തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി മനോരമ


മാസം 5ന് കലൂർ കടവന്ത്ര റോഡിൽ ട്രീ ഗാർഡുകൾക്കുള്ളിൽ ശ്വാസം മുട്ടിയും പരുക്കേറ്റും നിൽക്കുന്ന മരങ്ങളെ ആ തടവറയ്ക്കുള്ളിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവർത്തനവുമായി ഒരു കൂട്ടം വൃക്ഷസ്നേഹികൾ ഒത്തുചേരുകയുണ്ടായി.  പരിസ്ഥിതി പ്രവർത്തകനായ ഷെല്ലി ജോർജ്ജ് ഫേസ്ബുക്കിൽ ആഹ്വാനം ചെയ്തതനുസരിച്ചാണ് മുപ്പതോളം പേർ ട്രീ ഗാർഡുകൾ മുറിച്ചുമാറ്റാനെത്തിയത്. ഗ്രീൻ‌വെയ്ൻ, സഞ്ചാരി, പറവൂർ ബൈക്കേർസ്, എക്കോ വാരിയേർസ് എന്നിങ്ങനെയുള്ള സമാനമനസ്ക്കരായ കൂട്ടായ്മകളിൽ നിന്ന് എത്തിച്ചേർന്നവർ രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെ ഭക്ഷണം പോലും അവഗണിച്ച് ട്രീ ഗാർഡുകൾ മുറിച്ചുമാറ്റി. അതിനാവശ്യമായ ജനറേറ്റർ, കട്ടിങ്ങ് മെഷീൻ, കട്ടർ ബ്ലേഡ്, വെള്ളം, ഓട്ടോറിക്ഷ എന്നതൊക്കെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയവരും സംഘടിച്ചവരും ചേർന്ന് സമാഹരിക്കുകയും ചെയ്തു. 60ൽ‌പ്പരം മരങ്ങളുടെ ട്രീ ഗാർഡുകളാണ് ഫെബ്രുവരി 5ന് മുറിച്ചുമാറ്റിയത്. ഓരോ ട്രീ ഗാർഡിനും ഉള്ളിൽ എത്രത്തോളം മാലിന്യം നിറഞ്ഞിരിക്കുന്നെന്ന് മനസ്സിലാക്കാൻ ഫേസ്ബുക്കിൽ ഞങ്ങളിട്ടിരിക്കുന്ന ഈ വീഡിയോ നോക്കൂ.

777സംരക്ഷണവലയം പ്രാണനെടുക്കുന്ന ഒരു മരക്കാഴ്ച്ച

ഞങ്ങളുടെ മറ്റൊരു സഹപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ മാഹിൻ കാഞ്ഞൂരാൻ ഇക്കാര്യത്തിൽ നടപടിയുണ്ടാകണമെന്ന് പറഞ്ഞ് കാലങ്ങളായി കോർപ്പറേഷനും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനും പിന്നാലെ നടന്നിട്ടും ഫലമൊന്നും ഇല്ലാതെ വന്നപ്പോൾ ഇനി ആരോടും അഭിപ്രായമോ അനുവാദമോ ചോദിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എല്ലാവരും ചേർന്ന് എത്തുകയും ട്രീ ഗാർഡുകൾ നീക്കം ചെയ്യുകയുമാണ് ഉണ്ടായത്.

70ട്രീ ഗാർഡാണോ കുപ്പത്തൊട്ടിയാണോ ?

