എൺപത്തി മൂന്ന് കിലോമീറ്റർ വാഹനമോടിച്ചു ഇന്നലെ. യാത്ര പുറപ്പെടുന്നതിന് ഒരുപാട് മുൻപ് തന്നെ ഹോൺ ഒരിക്കൽപ്പോലും അടിക്കരുതെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കെങ്ങാനും മറന്ന് പോയാലും റേഡിയോയിലൂടെ നടൻ മോഹൻലാൽ അക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
ഇന്നലെ ‘നോ ഹോൺ ഡേ’ ആയിരുന്നു. ശബ്ദമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ‘NO HORN DAY’ എന്ന സംരംഭത്തിൽ ലോകത്തോടൊപ്പം ചേർന്നുനിൽക്കാനുമായി കേരള ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പരസ്യമാണ് മോഹൻലാലിന്റെ ശബ്ദത്തിൽ റേഡിയോയിൽ വന്നുകൊണ്ടിരുന്നത്. നല്ല കാര്യം തന്നെ. ലാലേട്ടൻ ഫാൻസ് മാത്രം ഹോണടിക്കാതിരുന്നാൽത്തന്നെ വലിയ വ്യത്യാസമുണ്ടായെന്ന് വരും. (ലാലേട്ടൻ ഫാൻസാണ് ഹോണടിക്കാർ എന്ന അർത്ഥത്തിലല്ല, ലാലേട്ടന് അത്രയ്ക്കധികം ഫാൻസുണ്ട് എന്ന അർത്ഥത്തിൽ വായിച്ച് പൊങ്കാല ഒഴിവാക്കുക.) എന്തായാലും ഇന്നലെ പൊതുവെ നിരത്തിൽ ഹോൺ ശല്യം കുറവായിരുന്നെന്ന് എനിക്കനുഭവപ്പെട്ടു. വളരെ നല്ലത്.
പക്ഷെ, ഈ ബോധവൽക്കരണ സന്ദേശത്തിൽ മോഹൻലാൽ പറയുന്ന മറ്റൊരു കാര്യം കൂടെയുണ്ട്. ഇത് ഒരു ദിവസത്തെ കാര്യം മാത്രമായി കാണരുതെന്നും ഇതൊരു ശീലമാക്കണമെന്നും അതിന്റെ വ്യത്യാസം അനുഭവിച്ചറിയാമെന്നും പറയുന്നുണ്ട്.
ഹോണടിക്കാതെയുള്ള യാത്ര ഒരു ശീലമാക്കാൻ പറ്റുമോ ? പറ്റില്ലെങ്കിൽ എന്തൊക്കെയാണ് കാരണങ്ങൾ ? നമുക്കൊരു കണക്കെടുപ്പ് നടത്തിയാലോ ? ഇന്നലത്തെ മാത്രം അനുഭവത്തിന്റെ വെളിച്ചത്തിലും 18 വയസ്സ് മുതൽ വാഹനമോടിക്കുന്ന ആളെന്ന നിലയിലും ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ഞാനും ശ്രമിക്കാം.
