ഇന്നലെ (30 ഓഗസ്റ്റ് 2016) മനോരമ മെട്രോ പത്രത്തിൽ വന്ന ഒരു വാർത്ത (സ്റ്റോറി/ഫീച്ചർ) അവരുടെ പത്രത്താളിൽ വിഷയം തികയ്ക്കാൻ വേണ്ടി തല്ലിക്കൂട്ടിയ ഒരു നെറികെട്ട മാദ്ധ്യമപ്രവർത്തനമായിരുന്നെന്ന് മുഖവുരയില്ലാതെ സൂചിപ്പിച്ചുകൊണ്ട് വിശദമായി വിഷയത്തിലേക്ക് കടക്കുന്നു.
‘കൊച്ചിക്ക് അപമാനം’ എന്ന തലക്കെട്ടോടെയായിരുന്നു ഒരു പേജ് മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ അടക്കമുള്ള വാർത്ത. ശ്രീ. കാനായി കുഞ്ഞിരാമൻ GCDA അങ്കണത്തിൽ നിർമ്മിച്ച പ്രശസ്തശിൽപ്പം ‘മുക്കോലപ്പെരുമാളി’നെ അപമാനിക്കുന്ന രീതിയിൽ വെണ്ടക്കൃഷി എന്നതാണ് വാർത്തയുടെ രത്നച്ചുരുക്കം.
വെണ്ടച്ചെടികൾ കനിഞ്ഞാലേ മുക്കോലപ്പെരുമാളിനെ കാണാനാകൂ. വെണ്ടച്ചെടികൾ കൊണ്ട് മൂടിയിരിക്കുകയാണ് മുക്കോലപ്പെരുമാൾ എന്നൊക്കെ നല്ലതോതിൽ മസാലയും ചേർത്തിട്ടുണ്ട്. അതിന് മേമ്പൊടി എന്നവണ്ണം വെണ്ടച്ചെടികളുടെ ചുവട്ടിൽ ക്യാമറ വെച്ച് എടുത്ത ഒരു ഫോട്ടോകൂടെ ആയപ്പോൾ പൂർത്തിയായി.
ഇപ്പറഞ്ഞ ഫോട്ടോ കാണിച്ച് തെറ്റിദ്ധരിപ്പിച്ചായിരിക്കണം ചില പ്രമുഖ കലാകാരന്മാരുടേയും മുക്കോലപ്പെരുമാളിന്റെ ശിൽപ്പി ശ്രീ.കാനായി കുഞ്ഞിരാമന്റേയും പ്രതികരണങ്ങൾ അച്ചടിച്ചിറക്കിയപ്പോൾ കൊച്ചിയിലെ ഇന്നലത്തെ ഏറ്റവും വലിയ പ്രശ്നമായി അഥവാ അപമാനമായി വെണ്ടക്കൃഷിയെ ചിത്രീകരിക്കുന്ന കാര്യത്തിൽ മനോരമയും സ്വന്തം ലേഖകനും വിജയിച്ചു.
കലയോടുള്ള ക്രൂരതയാണിതെന്നാണ് കേരള ലളിതകലാ അക്കാഡമി ചെയർമാൻ സത്യപാലിന്റെ പ്രതികരണം. ചിത്രകാരൻ കലാധരൻ പറയുന്നത് കലാസൃഷ്ടിയെ വികൃതമാക്കി എന്നാണ്. പൊതുസ്ഥാപനം തന്നെ കലാസൃഷ്ടിയെ വികലമാക്കിയിരിക്കുന്നു എന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് കാർട്ടൂണിസ്റ്റും ചിത്രകാരനുമായ എം.എം.മോനായിയുടെ പ്രതികരണം. കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചിരിക്കുന്നത് ഈ കലാസൃഷ്ടി വരും തലമുറയുടെ ആവശ്യമാണെന്നും ഈ കാഴ്ച്ച നിലനിൽക്കേണ്ടതുമാണെന്നാണ്. ‘എന്റെ കാലത്തേത് പടരുന്ന പച്ചക്കറി‘ യായിരുന്നു എന്നും രണ്ട് പ്രാവശ്യം വിളവെടുത്ത വെണ്ട മുറിച്ച് മാറ്റാനുള്ള അമാന്തം ശിൽപ്പത്തോട് ചെയ്യുന്ന അനീതിയാണെന്നുമാണ് GCDA മുൻ ചെയർമാൻ എൻ.വേണുഗോപാലിന്റെ പ്രതികരണം.