കോർപ്പറേഷനിൽ ചെന്നപ്പോൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ പറഞ്ഞു, ‘മറിഞ്ഞ് വീണ മരങ്ങളുടെ കാര്യത്തിൽ മാത്രമേ ഞങ്ങൾക്കെന്തെങ്കിലും ചെയ്യാനാവൂ’ എന്ന്. ഇതാണ് അധികാരികളിൽ നിന്ന് അനുവാദം വാങ്ങുന്ന കാര്യത്തിൽ ഉണ്ടായത്. മരം നട്ട് അതിന് ട്രീ ഗാർഡും സ്ഥാപിച്ച് പോയിക്കഴിഞ്ഞാൽ‌പ്പിന്നെ നട്ടവരും നടീച്ചവരും അടക്കം ആർക്കും ഉത്തരവാദിത്തമൊന്നും ഇല്ല. ഈ സാഹചര്യത്തിൽ വൃക്ഷസ്നേഹികളായ കുറേ വ്യക്തികളും സംഘടനകളും ആ കാര്യം സ്വന്തം ചിലവിൽ ഏറ്റെടുത്ത് നടപ്പിലാക്കി. കലൂരിലെ കൌൺസിലർ ശ്രീ.അരിസ്റ്റോട്ടിൽ ഞങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് എത്തുകയും കുടിക്കാനുള്ള വെള്ളം ഞങ്ങൾക്ക് എത്തിക്കുകയും ചെയ്തു.

ari നീല ഷർട്ടിട്ട് നിൽക്കുന്നത് കൌൺസിലർ അരിസ്റ്റോട്ടിൽ

ഇനി, ഇതുമൂലം ഉണ്ടായ പൊല്ലാപ്പുകളിലേക്ക് കടക്കാം. കലൂര് നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച ട്രീ ഗാർഡ് നീക്കം ചെയ്യൽ ഉച്ചയ്ക്ക് 12 മണിയോടെ കത്രിക്കടവ് കത്രിക്കടവ് സെന്റ് ഫ്രാൻസീസ് പള്ളിക്ക് മുന്നിലെത്തുകയും അതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ പരിക്കുകൾ ഉള്ളത് പള്ളിക്ക് മുന്നിലുള്ള 6 മരങ്ങൾക്കാണെന്ന് മനസ്സിലാക്കിയപ്പോൾ ആ ട്രീ ഗാർഡുകളും മുറിച്ച് നീക്കി മുന്നോട്ട് പോയി.

69പള്ളിക്ക് മുന്നിലുള്ള മരങ്ങളിൽ ഒന്നിന്റെ അവസ്ഥ.

കത്രിക്കടവ് പാലത്തിനടുത്ത് എത്തിയപ്പോഴേക്കും പള്ളിയുടെയും വ്യാപാരി വ്യവസായിയുടേയും ചുമതലയുള്ളവർ ഞങ്ങളെ തടയുകയും അവരോട് അനുവാദം വാങ്ങാതെ ട്രീ ഗാർഡുകൾ മുറിച്ചതിന് വാക്കേറ്റമുണ്ടാകുകയും ചെയ്തു. അവരുടെ പരസ്യങ്ങളാണ് ആ ട്രീ ഗാർഡുകളിൽ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ് അങ്ങനെയൊരു പ്രശ്നം ഉടലെടുത്തത്. അവർ നട്ട മരങ്ങൾ ആണെന്നും അതിന്റെ ട്രീ ഗാർഡ് മാറ്റാൻ അവർക്കറിയാമെന്നും, ഇനിയൊരെണ്ണത്തിൽ തൊട്ടാൽ തൊട്ടവന്റെ കൈ വെട്ടുമെന്നുമൊക്കെ ഭീഷണി വരെയെത്തി കാര്യങ്ങൾ. ഇപ്പറഞ്ഞതിന്റെയൊക്കെ വീഡിയോ തെളിവായി ഞങ്ങളുടെ കൈവശമുണ്ട്. ഞങ്ങൾ പ്രശ്നം ഉണ്ടാക്കാൻ നടക്കുന്നവരല്ല. മരങ്ങൾക്കായാലും മനുഷ്യർക്കായാലും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ നടക്കുന്നവരാണെന്നതുകൊണ്ട്, അവരുടെ പ്രതിഷേധത്തെ നിയമപരമായിത്തന്നെ മറികടക്കുമെന്ന് പറഞ്ഞുകൊണ്ട് പാലത്തിന്റെ മറുവശത്തുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

അടുത്ത ദിവസം, പേരറിയാത്ത പത്തോളം പേർ ചേർന്ന് പള്ളിക്ക് മുന്നിലെ ട്രീ ഗാർഡുകൾ നശിപ്പിച്ചെന്നും, അതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പള്ളിക്കാരും വ്യാപാരി വ്യവസായികളും ചേർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് മനോരമ പത്രത്തിൽ വന്ന രണ്ട് കോളം വാർത്തയിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി.

