കഴിഞ്ഞ ഒന്നരവർഷമായി, നിരന്തരമായി മുസ്‌രീസിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന യാത്രയുടെ ഭാഗമായാണ്, മുസ്‌രീസ് പൈതൃക പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കേസരി ബാലകൃഷ്ണപിള്ളയുടെ മാടവനപ്പറമ്പിലുള്ള ഭവനത്തിൽ എത്തിയത്. കേസരിയെപ്പറ്റി കുറേയേറെ വായിക്കാനും അവസരമുണ്ടായി തുടർന്നങ്ങോട്ട്.
കേസരിയെ മലയാളികൾക്ക് പലർക്കും, പ്രത്യേകിച്ച് പുതുതലമുറയ്ക്ക് അറിയില്ലെന്ന് തന്നെ വേണം കരുതാൻ. അറിയുന്നവർ തന്നെ മറന്നുകഴിഞ്ഞിരിക്കുന്നു ആ മഹാനുഭാവനെ.
എനിക്കെന്ന് മുതലാണ് കേസരിയെ അറിയുന്നതെന്ന് ചോദിച്ചാൽ, നാടകങ്ങൾ കാണാനായി പറവൂർ ടൌൺ ഹാളിൽ സ്ഥിരമായി പോകാൻ തുടങ്ങിയ യു.പി.സ്ക്കൂൾ കാലം മുതൽക്ക് എന്ന് പറയാം. ടൌൺ ഹാൾ നിർമ്മിച്ചിരിക്കുന്നത് കേസരിയുടെ സ്മരണാർത്ഥമാണ്. അതുകൊണ്ടുതന്നെ ആരാണീ കേസരി എന്ന് ആ പ്രായത്തിലും ജിജ്ഞാസയുളവായിരുന്നു. അൽപ്പസ്വൽപ്പമൊക്കെ അച്ഛനോടും ചോദിച്ചും കൈയ്യിൽത്തടഞ്ഞ ചില പുസ്തകങ്ങളിൽ നിന്നും മനസ്സിലാക്കുകയും ചെയ്തു.
കേസരി മെമ്മോറിയൽ മുൻസിപ്പൽ ടൌൺ ഹാൾ, പറവൂർ
സ്മാരകങ്ങളുടെ ആവശ്യം സത്യത്തിൽ ഇതൊക്കെത്തന്നെയാണെന്ന് പറയാതെ വയ്യ. ഒരു മഹത്‌വ്യക്തിയുടെ സ്മരണാർത്ഥം പ്രതിമയുണ്ടാക്കുമ്പോഴോ, വായനശാല ഉണ്ടാക്കുമ്പോഴോ ഒന്നോ രണ്ടോ പേരിലേക്കെങ്കിലും ആ വ്യക്തിയെപ്പറ്റിയുള്ള ചിന്തകളും വിചാരങ്ങളും അറിവുമെല്ലാം കടന്നുചെല്ലുന്നുണ്ട്. കാക്കകൾക്ക് കക്കൂസാകാൻ വേണ്ടി മാത്രമാണ് പ്രതിമകൾ നിർമ്മിക്കുന്നതെന്ന് കളിയായി നാം പറയാറുണ്ടെങ്കിലും സത്യത്തിൽ അതുകൊണ്ട് ആ വ്യക്തിയുടെ സ്മരണ നിലനിർത്തുന്ന ചില സന്ദർഭങ്ങളെങ്കിലും ചിലപ്പോഴെങ്കിലും ഉണ്ടാകുന്നുണ്ടെന്നത് പരമാർത്ഥം തന്നെയാണ്.
കേസരിയിലേക്ക് മടങ്ങിവരാം. കേസരി ബാലകൃഷ്ണപ്പിള്ളയെപ്പറ്റി ഒരക്ഷരം പോലും ഇക്കാലത്തെ പാഠപുസ്തകങ്ങളിലൊന്നും പഠിപ്പിക്കുന്നില്ല. പിന്നെയുള്ളത് ഇതുപോലുള്ള സ്മാരകങ്ങൾ തന്നെയാണ്. ഇതിലൂടെ വേണം അറിയപ്പെടാൻ, പ്രചരിപ്പിക്കപ്പെടാൻ, സ്മരിക്കപ്പെടാൻ. പക്ഷെ, ഇന്നെന്താണ്, അദ്ദേഹത്തിന്റെ പേരിലുള്ള പറവൂർ ടൌൺ ഹാൾ എന്ന ഈ സ്മാരകത്തിന്റെ അവസ്ഥ ? അത് അടച്ചുപൂട്ടിക്കിടക്കുകയാണ്. അതിന്റെ കാരണം അന്വേഷിച്ച് ചെല്ലുമ്പോൾ നാമെത്തുന്നത്, ഈ നാടിനെ ഇന്ന് ഏറ്റവുമധികം അലട്ടിക്കൊണ്ടിരിക്കുന്ന മാലിന്യം എന്ന തലവേദനയിലേക്ക് തന്നെയാണ്.