ഒന്ന് ചോദിച്ചോട്ടേ മുൻ ചെയർമാനേ ? താങ്കളുടെ കാലത്ത് പടരുന്ന പച്ചക്കറി മാത്രമല്ലല്ലോ കൃഷി ചെയ്തിരുന്നത് ? സൂര്യകാന്തിയും പപ്പായയും കൃഷി ചെയ്തത് താങ്കളുടെ കാലത്ത് തന്നെയാണ്. താങ്കളിപ്പോൾ GCDA ചെയർമാൻ അല്ല എന്നതുകൊണ്ട് താങ്കളുടെ കാലത്ത് നടത്തിയ സൂര്യകാന്തികൃഷിയും പപ്പായകൃഷിയും ഇല്ലാതാകുമോ ? സൂര്യകാന്തിയും പപ്പായയും പടരുന്ന പച്ചക്കറിയായി മാറുമോ ? രണ്ട് പ്രാവശ്യം വിളവെടുത്തു എന്ന് താങ്കൾ പറയുന്ന ഈ വെണ്ടകൾ ഇതുവരെ വിളവെടുക്കാത്തതാണ്. അടുത്ത ആഴ്ച്ച വിളവെടുക്കാൻ ഉദ്ദേശിക്കുന്നു. വിളവെടുപ്പ് തുടങ്ങിയാൽ ഒന്നരാടം ദിവസങ്ങളി 25 കിലോഗ്രാം വീതം വിഷമടിക്കാത്ത വെണ്ടക്ക ജനങ്ങളിലേക്കെത്തും. എതിർകക്ഷി ഭരിക്കാൻ തുടങ്ങിയാൽ അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ ആരോപണങ്ങളും കുറ്റങ്ങളും മാദ്ധ്യമധർമ്മം തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്വന്തം ലേഖകന്മാരുടെ സഹായത്തോടെ കുത്തിപ്പൊക്കാൻ നോക്കുന്നത് അത്ര വിശുദ്ധമായ പൊതുപ്രവർത്തനമായി കണക്കാക്കാൻ ബുദ്ധിമുട്ടാണ് നേതാവേ.
കഴിഞ്ഞ നാല് വർഷമായി ക്യാബേജ്, വെള്ളരി, ക്വാളിഫ്ലവർ, പയറ്, പച്ചമുളക്, ചീര, വെണ്ട, പപ്പായ, സൂര്യകാന്തി എന്നീ കൃഷികൾ ഇവിടെ ചെയ്തിട്ടുണ്ട്. ജൈവവളം മാത്രമിട്ട് ചെയ്യുന്ന ഈ കൃഷിയിൽ നിന്ന് കിട്ടുന്ന വിളകൾ GCDA ജീവനക്കാർക്കും പൊതുജനങ്ങൾക്കും വാങ്ങാനുള്ള സൌകര്യമൊരുക്കുകയും അതിൽ നിന്നുള്ള വരുമാനം GCDA റിക്രിയേഷൻ ക്ലബ്ബ്, GCDA എമ്പ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, തണൽ നേച്ചർ ക്ലബ്ബ് എന്നിവയിലേക്ക് മുതൽക്കൂട്ടാക്കുകയും പിന്നീട് ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി നൽകുന്ന ചികിത്സാസഹായങ്ങൾ അടക്കമുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു.
ഇത്തരത്തിലുള്ള ഒരു സംരംഭത്തെയാണ് തൊട്ടപ്പുറത്തെ ബസ്സ് സ്റ്റോപ്പിലുള്ള മനോരമ എന്ന സ്ഥാപനം വികലമായ മാദ്ധ്യമപ്രവർത്തനം നടത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. നിങ്ങൾക്ക് പത്രത്തിൽ കോളം തികയ്ക്കാൻ വാർത്ത ഇല്ലാതാകുമ്പോൾ GCDA യിൽ നടക്കുന്ന കൃഷി മുരടിപ്പിക്കാൻ ഇറങ്ങുമെന്നാണോ ? വിത്ത് വിതരണവും കൃഷി പ്രോത്സാഹാനവുമൊക്കെ ചെയ്യുന്ന ഒരു സ്ഥാപനത്തിന് ചേർന്ന രീതികളാണോ ഇതൊക്കെ ?
