ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ICICI, SBI എന്നീ രണ്ട് ബാങ്കുകളുമായാണ് എനിക്ക് ഇടപാടുള്ളത്. മാസാമാസം വിൽപ്പന നികുതി അടയ്ക്കാനും ബാങ്ക് ഗ്യാരണ്ടികൾ എടുക്കാനും മാത്രമാണ് SBI അക്കൌണ്ട് ഞാൻ ഉപയോഗിക്കുന്നത്. മറ്റെല്ലാ ഇടപാടുകളും ICICI ബാങ്ക് വഴിയാണ് ചെയ്യുന്നത്. (ബാങ്കിൽ നമ്മുടേതായി ബാങ്ക് ഗ്യാരണ്ടിയിൽ പറയുന്ന അത്രയും തുക ഉണ്ടെന്നും നമ്മുടെ ഭാഗത്തുനിന്ന് ക്ലൈന്റിനെ ബാധിക്കുന്ന എന്തെങ്കിലും വീഴ്ച്ച ഉണ്ടായാൽ ആ തുക ക്ലൈനിന് കിട്ടുമെന്നും ബാങ്ക് സാക്ഷ്യപ്പെടുത്തുന്ന ഒരു സർട്ടിഫിക്കറ്റാണ് ബാങ്ക് ഗ്യാരണ്ടി.)
ഒരിക്കൽ SBIൽ ബാങ്ക് ഗ്യാരണ്ടി എടുക്കാൻ ചെന്നപ്പോൾ ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ബാങ്ക് ഗ്യാരണ്ടി തരാൻ പറ്റൂ എന്ന് പറഞ്ഞു. ബാങ്ക് ഗ്യാരണ്ടിക്ക് ആവശ്യമായ മുഴുവൻ തുക ബാങ്കിൽ കെട്ടി വെക്കുകയും ബാങ്കിന് കൊടുക്കാനുള്ള കമ്മീഷൻ കൊടുക്കുകയും ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നത്. ഇക്കാര്യം ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടുന്ന എന്റെ ക്ലൈന്റിനോട് പറഞ്ഞപ്പോൾ അവരെന്നെ കള്ളനാക്കി. ‘നിങ്ങളുടെ കൈയ്യിൽ ബാങ്ക് ഗ്യാരണ്ടി എടുക്കാനുള്ള പണമില്ലാത്തതിന് SBI പോലുള്ള ഒരു ബാങ്കിനെപ്പറ്റി ഇത്തരം കല്ലുവെച്ച നുണകൾ പറയുന്നതെന്തിനാണ് ?‘ എന്നായിരുന്നു എന്നോടവർ ചോദിച്ചത്. അതെന്നെ വല്ലാതെ മുറിവേൽപ്പിച്ചു.
എന്റെ കമ്പനി അക്കൌണ്ടിൽ പണമുണ്ടെന്ന് തെളിയിക്കാനായി ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിച്ച് തരാൻ തയ്യാറാണെന്ന് പറഞ്ഞപ്പോളാണ് അവരെന്നെ അൽപ്പമെങ്കിലും വിശ്വസിക്കാൻ തയ്യാറായത്.
മുൻപെല്ലാം ചെന്നെപ്പോൾ ഇങ്ങനെയുള്ള നിബന്ധനകൾ ഒന്നുമില്ലാതെ ബാങ്ക് ഗ്യാരണ്ടി തന്നിട്ടുണ്ട്. അക്കാര്യം സൂചിപ്പിച്ചപ്പോൾ റിസർവ്വ് ബാങ്കിന്റെ പുതിയ നിബന്ധനയുണ്ടെന്നും RBI സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും SBI പറഞ്ഞു. ആ RBI സർക്കുലർ ഒന്ന് കാണിച്ച് തരാൻ പറഞ്ഞപ്പോൾ കോൺഫിഡൻഷ്യലായതുകൊണ്ട് കാണിക്കാനാവില്ലെന്നായിരുന്നു മറുപടി. പിന്നീട് ഞാൻ പിൻവാതിൽ വഴി അന്വേഷിച്ചപ്പോൾ അത് SBI യുടെ ഇന്റേണൽ സർക്കുലർ മാത്രമാണെന്നായിരുന്നു അറിയാൻ കഴിഞ്ഞത്.