ടൌൺ ഹാളിന് മുന്നിലെ കേസരി പ്രതിമയോടൊപ്പം
കല്യാണങ്ങൾ അടക്കമുള്ള ഭക്ഷണം വിളമ്പുള്ള ആവശ്യങ്ങൾക്ക് കേസരി മെമ്മോറിയൽ ടൌൺ ഹാൾ വാടകയ്ക്ക് നൽകുന്ന പതിവുണ്ട്. ആ ദിവസങ്ങളിൽ അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റേയും അതിനായി ഉപയോഗിക്കുന്ന പേപ്പർ ഇലകൾ, കപ്പുകൾ, പ്ലേറ്റുകൾ, മേശവിരിപ്പുകൾ എന്നിങ്ങനെയുള്ള മാലിന്യങ്ങൾ ഹാളിന്റെ പരിസരത്തുള്ള പ്രദേശത്ത് അലക്ഷ്യമായി തള്ളപ്പെടുന്നു. അതിന്റെ ദുരിതം അനുഭവിക്കുന്നത് ചുറ്റുവട്ടത്ത് താമസിക്കുന്ന വീട്ടുകാരാണ്. ഓവുചാലുകൾ അടയാൻ തുടങ്ങി. വെള്ളക്കെട്ടുണ്ടായി. ജീവിതം ദുർഗ്ഗന്ധ പൂരിതമായി. സഹിക്കാൻ പറ്റാതായപ്പോൾ പരിസരവാസികൾ കോടതിയെ സമീപിച്ചു. അതോടെ ടൌൺ ഹാളിലെ പരിപാടികൾക്ക് വിലക്ക് വീണു. മഹാനായ ഒരു വ്യക്തിയുടെ സ്മരണകളിലും മാലിന്യം അതിന്റെ ദുർഗ്ഗന്ധത്തിന്റെ നിഴൽപ്പാടുകൾ വീഴ്ത്തിയ സങ്കടകരമായ കാഴ്ച്ച.
പറവൂർ മുൻസിപ്പാലിറ്റി തങ്ങളുടെ അധീനതയിലുള്ള ടൌൺ ഹാളിനുള്ളിലെ മാലിന്യ സംസ്ക്കരണത്തിന് പോലും കൃത്യമായ നടപടി എടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നല്ലേ ഇത് കാണിക്കുന്നത് ? അപ്പോൾപ്പിന്നെ നഗരത്തിലെ മറ്റ് മാലിന്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ ! മുൻസിപ്പൽ ചെയർമാൻ അടക്കമുള്ളവർ സമാധാനം പറയേണ്ട വിഷയമാണ്. കൂട്ടത്തിൽ സ്ഥലം എം.എൽ.എ.ആയ ശ്രീ.വി.ടി.സതീശനും മറുപടി പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണല്ലോ മുസ്‌രീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേസരിയുടെ മാടവനപ്പറമ്പിലെ സ്മാരകവും ടൌൺ ഹാളും അടക്കമുള്ള ഇടങ്ങൾ.
തെരുവുനായ്ക്കളുടെ ശല്യം എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് മലയാളി ചെന്നെത്തിയത് തെരുവിൽ കൊണ്ടുതള്ളുന്ന മാലിന്യങ്ങളിലാണല്ലോ ? നടൻ മോഹൻലാൽ അതേപ്പറ്റി ബ്ലോഗിൽ എഴുതിയപ്പോൾ എല്ലാവരും സമ്മതിക്കുകയും ചെയ്തതാണ്. മിക്കവാറും എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും ചെന്നവസാനിക്കുന്നത് മാലിന്യത്തിൽത്തന്നെ. പ്ലേഗ് അടക്കമുള്ള പഴയ രോഗങ്ങൾക്ക് മാത്രമല്ല, വേറെ കുറെ ന്യൂ ജനറേഷൻ രോഗങ്ങളുടെ കാര്യത്തിലും പ്രതിക്കൂട്ടിൽ മാലിന്യം തന്നെ. ഇപ്പോൾ ഇതാ ഒരു സ്മാരകത്തിന്റെ തകർച്ചയുടെ കാരണത്തിന് പിന്നിലും മാലിന്യം തന്നെ. ഇനിയങ്ങോട്ട് മാലിന്യപ്രശ്നം, ഇതുപോലെ തീരെ പ്രതീക്ഷിക്കാത്ത പലതിനും ഹേതുവാകാൻ പോകുന്നതേയുള്ളൂ.
