മാധ്യമം പത്രത്തിന് പറ്റിയ അബദ്ധം


സോഷ്യൽ മീഡിയയിൽ അഥവാ സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വാചകക്കസർത്തുകൾ പത്രക്കടലാസിൽ അച്ചടിക്കുന്ന പത്രമാദ്ധ്യമങ്ങൾ പലതുമുണ്ട് മലയാളത്തിൽ. അതിലൊന്നാണ് മാധ്യമം പത്രത്തിന്റെ ‘സമൂഹ മാധ്യമം‘ എന്ന കോളം. മുൻപ് എപ്പോഴോ ഞാനും അതിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഓർമ്മ.

89

മാധ്യമം പത്രത്തിലെ (07.04.2017) ‘സമൂഹ മാധ്യമ‘ത്തിൽ Maya Mohan എന്ന വനിതയുടെ പേരിൽ വന്നിരിക്കുന്ന വാചകങ്ങൾ എനിക്കയച്ച് തന്നത് സുഹൃത്തും പഴയ സഹപ്രവർത്തകനുമായ നിഷാദാണ്. വരികൾ വായിച്ചപ്പോൾ എന്തോ ഒരു ആത്മബന്ധമുള്ളത് പോലെ തോന്നി. വേറൊന്നും കൊണ്ടല്ല അങ്ങനെ തോന്നിയത്; ആ വരികൾ ഇക്കഴിഞ്ഞ ഹർത്താലിന്റെ തലേന്ന് എന്റെ അക്ഷരമില്ലാത്ത കീ ബോർഡിൽ നിന്ന് പോയതായിരുന്നു.

55

2007 ൽ ബ്ലോഗിൽ എഴുതാൻ തുടങ്ങിയപ്പോൾ മുതൽ പലതരം കോപ്പിയടികൾ കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. അതിൽ ഒരു കോപ്പിയടിക്കെതിരെ കാര്യമായിട്ട് തന്നെ പ്രതികരിച്ചതിന്, കോപ്പിയടിച്ച വ്യക്തി എനിക്കെതിരെ കൊട്ടേഷൻ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ആ വ്യക്തി തന്നെ പിന്നീടെനിക്കയച്ച ഈ-മെയിൽ സന്ദേശം ഇപ്പോഴുമെന്റെ കൈയ്യിലുണ്ട്. കോപ്പിയടികൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും, അതൊക്കെ ഓൺലൈനിൽ വിഹരിക്കുന്നവരുടെ വിവരമില്ലായ്മയും പക്വതക്കുറവും കാപട്യവുമൊക്കെ ആണെന്ന് കരുതി കാര്യമായിട്ടെടുക്കുക പതിവില്ല. എങ്കിലും ഈ വിഷയത്തിലെ തകരാറുകളും അത് തിരുത്താൻ ആ‍വശ്യമായ നടപടികളും അൽ‌പ്പമൊന്ന് വിശദമാക്കാം.

ഫേസ്ബുക്കിൽ നമ്മളെഴുതിയിടുന്നത് പലരും Share ചെയ്യുന്നുണ്ടെന്ന് അറിയാമല്ലോ ? നമ്മളെഴുതിയ വാചകങ്ങൾ അതേ പടി പകർത്തിയെടുത്ത് കടപ്പാട് പോലും വെക്കാതെ പോസ്റ്റാക്കുന്നവരുമുണ്ട്. (കടപ്പാട് അഥവാ Courtesy വെച്ചാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പിന്നീടൊരു സാദ്ധ്യതയുമില്ല.) പത്രത്തിൽ അച്ചടിക്കാൻ പറ്റിയ സ്റ്റാറ്റസ് മെസ്സേജുകൾ നോക്കി നടക്കുന്ന ജേർണലിസ്റ്റുകൾ ഇതിൽ ഏതെങ്കിലും ഒരു സ്റ്റാറ്റസ് വായിക്കുകയും കൊള്ളാവുന്നതാണെങ്കിൽ അനുവാദം പോലും ചോദിക്കാതെ അതെടുത്ത് അച്ചടിക്കുകയും ചെയ്യുന്നു. ഇവിടെയാണ് കുഴപ്പം ഉടലെടുക്കുന്നത്. പത്രക്കാരൻ കണ്ടത് ഒറിജിനൽ പോസ്റ്റാണോ കോപ്പിയടിച്ച പോസ്റ്റാണോ എന്ന് അയാൾക്ക് പോലും അറിയില്ല, അഥവാ അറിയാൻ ഒരു ശ്രമം പോലും അയാൾ നടത്തുന്നില്ല.

