലാരിഷ്ടതകളും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളും നിറഞ്ഞ അവസ്ഥയിൽ തന്നെയാണ് ഇന്ത്യയിലെ എം.ടി.എമ്മുകൾ. അതിൽ ഏറ്റവും ഗുരുതരമായത് കള്ളനോട്ടുകൾ എ.ടി.എമ്മിൽ നിന്ന് കിട്ടുന്നു എന്നത് തന്നെയാണ്. അതിന് പരിഹാരമുണ്ടാക്കാൻ പറ്റാത്തിടത്തോളം കാലം ഏതൊരു എ.ടി.എം.ൽ നിന്നും എത്ര പ്രാവശ്യം പണമെടുത്താലും ചാർജ്ജ് ഒന്നും  ഇടാക്കാൻ പാടില്ല. ഇതേപ്പറ്റി ബാങ്കുകൾ പുനരാലോചിച്ച് ജനങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കുകയും വേണം.

വാൽക്കഷണം:- എ.ടി.എം. കെട്ടിവലിച്ചുകൊണ്ടുപോയി മോഷണം നടത്തി എന്നൊരു വാർത്തയും ഇന്ന് കണ്ടു. അവരെ എന്ത് പേരിൽ സംബോധന ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല.

Comments

comments

2 thoughts on “ വിഡ്ഢികളായ മോഷ്ടാക്കൾ !!

  1. വാസ്തവം. എത്രമാത്രം അശ്രദ്ധമായാണ് ബാങ്കുകൾ എ ടി എം കൈകാര്യചെയ്യുന്നത് എന്നതിനുള്ള നല്ല ഉദാഹരണം ആണ് തൃശൂരിൽ നടന്നത്. എടി എമിൽ കള്ളനോട്ട് നിറച്ചാലും ആരും അറിയാൻ പോകുന്നില്ല. ആദ്യകാലങ്ങളിൽ പുതിയ നോട്ടുകൾ (ഒരേ സീരീസിൽ തുടർച്ചയായ നമ്പർ ഉള്ളത്) ആണ് എ ടി എംൽ നിറച്ചിരുന്നത്, ഇന്ന് പഴയതും ഇടകലർന്നതുമായ നോട്ടുകൾ. അതിനാൽ തന്നെ സീരിയൽ നമ്പർ നോട്ട് ചെയ്യാനോ അങ്ങനെ ബാങ്ക് നൽകുന്ന പണം തന്നെയാണോ എ ടി എമിൽ നിറച്ചത് എന്നത് പരിശോധിക്കാനോ സാദ്ധ്യമല്ലാതായിട്ടുണ്ട്. തിരുവനന്തപുരത്ത് പതിനെട്ട് വയസ്സു തികയാത്ത കുട്ടിമോഷ്ടാക്കൾ എ ടി എം തകർത്ത് പണം മോഷ്ടിച്ചതും വാർത്തയായിരുന്നു.

Leave a Reply to ഉസ്മാൻ പള്ളിക്കരയിൽ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>