വികസനം വികസനം എന്ന് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രമല്ല, ഉറക്കത്തിൽപ്പോലും പറഞ്ഞുകൊണ്ടേയിരിക്കുന്ന ഭരണാധികാരികളും പാർട്ടിക്കാരുമൊക്കെ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്. വികസിക്കാവുന്നതിന്റെ അങ്ങേയറ്റം വികസിച്ചു കഴിഞ്ഞു. ഇനിയുള്ള വികസനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളുമൊക്കെ നിങ്ങളുടെ പോക്കറ്റ് വീർപ്പിക്കാൻ വേണ്ടി മാത്രമുള്ള അടവുകളാണെന്ന് പൊതുജനത്തിനിപ്പോൾ നന്നായിട്ടറിയാം. അതിന്റെ ഉദാഹരണമായിട്ടാണല്ലോ അൻപതിനായിരം രൂപ പോലും ചെലവ് വരാത്ത ബസ്സ് ഷെൽട്ടറുകൾക്ക് മുകളിൽ ‘എം.എൽ.എ./എം.പി. യുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം ചെലവഴിച്ച് നിർമ്മിച്ചത് ‘ എന്ന് ബോർഡുകൾ കാണുന്നത്. ബാക്കി പണം എങ്ങോട്ടാണ് പോയതെന്ന് കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമൊന്നുമില്ല.
നിലവിലുള്ള ആവാസ വ്യവസ്ഥിതിയിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം എങ്ങനെ സംസ്ക്കരിക്കാം എന്നുള്ളത് നടപ്പിലാക്കുന്നതായിരിക്കണം ഇനിയങ്ങോട്ടുള്ള വികസനം. അല്ലാതുള്ള വികസനം ചെന്നവസാനിക്കാൻ പോകുന്നത് ചുടലക്കാടുകളിൽ മാത്രമാണ്.
വാൽക്കഷണം :- കേസരി ഇന്ന് ജീവനോടുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്തുമായിരുന്നത് മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാകുമായിരുന്നു. ഒരു കേസരിയോ നവാബ് രാജേന്ദ്രനോ ഇല്ലാത്തതിന്റെ കുറവ് നന്നായിട്ടുണ്ട് ഈ നാടിന്.
——————————————————————-
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.
1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ
7. തെരുവ് നായ്ക്കളും മാലിന്യവും
കേസരി ബാലകൃഷ്ണ പിള്ള പത്രാധിപർ ആയിരുന്നു, എഴുത്തുകാരൻ ആയിരുന്നു, ചിന്തകൻ ആയിരുന്നു; പക്ഷെ അദ്ദേഹം രഷ്ട്രീയക്കാരൻ ആയിരുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ സ്മാരകമായ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിന് ഈ ഗതി വന്നത്. പറവൂർ മുൻസിപ്പാലിറ്റിയ്ക്ക് ഒന്നു ചെയ്യാമായിരുന്നു. പരിസരമലിനീകരണം ഇല്ലാത്ത കാര്യങ്ങൾക്ക്, മനോജേട്ടൻ പറഞ്ഞതുപോലെ നാടകോത്സവങ്ങൾ, കലാമത്സരങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവയ്ക്ക് ഉതകുന്നവിധം ആ ടൗൺഹാൾ ഉപയോഗിക്കാൻ അനുവദിക്കണം എന്ന് കോടതിയിൽ ആവശ്യപ്പെടാമായിരുന്നു. അതും ഉണ്ടായില്ലെന്ന് തോന്നുന്നു. ഒരു പക്ഷെ അത്യാവശ്യം മനുഷ്യവിസർജ്യങ്ങൾ പോലും കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം അവിടെ ഇല്ല. അവിടെ മാത്രമല്ല പറവൂർ നഗരഹൃദയത്തിൽ ഒരിടത്തും ഇല്ല. രാത്രി ഒരു പത്തുമണിയ്ക്കു ശേഷം നഗരഹൃദയത്തിലൂടെ, ചിത്രഞ്ജലി തീയറ്റർ മുതൽ ചേന്ദമംഗലം കവല വരെ, ഗസ്റ്റ് ഹൗസ് മുതൽ പുതിയ ഫ്ലറ്റുകൾ ഉള്ള റോഡിലൂടെ കെ എസ് ആർ ടി സി സ്റ്റാന്റിലേയ്ക്കുള്ള റോഡ് വരെ നടന്നാൽ അസഹ്യമായ ദുർഗന്ധമാണ്. പല ഹോട്ടലുകളും ആശുപത്രികളും സെപ്റ്റിക് ടാങ്കിലും മറ്റുമുള്ള മലിനജലം നേരെ കാനയിലേയ്ക്കാണ് പമ്പ് ചെയ്യുക എന്ന് തോന്നു.