66 പരാതിയുമായി ബന്ധപ്പെട്ട മനോരമ വാർത്ത.

ഞങ്ങൾ വിലാസമില്ലാത്തവരല്ല. 100 കോടി മരങ്ങൾ ഇന്ത്യയൊട്ടാകെ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന സംഘടനയാണ് ഗ്രീൻ‌വെയ്ൻ. വെബ്സൈറ്റിലും ഫേസ്‌ബുക്ക് പേജിലുമായി ഞങ്ങളുടെ പ്രവർത്തനങ്ങൾ ഏതൊരാൾക്കും കണ്ട് വിലയിരുത്താനാവുന്നതാണ്. കൊച്ചിക്കൊരു പച്ചക്കുട എന്ന പദ്ധതി പ്രകാരം നഗരത്തിൽ ഒരു ലക്ഷം മരങ്ങൾ നടുന്നത് ഞങ്ങളുടെ ഉത്തരവാദിത്വത്തിലും സഹകരണത്തിലുമാണ്. കേരളത്തിൽ മാത്രം ഇതിനകം 8 ലക്ഷത്തിലധികം മരങ്ങൾ ഞങ്ങൾ നട്ടുകഴിഞ്ഞു. വരാപ്പുഴ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 20,000ന് അടുത്ത് തൈകൾ ഇതുവരെ ഞങ്ങൾ സൌജന്യമായി നൽകിയിട്ടുണ്ട്. മരങ്ങൾ നടുക മാത്രമല്ല അത് പരിപാലിക്കുക, മരങ്ങൾ മുറിക്കുന്നത് അനധികൃതവും അനാവശ്യവുമാണെങ്കിൽ അതിനെതിരെ ഇടപെടുക എന്നതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഈ മുന്നേറ്റത്തിൽ ഒപ്പം നിൽക്കുന്നവരാണ് സഞ്ചാരിയും എക്കോ വാരിയേർസും പറവൂർ ബൈക്കേർസ് ക്ലബ്ബുമെല്ലാം. അതുകൊണ്ടുതന്നെ ഞങ്ങൾ അജ്ഞാതരല്ല എന്ന് ബോദ്ധ്യപ്പെടുത്താനും ഞങ്ങൾ ചെയ്ത നല്ല കാര്യത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് കാണിക്കാനുമായി, ട്രീ ഗാർഡ് മുറിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഗ്രീൻ‌വെയ്‌ൻ സംഘടനയുടെ ലെറ്റർ ഹെഡ്ഡിൽ എഴുതിയുണ്ടാക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അതിന്റെ പൂർണ്ണരൂപം ഈ ലിങ്കിൽ വായിക്കാം.