ഇനി നമുക്ക് മുക്കോലപ്പെരുമാൾ എന്ന കലാസൃഷ്ടിയുടെ കാര്യമെടുക്കാം. തനിക്ക് ഏറ്റവും പ്രിയപ്പട്ട ശിൽപ്പമാണ് ഭൂതവും ഭാവിയും വർത്തമാനവും പ്രതിനിധീകരിക്കുന്ന മുക്കോലപ്പെരുമാൾ എന്ന് ശ്രീ.കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുൻവിധി ഇല്ലാത്തെ ഓരോ ഇടങ്ങളിലേയും ചുറ്റുപാടുകൾ, കാലാവസ്ഥ, സമൂഹം, സംസ്കാരം, പ്രകൃതിജന്യമായ അവസ്ഥകൾ ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രകൃതിയുടെ ചൊൽപ്പടിക്കനുസരിച്ച് സൃഷ്ടികൾ നടത്തുന്ന കാനായിക്ക് വിഷമടിക്കാതെ ഉണ്ടാക്കുന്ന ഈ പച്ചക്കറികൾ വർത്തമാനകാലത്തിന്റെ ആവശ്യമായി കാണാനാകാതെ പോകുന്നത് ഖേദകരമാണ്. തന്റെ ശിൽപ്പത്തെ അവഹേളിക്കുന്നതിനെതിരെ നിയമനടപടിക്ക് മുതിരുമെന്നും, കലയും കൃഷിയും എന്തെന്നറിയാത്ത ഒരു കൂട്ടം ജനങ്ങളാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം പറയുന്നത് വേദനാജനകമാണ്.
കാനായി സാർ ഒന്ന് മനസ്സിലാക്കണം. ജനം വിഷമടിച്ച പച്ചക്കറി തിന്ന് അകാലമൃത്യുവരിച്ച് പോയാൽപ്പിന്നെ താങ്കളുടെ കല ആസ്വദിക്കാൻ ഇവിടെ ആരും ഉണ്ടായെന്ന് വരില്ല. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ. ചുമരുണ്ടായാലും, കാണാനാളില്ലെങ്കിൽ ചിത്രമെഴുതിയിട്ട് ഒരു കാര്യവുമില്ല.
മൂന്നോ നാലോ മാസം നീളുന്ന വിളവെടുപ്പ് കഴിയുമ്പോൾ വെട്ടിമാറ്റപ്പെടുന്ന ഈ കൃഷികൾകൊണ്ട് താങ്കളുടെ മുക്കോലപ്പെരുമാളിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഞങ്ങൾ കൊച്ചിക്കാർ എന്നും കടന്നുപോകുന്ന വഴിയാണത്. എല്ലാവർക്കും അത് കൺകുളിർക്കെ കാണാനാകുന്നുണ്ട്. ആ പച്ചക്കറി ചെടികൾക്ക് നടുവിൽ നിൽക്കുമ്പോളാണ് മുക്കോലപ്പെരുമാളിന് ഗാംഭീര്യം കൂടുതൽ. അപ്പോളാണത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത്. ആ പ്രകൃതിയുടെ ആജ്ഞകൂടെ അനുസരിച്ചല്ലേ താങ്കൾ സൃഷ്ടിനടത്തുന്നത് ? മലമ്പുഴയിലെ താങ്കളുടെ യക്ഷിയേക്കാൾ പത്തിരട്ടി ഭേദമാണ് മുക്കോലപ്പെരുമാളിന്റെ കൊച്ചിയിലെ അവസ്ഥ. ശിൽപ്പത്തേക്കാൾ വലിയ ചെടികളോ വൃക്ഷങ്ങളോ വെച്ചുപിടിപ്പിക്കില്ലെന്ന് ശിൽപ്പിക്ക് ഉറപ്പ് നൽകിയിരുന്നതായി മുൻ ചെയർമാൻ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ പറയുന്നുണ്ട്. താങ്കളുടെ ശിൽപ്പത്തിന് തീർച്ചയായും 15 അടിയിൽക്കൂടുതൽ ഉയരമുണ്ട്. വെണ്ടച്ചെടിക്ക് ഏഴടിയിൽക്കൂടുതൽ ഉയരം സാധാരണനിലയ്ക്ക് ഉണ്ടാകില്ലല്ലോ ? സൂര്യകാന്തി ആയാലും പപ്പായ ആയാലും താങ്കളുടെ ശിൽപ്പത്തേക്കാൾ ഉയരത്തിൽ വളരില്ലെന്ന് ഉറപ്പ്. പിന്നെന്തിന്നിത്ര ബേജാറാകണം ?
