1. പതിനഞ്ച് വർഷത്തെ റോഡ് ടാക്സ് ഒരുമിച്ച് കൊടുക്കണം ഒരു പുതിയ വാഹനം വാങ്ങുമ്പോൾ. വാഹനം നാം 10 കൊല്ലം പോലും ഉപയോഗിക്കണമെന്നില്ല. വീണ്ടുമൊരു വാഹനം വാങ്ങുമ്പോൾ 5 കൊല്ലത്തെ റോഡ് ടാക്സ് നഷ്ടം. പതിനഞ്ച് കൊല്ലത്തെ നികുതി ഒരുമിച്ച് വാങ്ങിയിട്ട്, നടപ്പ് വർഷം വാഹനം ഓടിക്കാനുള്ള റോഡെങ്കിലും ഉണ്ടായിരുന്നെങ്കിൽ 15 കൊല്ലത്തെ ടാക്സ് കൊടുക്കുന്നതിനും ഒരു രസമുണ്ടായിരുന്നു !!
2. ഇരുപത്, അൻപത്, നൂറ് രൂപ മുദ്രപ്പത്രങ്ങൾ എപ്പോൾ അന്വേഷിച്ച് ചെന്നാലും കിട്ടാനില്ല. ആവശ്യക്കാർ ഉണ്ടെന്നറിഞ്ഞിട്ടും കൂടുതൽ മുദ്രപ്പത്രങ്ങൾ പ്രിന്റ് ചെയ്ത് വെക്കാത്തതിന് കാരണങ്ങൾ പലതുണ്ടാകാം. അത്യാവശ്യക്കാരൻ 100 രൂപയുടെ മുദ്രപ്പത്രത്തിന് പകരം 500 രൂപയുടെ മുദ്രപ്പത്രം വാങ്ങുന്നു.( 500 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം ഇല്ല.) ആ വകയിൽ സർക്കാറിന് അധികം കിട്ടുന്നത് 400 രൂപ. അങ്ങനെ ലക്ഷങ്ങളോ അതോ കോടികളോ ?
3. ട്രഷറിയിൽ നിന്ന് പണം കിട്ടാനുള്ള ഇടപാടുകൾ ഉണ്ടെങ്കിൽ, എല്ലാ ചുവപ്പ് നാടകളും അഴിച്ച് കടലാസ് പണികൾ ഒക്കെ തീർത്താലും പലപ്പോഴും പണം കിട്ടിയെന്ന് വരില്ല. ചെക്ക് ലീഫ് ഇല്ല എന്നതാണ് കാരണം പറയുക. ഇപ്പറഞ്ഞ ചെക്ക് ലീഫ് ആവശ്യത്തിന് അച്ചടിച്ച് വെച്ചാൽ, അത്രയും ദിവസം പൊതുജനത്തിന്റെ പണമിട്ട് മറിച്ച് കളിക്കാനാവില്ലല്ലോ ?
4. ചിട്ടി നിയമം അടിമുടി ഉടച്ച് വാർത്തിരിക്കുന്നു. ഇനി മുതൽ ജമ്മു കാഷ്മീരിൽ ഹെഡ് ഓഫീസ് തുടങ്ങി അതിന്റെ ബ്രാഞ്ച് കേരളത്തിൽ തുടങ്ങേണ്ട ഗതികേടില്ല ചിട്ടിക്കമ്പനികൾക്ക്. എല്ലാ ചിട്ടിക്കമ്പനികളും ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യണം. മാത്രമല്ല, ഓരോ പുതിയ ചിട്ടി തുടങ്ങുമ്പോഴും ചിട്ടിത്തുകയ്ക്ക് തത്തുല്യമായ തുക ട്രഷറിയിൽ കെട്ടി വെക്കണം. ചിട്ടിക്കമ്പനികൾ തട്ടിപ്പ് വല്ലതും നടത്തി മുങ്ങിയാലും പൊതുജനത്തിന്റെ പണം സർക്കാരിൽ സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഈ നടപടി എന്നാണ് വിശദീകരണം. നല്ല കാര്യം തന്നെ. പക്ഷെ, തത്വത്തിൽ സംഭവിക്കുന്നതെന്താണ് ? കോടിക്കണക്കിന് രൂപ വർഷങ്ങളോളം സർക്കാരിന്റെ കൈവശം വന്നു ചേരുന്നു. ചിട്ടി വട്ടമെത്തിക്കഴിഞ്ഞതിന് ശേഷം മാത്രം ഈ പണം ചിട്ടിക്കമ്പനിക്ക് തിരികെ നൽകിയാൽ മതി. (ട്രഷറിയിൽ ചെക്ക് ലീഫ് ഇല്ല എന്ന് പറഞ്ഞ് അന്നും ഇത് വലിച്ച് നീട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.) ഈ നിയമം പക്ഷേ സർക്കാരിന്റെ ചിട്ടിക്കമ്പനിയായ KSFE യ്ക്ക് ബാധകമല്ല എന്നതാണ് വിരോധാഭാസം.