വികസിത രാജ്യങ്ങളിൽ നമ്മുടെ പിന്നിൽ വരുന്ന വാഹനം ഹോണടിക്കുക എന്നാൽ നമ്മളെന്തോ തെറ്റ് കാണിച്ചിട്ടുണ്ട് എന്നാണർത്ഥം. ആ തെറ്റ് നമ്മളെ ചൂണ്ടിക്കാണിക്കാനാണ് അവർ ഹോണടിക്കുന്നത്. അതുകൊണ്ടുതന്നെ ഹോണടി കേൾക്കുന്നത് അവർക്ക് കുറച്ചിലാണ്. ഡ്രൈവ് ചെയ്യുമ്പോൾ ട്രാഫിക്ക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിക്കുന്നതുകൊണ്ട് അവർക്ക് സ്വാഭാവികമായും വല്ലപ്പോൾ മാത്രമേ ഹോണടിക്കേണ്ടി വരുന്നുള്ളൂ. പക്ഷേ, നമുക്കങ്ങനെയല്ലല്ലോ കാര്യങ്ങൾ ?! ഡ്രൈവിങ്ങ് പഠിക്കുന്ന കാലത്ത്, വളവുകളിൽ എത്തുമ്പോൾ ഹോണടിക്കാൻ പറഞ്ഞിരുന്ന എന്റെ ആശാനെ ഇന്നുമെനിക്കോർമ്മയുണ്ട്. വളവിലും തിരിവിലുമൊക്കെ ഹോണടിച്ചില്ലെങ്കിൽ ആശാന്റെ ചീത്തവിളി ഉറപ്പ്. ഇന്നെങ്ങനെയാണ് ഡ്രൈവിങ്ങ് പഠനം എന്നറിയില്ല. രണ്ട് വാഹനങ്ങൾക്ക് പോകാനുള്ള വീതിയുള്ള റോഡിന്റെ നടുക്ക് കൂടെ വാഹനം ഓടിക്കുകയും എതിരെ വാഹനം വരുമ്പോൾ മാത്രം സൈഡ് കൊടുക്കുകയും ചെയ്യുന്ന സംസ്ക്കാരം ഉള്ളതുകൊണ്ടാണ് വളവിൽ നമുക്ക് ഹോണടിക്കേണ്ടി വരുന്നത്. അതേസമയം ഒരു വാഹനത്തിനുള്ള വീതി മാത്രമുള്ള റോഡിലെ വളവിൽ ഹോൺ അടിക്കുന്നത് ഒരു സുരക്ഷാനടപടി മാത്രമാണ്.
ഓവർടേക്ക് ചെയ്യുമ്പോളും ഹോണടിക്കണമെന്ന് തന്നെയാണ് ആശാൻ എന്റെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തില്ലെങ്കിൽ യാതൊരു മുന്നറിയിപ്പും തരാതെ ഇടത്തേക്കോ വലത്തേക്കോ ഗതിമാറ്റാൻ സാദ്ധ്യതയുള്ള മുന്നിലെ വാഹനവുമായി നമ്മൾ കൂട്ടിയിടിക്കുമെന്ന് മൂന്നരത്തരം. ഇവിടെയാണ് ട്രാഫിക്ക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നത്. നമ്മുടെ വാഹനം ഇടത്തേക്കോ വലത്തേക്കോ ദിശമാറുന്നതിന് മുൻപ് ഇൻഡിക്കേറ്റർ പ്രകാശിപ്പിക്കുകയും മറ്റ് വാഹനങ്ങൾ പിന്നിലൂടെ അതിവേഗതയിൽ വരുന്നുണ്ടോ എന്ന് കണ്ണാടിയിലൂടെ നോക്കുകയും ചെയ്ത ശേഷമേ വാഹനത്തിന്റെ ദിശമാറ്റാൻ പാടുള്ളൂ. പിൻവശം കാണാനുള്ള കണ്ണാടികൾ വാഹനം വാങ്ങുന്ന അന്ന് തന്നെ മടക്കി വെക്കുന്ന സംസ്ക്കാരമുള്ള ഇന്നാട്ടിൽ ഹോണടിച്ചുകൊണ്ടല്ലാതെ ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുക ബുദ്ധിമുട്ടാണ്.
ഇടവഴികളിൽ നിന്ന് പ്രധാന റോഡിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ പ്രധാനറോഡിലേക്ക് നോക്കി ഏതെങ്കിലും വാഹനം വരുന്നുണ്ടെങ്കിൽ അത് കടന്നുപോകാൻ കാത്തുനിൽക്കുന്ന സമ്പ്രദായം ഇന്നാട്ടില്ല. ഇടതും വലതും നോക്കാതെ റോഡിന്റെ ഓരം ചേർന്ന് അയാൾ പ്രധാനവീഥിയിലേക്ക് കടക്കും. പിന്നാലെ വരുന്നവൻ വേഗത നിയന്ത്രിക്കാനാവാതെ ചെന്നിടിച്ചാൽ, ‘ഞാൻ സൈഡ് ചേർന്നല്ലേ റോഡിലേക്ക് കടന്നത് ?’ എന്ന മറുവാദം ഉന്നയിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവരെ കാണുമ്പോൾ ഹോണടിക്കാതിരിക്കുന്നതെങ്ങനെ ?
