6

ചില ഹർത്താൽ വിശേഷങ്ങൾ


ന്ന് 2013 നവംബർ 18. കേരളീയർക്ക് ഓണത്തേക്കാൾ പ്രിയങ്കരമായ  ആഘോഷമായി മാറിയിരിക്കുന്ന ഒരു ഹർത്താൽ ദിനം കൂടെ കഴിഞ്ഞിരിക്കുന്നു.

ഹർത്താൽ എന്ന പ്രതിഷേധപ്രകടന രീതിയോട് ഒരുതരത്തിലും യോജിക്കുന്ന ആളല്ല ഞാൻ. ഹർത്താൽ നടത്തുന്നത് ഏത് പാർട്ടി ആയാലും സമുദായം ആയാലും സംഘടന ആയാലും ആ എതിർപ്പിന് മാറ്റമില്ല. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് അൽ‌പ്പം പോലും നിഷേധിക്കുന്നില്ല. പക്ഷേ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും ജനങ്ങളുടെ സ്വര്യജീവിതം താറുമാറാക്കിക്കൊണ്ടും പൊതുമുതൽ നശിപ്പിച്ചുകൊണ്ടുമുള്ള ഒരു പ്രതിഷേധമാർഗ്ഗത്തോടും, അതിനി ഏത്ര മഹത്തായ കാര്യത്തിന് വേണ്ടിയാണെങ്കിലും, യോജിക്കാൻ വയ്യ.

ഹർത്താൽ അടക്കമുള്ള പ്രതിഷേധമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഓരോ ഇന്ത്യൻ പൌരനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യം എന്നതുപോലെ തന്നെ ഏതൊരു ദിവസവും ഭീതിയില്ലാതെ നിരത്തിലിറങ്ങി നടന്ന് ജീവിതം മുന്നോട്ട് നയിക്കാനുള്ള സ്വാതന്ത്ര്യം ഹർത്താലിനെ അനുകൂലിക്കാത്തവർക്കും ഉണ്ട്. പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം ആയിക്കോളൂ. ഏതൊരു പ്രശ്നത്തിലും പ്രതികരിക്കണമെന്നുള്ളവർ അവരുടെ നേതൃത്വം പറയുന്നതനുസരിച്ച് വീട്ടിലടച്ചുപൂട്ടിയിരുന്ന് പ്രതികരിച്ചോളൂ. ആ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമില്ലാത്തവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ. ഇതൊരു അപേക്ഷയായിട്ട് കാണണമെന്നാണ് പറയാനുള്ളത്. മറ്റൊരു തരത്തിലും കാണരുത്.

ഇങ്ങനെയൊക്കെയുള്ള ഹർത്താൽ വിരുദ്ധ ചിന്തകളുമായി നടക്കുമ്പോളാണ് സുഹൃത്ത് രാജു പി. നായർ കുറേയേറെക്കാലമായി Say No To Harthal എന്ന മുദ്രാവാക്യവുമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ‌പ്പെട്ടത്. ഒരു പ്രത്യേക പാർട്ടിയുടെ പ്രവർത്തകൻ ആണെങ്കിലും സ്വന്തം പാർട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്കെതിരെ പോലും പ്രതികരിക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട് രാജു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടിക്കാർക്കിടയിൽ അങ്ങനെയുള്ളവർ കൂടുതൽ പേർ ഉണ്ടായി വന്നാൽ ഹർത്താലുകളിൽ നിന്ന് മോചനം നേടാൻ വിദൂരഭാവിയിലെങ്കിലും സാദ്ധ്യമായേക്കും എന്ന് തോന്നിയതുകൊണ്ട് എറണാകുളത്ത് രാജു മുൻ‌കൈ എടുത്ത് വിളിച്ചു ചേർത്ത ഹർത്താൽ വിരുദ്ധ സമ്മേളനങ്ങളിൽ പലതിലും പങ്കെടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെയുള്ള ചില സമ്മേളനങ്ങൾക്ക് ശേഷമുണ്ടായ ആദ്യത്തെ കേരള ഹർത്താലായിരുന്നു ഇന്നത്തേത്. മീറ്റിങ്ങുകളിൽ ധാരണയിൽ എത്തിയിരുന്നത്, ഹർത്താൽ ദിവസങ്ങളിൽ നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങുകയും റയിൽ വേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നു തുടങ്ങി സാദ്ധ്യമാകുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും യാത്രാക്ലേശം അനുഭവിക്കുന്നവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുകയുമായിരുന്നു. ആ ലക്ഷ്യത്തോടെ രാവിലെ 10 മണിക്ക് കടവന്ത്രയിലെ പഴയ വർക്കീസ് ജങ്ഷനിൽ രാജു പി. നായർ, സിന്ധു രഞ്ജിത്, ഫസീല പ്രദീപ്, ജോർജ്ജ് വർഗ്ഗീസ് കാട്ടിത്തറ, ബിജി കുര്യൻ, കെ.വേണു കുമാർ, ജോണി, നിമിഷ് ധില്ലർ‌കർ, മേരി ജോർജ്ജ് എന്നിങ്ങനെ ഞങ്ങൾ കുറേപ്പേർ വാഹനങ്ങളുമായി ഒത്തു ചേർന്നു. യൂ ട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

വാഹനങ്ങളിൽ ചിലത്.
വാഹനങ്ങളും സ്തീകൾ അടക്കമുള്ള സന്നദ്ധപ്രവർത്തകരും.

Say No To Harthal എന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങളുമായി നഗരപ്രദക്ഷിണം നടത്തിയ ശേഷം എറണാകുളം സൌത്ത് റയിൽ വേ സ്റ്റേഷനിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം Say No To Harthal എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അറിയിപ്പുകളും അതിലൂടെത്തന്നെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ http://www.saynotoharthal.com/ വെബ് സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ സംരംഭത്തിൽ കൂട്ടുചേരാൻ താൽ‌പ്പര്യമുള്ളവർക്ക് വേണ്ടി രജിസ്റ്റ്രേഷൻ സൌകര്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് റോഡിന് മറുവശത്തുനിന്ന് കാണാനിടയായി പൊലീസുകാർ ഞങ്ങളെ സമീപിച്ചു. കലൂരിലും കാക്കനാടും അല്ലറ ചില്ലറ കല്ലേറുകൾ ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് എന്തൊക്കെയാണ് നിങ്ങളുടെ പരിപാടികൾ എന്ന് പറയണം ഞങ്ങൾക്കത് കണ്ട്രോൾ റൂമിൽ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അങ്ങനെ ചെയ്യാതെ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഞങ്ങൾക്ക് പഴി കേൾക്കേണ്ടി വരും എന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശം മാനിച്ച് യാത്ര പോകുന്ന റൂട്ട് അടക്കമുള്ള കാര്യപരിപാടികൾ ഞങ്ങളവരെ ബോധിപ്പിച്ചു. യാത്ര പുറപ്പെടുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് അവർ മറ്റ് ജോലികളിലേക്ക് നീങ്ങി. അണിചേരാനുള്ള മറ്റ് വാഹനങ്ങൾ വന്നതോടെ കടവന്ത്രയിൽ നിന്ന് ആരംഭിച്ച് മെഡിക്കൽ ട്രസ്റ്റ്, തേവര ജങ്ഷൻ വഴി തിരിഞ്ഞ് എം.ജി.റോഡ്, കച്ചേരിപ്പടി, കലൂർ വഴി തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ എല്ലാവരും സൌത്ത് റെയിൽ വേ സ്റ്റേഷനിലെത്തി. ഈ യാത്രയിലുടനീളം പൊലീസ് വാഹനം ഞങ്ങൾക്ക് അകമ്പടി വന്നു.

