331

പെരുമാളേ പൊറുക്കുക.


നാട്ടുരാജാക്കന്മാർക്ക് രാജ്യം വിഭജിച്ച് നൽകി മക്കത്തേക്ക് പോയതോടെ ചേരമാൻ പെരുമാളിനെ പ്രജകളായ നമ്മൾ മറന്നോ ?

12 കൊല്ലത്തേക്കാണ് ഭരണം ഏൽ‌പ്പിച്ച് കൊടുക്കുക പതിവെങ്കിലും മൂന്ന് വ്യാഴവട്ടക്കാലം ഭരണം കൈയ്യാളാൻ മാത്രം സമ്മതനായിരുന്ന ചേരമാൻ പെരുമാൾ നമുക്ക് അന്യനായി മാറിയോ ?

ചരിത്രത്തിന്റെ ഏടുകൾക്കിടയിൽ മറ്റെന്തെങ്കിലും കാര്യങ്ങൾക്കായി പരതുമ്പോൾ മാത്രം കാണുന്ന പരിചയമുള്ള ഏതൊക്കെയോ പേരുകൾ മാത്രമായി മാറിയോ നമുക്ക് പെരുമാളുമാർ ?

കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ നമ്മുടെ ആ പഴയ ചേര രാജാവിന്റെ പ്രതിഷ്ഠയുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ സുന്ദരമൂർത്തി നായനാരുടേയും. (അതൊക്കെ പറയാനാണെങ്കിൽ ഒരുപാട് കഥകളും ഐതിഹ്യവുമുണ്ട്.) നമ്മളാരും ആ പ്രതിഷ്ഠകൾ ഒരിക്കൽ‌പ്പോലും വണങ്ങാറില്ലെങ്കിലും എല്ലാക്കൊല്ലവും കർക്കിടകത്തിലെ ചോതി (ഇന്ന്-2013 ആഗസ്റ്റ് 13 അങ്ങനെയൊരു കർക്കിടക ചോതിയാണ്) നാളിൽ തമിഴ്‌നാട്ടിൽ നിന്ന് ആയിരക്കണക്കിന് മക്കൾ തിരുവഞ്ചിക്കുളത്ത് എത്തും. മൂന്ന് ദിവസം അവരവിടെ വെപ്പും തീറ്റയും പൂജകളും പുരാണപാരായണവും വേദാന്ത ചർച്ചകളുമായി കഴിച്ചുകൂട്ടും. പെരുമാളിനേയും നായനാരേയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് വെള്ളക്കുതിരപ്പുറത്തും വെള്ളാനപ്പുറത്തുമായി എഴുന്നള്ളിച്ച് കൊണ്ടുവരും.

സുന്ദരമൂർത്തി നായനാരും ചേരമാൻ പെരുമാളും.

അവർ രണ്ടുപേരും സ്വർഗ്ഗാരോഹണം നടത്തിയതിന്റെ ചടങ്ങുകളുടെ ഭാഗമായി മാഹോദൈ കടപ്പുറത്ത് (നമ്മുടെ അഴീക്കോട് കടപ്പുറം തന്നെ) മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി കർമ്മങ്ങൾ ചെയ്യും. പഞ്ചാക്ഷരീമന്ത്രം മുഴക്കും. ദേഹമാകെ ഭസ്മം വാരിപ്പൂശും. താണ്ഡവ നൃത്തമാടും. പെരുമാളിനും നായനാർക്കും ആർപ്പ് വിളിക്കും.

ഇക്കൊല്ലം തൃശൂർ ജില്ലയിൽ ബസ്സ് പണിമുടക്കായതുകൊണ്ട് പത്തുപതിനഞ്ച് സ്വകാര്യ ബസ്സിലും ജീപ്പിലുമൊക്കെയായി 1500 തമിഴ് മക്കൾക്കേ എത്താനായുള്ളൂ. എന്നിട്ടും അവർക്ക് പരാതിയൊന്നുമില്ല. നമ്മുടെ രാജാവിന് അവർ കർമ്മങ്ങൾ ചെയ്തു. നാളെ രാവിലെ തൃക്കുലശേഖരപുരം(കൊടുങ്ങല്ലൂർ) ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  കർമ്മങ്ങൾ കൂടെ ചെയ്ത് പെരുമാളിന്റെ അനുഗ്രഹവും വാങ്ങി അവർ മടങ്ങും. മൂന്ന് തമിഴ് തലമുറകൾ 79 കൊല്ലമായി ‘സുന്ദരൻ ചേരമാൻ ഗുരുപൂജ ഉത്സവം‘ എന്ന പേരിൽ ഈ കർമ്മങ്ങൾ ചെയ്തുപോരുന്നു.

‘മാഹോദൈ‘ കടലോരത്ത് കർമ്മങ്ങൾ ചെയ്യുന്ന തമിഴ് മക്കൾ.