വിദേശരാജ്യങ്ങളിൽ അമിതവേഗം എന്നത് പോലെ തന്നെ മിനിമം വേഗത എന്നൊരു കാര്യം കൂടെ തീർച്ചയായും ഉണ്ട്. ഇന്നാട്ടിൽ പക്ഷെ അങ്ങനെയൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും അങ്ങനെയൊരു നിയമം ഉണ്ടോ എന്നും സംശയമാണ്. ഒരുനുഭവം ഉദാഹരണമായി പറയാം. ഗോശ്രീ പാലത്തിലൂടെ ഇരുവശത്തേയും കാഴ്ച്ചകളൊക്കെ കണ്ടാസ്വദിച്ച് വളരെ മെല്ലെ പോകുന്ന ഒരു വാഹനം സത്യത്തിൽ അവിടെ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിക്കുകയാണ്. പാലത്തിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല എന്ന നിമയം അനുസരിക്കണമെങ്കിൽ മുന്നിലുള്ള ഈ മെല്ലെപ്പോക്ക് വാഹനത്തിന് പുറകെ എല്ലാവരും നിരങ്ങാൻ തുടങ്ങിയാൽ അവിടെ ഗതാഗതസ്തംഭനമായി. അല്ലെങ്കിൽ അയാൾ വേഗതകൂട്ടാൻ വേണ്ടി പിന്നിലൂടെ വരുന്നവർ ഹോണടിച്ചേ പറ്റൂ. പാലങ്ങളിൽ മാത്രമല്ല, ഇരുവശത്തുനിന്ന് സദാസമയവും വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഏതൊരു റോഡിലും ഈ മെല്ലെപ്പോക്ക് ഒരു പ്രശ്നമാണ്. പിന്നിലുള്ളവർക്ക് കടന്നുപോകാൻ പറ്റാതെ വരുമ്പോൾ അവിടെ ശബ്ദമലിനീകരണത്തിന്റെ സംസ്ഥാനസമ്മേളനത്തിന് വേദിയാകുന്നു. അതല്ലാതെ വേറെന്തുണ്ട് മാർഗ്ഗം ? മിനിമം സ്പീഡ് എന്ന നടപടി കാളവണ്ടി മുതൽ ടിപ്പർ ലോറി വരെയുള്ള വാഹനങ്ങൾക്കും കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമെല്ലാം ഒറ്റവരിപ്പാത മാത്രമുള്ള നമ്മുടെ പ്രായോഗികമാക്കാൻ പറ്റുന്ന കാര്യവുമല്ല.
ഇനി മറ്റൊരു ഗുരുതരമായ പ്രശ്നം സൂചിപ്പിക്കട്ടെ. നമ്മുടെ പൊതുവാഹനങ്ങളുടെയെല്ലാം പിന്നിൽ എഴുതി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? HORN OK, HORN PLEASE, SOUND HORN, BLOW HORN, എന്നൊക്കെയാണത്. ഒന്ന ഹോണടിക്കൂ പ്ലീസ് എന്ന് താണുകേണാണ് അവർ പറയുന്നത്. അങ്ങനെ എഴുതി വെച്ചിട്ടില്ലെങ്കിൽ ആ വാഹനങ്ങൾക്ക് മോട്ടോർ വെഹിക്കിൽ ഓഫീസിൽ നിന്ന് ടെസ്റ്റ് പാസ്സായി നിരത്തിലിറങ്ങാൻ പറ്റില്ല. ഈ ഒരു സംസ്ക്കാരവും നിയമവും കൊണ്ടുനടക്കുന്ന നമ്മൾക്കെങ്ങനെയാണ് നിത്യമായ ‘നോ ഹോൺ‘ സംസ്ക്കാരത്തിലേക്ക് പോകാൻ കഴിയുക? ആദ്യം നിയമത്തിലുള്ള അത്തരം ഭോഷ്ക്കുകളാണ് തൂത്തെറിയേണ്ടത്. എന്നിട്ട് വേണം ശബ്ദമലിനീകരണത്തിനെതിരെയും നോ ഹോൺ സംസ്ക്കാരത്തിനും വേണ്ടി മഹാനടന്മാരെ നിരത്താൻ. സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയിൽ ശബ്ദം നൽകിയ ലാലേട്ടൻ, പറ്റുമെങ്കിൽ ഇക്കാര്യമൊക്കെ സൂചിപ്പിച്ച് ഒരു ബ്ലോഗെഴുതിയിടൂ. ഞങ്ങളെപ്പോലുള്ളവർ എന്തെഴുതിയാലും വനരോദനം ആയിപ്പോകുകയേയുള്ളൂ. നിങ്ങളെഴുതിയാൽ അത് ബ്ലോഗിൽ മാത്രമല്ല, പത്രത്തിലും ടീവിയിലും റേഡിയോയിലുമൊക്കെ വരുന്ന ബ്ലോഗിനൊക്കെ അപ്പുറത്തുള്ള ഒരു ഉൽബോധനമായി മാറും.