മനോരമക്കാരൻ അതിന്റെ കീഴിൽ കുനിഞ്ഞിരുന്ന് പടമെടുത്ത് താങ്കളേയും മറ്റ് കലാകാരന്മാരേയും കബളിപ്പിച്ചതാണ്. മനോരമയുടെ പടത്തിൽ നോക്കൂ. വെണ്ടച്ചെടികൾക്ക് നാല് നിലയുള്ള GCDA കെട്ടിടത്തേക്കാൾ ഉയരമുണ്ട്. അത്രയും ഉയരമുള്ള ആൽമരങ്ങൾ പോലും വിരളമാണിന്ന്. റോഡിലൂടെ നടന്ന് പോകുന്ന 5 അടി ഉയരമുള്ള ഒരാൾ ആ ശിൽപ്പത്തേയും വെണ്ടച്ചെടികളേയും കാണുന്നത് താഴെയുള്ള ചിത്രത്തിലേത് പോലെയാണ്. ഒരു മാസം കൂടെ കഴിഞ്ഞാൽ വെണ്ടച്ചെടികൾ മുറിച്ചുമാറ്റപ്പെടും. കൊല്ലത്തിൽ 3 മാസം മാത്രം വളരുന്ന വെണ്ടച്ചെടികൾ, കാലാതീതമായി നിലനിൽക്കേണ്ട മുക്കോലപ്പെരുമാളിന് ഒരിക്കലും ഒരു ഭീഷണിയാകില്ല്ല.
അഞ്ചടി ഉയരമുള്ള ഒരാൾ റോഡിൽ നിന്ന് കാണുന്നത് ഇങ്ങനെ.
മനോരമയുടെ ഫോട്ടോഗ്രാഫർ കാണുന്നത് ഇങ്ങനെ.
എറണാകുളം സുഭാഷ് പാർക്കിലേക്ക് ചെന്നാൽ ആർക്കും കാണാം വികലമാക്കപ്പെട്ട് കിടക്കുന്ന ഒരുകൂട്ടം കലാസൃഷ്ടികൾ. അതേപ്പറ്റിയൊന്നും മനോരമ ഒരു പരമ്പര തയ്യാറാക്കാത്തതെന്ത് ? കലാധരനും സത്യപാലും മോനായിയും വേണുഗോപാലും ബോസുമൊക്കെ അതേപ്പറ്റി എന്തുകൊണ്ട് വ്യാകുലരാകുന്നില്ല. GCDA യിലെ കൃഷി പൂട്ടിക്കാൻ മനോരമയ്ക്ക് ആരെങ്കിലും അച്ചാരം തന്നിട്ടുണ്ടോ ? ഇതിനേക്കാൾ ഗുരുതരമായ എത്രയോ പ്രശ്നങ്ങൾ കൊച്ചിയുടേതും കേരളത്തിന്റേതുമായി ഉണ്ട്. അതെന്തെങ്കിലും എഴുതി പേജ് നിറക്കാൻ നോക്കിക്കൂടെ?
മുക്കോലപ്പെരുമാളിന്റെ മനോരമ കാണാത്ത മറ്റൊരു ദൃശ്യം.
പൊതുജനത്തിന്റെ കൂട്ടത്തിൽ നിന്ന് ഒരു കാര്യം തറപ്പിച്ച് പറയാൻ ആഗ്രഹിക്കുന്നു. വിഷമടിച്ച പച്ചക്കറികൾ തിന്നുതിന്ന് ആൾക്കാർ മഹാരോഗികളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ചിലരെങ്കിലും സമൂഹത്തിന് മാതൃകയാകുന്ന തരത്തിൽ ഇത്തരം ഉദാത്തമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെതിരെ തിരിഞ്ഞാൽ, കലയേക്കാൾ വലുത് ആരോഗ്യം തന്നെയാണ് ഞങ്ങൾക്കെന്ന് അറുത്തുമുറിച്ച് പറയേണ്ടി വരും. പ്രകൃതിയോടും മനുഷ്യനോടും അൽപ്പം പോലും സ്നേഹം കാണിക്കാതെയുള്ള കലാപ്രവർത്തനങ്ങൾക്ക് നേരെ ജനത്തിന് മുഖം തിരിക്കേണ്ടതായും അത്തരം കലാകാരന്മാരെ ബഹിഷ്ക്കരിക്കേണ്ടതായും വരും.