എന്റെ ബാങ്ക് ഗ്യാരണ്ടി പ്രശ്നം തീർന്നില്ല. ഞാൻ മറ്റ് ബാങ്കുകളിൽ ഇതേപ്പറ്റി അന്വേഷിച്ചു. അവർക്കാർക്കും RBI യുടെ അത്തരത്തിലൊരു സർക്കുലർ കിട്ടിയിട്ടില്ലെന്ന് പറഞ്ഞു. കോർ ബാങ്കിൽ പരാതി കൊടുക്കും, പിന്നീട് ബാങ്കിങ്ങ് ഓംബുഡ്സ്‌മാനിലേക്കും മീഡിയയിലേക്കും പോകുമെന്ന് പറഞ്ഞപ്പോൾ, ആലോചിക്കട്ടെ നാളെ വരൂ എന്ന് പറഞ്ഞ് മടക്കിയയച്ചു. അടുത്ത ദിവസം എം.ജി.റോഡിലെ ബ്രാഞ്ചിലുള്ള റീജിയണൽ മാനേജർക്ക് കാണാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് എന്നെ വിളിപ്പിച്ചു. ‘മറ്റ് നടപടികളിലേക്കൊന്നും നിങ്ങേണ്ടതില്ല, നിങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ബാങ്ക് ഗ്യാരണ്ടി നൽകാൻ തീരുമാനമായിട്ടുണ്ട് ‘ എന്ന് അദ്ദേഹം അറിയിച്ചു. ഇപ്രാവശ്യം മാത്രമല്ല, എന്റെ കമ്പനിക്ക് എപ്പോളെല്ലാം ബാങ്ക് ഗ്യാരണ്ടി ആവശ്യമുണ്ടോ അപ്പോളെല്ലാം ഈ പ്രത്യേക പരിഗണന തരുമെങ്കിൽ മാത്രമേ എനിക്കീ ഓഫർ സ്വീകരിക്കാൻ പറ്റൂ എന്ന് പറഞ്ഞു. അതും അവർ സമ്മതിച്ചാണ് അന്ന് പിരിഞ്ഞത്. പിന്നീടൊരിക്കലും ബാങ്ക് ഗ്യാരണ്ടി എടുക്കാൻ ചെന്നപ്പോൾ എന്നോട് ലോണിന്റെ കാര്യം പറഞ്ഞിട്ടുമില്ല.
ചുരുക്കിപ്പറഞ്ഞാൽ ഒരു RBI നിബന്ധനയുമില്ല സർക്കുലറുമില്ല. ഒരു വ്യക്തിയേയോ സ്ഥാപനത്തിനേയോ അവർക്കാവശ്യമില്ലെങ്കിലും വായ്പ്പ എടുപ്പിക്കുക തന്മൂലം ബാങ്കിന് കടക്കാരനാക്കി മാറ്റുക എന്ന ഗൂഢലക്ഷ്യം മാത്രമാണ് അതിന് പിന്നിൽ ഉണ്ടായിരുന്നത്. ഇനി കാര്യം നടക്കാൻ ഒരു ചെറിയ വായ്പ്പ ചുമ്മാ എടുക്കാമെന്ന് വെച്ചാൽത്തന്നെ ഒരുദിവസം കൊണ്ട് തീരുന്നതാണോ വായ്പ്പയുടെ കടലാസ് ഇടപാടുകൾ ? എന്തെല്ലാം നൂലാമാലകളാണ് ഒരു ലോൺ എടുക്കണമെങ്കിലെന്ന് ആർക്കാണ് അറിയാത്തത്. ബാങ്ക് ഗ്യാരണ്ടിയാകട്ടെ, അപേക്ഷ കൊടുത്താൽ അടുത്ത അരമണിക്കൂറിനുള്ളിൽ കൊടുക്കാൻ സാധിക്കുന്ന ഒന്നാണ് താനും.