ഇന്നലെത്തെ യാത്രയിൽ ഹോൺ അടിക്കരുതെന്ന് ഉറപ്പിച്ചതുകൊണ്ടുതന്നെ ഒന്നേകാൽ മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് കുറഞ്ഞത് ഒന്നേമുക്കാൽ മണിക്കൂറെങ്കിലും എടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചതും. നേരത്തേ ഇറങ്ങിയതുകൊണ്ട് സമയത്തിന് തന്നെ എത്തി. എല്ലാ ദിവസവും എല്ലാവർക്കും ഇങ്ങനെ ഒരുപാട് മണിക്കൂറുകൾ മുൻപേ ഇറങ്ങാൻ പറ്റിയെന്ന് വരില്ല. ഹോണടിച്ചേ മുന്നോട്ട് നീങ്ങാൻ പറ്റിയെന്ന് വരൂ പല സന്ദർഭങ്ങളിലും. അനാവശ്യ ഹോണുകൾ ഒഴിവാക്കാനാണ് പറയുന്നതെങ്കിലും 100 കിലോമീറ്റർ പോകുമ്പോൾ 25 പ്രാവശ്യം അത്യാവശ്യമായി ഹോണടിക്കേണ്ടി വരുന്ന അവസ്ഥ ഒട്ടും ആശാസ്യകരമല്ല. അങ്ങനെയുള്ള ഇന്നാട്ടിൽ നോ ഹോൺ സംസ്ക്കാരം വളർത്തിയെടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. അതിന് ആദ്യം വേണ്ടത് മേൾപ്പറഞ്ഞത് പോലെ നിയമത്തിലും ഡ്രൈവിങ്ങ് പഠിപ്പിക്കുമ്പോളും ഉള്ള അപാകതകൾ പരിഹരിക്കുകയാണ്. ഗതാഗത വകുപ്പ് ഇപ്പോൾ എന്തെങ്കിലും ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിൽ അത് ഊർജ്ജിതമാക്കുകയും വേണം.
1. ഉയർന്ന രക്തസമ്മർദ്ദം.
2. ഹൃദ്‌രോഗങ്ങൾ.
3. കേൾവിക്കുറവ് അല്ലെങ്കിൽ സ്ഥിരമായുള്ള കേൾവി നഷ്ടം.
4. അസ്വസ്ഥതയുണ്ടാക്കൽ.
5. ഗർഭാവസ്ഥയിലുള്ള ശിശുക്കൾക്ക് പ്രശ്നമുണ്ടാക്കൽ.
6. കുട്ടികളുടെ പഠനസംബന്ധിയായ കാര്യങ്ങളെ ബാധിക്കൽ.
എന്നിങ്ങനെ ഒരുപാടുണ്ട് ശബ്ദമലിനീകരണം കൊണ്ടുള്ള പ്രശ്നം. പക്ഷെ ശബ്ദമലിനീകരണം എന്നാൾ ഹോൺ അടിക്കുന്നത് മാത്രമാണെന്ന് ആരെങ്കിലും ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ അത് അബദ്ധമാണ്.