അതനുസരിച്ച് നോർത്ത് എസ്.ഐ.ശ്രീ.വിപിൻ രണ്ട് കൂട്ടരെയും ചർച്ചയ്ക്ക് വിളിപ്പിച്ചു. അവിടെ ചെന്നപ്പോൾ ഞങ്ങൾ കള്ളന്മാരെപ്പോലെ ചെന്ന് ട്രീ ഗാർഡുകൾ മുറിച്ചെന്നും, ഇങ്ങനെ ഒരു സംഘടന ഇല്ലെന്നും, ഇത്തരം പ്രവർത്തികൾ ചെയ്ത് ഫേസ്ബുക്കിലിട്ട് വിദേശത്തുനിന്ന് പണമടിച്ച് മാറ്റി ജീവിക്കുന്നവരാണെന്നും അടക്കം ഒട്ടനവധി വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഞങ്ങൾക്കെതിരെ എതിർകക്ഷികൾ നിരത്തുകയുണ്ടായി. ഞങ്ങളുടെ പക്ഷം ബോധിപ്പിക്കാനുള്ള സമയം അനുവദിച്ചപ്പോൾ മേൽ‌പ്പറഞ്ഞ ആരോപണങ്ങൾ എല്ലാം തെളിവുകൾ അടക്കം നിഷേധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കള്ളന്മാരെപ്പോലെ ആയിരുന്നെങ്കിൽ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ വന്ന് നിജസ്ഥിതി ബോധിപ്പിക്കേണ്ട കാര്യമില്ലായിരുന്നെന്നും അറിയിച്ചു. ഞങ്ങൾ ചെന്നിരിക്കുന്നത് മുറിക്കാൻ അനുവദിക്കാതെ ബാക്കി നിൽക്കുന്ന ട്രീ ഗാർഡുകൾ എതിർകക്ഷികൾ തന്നെ മുറിച്ച് മാറ്റുമോ അതോ ഞങ്ങൾ തന്നെ നിയമപരമായി മുന്നോട്ട് പോകണോ എന്നറിയാൻ മാത്രമാണെന്നും മുറിച്ചതൊക്കെ മുറിച്ചത് തന്നെ, അതിന്റെ കാര്യത്തിൽ ഇനിയൊന്നും സംസാരിക്കാനില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ ആയിട്ടും ‘നീയൊക്കെ ഒരു മരമെങ്കിലും നട്ടിട്ടുണ്ടോടാ?’ എന്ന നിലയ്ക്ക് എതിർകക്ഷികൾ ഞങ്ങൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ തുടർന്നുകൊണ്ടിരുന്നു. മുറിച്ച് മാറ്റിയ ഗാർഡുകൾ തിരികെ സ്ഥാപിക്കണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നുള്ള എതിർകക്ഷികളുടെ ആവശ്യം ഞങ്ങൾ പാടെ നിരാകരിച്ചു. തർക്കങ്ങളും ബഹളവും നീണ്ടുപോയി.

അവസാനം എസ്.ഐ.യുടെ ഊഴമെത്തി. പരസ്യക്കാരായ പള്ളിയുടേയും വ്യാപാരി വ്യവസായിയുടേയും അനുവാദം വാങ്ങാതെ മുറിച്ച് മാറ്റിയ ട്രീ ഗാർഡുകൾക്ക് പകരം പത്ത് മരങ്ങൾ ഞങ്ങൾ നടണമെന്നും അതിന് ട്രീ ഗാർഡുകൾ വെക്കണമെന്നും അതിൽ ഒന്നിൽ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേര് വെക്കണമെന്നുമായിരുന്നു നിർദ്ദേശം. ഞങ്ങൾ മരം നടുന്ന സംഘടനകളും പ്രവർത്തകരുമാണ്. 10 മരങ്ങൾ നടണമെന്ന് പറഞ്ഞാൽ 100 മരങ്ങൾ നടാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അതിനുള്ള സ്ഥലം കണ്ടെത്തിത്തരണമെന്ന് മാത്രം. ഈ കർത്തവ്യത്തിന്റെ തുടർച്ചയെന്നോണം ബാക്കിയുള്ള ട്രീ ഗാർഡുകൾ മുറിച്ച് മാറ്റേണ്ടതാണെങ്കിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം അത് മുറിക്കാൻ സമ്മതിക്കാമെന്നും എസ്.ഐ. അറിയിച്ചു. ഞങ്ങൾക്ക് വേണ്ടത് അത് മാത്രമായിരുന്നു. അങ്ങനെ രണ്ട് കക്ഷികളും പരസ്പരം കൈ കൊടുത്ത് സൌഹാർദ്ദത്തോടെ സ്റ്റേഷനിൽ നിന്ന് പിരിഞ്ഞു.