പിന്നീട് റെയിൽ വേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനവുമായി വൈകീട്ട് നാല് മണി വരെ ഉച്ചഭക്ഷണം പോലും വെടിഞ്ഞുകൊണ്ടുള്ള യാത്രകൾ.

സ്വന്തം നിലയ്ക്ക് എനിക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ചിലരെപ്പറ്റി താഴെ കുറിക്കുന്നു.

1. പൂനയിൽ നിന്ന് മധുവിധു ആഘോഷിക്കാൻ കേരളത്തിലെത്തിയ യുവ മിഥുനങ്ങളെ സൌത്തിൽ നിന്ന് നോർത്തിൽ എത്തിച്ചപ്പോൾ അവർക്ക് വലിയ സന്തോഷം. തിരുവനന്തപുരത്തേക്കാണ് അവരുടെ യാത്ര.

2. നോർത്തിൽ ടൌൺ ഹാളിന്റെ മുന്നിൽ നിന്ന് കിട്ടിയ ഫോർട്ട് കൊച്ചിക്കാരൻ ചെറുപ്പക്കാരൻ വർക്കലയിലുള്ള റസ്റ്റോറന്റിൽ നിന്ന് അത്യാവശ്യമായി വീട്ടിലേക്ക് തിരിച്ചിരിക്കുന്നത് പോസ്റ്റ് ഓഫീസിൽ ചെന്ന് പാസ്സ്‌പ്പോർട്ട് വാങ്ങാനാണ്. പാസ്സ്പ്പോർട്ട് വാങ്ങിക്കഴിഞ്ഞാലുടനെ വാഹനമെടുത്ത് റോഡിലിറങ്ങി രണ്ടുപേരെയെങ്കിലും വീടുകളിൽ എത്തിക്കാതെ കിടന്നുറങ്ങില്ലെന്ന് അയാളുടെ ഉറപ്പ് ഉള്ളിൽത്തട്ടിയുള്ളതാണ്.

3. BTH ൽ  താമസിക്കുന്ന കുട്ടികളും സ്ത്രീകളുമൊക്കെയുള്ള ഗുജറാത്തി കുടുംബത്തിന് ധാരാളം ലഗ്ഗേജ് ഉള്ളതുകൊണ്ട് വാഹനമില്ലാതെ സ്റ്റേഷനിൽ എത്താനാകില്ല. ഹോട്ടലുകാർക്ക് ഒരു ടാക്സിയോ ഓട്ടോയോ സൌകര്യപ്പെടുത്തി കൊടുക്കാനാവില്ല എന്ന സ്ഥിതിവിശേഷമാണ്. ഇന്ത്യൻ എക്സ്പ്രസ്സിൽ Say No To Harthal നെപ്പറ്റി വന്ന വാർത്തയിൽ കൊടുത്തിരുന്ന രാജുവിന്റെ ഫോൺ നമ്പറിൽ അവർ ബന്ധപ്പെട്ടു. രണ്ട് കാറുകളിലായി അവരേയും അവരുടെ ബാഗുകളും സ്റ്റേഷനിലെത്തിച്ചു.

ഇന്ത്യൻ എൿസ്പ്രസ്സ് വാർത്ത.

4. പോർച്ചുഗീസിൽ നിന്ന് ഗോവ വഴി കേരളത്തിലെത്തിയ യുവമിഥുനങ്ങൾക്ക് പോകേണ്ടത് മൂന്നാറിലേക്കാണ്. അവരേയും കൊണ്ട് ബസ്സ് സ്റ്റാന്റിലെത്തിയപ്പോളാണ് ഇടുക്കിയിൽ 48 മണിക്കൂർ ഹർത്താലാണെന്ന് കാര്യം ഞാനോർത്തത്. അവർക്ക് ഒരു ദിവസം കൊച്ചിയിൽ തങ്ങാതെ നിവൃത്തിയില്ല. ബോട്ട് ജട്ടിക്കടുത്തുള്ള ജോൺസ് റസിഡൻസിൽ മുറിയെടുത്ത് അവരെ താമസിപ്പിച്ച് മടങ്ങുമ്പോൾ പോർച്ചുഗലിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ ആതിഥ്യം സ്വീകരിക്കണമെന്ന് കെട്ടിപ്പിടിച്ചുകൊണ്ടുള്ള ക്ഷണം.

5. തിരുവനന്തപുറത്ത് ശ്രീചിത്തിരയിൽ നിന്ന് സർജറി കഴിഞ്ഞ് തീവണ്ടിമാർഗ്ഗം എത്തിയ അമ്മയ്ക്കും മകനും പോകേണ്ടത് വൈപ്പിനിലേക്കാണെന്നാണ് പറഞ്ഞതെങ്കിലും ശരിക്കുള്ള സ്ഥലം മാലിപ്പുറമാണ്. വൈപ്പിൻ വരെ ചെന്നിട്ടും ഓട്ടോ റിക്ഷകൾ ഒന്നും കിട്ടാത്തതുകൊണ്ട് അവരെ മാലിപ്പുറത്ത് തന്നെ എത്തിച്ചു. ടാക്സി ഡ്രൈവറായ മകൻ അനോഷ് അടുത്ത ഹർത്താലിന് ഞങ്ങൾക്കൊപ്പം വന്ന് സഹകരിക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിയാണ് പിരിഞ്ഞത്.

6. അലഹബാദിൽ നിന്നെത്തിയ ചെറുപ്പക്കാരന് പോകേണ്ടത് കരിമുകളിലേക്കാണ്. നഗരത്തിൽ നിന്ന് അൽ‌പ്പം ദൂരെ മാറിയുള്ള സ്ഥലം. കൂട്ടത്തിൽ KRL ൽ പരിസരത്ത് ജോലി ചെയ്യുന്ന 9 അന്യസംസ്ഥാന തൊഴിലാളികളുമായപ്പോൾ ഞങ്ങൾ രണ്ടുപേരുടെ കാറുകളിലായി അവരേയും ലക്ഷ്യസ്ഥാനത്തെത്തിച്ചു.