അച്ചടിക്കണമെന്ന് ആഗ്രഹമുള്ള പോസ്റ്റിലെ ഏതെങ്കിലും ചില വരികൾ ഫേസ്ബുക്കിലോ ഗൂഗിളിലോ തിരഞ്ഞ് നോക്കിയാൽ, അത് ആരൊക്കെ എവിടെയൊക്കെ എഴുതിയിട്ടിരിക്കുന്നു, ഷെയർ ചെയ്തിരിക്കുന്നു, ആരാണതിന്റെ യഥാർത്ഥ എഴുത്തുകാരൻ എന്നീ വിവരങ്ങളൊക്കെ നിമിഷനേരത്തിനകം കിട്ടുമെന്നിരിക്കെ അതിന് ശ്രമിക്കാത്ത ജേർണലിസ്റ്റുകളാണ് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. കടപ്പാട് വെക്കാതെ കോപ്പി പേസ്റ്റ് ചെയ്ത ഫേസ്‌ബുക്കർ പത്രക്കാരനെ വെട്ടിലാക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഇങ്ങനെയൊക്കെയാണ് ലോകമെന്ന് മനസ്സിലാക്കിയിരിക്കേണ്ടത് ജനാധിപത്യത്തിലെ ‘നാലാം തൂണുകാരായ’ മാദ്ധ്യമപ്രവർത്തകർ തന്നെയാണെന്ന അഭിപ്രായമാണെനിക്ക്.

66

എന്റെ ഈ വരികൾ, ഫേസ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്ത അൽ‌പ്പം ദൈർഘ്യമുള്ള ഈ പോസ്റ്റിൽ നിന്നുള്ളതാണ്. പിന്നീട് ഞാനത്, ‘തിരഞ്ഞെടുപ്പുണ്ടെങ്കിൽ ഹർത്താൽ ഇല്ലാത്തതെന്തുകൊണ്ട് ?’ എന്ന തലക്കെട്ടിൽ ബ്ലോഗിലേക്കും പകർത്തിയിടുകയുണ്ടായി. മാത്രമല്ല ഈ വാചകങ്ങൾ മാത്രമെടുത്ത് ‘നിരക്ഷരകുക്ഷി’ എന്ന പേരിൽ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ചളി-മെഷീൻ കാർട്ടൂൺ പരമ്പര വഴിയും പോസ്റ്റ് ചെയ്യുകയുണ്ടായി.

