മുസ്‌രീസിലൂടെ


സു ഹൃത്തുക്കളേ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ‘മുസ്‌രീസിലൂടെ’ എന്ന എന്റെ യാത്രാവിവരണ പുസ്തകം നവംബർ 27ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് വഴി ഔദ്യോഗികമായി പ്രകാശനം ചെയ്തത് അറിഞ്ഞിരിക്കുമല്ലോ ? പുസ്തകത്തിന്റെ ഔപചാരിക പ്രകാശന ചടങ്ങ് 2015 ഡിസംബർ 11ന് സാഹിത്യ അക്കാഡമി (തൃശൂർ) പ്രധാന ഹാളിൽ വെച്ച് വൈകീട്ട് മൂന്ന് മണിക്ക് നിർവ്വഹിക്കപ്പെടുന്നതാണ്.

w

‘മെന്റർ’ വ്യക്തിത്വ വികസന മാസികയിൽ 2013 ഒൿടോബർ മുതൽ ഒന്നരവർഷത്തോളം തുടർച്ചയായി പ്രസിദ്ധീകരിച്ച യാത്രാവിവരണങ്ങളാണിത്. അക്കൂട്ടത്തിലേക്ക് ‘കേസരിയുടെ ഭവനം’ എന്ന സുപ്രധാനമായ ഒരു അദ്ധ്യായം കൂടെ ചേർക്കുകയും ഒന്നര വർഷത്തിനുള്ളിൽ മുസ്‌രീസിലുണ്ടായ മാറ്റങ്ങൾ, മറ്റെല്ലാ അദ്ധ്യായങ്ങളിലും കൂട്ടിച്ചേർത്തുകൊണ്ടുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ധാരാളം ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് ആർട്ട് പേപ്പറിൽ കളറിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതിനും പുറമേ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ചിത്രങ്ങളും വീഡിയോയും ഒരു ആൻഡ്രോയ്ഡ് മൊബൈൽ ഫോണിലൂടെ കാണാനുള്ള സൌകര്യവും പുസ്തകത്തിലുണ്ട്. ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ എന്ന ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ പുസ്തകം കൂടെയാണിത്.

Muzreesilode

ഇത് നിങ്ങളിൽ പലർക്കും സുപരിചിതമായ സാങ്കേതികവിദ്യ ആയിരിക്കാമെങ്കിലും എപ്രകാരമാണ് ഇത് ഉപയോഗിക്കേണ്ടതെന്നുള്ള വീഡിയോയും പുസ്തകത്തിലുണ്ട്. പത്തൊൻപത് അദ്ധ്യായങ്ങളിലായി നാൽ‌പ്പത്തോളം വീഡിയോകളും നൂറിൽ‌പ്പരം ചിത്രങ്ങളും അത്തരത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന് പുറമേ റഫറൻസിന് ഉപയോഗിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഏതൊക്കെ എന്ന് കാണാനും അതിൽ ചിലതിന്റെയെങ്കിലും ഉൾപ്പേജുകളിലേക്ക് കടന്ന് ചെല്ലാനും ഇതേ സാങ്കേതികവിദ്യയിലൂടെ സൌകര്യമൊരുക്കിയിട്ടുണ്ട്. മുസ്‌രീസിലെ ഓരോ ഇടങ്ങളിലേക്ക് പോകണമെന്നുള്ളവർക്കായി ഭൂപടവും അതിൽ നിന്ന് അതാത് ഇടങ്ങളിലേക്ക് ജി.പി.എസ്. ലേക്ക് നയിക്കുവാനും പുസ്തകത്തിന് കഴിയും.