ഇതിനിടയ്ക്ക് മറ്റുള്ളവർ ഓരോരുത്തരും നടത്തിയ സവാരികളും അരഡസൻ വീതം വരും. ഫോർട്ട് കൊച്ചി, ചുള്ളിക്കൽ, തോപ്പുമ്പടി ഭാഗത്തേക്ക് ഒരു കൂട്ടർ. കാക്കനാട് വൈറ്റില ഭാഗങ്ങളിലേക്ക് മറ്റൊരു കൂട്ടർ, ചോറ്റാനിക്കര ഭാഗത്ത് പരീക്ഷ എഴുതാനായി വന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ചിലർ. ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികളെ ലക്ഷ്യസ്ഥാനത്തെത്തിൻ ചിലർ. അങ്ങനെ ചുരുക്കം ചിലത് മാത്രമേ ഞാൻ നേരിൽ കണ്ടിട്ടുള്ളൂ. യാത്രയ്ക്ക് സൌകര്യം കിട്ടിയ വ്യക്തികളുടെ പ്രതികരണങ്ങൾ പലതും Say No To Harthal ഫേസ്ബുക്ക് പേജിൽ ചേർത്തിട്ടുണ്ട്. Route Cochin എന്ന പേജിൽ വന്ന ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

എടുത്ത് പറയേണ്ടത് Bullet Hood (We Ride with Pride) എന്ന ബുള്ളറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ്. ഹർത്താൽ ദിനങ്ങളിൽ അവർ സ്വന്തം ബുള്ളറ്റുകളിൽ നാളുകളായി ഇതേ പ്രവർത്തനം അധികം ഒച്ചയും ബഹളവുമൊന്നുമില്ലാതെ നടത്തിവരുന്നു. ഒറ്റയ്ക്ക് വരുന്ന സഞ്ചാരികളെ അവര് കൊണ്ടുപോകുന്നു. കൂട്ടത്തൊടെ വരുന്നവരെ ഞങ്ങൾ ഏറ്റെടുക്കുന്നു.

Bullethood  ടീമിലെ ചില അംഗങ്ങൾ.

രാവിലെ കടവന്ത്രയിൽ നിന്ന് യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് വഴി കേട്ടറിഞ്ഞ് 3 വാഹനങ്ങളിലും ബൈക്കുകളിലും വന്ന സുഹൃത്തുക്കൾ അൽ‌പ്പം മുൻപേ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സുഹൃത്തുക്കളുമായി വരുമായിരുന്നെന്നും അടുത്ത പ്രാവശ്യം തീർച്ചയായും ഇതിനേക്കാൾ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഉറപ്പ് തന്നാണ് പിരിഞ്ഞത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ രാജുവിന്റെ കൈയ്യിൽ നിന്ന് സ്റ്റിക്കറുകൾ വാങ്ങി ബൈക്കുകളിൽ ഒട്ടിച്ച് സ്വമനസ്സാലെ ഞങ്ങൾക്കൊപ്പം ചേർന്നവരുമുണ്ട്. വശങ്ങളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്ന് ഞങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് പോയവർ അതിനേക്കാളേറെയാണ്.

ഒരു ഹർത്താൽ ദിനത്തിൽ പരിചയമില്ലാത്ത സ്ഥലത്ത് കൂടും കുടുംബവുമൊക്കെയായി ചെന്ന് പെട്ടാൽ ഉണ്ടാകുന്ന അങ്കലാപ്പ് ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ, ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിൽ അൽ‌പ്പമെങ്കിലും നന്മ അവശേഷിക്കുന്നവർ, ജനങ്ങളെ അവരവരുടെ വീടുകളിൽത്തന്നെ ബന്ദികളാക്കുകയും അലസന്മാരാക്കുകയും ചെയ്യുന്ന ഹർത്താൽ എന്ന പ്രതിഷേധ നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൌകര്യം ദയവായി ചെയ്തുകൊടുക്കണം.

വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാനടക്കമുള്ളവർക്ക് പ്രതിഷേധിക്കമെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ഉയർന്ന് വരും ഈ കൊച്ച് കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും. അതിലേക്കായി കുറേക്കൂട നന്മ അവശേഷിക്കുന്ന ഏതെങ്കിലും പ്രതികരണ മാർഗ്ഗം കണ്ടുപിടിക്കണമെന്ന്, ഹർത്താൽ അഹ്വാനം ചെയ്യുന്നവരോട് അഭ്യർത്ഥിക്കുന്നു. ജനജീവിതം താറുമാറാക്കിക്കൊണ്ട് നിർബന്ധപൂർവ്വമായ പ്രതിഷേധങ്ങളിലേക്ക് ദയവു ചെയ്ത് ജനങ്ങളെ വലിച്ചിഴയ്ക്കരുത്. നമ്മൾ വീട്ടിൽ നിന്ന് ഓഫീസിലേക്കും ഓഫീസിൽ നിന്ന് വീട്ടിലേക്കും പോയി വരുന്ന ഈ സംസ്ഥാനക്കാർ മാത്രമല്ല ഇവിടെ ജീവിക്കുന്നതും വന്നുപോകുന്നതും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടെ പരിഗണിക്കാനുള്ള സന്മനസ്സ് ഹർത്താൽ അനുകൂലികൾ കാണിക്കണം.

“ഞങ്ങൾ നിങ്ങളുടെ ഹർത്താലിനോട് അനുകൂലിക്കുന്നു. പക്ഷെ യാത്ര ചെയ്യാതിരിക്കാൻ നിവൃത്തിയില്ല“,  എന്നൊരു സ്റ്റിക്കർ ഒട്ടിച്ച് ആരെങ്കിലും യാത്ര ചെയ്താലോ അതേ സ്റ്റിക്കർ ഒട്ടിച്ച് കട തുറന്നാലോ അവരെ വെറുതെ വിടുക. 7 വർഷത്തിനിടെ 300 ഹർത്താലുകൾ നടന്നു എന്നാണ് ഇന്ന് ഹൈക്കോടതി പരാമർശം വന്നിരിക്കുന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന ഈ ഹർത്താലുകൾ രാജ്യത്തെ പിന്നോട്ട് നയിക്കാതെ നോക്കേണ്ടത് ആവശ്യമാണ്. അതേസമയം അനീതികളോട് പ്രതികരിക്കാനായി ജനങ്ങളെ ദ്രോഹിക്കാത്ത രീതിയിലുള്ള മാർഗ്ഗങ്ങളും ഉരുത്തിരിഞ്ഞ് വരണം.

നല്ലൊരു നാളെയാണ് മുന്നിൽക്കാണുന്നതെങ്കിൽ, ജനങ്ങളുടെ ഉന്നതിയും സുരക്ഷയുമൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിനായി ഓരോരുത്തരും ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്.

Comments

comments

58 thoughts on “ ചില ഹർത്താൽ വിശേഷങ്ങൾ

 1. “ഞങ്ങൾ നിങ്ങളുടെ ഹർത്താലിനോട് അനുകൂലിക്കുന്നു. പക്ഷെ യാത്ര ചെയ്യാതിരിക്കാൻ നിവൃത്തിയില്ല“, എന്നൊരു സ്റ്റിക്കർ ഒട്ടിച്ച് ആരെങ്കിലും യാത്ര ചെയ്താലോ അതേ സ്റ്റിക്കർ ഒട്ടിച്ച് കട തുറന്നാലോ അവരെ വെറുതെ വിടുക.

 2. നല്ല ഉദ്യമത്തെ അഭിനന്ദിക്കുന്നു. ഏതെങ്കിലും ഘട്ടത്തില്‍ സമയവും സാഹചര്യവും അനുകൂലമായാല്‍ തീര്‍ച്ചയായും ഇതില്‍ പങ്കാളിയാവുന്നതില്‍ അതിയായ സന്തോഷവുമുണ്ട്.