ChaliStrip (7) - Copy

നിർദ്ദോഷകരമായും അറിഞ്ഞുകൊണ്ടും ഇത്തരത്തിലുള്ള  സ്റ്റാറ്റസുകളോ വരികളോ കോപ്പി ചെയ്ത് പോസ്റ്റാക്കുന്ന നിരവധി പേർ ഫേസ്ബുക്കിലുണ്ട്. എന്റെ ഈ വരികൾ അത്തരത്തിൽ ഉപയോഗിച്ചിട്ടുള്ളവരുടെ ലിസ്റ്റ് കാണണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്യുന്നവർ ബോധപൂർവ്വമല്ലാതെ ചെയ്യുന്നതാണെങ്കിൽ, അവരോട് പറയാനുള്ളത്, നിങ്ങളുടേതല്ലാത്ത വരികളാണെങ്കിൽ അതിന് കീഴെ ആ വരികൾ എഴുതിയ ആളുടെ പേര് സൂചിപ്പിക്കുക അല്ലെങ്കിൽ ടാഗ് ചെയ്യുക എന്ന് മാത്രമാണ്. ഒരു സാമാന്യ മര്യാദയാണത്. Share ചെയ്യാനാണെങ്കിൽ അനുവാദം പോലും ചോദിക്കേണ്ടതില്ല.  ഇങ്ങനൊരു സമീപനം ഫേസ്ബുക്കർ‌മാരിൽ നിന്ന് ഉണ്ടായില്ലെങ്കിൽ നിങ്ങളുടെ ഓരോ പോസ്റ്റുകളുടേയും ആധികാരികത സംശയത്തിന്റെ നിഴലിലാകും. നിങ്ങളത്എവിടെന്നെങ്കിലും കോപ്പി ചെയ്തതാണോ അതോ സ്വന്തം സൃഷ്ടിയാണോ എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ വായനക്കാരന് ഒരു മാർഗ്ഗവുമില്ല. ഈ സംഭവത്തോട് കൂടെ, എനിക്ക് നല്ല പരിചയമുള്ളവരുടേയും കോപ്പിയടിക്കില്ല എന്ന് ഉറപ്പുള്ളവരുടേയും പോസ്റ്റുകൾക്ക് മാത്രം Like, Comment, Share എന്നിവ നൽകുക എന്നൊരു നിലപാട് സ്വീകരിക്കുകയാണ് ഞാൻ.

ബോധപൂർവ്വം ഇത്തരത്തിൽ കോപ്പി പേസ്റ്റ് ചെയ്യുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനോ ഉപദേശിക്കാനോ ഇല്ല. അതിന്റെ പേരിൽ കളയാൻ സമയവുമില്ല.

പത്രക്കാരോട് പറയാനുള്ളത്….നിങ്ങളുടെ പേജുകൾ നിറയ്ക്കാൻ സമൂഹമാദ്ധ്യമങ്ങളിൽ നിന്നുള്ള വരികൾ കൂടെ നിർബന്ധമാണെങ്കിൽ,  ആ വരികളുടെ ആധികാരികതയും സ്രോതസ്സും ഉറപ്പ് വരുത്തുക. (അതെങ്ങനെയാണെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്.) അത് ചെയ്യാനുള്ള സാങ്കേതിക ജ്ഞാനം നിങ്ങൾക്കില്ലെങ്കിൽ, അച്ചടിമാദ്ധ്യമങ്ങൾക്ക് പുറമെ നവമാദ്ധ്യമങ്ങൾ കൂടെ വലിയ തോതിൽ വിളയാടുന്ന ഇക്കാലത്തെ മാദ്ധ്യപ്രവർത്തനരംഗത്ത് നിലനിൽക്കാനുള്ള കുറഞ്ഞ യോഗ്യതപോലും  നിങ്ങൾക്കില്ലെന്ന് സ്വയം മനസ്സിലാക്കുക. അത്രേയുള്ളൂ.

വാൽക്കഷണം:-  മായാ മോഹന്റെ പേരിലാണെങ്കിലും, ഹർത്താലുമായി ബന്ധപ്പെട്ട എന്റെ ആ വരികൾ ഓൺലൈനിൽ എന്നത് പോലെ അച്ചടി മാദ്ധ്യമത്തിലും പ്രചരിപ്പിക്കപ്പെടുകയും, പാർട്ടിക്കാരുടെ ഹർത്താൽ കാപട്യം, പത്രം വായിക്കുന്ന  ജനങ്ങളിലേക്കും  എത്താൻ ഇടയായതിലും അതിയായ സന്തോഷമുണ്ട്. അതിന് മാധ്യമം പത്രത്തിനോടുള്ള നന്ദി കൂടെ ഈ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു.

22

Comments

comments

2 thoughts on “ മാധ്യമം പത്രത്തിന് പറ്റിയ അബദ്ധം

Leave a Reply to Bindhu Unny Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>