ഹോണടിക്കേണ്ട എന്ന് പറയുമ്പോൾ സൈലൻസറിന് തുളയിട്ട് ശബ്ദമലീനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കുമപ്പുറം പറഞ്ഞറിയിക്കാൻ പറ്റാത്ത പല പ്രശ്നങ്ങളും ഉണ്ടാക്കുന്ന ചെത്ത് പയ്യന്മാരുടെ ബൈക്കുകളുടേയും കാറുകളുടേം കാര്യത്തിൽ ഗതാഗത വകുപ്പിന്റെ നിലപാടെന്താണ് ? അവരിറങ്ങുന്നത് കൂടുതലും രാത്രികാലങ്ങളിലാണ്. കുഞ്ഞുകുട്ടികൾ തുടങ്ങി എല്ലാവരുടേയും ഉറക്കമവർ കെടുത്തുന്നു. ഇത്തരക്കാരെ എത്രപേരെ പിടിക്കൂടി നടപടിയെടുത്തിട്ടുണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം എന്ന് ഒരു കണക്ക് തരാമോ ? (അല്ലെങ്കിൽ ആ കണക്കിനായി ഏത് തസ്തികയിലേക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കേണ്ടതെന്നെങ്കിലും പറഞ്ഞ് തരാമോ ?)
വാഹനങ്ങൾ മൂലമുള്ള ശബ്ദമലിനീകരണത്തോടൊപ്പമോ അതിനേക്കാൾ അധികമായോ നടക്കുന്ന മറ്റ് ശബ്ദമലിനീകരണങ്ങളെപ്പറ്റിയൊന്നും കേരള സർക്കാറിനോ ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് വകുപ്പിനോ അറിയില്ലെന്നാണോ ? ഏറ്റവും വലിയ ഉദാഹരണമായി പറയാനുള്ളത് ദേവാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദമലിനീകരണമാണ്. അതും, കോടതി നിരോധിച്ച കോളാമ്പിമൈക്കുകളിലൂടെയുള്ള മലിനീകരണം. കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് നടപടിയെടുക്കാൻ സർക്കാരുകൾക്കെന്തുകൊണ്ട് കഴിയുന്നില്ല. ദൈവം എന്താ ചെകിടനാണോ ? ഉച്ചഭാഷിണിയിലൂടെ അലറി വിളിച്ചാലേ ദൈവത്തിന് കേൾക്കൂ എന്നേത് വേദഗ്രന്ഥത്തിലാണ് പറയുന്നത്. സർക്കാരുകൾ മിണ്ടാതിരിക്കുന്നത് വോട്ടുബാങ്കുകളിൽ തോട്ട പൊട്ടിക്കാൻ താൽപ്പര്യമില്ലാഞ്ഞിട്ടാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല. പക്ഷേ, എല്ലാ കാര്യങ്ങളും വേദഗ്രന്ഥങ്ങളാകുന്ന ടെക്സ്റ്റ് ബുക്കുകളിൽ പറയുന്നതനുസരിച്ച് നടപ്പിലാക്കുന്ന ഭക്തജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ബധിരരും മൂകരുമാകുന്നതെന്തുകൊണ്ട് ?