 3. ഈ പ്രസ്ഥാനം കേരളം മുഴുവൻ വ്യാപിക്കട്ടെ. എല്ലാ വിധ പിന്തുണയും ആശംസകളും…

 4. അനാവശ്യഹര്‍ത്താലുകളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. എന്നാല്‍ ഹര്‍ത്താലിന് ആധാരമായ വിഷയത്തെ തെല്ലും വകവയ്ക്കാതെ തികച്ചും അരാഷ്ട്രീയ നീക്കമായി മാറുന്നു ഈ പരിപാടി എന്ന് പറയാതെ വയ്യ..

  1. any organisation has all the right to declare and conduct harthal. but dont you guys understand that any one has got his own right to support it or reject it. even if he support it he may have his basic needs to be met. and tell me one harthal in the last 5 years which was conducted for a purpose, and the one who organise it fought for
   it after the harthal. Harthal is now defined in kerala as a poster which just shout words with out any meaning.

  2. അനാവശ്യ ഹർത്താലുകൾ എന്ന് പറയുമ്പോൾ താങ്കളുടെ എതിർപാർട്ടിക്കാർ നടത്തുന്ന ഹർത്താലുകൾ അല്ലേ ? താങ്കളുടെ പാർട്ടി നടത്തുന്ന ഹർത്താലുകൾ ഒന്നും താങ്കൾക്ക് അനാവശ്യ ഹർത്താൽ ആകാൻ സാദ്ധ്യതയില്ലല്ലോ ? അഥവാ, അങ്ങനെയൊന്ന് ഇക്കാലയളവിൽ എപ്പോഴെങ്കിലും ഉണ്ടായതായി താങ്കൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ തീയതിയും അതിനുള്ള കാരണവും അടക്കം ഒന്ന് പറഞ്ഞുതന്നാൽ ഉപകാരമായേനെ.

   കുറേക്കൂടെ നിലവാരമുള്ള അഭിപ്രായങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് എനിക്കൊരു വിരോധവും ഇല്ലട്ടോ :) ഹർത്താലിനെ എതിർക്കുന്നവരെല്ലാം അരാഷ്ട്രീയവാദികളാണെന്ന് പറയുന്നത്, പാർട്ടിക്കാർക്ക് തലച്ചോറ് പണയം വെച്ചതിന്റെ കുഴപ്പം ഒന്നുകൊണ്ട് മാത്രമാണ്. എന്തുചെയ്യാനാ….ആ രോഗത്തിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ലെന്നുള്ളത് വല്ലാത്ത കഷ്ടവുമാണ്.

 5. മനോജേട്ടാ, സ്വാഭാവികമായും ഉണ്ടാവുന്ന ഒരു സംശയം ചോദിക്കുന്നു. ഈ പോകുന്ന വഴിയിൽ ഹർത്താലനുകൂലികളിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള പ്രതിരോധം ഉണ്ടായിരുന്നോ..?? ഈ കൂട്ടാ‍ായ്മയിലെ ആർക്കെങ്കിലും..?? അതു കൂടി അറിയാൻ വേണ്ടിയാണ്..

  1. @ dileepthrikkariyoor – പ്രതിരോധം ഒന്നും ഉണ്ടായില്ല. പക്ഷെ പരിപാടി തുടങ്ങുന്നതിന് മുൻപ് പൊലീസുകാർ വന്ന് പറഞ്ഞത് കലൂരിലും കാക്കനാടും വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി എന്നാണ്. അയ്യപ്പന്മാരുടെ ബസ്സിന് നേരെയും പ്രശ്നമുണ്ടായതായി പറഞ്ഞു. പക്ഷെ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

 6. ഏഴു വർഷം 300 ഹർത്താലുകൾ!!! അതായത് ബഹുജന സംഘടനകൾ രാജ്യത്തെയും ജനങ്ങളെയും പിന്നോട്ട് നയിച്ചത് ഏകദേശം ഒരു വർഷം!! ശരാരശരി ഒരു മലയാളിയുടെ ആയുസ്സിന്റെ 10% ഇവർ നഷ്ടപ്പെടുത്തും! Say NO to Harthal പോലുള്ള ഉദ്യമങ്ങൾ ഇത്തരം പിന്തിരിപ്പന്മാരെ ഭാവിയിലെങ്കിലും ഒറ്റപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു. സർവ്വവിധ ഭാവുകങ്ങളും.

 7. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കക്കണം . കക്ഷിരാഷ്ട്രീയ- മത- സംഘടനയുടെ പിന്ബലമോന്നുമില്ലാതെ, പൊതുജനങ്ങള്‍ക്ക് പൊതുവായ പ്രശ്നങ്ങള്‍ക്ക്മേല്‍ ഭരണകൂടം നീതിപുലര്‍ത്താഞ്ഞാല്‍ സ്വതേ അവര്‍ അവലംബിക്കാവുന്ന ഒരു പ്രതിഷേധമുറ ആവണം ബന്ദും ഹര്‍ത്താലുകളുമൊക്കെ …

  1. @ Kuttedathi – ഇന്നലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഇനിയും ഉണ്ടാകാതിരിക്കട്ടെ. ഞങ്ങളുടെ വികാരം ഹർത്താൽ നടത്തുന്നവരും മനസ്സിലാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

 8. “Say No To Hartal”-ന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം നിങ്ങള്‍ ചെയ്ത പ്രവര്‍ത്തിയ്ക്ക് അനുമോദനങ്ങളും. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ലീവ് എടുത്ത് ഇതിനായി ഇറങ്ങിയേനെ. (നിര്‍)ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോള്‍ ഹര്‍ത്താല്‍ എന്തെന്ന് കേട്ടറിവ് പോലും ഇല്ലാത്ത, അതിനെപ്പറ്റി വിവരിച്ചാല്‍ വായും പൊളിച്ച് അന്തിച്ച് നില്‍ക്കുന്നവരുടെ നാട്ടിലാണ്.