നമ്മൾ സ്വന്തം രാജാവിനെ ഓർക്കുന്നു പോലുമില്ല. പെരുമാളിന്റെ കാലത്ത് ഒട്ടും ഇല്ലാതിരുന്നതും, ഇക്കാലത്ത് ആവശ്യത്തിലധികമുള്ളതുമായ മാദ്ധ്യമപ്പടകൾ ഇതൊന്നുമറിഞ്ഞില്ലെന്ന് നടിച്ച്, മസാല സ്കൂപ്പുകൾക്കും ബ്രേക്കിങ്ങ് ന്യൂസിനും ചാനൽ ചർച്ചകൾക്കുമായി പരക്കം പായുന്നു. അഞ്ച് കൊല്ലത്തേക്ക് ഞങ്ങൾ ഭരണം ഏൽ‌പ്പിച്ചുകൊടുക്കുന്ന ന്യൂ ജനറേഷൻ പെരുമാളുമാർ രണ്ട് കൊല്ലം തികയ്ക്കാൻ പെടാപ്പാട് പെടുകയാണ് പെരുമാളേ. കാലാവധി തികച്ചെങ്കിൽത്തന്നെ ഇടം വലം ചൂഷണം ചെയ്ത് നീരൂറ്റുകയാണ് പുതിയ പെരുമാക്കന്മാർ. നല്ലൊരു റോഡുണ്ടാക്കാനറിയില്ല. പാലമുണ്ടാക്കാനറിയില്ല. ഉണ്ടാക്കിയിട്ടിരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ മാത്രം. എല്ലാവർക്കും നോക്കുകൂലി മതി; എന്തിനും ഏതിനും ഹർത്താല് മാത്രം മതി; മതിയാകാത്തത് മദ്യം മാത്രം.

36 കൊല്ലം ഭരിക്കുന്നതിനിടയ്ക്ക് അറിഞ്ഞോ അറിയാതെയോ നിന്നോടെന്തെങ്കിലും നെറികേട് കാണിച്ചിട്ടുണ്ടോ ഞങ്ങളുടെ പൂർവ്വികർ ? അതിന് നീ ഞങ്ങൾക്ക് തന്ന ശാപമാണോ നാടിന്റെ ഇന്നത്തെ അവസ്ഥ ? താങ്ങാനാവാത്തതുകൊണ്ട് സാഷ്ടാഗം വീണ് കേഴുകയാണ് പെരുമാളേ…….പൊറുക്കുക, ക്ഷമിക്കുക.

Comments

comments

23 thoughts on “ പെരുമാളേ പൊറുക്കുക.

  1. പുതിയ അറിവാണ് മനോജേട്ടാ…മുഖ്യധാരാ ഹോട്ട് ചാനലുകള്‍ക്ക് പുതിയ തലമുറയെ ചരിത്രം പഠിപ്പിക്കാന്‍ സമയമില്ലാ…:( !!! നന്ദി മനോജേട്ടാ………

  2. നാല്പതിലധികം പ്രതിഷ്ഠകൾ, അടുത്തെങ്ങും ഒരു കരിങ്കൽ മല ഇല്ലെങ്കിലും കരിങ്കല്ലിൽ പണിത അത്ഭുതം അതാണ് എനിക്ക് തിരുവഞ്ചിക്കുളം അമ്പലം. പടിഞ്ഞാറെ ഗോപുരം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർത്തു എന്ന് പറയപ്പെടുന്നു. കിഴക്കെ ഗോപുരത്തോളം തന്നെ ഉയരം ഉണ്ടായിരുന്നിരിക്കണം അതിനും എന്ന് വിശ്വാസം. സുന്ദരമൂർത്തി നായനാരേയും അദ്ദേഹത്തോടൊപ്പം ഉടലോടെ സ്വർഗ്ഗം പൂകി എന്ന് വിശ്വസിക്കുന്ന ചേരമാൻ പെരുമാളേയും കുറിച്ച് ഭാര്യവീട്ടുകാർ പറഞ്ഞുള്ള അറിവുണ്ട്. ഈ ചടങ്ങുകൾ കാണാൻ വിവാഹം കഴിഞ്ഞുള്ള ഈ അഞ്ചുവർഷക്കാലം അവസരം ഉണ്ടായിട്ടും നേരിൽ പോയി കണ്ടിട്ടില്ല. ശിവരാത്രി ദിവസം മൂന്നു കൊല്ലവും അമ്പലത്തിൽ പോയിട്ടുണ്ട്. അതുപോലെ അൽഭുതം തോന്നിയ മറ്റൊന്നാണ് കീത്തോളി എന്ന എല്ലാവരും വിളിക്കുന്ന കീഴ്ത്തളി മഹാദേവക്ഷേത്രം. അവിടത്തെ ശിവലിംഗത്തിന്റേയും ഇപ്പോൾ നാമമാത്രമായി അവശേഷിക്കുന്ന ശ്രീകോവിലിന്റേയും ഉയരം പ്രതാപകാലത്തെ ഈ ക്ഷേത്രത്തിന്റെ വലുപ്പം വിളിച്ചോതുന്നതാണ്. മറ്റൊന്ന് അതിന്റെ സമീപം ഉള്ള തൃക്കുലശേഖപുരം (ടി കെ എസ് പുരം എന്ന ചുരുക്കപ്പേർ) ക്ഷേത്രം ആണ്. അതും കരിങ്കല്ലിലെ മറ്റൊരു നിർമ്മിതി. കൊടുങ്ങല്ലൂരിന്റെ ചരിത്രം – കേരളത്തിലെ ബുദ്ധ ജൈന വിശ്വാസങ്ങളുടെ കൂടി ചരിത്രം – അത് അറിയണമെന്നുണ്ട്. കേരളത്തിന്റെ മാത്രമല്ല പാണ്ഡ്യ – ചേര – ചോളന്മാരുടെ കൂടെ ചരിത്രം ആകും അതെന്ന് തോന്നുന്നു. ചേര സാംരാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരം ആയിരുന്നോ?