കൊല്ലത്തിലൊരിക്കൽ പെരുന്നാളോ ഉത്സവമോ വരുമ്പോൾ മൈക്കിലൂടെ അലറിവിളിക്കരുത് എന്നല്ല പറയുന്നത്. ദിവസവും രാവിലേയും വൈകുന്നേരവും അമ്പലങ്ങളിൽ നിന്നും അഞ്ച് നേരം മസ്ജിദുകളിൽ നിന്നുമൊക്കെ കീറിവിളിക്കുന്നതെന്തിനാണ് ? വാച്ചും വടക്ക് നോക്കി യന്ത്രവുമൊന്നും ഇല്ലാതിരുന്ന കാലത്ത് ഉറക്കെ വിളിച്ചറിയിക്കേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ ഇന്നെല്ലാവരും വാച്ച് മാത്രമല്ല ജി.പി.എസ്.അടക്കമുള്ള സൌകര്യങ്ങളുമായാണ് നടക്കുന്നത്. പ്രാർത്ഥനയുടെ സമയമായെന്ന് അവരെ അറിയിക്കാൻ എന്തിന് നിരോധിക്കപ്പെട്ട ഉച്ചഭാഷിണികൾ ഉപയോഗിക്കണം ? ദൈവം ഉറങ്ങി എണീറ്റെന്നും ഉറങ്ങാൻ പോകുകയാണെന്നും നാട്ടുകാരെ മൊത്തം വിളിച്ചറിയിക്കേണ്ട കാര്യമെന്തിരിക്കുന്നു. ഒരു ദേവാലയത്തിന് ചുറ്റും താമസിക്കുന്നത് ആ ദൈവത്തിന്റെ വിശ്വാസികൾ മാത്രമല്ലെന്ന് മറക്കരുത്. ഒരു ദൈവത്തിലും വിശ്വസിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. തന്റേതല്ലാത്ത ദൈവങ്ങളുടേയും മതങ്ങളുടേയും പ്രഘോഷണങ്ങൾ അന്യമതക്കാർക്ക് അരോചകമായെന്ന് വരാം. മതസ്പർദ്ധ ഉണ്ടാക്കേണ്ടെന്ന് കരുതി നീരസം പുറത്ത് കാണിക്കാതെ ജനങ്ങൾ അടക്കിപ്പിടിച്ച് ജീവിക്കുകയും പ്രതികാര നടപടി എന്ന നിലയ്ക്ക് സ്വന്തം ദേവാലയത്തിൽ അതിനേക്കാൾ ഉച്ചത്തിൽ ദൈവത്തെ വാഴ്ത്തുകയും മാത്രമാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ദൈവവാഴ്ത്തുകൾ മറ്റുള്ളവരിലേക്ക് ഉച്ചഭാഷിണിവഴി അടിച്ചേൽപ്പിക്കുമ്പോൾ അവരുടെ ദൈവവചനങ്ങൾ നിങ്ങളിലേക്ക് അവരും തള്ളിത്തരുന്നുണ്ടെന്ന് മറക്കരുത്. എന്തിനിങ്ങനെ ദൈവത്തിന്റെ പേരിൽ ശബ്ദമലിനീകരണമുണ്ടാക്കി മനസ്സിനും ശരീരത്തിനും ആരോഗ്യമില്ലാത്തവരായി ജീവിക്കണം ? കോളാമ്പി ഉച്ചഭാഷിണികൾ കണ്ടുപിടിക്കുന്നതിന് മുൻപ് ദൈവങ്ങൾ ഉണ്ടായിരുന്നില്ലേ ? അതോ അന്നത്തെ ദൈവങ്ങൾ ചെവി കേൾക്കുന്നവരും ഇന്നുള്ള ദൈവങ്ങൾ മൊത്തം ചെകിടരാണെന്നുമാണോ ?
‘നോ ഹോൺ ഡേ‘ എന്നതുപോലെ ‘ദൈവത്തോട് അലറിവിളിക്കാത്ത ദിനം’ എന്ന പേരിൽ ഒരു ദിവസം സംഘടിപ്പിക്കാൻ സർക്കാരിന് കഴിയില്ലേ ? ഇന്നൊരു ദിവസം ദൈവത്തിന്റെ പേരിൽ മൈക്ക് വെച്ച് ഒച്ചപ്പാടുണ്ടാക്കരുതെന്ന് എല്ലാ അമ്പലങ്ങളിലും പള്ളികളിലും മസ്‌ജിദുകളിലും വിവരമറിയിക്കുക. എത്രപേർ സഹകരിക്കുമെന്ന് നോക്കുക. ചിലപ്പോൾ ആ വ്യത്യാസം അവർ സ്വയം തിരിച്ചറിഞ്ഞാലോ ? ‘നിർത്തലാക്കണം, നിയമമുള്ളതാണ്‘ എന്നൊക്കെ പറഞ്ഞാൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങളെ ലളിതമായി നേരിടാൻ ഒരു ശ്രമമെങ്കിലും നടത്തിക്കൂടെ ?