  ഹര്‍ത്താലുകള്‍ക്ക് ഉത്തരവാദികള്‍ രണ്ട് കൂട്ടരാണ് എന്നതാണ് എന്‍റെ അഭിപ്രായം. അത് ആഹ്വാനം ചെയ്യുന്ന കൂട്ടരും, “ഹ” എന്ന് കേള്‍ക്കുമ്പോഴേക്കും പേടിച്ച് എന്ന വ്യാജേന മടി പിടിച്ച് വീട്ടില്‍ ഇരിയ്ക്കുന്നവരും. എനിയ്ക്ക് ഇരുകൂട്ടരും ഒരുപോലെ തന്നെയാണ്. ഇതില്‍ ഒരു കൂട്ടരെങ്കിലും നന്നായാല്‍ പകുതിയെങ്കിലും വ്യത്യാസം കാണും. ബന്ദ്‌ (സോറി ഹര്‍ത്താല്‍), അത് എന്ത് കാരണം കൊണ്ട് തന്നെ ആണെങ്കിലും യോജിക്കാന്‍ പറ്റാത്ത ഒരു കാര്യം തന്നെയാണ്. ഈ ലേഖനത്തില്‍ പറയുന്ന പോലെ, ഇവിടെ വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ മാത്രമല്ല ഉള്ളത്. ആയിരങ്ങളും, ലക്ഷങ്ങളും മുടക്കി ദൈവത്തിന്‍റെ സ്വന്തം നാട് കാണാന്‍ ഇറങ്ങിത്തിരിച്ചവര്‍, അത്യാവശ്യമായി പല കാര്യങ്ങള്‍ക്കും പല സ്ഥലത്തേയ്ക്ക് പോകേണ്ടവര്‍. ചുരുക്കം ചില ദിവസങ്ങള്‍ അവധി എടുത്ത് വന്നിരിയ്ക്കുന്ന, കേരളത്തിന്‌ പുറത്ത് ജോലി ചെയ്യുന്നവര്‍, അങ്ങനെ എത്രയെത്ര പേര്‍. ഇവരൊക്കെ എന്ത് തെറ്റ് ചെയ്തിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനികളും അവരുടെ ഏറാന്‍ മൂളികളും ഇവരെയൊക്കെ ഉപദ്രവിയ്ക്കുന്നത്?

  ഗാഡ് ഗില്‍ റിപ്പോര്‍ട്ടോ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ എന്തെന്ന് പോലും അറിയാത്ത ഒരുവനാണ് ഞാന്‍. എന്നാലും, ഇതില്‍ തദ്ദേശവാസികളെ ദ്രോഹിയ്ക്കുന്ന എന്തെങ്കിലും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. (ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയയില്‍ വായിച്ചതനുസരിച്ച് അങ്ങനുള്ള ഒന്നും തന്നെ ഇല്ലെന്നാണ് മനസ്സിലാകുന്നത്). അഥവാ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ, നിങ്ങള്‍ ഉപദ്രവിയ്ക്കുന്ന മേല്‍പ്പറഞ്ഞ കൂട്ടര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ ഇതില്‍? പിന്നെ, നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം നമ്മള്‍ തന്നെ നശിപ്പിച്ചാല്‍ നഷ്ടം ആര്‍ക്ക്? നമ്മള്‍ ഇപ്പോഴും ബ്രിട്ടീഷ്‌ ഭരണത്തിലല്ല എന്നത് ഹര്‍ത്താല്‍ ആഹ്വാനികള്‍ ഓര്‍ത്താല്‍ നല്ലത്. അവര്‍ ഭരിച്ചിരുന്ന സമയത്ത്, ഒന്നുമില്ലേലും ഇങ്ങനൊന്ന് നടത്തിയാല്‍ നഷ്ടം അവര്‍ക്കായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഹര്‍ത്താല്‍ മൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ഇന്നാട്ടിലെ ഓരോരുത്തരുടെയും ആണ്. (വേലയും കൂലിയും ഇല്ലാത്ത, അല്ലെങ്കില്‍ ഇത് തന്നെ ഒരു വേലയാക്കി നടക്കുന്ന ഹര്‍ത്താല്‍ അനുകൂലികളും നികുതി കൊടുക്കുന്നുണ്ട് എന്നത് ഓര്‍ത്താല്‍ നിങ്ങള്‍ക്ക് തന്നെ കൊള്ളാം).

  ജനങ്ങള്‍ വീടുകളില്‍ അടച്ചുപൂട്ടി ഇരിയ്ക്കുന്ന അത്രയും കാലം ഹര്‍ത്താലുകളും ഉണ്ടായിക്കൊണ്ടിരിയ്ക്കും. അതുകൊണ്ട് ഹര്‍ത്താല്‍ ദിനങ്ങളില്‍ കൂടുതല്‍ ചുറുചുറുക്കോടെ, കൂടുതല്‍ ആത്മാര്‍ഥതയോടെ അവനവന്‍റെ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ എല്ലാവര്‍ക്കും സദ്ബുദ്ധി തോന്നട്ടെ. ഇന്ന് ബുദ്ധിമുട്ടില്‍ പെട്ട സാധാരണക്കാരെ സഹായിച്ച “Say No To Hartal” പ്രവര്‍ത്തകര്‍ക്ക് നല്ലത് വരട്ടെ.

 9. ഈ നിര്‍ബ്ബന്ധ ഹര്‍ത്താല്‍ നമ്മളെ മറ്റുള്ളവരുടെ, പ്രത്യേകിച്ചും കേരളത്തിന് പുറത്തുനിന്നും വരുന്നവരുടെ, മുന്നില്‍ വല്ലാതെ അപഹാസ്യരാക്കുന്നുണ്ട്

 10. പ്രിയ മനോജ്‌,ജനകീയ സമര രൂപങ്ങളില്‍ ഒന്നായിട്ടു തന്നെയാണ് ഹര്‍ത്താലുകള്‍ രൂപപ്പെട്ടത്.സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്.പിന്നീടും ജനകീയ പ്രതിരോധം എന്നാ നിലയില്‍ പല നല്ല കാര്യങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്.നിരവധി ദുരുപയോഗങ്ങളും അതിക്രമങ്ങളും സ്വാതന്ത്ര്യ നിഷേധങ്ങളും സംഭവിച്ചിട്ടുണ്ട്.ഇന്ന് സമരം ചെയ്യാനുള്ള നിരന്തരമായ ഉത്തരവാദിത്തത്തില്‍ നിന്നും ഓടി ഒളിക്കാനുള്ള ഒരു ഉപായം ആയി ഹര്‍ത്താല്‍ മാറുന്നു.ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ എല്ലാം ആയെന്നും ആ വിഷയത്തില്‍ ഞങ്ങള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു എന്നും സൂത്രത്തില്‍ പ്രഖ്യാപിക്കല്‍ ആണത്.
  പക്ഷെ ഹര്‍ത്താലിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനം പോലെ അല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.കാമ്പുസുകളില്‍ നിന്ന് രാഷ്ട്രീയം നിരോധിക്കാന്‍ ശ്രമിച്ച അതെ മധ്യവര്‍ഗ വ്യാധി തന്നെയായി പലപ്പോഴും ഹര്‍ത്താല്‍ വിരോധം മാറുന്നുണ്ട്.മനുഷ്യര്‍ക്ക്‌ ചെയ്യുന്ന സേവനങ്ങള്‍ ഏതു വഴിക്കും നന്മ തന്നെയാണ്.