പൊതുജനത്തിന്റെ പണം അഡ്വാൻസായിട്ട് പിടിച്ചുപറിക്കുന്ന മാർഗ്ഗങ്ങൾ ഇനിയും പലതും ഓരോരുത്തരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. എന്റെ അനുഭവത്തിലും നിരീക്ഷണത്തിലും പെട്ട കാര്യങ്ങൾ മാത്രമാണ് ഇപ്പറഞ്ഞത്. കൂട്ടിച്ചേർക്കാൻ പലതുമുണ്ടാകും.
കേരള സർക്കാർ ലോട്ടറി അടിച്ചാലും അഞ്ച് കൊല്ലം കഴിഞ്ഞേ സമ്മാനത്തുക കൊടുക്കൂ എന്നൊരു നിയമം കൊണ്ടുവരാൻ ധനകാര്യമന്ത്രി കിണഞ്ഞ് ശ്രമിക്കുന്നതിനെപ്പറ്റി വാർത്തയുണ്ടായിരുന്നു കുറച്ച് നാൾ മുൻപ്. അങ്ങനെ നടപടിയുണ്ടായാൽ, മേൽപ്പറഞ്ഞ അതേ കാറ്റഗറിയിലേക്ക് തന്നെയാണ് ആ പണവും സമാഹരിക്കപ്പെടുന്നത്. ഒറ്റനമ്പർ ലോട്ടറി, അന്യസംസ്ഥാന ലോട്ടറി എന്നതിൽ നിന്നൊക്കെ കുറേയെങ്കിലുമൊക്കെ തലയൂരി, കാരുണ്യ മംഗല്യ എന്നീ ലോട്ടറികളിലൂടെ പച്ചപിടിച്ച് വരുന്ന ലോട്ടറിവകുപ്പ് പൂട്ടിക്കെട്ടിച്ചേ അടങ്ങൂ എന്ന് വാശിയുള്ളത് പോലെയാണ് ഇതൊക്കെ കണ്ടാൽ തോന്നുക.
സർക്കാർ ഖജനാവിലേക്ക് ഇത്രയുമൊക്കെ പണം മുൻകൂറായിട്ട് വന്ന് കേറിയിട്ടും ഇക്കഴിഞ്ഞ മാർച്ചിൽ മൂക്കുകൊണ്ട് അക്ഷരമാലകൾ എല്ലാം വരച്ചിരുന്നു ധനകാര്യവകുപ്പ്.
‘വാഴുവോർ തന്നെ വായ്പ്പ വാങ്ങിയീ
യാചകരുടെ രാജ്യം ഭരിക്കവേ,
കാലത്തിന്റെ ചിലമ്പിച്ച കാലടി-
പ്പാത പിന്തുടരുന്നു നാം ബന്ധിതർ.’
എന്ന കവിവാക്യം എത്ര അർത്ഥസമ്പൂർണ്ണം !!!