    1. @ Manikandan – ചേരമാൻ പെരുമാൾ മഹോദയപുരം തലസ്ഥാനമാക്കിയാണ് കേരളം വാണിരുന്നതെന്നാണ് കരുതുന്നത്. തൃക്കുലശേഖരപുരത്താണ് മൂന്നാം ദിവസമായ ഇന്ന് അവസാന ചടങ്ങുകൾ ഉള്ളത്. ഞാനതിൽ പങ്കെടുക്കാൻ പോകുകയാണ്. കിട്ടിയ വിവരങ്ങൾ എല്ലാം ചേർത്ത് ‘മെന്റർ’ മാഗസിനിൽ മുസരീസിലൂടെ എന്ന എന്റെ യാത്രാവിവരണ പരമ്പരയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അടുത്ത പ്രാവശ്യം ഈ ചടങ്ങുകൾ കാണാൻ എങ്ങനെയെങ്കിലും സമയമുണ്ടാക്കൂ മണി. സമ്പന്നമായ ഒരു പൈതൃകത്തിന്റെ പരിസരത്താണ് നമ്മൾ ജീവിക്കുന്നത്. അതറിയാൻ ശ്രമിക്കാതെ ഇത്രയും നാൾ കഴിഞ്ഞുപോയതിൽ ഞാനിപ്പോൾ അതിയായി ഖേദിക്കുന്നു.

  3. കൗതുകവും വിസ്മയവും ജനിപ്പിച്ച ഒരു പുതിയ അറിവാണ് തമിഴ് മക്കൾ ആചരിച്ചു വരുന്ന ഈ ചടങ്ങുകൾ. അതിനു നിദാനമായ ചരിത്രസത്യങ്ങളെപ്പറ്റി , സംഭവങ്ങളെപ്പറ്റി അറിയാനൊരു ജിജ്ഞാസ.

    അന്ന് വാണതും ഇന്ന് വാഴുന്നതുമായ പെരുമാക്കന്മാരെ താരതമ്യം ചെയ്ത് എഴുതിയ വരികൾ ശക്തം.

    1. @ usman – തമിഴ് മക്കൾ ആചരിക്കുന്ന ചടങ്ങുകൾ പലതും ചരിത്രസത്യങ്ങളേക്കാൾ ഉപരി ഐതിഹ്യങ്ങളോടാണ് ചേർന്നുനിൽക്കുന്നത്. സുന്ദരമൂർത്തി നായനാരുടേയും ചേരമാൻ പെരുമാളിന്റേയും കഥയിൽ ഭഗവാൻ ശിവനും ഒരു കഥാപാത്രമാണ്. അതുകൊണ്ടുതന്നെ അത് വിശ്വാസമായോ ഐതിഹ്യമായോ മാത്രമേ കണക്കാക്കാൻ പറ്റൂ. അതെന്തായാലും രസകരമായ രണ്ടുമൂന്ന് കഥകൾ ആണ് അതിന്റെ പിന്നിലുള്ളത്. മറ്റൊരു സന്ദർഭത്തിൽ പറയാൻ മാറ്റി വെച്ചിരിക്കുന്നതുകൊണ്ട് ഇവിടെ ഇപ്പോൾ അത് വിശദമായി എഴുതാൻ നിർവ്വാഹമില്ല. താമസിയാതെ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

  4. ഇങ്ങനെ ഒരു കാര്യം പരിചയപ്പെടുത്തി തന്ന നിരക്ഷരന് ആയിരം നന്ദി. അജ്ഞാനം എന്ന അന്ധകാരത്തിൽ അറിവിന്റെ തിരി കൊളുത്തുന്ന നിരക്ഷരന് അഭിനന്ദനങ്ങൾ.

