7

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി കുഞ്ഞഹമ്മദിക്ക.


യനാട്ടിലെ ആദിവാസികൾക്ക് വേണ്ടി ഒറ്റയാൾ പടനയിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനാണ് കുഞ്ഞഹമ്മദിക്ക. അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ‘ഒറ്റയാൾപ്പട്ടാളം കുഞ്ഞഹമ്മദിക്ക’ എന്ന ഈ ലേഖനം വായിക്കാം.

കുഞ്ഞഹമ്മദിക്ക.

കൊടും വനത്തിലുള്ളിലെ കൊമ്മഞ്ചേരി ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതപൂർണ്ണമാണ്. പറ്റുന്നത്ര സഹായം പരിചയക്കാരിൽ നിന്നൊക്കെ സംഘടിപ്പിച്ച് എത്തിച്ചു കൊടുക്കാൻ കുഞ്ഞഹമ്മദിക്ക എപ്പോളും മുന്നിലുണ്ട്. ഓൺലൈനിൽ ഒരുപാട് സമയം ചിലവഴിക്കുന്ന ഞങ്ങൾ കുറേ സുഹൃത്തുക്കളേയും കുഞ്ഞഹമ്മദിക്ക ഈ ആവശ്യങ്ങളിലേക്കായി സഹകരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൊമ്മഞ്ചേരി കോളനി സന്ദർശിക്കാൻ എനിക്കും കുടുംബത്തിനും കുറച്ച് ബ്ലോഗ് സുഹൃത്തുക്കൾക്കും അവസരമുണ്ടായിട്ടുണ്ട്. അതേപ്പറ്റി ഇവിടെ വായിക്കാം. അതുകൊണ്ടൊന്നും തീരുന്നില്ല കൊമ്മഞ്ചേരി ആദിവാസി കോളനിക്കാർക്ക് വേണ്ടിയുള്ള കുഞ്ഞഹമ്മദിക്കയുടെ പ്രവർത്തനങ്ങൾ.

കൊമ്മഞ്ചേരി കോളനിയിലേക്കുള്ള കാട്ടുവഴിയിൽ ബൂലോകർ

എന്തൊക്കെ ചെയ്താലും കൊമ്മഞ്ചേരിയിലെ കാര്യങ്ങൾക്കൊന്നും വലിയ പുരോഗതിയില്ലെന്ന് കണ്ടപ്പോൾ കുഞ്ഞഹമ്മദിക്ക മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കമ്മീഷൻ കൊമ്മഞ്ചേരി കോളനി ചെന്നുകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 20ന് ഉത്തരവും ഇറക്കി. (അതിന്റെ പകർപ്പ് ദാ താഴെ ചേർക്കുന്നു. അത് വലുതാക്കി വായിക്കാൻ പറ്റാത്തവർക്കായി ആ ഉത്തരവ് ഇവിടെ പകർത്തി ഇടുകയും ചെയ്യുന്നു.) നമോവാകം കുഞ്ഞഹമ്മദിക്കാ, നമോവാകം.

                                    ഉത്തരവ് 20 ജൂൺ 2013
                                     ——————————–
യനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിൽ കൊമ്മഞ്ചേരി എന്ന സ്ഥലത്ത് കൊടും വനത്തിന്റെ നടുവിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതമാണ് ഈ പരാതിക്ക് ആധാരമായ വിഷയം. കമ്മീഷൻ ഈ സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. 

ഇപ്പോൾ 6 കുടുംബങ്ങളാണ് തലമുറകളായി ഇവിടെ താമസിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കാർഷിക വിളവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ചാർത്തിക്കൊടുത്ത സ്ഥലത്ത് കൃഷി ചെയ്യാൻ നിയോഗിക്കപ്പെട്ട ആദിവാസികളുടെ കുടുംബങ്ങളാണ് അവിടെ താമസിച്ച് വരുന്നതെന്ന് കണക്കാക്കപ്പെടുന്നു. വന്യമൃഗങ്ങൾ കൂട്ടമായുള്ള ഈ കൊടുംവനത്തിൽ യാതൊരു ജീവിത സൌകര്യങ്ങളുമില്ലാതെ ഈ കുടുംബങ്ങൾ കഴിയുന്നു. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങൾ ലഭിച്ചാൽ ഇവർ കാട്ടിൽ നിന്ന് പുറത്തുവന്ന് പൊതുസമൂഹത്തോടൊപ്പം കഴിയും. യാതൊരു ജീവിത സുരക്ഷിതത്വവും ഇല്ലാതെയാണ് അവർ ജീവിക്കുന്നത്. ഇപ്പോൾ ഏതാനും കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകാനുള്ള ശ്രമം തുടങ്ങിയതായി അറിയാൻ കഴിഞ്ഞു. ഇവരെ പുനഃരധിവസിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരി തഹസീൽദാർ നടപടിയെടുക്കുന്നനായി അതിനടുത്തുള്ള പ്രദേശവാസികൾ പറയുന്നു. 

ഇവർക്ക് കൃഷി ചെയ്ത് ജീവിക്കാൻ ആവശ്യമായ ഭൂമി കൊടുത്തുകൊണ്ട് തൊഴിൽ സുരക്ഷയും മറ്റ് ജീവിതസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ടും ഈ പാവങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ടതാണെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.

 കെ.ഇ.ഗംഗാധരൻ
(കമ്മീഷൻ അംഗം)

ഇനി നമുക്കറിയേണ്ടത് ഈ ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയതിന് ശേഷം ജില്ലാ ഭരണകൂടം എന്തൊക്കെ നടപടികൾ എടുത്തു എന്നാണ്.