  1. @ anilkumar ap – സ്വാതന്ത്ര്യസമരകാലത്ത് നടന്ന ഹർത്താലുകളുമായി താരത‌മ്യം ചെയ്താണ് ഹർത്താൽ അനുകൂലികൾ ഇതൊരു ഉദാത്ത സമരമാർഗ്ഗമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. ജാലിയൻ വാലാ ബാഗിനെ വരെ വലിച്ചിഴക്കുന്നുണ്ട് അതിലേക്കായി. അത്തരക്കാരോട് മറുപടിയായിട്ട് പുച്ഛം മാത്രമേയുള്ളൂ. സ്വന്തം പാർട്ടിയുടെ ഈർക്കിലി നേതാവ് മറ്റേപ്പാർട്ടിക്കാരന്റെ കുത്തുകൊണ്ട് മരിച്ചതിന് ഹർത്താൽ നടത്താറില്ലേ ഇവിടെ ? 115 കോടി ജനങ്ങളും ലക്ഷക്കണക്കിന് സംഘടനകളുമുള്ള ഈ രാജ്യത്ത് എല്ലാവരും അവരവരുടെ ആവശ്യങ്ങൾക്കായി ഓരോ ദിവസം വീതം ഹർത്താൽ ആഘോഷിക്കാൻ പോയാൽ 365 ദിവസം പോരാതെ വരുമല്ലോ കൊല്ലത്തിൽ. ഹർത്താലിന്റെ ഭൂതകാലം നല്ലതായിരുന്നിരിക്കാം. പക്ഷെ അതിന്റെ വർത്തമാനകാലവും ഭാവികാലവും ശോചനീയമാണ്, ജനദ്രോഹപരമാണ്. ‘മധ്യവർഗ്ഗവ്യാധി’യാണ് ഹർത്താൽ വിരോധം എന്നൊക്കെ ഒരുമാതിരി പാർട്ടി സ്റ്റഡിക്ലാസ്സുകളിൽ നിന്നും പണ്ട് പഠിച്ച വാചകങ്ങൾ അടിച്ച് വിടുമ്പോൾ മധ്യവർഗ്ഗമല്ലാത്ത ജനങ്ങളും ഇതിനെ എതിർത്ത് തോൽ‌പ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. അത്തരത്തിൽ ഹർത്താലുകളെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുള്ള പെരിങ്ങാല അടക്കമുള്ള ഗ്രാമങ്ങളുണ്ട് കേരളത്തിൽ. അന്നാട്ടിലുള്ളവർ എല്ലാവരും മധ്യവർഗ്ഗക്കാരാണെന്നാണോ പറയുന്നത്. ജനം ഒറ്റക്കെട്ടായി സംഘടിച്ച് നിൽക്കുമ്പോൾ അവിടെ പാർട്ടിക്കാർക്ക് തങ്ങളുടെ ഹർത്താൽ സമരമുറ നടപ്പിലാക്കാൻ കഴിയുന്നില്ല. പെരിങ്ങാല പോലുള്ള ഗ്രാമങ്ങൾ കേരളത്തിൽ ഇനിയും ഉയർന്നുവരും. ഹർത്താലുകൾ നടത്തുന്നവർ നടത്തിക്കോളൂ, അതിനോട് സഹകരിക്കാൻ താൽ‌പ്പര്യമില്ലാത്തവരെ സൌര്യമായി ജീവിക്കാൻ വിടണമെന്ന് അപേക്ഷിക്കുമ്പോഴേക്കും പറഞ്ഞയാളെ അരാഷ്ട്രീയ വാദിയായി മുദ്രകുത്തുകയെന്നതും ഒരു മൂരാച്ചി നയമായി മാറിയിരിക്കുകയാണ്. അങ്ങനെ പറയുന്നവരോടും പുച്ഛം മാത്രമേ മറുപടിയായിട്ടുള്ളൂ. ഈ പോസ്റ്റിൽ പരാമർശിക്കുന്ന രാജു.പി.നായർ ഒരു പാർട്ടിയുടെ ഔദ്യോഗിക ചുമതലയുള്ള ആളാണ്. എന്നിട്ടും അദ്ദേഹം സ്വന്തം പാർട്ടി നടത്തുന്ന ഹർത്താലുകളെപ്പോലും എതിർത്ത് തോൽ‌പ്പിക്കാൻ റോഡിലിറങ്ങുന്നു. അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കുഴപ്പമില്ലെന്ന് പറയുന്നു. ഇതൊക്കെ അരാഷ്ട്രീയ വാദമാണല്ലോ അല്ലേ ? ഹർത്താൽ ദിനത്തിൽ കണ്ണും കാലുമൊക്കെ പോയ കുട്ടികളെ നിങ്ങളൊക്കെ മറന്ന് കാണും. ഇതാണോ താങ്കൾ പറഞ്ഞ ‘മനുഷ്യർക്ക് ചെയ്യുന്ന സേവനങ്ങൾ‘ ? അദ്യം മനസ്സിൽ അൽ‌പ്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടോയെന്ന് പരിശോധിക്കണം. എന്നാലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കാടൻ സമരമുറയ്ക്ക് എതിരായി പ്രതികരിക്കണമെന്ന് തോന്നൂ.

   ഹർത്താലിന് പകരം മറ്റെന്തെങ്കിലും സമരമാർഗ്ഗം കണ്ടുപിടിച്ചുകൂടെ, സമരത്തെ അനുകൂലിക്കുന്നവർ രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ തെരുവിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് നോക്കിക്കൂടെ. അല്ലെങ്കിൽ ഒരു ദിവസം രണ്ട് മണിക്കൂറെങ്കിലും തെരുവിൽ നിന്ന് പ്രതിഷേധിക്കാൻ ശ്രമിക്കൂ. രണ്ട് മണിക്കൂർ ട്രാഫിക്ക് അടക്കം എല്ലാം സ്തംഭിപ്പിച്ചോളൂ. അപ്പോഴും പ്രതിഷേധം പ്രകടിപ്പിക്കപ്പെട്ടില്ലേ ? ഞാൻ അനുകൂലിക്കുന്ന വിഷയങ്ങളിൽ ഞാനും വന്ന് നിൽക്കാം റോഡിൽ. അതാണ് ശരിക്കുള്ള പ്രതിഷേധം. അപ്പോൾ അറിയാം എത്രപേർ നെഞ്ചിൽത്തട്ടി പ്രതിഷേധിക്കുന്നുണ്ടെന്നും എത്രപേർ വീട്ടിലടച്ചിരുന്ന് ആഘോഷിക്കുന്നുണ്ടെന്നും.

   നിങ്ങൾ ഹർത്താൽ അനുകൂലികൾ നിലപാട് മാറ്റുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിട്ടല്ല ഇത്രയും പറഞ്ഞത്. പക്ഷെ, സ്വസ്തജീവിതത്തിന് ഭരണഘടന തരുന്ന അവകാശവുമായി ഞങ്ങൾ മുന്നോട്ട് തന്നെ പോകും. വെട്ടിയും കുത്തിയും തീർക്കാൻ പറ്റുമായിരിക്കും. അതും ചെയ്യാൻ മടിയില്ലാത്തവരെയാണ് എതിർക്കുന്നതെന്ന് അറിയാഞ്ഞിട്ടല്ല. എതിരഭിപ്രായം നടപ്പിലാക്കുന്നവരെ ചെറുത്ത് തോൽ‌പ്പിക്കാൻ എന്നും പാർട്ടിക്കാർക്ക് കൈയ്യിൽ അത്തരം മൂർച്ചയുള്ള ആയുധങ്ങളുണ്ടല്ലോ ? അതുകൊണ്ടാണ് പറഞ്ഞത് ആദ്യം വേണ്ടത് മനുഷ്യത്വമാണ്. എന്നിട്ട് വേണം മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളെപ്പറ്റി ‘മധ്യവർഗ്ഗ’ത്തോട് ഘോരഘോരം പ്രസംഗിക്കാൻ. വായനയ്ക്കും അഭിപ്രായത്തിനും നല്ല നമസ്ക്കാരം.