    ഓഫ്‌: അല്ലെങ്കിലും മാധ്യമങ്ങൾ ഇത് കാണിച്ചാൽ ആര് കാണാൻ . നമുക്ക് വേണ്ടത് ചൂടുള്ള വാർത്തകൾ മാത്രം അല്ലെ

    1. @ Vellayani Vijayan – വിജയേട്ടാ… തമിഴ് മക്കൾ മഹോദയപുരം എന്നതിന്റെ ചുരുക്കമായി, മാഹോദൈ എന്ന് തന്നെയാണ് പറയുന്നത്. അത് അങ്ങനെ തന്നെ എടുത്ത് പറഞ്ഞെന്ന് മാത്രം.

    1. @ hari – അവസാനത്തെ പെരുമാൾ മക്കത്ത് പോയി മതം മാറി എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമൊന്നും ഇല്ല. പക്ഷെ തിരുവഞ്ചിക്കുളത്തെ വിശ്വാസം ചേരമാൻ പെരുമാളും സുന്ദരമൂർത്തി നായനാരും തിരുവഞ്ചിക്കുളത്ത് വെച്ച് സ്വർഗ്ഗാരോഹണം ചെയ്തു എന്നാണ്. അത് അപ്രകാരം തന്നെ രേഖകളിലും ഉണ്ട്. അതിനെ ഐതിഹ്യമായോ വിശ്വാസമായോ മാത്രം കണ്ടാൽ മതിയാകും. അതല്ലാതെ മറ്റെന്താണ് വിക്കിപീഡിയയിലെ ലേഖനവും ഇവിടെ എഴുതിയതും തമ്മിൽ വ്യത്യാസമുള്ളതെന്ന് വ്യക്തമായി സൂചിപ്പിച്ചാൽ നന്നായിരുന്നു.

    2. Remember reading a different take on this in P. K. Balakrishnan’s “Jaathivyavasthithium Keralacharithravum”. May be I am mistaken and as of now don’t have the book to refer to.

  5. ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക്‌ പഴയ രാജാക്കന്മാര്‍ എന്ന് കേട്ടാല്‍ ഒരു മാതിരി അലര്‍ജി പോലെയാണ്. പിന്നെ എങ്ങനെയാ ഇതൊക്കെ ഓര്‍മിക്കുന്നത്.
    രാജഭരണം മോശമായിരുന്നു എന്ന് പറയുന്നവര്‍ എന്ത് നല്ല ഭരണമാണ് ഇവിടെ കാഴ്ചവെക്കുന്നത് എന്നത് വേറെ കാര്യം.
    പോസ്റ്റ്‌ വളരെ ചെറുതായിപ്പോയി എന്ന അഭിപ്രായമുണ്ട്..ഈ വിഷയത്തില്‍ നിരക്ഷരന്‍ ചെറിയ രീതിയില്‍ റിസര്‍ച്ച് നടത്തുന്നുണ്ട് എന്ന് മുന്നേ എവിടെയോ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

    1. @ ഷൈജു നമ്പ്യാർ – പോസ്റ്റ് ചെറുതാണെന്ന് അറിയാം. വിശദമായി ഒരു ലേഖനം തയ്യാറാക്കുന്നുണ്ട്. ഇത് സത്യത്തിൽ ഫേസ്‌ബുക്കിൽ ഇടാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പാണ്. ഫേസ്‌ബുക്ക് കണക്ക് പ്രകാരം അൽ‌പ്പം നീളം കൂടിപ്പോയെന്ന് തോന്നിയതുകൊണ്ട് ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

  6. കേട്ടിട്ടുണ്ട്.അമ്പലത്തില്‍ പോയപ്പോള്‍ തൊഴുത്തിട്ടുമുണ്ട്.പക്ഷേ ഇതു വായിക്കുമ്പോള്‍ കൂടുതല്‍ ചിന്തിക്കേണ്ട വിഷയമാണെന്ന് തോന്നുന്നു.

  7. പുത്തൻ അറിവാണ് ഭായ്..
    അന്ന് ഒരു പക്ഷേ നമ്മുടെ കാർന്നമാർ
    അവരോട് ചെയ്ത എന്തെങ്കിലും പാരക്ക് പകരം
    അവർ നമ്മളെ ശരിക്കും ശപിച്ചു കാണും അല്ലേ ഭായ്

  8. കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ പോയിട്ടുണ്ട്.ഈ അറിവ് പങ്കുവെച്ചതിന് വളരെയേറെ നന്ദിയുണ്ട്‌.
    ആശംസകള്‍

Leave a Reply to വീ കെ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>