333

30 നവംബർ 2015 – ഇന്ത്യൻ എക്സ്പ്രസ്സ് കോഴിക്കോട് എഡിഷൻ വാർത്ത 

ഒരിടത്ത് അച്ചടിച്ച് വന്ന മാറ്റർ പുസ്തകമാക്കാൻ വലിയ കാലതാ‌മസമൊന്നും വരില്ലെന്നാണ് കരുതിയിരുന്നതെങ്കിലും വീഡിയോകൾ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും അതിനെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാനുമെല്ലാം ധാരാളം സമയം ആവശ്യമായിരുന്നു. ആദ്യമായി ഒരു പുസ്തകം ഇറക്കുകയും അതിൽ ഇങ്ങനെയുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ മാർഗ്ഗനിർദ്ദേശം തരാൻ ആരെയും ലഭിക്കില്ല എന്നത് സ്വാഭാവികമാണല്ലോ ? ഈ അവസരത്തിൽ എനിക്കൊപ്പം കലവറയില്ലാത്ത സഹകരണവുമായി നിന്ന ചിലരെ പേരെടുത്ത് പറഞ്ഞ് നന്ദി രേഖപ്പെടുത്താതിരിക്കുന്നത് ശരികേടാണ്. ഈ സാങ്കേതിക വിദ്യ റിയാലിറ്റി ആക്കാൻ എനിക്കൊപ്പം സഹകരിച്ച, കോളേജിൽ എന്റെ ജൂനിയർ ആയിരുന്ന പ്യാരി സിങ്ങ്, ബൂലോകത്ത് വന്നപ്പോൾ മുതൽക്കുള്ള സുഹൃത്ത് ജോഹർ, നിന്ന് തിരിയാൻ പറ്റാത്ത അത്രയ്ക്ക് തിരക്കുണ്ടായിട്ടും പുസ്തകത്തിന്റെ ലേ ഔട്ട് ജോലി സമയബന്ധിതമായും മനോഹരമായും നിർവ്വഹിച്ച നാരായണ ഭട്ടതിരി എന്നിവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. പിന്നെയുമുണ്ട്, സഹകരണങ്ങൾ ചൊരിഞ്ഞവരുടെ ഒരു വലിയ നിര. എല്ലാവരേയും കൃത്യമായി ആമുഖത്തിൽ ഞാൻ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമേ എനിക്ക് നന്ദി രേഖപ്പെടുത്താനുള്ളത് ഓരോ ഓൺലൈൻ വായനക്കാരോടുമാണ്. 2007 ബ്ലോഗെഴുത്ത് ആരംഭിച്ചപ്പോൾ മുതൽ കൈയ്യടിച്ചും കമന്റുകൾ ചൊരിഞ്ഞും ആവശ്യത്തിലും അതിലധികവും പ്രോത്സാഹിപ്പിച്ചത് നിങ്ങൾ ഓരോരുത്തരുമാണ്. അല്ലെങ്കിൽ, ഇപ്പോൾ നിരക്ഷരനായിരിക്കുന്ന ഞാൻ മനോജ് രവീന്ദ്രനായിത്തന്നെ ഒതുങ്ങുമായിരുന്നു.

സാങ്കേതികത സമന്വയിപ്പിച്ചുകൊണ്ട് ആദ്യമായി ഒരു പുസ്തകം ഇറക്കുന്നതിന്റേതായ എല്ലാ പ്രശ്നങ്ങളും ഇതിൽ കണ്ടെന്ന് വരാം. അതെല്ലാം ചൂണ്ടിക്കാണിച്ച് വിലയിരുത്താനായി നിങ്ങൾക്ക് ഈ പുസ്തകം തുറന്ന് വെക്കുകയാണ്. മുഖം നോക്കാതെയും മുഖമടച്ചുമുള്ള അഭിപ്രായങ്ങൾ അറിയിക്കുക. പുസ്തകത്തിന്റെ ആമുഖത്തിലേക്ക് ഓഗ്‌മെന്റേഷൻ റിയാലിറ്റിയിലൂടെ ചേർത്തിരിക്കുന്ന എന്റെ ആമുഖക്കുറിപ്പിന്റെ ഒരു ഭാഗം വീഡിയോ രൂപത്തിൽ ഇവിടെ കാണാം.

ഒരിക്കൽക്കൂടെ എല്ലാവരേയും നന്ദി അറിയിക്കുകയും പുസ്തകപ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

സസ്നേഹം
- നിരക്ഷരൻ
( അന്നും, ഇന്നും, എപ്പോഴും)

Comments

comments

One thought on “ മുസ്‌രീസിലൂടെ

Leave a Reply to Veena Antony Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>