വാർത്ത 1:- പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിനായി മന്ത്രിമാരുടെ തിരക്ക്.
കമന്റ് 1:- ഫാൻസി നമ്പറായി പ്രഖ്യാപിച്ച് ലേലം നടത്താൻ സാദ്ധ്യതയുണ്ട്.
വാർത്ത 2:- ഗണേഷ്‌കുമാർ ജയിച്ചത് താരപ്പൊലിമയിലെന്ന് ജഗദീഷ്.
കമന്റ് 2:- ജയിക്കാമെന്ന് കരുതി പ്രൊഫസർ മത്സരിച്ചതും അതേ താരപ്പൊലിമയിൽത്തന്നെ അല്ലിയോ ?
വാർത്ത 3 :- മറയൂർ – ചിന്നാർ പാതയിൽ ഹമ്പുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഹർത്താൽ.
കമന്റ് 3 :- എല്ലാ ദിവസവും ഹർത്താൽ നടത്തുന്നതിനെപ്പറ്റി ആലോചിക്കൂ. അങ്ങനാകുമ്പോൾ ഹമ്പ് ഒരു പ്രശ്നമേയല്ലല്ലോ.
വാർത്ത 4:- ബ്രഡ്ഡിലും ബണ്ണിലും ക്യാൻസർ ഉണ്ടാക്കുന്ന രാസവസ്തുക്കൾ.
കമന്റ് 4:- മായവും കീടനാശിനിയും ഇല്ലാത്ത ഭക്ഷണസാധനങ്ങൾ വല്ലതും ഉണ്ടെങ്കിൽ പറയൂ. അതിനെ നമുക്ക് വാർത്ത എന്ന് വിളിക്കാം.
വാർത്ത 5:- ഹരിത ട്രിബ്യൂണൽ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചു.
കമന്റ് 5:- പതിനഞ്ച് കൊല്ലത്തേക്കുള്ള ടാക്സ് മുൻകൂറായി അടച്ച ജനങ്ങൾ ശശിയായി.
വാർത്ത 6:- തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായി സ്ഥാനമേറ്റു, 500 ബാറുകൾ പൂട്ടിച്ചു.
കമന്റ് 6:- അങ്ങനെ അയൽസംസ്ഥാനമായ തമിഴ്‌നാടും കൈവിട്ടു. ഇനിയിപ്പോൾ കർണ്ണാടക മാത്രമേ രക്ഷയുള്ളൂ.
വാർത്ത 7:- പുതിയ എം.എൽ.എ.മാരിൽ 62 ശതമാനവും ക്രിമിനൽ കേസ് പ്രതികൾ.
കമന്റ് 7:- ഇനിയിപ്പോൾ അക്കാര്യത്തിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്ന് ആരും പറയില്ലല്ലോ.
വാർത്ത 8:- ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞെന്ന് രമേഷ് ചെന്നിത്തല.
കമന്റ് 8:- അടുത്ത അഞ്ച് വർഷം കഴിയുന്നതുവരെ ഒരു ഗ്രൂപ്പിന്റേം പൊടിപോലും കാണില്ലെന്ന് സാരം.
വാർത്ത 9:- കാറ്റും മഴയും കാരണം പ്രധാനമന്ത്രിയുടെ വിമാനം വഴി തിരിച്ച് വിട്ടു.
കമന്റ് 9:- എന്തായാലും പ്രധാനമന്ത്രി ഇന്ത്യൻ വ്യോമാതിർത്തിയിൽത്തന്നെ ഉണ്ടെന്നത് സന്തോഷവാർത്തയാണ്.
വാർത്ത 10:- രമേഷ് ചെന്നിത്തല പ്രതിപക്ഷ നേതാവ്.
കമന്റ് 10:- ക്യാബിനറ്റ് റാങ്കോടെ ഒരു പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് രാഷ്ട്രീയവൃത്തങ്ങൾ.
രണ്ടാമത്തേതിനു- കിട്ടാത്ത മുന്തിരി പുളിക്കും എന്നും കൂടി ചേർക്കാമായിരുന്നു
നാല്: ഒരു വാസ്തവം തന്നെ. മായമില്ലാത്ത, വിഷമില്ലാത്ത ഭക്ഷണപദാർത്ഥം എന്നത് ഒരു വാർത്തയാകുന്ന കാലമാണിത്.
അഞ്ച്: ശശിയാവാൻ പൊതുജനം വീണ്ടും ബാക്കി
ആറ്: ഒരു തിരുത്തുണ്ട്, ബാറുകൾ അല്ല മദ്യവില്പനശാലകൾ ആണ് അടച്ചത്. കേരളത്തിൽ ബിവറേജസ് കോർപ്പറേഷനും, സപ്ലൈ കോയും മദ്യം വിൽക്കുന്നതുപോലെ തമിഴ്നാട്ടിൽ ടാസ്മാക് (Tamil Nadu State Marketing Corporation) ആണ് മദ്യവില്പനശാലകൾ നടത്തുന്നത്. അഞ്ഞൂറ് മദ്യവില്പനശാലകൾ അടച്ചതിനൊപ്പം ടാസ്മാകിന്റെ വില്പനശാലകൾ രാവിലെ തുടക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മാത്രമേ മദ്യവില്പനശാലകൾ തുറക്കൂ.
എട്ട്: അധികാരമില്ലെങ്കിൽ പിന്നെ എന്തു ഗ്രൂപ്പ് വഴക്ക്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും അധികാരം കിട്ടുമ്പോഴും അല്ലെ കോൺഗ്രസ്സിൽ ഗ്രൂപ്പ് സജീവമാകൂ. അതുകഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഒരു സംഘടനാസംവിധാനം തന്നെ ഉണ്ടോ എന്ന് കണ്ടറിയണം.
പത്ത്: ആദ്യത്തെ ആളെ നിശബ്ദനേതാവ് (Silent leader) രണ്ടാമത്തെ ആളെ ഊർജ്ജസ്വലനായ പ്രതിപക്ഷനേതാവെന്നും (Active leader) എന്നും വിശേഷിപ്പിക്കാം.