t

ഇടുക്കി ഗോൾഡ്


റ്റനോട്ടത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കാത്ത സൌഹൃദത്തിന്റെ അതിലോലമായ ഒരു ചരടുണ്ട് ഈ ചിത്രത്തിൽ ഉടനീളം. കാണാനായാലോ അത് ദൃഢമാണെന്ന് മനസ്സിലാക്കുകയും ചെയ്യും. ഗൃഹാതുരത്വം ഉണർത്തുന്ന സൌഹൃദം തന്നെയാണ് ഈ കഥയിലെ നായകൻ. പറഞ്ഞ് വരുന്നത് ആഷിൿ അബുവിന്റെ ‘ഇടുക്കി ഗോൾഡ് ’ എന്ന സിനിമയെപ്പറ്റിയാണ്.

എനിക്ക് ഇടുക്കി ഗോൾഡ് തീയറ്ററിൽ പോയി കാണാനായില്ല. കഴിഞ്ഞ ദിവസം സീഡിയിട്ടാണ് കണ്ടത്. സീരിയസ്സായി സിനിമാ നിരൂപണം നടത്തുന്നവർ ഈ സിനിമയെപ്പറ്റി ഇതിനകം പറയുകയും അവിടെ ചർച്ചകളൊക്കെ നടക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് അങ്ങനൊരു ദൌത്യത്തിന് ഞാൻ ആളല്ല. ഇത് ഞാനെന്ന വ്യക്തിക്ക് ഈ സിനിമ കണ്ടപ്പോൾ തിരികെ പോയെന്ന് തോന്നിയ ചില വഴികളുടേയും ചിന്തകളുടേയും വെളിപ്പെടുത്തൽ മാത്രമാണ്. സ്കൂൾ കോളേജ് സൌഹൃദത്തിന്റെ കണ്ണികൾ അറ്റുപോകാതെ ഇപ്പോഴും കൊണ്ടുനടക്കുന്നവർക്കും അറ്റുപോയതിൽ ദുഃഖിക്കുന്നവർക്കും ഇത് ഇഷ്ടമായെന്ന് വരും.

ഒരു കഞ്ചാവ് സിനിമ എന്ന് ഇതിനെ മുദ്രകുത്താൻ ഒരു വിഷമവും ഇല്ല. ഈ സിനിമയിൽ ഉടനീളം എന്തെങ്കിലും വലിയ കാര്യം സംഭവിക്കാൻ പോകുന്നു എന്ന തോന്നലും ഉളവാക്കപ്പെടുന്നില്ല. പക്ഷെ അവിടവിടെയായി കൃത്യമായ ഇടവേളകളിൽ ശുദ്ധനർമ്മത്തിന്റെ കതിരുകൾ വിടരുന്നുണ്ട്. ജീവിതത്തിന്റെ ചില ആകുലതകൾ വെളിവാക്കപ്പെടുന്നുണ്ട്. കിട്ടാതെ പോയ സൌഹൃദത്തിന്റെ നൊമ്പരം, സിനിമയുടെ ക്ലൈമാക്സിൽ ഒരു ഇരട്ടക്കുഴൽ തുപ്പാക്കിയിലൂടെ എല്ലാവരേയും തുറിച്ചുനോക്കുന്നുണ്ട്.

വില്ലനെന്ന് ഒരിക്കലും പറയാൻ പറ്റില്ലെങ്കിലും അവസാനം അൽ‌പ്പനേരമെങ്കിലും വില്ലൻ സ്വഭാവം കാണിക്കുന്ന ലാലിന്റെ കഥാപാത്രത്തെ സുഹൃത്തായി നെഞ്ചോട് ചേർക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ അതേ രൂപമുള്ള മകനെ മറ്റ് കഥാപാത്രങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗം ഒരു കവിത പോലെ മനോഹരമാണ്. മുൻ‌കാലപ്രാബല്യത്തിൽ ആ സൌഹൃദം അവർ അംഗീകരിച്ചിരിക്കുകയാണെന്ന് അങ്ങനല്ലാതെ മറ്റെങ്ങനാണ് ഒരു സിനിമയിൽ പറയാതെ പറയുക ?

“ കലാമണ്ഡലം കൊണ്ട് ഇപ്പോഴാണ് സത്യത്തിൽ ഒരു ഗുണമുണ്ടായത്. “

“പ്രണയം ചിക്കൻ പോക്സ് പോലെയാണ്. അൽ‌പ്പം വൈകിയിട്ടാണെങ്കിലും എല്ലാവർക്കും വരും.”