ഇതനുസരിച്ച്, ഞങ്ങൾ മുന്നോട്ടുള്ള നീക്കങ്ങൾ ആരംഭിച്ചു. 24 മണിക്കൂർ മാത്രം ശേഷിക്കേ മുറിച്ച് മാറ്റിയ 6 ട്രീ ഗാർഡുകൾ നന്നാക്കി എടുക്കുകയും ബാക്കിയുള്ള 4 ട്രീ ഗാർഡുകൾക്ക് പണം കണ്ടെത്തുകയും നിർമ്മിക്കുകയും ചെയ്തു. എവിടന്നെല്ലാം അനുവാദം ആവശ്യമുണ്ടോ അവിടന്നെല്ലാം അത് വാങ്ങിയിരിക്കും എന്ന തീരുമാനത്തിൽ ഞങ്ങളിൽ ചിലർ ജി.സി.ഡി.എ. സക്രട്ടറിയെപ്പോയി കണ്ടു. അപ്പോഴാണ് അറിയുന്നത് ആ റോഡ് ജി.സി.ഡി.എ.യ്ക്ക് കീഴിലാണെന്നും അതിലെ മരങ്ങളെല്ലാം അവരുടെ ഉത്തരവാദിത്വത്തിൽ ആണെന്നും. ട്രീ ഗാർഡുകളിൽ പരസ്യം വെക്കുന്നതിന് ആരും ജീസീഡി‌എ-യിൽ പണമടക്കുന്നില്ല എന്നും ഇതിനോടൊപ്പം മനസ്സിലാക്കാനായി.

787ജിസിഡി‌എ യ്ക്ക് നൽകിയ കത്തിന്റെ പൂർണ്ണരൂപം.

അതെന്തൊക്കെ ആയാലും ട്രീ ഗാർഡ് മുറിച്ച് മാറ്റുന്ന കാര്യത്തിൽ ജിസിഡി‌എ സക്രട്ടറി എം.സി.ജോസഫ് ഞങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ഞങ്ങളെപ്പോലുള്ളവരുടെ ഇത്തരം പ്രവർത്തികളെ അഭിനന്ദിക്കുകയും ചെയ്തു. അടുത്ത കമ്മറ്റിയിൽ ഇത് ഔദ്യോഗികമായിത്തന്നെ അറിയിച്ച് ഉത്തരവ് രേഖമൂലം തരുന്ന കാര്യവും അദ്ദേഹം ഉറപ്പ് തന്നു.  മാത്രമല്ല അടുത്ത ഞായറാഴ്ച്ച, അതായത് ഫെബ്രുവരി 12ന് ഉടമ്പടി പ്രകാരമുള്ള 10 മരങ്ങൾ ഞങ്ങൾ നടുമ്പോൾ അദ്ദേഹവും ജിസിഡി‌എ എഞ്ചിനീയറും സ്ഥലത്ത് എത്തിച്ചേരാമെന്ന് സമ്മതിക്കുകയും ചെയ്തു.

887സംഘാംഗങ്ങൾ കലൂർ കടവന്ത്ര റോഡിൽ

12ന് രാവിലെ അൻപതോളം വരുന്ന ഞങ്ങളുടെ പ്രവർത്തകർ പള്ളിക്ക് മുൻപിൽ എത്തി. ഇക്കൂട്ടത്തിൽ ഈ ആവശ്യത്തിന് മാത്രമായി കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നും എത്തിയ സഞ്ചാരി അംഗങ്ങൾ ഉണ്ടായിരുന്നു. പറഞ്ഞത് പോലെ തന്നെ എസ്.ഐ.യും ജിസീഡി‌എ സക്രട്ടറിയും എഞ്ചിനീയറും എത്തി. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ സക്രട്ടറിയും എസ്.ഐ.യും ചേർന്ന് ആദ്യത്തെ മരം നട്ടു. ഇതിനകം ഞങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരുന്ന പരാതിക്കാർ(ഇപ്പോൾ അവർ ഞങ്ങളുടെ സുഹൃത്തുക്കളാണ്) ഞങ്ങളെ കണ്ടുമുട്ടാൻ വൈകിപ്പോയെന്നും അവരേക്കാൾ വലിയ പരിസ്ഥിതി പ്രവർത്തകരാണ് ഞങ്ങളെന്ന് ബോദ്ധ്യമായെന്നുമൊക്കെ ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു.

