വാർത്ത 1:- ഇടുക്കിയിൽ വൻ സ്വർണ്ണവേട്ട
കമന്റ് 1 :- ഇടുക്കി ഗോൾഡൊന്നും അല്ല. ഇത് സാക്ഷാൽ കരിപ്പൂർ ഗോൾഡ്.
വാർത്ത 2 :- മത്സരം പ്രസിദ്ധിക്ക് വേണ്ടിയല്ല, ജീവിതത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണെന്ന് ഇന്നസെന്റ്.
കമന്റ് 2 :- ഇതുവരെ ആർക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നും എം.പി.ആയാലേ ചെയ്യാൻ പറ്റൂ എന്നാണോ പറഞ്ഞ് വരുന്നത് ?
വാർത്ത 3:- എം.പിമാർ എം.എൽ.എ.മാർ എന്നിവർ ഉൾപ്പെട്ട ക്രിമിനൽ-അഴിമതി കേസുകൾ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം.
കമന്റ് 3 :- ബാക്കി കേസുകളൊക്കെ അവിടെത്തന്നെ നിൽക്കട്ടെ. ഇതൊക്കെ പെട്ടെന്ന് തീർപ്പാക്കിയിട്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ളതാ.
വാർത്ത 4:- ഇന്നസെന്റ് ജയിച്ചാൽ പാർലിമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കും.- സത്യൻ അന്തിക്കാട്.
കമന്റ് 4 :- പ്രകടനം കോമഡിയാണോ ട്രാജഡിയാണോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാം.
വാർത്ത 5 :- മലപ്പുറത്ത് ഇ-അഹമ്മദ് തന്നെ ലീഗ് സ്ഥാനാർത്ഥി.
കമന്റ് 5 :- ഇപ്രാവശ്യം അഥവാ ജയിച്ചാലും കേന്ദ്രമന്ത്രിയൊന്നും ആകില്ലെന്നും, അതുകൊണ്ട് മുഴുവൻ സമയം മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളുമായി ഉണ്ടാകുമെന്നും പിന്നാമ്പുറ സംസാരം.
വാർത്ത 6:- തനിക്ക് സീറ്റ് വേണ്ട, മകന് സീറ്റ് നൽകണമെന്ന് പി.ചിദംബരം.
കമന്റ് 6 :- അച്ഛൻ ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് പ്ലാസ്റ്റിക്ക് സർജറിയിലൂടെ മകനിലേക്ക് മാറ്റാവുന്നതല്ലേയുള്ളൂ.
വാർത്ത 7 :- പോളിങ്ങ് സമയം കൂട്ടാൻ കമ്മീഷൻ ആലോചിക്കുന്നു.
കമന്റ് 7 :- കഴിഞ്ഞ പ്രാവശ്യം നാണിത്തള്ളയെ ചീങ്കണ്ണിത്തുരുത്തിൽ നിന്ന് കസേരയിലിരുത്തി കൊണ്ടുവന്നപ്പോഴേക്കും ഇലക്ഷൻ റിസൽറ്റ് പുറത്തുവന്നതുകൊണ്ടാണ് പുതിയ നടപടിയെന്ന് ചീങ്കണ്ണിത്തുരുത്ത് നിവാസികൾ.
വാർത്ത 8 :- വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ് എത്തി.
കമന്റ് 8 :- അടുത്ത സത്യൻ അന്തിക്കാട് സിനിമയിൽ വെള്ളാപ്പള്ളിക്ക് ഒരു റോൾ ഉണ്ടെന്ന് അറിയിക്കാൻ സത്യന്റെ പ്രതിനിധിയായാണ് എത്തിയതെന്നും വേറെ ഒരു കാര്യവും സംസാരിച്ചില്ലെന്നും കൂടെ പോയവർ.
വാർത്ത 9:- കൊല്ലത്ത് പ്രേമചന്ദ്രൻ പാട്ടും പാടി ജയിക്കും – ബാലകൃഷ്ണപ്പിള്ള.
കമന്റ് 9 :- “ വോട്ട്…, തിരഞ്ഞെടുപ്പടുക്കുമ്പോൾ വിലയുള്ള ചീട്ട്…” – ആ പാട്ടാണോ ?
വാർത്ത 10:- പഞ്ചായത്ത് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച്, പാർട്ടിക്കാർ വോട്ട് ചോദിച്ച് വരരുത് എന്ന് നടവയൽ നിവാസികൾ.
കമന്റ് 10 :- തൊഴിൽ നിഷേധത്തിനെതിരെ പാർട്ടിക്കാർ കോടതിയെ സമീപിക്കാൻ സാദ്ധ്യത.
.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇവിടെയും കോപ്പി ചെയ്തിടുന്നെന്ന് മാത്രം.
ഒപ്പിക്കാം
നല്ല തെരഞ്ഞെടുപ്പുവിശേഷം!
ആശംസകള്