കോടതി ഈയടുത്ത ദിവസം ചോദിച്ചിരുന്നു വിദേശബാങ്കുകളിൽക്കിടക്കുന്ന കള്ളപ്പണമൊക്കെ തിരിച്ചുപിടിക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന്. ഇക്കാലമത്രയും വെള്ളം കോരിയത് വൈകുന്നേരം കുടമുടച്ച് കളയാനല്ലല്ലോ ?!!! കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശികയും നികുതി കുടിശ്ശികയുമൊക്കെയുള്ള വൻകിട കമ്പനികളേയും വ്യവസായികളേയും തൊടില്ല. കാർഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ എടുത്ത് കടം കയറി ഗതികെട്ട് നിൽക്കുന്ന സാധാരണക്കാരനെ ജപ്തി ചെയ്തിരിക്കും, അവനെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ചിരിക്കും.
പൊതുജനത്തെ നികുതിയുടെ പേരിൽ പരമാവധി പിഴിയുക. എന്നാൽ ഇങ്ങനെ പിഴിഞ്ഞ് സ്വരൂപിക്കുന്ന പണം ജനക്ഷേമത്തിനു തന്നെ വിനിയോഗിക്കപ്പെടുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ ഇവിടെ നടക്കുന്നത് അതല്ല. ഇത്രയ്ഉം റോഡ് ടാക്സ് പിരിച്ചിട്ടും നമുക്ക നല്ല റോഡുകൾ ഇല്ല. നല്ല റോഡുകൾ വേണമെങ്കിൽ അത് ബി ഒ ടി വ്യവസ്ഥയിൽ മാത്രമേ ഉണ്ടാക്കൂ എന്ന് സർക്കാർ. സർക്കാർ ഉണ്ടാക്കുന്ന നിയമമങ്ങൾ സർക്കാർ സംവിധാനങ്ങൾക്ക് ബാധകമല്ല എന്നത് മറ്റൊരു വിരോധാഭാസം.
നികുതിപ്പണം കൊണ്ട് നിലനിൽക്കുന്ന ഒരു രാജ്യം നികുതി പല രീതിയിലും ഈടാക്കുന്നതിന് തെറ്റ് പറയാനാവും എന്ന് തോന്നുനില്ല ,പക്ഷെ ഈ നികുതി കൊടുക്കുമ്പോൾ അതിനൊത്ത സൌകര്യങ്ങളും വേണം എന്നത് ന്യായമായ അവശ്യം ,മോട്ടോർ വാഹന വകുപ്പിൽ അടക്കുന്ന നികുതി പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമാണത്തിനും പാലം പണികൾക്കും ചിലവഴിക്കുകയാണോ …….???
ട്രഷറി ,മുദ്രപത്രം തുടങ്ങിയ കാര്യങ്ങൾ മനപൂർവമായ ഒരു പണം സമാഹരണം എന്ന് എനിക്ക് തോന്നുന്നില്ല .സംഗതി സത്യമാണെങ്കിലും .
കെ എസ എഫ് ഇ യെ ഒഴിവാക്കിയത് വിരോധാഭാസം എന്നതിനോട് യോചിപ്പില്ല .സർക്കാർ സംരഭത്തിൽ സര്ക്കാരിന് ഉത്തരവാദിത്വം ഉണ്ട് ,പക്ഷെ സ്വകാര്യ കമ്പനികളുടെ തട്ടിപ്പ് നടത്തുമ്പോഴും പഴി സര്ക്കാരിന് ഉണ്ടാവും അതിനു ന്യായമായും ഒരു സെക്യൂരിറ്റി ,,അതിൽ കവിഞ്ഞെന്തെങ്കിലും ഉണ്ടോ ..?
ചുരുക്കിപ്പറഞ്ഞാൽ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്നിലും കാര്യമായ അസ്വാഭാവികത ഒന്നും കാണുന്നില്ല അല്ലേ ? നിയമം രണ്ട് തരത്തിൽ നടപ്പിലാക്കാം. 15 കൊല്ലം മുൻകൂറായി നികുതി പിരിക്കാം. എല്ലാം ഓക്കെ അല്ലേ ? ഇത്തരം നടപടികളെ അനുകൂലിക്കുന്നവരും ഉള്ളപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല എന്ന ഒരു പാഠം ഉൾക്കൊണ്ടു. അതിന് നന്ദി.