 11. Hi Manoj, Vayichu…Great thoughts. Way back in 1989, we also started & successfully concluded a mass protest in similar line at Kannur Engg: college without disturbing the classes. If you can right on that topic also it will be a great motivator for keralites..

 12. വളരെ നല്ല കാര്യം . ഹര്‍ത്താലിനെ അനുകൂലിക്കുന്നവര്‍ പണിമുടക്കുകയും അല്ലാത്തവരെ സ്വൈര്യജീവിതം നയിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണു വേണ്ടതു.

 13. അഭിനന്ദനങ്ങള്‍…

  ഇത് കൊച്ചി മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ഒരു സംരംഭമാണൊ… അതോ മറ്റു ജില്ലകളിലും ഉണ്ടോ? ഇല്ലെങ്കില്‍ ഇത് എങ്ങിനെ കേരളത്തിലാകമാനം വ്യാപിപ്പിക്കാന്‍ നമുക്കാവും…?

  1. @ ഷബീർ – തിരിച്ചിലാൻ – തൽക്കാലം ഇത് എറണാകുളം നഗരത്തിൽ മാത്രം ആരംഭിച്ചിട്ടുള്ള ഒന്നാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും അന്വേഷണങ്ങളും അഭിനന്ദനങ്ങളുമൊക്കെ വരുന്നുണ്ട്. ഇതേ ലേബലിൽത്തന്നെ വ്യാപിപ്പിക്കണമെന്നുണ്ടെങ്കിൽ അവരവരുടെ നഗരത്തിൽ ആരെങ്കിലും ഒരാൾ മുന്നോട്ട് വരുക. ഈ ലോഗോ/പോസ്റ്റർ തന്നെ ഉപയോഗിക്കാനുള്ള സൌകര്യം ‘Say No To Harthal’ സാരഥിയായ രാജു പി.നായർ ഉടനെ തന്നെ ചെയ്യുന്നതായിരിക്കുമെന്ന് ഫേസ്ബുക്ക് പേജിൽ അറിയിച്ചിട്ടുണ്ട്. ഒരു കുടക്കീഴിൽ അണിനിരക്കുന്നതായിരിക്കും കൂടുതൽ ശക്തമായി മുന്നേറാൻ നല്ലതെന്ന് എനിക്ക് തോന്നുന്നു. താൽ‌പ്പര്യമുള്ളവർക്ക് ഈ ലിങ്കിൽ പോയി പേര് രജിസ്റ്റർ ചെയ്യാം. http://www.saynotoharthal.com/Volunteer.html

 14. ഹര്ത്താലിനെതിരെ അവിടവിടെയായെങ്കിലും പ്രതികൂല പ്രതികരണങ്ങൾ ഉയര്ന്നു വരുന്നു എന്നത് തന്നെ ശുഭകരമാണ്. ഇതൊരു തുടക്കമാവട്ടെ. ഈ കൂട്ടായ്മ നാട്ടിൽ മുഴുവൻ ആവട്ടെ..

  എല്ലാ ആശംസകളും.

 15. “HARTHAL” IS PURE “SYMPTOM OF OF INABILITY TO THINK AND ACT”

  ‘Say No to Harthal’ is very much a need of the time.

  The public must get adapted to result oriented methods to get their social needs to be met by their own governing team, very much decided and elected by themselves by democratic means.

  Conducting a Harthal is an open escapism from from one’s own responsibilities.

  Any one who declare harthal is declaring that he has no guts to resolve the issue in concern.

  We have seen hundreds of harthals, but not even 1% of them have succeeded in making a positive result. Never did any one who declared, enjoyed or got affected on the Harthal follow up the matter which lead to Harthal afterwards.

  START ACTING, if you have a concern. Declaring, suffering or enjoying HARTHAL and STOPPING others from DOING THINGS is PURE “SYMPTOM OF OF INABILITY TO THINK AND ACT”

 16. പരിഷ്കൃത സമൂഹത്തിൽ ഇത്തരം സമര മുറകൾ അനാവശ്യമാണന്നാണ് എന്റെ അഭിപ്രായം. ഒരു ഹർത്താൽ ദിനത്തിൽ കല്ല്യാണം കഴിച്ചവനായിരുന്നു ഞാൻ. അതു കൊണ്ട് തന്നെ ഹർത്താലിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. സേ ടു ഹർത്താലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. എല്ലാ ഭാവുകങ്ങളും.

 17. small ripples can make big waves….hope and pray your movement inspires more and more people to come forward to protest against hartals….all the best …!.

 18. നമ്മുടെ നാടിനു വേണ്ടി വലിയൊരു സേവനമാണ് താങ്കൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർ ചെയ്തിരിക്കുന്നത്. എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും.

 19. അഭിനന്ദനങ്ങളും ആശംസകളും. ഇത് കേരളം മുഴുവന്‍ വ്യാപിക്കട്ടെ. ഈ ഹര്‍ത്താല്‍ കാരണം അമ്മയെയും കൊണ്ട് ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ല. കോട്ടയം മുതല്‍ എറണാകുളം വരെ കാറില്‍ പോവാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. :(

 20. The name of the bullet group you mentioned in the blog is “Bullethood” with a tagline that reads ” I Ride with Pride”

 21. അഭിനന്ദനങ്ങൾ മനോജേട്ടാ. ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ നശിപ്പിക്കുകയും യാത്രചെയ്യുന്നവരെ തടയുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കാൻ സാധിക്കണം. ആ രീതിയിലേയ്ക്ക് നാട്ടിലെ നിയമപാലനസംവിധാനം മാറണം. ഇവിടെ വാഹനങ്ങൾ തടയുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ പോലും അവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല. അതിനിടയിൽ ആശാവഹമായ ഒരു വാർത്തയും കേട്ടു, ഹർത്താൻ ദിനത്തിൽ സ്വകാര്യവാഹനങ്ങൾ നശിപ്പിക്കപ്പെട്ടാൽ അതിന്റെ നഷ്ടപരിഹാരം ഹർത്താലിന് ആഹ്വാനം ചെയ്ത് പാർട്ടിയിൽ നിന്നും ഈടാക്കുന്നതരത്തിൽ നിയമഭേദഗതി കൊണ്ടുവരും എന്ന്. നല്ലത് എന്നാൽ ഹർത്താലിൽ വാഹനങ്ങൾ / പൊതുമുതൽ എന്നിവ നശിപ്പിക്കുന്ന വ്യക്തികളിൽ നിന്നും തന്നെ നഷ്ടപരിഹാരം ഈടാക്കണം, ഒപ്പം ജയിൽ ശിക്ഷയും നൽകണം.