ജാതിക്കായ് കക്കാൻ പോയ പിള്ളേരെ പിടികൂടുമ്പോൾ … നിങ്ങളെന്തിനാ ജാതി മോഷ്ടിക്കാൻ പോയത് ? ജാതിയെന്താ ചോദിച്ചാൽ കിട്ടാത്ത സാധനമാണോ എന്ന പള്ളീലച്ചന്റെ ചോദ്യത്തിന്…

“ ജാതി ചോദിക്കാൻ പാടില്ലെന്നല്ലേ അച്ചോ ?” എന്ന മറുപടി.

“ കുട്ടികളില്ല എന്ന ദുഖം തീർക്കാൻ ഇടയ്ക്ക് ഞങ്ങൾ തൊടിയിൽ ഇറങ്ങി നടക്കും ഞങ്ങളെ സന്തോഷിപ്പിക്കാനാകും എവിടെയെങ്കിലും ഒരു മാവോ പേരയ്ക്കയോ ഒക്കെ കായ്ച്ച് നിൽ‌പ്പുണ്ടാകും.” എന്ന ഡയലോഗ്.

പഴയ സഹപാഠി പെൺകുട്ടിയെ കാണാൻ പോകുമ്പോൾ, അവളുടെ മനോഹര രൂപം മനസ്സിലോർത്ത ശേഷം… “ അവളിപ്പോൾ പ്രാരാബ്ദ്ധമൊക്കെ ആയി നരച്ച് ക്ഷീണിച്ച് വയറൊക്കെ ടയറായി…വേണ്ട നമുക്ക് പോകണ്ട“ എന്ന് തീരുമാനമെടുത്ത് മടങ്ങുന്നത്…..

“ ഇടുക്കി ഗോൾഡ് നമുക്ക് കിട്ടിയെടാ “ എന്ന് സുഹൃത്തിനെ ഉദ്ദേശിച്ച് പറയുന്നത്.

“ അതൊരു ചെടി. നമ്മുടെ ചൊറിയണം പോലെ.” എന്ന് പറഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ച് നടന്നകലുന്നത്….

കൊച്ചുകൊച്ചു സംഭവങ്ങളിൽ നിന്നും ഒരു സിനിമ ഉണ്ടാകും. അത് പക്ഷേ എല്ലാത്തരക്കാർക്കും ഇഷ്ടമാകണമെന്നില്ല. നെഗറ്റീവുകൾക്കിടയിലും ഒരുപാട് പോസിറ്റീവ് ഒളിച്ചിരുപ്പുണ്ടെന്ന് കാണാനും അതിനെ മാത്രം സ്വാംശീകരിക്കാനും എല്ലായ്പ്പോഴും അവസരം കിട്ടാറില്ലല്ലോ ? ഇത് അങ്ങനൊരു അവസരമായാണ് എനിക്ക് തോന്നിയത്.

സിനിമയിലെ നായകന്മാരുടെ പ്രായമാണെന്ന് തോന്നുന്നു എനിക്ക്. അതുകൊണ്ടാകാം ഒന്നുമില്ല എന്ന് പലർക്കും തോന്നിയേക്കാവുന്ന ഒരു സിനിമയിലെ പല കാര്യങ്ങളും എനിക്ക് ഇഷ്ടമായത്. കുറച്ച് പേർക്ക് വേണ്ടിയെങ്കിലും ഇങ്ങനൊരു സിനിമ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അത് പൊളിഞ്ഞാലുണ്ടാകുന്ന സാമ്പത്തിക വശത്തെപ്പറ്റി വ്യാകുലപ്പെടാതിരിക്കാൻ നല്ല ചങ്കുറപ്പുള്ള ഒരു നിർമ്മാതാവിനും സംവിധായകനും മാത്രമേ പറ്റൂ. നന്ദി Aashiq Abu, നന്ദി എം.രഞ്ജിത് ഇങ്ങനെ മദ്ധ്യവയസ്ക്കന്മാർക്ക് വേണ്ടിയും സിനിമയെടുക്കുന്നതിന്.

സിനിമയിലെ ഒരു കഞ്ചാവ് പാട്ടിനെപ്പറ്റി രണ്ട് വാക്ക് കൂടെ പറഞ്ഞിട്ട് എല്ലാ കഞ്ചാവ് വിരോധികൾക്കും മതി തീരുവോളം എടുത്തിട്ട് അലക്കാൻ പാകത്തിന് എന്റെയീ 45 വയസ്സുള്ള പിത്തപ്രകൃതം ഞാനിവിടെ കാഴ്ച്ചവെക്കുന്നു.