തുടർന്ന് സക്രട്ടറി കണ്ട് ബോദ്ധ്യപ്പെട്ടതനുസരിച്ച് മുറിച്ച് മാറ്റാൻ അനുവദിക്കാതെ പ്രശ്നം ഉടലെടുത്ത മരത്തിന്റെ കീഴിലുള്ള ട്രീ ഗാർഡ് മുറിച്ച് നീക്കിക്കൊണ്ട് സക്രട്ടറി തന്നെ ആ കർമ്മം തുടങ്ങി വെച്ചു. ഒരു വശത്ത് മരം നടലും അതിന്റെ ട്രീ ഗാർഡ് സ്ഥാപിക്കലും മറുവശത്ത് അപകടമുണ്ടാക്കുന്ന ട്രീ ഗാർഡുകൾ മുറിച്ച് മാറ്റലുമായി 5 മണി വരെ ഞങ്ങൾ പ്രവർത്തനങ്ങൾ തുടർന്നു.

വേനൽക്കാലത്ത് അതും പൊതുനിരത്തിൽ മരങ്ങൾ നടുന്നത് അശാസ്ത്രീയമായ നടപടിയാണ്; അത് ഞങ്ങളുടെ രീതിയുമല്ല. പക്ഷേ, ഒരു പ്രശ്നത്തിന് പരിഹാമുണ്ടാക്കാൻ മരങ്ങൾ നടണമെന്ന് പറഞ്ഞാൽ അത് ചെയ്യുക തന്നെ ചെയ്യും. അപ്പോൾ അതിനാവശ്യമായ മറ്റ് കരുതലുകൾ കൂടെ സ്വീകരിക്കുമെന്ന് മാത്രം. ഉദാഹരണത്തിന്, വേനലിൽ നട്ട ഈ മരങ്ങൾ പാഴായിപ്പോകരുത് എന്നതുകൊണ്ട് തന്നെ നന്നായി വളർച്ചയെത്തിയതും രണ്ട് കൊല്ലത്തിലധികം കൂടകളിൽ നിന്ന് വളർന്നതുമായ തൈകളാണ് ഈ ആവശ്യത്തിലേക്ക് തിരഞ്ഞെടുത്തത്. അവയ്ക്ക് വെള്ളം കിട്ടുന്ന കാര്യം ഉറപ്പാക്കാൻ ഡ്രിപ്പ് ഇറിഗേഷൻ അടക്കമുള്ള സൌകര്യങ്ങൾ നടപ്പിലാക്കുകയും ആ സംവിധാനത്തിൽ ആരൊക്കെ എന്നൊക്കെ വെള്ളം നിറയ്ക്കും എന്നതും തീരുമാനത്തിൽ എത്തിയശേഷം വൈകീട്ട് 7 മണിക്ക് ശേഷമാണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഞങ്ങൾ പിരിഞ്ഞത്.