ഇപ്പോൾ ദാ SBI സൌജന്യ ATM ഇടപാടുകൾ അവസാനിപ്പിക്കുന്നു, ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കാൻ പോകുന്നു, 2017 ജൂൺ 1 മുതൽ ഈ പിടിച്ചുപറി പ്രാബല്യത്തിൽ വരാൻ പോകുകയാണ് എന്നൊക്കെ കേട്ടതുകൊണ്ടാണ് ഇത്രയും പറയണമെന്ന് തോന്നിയത്. ബാങ്കിങ്ങ് രംഗത്ത് മാതൃകയായി വർത്തിക്കേണ്ട രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്, സാധാരണക്കാരടക്കമുള്ള ഓരോ ഇടപാടുകാരേയും ഊറ്റിപ്പിഴിഞ്ഞ് പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം നടപടികളെ, കഴുത്തറപ്പൻ ബ്ലേഡ് മാഫിയകളുടെ പ്രവർത്തനങ്ങളേക്കാൾ അധമമായ രീതിയായി മാത്രമേ കാണാനും വിലയിരുത്താനുമാകൂ. SBI ഈ പരിപാടി തുടങ്ങി വെച്ചാൽ മറ്റ് ബാങ്കുകളും ഇതേ ഏർപ്പാടിനെപ്പറ്റി ചിന്തിച്ചെന്ന് വരും. 5000 ATM ഇടപാടുകൾ ഒരു ദിവസം നടന്നാൽപ്പോലും 1,25,000 രൂപയാണ് ബാങ്കിന് കിട്ടുന്നത്. അതായത് മാസത്തിൽ 37.5 ലക്ഷം രൂപ. അതൊരു ചെറിയ തുകയൊന്നും അല്ല. (അപ്‌ഡേറ്റ്:- SBI ൽ പ്രതിദിനം രാജ്യമൊട്ടാകെ നടക്കുന്നത് 5 കോടി ATM ഇടപാടുകളാണെന്ന് കണക്കുകൾ പറയുമ്പോൾ ഈയിനത്തിൽ ഓരോ ദിവസവും അവർക്ക് കിട്ടാൻ പോകുന്നത് 125 കോടി എന്ന അതിഭീമമായ സംഖ്യയാണ്. അതായത് 3750 കോടി രൂപ ഈ പിടിച്ച് പറിയിലൂടെ മാത്രം ഓരോ മാസവും സ്റ്റേറ്റ് ബാങ്കിന് ലഭിക്കുന്നു.)
ഒരു വശത്ത് കേന്ദ്രസർക്കാർ കറൻസി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം നടത്തുമ്പോൾ, അതിന്റെ മറപിടിച്ച് തീവെട്ടിക്കൊള്ള നടത്താൻ ശ്രമിക്കുന്ന ഈ ബാങ്കിങ്ങ് നടപടിയെപ്പറ്റി കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കേണ്ടതാണ്. സമ്മുന്നത കോടതി ഇക്കാര്യത്തിൽ ഇടപെടുകയോ വിശദീകരണം തേടുകയോ വേണം. ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങുന്ന വൻകിട ബിസിനസ്സ് കള്ളന്മാരേയും കൊള്ളക്കാരേയും പിടികൂടാനാകുന്നില്ലെന്ന് മാത്രമല്ല, അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന മട്ടിൽ എല്ലാ ബാദ്ധ്യതകളും പാവപ്പെട്ട ഇടപാടുകാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം ബാങ്കിങ്ങ് സ്ഥാപനങ്ങൾ രാജ്യത്തിന് തന്നെ അപമാനമാണ്.
ഇങ്ങനെയൊക്കെ ചുമ്മാ പ്രസംഗിച്ച് നടക്കുകയും അതേസമയം നടപടിയൊന്നും എടുക്കാതെ വെറുതെ ഇരിക്കേണ്ട കാര്യമൊന്നും ഇടപാടുകാരായ പൊതുജനത്തിനില്ല. സർക്കാരും കോടതിയുമൊക്കെ ഇടപെടുമ്പോൾ ഇടപെടട്ടെ. വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സർക്കാർ തോന്ന്യവാസങ്ങൾ കാണിക്കുമ്പോൾ അവരെ താഴെയിറക്കി വേറൊരു കൂട്ടരെ അധികാരത്തിലേറ്റാൻ കാത്തിരിക്കുന്നതുപോലുള്ള കാലതാമസം ഇവിടെയില്ല. ഇത്തരം ദുഷ്‌ച്ചിന്തകളേയും പണം പിടുങ്ങൽ ഏർപ്പാടുകളേയും മുളയിലേ നുള്ളിക്കളയേണ്ടത് ഇടപാടുകാരുടെ ഓരോരുത്തരുടേയും കടമയും കർത്തവ്യവുമാണ്.
നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. SBI ബാങ്ക് അക്കൌണ്ട് ഉള്ളവർ ആ അക്കൌണ്ടുകൾ നിർത്തലാക്കി മറ്റേതെങ്കിലും ബാങ്കിലേക്ക് നീങ്ങുക. പണ്ടത്തെപ്പോലൊന്നുമല്ല കാര്യങ്ങൾ. ഒരു കവലയിൽത്തന്നെ മൂന്നും നാലും ബാങ്കുകൾ ഉള്ള കാലമാണ്. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ഇത് നടപ്പിലാക്കാൻ ജനങ്ങൾക്ക് സാധിക്കും. ഞാൻ സ്വന്തം നിലയ്ക്ക് ഇപ്പറഞ്ഞ നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. SBI എന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത ബാങ്കിങ്ങ് കൊള്ളസ്ഥാപനത്തിൽ എന്റെ കമ്പനിക്കുള്ള കറന്റ് അക്കൌണ്ട് അടച്ചുപൂട്ടി മറ്റൊരു ബാങ്കിൽ അക്കൌണ്ട് തുറക്കാനുള്ള നടപടിക്രമങ്ങൾ ഇന്നാരംഭിക്കുകയാണ്. ഇനി അഥവാ അക്കൌണ്ട് അടച്ചുപൂട്ടാനും അവർ എന്തെങ്കിലും പണം ഇടാക്കുന്നുണ്ടെങ്കിൽ അതവരുടെ അവസാനത്തെ ഈടാക്കലായി, കണ്ട് സസന്തോഷം തന്നെ അത് കൊടുത്തുകൊണ്ട് പുറത്ത് കടക്കും. ചിലപ്പോൾ ഇത് ഞാനെന്ന ഒരു വ്യക്തിയുടെ മാത്രം പ്രതിഷേധമായി ഒതുങ്ങിയെന്ന് വരാം, ഒരു വനരോദനമായി ചുരുങ്ങിയേക്കാം. പക്ഷേ, പ്രതികരിക്കാൻ ഒരു നല്ല മാർഗ്ഗം ഉണ്ടായിട്ടും ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്കൊരു സമാധാനവും കിട്ടില്ല. ആരെങ്കിലുമൊക്കെ കൂടെച്ചേർന്നാൽ വളരെ സന്തോഷം. ഒരുപാട് പേർ ചേർന്നാലേ, അവർ ചെയ്യുന്ന തോന്ന്യാസങ്ങൾ തിരിച്ചടിയാകുമെന്ന് പിടിച്ചുപറിക്കാർക്ക് ബോദ്ധ്യപ്പെടൂ. SBI അക്കൌണ്ടുകൾ ബഹിഷ്ക്കരിക്കാൻ മുന്നിട്ടിറങ്ങുന്നവർക്കും കൂടെച്ചേരുന്നവർക്കും മുൻകൂർ അഭിവാദ്യങ്ങൾ.
വാൽക്കഷണം:- മറ്റ് ബാങ്കുകളിലേക്ക് ഞങ്ങൾ കസ്റ്റമേർസ് വരുമ്പോൾ നിങ്ങൾ മറ്റ് ബാങ്കുകാർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. SBI കസ്റ്റമേർസ് അവരുടെ ATM കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളിൽ നിന്ന് പണമെടുക്കുമ്പോൾ, (മൂന്ന് പ്രാവശ്യം അന്യബാങ്കുകാർക്കും ഫീസൊന്നും ഇല്ലാതെ പണമെടുക്കാൻ എന്ന വകുപ്പ് മാറ്റിവെച്ച്) നല്ലൊരു തുക നിങ്ങൾ SBI ൽ നിന്ന് ഇടാക്കണം. നിയമപരമായി അതിനെന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിന്റെ സാധുതയെപ്പറ്റി ആലോചിക്കുകയെങ്കിലും വേണം. അങ്ങനെ വരുമ്പോൾ SBI കൂടുതൽ സമ്മർദ്ദത്തിലായേക്കാം, കൂടുതൽ പേർ SBI ഉപേക്ഷിക്കാൻ തയ്യാറായെന്നും വരും. SBI ഉപേക്ഷിച്ച് നിങ്ങളിലേക്ക് വരുന്ന ഇടപാടുകാരോട് മറ്റ് ബാങ്കുകാർക്ക് ചെയ്യാനാവുന്ന ഒരു ചെറിയ കാര്യം മാത്രമാണത്.
What about the minimum account balance fine. Recent news showing SBI got huge amount in this way also!!!