ശ്രീനാഥ് ഭാസി ആലപിച്ച ആ ഗാനം ഇങ്ങനെ പോകുന്നു.
അതിന്റെ ലിങ്ക് ഇവിടെ

വറ്റാക്കുളം വറ്റുന്നിതാ കാലിയായ്.
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ.
പല നിറം സ്വരം സുഖം
എങ്ങുപോയ് ഇതേവരേ
ഇരുട്ടെത്തീ പകൽ‌പ്പക്ഷി
പാറിപ്പാറിപ്പോയ് പോയ്……..

കഞ്ചാവ് അടിച്ചിരിക്കുന്നവന്റെ മാനസ്സികാവസ്ഥയ്ക്ക് ഇതിനേക്കാൾ പറ്റിയ വരികൾ വേറെ എവിടന്ന് കിട്ടാനാ ? ആ രംഗങ്ങളും അങ്ങനെ തന്നെ കഞ്ചാവ് മൂഡിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇത്രേം ഒക്കെ പറഞ്ഞപ്പോൾ വായിച്ചവർക്കൊക്കെ തോന്നിക്കാണും ഞാൻ തെറ്റില്ലാത്ത ഒരു കഞ്ചാവടിക്കാരൻ ആണെന്ന്.

“ഒരിക്കലുമല്ല“ എന്ന് ഞാൻ പറയില്ല. ഒരിക്കൽ മാത്രം അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാ ഏടാകൂടങ്ങളും ഓരോ പ്രാവശ്യമെങ്കിലും പരീക്ഷിച്ച് നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പുക,പൊടി,മരുന്നടി തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ശ്രമിക്കരുതെന്നും ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ടും അവസാനം അതിന്റേം രുചി അറിയേണ്ടി വന്നു. ശിവന്റെ പ്രസാദമായതുകൊണ്ട് ഒരു പ്രാവശ്യം അൽ‌പ്പം ഭാംഗ് സേവിച്ച് നോക്കി. അതിന് നല്ല മുട്ടൻ പണി കിട്ടുകയും ചെയ്തു. അതേപ്പറ്റി അറിയണമെന്ന് താൽ‌പ്പര്യമുണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ‘ഭാംഗിന്റെ വെണ്ണിലാവ് ‘ എന്ന ആ അനുഭവം വായിക്കാം.

വാൽക്കഷ്ണം:- എന്റെ ഈ കുറിപ്പ് വായിച്ചിട്ട് ആരും ഇടുക്കി ഗോൾഡ് കാണണമെന്ന് ഞാൻ പറയില്ല. പക്ഷെ ഈ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ പൊരുൾ നന്നായി പിടുത്തം കിട്ടിയവർ കണ്ടുനോക്കൂ. ഇഷ്ടമാകാതിരിക്കില്ല.

Comments

comments

4 thoughts on “ ഇടുക്കി ഗോൾഡ്

  1. മുകളില്‍ കോട്ട് ചെയ്ത ചില പഞ്ച് ഡയലോഗുകള്‍ക്കപ്പുറം പടത്തില്‍ ഒന്നുമില്ല. കാസ്റ്റിംഗ് ഇഷ്ടപ്പെട്ടു.

  2. നിരക്ഷരാ‍ാ‍ാ‍ാ‍ാ….. ഇടുക്കി ഗോൾഡ് നോക്കി നോക്കി ഇരുന്ന്, ഇന്നലെ റ്റി വിയിൽ കണ്ടു. എല്ലാം പറഞ്ഞപോലെ ഏതാണ്ട് എന്റെ 48 വയസ്സിനടുത്തുള്ളവർ! പിന്നെ, പ്രതാപ് പോത്തൻ എന്ന ബന്ധു, സി എം എസ്സ് കോളേജിന്റെ നോസ്റ്റാൽജിയ തരുന്ന കഥപാത്രം, ബാബു ആന്റണി എന്ന എന്റെ കരാട്ടെ ചേട്ടൻ, പിന്നെ വിജരാഘവൻ, മണിയൻ പിള്ള രാജു, രവീന്ദ്രൻ, ലാൽ, സജിത….. സ്കൂളിന്റെ ഒരു നോസ്റ്റാൽജിയ ഉണർത്തി. ഈ റിവ്യൂ നന്നായി, ഞാനും ഒന്നെഴുതാൻ ശ്രമിക്കുന്നു

Leave a Reply to Joselet Mamprayil Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>