777
ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം

പക്ഷേ, ഇന്ന് (16 ഫെബ്രുവരി) മനോരമ പ്രാദേശികം പേജിൽ വന്ന വാർത്ത ഞങ്ങളെ എല്ലാവരേയും വല്ലാതെ അലോസരപ്പെടുത്തി. ഈ വാർത്ത കണ്ട്, ഞങ്ങളെന്തോ അപരാധം ചെയ്തെന്ന മട്ടിൽ മനോരമയിൽ വാർത്തയുണ്ടെന്ന് പറഞ്ഞ്ഞങ്ങളെ അറിയുന്നവർ ബന്ധപ്പെടുകയുമുണ്ടായി. ആ മനോരമ വാർത്ത താഴെക്കൊടുക്കുന്നു. രാജ്യത്ത് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അത് ഉണ്ടാക്കാൻ പോന്ന ഒരു തലക്കെട്ടാണ് മനോരമ നൽകിയിരിക്കുന്നതെന്ന് പറയാതെ വയ്യ. മരങ്ങളെ നശിപ്പിക്കുന്ന ട്രീ ഗാർഡുകൾ മുറിച്ചത് എന്തോ വലിയ അപരാധമാണെന്ന് ധ്വനിയുണ്ട് ആ തലക്കെട്ടിൽ. അതുകൊണ്ടല്ലേ ആ അപരാധത്തിന് പരിഹാരമായി മരം നട്ടു എന്നെഴുതിയിരിക്കുന്നത്? തലക്കെട്ട് മാത്രം വായിച്ച് പോകുന്നവർ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും തെറ്റായ രീതിയിൽ ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

manoramaമനോരമയുടെ തലക്കെട്ട് പിഴച്ച വാർത്ത

മരങ്ങൾ നടുക എന്നത് ദൌത്യമായി കൊണ്ടുനടക്കുന്ന സംഘടനയാണ് ഗ്രീൻ‌വെയ്ൻ എന്നത് മനോരമയ്ക്ക് അറിയാഞ്ഞിട്ടല്ല. പല ജില്ലകളിലും മനോരമയുടെ നല്ലപാഠം പദ്ധതി ഗ്രീൻ‌വെയ്നുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തലക്കെട്ട് എഴുതിയ ആൾക്ക് തലയ്ക്കകത്ത് എന്തെങ്കിലും ഉണ്ടെങ്കിൽ, അയാൾ സ്വന്തം പത്രമെങ്കിലും വായിക്കുന്നുണ്ടെങ്കിൽ ഇത് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങൾ മരങ്ങൾ നട്ടത് അത് ഞങ്ങളുടെ ദൌത്യവും കർമ്മവുമായതുകൊണ്ടാണ്. എതിർകക്ഷികൾ മുറിക്കാൻ അനുവദിക്കാതെ പോയ ട്രീ ഗാർഡുകൾ കൂടെ മുറിക്കണമെങ്കിൽ, അതിന് മരങ്ങൾ നടലാണ് ഒരു പോം‌വഴിയെങ്കിൽ അതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഞങ്ങൾ മരങ്ങൾ നട്ടു, മുറിക്കാൻ അനുവദിക്കില്ല എന്ന് എതിർകക്ഷികൾ പറഞ്ഞ ബാക്കിയുള്ള ട്രീ ഗാർഡുകൾ മുറിക്കുകയും ചെയ്തു. ഒരു പ്രശ്നവും ഉണ്ടായതുമില്ല; ആരും കൈ വെട്ടിയതുമില്ല.

മനോരമയിൽ നിന്ന് ലേഖകനും ചാനൽ പ്രതിനിധികളും സംഭവസ്ഥലത്ത് വന്നിരുന്നു. ഈ വിഷയം വാർത്തയായി വരുമെന്ന് അതുകൊണ്ടുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതുമാണ്. പക്ഷേ, അതിത്തരത്തിൽ തല തിരിഞ്ഞ ഒരു തലക്കെട്ടുമായിട്ടാണെന്ന് ഊഹിച്ചിരുന്നില്ല. ചാനലിൽ വാർത്തയായി അന്നേദിവസം ഈ വിഷയം വന്നിരുന്നോ, വന്നെങ്കിൽ അവിടെ എന്തൊക്കെയാണ് പറഞ്ഞതെന്ന് ഞങ്ങളാരും കണ്ടിട്ടില്ല.