ഈയവസരത്തിൽ എടുത്തുപറയേണ്ട ഒരു കാര്യം, ഇരാട്ടുപേട്ടയിലെ മസ്‌ജിദുകളിൽ ഇനി മുതൽ മതപ്രസംഗങ്ങൾ മൈക്കിലൂടെ ഉണ്ടാകില്ല എന്നത് സ്വാഗതാർഗമായ നടപടിയാണ്. ബാങ്ക് വിളി മാത്രമേ ഇനി മൈക്കിലൂടെ ഉണ്ടാകൂ എന്നവർ തീരുമാനിച്ചു. സമയമറിയാൻ എല്ലാവർക്കും സംവിധാനം ഉള്ള നിലയ്ക്ക് ബാങ്ക് കൂടെ ഒഴിവാക്കാൻ ഈരാറ്റുപേട്ടയിലെ പള്ളിമഹല്ലുകൾക്ക് സാധിച്ചാൽ അതിനേക്കാൾ വലിയൊരു മാതൃക വേറെയുണ്ടാവില്ല. മറ്റ് മതസ്ഥർക്കും അത് ആത്മവിമർശനത്തിന് ഇടനൽകിയെന്ന് വരും.
ചുരുക്കിപ്പറഞ്ഞാൽ ശബ്ദമലിനീകരണവും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഒരു ‘നോ ഹോൺ ഡേ’ കൊണ്ട് മാത്രം പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല. ഇനി അഥവാ അതൊരു തുടക്കം മാത്രമാണെങ്കിൽ വരും വർഷങ്ങളിൽ മേൽപ്പറഞ്ഞ കാര്യങ്ങളിലുള്ള നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാതെയുള്ള ഇത്തരം കസർത്തുകളെ വെറും പ്രഹസനങ്ങൾ മാത്രമായിട്ടേ കാണാനാവൂ.
വാൽക്കഷണം:- കോടതിയുടേയും പൊലീസിന്റേയും മന്ത്രിമാരുടേയും എം.എൽ.എ.മാരുടേയും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടേയും വാഹനങ്ങളടക്കം എല്ലാ സർക്കാർ വാഹനങ്ങളിളും പിടിപ്പിച്ചിട്ടുള്ള അറുപത്തിയഞ്ച് ഡെസിബെല്ലിന് മുകളിൽ ശബ്ദമുണ്ടാക്കുന്ന ഹോണുകൾ പറിച്ചുമാറ്റാൻ ട്രാഫിക്ക് വകുപ്പ് തയ്യാറായാൽ അപ്പോൾത്തന്നെ വലിയൊരു ശബ്ദമലിനീകരണം ഒഴിവാക്കാനാകും. നല്ലൊരുപങ്ക് വിളവ് തിന്നുന്നത് വേലിതന്നെയാണ്.
നമ്മുടെ നിരത്തുകളിൽ ഒരു നിശ്ചിത ഡെസിബലിൽ കൂടുതൽ തീവ്രതയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഘടിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതുപോലെ എയർ ഹോണുകൾക്കും നിരോധനം ഉണ്ട്. എന്നാൽ രസകരമായ കാര്യം ഇവയുടെ ഉല്പാദനമോ വിപണനമോ നമ്മുടെ രാജ്യത്ത് നിരോധിച്ചിട്ടില്ല! എന്തുകൊണ്ടാണ് ഇങ്ങനെ?
കൂട്ടായ പ്രവര്‍ത്തങ്ങള്‍ നിരന്തരമായി വേണ്ടി വരും, ഇതിനായി. നമ്മുടേതു പലപ്പോഴും ഫോട്ടോകളെടുക്കാനോ മാധ്യമപ്രശസ്തിയുണ്ടാക്കാനോ മാത്രമായിരിക്കും. റോഡ് ഗതാഗതം അമിതമായി കൂടിയ സ്ഥിതിക്ക് എല്ലാവരുടേയും ഇച്ഛാശക്തി ഇതിനായി വേണം. നിയമപാലകരും ഇതൊരു ദിനചര്യയാക്കണം.
നല്ല കുറിപ്പ്.നല്ല മനസ്സിനു നന്ദി.