സിദ്ധാർത്ഥ് ശിവയുടെ ‘101 ചോദ്യങ്ങൾ‘ കാണാത്തവരുണ്ടെങ്കിൽ തപ്പിപ്പിടിച്ച് കാണാൻ ശ്രമിക്കുക. എല്ലാ കുട്ടികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. പ്രത്യേകിച്ച് സമ്പന്ന കുടുംബങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും.
ഈ സിനിമയിൽ സിദ്ധാർത്ഥ് ശിവ, ക്യാമറകൊണ്ടോ മറ്റ് സാങ്കേതിക മികവുകൾ കൊണ്ടോ ആരേയും വിസ്മയിപ്പിക്കുന്നില്ല. പക്ഷെ പച്ചയായ ജീവിതത്തിലേക്ക് പ്രേക്ഷകന്റെ കണ്ണ് തുറപ്പിക്കുന്നുണ്ട്, നനയിക്കുന്നുമുണ്ട്.
മുരുകൻ, ഇന്ദ്രജിത്ത്, ലെന, മണികണ്ഠൻ പട്ടാമ്പി, ബാലതാരം മിനോൺ എന്നിങ്ങനെ മിക്കവാറും എല്ലാ നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മിനോൺ എന്ന മിടുക്കന് മികച്ചബാലതാരത്തിനുള്ള കേന്ദ്ര-സംസ്ഥാന അവാർഡുകൾ കിട്ടിയത് എത്രപേർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. മികച്ച നവാഗത സംവിധായകനുള്ള കേന്ദ്ര അവാർഡ് സിദ്ധാർത്ഥ് ശിവയ്ക്ക് കിട്ടിയത് ചിലരെങ്കിലും അറിയുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
സിനിമ തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ അതിപ്രശസ്തനായ ഒരു ഡോൿടർ മുൻസീറ്റിൽ വന്നിരുന്നു. അദ്ദേഹം ഈ സിനിമയിൽ ഡോൿടറായിട്ട് തന്നെ അഭിനയിക്കുന്നുണ്ട്. സംവിധായകൻ സിദ്ധാർത്ഥ് ശിവയുടെ അർബുദരോഗം ചികിത്സിച്ച് ഭേദമാക്കിയ സാക്ഷാൽ ഡോ:വി.പി.ഗംഗാധരനായിരുന്നു അത്.
ഇന്നലെ രാവിലെ നേഹയുടെ സ്ക്കൂളിൽ ഓപ്പൺ ഹൌസ് ആയിരുന്നു. അതോടനുബന്ധിച്ച് മാതാപിതാക്കൾക്ക് വേണ്ടി ഡോ:സുരേഷ് മണിമലയുടെ ഒരു പ്രസന്റേഷനും ചർച്ചയുമൊക്കെ സ്ക്കൂൾ അധികൃതർ സംഘടിപ്പിച്ചിരുന്നു. കുട്ടികളേക്കാൾ പ്രശ്നക്കാരായ മാതാപിതാക്കളെ നേരെയാക്കുക എന്നതായിരുന്നു ഒരർത്ഥത്തിൽ ആ പ്രസന്റേഷന്റെ ലക്ഷ്യം.
കഷ്ടത അനുഭവിക്കുന്ന മറ്റ് കുട്ടികളോട് അനുകമ്പയും അനുഭൂതിയുമൊക്കെ തങ്ങളുടെ മക്കളിൽ വളർത്തിയെടുക്കാൻ എന്തുചെയ്യാനാവും എന്നാണ് ഒരു രക്ഷകർത്താവ് ഡോ:മണിമലയോട് ചോദിച്ചത്. അദ്ദേഹം ആ ചോദ്യത്തിന് ശരിയായി ഉത്തരം കൊടുക്കുകയും ചെയ്തു. വൈകീട്ട് ‘101 ചോദ്യങ്ങൾ‘ കണ്ടിറങ്ങിയപ്പോൾ എനിക്ക് തോന്നി, ഡോ:മണിമല ‘101 ചോദ്യങ്ങൾ‘ കണ്ടിട്ടുണ്ടാകില്ലെന്ന്. അല്ലെങ്കിൽ അദ്ദേഹം തീർച്ചയായും പറയുമായിരുന്നു, സിദ്ധാർത്ഥ് ശിവയുടെ 101 ചോദ്യങ്ങൾ പോലുള്ള സിനിമകൾ കുട്ടികളെ കാണിക്കാൻ ശ്രമിക്കൂ എന്ന്.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്, കുറേ മാസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.
സത്യം… “മികച്ച” ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്തേണ്ട ഒരു ചിത്രം. വിഷയം ഇത്രയും നന്നായി കൈകാര്യം ചെയ്ത സിദ്ധാർത്ഥ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.