67ട്രീ ഗാർഡ് കുപ്പത്തൊട്ടിയായെന്ന മനോരമ വാർത്ത

മനോരമയോട് പറയാനുള്ളത് ഇതാണ്. ട്രീ ഗാർഡ് കുപ്പത്തൊട്ടിയാകുന്നു എന്ന് പറഞ്ഞ് ആലുവ ഭാഗത്തെ അവസ്ഥ റിപ്പോർട്ട് ചെയ്തവരാണ് നിങ്ങൾ. എന്നിട്ട് ആരെങ്കിലുമൊക്കെ ആ കുപ്പത്തൊട്ടികളിൽ നിന്ന് മരങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ അവരുടെ ആത്മവീര്യം കെടുത്തുന്ന ഇത്തരം തലക്കെട്ടുകളുമായി വരുന്നത് അപലപനീയമാണ്.  പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. നിങ്ങളതിൽ ഏവിയേഷൻ സ്പിരിട്ട് ഒഴിക്കാൻ ശ്രമിക്കരുത്. ഇതെന്നല്ല, ഏത് വാർത്തയും അതിന്റെ തലക്കെട്ടുമൊക്കെ നല്ല രീതിയിൽ എഴുതാൻ ശ്രമിക്കണം. ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ സ്വഭാവം ഒരു പത്രസ്ഥാപനത്തിന് ചേർന്നതല്ല. മരം നടലും പരിപാലിക്കലും വിത്ത് വിതരണവുമൊക്കെ നടത്തുന്നവരാണല്ലോ നിങ്ങളും? എന്നിട്ടും മനസ്സ് മാത്രം എന്തേ ഇത്രയും വിഷലിപ്തമായി ബാക്കി നിൽക്കുന്നു? ഈ ചോദ്യം സ്വയം ചോദിക്കുക, ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. ആ കണ്ടെത്തലുകൾ നല്ലപാഠങ്ങളാകട്ടെ. ആ പാഠങ്ങൾ നമുക്ക് അടുത്ത് തലമുറയിലേക്ക് പകർന്ന് നൽകാം.

വാൽക്കഷണം:- കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് ഇങ്ങനെ സംരക്ഷണവലയത്തിൽ കുടുങ്ങി വീർപ്പുമുട്ടുന്ന ആയിരക്കണക്കിന് മരങ്ങൾ. എറണാകുളത്ത് നിന്ന് തുടങ്ങി ഈ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ഞങ്ങളുദ്ദേശിക്കുന്നത്. അധികാരികളും പൊതുപ്രവർത്തകരും മാദ്ധ്യമങ്ങളും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രീ ഗാർഡുകളിലെ പരസ്യം പോയതിന്റെ പേരിൽ ആർക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കിൽ അത് ഞങ്ങൾക്കൊരു വിഷയമേയല്ല.

—————————————————————————
ഈ വിഷയത്തിൽ വിവിധ ഓൺലൈൻ ഇടങ്ങളിൽ വന്ന വാർത്തകൾ.

1. നാരദ ന്യൂസിൽ വന്ന റിപ്പോർട്ട്
2. മറുനാടൻ മലയാളിൽ വന്ന റിപ്പോർട്ട് 
3. സൌത്ത് ലൈവിൽ വന്ന റിപ്പോർട്ട്

Comments

comments

2 thoughts on “ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി മനോരമ

  1. പല സ്ഥലങ്ങളിലും ഇതുപോലുള്ളവ കണ്ട് അലോlസരപ്പെട്ടിട്ടുണ്ട്. നിങ്ങൾക്കതിനു സാധിച്ചും .നിങ്ങളെ കുറിച്ച് അഭിമാനമുണ്ട്.എല്ലാ പിന്തുണയും ഉണ്ടാകും

Leave a Reply to ഇസ്മയില്‍ കുറുമ്പടി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>