 22. പ്രിയ മനോജ്‌

  താങ്കളുടെ ഹർത്താൽ വിരുദ്ധ വികാരപ്രകടനം വൈകിയാണു ശ്രദ്ധയിൽപ്പെട്ടത്‌. ചിന്താശക്തിയും കർമോന്മുഖതയും ചരിത്രത്തിന്റെ ഗതിവിഗതികളെക്കുറിച്ച്‌ ബോധവുമുള്ള കരുത്തുറ്റ ആധുനിക യുവത്വത്തിന്റെ പ്രതീകമായാണു ഞാൻ താങ്കളെ കണ്ടിരുന്നത്‌.എന്നാൽ മേൽ സൂചിപ്പിച്ച പ്രകടനം കൊണ്ട്‌ താങ്കൾ ഇതൊന്നുമല്ലെന്നു തെളിയിച്ചിരിക്കുന്നു.
  താങ്കളുടെ തൂലികാ നാമം അന്വർത്ഥമാണെന്ന്‌ താങ്കൾ തെളിയിച്ചിക്കുന്നു..
  പ്ളേഗ് തടയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവൻ മാലിന്യക്കൂമ്പാരമാണു നശിപ്പിക്കേണ്ടത്.അല്ലാതെ പ്ളേഗ് പിടിച്ചവന്റെ വായിൽ ഗുളിക തിരുകി ഫോട്ടോ എടുത്ത് പ്രദർശിപ്പിക്കയല്ല വേണ്ടത്..

  ഗുഡ് ബൈ…

  1. ഞാനെന്റെ തൂലികാ നാമം അന്വർത്ഥമാക്കിയിരിക്കുന്നു എന്ന സർട്ടിഫിക്കറ്റിന് വളരെ നന്ദി. ഹർത്താൽ എന്ന ജനവിരുദ്ധ കലാപരിപാടിയുടെ മറവിൽ തടിച്ച് കൊഴുക്കുന്ന ഏതെങ്കിലും ഒരു പാർട്ടിയുടെ ചിന്താശേഷി മരവിച്ച ഒരു പ്രവർത്തകനോ അനുയായിയോ ആയിരിക്കും താങ്കളെന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഇല്ല. ആ പ്ലേഗ് ഉദാഹരണവും ബഹുകേമമായിട്ടുണ്ട് :)

 23. Hartal is for Job less politicians, anyway they are not doing anything for people so better let the public do to work for making their both ends meet

 24. ടാക്സി ഡ്രൈവറായ മകൻ അനോഷ് അടുത്ത ഹർത്താലിന് ഞങ്ങൾക്കൊപ്പം വന്ന് സഹകരിക്കുമെന്ന്…

  ha haa.. anosh is unknowingly welcoming next harthaal… author could have avoided this blunder!

 25. ഫേസ്ബുക്ക് വഴി കേട്ടറിഞ്ഞ് 3 വാഹനങ്ങളിലും ബൈക്കുകളിലും വന്ന സുഹൃത്തുക്കൾ അൽ‌പ്പം മുൻപേ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സുഹൃത്തുക്കളുമായി വരുമായിരുന്നെന്നും അടുത്ത പ്രാവശ്യം തീർച്ചയായും….

  There is another instance of welcoming next harthaal unknowingly!

  1. @Anonymous – ഒരു ദിവസമോ അതല്ല ഇനി പത്ത് ദിവസമോ Say No To Harthal പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ട് ഈ നാട്ടിൽ നിന്ന് ഹർത്താലുകൾ തുടച്ചുനീക്കാനാകും എന്ന വ്യാമോഹമൊന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കോ അത് കണ്ടുനിന്നവർക്കോ ഇല്ല. അതുകൊണ്ടാണല്ലോ അടുത്ത ഹർത്താലിന് സഹകരിക്കാം എന്ന് അവർ പറഞ്ഞിട്ട് പോയത്. അവർ പറഞ്ഞത് അതേപടി എഴുതുക മാത്രമാണ് ഞാൻ ചെയ്തത്. ഇനീം ഇവിടെ ഹർത്താലുകൾ ഉണ്ടാകുമെന്നും പടിപടിയായി മാത്രമേ ഇത് നിർത്തലാക്കാൻ പറ്റൂ എന്ന് ഒന്നാലോചിച്ച് നോക്കിയാൽ ആർക്കും മനസ്സിലാക്കാനാവും. അതല്ലാതെ ഞാനോ ‘അടുത്ത ഹർത്താൽ’ എന്ന് പറഞ്ഞവരോ ഇവിടെ ഹർത്താലിനെ സ്വാഗതം ചെയ്തിട്ടില്ല. അതിനെ Blunder എന്ന് വിളിക്കാൻ താങ്കൾക്ക് തോന്നുന്നത് മറ്റെന്തോ കുഴപ്പമുള്ളത് കൊണ്ടാകാം എന്ന് ഞാൻ മനസ്സിലാക്കുന്നു. കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കണമെന്ന ലക്ഷ്യത്തോടെ ഒരാൾ ഇറങ്ങിത്തിരിച്ചാൽ അയാളെ ബഹ്മനും തടുക്കാനാവില്ല. അതിന് ഉത്തമോദാഹരണമാണ് തലയിൽ തുണിയിട്ട് വന്ന് ഇന്നൊരു ദിവസം മാത്രം എന്റെ പല ബ്ലോഗുകളിലായി ഇത്തരം നാല് കമന്റുകൾ ഇട്ടുപോയിട്ടുള്ള താങ്കളെപ്പോലുള്ള ഒരാൾ. എന്തായാലും ഈ പ്രവണത തുടർന്നുകൊണ്ടേയിരിക്കൂ. വായനക്കാർക്ക് എന്തെങ്കിലുമൊക്കെ രസം പകരാൻ അതുപകരിച്ചെന്ന് വരും. ഇവിടെ വന്ന് വരികൾക്കിടയിൽ വായിച്ച് കുറ്റങ്ങൾ കണ്ടുപിടിക്കാൻ ഇത്രയും സമയം പാഴാക്കിയതിന് വളരെ നന്ദി.

  2. @ Anonymous – ഇന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഹർത്താൽ. ഞങ്ങൾ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും ഈ പോസ്റ്റ് വന്നതിന് ശേഷം എത്ര ഹർത്താലുകൾ നടന്നെന്ന് ഒന്ന് കണക്കെടുത്ത് നോക്കൂ. ഒറ്റദിവസം കൊണ്ട് ഹർത്താലുകൾ തുടച്ച് നീക്കാമെന്ന വ്യാമോഹമൊന്നും ഞങ്ങൾക്കില്ല, ജനങ്ങൾക്കുമില്ല. അതുകൊണ്ട് തന്നെയാണ് അടുത്ത ഹർത്താൽ എന്ന പദം ഉപയോഗിച്ചത്. അതിലൊക്കെ കുറ്റം കണ്ടുപിടിക്കാൻ അനോണിയായി ഇറങ്ങിയിട്ടുള്ള നിങ്ങളെപ്പോളുള്ളവരാണ് ഈ നാടിന്റെ ശാപം. ഇത്തിരിയെങ്കിലും ഒന്ന് നന്നായതുകൊണ്ട് കുഴപ്പമൊന്നും ഇല്ല സുഹൃത്തേ.

Leave a Reply to Villagemaan/വില്ലേജ്മാന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>