വികലമായ മാദ്ധ്യമപ്രവർത്തനം നടത്തുന്ന മാദ്ധ്യമങ്ങളോട് പറയാനുള്ളത് ഇതാണ്. ഈയിടെയായി നിങ്ങൾ എഴുതി വിടുന്നത് കുടിച്ച വെള്ളത്തിൽ ഞങ്ങളാരും വിശ്വസിക്കാറില്ല. നിങ്ങളേക്കാൾ നന്നായി പത്രപ്രവർത്തനം നടത്തുന്ന സിറ്റിസൺ ജേർണലിസ്റ്റുകളുടെ കാലമാണിത്. സത്യാവസ്ഥ ജനങ്ങളിലേക്കെത്തിക്കാൻ നല്ല ഒന്നാന്തരം ഏർപ്പാടുകൾ ഇന്ന് ജനങ്ങളുടെ പക്കലുണ്ട്. നിങ്ങൾ ആർക്കെങ്കിലുമൊക്കെ വേണ്ടി കുനിഞ്ഞും വളഞ്ഞും മുട്ട് മടക്കിയും പടങ്ങളെടുത്ത് വാർത്തകൾ പടച്ചുവിടുമ്പോൾ നട്ടെല്ല് വളക്കാതെ യഥാർത്ഥ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ സാധാരണക്കാരനായ ഏതൊരു പൌരനും ഇന്നാട്ടിൽ സാദ്ധ്യമാണ്.
സത്യത്തിൽ ഈ വെണ്ടക്കൃഷി കൊച്ചിക്ക് അഭിമാനവും നിങ്ങലെപ്പോലുള്ള ‘സ്വന്തം ലേഖകന്മാർ‘ നാടിന് അപമാനവുമാണ്. പത്രങ്ങൾ മാദ്ധ്യമധർമ്മം വ്യഭിചരിക്കാൻ തുടങ്ങിയാൽ, പൊതുജനം സിറ്റിസൺ ജേർണലിസം കുറേക്കൂടെ ഉഷാറാക്കും. കാലാകാലം ആടിനെ പട്ടിയാക്കാമെന്നും ജനത്തെ കബളിപ്പിക്കാമെന്നും ഒരു പത്രക്കാരനും മനക്കോട്ട കെട്ടരുത്. അങ്ങനെ ചെയ്താൽ അതുകൊണ്ടുള്ള നഷ്ടം നിങ്ങൾ മാദ്ധ്യമങ്ങൾക്ക് മാത്രമാണ്.
കഷ്ടം , മഞ്ഞരമയിൽ ഞങ്ങൾ ഇട്രോയെക്കെയെ പ്രതീക്ഷിക്കുന്നുള്ളൂ… ഇതിനെതിരെ പ്രതികരിച്ച സാംസ്കാരിക നായകന്മാരുടെ പ്രതികരണം അതിലേറെ വേദനിപ്പിക്കുന്നതും ആണ്… കറുത്ത ശില്പങ്ങൾ കാക്ക വെണ്ണകൾ ശില്പങ്ങളാക്കിയ നിരവധി സ്ഥലങ്ങൾ നമുക്ക് കാണാൻ കഴിയും… സെക്രട്ടറി ക്കു ഇഷ്ടപ്പെടാത്ത കൃഷി എന്ന് പറഞ്ഞു കൊടുക്കേണ്ട തലക്കെട്ട് ഇങ്ങനെ ആക്കിയത് ആർക് വേണ്ടി
എന്തും വിളിച്ചു കൂവി പേജു നിറക്കണം എന്നെ ഇവന്‍ മാര്‍ക്കുള്ളു കണ്ണിന്റെ മുന്നില്‍ നടക്കുന്ന പല അനീതികള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നു ഇതത്രെ ഇന്നത്തെ പത്ര ധര്‍മ്മം
മനോജ് ഭായ് ഇതെന്തായാലും തകർത്തു…ഇവന്റെ ഒക്കെ വിചാരം എന്തു പുഴുങ്ങി നിരത്തിയാലും ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങും എന്നാണ്.ഏറ്റവുമധികം പ്രചാരമുള്ള ദിനപത്രത്തിന്റെ സ്റ്റാൻഡേർഡ് കൊള്ളാം.
Manoramayilum viveramillathavanmar undu mashe.