ഇതേ സമൂഹത്തിന്റെ ഭാഗവും, അവരുടെ ക്ഷേമതാൽ‌പ്പര്യങ്ങൾക്ക് വേണ്ടിയും നിയമിതയായിട്ടുള്ള ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജയലക്ഷ്മി എന്ത് നടപടി സ്വീകരിച്ചു എന്നാണ്.

ഈ ഉത്തരവ് വന്നതിന് ശേഷം കൊമ്മഞ്ചേരി കോളനിയിലെ മനുഷ്യജീവിതങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായോ എന്നാണ്.

ഈ ഉത്തരവ് ഏതെങ്കിലും ഒരു മാദ്ധ്യമത്തിൽ വാർത്തയായി വരാൻ ‘യോഗ്യത‘യുള്ളതാണോ എന്ന് വിലയിരുത്തേണ്ടത് അക്കൂട്ടർ തന്നെയാണ്. ബ്ലോഗിലിട്ടെങ്കിലും ജനത്തെ അറിയിക്കണമെന്ന് പറഞ്ഞ് കുഞ്ഞഹമ്മദിക്ക തന്നെ അയച്ചുതന്നതാണ് ഇത്. കുറേപ്പേർ അങ്ങനെയെങ്കിലും അറിയുകയും പുരോഗതിയൊന്നുമില്ലെങ്കിൽ ഏറ്റുപിടിക്കുകയും ചെയ്യുമെന്ന് കുഞ്ഞഹമ്മദിക്ക പ്രതീക്ഷിക്കുന്നു.

ഇതിനപ്പുറം പലതും ചെയ്യാൻ പോന്ന കഴിവും പഠിപ്പുമൊക്കെ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്തതിൽ ഞാനടക്കം നമ്മളോരോരുത്തരും ലജ്ജിക്കേണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സിൽ 7 മാസം മാത്രം പഠിച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച കുഞ്ഞഹമ്മദിക്കയ്ക്ക് ഇത്രയുമൊക്കെ ചെയ്യാനാവുമെങ്കിൽ, നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് അതിരുകളില്ലെന്നാണ് എന്റെ വിശ്വാസം. മനസ്സുണ്ടാകണം. അത്രയേ വേണ്ടൂ.

വാൽക്കഷണം:- ഒന്നാം ക്ലാസ്സ് വിദ്യാഭ്യാസം പോലും തികച്ചില്ലാത്തവരെ, അവർ സമൂഹത്തിന് വേണ്ടി ചെയ്ത നന്മകൾ പരിഗണിച്ച്, പത്മ അവാർഡുകൾക്ക് പരിഗണിക്കുമോ ആവോ ?

Comments

comments

10 thoughts on “ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി കുഞ്ഞഹമ്മദിക്ക.

  1. പഠിപ്പും കഴിവുമല്ല,ഓരോരുത്തരുടെയും അര്‍പ്പണ ബോധം തന്നെയാണ് പ്രധാനം.ഇങ്ങനെ അനവധി കുഞ്ഞഹമ്മദ്മാര്‍ നമുക്കിടയില്‍ ഉണ്ട്.ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ അവര്‍ സമൂഹത്തിനായി ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യുന്നു.മടിച്ചു നില്‍ക്കാതെ ചെറിയ രീതിയില്‍ എങ്കിലും സമൂഹത്തിലെ തെറ്റുകലോടും തിന്മാകലോടും ഓരോരുത്തരും പ്രതികരിച്ചാല്‍ കഴിവുള്ളവര്‍ കഴിവില്ലാത്തഒരാളെ സഹായിച്ചാല്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്

  2. പുറം ലോകം അറിയട്ടെ
    ഇങ്ങിനേയും വിദ്യാഭ്യാസത്തിനപ്പുറം വിവരം ഉള്ളവർ ഉണ്ടെന്നു…

  3. ഇതുപോലെ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവിടെ നിലനില്‍കുന്ന ഫേസ്ബുക്ക്, ബ്ലോഗ്‌ കൂട്ടായ്മകള്‍ മനസ്സുവെച്ചാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയും…

  4. കുഞ്ഞഹമ്മദിക്കയെ മുമ്പ് ഇവിടെ വായിച്ചറിഞ്ഞിട്ടുണ്ട്.
    ഇവരൊക്കെ മന്ത്രിയായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുമുണ്ട്.

  5. അപൂർവ്വത്തിൽ അപൂർവ്വമായ ഇത്തരം മഹാന്മാർ ഇവിടെ ജന്മം കൊള്ളുന്നത് തന്നെയാണ് നമ്മുടെ നാടിന്റെ പുണ്യം.

  6. കുഞ്ഞമ്മദിക്കയുടെ പ്രവർത്തനങ്ങൾക്ക് പ്രണാമം. പലപ്പോഴും ചൂഷണത്തിനു വിധേയമാകുക എന്നതുതന്നെ ആദിവാസികളുടെ വിധി, നാട്ടിലായാലും കാട്ടിലായാലും. ഇ കാര്യത്തിൽ മനുഷ്യാവകാശകമ്മീഷൻ തീർപ്പ് എന്തെങ്കിലും അനുകൂലമായ നടപടികൾക്ക് വഴെവെയ്ക്കും എന്ന് കരുതാൻ നിർവ്വാഹമില്ല. കാരണം അത് ഒരു ശുപാരശ മാത്രമായി അവശേഷിക്കും, പലപ്പോഴും അങ്ങനെയാണ് കണ്ടുവരുന്നത് എന്നകാര്യം ദുഃഖത്തോടെയാണെങ്കിലും പറയാതെ വയ്യ.

  7. എങ്ങിനെ കൊടുക്കും…അവരുടെ നട്ടെല്ല് പണം കൊണ്ട് ഉണ്ടാക്കിയതല്ലല്ലോ ….

Leave a Reply to Cv Thankappan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>